സി.എ.എ വിരുദ്ധ ചെറുത്തുനില്‍പിന് ശക്തിപകരുക
രാജ്യത്ത് വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചുകൊണ്ട്, 2019-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമ(സി.എ.എ)ത്തിന്റെ ചട്ടങ്ങള്‍ നിലവില്‍ വന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര ഗവണ്‍മെന്റ്. ഈ നിയമത്തിനെതിരെ 2020 മുതല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഒട്ടേറെ ഹരജികളുണ്ട്. ചട്ടങ്ങള്‍ രൂപവത്കരിക്കുകയോ വിജ്ഞാനമിറക്കുകയോ ചെയ്തിട്ടില്ലാത്തതിനാല്‍ അതു സംബന്ധമായി സുപ്രീം കോടതി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികളുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചുനില്‍ക്കെയാണ്, പൊടുന്നനെ പൗരത്വ ഭേദഗതി നിയമം നടപ്പില്‍ വന്നിരിക്കുന്നു എന്ന പ്രഖ്യാപനമുണ്ടാവുന്നത്. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ മുസ്്‌ലിം ഭൂരിപക്ഷ അയല്‍ രാജ്യങ്ങളില്‍നിന്ന് മതപീഡനത്തെത്തുടര്‍ന്ന് 2014 ഡിസംബര്‍ 31-ന് മുമ്പ് ഇന്ത്യയില്‍ അഭയം തേടിയെത്തിയ ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, പാഴ്‌സി, ബുദ്ധ, ജൈന വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുമെന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. മുസ്്‌ലിംകളെ മാത്രം ഈ ആനുകൂല്യത്തില്‍നിന്ന് മാറ്റിനിര്‍ത്തിയിരിക്കുന്നു. ഇത് ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതക്കും മതനിരപേക്ഷ തത്ത്വങ്ങള്‍ക്കും എതിരാണെന്ന കാര്യത്തില്‍ ഒരാള്‍ക്കുമില്ല സംശയം. ഇന്ത്യന്‍ ഭരണഘടനയുടെ പതിനാലാം അനുഛേദത്തില്‍, നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നും മതത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തികള്‍ക്കിടയില്‍ വിവേചനമരുതെന്നും വ്യക്തമായി പറയുന്നുണ്ട്.
കടുത്ത വിഭാഗീയ അജണ്ടകളുമായി തെരഞ്ഞെടുപ്പിനെ നേരിടാന്‍ തന്നെയാണ് സംഘ് പരിവാറിന്റെ നീക്കം എന്ന വസ്തുതക്ക് ഇത് ഒരിക്കല്‍ കൂടി അടിവരയിടുന്നു. കര്‍ഷകരും തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമുള്‍പ്പെടെ അടിസ്ഥാന ജനവിഭാഗങ്ങള്‍ മോദി ഭരണത്തില്‍ തീര്‍ത്തും അസംതൃപ്തരായിരിക്കെ, എല്ലാ ഭരണ പരാജയങ്ങളെയും ഹിന്ദുത്വ അജണ്ടകൊണ്ട് മറികടക്കാമെന്ന ആത്മവിശ്വാസത്തിലാണ് സംഘ് പരിവാര്‍. അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ പണിപൂര്‍ത്തിയാകാതെ തന്നെ കൊട്ടും കുരവയുമായി അതിന്റെ ഉദ്ഘാടനം നടത്തി ജനശ്രദ്ധ തെറ്റിക്കാമെന്ന കണക്കുകൂട്ടല്‍ പിഴച്ചപ്പോഴാണ്, ഗ്യാന്‍വാപി മസ്ജിദിന്റെ നിലവറയില്‍ പൂജക്കുള്ള അനുവാദം വാങ്ങിയെടുത്തത്. ജനരോഷത്തെയും ഭരണ പരാജയങ്ങളെയും മറികടക്കാന്‍ ഇത് രണ്ടും പോരെന്ന് തോന്നിയതുകൊണ്ടാണ് സി.എ.എ വീണ്ടും പൊടിതട്ടിയെടുക്കുന്നത്.
സി.എ.എ അത് നിയമമായ കാലത്ത് രാജ്യത്തുടനീളം വന്‍ പ്രക്ഷോഭങ്ങളാണ് അരങ്ങേറിയത്. ഈ ജനരോഷമാണ് കുറച്ചുകാലമെങ്കിലും അത് കോള്‍ഡ് സ്‌റ്റോറേജില്‍ വെക്കാന്‍ ഭരണവര്‍ഗത്തെ നിര്‍ബന്ധിച്ചതും. ഭരണവിരുദ്ധ വികാരത്തെ വിഭാഗീയ ചിന്തയിലേക്ക് വഴിതിരിച്ചുവിടാമെന്ന സംഘ് പരിവാറിന്റെ കണക്കു കൂട്ടലുകള്‍ തെറ്റിക്കുന്ന വ്യാപക പ്രക്ഷോഭങ്ങള്‍ക്കാണ് രണ്ടാമതും തുടക്കമിട്ടിരിക്കുന്നത്. പശ്ചിമ ബംഗാളിലെയും തമിഴ്‌നാട്ടിലെയും കേരളത്തിലെയും മുഖ്യമന്ത്രിമാര്‍ തങ്ങളുടെ സംസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചത് പ്രതിഷേധങ്ങള്‍ക്ക് കരുത്തുപകരും. പൗരത്വ വിഷയം കേന്ദ്ര ഗവണ്‍മെന്റിന്റെ അധികാര പരിധിക്കകത്തായതു കൊണ്ട് നിയമപരമായി സംസ്ഥാനങ്ങള്‍ക്ക് എന്തു ചെയ്യാനാവുമെന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. മാത്രമല്ല, ലഭിക്കുന്ന പൗരത്വ അപേക്ഷകളില്‍ തീരുമാനമെടുക്കുന്ന ഉന്നതാധികാര സമിതിയിലെ ആറംഗങ്ങളില്‍ അഞ്ച് പേരും കേന്ദ്ര ഗവണ്‍മെന്റ് നോമിനേറ്റ് ചെയ്യുന്നവരുമാണ്. ഇത്തരം കൊടും അനീതിക്കും വിവേചനത്തിനുമെതിരെ ജനകീയ ചെറുത്തുനില്‍പ് ശക്തിപ്പെടുത്തുക എന്നതാണ് നമുക്ക് മുന്നിലുള്ള ഒരു മാര്‍ഗം.
എല്ലാവരെയും ചേര്‍ത്തുപിടിച്ചുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍ ഭരണകൂടത്തിന് മുട്ടുമടക്കുകയല്ലാതെ നിവൃത്തിയുണ്ടാവില്ല. ഒരുപക്ഷേ, സംഘിതര കക്ഷികള്‍ ഒരുമിച്ച് നില്‍ക്കുമെങ്കില്‍, അടുത്ത തെരഞ്ഞെടുപ്പില്‍ ഹിന്ദുത്വ അജണ്ടകളെ അട്ടിമറിക്കാനും സി.എ.എ വിജ്ഞാപനം നിമിത്തമായേക്കും. l
Comments