Prabodhanm Weekly

Pages

Search

2024 മാർച്ച് 22

3345

1445 റമദാൻ 11

ഗർഭിണികളും മുലയൂട്ടുന്നവരും

ഡോ. കെ. ഇൽയാസ് മൗലവി

കഴിഞ്ഞ റമദാനില്‍ എന്റെ ഭാര്യ ഗർഭിണിയായിരുന്നു. ശാരീരിക പ്രയാസങ്ങള്‍ ഉള്ളതിനാല്‍ നോമ്പനുഷ്ഠിക്കാന്‍ സാധിച്ചില്ല. റമദാന് ശേഷം കുഞ്ഞിന് മുലയൂട്ടുന്നതിനാല്‍ നോമ്പ് നോറ്റുവീട്ടാനും സാധിച്ചില്ല. ചിലര്‍ പറയുന്നു, ഗർഭിണികള്‍ നോമ്പൊഴിവാക്കിയാല്‍ പകരം നോറ്റുവീട്ടേണ്ടതില്ലെന്ന്. ഗർഭിണികളുടെ നോമ്പുമായി ബന്ധപ്പെട്ട ഇസ്ലാമിക കാഴ്ചപ്പാട് എന്താണ്?

ഗർഭിണികളും മുലയൂട്ടുന്നവരും നോമ്പൊഴിവാക്കിയാലുള്ള വിധിയെ സംബന്ധിച്ച് പണ്ഡിതന്മാര്‍ ഭിന്നവീക്ഷണങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. അവര്‍ നോമ്പൊഴിവാക്കിയാല്‍ എന്താണ് ചെയ്യേണ്ടതെന്ന് അല്ലാഹുവോ റസൂലോ വ്യക്തമായി ഒന്നും നിർദേശിച്ചിട്ടില്ലാത്തതിനാലാണ് ഈ ഭിന്നത. 
അവരെ രണ്ട് രൂപത്തില്‍ വേർതിരിക്കാം:

ഒന്ന്: ന്യായമായ ഒരു തടസ്സവും ഇല്ലാതിരിക്കെ നോമ്പ് ഒഴിവാക്കിയവര്‍. ഗർഭിണിയോ മുലയൂട്ടുന്നവളോ ആണ്. പക്ഷേ, നോമ്പെടുക്കുന്നതിന് ശാരീരികമോ അല്ലാത്തതോ ആയ യാതൊരു തടസ്സവുമില്ല. പകല്‍ ഭക്ഷണം ഒഴിവാക്കിയാല്‍ തനിക്കോ, അതുപോലെ മുലപ്പാല്‍ കുറഞ്ഞ്, തളർച്ച ബാധിച്ച് കുഞ്ഞിനോ പ്രത്യേകിച്ച് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടാനിടയില്ല. അങ്ങനെയിരിക്കെ നോമ്പൊഴിവാക്കുന്നത് അക്ഷന്തവ്യമായ വീഴ്ചയാണ്. ഗുരുതരമായ കുറ്റവുമാണ്. അത് നോറ്റു വീട്ടേണ്ടതും പ്രായശ്ചിത്തം നൽകേണ്ടതും തൗബ ചെയ്യേണ്ടതുമാണ്.

  രണ്ട്: ന്യായമായ പ്രതിബന്ധങ്ങള്‍ കാരണം നോമ്പൊഴിവാക്കിയവര്‍. ഇത് രണ്ട് വിധത്തിലാവാം:
1. സ്വന്തം പ്രശ്നം കാരണം നോമ്പൊഴിവാക്കേണ്ടി വരിക. ഗർഭിണിയായതിനാലോ മുലയൂട്ടുന്നതിനാലോ ശാരീരികവും മറ്റുമായ പ്രയാസങ്ങളുണ്ടാകുന്നതിനാലാണ് നോമ്പ് ഒഴിവാക്കിയത്. ഇവരെ രോഗികളുടെ ഗണത്തില്‍ പെടുത്തി ആ വിധി ബാധകമാക്കുകയാണ് പണ്ഡിതന്മാര്‍ ചെയ്തിട്ടുള്ളത്. അതായത്, തൽക്കാലം നോമ്പ് ഒഴിവാക്കുകയും പിന്നീട് നോറ്റുവീട്ടുകയും ചെയ്യണമെന്നർഥം. ഇങ്ങനെയുള്ള സ്ത്രീകൾക്ക്  നോമ്പ് ഒഴിവാക്കാമെന്ന കാര്യത്തില്‍ തർക്കമില്ല. റമദാനില്‍ രോഗം കാരണം നോമ്പൊഴിവാക്കിയവരെ പോലെ സൗകര്യാനുസൃതം അടുത്ത റമദാനിനു മുമ്പ് അവരത് നോറ്റുവീട്ടിയാല്‍ മതി. എന്നാല്‍, അലസതയോ അശ്രദ്ധയോ മൂലം തൊട്ടടുത്ത റമദാനിന് മുമ്പ് നോറ്റുവീട്ടിയില്ലെങ്കില്‍ ഖദാഅ് വീട്ടുന്നതോടൊപ്പം പ്രായശ്ചിത്തം കൂടി നല്കണം.
 
 2. നോമ്പനുഷ്ഠിക്കുന്നതിന് ആരോഗ്യ പ്രശ്നങ്ങളോ ശാരീരിക പ്രയാസങ്ങളോ ഇല്ല. എന്നാല്‍ ഗർഭിണിയോട്, തന്റെ കുഞ്ഞിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും, ദീർഘനേരം അന്നപാനീയങ്ങള്‍ ഒഴിവാക്കുന്നതും വയറുകായുന്നതും ഗർഭസ്ഥ ശിശുവിന് ദോഷം ചെയ്യുമെന്നതിനാല്‍ സൂക്ഷിക്കണമെന്നും വിദഗ്ധരായ ഡോക്ടർമാര്‍ നിർദേശിച്ചിരിക്കുന്നു. കുഞ്ഞിന് പാലുകൊടുക്കുന്ന പ്രായത്തില്‍ അത് മുടങ്ങാതെ കൊടുക്കണമെന്നും, ദീർഘനേരം അമ്മിഞ്ഞപ്പാല്‍ കൊടുക്കാതിരുന്നാല്‍ കുഞ്ഞിന്റെ ആരോഗ്യത്തെ അത് പ്രതികൂലമായി ബാധിക്കുമെന്നും ബോധ്യപ്പെടുകയും ചെയ്തിരിക്കുന്നു.
  
ഇത്തരം സന്ദർഭങ്ങളില്‍ ഗർഭിണികളായവരും മുലയൂട്ടുന്ന സ്്ത്രീകളും നോമ്പ് ഒഴിവാക്കുന്നതിന് വിരോധമില്ല. അതുപക്ഷേ, തങ്ങളുടെ പ്രശ്നം കാരണമല്ല. പ്രത്യുത, തങ്ങളുടെ ശിശുക്കളുടെ നന്മക്ക് വേണ്ടി മാത്രമാണ്. ഇവിടെ ഇത്തരം സ്ത്രീകളെ രോഗികളായി പരിഗണിക്കുക പ്രയാസമാണ്. എന്നാല്‍, നോമ്പൊഴിവാക്കാൻ അവര്‍ നിർബന്ധിതരുമാണ്. ഇവിടെയാണ് അഭിപ്രായ വ്യത്യാസം. 

ഇത്തരം സ്ത്രീകള്‍ തങ്ങളുടെ കുഞ്ഞുങ്ങളുടെ ജീവനും ആരോഗ്യവും അപായപ്പെടാതിരിക്കാന്‍ വേണ്ടിയാണ് നോമ്പൊഴിവാക്കുന്നത്. മുങ്ങിച്ചാവുന്നവരെ രക്ഷിക്കാന്‍ വെള്ളത്തിലേക്ക് എടുത്തുചാടിയപ്പോള്‍ നോമ്പ് മുറിഞ്ഞുപോയവന്റെ, അല്ലെങ്കില്‍ ഒരാളെ അപകടത്തില്‍നിന്ന് രക്ഷിക്കാന്‍ നോമ്പ് മുറിക്കേണ്ടി വന്നവന്റെ ഗണത്തിലാണ് ഇവര്‍ പെടുകയെന്നും ഇങ്ങനെയുള്ളവര്‍ നഷ്ടപ്പെട്ട നോമ്പ് നോറ്റുവീട്ടുന്നതോടൊപ്പം ഓരോ നോമ്പിനും ഫിദ്്യ (ഒരഗതിക്ക് ആഹാരം) കൂടി നല്‌കേണ്ടതാണെന്നുമാണ് ഒരു അഭിപ്രായം. വളരെ ഞെരുക്കത്തോടു കൂടി നോമ്പിന് സാധിക്കുന്നവർ ഒരഗതിക്ക് ആഹാരമായി ഫിദ്്യ നൽകേണ്ടതാണ് എന്ന അൽ ബഖറയിലെ 184-ാം ആയത്താണ് അവരുദ്ധരിക്കുന്ന തെളിവ്. ഈ ആയത്തിന്റെ വിശദീകരണത്തില്‍, ഗർഭിണികളും മുലയൂട്ടുന്നവരും ആശങ്കാകുലരാണെങ്കില്‍ നോമ്പ് ഒഴിവാക്കുകയും ആഹാരം നല്കുകയുമാണ് ചെയ്യേണ്ടത് എന്ന ഇബ്നു അബ്ബാസിന്റെ അഭിപ്രായം ഇമാം അബൂ ദാവൂദ് ഉദ്ധരിച്ചതും അവര്‍ തെളിവാക്കുന്നു. ഇവിടെ 'അവര്‍ ആശങ്കാകുലരാണെങ്കില്‍' എന്ന് ഖുർആന്‍ പ്രസ്താവിച്ചിടത്ത് 'തങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍' എന്നുകൂടി ആ റിപ്പോർട്ടില്‍ ഇമാം അബൂ ദാവൂദ് രേഖപ്പെടുത്തിയിട്ടുണ്ട് (അബൂ ദാവൂദ് 2320).

ഇവിടെ കുഞ്ഞുങ്ങൾക്കും  ഗർഭസ്ഥശിശുക്കൾക്കും  വേണ്ടി അവരുടെ ജീവന്റെയും ആരോഗ്യത്തിന്റെയും കാര്യത്തിലുള്ള ആശങ്ക കാരണം നോമ്പുപേക്ഷിക്കുന്നതും, തന്റെ വ്യക്തിപരമോ ശാരീരികമോ മറ്റോ ആയ പ്രയാസവും ബുദ്ധിമുട്ടും കണക്കിലെടുത്ത് നോമ്പ് ഉപേക്ഷിക്കുന്നതും തമ്മില്‍ വ്യത്യാസമേതുമില്ല എന്നാണ് മറ്റു ചില ഫുഖഹാക്കളുടെ വാദം. അവരുടെ വീക്ഷണപ്രകാരം സ്വന്തം ശരീരത്തിലെ ഒരവയവം പോലെ തന്നെയാണ് ശിശുക്കളും (അശ്ശർഹുല്‍ കബീര്‍ 1/539), (അല്‍ മൗസൂഅത്തുല്‍ ഫിഖ്ഹിയ്യ 28/54). തന്റെ ഏതെങ്കിലും ഒരവയവത്തിന് ദീനം ബാധിച്ചാല്‍ അതിനുവേണ്ടി നോമ്പ് ഒഴിവാക്കേണ്ടി വരുന്ന രോഗി ചെയ്യേണ്ടത്  മറ്റൊരു ദിവസം ആ നോമ്പ് നോറ്റുവീട്ടുക എന്നതാണ്. അതിനുപുറമെ ഫിദ്്യ കൊടുക്കേണ്ടതില്ല. അതിനാല്‍ ശിശുക്കളുടെ കാര്യത്തില്‍ ആശങ്കയുള്ളത് കാരണം നോമ്പ് പാഴായിപ്പോയ ഗർഭിണികളും മുലയൂട്ടുന്നവരും അവർക്ക് നഷ്ടപ്പെട്ട നോമ്പ് പിന്നീട് നോറ്റുവീട്ടിയാല്‍ മതി. അല്ലാതെ ഒരു ഫിദ്്യ കൂടി കൊടുക്കേണ്ടതില്ല (കശ്ശാഫുല്‍ ഖിനാഅ് 2/313).

തിരുമേനി (സ) പറയുകയുണ്ടായി: അല്ലാഹു യാത്രക്കാരന് നമസ്‌കാരത്തില്‍ പകുതി ഭാഗവും, യാത്രക്കാരന്നും ഗർഭിണിക്കും മുലയൂട്ടുന്നവർക്കും  നോമ്പും ഇളവ് ചെയ്തിരിക്കുന്നു (അഹ്മദ് 19047, നസാഈ 2286, തിർമിദി 719).

 ഇവിടെ യാത്രക്കാരോടൊപ്പം ഗർഭിണികളെയും മുലയൂട്ടുന്നവരെയും ചേർത്തുപറഞ്ഞിരിക്കയാണ്. മാത്രമല്ല, അവര്‍ തങ്ങൾക്കു വേണ്ടിയാണോ ശിശുക്കൾക്ക്  വേണ്ടിയാണോ നോമ്പ് ഒഴിവാക്കുന്നത് എന്നൊന്നും തിരുമേനി വേർതിരിച്ചു പറഞ്ഞിട്ടുമില്ല. യാത്രക്കാര്‍, ഗർഭിണികള്‍, മുലയൂട്ടുന്നവര്‍ എന്നിങ്ങനെ സാമാന്യവൽക്കരിക്കുകയാണ് ചെയ്തത് (അഹ്കാമുല്‍ ഖുർആന്‍- ജസ്സ്വാസ്വ് 1/224). 

സ്വഹാബിമാരില്‍ ഇബ്നു അബ്ബാസ്, ഇത്തരക്കാര്‍ നോമ്പ് നോറ്റുവീട്ടിയാല്‍ മാത്രം മതിയെന്ന വീക്ഷണക്കാരനാണ്. പല വിഷയങ്ങളിലും ഇബ്നു അബ്ബാസിന്റെ എതിർപക്ഷത്തായിരുന്ന ഇബ്നു ഉമറില്‍നിന്നും ഇതേ വീക്ഷണം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് എന്നതാണ് കൗതുകം. അതനുസരിച്ച് ഇത്തരം സ്ത്രീകള്‍ നോമ്പ് എടുത്തുവീട്ടുക മാത്രമേ ചെയ്യേണ്ടതുള്ളൂ. ഫിദ്്യ നൽകേണ്ടതില്ല. അത് ശിശുക്കൾക്ക്  വേണ്ടി നോമ്പുപേക്ഷിച്ചതാണെങ്കിലും ശരി (അല്‍ ഇസ്തിദ്കാര്‍ 14642, 14644).

ഈ അഭിപ്രായം പക്ഷേ, ബഹു ഭൂരിഭാഗം ഫുഖഹാക്കളും അംഗീകരിച്ചിട്ടില്ല. ഇവര്‍ തെണ്ടം നല്‍കിയാല്‍ പോരെന്നും നോറ്റുവീട്ടല്‍ നിര്‍ബന്ധമാണെന്നുമാണ് അവരുടെ മതം. ഇബ്‌നു അബ്ബാസില്‍നിന്ന്  ഇതേ വീക്ഷണം മുസ്വന്നഫ് അബ്ദുറസ്സാഖില്‍ (7564) ഉദ്ധരിച്ചത്  കാണാം. അതേപോലെ ഇബ്‌നു ഉമറിനും ഇതേ അഭിപ്രായം തന്നെയാണുള്ളതെന്ന് ഇമാം ബൈഹഖിയും ഉദ്ധരിച്ചിട്ടുണ്ട് (അസ്സുനനുല്‍ കുബ്‌റാ 8335).
ഈ അഭിപ്രായങ്ങളെല്ലാം പരാമർശിച്ച ശേഷം ശൈഖ് ഖറദാവി നടത്തിയ ഈ നിരീക്ഷണം വളരെ പ്രസക്തമാണ്:

''തുടരെ ഗർഭവും മുലയൂട്ടലുമുണ്ടാകുന്നവളുടെ കാര്യത്തില്‍ ഇബ്നു ഉമറിന്റെയും ഇബ്നു അബ്ബാസിന്റെയും അഭിപ്രായത്തിനാണ് ഞാന്‍ മുൻതൂക്കം കല്പിക്കുന്നത്. അവള്‍ റമദാനില്‍ ഒന്നുകില്‍ ഗർഭിണി അല്ലെങ്കില്‍ മുലയൂട്ടുന്നവള്‍ ആയിരിക്കും. നഷ്ടപ്പെട്ടവ നോറ്റുവീട്ടാന്‍ കല്പിക്കാതിരിക്കുകയും പ്രായശ്ചിത്തം ചെയ്താല്‍ മതിയെന്ന് അനുശാസിക്കുകയും ചെയ്തത് ഇവരോടുള്ള കാരുണ്യമാണ്.

പ്രായശ്ചിത്തമായി ആഹാരം നിശ്ചയിച്ച നടപടിയിലാവട്ടെ, ആവശ്യക്കാർക്കും അഗതികൾക്കും ആശ്വാസവുമുണ്ട്. ഇന്നത്തെ മിക്ക മുസ്ലിം സമൂഹങ്ങളിലെയും, വിശിഷ്യാ നഗരങ്ങളിലെ സ്ത്രീകള്‍ ഗർഭധാരണത്തിന്റെയും മുലയൂട്ടലിന്റെയും ക്ലേശം അനുഭവിക്കുന്നത് ആയുസ്സില്‍ രണ്ടോ മൂന്നോ തവണ മാത്രമാണ്. ഗർഭധാരണങ്ങൾക്കിടയിലെ ഇടവേളക്ക് ദീർഘം കൂടുതലുള്ള ഇത്തരക്കാര്‍ വ്രതം നോറ്റുവീട്ടുന്നതിനാണ് മുൻഗണന നൽകേണ്ടത്. ഭൂരിപക്ഷം പണ്ഡിതന്മാരും ഈ അഭിപ്രായക്കാരാണ്'' (ഫിഖ്ഹുസ്സ്വിയാം, പേജ് 72). ഇതേ വീക്ഷണം തന്നെയാണ് ശാഹ് വലിയ്യുല്ലാഹിദ്ദഹ്്ലവിക്കും (തുഹ്ഫത്തുല്‍ അഹ്്വദി 3/331), സുഊദി ഫത്്വാ കമ്മിറ്റിക്കും ഉള്ളത് (ഫതാവാ ഇസ്ലാമിയ്യ 1/396). 


നോമ്പ് നോറ്റുവീട്ടാതെ വൈകിപ്പിച്ചാല്‍...
പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ലാതെ അശ്രദ്ധ കാരണം നോമ്പ് നോറ്റുവീട്ടാതെ വൈകിപ്പിച്ചാല്‍ എന്താണ്‌ ചെയ്യേണ്ടത്?

നോമ്പ് നഷ്ടപ്പെട്ടവന്‍ ആ നോമ്പ് നോറ്റുവീട്ടണം എന്ന കാര്യത്തില്‍ പക്ഷാന്തരമില്ല. ഒരു റമദാനില്‍ നഷ്ടപ്പെട്ട നോമ്പ് അടുത്ത റമദാന്‍ വരുന്നതിനു മുമ്പ്‌ നോറ്റുവീട്ടാന്‍ സാധിക്കുമെങ്കില്‍ നിർബന്ധമായും അങ്ങനെതന്നെ നോറ്റുവീട്ടണം. യാതൊരു കാരണവശാലും വൈകിപ്പിക്കാന്‍ പാടില്ല. ഇനി രോഗമോ മുലകുടിയോ ഗർഭമോ പോലുള്ള ന്യായമായ കാരണങ്ങളാല്‍ ഒരു റമദാനിലെ നോമ്പ് അടുത്ത റമദാനിന് മുമ്പ്‌ നോറ്റുവീട്ടാന്‍ സാധിക്കാതെ വന്നാല്‍, അത് പിന്നീടായാലും നോറ്റുവീട്ടുക തന്നെയാണ് വേണ്ടത്. എന്നാല്‍, ഒരു റമദാനില്‍ നഷ്ടപ്പെട്ട നോമ്പ് മറ്റൊരു റമദാനിന് മുമ്പ് നോറ്റുവീട്ടാതിരുന്നാല്‍ നോറ്റുവീട്ടുന്നതോടൊപ്പം അഗതിക്ക് ഭക്ഷണവും കൂടി നല്‍കേണ്ടതാണ്. ഒരു റമദാനിലെ നോമ്പ്   മറ്റൊരു റമദാനിലേക്ക് വൈകിപ്പിക്കാന്‍ കൃത്യമായ കാരണം ഉള്ളവര്‍ നോറ്റുവീട്ടിയാല്‍ മാത്രം മതി. നോറ്റുവീട്ടുന്നതോടൊപ്പം ഫിദ്്യ  നൽകേണ്ടതില്ല.

ഇമാം മാലിക് (റ), ഇമാം ശാഫിഈ(റ), ഇമാം അഹ്മദ് (റ) തുടങ്ങിയവര്‍ അകാരണമായി വൈകിപ്പിച്ചവര്‍ നോമ്പ് നോറ്റുവീട്ടുന്നതോടൊപ്പം വൈകിപ്പിച്ച ഓരോ നോമ്പിനും പ്രായശ്ചിത്തമായി അഗതിക്ക് ഒരു നേരത്തെ ഭക്ഷണവും നൽകേണ്ടതുണ്ട് എന്ന അഭിപ്രായക്കാരാണ്. ഇബ്‌നു ഉമര്‍ (റ), ഇബ്‌നു അബ്ബാസ് (റ), അബൂ ഹുറയ്‌റ (റ) തുടങ്ങിയ സ്വഹാബികളില്‍നിന്ന് ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇമാം ഇബ്‌നു ഖുദാമയും ഇതാണ് പ്രബല അഭിപ്രായമായി രേഖപ്പെടുത്തുന്നത്.  

ഇനി നോറ്റുവീട്ടാതെ ഭക്ഷണം മാത്രം കൊടുക്കുക എന്നുള്ളത് വാർധക്യ കാരണത്താല്‍ നോമ്പ് എടുക്കാന്‍ സാധിക്കാത്തവർക്കും, പൊതുവില്‍ ശമനം പ്രതീക്ഷിക്കാത്ത മാറാ രോഗം കാരണത്താല്‍ നോമ്പെടുക്കാന്‍ സാധിക്കാത്തവർക്കും  മാത്രമുള്ളതാണ്. താല്ക്കാലിക രോഗികളോ ഗർഭിണികളോ മുലയൂട്ടുന്ന സ്ത്രീകളോ അതില്‍ പെടില്ല. അവര്‍ വൈകിയാലും ശരി, നോമ്പ് നോറ്റുവീട്ടണം. മേൽ പറഞ്ഞ കാരണങ്ങള്‍കൊണ്ട് വൈകിയാല്‍ നോറ്റുവീട്ടിയാല്‍ മാത്രം മതി. അകാരണമായാണ് മറ്റൊരു റമദാന്‍ വന്നിട്ടും നോറ്റുവീട്ടാതിരുന്നതെങ്കില്‍, പിന്നീടത് നോറ്റുവീട്ടുകയും ഓരോ ദിവസത്തിനും ഒരഗതിക്ക് ഭക്ഷണം നല്കുകയും വേണം. l

Comments