Prabodhanm Weekly

Pages

Search

2024 മാർച്ച് 22

3345

1445 റമദാൻ 11

മധുരമൂറും വാക്കിൽനിന്ന് ഉതിരുന്ന നോമ്പ്​

വി.ടി അനീസ് അഹ് മദ്

രുചി(രസം)കളിൽനിന്നുള്ള വിടുതലാണ്​ വ്രതം. ദൈനംദിന ജീവിതത്തിൽ അവിഭാജ്യമായിത്തീർന്ന രുചികൾ പകലിൽ പരിത്യജിച്ച്​ ആത്​മീയതയുടെ സവിശേഷ രുചി നുകരാൻ വിശ്വാസികൾ ഒരുങ്ങിയിറങ്ങുന്ന കാലം;​ റമദാൻ. ജീവിതത്തിന്റെ തരാതരം രുചികളിൽനിന്ന്​ സ്വൽപ നേരത്തേക്കുള്ള മടക്കം പോലും ശ്രമകരമാണല്ലോ. മറ്റു ആരാധനകളിൽനിന്ന്​ ഭിന്നമായി പരിത്യാഗമാണ്​ നോമ്പിന്റെ കാതൽ. സവിശേഷമായി എന്തെങ്കിലും കർമം നിർവഹിക്കുന്നതിലൂടെയല്ല, പലതും ചെയ്യാതിരിക്കുന്നതിലൂടെയാണ്​ നോമ്പ്​ സാക്ഷാൽകരിക്കപ്പെടുന്നത്​.

നോമ്പിനുവേണ്ടി ത്യജിക്കാൻ ആവശ്യപ്പെട്ട രുചികളിൽ പ്രധാനം ഭക്ഷണത്തിന്റേതു തന്നെ. രുചിയുടെ നേരനുഭവം​ സാധ്യമാവുന്നത്​ ആഹാരത്തിലൂടെയാണ്​. രുചിയുടെ ഗണിതശാ​സ്​ത്ര കൃത്യത​ ഭക്ഷണത്തിലാണ്​ അനുഭവവേദ്യമാവുക. മധുരത്തി​ന്റെ രസവും കയ്പിന്റെ തീവ്രതയും ചവർപ്പിന്റെ അരുചിയും നാം അറിഞ്ഞത്​ കഴിച്ച ഭക്ഷണത്തിൽനിന്നുതന്നെ. മധുരം, കയ്പ്​, ചവർപ്പ്,​ എരിവ്​, പുളിപ്പ്​ എന്നീ പദങ്ങൾ ഭക്ഷണത്തിലേക്ക്​ ​ചേർത്തുപറയാൻ നാം അനുശീലിച്ചതു​ പോലും ഭക്ഷണവുമായുള്ള നീണ്ട കാലത്തെ ഇടപഴക്കത്തിന്റെ ഫലമായാണ്.  സന്തോഷവും ദുഃഖവും വേദനയും പലപ്പോഴായി ജീവിത സന്ധികളിൽ കടന്നുവരു​മ്പോൾ ഈ വാക്കുകൾ വിശേഷണമായി ചേർക്കാറുണ്ട്​. മധുരമുള്ള ജീവിതം, കൈപ്പുറ്റ ജീവിതാനുഭവം, എരിപിരികൊള്ളുന്ന അവസ്ഥ എന്നിങ്ങനെ ഭാഷയിൽ അന്യത്ര പ്രയോഗങ്ങൾ​. അത്തരം വിശേഷണങ്ങൾകൊണ്ട്​ മൂർത്തമായ ജീവിതസന്ദർഭങ്ങളെ അനുഭവിപ്പിക്കാനാവുന്നു​വെന്നതിന്​ നമ്മൾ കടപ്പെട്ടിരിക്കുന്നതും​ ഭക്ഷണത്തോടുതന്നെ.


രുചിയും വാക്കും

രുചിയും വാക്കും തമ്മിലുള്ള സവിശേഷ ബന്ധം, അത്​ നിർവഹിക്കുന്നത്​ ഒ​രേ അവയവമാണെന്നതാണ്​. രുചിമുകുളങ്ങളുടെ ഭൗതിക സാന്നിധ്യവും വാക്കുകളുടെ അഭൗതിക സാന്നിധ്യവും നാക്കിലുണ്ട്. സംസാരിക്കാനുള്ള സാധ്യത തുറക്കുന്നതോടൊപ്പം രുചിയെ ബഹുതലത്തിൽ അനുഭവിപ്പിക്കുന്നതും നാവും അതിനോടനുബന്ധിച്ച വായയുടെ ഭാഗങ്ങളുമാണ്. നാവ്, അണ്ണാക്ക്, കവിൾ, ചുണ്ട്​ എന്നിവയ്ക്ക് ചുറ്റുമാണ് രുചി റിസപ്റ്ററുകൾ കാണപ്പെടുന്നത്​. ഇവയൊക്കെയും അക്ഷരോച്ചാരണത്തിനും അനിവാര്യമായ ഭാഗങ്ങളാണ്​. രണ്ടിന്റെയും കേന്ദ്ര സ്ഥാനത്ത്​ നാവ്​ തന്നെ​. പരസ്​പര ബന്ധമില്ലാത്ത രണ്ടു പ്രക്രിയകൾ.

നാവ്​ സ്വയം രുചി സൃഷ്​ടിക്കുന്നില്ല. അതിലേക്ക്​ വെക്കുന്ന ഭക്ഷ്യവസ്​തുവി​ന്റെ രുചി അനുഭവിപ്പിക്കുകയാണത്​ ചെയ്യുന്നത്.​

2000 മുതൽ 8000 വ​രെ രുചിമുകുളങ്ങളാണ്​ ഒരു മനുഷ്യന്റെ നാവിലുണ്ടാവുക. അവയിലേറെയും മൂന്നു ദിവസം വരെ ആയുസ്സുള്ളവയാണ്​. ​അൽപായുസ്സുള്ളവ, ദീർഘായുസ്സുള്ളവ എന്നതാണ്​ രുചിമുകുളങ്ങളുടെ പ്രധാന വേർതിരിവ്​. ദിനംപ്രതി 3000-ത്തോളം വാക്കുകൾ ഒരു ശരാശരി മനുഷ്യൻ പുറത്തുവിടുന്നുണ്ടെന്നാണ്​ പറയപ്പെടുന്നത്​. ഈ വാക്കുക​ളെ നിർമാണപരം, നശീകരണപരം എന്നിങ്ങനെ വിഭജിച്ചാൽ അതിലേറെയും രണ്ടാം തരത്തിലുള്ളവയാവാനാണ്​ സാധ്യത. നിരർഥകവും ഫലശൂന്യവുമായ എത്ര വാക്കുകളാണ്​ നമ്മൾ ദിനേന ഉൽപാദിപ്പിക്കുന്നത്​. പലപ്പോഴും അവ സാമൂഹികദ്രോഹപരമായിരിക്കുകയും ചെയ്യും.

ഭക്ഷണത്തിന്റെ രുചി, 
വാക്കിന്റെ രുചി

രുചിയുള്ള ഭക്ഷണത്തിന്റെ തെരഞ്ഞെടുപ്പിൽ അങ്ങേയറ്റം ശ്രദ്ധാലുക്കളാണ്​ സാധാരണ മനുഷ്യർ.
രുചികരമായ ഭക്ഷണം തേടി യാത്രകൾ ചെയ്യുക, രുചികൾക്കുവേണ്ടി പുതിയ പരീക്ഷണങ്ങൾ നടത്തുക എന്നതൊക്കെ പലരുടെയും മുഖ്യ ജീവിതോപാധികളായിത്തീർന്നിട്ടുണ്ട്​. അത്തരം കാര്യങ്ങളുടെ ​പ്രേക്ഷകരാണ്​ സമൂഹത്തിന്റെ നല്ല പങ്കും. യൂടൂബിലും ഇന്‍സ്റ്റഗ്രാമിലും ഫുഡ്​​​ വ്ളോഗർമാർക്കുള്ള ഫോേളാവേഴ്​സ്​ മില്യനുകളാണ്​. അരുചികരമായ ഭക്ഷണം അസഹ്യമാണ്. പട്ടിണിയെ ഭയക്കുന്ന വേളയിൽ മാത്രമാണ്​ രുചി പരിഗണിക്കാതെ കഴിക്കാൻ മനുഷ്യൻ സന്നദ്ധനാവുക. കൈപുണ്യം മലയാളത്തിൽ രുചിയുമായി ബന്ധപ്പെട്ട്​ ഉപയോഗിക്കുന്ന വാക്കാണ്.​ രുചിയേറിയ ഭക്ഷണം പാകം ചെയ്യുന്ന കൈ, പുണ്യം ചെയ്ത കൈയാണെന്നർഥം. രുചി സമം പുണ്യം എന്ന്​ സാരം. രുചിക്ക് മലയാളത്തിൽ ലഭിച്ച ഈ ആദരവ്​ മറ്റു ഭാഷകളിലില്ല.

രുചിയേറിയ ഭക്ഷണം തെരഞ്ഞെടുക്കുന്നതിലെ നിർബന്ധം മധുരമൂറും വാക്കുകൾ തെരഞ്ഞെടുക്കുന്നതിലും വിശ്വാസിക്ക്​ ഉണ്ടാവണം​. അതിഥി സൽക്കാരത്തിന്​ തീൻമേശയിലേക്ക്​ പലഹാരങ്ങൾ ഒരുക്കുന്നതിലെ ശ്രദ്ധയും സൂക്ഷ്മതയുമാണ്​ മറ്റുള്ളവർക്കു  വേണ്ടി നാമൊരുക്കുന്ന വാക്കുകൾക്കും ആവശ്യമായിട്ടുള്ളത്​. അപ്പോഴാണാ വാക്കുകൾ ഏറ്റവും സ്വാദിഷ്​ടമായ സദ്യയായി കേൾവിക്കാരന്​ അനുഭവപ്പെടുക. ഇങ്ങനെ വാക്കുകൾ തെരഞ്ഞെടുത്ത്​ ഉപയോഗിക്കാനുള്ള പരിശീലനമാണ്​ നോമ്പ്​. അതിനാൽ നോമ്പ്​ അന്തർമുഖനായ വ്യക്​തിയെയല്ല, ശാന്തനായും സൗമ്യചിത്തനായും സമൂഹജീവിതത്തിൽ ഇടപെടാൻ കരുത്തുള്ള വ്യക്​തിത്വത്തെയാണ്​ രൂപപ്പെടുത്തുന്നത്​.

വാക്കും ആവിഷ്കാരവും

വാക്കുകൾക്ക്​ തെരഞ്ഞെടുപ്പ്​ അനിവാര്യമാണ്​. വാക്ക്​ ഒരു ഉൽപന്നമാണ്​.​ ​ബോധമണ്ഡലത്തിലാണത്​ ഉരുവം കൊള്ളുന്നത്. നാവിൽ വെച്ചുകൊടുക്കുമ്പോൾ​ ശബ്​ദമായത്​ പുറത്തേക്ക്​ വരുന്നു. ഉച്ചരിക്കപ്പെടുന്ന വാക്കുകൾ ഉടമയുടെ വ്യക്​തിത്വത്തിന്റെ പ്രകാശനമാണെന്ന്​ പറയുന്നത്​ അതുകൊണ്ടാണ്​. അക്ഷരങ്ങൾക്ക്​ രചനയുടെയും ശബ്​ദത്തിന്റെയും രൂപങ്ങളാണല്ലോ ഉള്ളത്​. ആദിയിൽ അക്ഷരങ്ങൾ ശബ്​ദങ്ങളായിരുന്നു. പിൽക്കാലത്താണ്​ ലിപികൾ രൂപപ്പെടുന്നത്.​ അതിനാൽ, വാക്കുകളുടെ ജൈവികത കുടികൊള്ളുന്നത്​ ​ ഉച്ചാരണത്തിൽ​/സംസാരത്തിലാണ്.​ അക്ഷരങ്ങൾ ലിപികളിലേക്ക്​ മാറു​മ്പോൾ അവയ്ക്ക്​ ജൈവികത നഷ്ടപ്പെടുന്നുണ്ട്​. അല്ലെങ്കിൽ അത്​ ആവിഷ്കാരത്തിന്റെ രൂപമാർജിക്കുന്നുവെന്ന്​ പറയാം. എഴുത്തും സാഹിത്യവും പ്രഭാഷണവുമെല്ലാം ആവിഷ്കാരത്തിന്റെ ഭാഗമായി വരുന്നതാണ്​.

വിശ്വാസിയുടെ ജീവിതത്തെ അളക്കുന്നത്​ ആവിഷ്കാരത്തിന്റെ അടിസ്ഥാനത്തിലല്ല. മൂല്യവത്തായ സാഹിത്യവും പണ്ഡിതോചിതമായ പ്രഭാഷണങ്ങളുമല്ല, വാക്കുകളും അതിന്റെ സാക്ഷ്യമായി വരുന്ന പ്രവർത്തനങ്ങളുമാണ്​ വിശ്വാസി സമൂഹത്തിന്റെ മേന്മയുടെ അടയാളമാവുക.

കൊതിയൂറും വാക്ക്​

മധുരമുള്ള വാക്ക്​ കേൾവിക്കാരന്റെ ജീവിതത്തെ അഗാധമായി സ്വാധീനിക്കും. അവ​ന്റെ ജീവിതത്തെ മാറ്റിമറിക്കും. ഒരു വാക്കി​ന്റെ ഊക്കിൽ അയാൾ ജീവിത നിർഝരിയിൽ കാതങ്ങൾ താണ്ടും. നനുത്ത ചില വാക്കുകൾ അപകടങ്ങളുടെ ആഴങ്ങളിൽനിന്ന്​ മനുഷ്യനെ കൈപിടിച്ചു കയറ്റും. ജീവിത നൈരാശ്യത്തി​ന്റെ അഗാധ ഗർത്തങ്ങളിലേക്ക്​ ആപതിച്ചുപോകുമായിരുന്ന എത്രയോ മനുഷ്യരാണ്​ ചില വാക്കുകളുടെ കുഞ്ഞോളങ്ങളിൽ തുഴയെറിഞ്ഞ്​  ലക്ഷ്യം പ്രാപിച്ചിട്ടുള്ളത്​.

ദുരന്തജീവിതത്തിന്റെ അവസാനം അഭയം ചോദിച്ച്​ പഴയ സുഹൃത്തിനെ കണ്ടുമുട്ടിയപ്പോൾ അയാളുടെ ‘വരൂ’ എന്ന മറുപടി ഉറൂബി​െൻറ ‘സുന്ദരികളും സുന്ദരന്മാരി’ലെയും  കുഞ്ചുക്കുട്ടിയമ്മയിലുണ്ടാക്കിയ പുതുസ്വപ്​നങ്ങളെ പറ്റി നോവലുകാരൻ പറയുന്നുണ്ട്: ‘ആ​ ഒരൊറ്റ വാക്കുകേട്ട കുഞ്ചുക്കുട്ടിയമ്മക്ക്​ ജീവൻ വീണു. ജീവിതത്തിൽ ഒരിക്കലും അത്രയും മധുരമായ ഒരു വാക്ക്​ അവർ കേട്ടിട്ടില്ലെന്നു തോന്നുന്നു...’

ഭക്ഷണത്തിലെ രുചിവൈവിധ്യങ്ങൾ  അനുദിനം പുതുക്കപ്പെടുന്ന ഈ കാലത്ത്​ മധുരമൂറും വാക്കുകൾക്ക്​ പഞ്ഞമേറുന്നുവെന്നത്​ സത്യമാണ്.​ ഭക്ഷണ സദസ്സുകൾ സ്വാദിഷ്​ടമായ അനുഭവമാവു​േമ്പാൾ  സംഭാഷണ​/പ്രഭാഷണ വേദികൾ കയ്പും വെറുപ്പും പ്രസരിപ്പിക്കുന്നവയായി മാറുന്നു. ദൈനംദിനം പുറപ്പെട്ടുപോകുന്ന അസംഖ്യം വാക്കുകളു​ടെ സൗന്ദര്യത്തെക്കുറിച്ചോ രുചിയെക്കുറിച്ചോ നാം ആലോ ചിക്കാറു​ണ്ടോ? വാക്കുകൾ എത്ര​ അലക്ഷ്യമായാണ്​ മനുഷ്യൻ എടുത്ത്​ പ്രയോഗിക്കുന്നത്​! അതിനെത്ര മൂർച്ചയു​ണ്ടെന്ന്​, ചവർപ്പുണ്ടെന്ന്​, കയ്​പ്പുണ്ടെന്ന്​ ആലോചിക്കാതെയാണവ തൊടുത്തുവിടുന്നത്. വാക്കിനെ സംബന്ധിച്ച ഈ ആകുലതകൾ അറ്റുപോയി എന്നതാണ്​ സാമൂഹികാരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്​.

വാക്കിന്​ തോക്കിനെക്കാൾ പ്രഹരശേഷിയുണ്ടെന്ന്​ പറയാറില്ലേ? വാക്കുകൾ മുറിവേൽപ്പിക്കുക തൊലിപ്പുറത്തല്ല, ഹൃദയാന്തരാളത്തിലാണ്. അതിനാൽ, തൊടുലേപനങ്ങൾകൊണ്ട്​ ആ മുറിവ്​ ഉണക്കാനാവില്ല. വാക്കുണ്ടാക്കുന്ന വ്രണത്തിനും ഔഷധം​ വാക്കുമാത്രം​.

രുചികളൊന്നും അകത്തേക്കെടുക്കരുതെന്നതോടൊപ്പം അരുചികരമായതൊന്നുമേ പുറന്തള്ളരു​​​തെന്നുകൂടി നോമ്പിന്റെ പൂർണതക്ക്​ അനിവാര്യമാണെന്നതാണ്​ പ്രാരംഭത്തിലുദ്ധരിച്ച പ്രവാചക വചനം നൽകുന്ന സന്ദേശം. ഭക്ഷണത്തിന്റെ രുചി വ്യക്​തിയെ മാത്രം ബാധിക്കുന്ന കാര്യമാണെങ്കിൽ അരുചികരമായ വാക്കുകൾ സമൂഹജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന വിപത്താണ്​. ഭക്ഷണ നി​യന്ത്രണത്തോടൊപ്പം, വാക്കുകളുടെ നിയന്ത്രണവും സാധ്യമാവുമ്പോഴാണ്​ നോമ്പ്​ പൂർണമാവുന്നത്​. l

Comments