അല്ലാഹു അനുവദിക്കാത്തത് നിയമമാക്കല്‍
അല്ലാഹു അനുവദിക്കാത്ത കാര്യം അനുവദനീയമാക്കിക്കൊണ്ടുള്ള നിയമനിര്‍മാണവും വലിയ ശിര്‍ക്കിന്റെ ഭാഗമാണ്. അല്ലാഹു അല്ലാത്തവരെ നിയമനിര്‍മാതാവായി അംഗീകരിക്കലും അല്ലാഹു അല്ലാത്തവരുടെ വിധി സ്വീകരിക്കലും വലിയ ശിര്‍ക്കിന്റെ ഭാഗമാണെന്ന കാര്യം അധികമാളുകള്‍ക്കും അവ്യക്തമാണ്. ഏതെങ്കിലും വ്യക്തിക്കോ സമൂഹത്തിനോ തങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ വേണ്ടി നിരുപാധികം നിയമം നിര്‍മിക്കാന്‍ പരമാധികാരം നല്‍കുകയും തങ്ങള്‍ക്ക് തോന്നുന്നപോലെ അവര്‍ ഹറാം ഹലാലുകള്‍ സ്വീകരിക്കുകയും അല്ലാഹുവിന്റെ താല്‍പര്യത്തിന് വിരുദ്ധമായി വ്യവസ്ഥകളും നിയമങ്ങളും ജീവിതരീതികളും ചിന്താഗതികളും ഉണ്ടാക്കുകയും മറ്റുള്ളവര്‍ ഇവരെ പിന്തുടരുകയും അവര്‍ പടച്ച നിയമങ്ങള്‍ ദൈവിക നിയമങ്ങള്‍ പോലെ അനുസരിക്കുകയും ചെയ്യുക, ഇത്യാദി കാര്യങ്ങളെല്ലാം വലിയ ശിര്‍ക്കാണ്.
സൃഷ്ടികള്‍ക്ക് വേണ്ടി നിയമം നിര്‍മിക്കാനുള്ള സാക്ഷാല്‍ അവകാശം അല്ലാഹുവിന് മാത്രമാണ്. കാരണം, അവനാണവരെ സൃഷ്ടിച്ചതും വിഭവങ്ങള്‍ നല്‍കിയതും. അവരുടെ മേല്‍ പ്രത്യക്ഷവും പരോക്ഷവുമായ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചതും. അതിനാല്‍ അവര്‍ക്ക് ഹലാല്‍-ഹറാമുകള്‍ നിശ്ചയിക്കുകയും കല്‍പിക്കുകയും നിരോധിക്കുകയും നിയമം നിര്‍മിക്കുകയും ചെയ്യേണ്ടത് അവന്‍ മാത്രമാണ്. കാരണം, അവന്‍ ജനങ്ങളുടെ നാഥനാണ്. നിയമനിര്‍മാണാധികാരവും വിധികര്‍തൃത്വാവകാശവും പരമാധികാരവും അല്ലാഹുവിന് മാത്രമാവാതെ അവന്റെ ഉലൂഹിയ്യത്ത് (ദിവ്യത്വം) പൂര്‍ണമാവുകയില്ല.
പ്രപഞ്ചം അല്ലാഹുവിന്റെ സാമ്രാജ്യമാകുന്നു. ഇവിടത്തെ ജനങ്ങള്‍ അല്ലാഹുവിന്റെ ദാസന്മാരും പ്രജകളുമാണ്. അല്ലാഹു മാത്രമാണ് ഈ സാമ്രാജ്യത്തിലെ ഭരണാധികാരിയും വിധികര്‍ത്താവും. വിധിക്കാനും നിയമം നിര്‍മിക്കാനും ഹലാല്‍ ഹറാമുകള്‍ നിശ്ചയിക്കാനും അധികാരം അവനു മാത്രമാണ്. പ്രജകളായ മനുഷ്യന്‍ അവനെ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യണം. ഈ രാഷ്ട്രത്തിലെ നായകന്റെയോ ഭരണാധികാരിയുടെയോ അംഗീകാരമില്ലാതെ കല്‍പിക്കാനും നിരോധിക്കാനും ഹലാല്‍-ഹറാമുകള്‍ തീരുമാനിക്കാനും നിയമം നിര്‍മിക്കാനും ശാസിക്കാനും ഏതെങ്കിലുമൊരു പ്രജക്ക് അനുവാദമുണ്ടെന്ന് വാദിക്കുന്നവന്‍ രാഷ്ട്രനായകന്റെ അധികാരത്തിലും നിയമനിര്‍മാണാവകാശത്തിലും പരമാധികാരത്തിലും പ്രജകളില്‍ ചിലരെ പങ്കാളികളാക്കുകയാണ് ചെയ്യുന്നത്.
ഖുര്‍ആന്‍ വേദവിശ്വാസികളില്‍ ശിര്‍ക്ക് ആരോപിച്ചതും അവരെ മുശ്‌രിക്കുകളെന്ന് വിളിക്കുന്നതും ഈ അടിത്തറയിലാണ്. കാരണം, അവര്‍ തങ്ങളുടെ പണ്ഡിത പുരോഹിതന്മാര്‍ക്ക് നിയമനിര്‍മാണാധികാരം വകവെച്ചുകൊടുക്കുകയും അവര്‍ തീരുമാനിക്കുന്ന ഹറാം -ഹലാലുകളില്‍ അവരെ അനുസരിക്കുകയും ചെയ്തു. മര്‍യമിന്റെ പുത്രന്‍ മസീഹിനെ ആരാധിക്കുന്നതും ഇതും ഖുര്‍ആന്‍ ഒരുപോലെയാണ് പരിഗണിച്ചിരിക്കുന്നത്. ''അവര്‍ തങ്ങളുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും അല്ലാഹുവിനു പുറമെ രക്ഷാകര്‍ത്താക്കളായി സ്വീകരിച്ചു. മര്‍യമിന്റെ മകന്‍ മസീഹിനെയും. എന്നാല്‍, ഇവരൊക്കെ ഒരേയൊരു ദൈവത്തിന് വഴിപ്പെടാനല്ലാതെ കല്‍പിക്കപ്പെട്ടിരുന്നില്ല. അവര്‍ പങ്കുചേര്‍ക്കുന്നവയില്‍ നിന്നൊക്കെ എത്രയോ വിശുദ്ധനാണ് അവന്‍'' (അത്തൗബ 31).
അദിയ്യുബ്‌നു ഹാതിമി(റ)ന് പ്രവാചകന്‍ ഈ സൂക്തം വിശദീകരിച്ചുകൊടുത്തു. അദ്ദേഹം ജാഹിലിയ്യാ കാലത്ത് ക്രിസ്ത്യാനിയായിരുന്നു. മുസ്‌ലിമായപ്പോള്‍ പ്രവാചകനെ സമീപിച്ച് ഈ സൂക്തം ഓതിക്കേള്‍പ്പിച്ചു. എന്നിട്ട് അദിയ്യ് നബി(സ)യോട് ചോദിച്ചു: ''അവര്‍ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും ആരാധിച്ചിട്ടില്ലല്ലോ?'' പ്രവാചകന്‍ മറുപടി പറഞ്ഞു: ''അതെ, പക്ഷേ അവരുടെ പണ്ഡിത പുരോഹിതന്മാര്‍ അവര്‍ക്ക് ഹറാമിനെ ഹലാലാക്കുകയും ഹലാലിനെ ഹറാമാക്കുകയും ചെയ്തു. അപ്പോള്‍ അനുയായികള്‍ അവരെ പിന്തുടരുകയും ചെയ്തു. അതാണ് അവരുടെ പണ്ഡിത പുരോഹിതന്മാര്‍ക്കുള്ള ഇബാദത്ത്'' (തിര്‍മിദി, അഹ്മദ്). മേല്‍ ആയത്തും അത് വിശദീകരിക്കുന്ന പ്രവാചക വാക്യവും വ്യക്തമാക്കുന്നത്, അല്ലാഹുവിനെ ധിക്കരിച്ചുകൊണ്ട് മറ്റാരെയെങ്കിലും അനുസരിക്കുകയോ അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യത്തില്‍ പിന്‍പറ്റുകയോ ചെയ്താല്‍, അയാളെ റബ്ബും ആരാധ്യനുമാക്കിക്കൊണ്ട് അല്ലാഹുവില്‍ പങ്കുചേര്‍ക്കുകയെന്ന ശിര്‍ക്ക് ചെയ്തിരിക്കുന്നു (ഇത് അല്ലാഹുവിന്റെ ദീനായ തൗഹീദിനോടും ലാഇലാഹ ഇല്ലല്ലാഹ് എന്ന പരിശുദ്ധ വാക്യത്തിന്റെ ആശയങ്ങളോടുമുള്ള നിരാകരണമാണ്) എന്നാണ്. ഇവര്‍ പണ്ഡിത പുരോഹിതന്മാരെ അനുസരിക്കുന്നതിനെ അവര്‍ക്കുള്ള ഇബാദത്ത് എന്നാണ് അല്ലാഹു വിശേഷിപ്പിച്ചത്. അവരെ ഇബാദത്തില്‍ അല്ലാഹുവിന്റെ പങ്കാളികള്‍ എന്നു വിളിക്കുകയും ചെയ്തു. ഇതാണ് വലിയ ശിര്‍ക്ക്. അല്ലാഹുവും പ്രവാചകനും നിയമമാക്കിയിട്ടില്ലാത്തതില്‍ സൃഷ്ടിയെ അനുസരിക്കുകയും പിന്‍പറ്റുകയും ചെയ്യുന്നവന്‍ പ്രസ്തുത സൃഷ്ടിയെ റബ്ബും ആരാധ്യനുമാക്കുകയാണ് ചെയ്യുന്നത്. ഖുര്‍ആന്‍ പറയുന്നു: ''നിങ്ങള്‍ അവരെ അനുസരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങളും ദൈവത്തില്‍ പങ്കുചേര്‍ത്തവരായിത്തീരും'' (അല്‍ അന്‍ആം 121). ഇതേ ആശയം വിവരിക്കുന്ന മറ്റൊരു സൂക്തം: ''ഈ ജനത്തിന്, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതനിയമമായി നിശ്ചയിച്ചുകൊടുത്ത വല്ല പങ്കാളികളുമുണ്ടോ?'' (അശ്ശൂറാ 21).
അല്ലാഹു അല്ലാത്തവരെ നിയമനിര്‍മാതാവായി സ്വീകരിക്കുകയും അല്ലാഹു അനുവദിക്കാത്ത വിഷയങ്ങളില്‍ അവരെ അനുസരിക്കുകയും ചെയ്തവരെപ്പറ്റി ഖുര്‍ആനും സുന്നത്തും നടത്തുന്ന വിധി പ്രഖ്യാപനം ഇതാണെങ്കില്‍, സ്വന്തത്തെ അല്ലാഹുവിന് തുല്യമായി ഗണിക്കുകയും വിധി പറയാനും നിയമനിര്‍മാണാധികാരവും ഹലാല്‍ ഹറാമുകള്‍ നിശ്ചയിക്കാനുള്ള അവകാശവും സ്വന്തത്തിന് വകവെച്ചുകൊടുത്തവന്റെ അവസ്ഥയെക്കുറിച്ച് എങ്ങനെ സങ്കല്‍പിക്കാന്‍ കഴിയും!
Comments