റമദാന്‍ ഓര്‍മകള്‍ കെ.സി മുതല്‍ ഖറദാവി വരെ
ഏഴാമത്തെ വയസ്സില്‍ അതായത് 1951-ല്‍ ആണെന്നാണോര്‍മ, എന്റെ ജീവിതത്തിലെ ആദ്യത്തെ നോമ്പ്. ഉമ്മയോ ബാപ്പയോ നിര്‍ബന്ധിച്ചതു കൊണ്ടല്ല ബാലസഹജമായ ഔത്സുക്യംകൊണ്ടായിരുന്നു പുലര്‍ച്ച മുതല്‍ സായാഹ്നം വരെ നീണ്ട ഉപവാസം. പാതിരാവ് പിന്നിട്ട് കൃത്യം രണ്ട് മണിക്ക് കൊടിയത്തൂര്‍ പള്ളിയങ്കണത്തില്‍നിന്ന് കതിനയുടെ മഹാ ശബ്ദം മുഴങ്ങുന്നതാണ് അത്താഴത്തിനുള്ള സിഗ്നല്‍. സ്വദേശമായ ചേന്ദമംഗല്ലൂരില്‍ പള്ളിയും മഹല്ലുമൊക്കെ ഉണ്ടെങ്കിലും സ്‌ഫോടനം നടത്താന്‍ ഏര്‍പ്പാടില്ല. നോമ്പ് തുറക്കാനും കൊടിയത്തൂരിലെ കതിന തന്നെ അവലംബം. കനത്ത മഴക്കാലത്ത് കതിന ശബ്ദം കേള്‍ക്കാതെ പോയാല്‍ കൂരിരുട്ട് വ്യാപിക്കുന്നത് വരെ കാത്തിരിക്കണം ജലപാനത്തിന്.
റിസ്റ്റ് വാച്ചോ ടൈംപീസോ പതിനൊന്നംഗ കുടുംബത്തില്‍ ഒരാളുടെയും കസ്റ്റഡിയിലില്ലാത്തതാണ് കാരണം. നമസ്‌കാര സമയം കാണിക്കുന്ന കലണ്ടറും ചുമരുകളില്‍ തൂങ്ങാറില്ല. ഒതയമംഗലം മഹല്ലിലെ കുട്ടി ഹസ്സന്‍ മൊല്ലാക്കയുടെ ശബ്ദം ഗ്രാമമാകെ മുഴങ്ങുമെങ്കിലും ഘോരമായ മഴയില്‍ അതും മുങ്ങിപ്പോവും. ആദ്യ നോമ്പ് ഒന്നില്‍ അവസാനിച്ചു. അടുത്ത വര്‍ഷം അഞ്ച്, പിറ്റേ വര്‍ഷം പത്ത്, പിന്നെ പതിനഞ്ച്. പിന്നെ പിന്നെ മുപ്പത് തികക്കാമെന്നായി. റമദാനില്‍ മുസ്്‌ലിം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാറില്ല. മദ്‌റസകള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കും. ഖുര്‍ആന്‍ തജ്‌വീദായിരുന്നു മുഖ്യ പാഠ്യവിഷയം. ദര്‍സില്‍ കിതാബോതുകയായിരുന്ന ബാപ്പ മോയിന്‍ മുസ്്‌ലിയാരെ ഓത്ത് പഠിപ്പിക്കാന്‍ മാത്രമായി കൗമാര പ്രായത്തിലേ ചേന്ദമംഗല്ലൂരിലേക്ക് കൂട്ടിക്കൊണ്ടുവന്നതായിരുന്നു; അദ്ദേഹം ഉയര്‍ന്ന ശബ്ദത്തില്‍ വൃത്തിയായി ഖുര്‍ആന്‍ ഓതുമായിരുന്നു എന്നതൊക്കെ ശരി. പക്ഷേ, പതിനേഴാം വയസ്സില്‍ അല്ലാഹു തിരിച്ചുവിളിച്ച ഉമര്‍ മാത്രമേ മുസ്്‌ലിയാരുടെ ഒമ്പത് മക്കളില്‍ ഖുര്‍ആന്‍ തജ്്വീദിലും ഹിഫ്‌ളിലും മിടുക്ക് കാണിച്ചിരുന്നുള്ളൂ. ഇന്നും എന്റെ സ്വകാര്യ ദുഃഖങ്ങളിലൊന്ന് വിശുദ്ധ ഖുര്‍ആന്റെ ഗണ്യമായ ഭാഗം ഓര്‍മയില്‍നിന്നെടുത്ത് സ്ഫുടമായും ആകര്‍ഷകമായും പാരായണം ചെയ്യാന്‍ കഴിയാതെ പോയതാണ്. അതേസമയം വിവിധ വിഷയങ്ങളില്‍ ഖുര്‍ആന്‍ റഫര്‍ ചെയ്യാത്ത ദിവസങ്ങള്‍ കുറവാണ് താനും.
1956-58 കാലത്ത് റമദാനിലെ മറക്കാനാവാത്ത അനുഭവങ്ങളിലൊന്ന് ചേന്ദമംഗല്ലൂരിലെ പരിവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കെ.സി അബ്ദുല്ല മൗലവി, വിസ്മൃതിയില്‍ ആണ്ടുപോയ പ്രവാചക ചര്യ പുനരുജ്ജീവിപ്പിച്ചതാണ്. അതോടൊപ്പം ഗ്രാമത്തിന്റെ ആദര്‍ശപരമായ നവജാഗരണത്തില്‍ വഴിത്തിരിവായിത്തീര്‍ന്ന ഒരു മഹല്‍ കീഴ്്വഴക്കത്തിന് തുടക്കം കുറിച്ചു അദ്ദേഹം. റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളില്‍ പള്ളിയില്‍ ഇഅ്തികാഫ് അഥവാ ഭജനമിരിക്കല്‍ എന്ന പ്രവാചക മാതൃക അദ്ദേഹം പുനര്‍ജീവിപ്പിച്ചു. ഇസ്വ് ലാഹി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കത്തിലേ സാക്ഷ്യം വഹിച്ച ചേന്ദമംഗല്ലൂരില്‍ അതേവരെ ഇഅ്തികാഫ് കേട്ടുകേള്‍വി മാത്രമായി തുടരുകയായിരുന്നു. കെ.സിയാവട്ടെ ആ സുവര്‍ണാവസരം ഇസ്്‌ലാമിക പ്രസ്ഥാനത്തിന്റെ മുന്‍നിര പണ്ഡിതന്മാരുടെ പഠന-പരിശീലന കളരിയായി മാറ്റിയതോടൊപ്പം പ്രമുഖ മത പ്രഭാഷകരുടെ ഉദ്‌ബോധനങ്ങള്‍ നാട്ടുകാരെ കേള്‍പ്പിക്കാനുള്ള അവസരമായും പ്രയോജനപ്പെടുത്തി. പരേതരായ കെ.കെ ജമാലുദ്ദീന്‍ മൗലവി (വടകര), എം.ടി അബ്ദുര്‍റഹ്്മാന്‍ മൗലവി (വാഴക്കാട്), ഉണ്ണീന്‍ കുട്ടി മൗലവി (പുളിക്കല്‍) തുടങ്ങിയ ഇസ്വ് ലാഹി പ്രസ്ഥാന നായകരെ ക്ഷണിച്ചുവരുത്തി ഓരോ ദിവസവും ളുഹ് ര്‍ നമസ്‌കാരാനന്തരം മതോപദേശ സദസ്സുകള്‍ സംഘടിപ്പിക്കുകയാണ് കെ.സി ആദ്യം ചെയ്തത്. ഈ ശ്രേഷ്ഠ പണ്ഡിതന്മാരാകട്ടെ അത്യാകര്‍ഷക ശൈലിയില്‍ ഖുര്‍ആനും ഹദീസും അറബിക്കവിതകളും കോര്‍ത്തിണക്കി ആണ്‍-പെണ്‍ ശ്രോതാക്കളെ പിടിച്ചിരുത്തുകയും ചെയ്തു. കേരള ജംഇയ്യത്തുല്‍ ഉലമായില്‍ നേരത്തെ തനിക്കുണ്ടായിരുന്ന അംഗത്വവും ഇസ്വ്്ലാഹി പണ്ഡിതന്മാരുമായുള്ള ഉറ്റ സൗഹൃദവുമാണ് ഈ പരിപാടിയുടെ സംഘാടനത്തിന് കെ.സിയെ സഹായിച്ചത്. അവസാനത്തെ പത്താവുമ്പോഴേക്ക് ഇസ്്‌ലാമിക പ്രസ്ഥാനത്തിന്റെ മുന്‍നിര പണ്ഡിതന്മാരായിരുന്ന വി.കെ.എം ഇസ്സുദ്ദീന്‍ മൗലവി, എ.കെ അബ്ദുല്‍ ഖാദിര്‍ മൗലവി, കെ. മൊയ്തു മൗലവി, കെ. അബ്ദുസ്സലാം മൗലവി എന്നിവരെയും ഒതയമംഗലം പള്ളിയിലേക്ക് ക്ഷണിച്ചുവരുത്തി പഠന പരിശീലന പരിപാടിയും വൈജ്ഞാനിക ചര്‍ച്ചകളും സജീവമായി നടത്തി. ഇതുകൊണ്ടൊക്കെയാണ് ചേന്ദമംഗല്ലൂര്‍ ഗ്രാമത്തെ പ്രസ്ഥാന ഗ്രാമമായി അദ്ദേഹം മാറ്റിയെടുത്തത്. ഖിയാമുല്ലൈല്‍ (രാത്രി നമസ്‌കാരം) പോലുള്ള കെ.സിയുടെ കൃതികള്‍ അദ്ദേഹം ഒതയമംഗലം മിമ്പറില്‍ ചെയ്ത പ്രസംഗങ്ങളുടെ ഉള്ളടക്കമാണ്.
എന്റെ ജീവിതത്തില്‍ പില്‍ക്കാലത്ത് വഴിത്തിരിവായത് 1972-80 കാലഘട്ടത്തില്‍ തുടര്‍ പഠനാര്‍ഥം ഖത്തറിലെത്തുകയും, പഠനശേഷം ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലെ മതകാര്യ വകുപ്പില്‍ ഡയറക്ടര്‍ ശൈഖ് അബ്ദുല്ലാ ഇബ്‌റാഹീം അല്‍ അന്‍സാരിയുടെ കീഴില്‍ ജോലി ചെയ്തതുമാണ്. വിശ്വ പ്രശസ്ത ഇസ്്‌ലാമിക പണ്ഡിതനും ചിന്തകനുമായ ഡോ. യൂസുഫുല്‍ ഖറദാവിയായിരുന്നു എഴുപതുകളില്‍ ഞങ്ങൾ പഠിച്ച അല്‍ മഅ്ഹദുദ്ദീനി (ഇസ്്‌ലാമിക് ഇന്‍സ്റ്റിറ്റ്യൂട്ട്)യുടെ ഡയറക്ടര്‍.
അക്കാലത്തെ ഒരു പ്രധാന പള്ളിയില്‍ റമദാനിലെ തറാവീഹ് നമസ്‌കാരത്തിന് ഖറദാവി നേതൃത്വം നല്‍കിയിരുന്നു. ഉദ്‌ബോധനങ്ങള്‍, മുന്നറിയിപ്പുകള്‍, സുവിശേഷങ്ങള്‍, സ്വര്‍ഗ-നരക ജീവിതങ്ങളെക്കുറിച്ച പ്രവചനങ്ങള്‍, ചരിത്ര സംഭവങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന വിഷയങ്ങളെ സ്പര്‍ശിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ ഖറദാവിയുടെ കണ്ഠത്തിലൂടെ പുറത്തുവരുമ്പോള്‍ അത് പിന്നില്‍ നില്‍ക്കുന്നവരെ പിടിച്ചുലക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല. നാല് റക്അത്തുകള്‍ പിന്നിടുമ്പോള്‍ 10-15 മിനിറ്റ് നേരം അതേവരെ കേള്‍പ്പിച്ച ഖുര്‍ആനില്‍നിന്ന് സന്ദര്‍ഭോചിതമായ സൂക്തങ്ങളുടെ വെളിച്ചത്തില്‍ അദ്ദേഹം ശ്രോതാക്കളെ ബോധവത്കരിക്കും. അന്യാദൃശമായ ഈ അനുഭവം പങ്കിടാന്‍ എത്തുന്ന ആയിരങ്ങളെക്കൊണ്ട് പള്ളികള്‍ നിറഞ്ഞുകവിയും. നമസ്കാരത്തിനൊടുവിലെ ഖറദാവിയുടെ ഹൃദയസ്പൃക്കായ പ്രാർഥനകൾ സർവോപരി എടുത്തുപറയേണ്ടതാണ്. അതിന് മുമ്പും പിമ്പും ഒട്ടേറെ ഇമാമുകളുടെ പിന്നില്‍ റമദാനിലെ രാത്രിനമസ്‌കാരം നിര്‍വഹിച്ചിട്ടുണ്ടെങ്കിലും യൂസുഫുല്‍ ഖറദാവിക്ക് സമശീര്‍ഷനായ ഒരു ഇമാമിന്റെ പിന്നിലും കൈകെട്ടി നില്‍ക്കാന്‍ അവസരമുണ്ടായിട്ടില്ല. മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ ഒരു റമദാനില്‍ വെറും രണ്ട് ദിവസം തറാവീഹ് നമസ്‌കാരത്തിന് അവസരം ലഭിച്ചത് മാത്രമാണ് ഇതിനപവാദം.
ഇപ്പറഞ്ഞതിന് തീര്‍ത്തും വിപരീതമായ അനുഭവവും ഖത്തര്‍ ജീവിതത്തിലുണ്ടായി എന്നനുസ്മരിക്കാതെ ചിത്രം പൂര്‍ണമാവില്ല. ശൈഖ് അന്‍സാരിയുടെ മതകാര്യ വകുപ്പിലാണ് നാലഞ്ച് കൊല്ലം ഞാന്‍ ജോലി ചെയ്തുവന്നതെന്ന് നടേ അനുസ്മരിച്ചല്ലോ. ഓരോ റമദാനിലും ഈജിപ്തില്‍നിന്ന് അല്‍ അസ്ഹരി ഖുര്‍ആന്‍ പാരായണ വിദഗ്ധരെ കൊണ്ടുവന്ന് ഖത്തറിലെ പ്രധാന പള്ളികളില്‍ വിന്യസിക്കുന്ന പതിവ് ഡിപ്പാര്‍ട്ട്‌മെന്റിനുണ്ടായിരുന്നു. അതു പ്രകാരം ഒരു മിസ് രി പണ്ഡിതനെയും ഖാരിഇനെയും ചില പള്ളികളിലെത്തിക്കുക എന്റെ ചുമതലയായിരുന്നു. ചെന്നു നോക്കിയപ്പോഴാണ് പലതിന്റെയും ദുരവസ്ഥ ഞെട്ടിച്ചത്. ഇശാ നമസ്‌കാരത്തിനെത്തുന്നവർ വിരലിലെണ്ണാവുന്നവര്‍. അതിഥിയായി വന്ന ഖുര്‍ആന്‍ പാരായണ വിദഗ്ധന്‍ അഞ്ച് മിനിറ്റ് ഓതിക്കൊടുക്കുന്നു. തുടര്‍ന്ന് അസ്ഹരി പണ്ഡിതന്‍ 'വഅള്' പറഞ്ഞ് ദ്രുതഗതിയില്‍ സ്ഥലം വിടുന്നു. നമ്മുടെ മദ്‌റസകളിലെ സാഹിത്യ സമാജം യോഗങ്ങളില്‍, എഴുതിപ്പഠിച്ചു പ്രസംഗിക്കുന്ന കുട്ടികളില്‍നിന്ന് ഒട്ടും ഭേദമല്ലാത്ത അവതരണം! ശരാശരി അറബികളുടെ മതബോധം ഇപ്പറഞ്ഞതിലൊതുങ്ങുമെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. എണ്‍പതുകളുടെ തുടക്കത്തില്‍ ഖത്തറിനോട് വിടചൊല്ലിയതില്‍ പിന്നെ ഗുണകരമായ മാറ്റം സംഭവിച്ചിട്ടുണ്ടെങ്കില്‍ നല്ല കാര്യം.
റമദാനിലെ മറ്റൊരു അനുഭവം കൂടി പങ്കുവെക്കട്ടെ. വീട്ടിലിരിക്കെ ചില തബ്്‌ലീഗ് സുഹൃത്തുക്കള്‍ ഒരതിഥിയുമായെത്തി. മലേഷ്യക്കാരനായ ഒരു എഞ്ചിനീയറാണ് അദ്ദേഹം. തബ്്‌ലീഗ് സംഘാംഗമായി പല നാടുകളില്‍ സഞ്ചരിക്കെ മധേഷ്യന്‍ റിപ്പബ്ലിക്കായ ഉസ്‌ബക്കിസ്താനില്‍ ചെന്നപ്പോഴുണ്ടായ അനുഭവം അദ്ദേഹം പങ്കുവെച്ചു. താഷ്‌ക്കന്റിലെ ഒരു കടയില്‍ റമദാനില്‍ അദ്ദേഹം ചെന്നു കയറിയപ്പോള്‍ കടയുടമ സസന്തോഷം അദ്ദേഹത്തെ സ്വീകരിച്ചിരുത്തി. സമയമായപ്പോള്‍ ഇഫ്ത്വാറിന് വീട്ടിലേക്കും കൂട്ടി. നോമ്പുതുറക്ക് മുന്നില്‍ നിരത്തിയ വിഭവങ്ങളിലൊന്ന് വോദ്കയുടെ ബോട്ടില്‍! നോമ്പ് തുറക്കാന്‍ മദ്യക്കുപ്പി. കടക്കാരനാവട്ടെ നോമ്പെടുത്തിട്ടുമുണ്ട്. നീണ്ട മുക്കാല്‍ നൂറ്റാണ്ട് കമ്യൂണിസ്റ്റ് ആധിപത്യത്തിലമര്‍ന്നതിന്റെ ഫലമായി മതത്തെക്കുറിച്ച് ഒന്നുമറിയാത്ത തലമുറകളാണ് ജന്മമെടുത്തത്. മുൻ തലമുറകള്‍ കൈമാറിയ അന്ധമായ ഭക്തി മാത്രമേ അവര്‍ക്ക് കൊണ്ടുനടക്കാനുള്ളൂ. സോവിയറ്റ് യൂനിയന്റെ തിരോധാനത്തിനു ശേഷം ഈ റിപ്പബ്ലിക്കുകളിലെ മതബോധനത്തിന് മുസ്്‌ലിം വേള്‍ഡ് ലീഗ് പോലുള്ള സംഘടനകള്‍ മിഷ്യനറിമാരെ അയച്ചുകൊടുത്തെങ്കിലും മത നിഷേധികളായ ഏകാധിപതികള്‍ അവരെയെല്ലാം തിരിച്ചോടിച്ചതാണ് പിന്നീട് സംഭവിച്ചത്. അപൂര്‍വം വിദ്യാര്‍ഥികള്‍ പുറംലോകത്തെ ഇസ്്‌ലാമിക കലാലയങ്ങളിലെത്തി മതപഠനം നടത്തിയ അനുഭവങ്ങളുമുണ്ട്. ഒരു തവണ കുവൈത്തില്‍ ചെന്നപ്പോള്‍ അവിടെ അറബിഭാഷയും ഇസ്്‌ലാമിക വിഷയങ്ങളും പഠിക്കുന്ന മിടുക്കരായ ചെചൻ കുട്ടികളെ കാണാനിടയായത് ആഹ്ലാദകരമായ അനുഭവമായിരുന്നു. l
Comments