Prabodhanm Weekly

Pages

Search

2024 മാർച്ച് 22

3345

1445 റമദാൻ 11

പ്രാർഥനയുടെ അനുഭൂതികാലങ്ങൾ

സമീർ വടുതല

"ദുർബലനും പരാശ്രിതനുമായ മനുഷ്യാ, പ്രാർഥനയിൽ അലംഭാവം വരുത്താതെ നോക്കുക. അത് കാരുണ്യത്തിന്റെ  ഖനിയും ശക്തിയുടെ സ്രോതസ്സുമാണ്. നീ മനുഷ്യത്വത്തിന്റെ മഹത്വത്തിലേക്കുയരുക. അപ്പോൾ പ്രപഞ്ചത്തിന്റെ പ്രാർഥന നിന്റെ പ്രാർഥനയിൽ വിലയം പ്രാപിക്കും!" 
(സഈദ് നൂർസി)  

ബാല്യകാലത്തിന്റെ റമദാനുകൾക്ക് മിക്കവാറും നോമ്പുതുറയുടെ മണവും രുചിയുമായിരുന്നു. അക്കാലത്ത് ഞങ്ങൾ, സമപ്രായക്കാരായ കുട്ടികൾ മഗ്‌രിബ് നമസ്കാരത്തിനായി പള്ളിയിലേക്ക് മത്സരിച്ചോടിയിരുന്നത് പലഹാരങ്ങളുടെ മണം പിടിച്ചായിരുന്നു. എന്നാൽ, സന്ദേഹങ്ങളുടെ കൗമാരം ഉള്ളിൽ ചോദ്യങ്ങൾ നിറച്ചു കൊണ്ടിരുന്നു. ദീനും ദുനിയാവും നോമ്പും തറാവീഹു മൊക്കെ, കാതലിന് തീപിടിച്ച മരക്കൊള്ളി കണക്കെ, പതുക്കെ പതുക്കെ മനസ്സിനെ തൊട്ടുതുടങ്ങി..

പ്രാർഥനയുടെ വൈകാരികത മനസ്സിനെ പിടിച്ചെടുത്ത ഒരനുഭവം ഓർക്കുന്നു. വീടിനടുത്തുള്ള പള്ളിയിൽ റമദാൻ ദിനങ്ങൾക്ക് മാത്രമായി ഒരു ഇമാമിനെ നിയമിക്കാറുണ്ടായിരുന്നു. ഇമാമുസ്താദിനെ എല്ലാവരും ബഹുമാനിച്ചു. അദ്ദേഹം റമദാനിൽ നമസ്കാരങ്ങൾക്കും, വിശിഷ്യാ തറാവീഹിനും നേതൃത്വം നൽകി. മിക്കവാറും ഇശാ നമസ്കാരത്തിനും തറാവീഹിനുമിടയിൽ അദ്ദേഹം ജനങ്ങളെ ഉദ്ബോധിപ്പിച്ചുകൊണ്ടിരുന്നു. ആ റമദാൻവഅളുകൾക്ക് ശ്രോതാക്കളിൽ ഭക്തിയുണർത്തുന്ന ഒരുതരം നീട്ടലും കുറുക്കലും താളവുമുണ്ടായിരുന്നു. ശ്രുതിമധുരമായ ഖുർആൻ പാരായണത്തിന്റെ സമൃദ്ധിയുണ്ടായിരുന്നു.

ആ പ്രസംഗങ്ങളിൽ സുലഭമായി സ്വഹാബിമാരുടെ ചരിത്രങ്ങൾ ദൃക്സാക്ഷി വിവരണങ്ങൾ പോലെ ഉസ്താദ് ഉദ്ധരിക്കുമായിരുന്നു. പ്രവാചകശിഷ്യരുടെ ജീവിതത്തിലെ ത്യാഗത്തിന്റെ കഥകൾ വിവരിക്കുമ്പോൾ അദ്ദേഹത്തിന്റെ കൺതടങ്ങളിലൂടെ തുലാമഴ പോലെ കണ്ണീർ പെയ്തിറങ്ങും. കണ്ഠമിടറും. വാക്കുകൾ മുറിയും. അപ്പോൾ ശ്രോതാക്കളുടെ കണ്ണുകളും  സജലങ്ങളാകും. അങ്ങനെയാണ് അബൂബക്ർ സിദ്ദീഖും ഉമറുൽ ഫാറൂഖും ഉസ്മാനുബ്നു അഫ്ഫാനും അലിയും മുസ്വ്അബും മുആദുബ്നു ജബലുംഅബ്ദുർറഹ്മാനിബ്നു ഔഫും അബൂഹുറയ്റയും ഞങ്ങളുടെ മനസ്സിലെ തിളങ്ങുന്ന താരങ്ങളായത്. പ്രസംഗത്തിന്റെ ഒടുവിലെ പ്രാർഥനാവേളയിലും കണ്ണീർ പ്രവാഹമുണ്ടാകും. അതിനുമൊടുവിൽ, പിറ്റേന്നത്തെ നോമ്പിനു വേണ്ടിയുള്ള നിയ്യത്ത് ഉസ്താദ് ചൊല്ലിത്തരും.
'നവൈത്തു സ്വൌമ ഗദിൻ' എന്ന് തുടങ്ങുന്ന ആ വാചകങ്ങൾ സദസ്സ് ഭക്തിപൂർവം ഏറ്റുപറയുമായിരുന്നു.

ഓർമയിൽ, ഹൃദയത്തെ പിടിച്ചെടുത്ത ആദ്യത്തെ പ്രാർഥനാനുഭവമാണിത്.
മുതിർന്നപ്പോൾ വായനകളിൽ പ്രാർഥനയും ഒരു പ്രധാന വിഷയമായിത്തീർന്നത് സ്വാഭാവികം. അനന്തമായ പ്രാർഥനയാകുന്നു ജീവിതമെന്നെഴുതിയത് വൈക്കം മുഹമ്മദ് ബഷീറാണ്. അത് മനുഷ്യന്റെ പ്രാർഥനയോടുള്ള നിതാന്ത ബന്ധത്തെ വെളിപ്പെടുത്തുന്ന നിരീക്ഷണത്തിന്റെ നിത്യവെളിച്ചമായിരുന്നു. പ്രാർഥന സ്വയം തന്നെ ഊർജപ്രവാഹമാണെന്ന് അലക്സിസ് കാറൽ പറയുമ്പോൾ, അത് പ്രാർഥിയുടെ ദൈനംദിന ജീവിതത്തിന്റെ സത്യസന്ധമായ സാക്ഷിമൊഴിയായിത്തീരുന്നു.

പ്രാർഥനയിൽ ഭക്തൻ നിരത്തിവെക്കുന്ന ആവശ്യങ്ങളുടെ മുൻഗണനകളെ സംബന്ധിച്ച് ആത്മകഥാപരമായ ഒരു സൂഫി ആഖ്യാനം ശ്രദ്ധേയമായി തോന്നി. അതിങ്ങനെയാണ്: ''യുവാവായിരുന്നപ്പോൾ എന്റെ പ്രാർഥന ഇതായിരുന്നു: നാഥാ, ഈ ലോകത്തെ മാറ്റാനുള്ള ഊർജമെനിക്ക് തന്നാലും.. കൂടുതൽ മുതിർന്നപ്പോൾ എന്റെ പ്രാർഥന ഇങ്ങനെയായി: നാഥാ, ജീവിതത്തിന്റെ പാതിയും തീർന്നു. ഒരാളെ പോലും എനിക്ക് മാറ്റാനായില്ല, അതുകൊണ്ട് എന്റെ കുടുംബത്തെയെങ്കിലും മാറ്റാനുള്ള ഊർജമെനിക്ക് തന്നാലും.. ഒടുവിൽ ഞാൻ വൃദ്ധനായി. അപ്പോൾ എന്റെ പ്രാർഥന ഇങ്ങനെയായി: നാഥാ, ലോകത്തെ എനിക്ക് മാറ്റാനായില്ല, അതുകൊണ്ട് എന്നെയെങ്കിലും മാറ്റാനുള്ള ഊർജം എനിക്ക് തരേണമേ."

ഏറക്കാലം മനസ്സിനെ അലട്ടിയ ഒരു ചോദ്യമുണ്ടായിരുന്നു: എന്തുകൊണ്ടാണ് ഒരു ദൈവദാസൻ ഏറയേറെ പ്രാർഥിച്ചിട്ടും പലപ്പോഴും ഉത്തരം കിട്ടാത്തത്? എല്ലാ വിഷയങ്ങളും തമാശാരൂപേണ അവതരിപ്പിച്ചിരുന്ന മാർ ക്രിസോസ്റ്റം തിരുമേനി ഈ സമസ്യക്ക്  മറുപടിയായി ഉന്നയിച്ചത് മറ്റൊരു ചോദ്യമായിരുന്നു: വക്കീൽ രാവിലെ വീട്ടിൽനിന്നിറങ്ങുമ്പോൾ, 'ദൈവമേ, ഇന്ന് അടിപിടി കേസൊന്നും ഉണ്ടാകരുതേ. കൊലപാതകം തന്നെ സംഭവിക്കണേ' എന്ന് പ്രാർഥിക്കും. ഡോക്ടറാവട്ടെ, ജനങ്ങളുടെ അസുഖം വർധിക്കാനായിരിക്കും പ്രാർഥിക്കുക. ഇതെല്ലാം ദൈവം കേട്ടാലത്തെ അവസ്ഥ എന്തായിരിക്കും?.. എന്നാൽ, മനസ്സിന്റെ ചൊറിച്ചിൽ പൂർണമായി മാറ്റിത്തന്നത്, ബദീഉസ്സമാൻ സഈദ് നൂർസിയുടെ യുക്തിഭദ്രമായ വിശദീകരണമായിരുന്നു: "പ്രാർഥനക്ക് ഉത്തരം ലഭിക്കുക എന്നതും പ്രാർഥന സ്വീകരിക്കുക എന്നതും രണ്ടാണ്. എല്ലാ പ്രാർഥനക്കും ഉത്തരം ലഭിക്കുന്നുണ്ട്. പക്ഷേ, പ്രാർഥന കൈക്കൊണ്ട് ആവശ്യം നിവർത്തിച്ചുകൊടുക്കുന്നത് ചില യുക്തികളെയും നന്മകളെയും ആസ്പദിച്ചിരിക്കുന്നു. ഒരുദാഹരണം: രോഗബാധിതനായ കുട്ടി ഡോക്ടറോട് പറയുന്നു: "എന്നെ നോക്കൂ..." കുട്ടിയുടെ വിളി കേട്ട് ഡോക്ടർ എന്തുവേണമെന്ന് ആരായുന്നു. അപ്പോൾ ഇന്ന മരുന്ന് തരണമെന്ന് അവൻ ആവശ്യപ്പെടുന്നു. ഡോക്ടർ ചിലപ്പോൾ അവൻ ആവശ്യപ്പെട്ട മരുന്ന് തന്നെ കൊടുത്തേക്കാം. ചിലപ്പോൾ അതിലും പ്രയോജനകരമായ മറ്റെന്തെങ്കിലും മരുന്നായിരിക്കും കൊടുക്കുക.

അതുമല്ലെങ്കിൽ ഒരു മരുന്നും കൊടുത്തില്ലെന്നും വരാം. എന്തെങ്കിലും മരുന്ന് കൊടുക്കുന്നത് ദോഷഫലം ചെയ്യുമെന്ന് അയാൾക്കറിയാം. ഇതുതന്നെയാണ് അല്ലാഹുവിന്റെ സ്ഥിതിയും. സമസ്ത വസ്തുക്കളെ സംബന്ധിച്ചും ജ്ഞാനമുള്ളവനും എല്ലാം കാണുന്നവനുമാണ് അവൻ. ദാസന്റെ പ്രാർഥനക്ക് അവൻ ഉത്തരം ചെയ്യുന്നു. അവന്റെ പരിഭ്രമവും ഏകാന്ത ബോധവും തുടച്ചുനീക്കി സഹായഹസ്തമായി വർത്തിക്കുന്നു. ചിലപ്പോൾ അവന്റെ ആവശ്യം അംഗീകരിക്കുന്നു. ചിലപ്പോൾ അവൻ ചോദിച്ചതിനെക്കാൾ കൂടുതൽ നൽകുന്നു. മറ്റു ചിലപ്പോൾ അവന്റെ ആവശ്യം നിരാകരിക്കുന്നു. എല്ലാം ദൈവികയുക്തിയുടെ താല്പര്യമനുസരിച്ച് .. ദാസന്റെ മിഥ്യാമോഹങ്ങൾക്കനുസരിച്ചല്ല. "
പ്രാർഥനയുടെ പ്രശാന്തിയും അനുഭൂതിയും നുകരാത്തവൻ സൗഭാഗ്യമെന്തെന്നറിയുന്നില്ല. അത്താണിയായി ദൈവത്തെ കിട്ടിയവൻ ഉദ്യാനത്തിലെ നടത്തം പോലെ ജീവിതമാസ്വദിക്കുന്നു. "പ്രാർഥന വിശ്വാസിയുടെ ആയുധമാകുന്നു. ദീനിന്റെ സ്തംഭമാകുന്നു. ആകാശഭൂമികളിലെ വെളിച്ചമാകുന്നു"(ഹാകിം). പ്രാർഥനയുടെ വിശുദ്ധ പാശത്താലത്രേ വിശ്വാസികൾ നാഥനുമായി ബന്ധിക്കപ്പെട്ടിരിക്കുന്നത്.

നോമ്പിന്റെ നിയമങ്ങൾ പറയുന്നതിനിടയിലും സ്നേഹം വഴിഞ്ഞൊഴുകുന്ന ശൈലിയിൽ നാഥൻ ചാരത്ത് തന്നെയുണ്ടെന്ന് ഖുർആൻ ഉണർത്തുന്നുണ്ട് (2:186). നോമ്പുകാരനാവട്ടെ, തിരസ്കരിക്കപ്പെടാത്ത പ്രാർഥനയുടെ അവകാശിയാണെന്നാണ് നബിമൊഴി. പതുക്കെ, ഹൃദയപൂർവം, പ്രത്യാശയോടെ, സവിനയം അയാൾ നാഥനെ വിളിക്കണം എന്നേയുള്ളൂ. അശ്രദ്ധമായ ഹൃദയങ്ങളിൽ നിന്നുള്ള വാക്കുകൾക്ക് ഉത്തരമില്ലെന്ന് പ്രവാചകൻ സൂചിപ്പിച്ചിട്ടുണ്ട്. രത്ന വ്യാപാരിയുടെ കരുതലോടെ വേണം, നാഥന്റെ മുന്നിൽ വാക്കുകൾ എടുത്തുവെക്കാനെന്നാണ് പണ്ഡിത മതം.

നമസ്കാരം നാഥനുമായുള്ള സംഭാഷണമാണെന്ന് പ്രവാചകൻ അറിയിച്ചിരിക്കുന്നു. പ്രാർഥനാ വേളകൾ ദൈവസംവാദത്തിന്റെ അനർഘാനുഭൂതികളാണ് നോമ്പുകാരന് സമ്മാനിക്കുന്നത്. വിശിഷ്യാ, റമദാനിലെ അവസാന രാവുകളിൽ.. കരയിൽ പിടിച്ചിട്ട മത്സ്യം വെള്ളത്തിലെത്തിയാലെന്ന പോലെ പ്രവാചകൻ നമസ്കാരത്തിൽ വിലയിക്കുമായിരുന്നു. നാഥനോടുള്ള നന്ദിവാക്കായി കാലിൽ നീരുകെട്ടുവോളം നിശാവേളകളിൽ നിന്ന് നമസ്കരിക്കുമായിരുന്നു. നബിശിഷ്യരാകട്ടെ, നമസ്കാരത്തിന്റെ അലൗകികാനന്ദത്തിൽ പരിസരം മറന്നുപോകുമായിരുന്നു. ത്വൂർ മലയുടെ പ്രാന്തത്തിൽ, ഒത്തുകിട്ടിയ അവസരത്തിൽ ശിശുസഹജമായ നിഷ്കളങ്കതയോടെ, തന്റെ സ്നേഹഭാജനമായ നാഥനോടുള്ള സംഭാഷണം നീട്ടിനീട്ടി കൊണ്ടുപോകാൻ ശ്രമിച്ച മൂസായെ പോലെ, നോമ്പുകാരൻ തന്റെ നിശാ നമസ്കാരങ്ങൾ ദീർഘിപ്പിക്കുന്നു. അങ്ങനെ അയാൾ പുലർകാല യാമങ്ങളെ തന്റെ പാപനാശിനിയാക്കി മാറ്റുന്നു. l

Comments