അറബ് ജനാധിപത്യം പടിഞ്ഞാറിനെ പരിഭ്രാന്തമാക്കുന്നു
സെയ്ദ നര്‍ച്: അറബ് ലോകത്തിന് ജനാധിപത്യവുമായി പൊരുത്തപ്പെടാന്‍ കഴിയില്ലെന്നാണല്ലോ മിക്കവരും പറയുന്നത്. സമീപകാല സംഭവവികാസങ്ങള്‍ ഈ നിഗമനത്തെ തിരുത്തിക്കുറിക്കുന്നില്ലേ?
നോം ചോംസ്‌കി: എന്തുതന്നെയായാലും അടിസ്ഥാനരഹിതമായ നിലപാടാണത്. അറബ്-ഇസ്‌ലാമിക ലോകത്തിന് ജനാധിപത്യത്തിന്റെ സുദീര്‍ഘമായ ഒരു ചരിത്രമുണ്ട്. പാശ്ചാത്യശക്തികളാണ് അതിനെ നിരന്തരം തകര്‍ത്തത്. 1953-ല്‍ ഇറാനില്‍ ഒരു പാര്‍ലമെന്ററി വ്യവസ്ഥ ഉണ്ടായിരുന്നു. യു.എസും ബ്രിട്ടനും ചേര്‍ന്ന് അതിനെ വകവരുത്തി. 1958-ല്‍ ഇറാഖില്‍ നടന്ന വിപ്ലവവും ജനാധിപത്യപരമായിരുന്നു. പിന്നീട് അതിനെന്ത് സംഭവിച്ചെന്ന് ആര്‍ക്കുമറിയില്ല. ഭരണ അട്ടിമറി നടത്താനാവശ്യമായ സംവിധാനങ്ങള്‍ യു.എസ് മുമ്പേ രൂപവത്കരിച്ചിട്ടുണ്ട്. 1958-ല്‍ നടന്ന, രഹസ്യപ്പട്ടികയില്‍ നിന്നൊഴിവാക്കപ്പെട്ട ആഭ്യന്തര ചര്‍ച്ചകളില്‍ അമേരിക്കക്കെതിരായി അറബ്‌ലോകത്ത് വിദ്വേഷ പ്രചാരണം നടക്കുന്നുണ്ടെന്ന് പ്രസിഡന്റ് ഐസനോവര്‍ അഭിപ്രായപ്പെട്ടിരുന്നു. ഗവണ്‍മെന്റുകളല്ല, ജനങ്ങളായിരുന്നു അത്തരം കാമ്പയിനുകള്‍ക്ക് നേതൃത്വം നല്‍കിയത്. നാഷ്‌നല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ ഉന്നതതല ആസൂത്രണ വകുപ്പിന്റെ വെബ് സൈറ്റില്‍ അതുമായി ബന്ധപ്പെട്ട കുറിപ്പുകള്‍ കാണാം. അമേരിക്ക ജനാധിപത്യത്തെയും വികസനത്തെയും തടസ്സപ്പെടുത്തുന്നുവെന്നും എണ്ണയുടെ മേല്‍ ആധിപത്യം നേടാന്‍ ഏകാധിപതികളെ പിന്തുണക്കുന്നുവെന്നുമായിരുന്നു അറബ്‌ലോകം പ്രചരിപ്പിച്ചത്.
സെയ്ദ: അറബ് ലോകത്ത് ജനാധിപത്യത്തിന്റെ ഉദയം തടഞ്ഞുനിര്‍ത്തിയത് പടിഞ്ഞാറാണെന്നാണോ താങ്കള്‍ പറയുന്നത്?
ചോംസ്‌കി: ഞാന്‍ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. ഇന്നും പടിഞ്ഞാറ് ആ നിലപാടാണ് പിന്തുടരുന്നത് എന്നത് ശരിയാണ്. അറബ്‌ലോകത്ത് സുശക്തമായ ജനാധിപത്യ ആവിര്‍ഭാവങ്ങള്‍ സംഭവിച്ചിരുന്നു. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവര്‍ പിന്തുണക്കുന്ന ഏകാധിപതികളുടെ കൈകളാലാണ് അത് നശിപ്പിക്കപ്പെട്ടത്. നിരന്തര പരാജയം ജനാധിപത്യത്തെ ഇല്ലാതാക്കുന്നു. ലാറ്റിനമേരിക്കയെ സംബന്ധിച്ചും ഇങ്ങനെ പറയാം. ഏകാധിപതികളുടെയും ക്രൂര കൊലപാതകികളുടെയും സുദീര്‍ഘ പരമ്പരയാണ് അവിടെ ഉണ്ടായിരുന്നത്. അമേരിക്കയും അതിന് മുമ്പ് യൂറോപ്പും ഗോളാര്‍ധത്തെ നിയന്ത്രിക്കുമ്പോള്‍ ലാറ്റിനമേരിക്കയിലെ ജനാധിപത്യം നിരന്തരം പിഴുതെറിയപ്പെട്ടു.
സെയ്ദ: 'അറബ് വസന്തം' താങ്കളെ യാതൊരു നിലക്കും അത്ഭുതപ്പെടുത്തിയിട്ടില്ലേ?
ചോംസ്‌കി: യഥാര്‍ഥത്തില്‍ ഞാന്‍ അത് പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, അതിന് വലിയ ഒരു പശ്ചാത്തലമുണ്ട്. ഈജിപ്തിനെ നമുക്ക് ഉദാഹരണമായി സ്വീകരിക്കാം. ജനുവരി 25-ന് യുവാക്കളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധ പ്രകടനങ്ങളെ അവര്‍ വിശേഷിപ്പിച്ചത് ഏപ്രില്‍ 6 പ്രസ്ഥാനം (ഏപ്രില്‍ സിക്‌സ്ത് മൂവ്‌മെന്റ്) എന്നായിരുന്നു. അതിന്റെ കാരണം, 2008 ഏപ്രില്‍ ആറിന് ഈജിപ്തിലെ ഏറ്റവും വലിയ വ്യവസായ കേന്ദ്രമായ മഹല്ല ടെക്സ്റ്റയില്‍ കോംപ്ലക്‌സില്‍ നടന്ന സുപ്രധാനമായ തൊഴിലാളി സമരമാണ്. പ്രസ്തുത സമരത്തെ അനുകൂലിച്ച് രാജ്യം മുഴുവന്‍ പ്രതിഷേധമുയര്‍ന്നു. ഏകാധിപത്യശക്തികള്‍ അതിനെ നിര്‍വീര്യമാക്കി. ഏകാധിപത്യം ജനങ്ങളെ നിയന്ത്രിക്കുന്നേടത്തോളം കാലം പാശ്ചാത്യരെ നാം പരിഗണിക്കേണ്ടതില്ല. സമരപരമ്പരയുടെ ഒരു തുടക്കമായിരുന്നു അത്. ചിലതൊക്കെ വിജയിച്ചു. അതിനെക്കുറിച്ച് മികച്ച പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഈജിപ്തിലെ തൊഴിലാളി പ്രസ്ഥാനത്തെ സംബന്ധിച്ച് ധാരാളം പഠനങ്ങള്‍ നടത്തിയത് അമേരിക്കന്‍ പണ്ഡിതനായ ജോയല്‍ ബൊയ്‌നര്‍ ആണ്. ഈജിപ്തിലെ തൊഴിലാളി സമരങ്ങള്‍ ജനാധിപത്യ സംസ്ഥാപനത്തിനുള്ള ഉദ്യമങ്ങളായിരുന്നുവെന്ന് അദ്ദേഹം വിലയിരുത്തുന്നു.
സെയ്ദ: 'പുതിയ മിഡിലീസ്റ്റ്' എന്ന ബുഷിന്റെ നയം, മാറ്റത്തിന്റെ പരമ്പരകള്‍ (Domino effect) സൃഷ്ടിക്കാന്‍ കാരണമായിട്ടില്ലേ? അറബ്‌ലോകത്തെ പ്രക്ഷോഭങ്ങള്‍ക്ക് ജോര്‍ജ് ബുഷിന്റെ പോളിസിയുമായി വല്ല ബന്ധവുമുണ്ടോ?
ചോംസ്‌കി: സമകാലിക യുദ്ധാനന്തര ചരിത്രത്തിന്റെ മുഖ്യപ്രമേയം Domino effect ആണ്. ക്യൂബ, വിയറ്റ്‌നാം, ബ്രസീല്‍ എന്നിവ ഇതിന്റെ ഉദാഹരണങ്ങളാണ്. പകര്‍ച്ചവ്യാധിക്ക് കാരണമാകുന്ന വൈറസിനോടാണ് ഹെന്റി കിസിഞ്ചര്‍ ഇതിനെ താരതമ്യം ചെയ്തത്. ചിലിയില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട അലന്‍ഡെയെ നിഷ്‌കാസിതനാക്കാന്‍ നിക്‌സണും കിസിഞ്ചറും ആസൂത്രണം നടത്തുമ്പോള്‍, ഈ വൈറസ് യൂറോപ്യന്‍ രാജ്യങ്ങളെയെല്ലാം ബാധിക്കുമെന്നാണ് കിസിഞ്ചര്‍ അഭിപ്രായപ്പെട്ടത്. അദ്ദേഹവും ബ്രഷ്‌നേവും ഈ കാര്യം അംഗീകരിച്ചിരുന്നു. ഇരുവര്‍ക്കും ജനാധിപത്യത്തെ പേടിയുമായിരുന്നു. അതുകൊണ്ടാണ് പ്രസ്തുത വൈറസിനെ തുടച്ചുനീക്കണമെന്ന് പറഞ്ഞതും, അതുപോലെ അവര്‍ ചെയ്തതും.
പുതിയ സംഭവവികാസങ്ങളും സമാനമാണ്. അറബ് വസന്തം ഒബാമയെയും ബുഷിനെയും സംഭ്രാന്തരാക്കിയിട്ടുണ്ട്. അറബ് ലോകത്ത് ജനാധിപത്യം പുലരണമെന്ന് അവരാഗ്രഹിക്കുന്നില്ല എന്നതാണതിന്റെ കാരണം. അറബ് ലോകത്തിന് പടിഞ്ഞാറിന്റെ പോളിസിയില്‍ സ്വാധീനം ചെലുത്താന്‍ സാധിച്ചാല്‍ അമേരിക്കയും ബ്രിട്ടനും മിഡിലീസ്റ്റില്‍ നിന്ന് പുറന്തള്ളപ്പെടും. അതിനാല്‍ അവര്‍ മേഖലയിലെ ജനാധിപത്യത്തെ ഭയപ്പെടുന്നു.
സെയ്ദ: ഒബാമയും അദ്ദേഹത്തിന്റെ മിഡിലീസ്റ്റ് പോളിസിയും അപ്രസക്തമായിത്തീര്‍ന്നെന്ന് ഈയിടെ പ്രശസ്ത ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകന്‍ റോബര്‍ട്ട് ഫിസ്‌ക് അഭിപ്രായപ്പെട്ടിരുന്നല്ലോ?
ചോംസ്‌കി: അദ്ദേഹത്തിന്റെ മികച്ച ലേഖനം ഞാന്‍ വായിച്ചിരുന്നു. അദ്ദേഹത്തിന് മേഖലയെ സംബന്ധിച്ച് നന്നായി അറിയാം. ഏപ്രില്‍ ആറിന് പ്രക്ഷോഭം നടത്തിയവര്‍ അമേരിക്കയെ മുഖവിലക്കെടുത്തില്ല എന്നാണദ്ദേഹം ഉദ്ദേശിച്ചതെന്ന് തോന്നുന്നു. അമേരിക്കയാണ് ശത്രുവെന്ന് വ്യക്തമായി ബോധ്യപ്പെട്ടതുകൊണ്ട് അവര്‍ യു.എസിനെ പൂര്‍ണമായും അവഗണിച്ചിട്ടുണ്ട്. തൊണ്ണൂറ് ശതമാനത്തോളം ഈജിപ്ഷ്യന്‍ പൗരന്മാര്‍ അമേരിക്കയാണ് ഏറ്റവും വലിയ ഭീഷണിയെന്ന് വിശ്വസിക്കുന്നു. ആ രൂപത്തില്‍ ചിന്തിക്കുമ്പോള്‍ യു.എസ് അപ്രസക്തമല്ല. അവര്‍ അത്രമേല്‍ ശക്തമാണ്.
സെയ്ദ: അറബ് ബുദ്ധിജീവികളുടെ മൗനത്തെയും നിര്‍ജീവാവസ്ഥയെയും ചിലര്‍ രൂക്ഷമായി വിമര്‍ശിക്കുന്നു. എന്തായിരിക്കണം അവരുടെ ഇപ്പോഴത്തെ ധര്‍മം?
ചോംസ്‌കി: ബുദ്ധിജീവികള്‍ക്ക് സവിശേഷമായ ഉത്തരവാദിത്വമുണ്ട്. മറ്റുള്ളവരേക്കാള്‍ ഊര്‍ജസ്വലരായിരിക്കും അവര്‍. അസാധാരണമായ പദവി കൈവരിക്കുമ്പോള്‍ ഒരാള്‍ ബുദ്ധിജീവിയെന്ന് വിശേഷിപ്പിക്കപ്പെടുന്നു. അറബ് ലോകത്തും അങ്ങനെത്തന്നെയായിരിക്കേണ്ടതുണ്ട്.
(Qantara.de വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചത്. വിവ: മുഹമ്മദ് അഷ്‌റഫ് ഊട്ടേരി)
Comments