ഇന്ത്യാ-പാക് സംഭാഷണം വീണ്ടും
ഇന്ത്യാ- പാക് ബന്ധങ്ങളില്‍ മഞ്ഞുരുക്കത്തിന്റെ ലക്ഷണങ്ങള്‍ വീണ്ടും പ്രകടമായിരിക്കുകയാണ്. ഇരു രാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാര്‍ ഈയിടെ ഇസ്ലാമാബാദില്‍ കൂടിക്കാഴ്ച നടത്തുകയുണ്ടായി. ഉഭയകക്ഷി സമവായ സംഭാഷണ പ്രക്രിയ തുടര്‍ന്നുകൊണ്ടുപോകാന്‍ അവര്‍ തീരുമാനിച്ചിരിക്കുന്നു. പതിവുപോലെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കേണ്ടതിന്റെയും പരസ്പര വിശ്വാസം പുനഃസ്ഥാപിക്കേണ്ടതിന്റെയും അനിവാര്യത ഊന്നിപ്പറയുകയും രണ്ടു കക്ഷികളും പ്രായോഗികതലത്തില്‍ ആ ദിശയിലേക്കുള്ള ചുവടുവെപ്പുകള്‍ നടത്തണമെന്നതില്‍ യോജിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളിലെയും രാഷ്ട്രീയ നേതൃത്വവും ഭരണകൂടവും ദേശീയ ജനതകളും തമ്മില്‍ പകയും കിടമത്സരവും കുറയുന്ന മുറക്കേ സംഘര്‍ഷം ലഘൂകരിക്കപ്പെടുകയുള്ളൂ.
സംഘര്‍ഷം ലഘൂകരിക്കുക, സൌഹാര്‍ദം സ്ഥാപിക്കുക, പരസ്പര വിശ്വാസം വളര്‍ത്തുക തുടങ്ങിയ വിഷയങ്ങളൊക്കെ എല്ലാ ഉഭയകക്ഷി സംഭാഷണങ്ങളിലും ഉയര്‍ന്നുവരാറുള്ളതാണ്. പക്ഷേ, എപ്പോഴൊക്കെ രണ്ടു കക്ഷികളുടെയും ഭാഗത്തുനിന്ന് അത് യാഥാര്‍ഥ്യമാക്കാനുള്ള നീക്കമുണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നത് വിചിത്രമായ വസ്തുതയാണ്. മുന്നോട്ടുള്ള നീക്കം തടയപ്പെടുക മാത്രമല്ല, സംഭാഷണം സ്തംഭിക്കുകയും ചെയ്യും. ഭിന്നതകള്‍ മൂര്‍ഛിക്കും. ബന്ധം അറ്റുപോകും. ഇരു കൂട്ടരുടെയും ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് ചൂടേറുകയും ചെയ്യുന്നുവെന്നതാണ് അനുഭവം. ഒന്നുകില്‍ ആത്മാര്‍ഥതയോടെയല്ല, മറ്റാരെയോ ബോധ്യപ്പെടുത്താനാണ് രണ്ടു കൂട്ടരും സംഭാഷണമേശക്ക് ചുറ്റുമെത്തുന്നത്. അല്ലെങ്കില്‍ രണ്ടു കൂട്ടരുടെയും സമാധാന വാഞ്ഛയെ മറ്റേതോ ശക്തികള്‍ തുരങ്കം വെക്കുന്നു. ഏതാണ് ശരിയെന്ന് ഭാവി ചരിത്രം തെളിയിക്കും.
ഉഭയകക്ഷി സംഭാഷണ പ്രക്രിയ സ്തംഭിക്കുന്നുവെന്നതാണ് ഈ അട്ടിമറിയുടെ പ്രഥമ ഫലം. പിന്നെ സകല ശ്രമങ്ങളും ഈ സ്തംഭനമൊഴിവാക്കുന്നതില്‍ കേന്ദ്രീകരിക്കപ്പെടുന്നു. സ്തംഭനമൊഴിവായാല്‍ സംഭാഷണവണ്ടി ചലിക്കണമെങ്കില്‍ നടപടിക്രമങ്ങള്‍ ആദ്യം തൊട്ടേ തുടങ്ങേണ്ടിവരുന്നു. ഇരുപക്ഷത്തെയും ഉന്നതന്മാര്‍ ഒന്നിച്ചിരിക്കുന്നു. ചില കാര്യങ്ങള്‍ പരസ്പരം സമ്മതിക്കുന്നു. ചില തീരുമാനങ്ങളെടുക്കുന്നു. ചില ഉറപ്പുകള്‍ കൈമാറുന്നു. ഒടുവില്‍ എല്ലാം വെള്ളത്തിലാകുന്നു. ഇതാണ് വര്‍ഷങ്ങളായി നടന്നുവരുന്നത്.
കുറെക്കാലത്തിനു ശേഷം ഇന്ത്യാ-പാക് വിദേശ കാര്യ സെക്രട്ടറിമാര്‍ ഒരിക്കല്‍ കൂടി ഇസ്ലാമാബാദില്‍ കൂടിക്കാഴ്ച നടത്തിയിരിക്കുകയാണിപ്പോള്‍. ഉഭയകക്ഷി ചര്‍ച്ച തുടരുന്നതില്‍ രണ്ട് വിദേശകാര്യ സെക്രട്ടറിമാരും ഐക്യപ്പെട്ടത് തല്‍ക്കാലം ആശാവഹമായ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. ഇരു കൂട്ടരും ചില ധാര്‍മിക പ്രശ്നങ്ങളുന്നയിക്കുകയും പരാതികള്‍ കൈമാറുകയും അവരവരുടെ നിലപാടുകള്‍ വിശദീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും സംഭാഷണത്തില്‍ നീരസത്തേക്കാള്‍ മികച്ചുനിന്നത് സൌഹൃദാന്തരീക്ഷമാണ്. പരസ്പര വിശ്വാസം വളര്‍ത്താന്‍ പ്രായോഗിക പരിപാടികളാവിഷ്കരിക്കേണ്ടതിന്റെ ആവശ്യകത ഇരു കൂട്ടരും ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളെല്ലാം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണം. അയല്‍ രാജ്യത്തെ ആഭ്യന്തര പ്രശ്നങ്ങളിലിടപെടുകയോ ദൌര്‍ബല്യങ്ങള്‍ മുതലെടുക്കുകയോ ചെയ്യാതിരിക്കാന്‍ ഇരു കക്ഷികളും സന്നദ്ധത പ്രകടിപ്പിച്ചു.
എല്ലാ തലങ്ങളിലും ബന്ധം ദൃഢീകരിക്കുന്നതിന്റെ ഭാഗമായി, സിവില്‍ ഉദ്യോഗസ്ഥര്‍ തമ്മിലെന്നപോലെ മിലിട്ടറി ഉദ്യോഗസ്ഥര്‍ തമ്മിലും ഇടക്കിടെ കൂടിക്കാഴ്ച നടത്തണമെന്നതും സമവായമുണ്ടായ സുപ്രധാന നിര്‍ദേശങ്ങളിലൊന്നാണ്. ഇത് തെറ്റിദ്ധാരണകള്‍ പെട്ടെന്നുതന്നെ ദൂരീകരിക്കാനും പരസ്പര ധാരണ ഊട്ടിയുറപ്പിക്കാനും ഏറെ അവസരം സൃഷ്ടിക്കും. എന്നാല്‍ രണ്ടു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിനാധാരം ഈ പ്രശ്നങ്ങളൊന്നുമല്ല എന്ന യാഥാര്‍ഥ്യം ഇപ്പോഴും അവശേഷിക്കുന്നു. അതവഗണിച്ചുകൊണ്ട് തൊലിപ്പുറമെയുള്ള ചികിത്സകളാകുന്നുവെന്നതാണ് ഇന്ത്യാ-പാക് സംഭാഷണങ്ങളുടെ മൌലികമായ ദൌര്‍ബല്യം.
ഇന്ത്യാ-പാക് ബന്ധത്തിലെ പ്രശ്ന സങ്കീര്‍ണതകള്‍ പുതിയതല്ല; രണ്ട് രാജ്യങ്ങളുടെയും ജന്മത്തോളം തന്നെ പഴക്കമുള്ളതാണ്. സ്വാതന്ത്യ്ര ലബ്ധിയെയും വിഭജനത്തെയും തുടര്‍ന്നുളവായ പ്രശ്നങ്ങള്‍ കാലക്രമത്തില്‍ വളര്‍ന്നു മൂര്‍ഛിച്ചുവരികയായിരുന്നു. ഇങ്ങനെയൊരു സ്ഥിതിവിശേഷം സൃഷ്ടിക്കുന്നതില്‍ നമുക്കുള്ളത്ര തന്നെ പങ്ക് സാമ്രാജ്യത്വശക്തികള്‍ക്കുമുണ്ട്. എന്നല്ല, കൂടുതല്‍ വലിയ പങ്ക് അവരുടേതാണെന്ന് പറഞ്ഞാല്‍ തെറ്റാവില്ല. ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘര്‍ഷം വളരുന്നതിന്റെ നേട്ടം അവര്‍ക്ക് മാത്രമാണ്. ഇന്ത്യക്കും പാകിസ്താനും നഷ്ടം മാത്രമേയുള്ളൂ. രണ്ടു കക്ഷികളും ഈ യാഥാര്‍ഥ്യം കണക്കിലെടുത്തുകൊണ്ട് പ്രശ്നത്തെ സമീപിക്കണമെന്നാണ് യുക്തിബോധവും ഉല്‍ബുദ്ധതയും താല്‍പര്യപ്പെടുന്നത്.
Comments