വരികൾക്കിടയിലെ ഖുർആനിക സൗന്ദര്യം
വരികളിലൂടെ പറഞ്ഞതിനെ മാത്രമല്ല, വരികൾക്കിടയിൽ പറയാത്തതിനെയും വിശുദ്ധ ഖുർആൻ ആസ്വാദ്യകരമാക്കുന്നു. എഴുതിയതിനെക്കാൾ സൗന്ദര്യം എഴുത്തുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്നതിനുണ്ടാവും. കണ്ണിൽ കാണുന്നതിനെക്കാൾ ഭംഗി മനസ്സിൽ കാണുന്നതിനുണ്ടാവും. സംസാരത്തെക്കാൾ വാചാലമായ മൗനങ്ങളുണ്ട്. ഖുർആൻ വരികൾക്കിടയിലൂടെ വായിക്കാനായി ധാരാളം പദങ്ങളും വാചകങ്ങളും വിട്ടുകളഞ്ഞിട്ടുണ്ട്. 'അൽ ഹദ്ഫ്' എന്നാണ് ഈ സാഹിത്യ കലയുടെ പേര്. ഒഴിവാക്കുക എന്നാണർഥം.
അറബി ഭാഷയിൽ നേരത്തെ നിലവിലുണ്ടായിരുന്ന ഈ ശൈലി വിശുദ്ധ ഖുർആൻ പ്രയോജനപ്പെടുത്തുകയായിരുന്നു. പറയപ്പെട്ട വചനത്തിൽനിന്ന് പൂർണ ആശയം ലഭിക്കാതിരിക്കുമ്പോൾ, വചനത്തിനിടയിൽനിന്ന് ചില പദങ്ങൾ ഒഴിവാക്കിയിട്ടുണ്ടെന്ന് അനുമാനിക്കുന്നതാണ് അൽ ഹദ്ഫ്.
അക്ഷരങ്ങളെ പരിമിതപ്പെടുത്തി അർഥ വൈപുല്യമുണ്ടാക്കുക, ഭാഷാ സാഹിത്യ ഭംഗി തേച്ചുമിനുക്കുക, ആശയങ്ങൾക്ക് ഗാംഭീര്യവും മഹത്വവും ധ്വനിപ്പിക്കുക തുടങ്ങിയവയാണ് ഇതിനുള്ള പ്രധാന പ്രചോദനങ്ങൾ. പറയാത്ത പദങ്ങളെ തേടിപ്പിടിക്കാനുള്ള ത്വര വായനക്കാരിലുണ്ടാകുമല്ലോ. അക്ഷരങ്ങൾക്ക് ഉൾക്കൊള്ളാനാവാത്ത പൊരുളുകൾ അവതരിപ്പിക്കുമ്പോഴും വിശുദ്ധ ഖുർആൻ ഈ ശൈലി പ്രയോഗിച്ചിട്ടുണ്ട്. എഴുത്തിലൂടെ ആശയത്തിന്റെ ഗാംഭീര്യവും ചൈതന്യവും ചോർന്നു പോവാതിരിക്കാനാണിത്.
ഇപ്രകാരം, ആശയം പൂർണമാവാൻ മറ്റു പദങ്ങൾ വാക്യങ്ങൾക്കിടയിൽ ചേർക്കേണ്ടതിന് ബുദ്ധിയുടെയോ ശർഇന്റെയോ ഭാഷാ നിയമങ്ങളുടെയോ പിന്തുണ അനിവാര്യമാണെന്ന് ഖുർആൻ വ്യാഖ്യാതാക്കൾ ഊന്നിപ്പറയുന്നുണ്ട്. ഖുർആൻ പഠിതാക്കൾ ഈ കലയെക്കുറിച്ച് ബോധവാൻമാരല്ലെങ്കിൽ ഇത്തരം വാക്യങ്ങളുടെ അർഥവും ഉള്ളടക്കവും ഗ്രഹിക്കാനാവില്ല. ഇതറിയുന്നവർക്ക് ഖുർആനികാധ്യാപനങ്ങൾ ആസ്വദിച്ച് അഭ്യസിക്കാനാവും.
വിശുദ്ധ ഖുർആൻ വരികൾക്കിടയിൽ ഏതെല്ലാം തരത്തിലുള്ള വാചകങ്ങളെയും പദങ്ങളെയുമാണ് ഒഴിവാക്കിയിട്ടുള്ളത്? ഉദാഹരണങ്ങളിലൂടെ ചുരുക്കി പ്രതിപാദിക്കാം.
ക്രിയ (فعل)
ചില വാക്യങ്ങൾക്കിടയിൽനിന്ന് ക്രിയകളുടെ വിവിധ രൂപങ്ങൾ ഒഴിവാക്കിയതായി കാണാം.
സ്വാലിഹ് നബി(അ)യെ കുറിച്ച് അല്ലാഹു പറഞ്ഞു:
فَقَالَ لَهُمْ رَسُولُ ٱللَّهِ نَاقَةَ ٱللَّهِ وَسُقْيَـٰهَا
"ദൈവദൂതന്‍ അവരോട് പറഞ്ഞു: ഇത് അല്ലാഹുവിന്റെ ഒട്ടകവും അതിന്റെ ജലപാനവുമാണ് " (91:13).
ഇവിടെ ആശയം പൂർണമാവണമെങ്കിൽ رَسُولُ ٱللَّهِ എന്നതിന് ശേഷം ഒരു ക്രിയ ചേർക്കേണ്ടതുണ്ട്. 'നിങ്ങൾ സൂക്ഷിക്കുക' (إِحْذَرُوا) എന്നതാണത്. പൂർണ രൂപം ഇപ്രകാരമാണ്: فَقَالَ لَهُمْ رَسُولُ ٱللَّهِ (إِحْذَرُوا ) نَاقَةَ ٱللَّهِ وَسُقْيَـٰهَا
"അല്ലാഹുവിന്റെ ദൂതന്‍ അവരോട് പറഞ്ഞു: അല്ലാഹുവിന്റെ ഒട്ടകത്തെയും ജലപാനത്തെയും (സൂക്ഷിക്കുക)."
തന്നോടൊപ്പം മറ്റുള്ളവരെ പങ്കാളികളാക്കിയവരോട്
അവൻ പരലോകത്ത് വിളിച്ചു പറയും: فَأَجْمِعُوٓا۟ أَمْرَكُمْ وَشُرَكَآءَكُمْ
"നിങ്ങളുടെ കാര്യം നിങ്ങള്‍ തീരുമാനിച്ചുകൊള്ളുക. നിങ്ങൾ സങ്കല്‍പിച്ചുണ്ടാക്കിയ പങ്കാളികളെയും (വിളിക്കുക)" (10:71).
ഈ ആയത്തിൽ شُرَكَآءَكُمْ എന്നതിന് മുമ്പ് ادْعُوا (നിങ്ങൾ വിളിക്കുക) എന്ന ക്രിയ കൂടി പറയുമ്പോഴാണ് വാക്യം വ്യക്തമാവുക.
പൂർണ രൂപം ഇപ്രകാരമാണ്: "നിങ്ങളുടെ കാര്യം നിങ്ങള്‍ തീരുമാനിച്ചുകൊള്ളുക. നിങ്ങൾ സങ്കല്‍പിച്ചുണ്ടാക്കിയ പങ്കാളികളെയും (വിളിക്കുക)."
അധ്യായം അൽ അഹ്ഖാഫിൽ അല്ലാഹു പറഞ്ഞു:
وَ يَوْمَ يُعْرَضُ ٱلَّذِينَ كَفَرُوا۟ عَلَى ٱلنَّارِ أَذْهَبْتُمْ طَيِّبَـٰتِكُمْ فِى حَيَاتِكُمُ ٱلدُّنْيَا
''സത്യനിഷേധികളെ നരകത്തിനു മുന്നില്‍ കൊണ്ടുവരുന്ന ദിവസം (അവരോട് പറയും): ഐഹിക ജീവിതത്തില്‍ തന്നെ നിങ്ങളുടെ വിശിഷ്ട വിഭവങ്ങളൊക്കെയും നിങ്ങള്‍ തുലച്ചുകളഞ്ഞിരിക്കുന്നു'' ( 46: 20).
ഇവിടെ أَذْهَبْتُمْ എന്നതിന് മുമ്പ് 'അവരോട് പറയപ്പെട്ടു' ( ْقِيلَ لَهُم) എന്ന ക്രിയയുള്ളതായി അനുമാനിക്കുമ്പോഴാണ് അർഥം പൂർണമാവുക.
കർത്താവ് (فاعل)
ക്രിയകളെപ്പോലെത്തന്നെ പല വാക്യങ്ങളിൽനിന്നും കർത്താവിനെയും കളഞ്ഞതായി കാണാം. മരണം ആസന്നമാവുമ്പോഴുള്ള ഒരാളുടെ അവസ്ഥയെക്കുറിച്ച് അല്ലാഹു പറഞ്ഞു: كَلَّآ إِذَا بَلَغَتِ ٱلتَّرَاقِىَ
"ഒരിക്കലുമല്ല; (ജീവൻ) തൊണ്ടക്കുഴിയിലെത്തിയാൽ" (75: 26).
വാക്യത്തിൽ بَلَغَتِ എന്നതിന് ശേഷം അതിന്റെ കർത്താവിനെ പറയുന്നില്ല.
അതായത്, എന്താണ് തൊണ്ടക്കുഴിയിലെത്തുന്നതെന്ന് വ്യക്തമാക്കുന്നില്ല. ജീവൻ (نفس) എന്നതാണ് വിട്ടുകളഞ്ഞ നാമം.
അധ്യായം സ്വാദിലെ മുപ്പത്തിരണ്ടാം വാക്യത്തിൽ സുലൈമാൻ നബി(അ)യെ ഉദ്ധരിച്ചുകൊണ്ട് അല്ലാഹു പറഞ്ഞു:
فَقَالَ إِنِّىٓ أَحْبَبْتُ حُبَّ ٱلْخَيْرِ عَن ذِكْرِ رَبِّى حَتَّىٰ تَوَارَتْ بِٱلْحِجَابِ
''അപ്പോൾ അദ്ദേഹം പറഞ്ഞു: ഞാന്‍ ഈ സമ്പത്തിനെ സ്‌നേഹിക്കുന്നത് എന്റെ നാഥനെ സ്മരിക്കുന്നതുകൊണ്ടാണ്. അങ്ങനെയത് മുന്നില്‍നിന്ന് പോയ് മറഞ്ഞു."
ഇവിടെ تَوَارَتْ (പോയ് മറഞ്ഞു) എന്ന ക്രിയക്ക് ശേഷം എന്താണ് മറഞ്ഞതെന്ന് വിശദമാക്കുന്നില്ല. ഫാഇലിനെ ഒഴിവാക്കിയിരിക്കുന്നു. സൂര്യൻ (الشمس) അല്ലെങ്കിൽ കുതിര (الخيل) - ഇതിൽ ഏതെങ്കിലുമൊന്നാണ് ഇവിടെ ചേർക്കേണ്ടതെന്ന് മുഫസ്സിറുകൾ എഴുതുന്നു.
അസ്സ്വാഫാത്ത് 177-ാം വാക്യത്തിൽ നിഷേധികൾക്കുള്ള ഭൗതിക ശിക്ഷയെ കുറിച്ച് ഇപ്രകാരം പറയുന്നു:
فَإِذَا نَزَلَ بِسَاحَتِهِمْ فَسَآءَ صَبَاحُ ٱلْمُنذَرِينَ
''എന്നാല്‍ അവരുടെ മുറ്റത്ത് വന്നിറങ്ങിയാല്‍ ആ താക്കീതു നല്‍കപ്പെട്ടവരുടെ പ്രഭാതം എത്ര ചീത്തയായിരിക്കും'' (37:177).
'ഇറങ്ങി' (نَزَلَ) എന്നതിന് ശേഷം എന്താണ് ഇറങ്ങിയതെന്ന് വിശദമാക്കുന്നില്ല. ശിക്ഷ ( ُالْعَذَاب) എന്ന ഫാഇലിനെയാണ് കളഞ്ഞത്.
കർമം (മഫ്ഊൽ)
ചില വാക്യങ്ങളിൽനിന്ന് കർമത്തെ ഒഴിവാക്കിയതായി കാണാം.
നബി(സ)യോട് അല്ലാഹു നിർദേശിക്കുന്നു:
وَقُلِ ٱعْمَلُوا۟ فَسَيَرَى ٱللَّهُ عَمَلَكُمْ وَرَسُولُهُۥ وَٱلْمُؤْمِنُونَۖ
''പറയുക: നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുക. അല്ലാഹുവും അവന്റെ ദൂതനും സത്യവിശ്വാസികളുമൊക്കെ നിങ്ങളുടെ കര്‍മങ്ങള്‍ കാണും'' (9:105).
ഇവിടെ ٱعْمَلُوا۟ ( പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുക) എന്നതിന് ശേഷം എന്തെല്ലാമാണ് പ്രവർത്തിക്കേണ്ടതെന്ന് വ്യക്തമാക്കുന്നില്ല.
മഫ്ഊലിനെ മറച്ചുവെച്ചിരിക്കുന്നു.
ഇരു ലോകത്തും നേട്ടമുണ്ടാക്കുന്ന എല്ലാ നല്ല പ്രവർത്തനങ്ങളും എന്നാണിവിടെ ചേർക്കേണ്ടത്.
പരലോകത്ത് വെച്ച് നിഷേധികളോട് അല്ലാഹു ഇപ്രകാരം പറയും: فَذُوقُوا۟ بِمَا نَسِيتُمْ لِقَآءَ يَوْمِكُمْ هَـٰذَآ
''നിങ്ങളുടെ ഈ നാളുമായുള്ള കണ്ടുമുട്ടല്‍ നിങ്ങള്‍ മറന്നുകളഞ്ഞതിനാല്‍ ആസ്വദിച്ചുകൊള്ളുക'' (32:14).
ഇവിടെ എന്താണ് ആസ്വദിക്കേണ്ടത് എന്ന് പറയുന്നില്ല. فَذُوقُوا۟ എന്നതിന്റെ مَفْعُول بِهِ യായ ശിക്ഷ (الْعَذَاب) യെ കളഞ്ഞിരിക്കുന്നു.
പലതരം ശിക്ഷകൾ എന്ന ധ്വനി വരുത്താനാണിത്.
അല്ലാഹു തന്റെ മാറ്റമില്ലാത്ത ഒരു തീരുമാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: كَتَبَ ٱللَّهُ لَأَغْلِبَنَّ أَنَا۠ وَرُسُلِىٓ
''ഉറപ്പായും ഞാനും എന്റെ ദൂതന്മാരും അതിജയിക്കുമെന്ന് അല്ലാഹു വിധി എഴുതിക്കഴിഞ്ഞിരിക്കുന്നു'' (58 :21).
ഈ വാക്യത്തിലും എന്തിനെയാണ് അതിജയിക്കുക എന്ന് പറയുന്നില്ല. പിശാച്, അസത്യം, തിന്മ തുടങ്ങിയ പദങ്ങൾ ഇവിടെ അനുമാനിക്കാവുന്നതാണ്.
സ്വിഫത് (വിശേഷണം)
അധ്യായം അൽ കഹ്ഫിൽ മൂസാ- ഖദിർ സംഭവം വിവരിക്കുന്നതിനിടയിൽ അല്ലാഹു പറഞ്ഞു:
وَكَانَ وَرَآءَهُم مَّلِكٌۭ يَأْخُذُ كُلَّ سَفِينَةٍ غَصْبًۭا
''അവര്‍ക്ക് പിന്നില്‍ എല്ലാ കപ്പലും ബലാല്‍ക്കാരം പിടിച്ചെടുക്കുന്ന ഒരു രാജാവുണ്ടായിരുന്നു'' (18:79).
ഇവിടെ سَفِينَةٍ എന്നതിന് ശേഷം ٍصَحِيحَة എന്ന വിശേഷണത്തെയാണ് ഒഴിവാക്കിയത്. ٍسَفِينَةٍ صَحِيحَة
(കേടില്ലാത്ത നല്ല കപ്പൽ) എന്നതാണ് പൂർണ രൂപം.
പിന്നീട് പറഞ്ഞ فَأَرَدْتُ أَنْ أَعِيبَهَا "അതിന് കേട് വരുത്തണമെന്ന് ഞാൻ കരുതി" എന്ന വാചകത്തിൽ നിന്ന് ഇക്കാര്യം മനസ്സിലാവും.
ശർത്വ് (നിബന്ധനാ വാക്യം)
വിശ്വാസികളെ വിളിച്ച് അല്ലാഹു അരുളി:
يَـٰعِبَادِىَ ٱلَّذِينَ ءَامَنُوٓا۟ إِنَّ أَرْضِى وَٰسِعَةٌۭ فَإِيَّـٰىَ فَٱعْبُدُونِ
''സത്യവിശ്വാസം സ്വീകരിച്ച എന്റെ ദാസന്മാരേ, എന്റെ ഭൂമി വിശാലമാണ്. അതിനാല്‍ നിങ്ങള്‍ എനിക്കുമാത്രം വഴിപ്പെടുക'' (29: 56).
ഈ വാക്യത്തിന്റെ പൂർണ രൂപം ഇപ്രകാരമാണ്:
إِنَّ أَرْضِى وَٰسِعَةٌۭ (فَإنْ لَمْ تَخْلِصُوا لِي الْعِبَادَةَ فِي أرْضٍ فَأََخْلِصُوهَا فِي غَيْرِهَا) فَإِيَّـٰىَ فَٱعْبُدُونِ
"എന്റെ ഭൂമി വിശാലമാണ് (ഒരിടത്ത് എനിക്ക് മാത്രം ഇബാദത്തെടുക്കാൻ നിങ്ങൾക്ക് സാധ്യമായില്ലെങ്കിൽ മറ്റൊരിടത്തേക്ക് മാറുക). അങ്ങനെ എനിക്ക് മാത്രം ഇബാദത്തെടുക്കുക."
മധ്യത്തിൽ ഇപ്രകാരം നീണ്ട വാചകം ചേർക്കുമ്പോഴാണ് വാക്യത്തിന്റെ ആശയം പൂർണമാവുക.
മറ്റൊരു വാക്യം:
فَمَن كَانَ مِنكُم مَّرِيضًا أَوْ بِهِۦٓ أَذًۭى مِّن رَّأْسِهِۦ فَفِدْيَةٌۭ مِّن صِيَامٍ أَوْ صَدَقَةٍ أَوْ نُسُكٍۢ ۚ
''നിങ്ങളിലാരെങ്കിലും രോഗം കാരണമോ തലയിലെ മറ്റെന്തെങ്കിലും പ്രയാസം മൂലമോ (മുടി എടുത്താല്‍) പ്രായശ്ചിത്തമായി നോമ്പെടുക്കുകയോ ദാനം നല്‍കുകയോ ബലിനടത്തുകയോ വേണം'' (2:196).
ഇവിടെ أَذًۭى مِّنْ رَّأْسِهِ എന്നതിന് ശേഷം فَحَلَق (അങ്ങനെ മുടി എടുത്താല്‍ ) എന്നു കൂടി ചേർത്ത് പറയുമ്പോഴാണ് ആശയം വ്യക്തമാവുക.
മറ്റൊരുദാഹരണം:
റമദാനിലെ നോമ്പിനെ കുറിച്ച് വിവരിക്കുന്നതിനിടയിൽ അല്ലാഹു പറഞ്ഞു:
أَيَّامًۭا مَّعْدُودَٰتٍۢ ۚ فَمَن كَانَ مِنكُم مَّرِيضًا أَوْ عَلَىٰ سَفَرٍۢ فَعِدَّةٌۭ مِّنْ أَيَّامٍ أُخَرَ ۚ
''നിര്‍ണിതമായ ഏതാനും ദിനങ്ങളില്‍. നിങ്ങളാരെങ്കിലും രോഗിയോ യാത്രയിലോ ആണെങ്കില്‍ മറ്റു ദിവസങ്ങളില്‍ അത്രയും എണ്ണം തികയ്ക്കണം'' (2: 184).
ഇവിടെയും أَوْ عَلَىٰ سَفَرٍۢ എന്നതിന് ശേഷം َفَأَفْطَر (അങ്ങനെ വ്രതം ഒഴിവാക്കിയാൽ) എന്ന വാക്യത്തെ സങ്കൽപ്പിക്കുമ്പോഴാണ് അർഥം വ്യക്തമാവുക.
ശർത്വിന്റെ പൂരകം
വിശുദ്ധ ഖുർആനെ തള്ളിക്കളയുന്നതിന്റെ പരിണതിയെ കുറിച്ച് അല്ലാഹു ഇപ്രകാരം വിവരിക്കുന്നു:
قُلْ أَرَءَيْتُمْ إِن كَانَ مِنْ عِندِ ٱللَّهِ وَكَفَرْتُم بِهِۦ
''ചോദിക്കുക: നിങ്ങള്‍ ചിന്തിച്ചോ? ഇതു അല്ലാഹുവില്‍നിന്നുള്ളതു തന്നെ ആവുകയും എന്നിട്ട് നിങ്ങളതിനെ നിഷേധിക്കുകയുമാണെങ്കിലോ?'' (46:10).
ഇവിടെ നിബന്ധനാ വാക്യത്തിന്റെ ജവാബ് അഥവാ പൂരക വാക്യത്തെ പറയുന്നില്ല. وَكَفَرْتُم بِهِ എന്നതിന്റെ ശേഷം ْأَلَسُتُم ظَالِمِين (നിങ്ങൾ അക്രമികൾ ആവുകയില്ലേ..?) എന്നാണ് അനുമാനിക്കേണ്ടത്.
അധ്യായം അന്നൂർ, വാക്യം 21-ൽ അല്ലാഹു പറഞ്ഞു:
وَمَن يَتَّبِعْ خُطُوَٰتِ ٱلشَّيْطَـٰنِ فَإِنَّهُۥ يَأْمُرُ بِٱلْفَحْشَآءِ وَٱلْمُنكَرِ
''ആരെങ്കിലും പിശാചിന്റെ കാല്‍പ്പാടുകള്‍ പിന്‍പറ്റുകയാണെങ്കില്‍ അറിയുക: നീചവും നിഷിദ്ധവും ചെയ്യാനായിരിക്കും പിശാച് കല്‍പിക്കുക."
ഇതിൽ പിശാചിന്റെ കാല്‍പ്പാടുകള്‍ പിന്‍പറ്റിയാലുള്ള അപകടം പറയുന്നില്ല. يَفعَلُ الفَحشاءَ والمنكَرَ 'അവൻ മ്ലേഛങ്ങളും തിന്മകളും പ്രവർത്തിക്കും' എന്ന മറുപടിവാക്യത്തെ ഒഴിവാക്കി.
ശപഥത്തിന്റെ പൂരകം
وَٱلْفَجْرِ وَلَيَالٍ عَشْرٍۢ ....
''പ്രഭാതം സാക്ഷി. പത്തു രാവുകള്‍ സാക്ഷി'' (89: 1,2).
ഇവിടെ ശപഥം ചെയ്തു പറയുന്നത് എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. َّلَيُعَذِّبَن (അവൻ ശിക്ഷിക്കുക തന്നെ ചെയ്യും) എന്ന് സങ്കൽപ്പിക്കാം.
അധ്യായം ഖാഫിന്റെ തുടക്കത്തിൽ അല്ലാഹു പറഞ്ഞു:
قٓ ۚ وَٱلْقُرْءَانِ ٱلْمَجِيدِ
"ഖാഫ്. ഉല്‍കൃഷ്ടമായ ഖുര്‍ആന്‍ സാക്ഷി."
ഇവിടെയും മറുപടിവചനത്തെ പറയുന്നില്ല. ََّلَتُبْعَثَن (നിങ്ങൾ പുനർജീവിപ്പിക്കപ്പെടുകതന്നെ ചെയ്യും) എന്നതാണത്.
ലൗലാ (لَوْلَا) യുടെ പൂരക വാക്യം
വിശുദ്ധ ഖുർആൻ പറഞ്ഞു:
وَلَوْلَا فَضْلُ ٱللَّهِ عَلَيْكُمْ وَرَحْمَتُهُۥ وَأَنَّ ٱللَّهَ تَوَّابٌ حَكِيمٌ
''അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും നിങ്ങള്‍ക്കില്ലാതിരിക്കുകയും അല്ലാഹു ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും യുക്തിമാനും അല്ലാതിരിക്കുകയുമാണെങ്കില്‍..'' ( 24:10).
ഇവിടെയും لَوْلَا എന്നതിന്റെ അനുബന്ധ വാക്യത്തെ പറയുന്നില്ല. ُلَمَا أَنْزَلَ عَلَيْكُمْ هٰذَا الْحُكْم َبِطَرِيقِ التَّلَاعُنِ وَسَتَرَ عَلَيْكُمْ هَذِهِ الْفَاحِشَة بِسَبَبِهِ (ഈ വിധി ഇറങ്ങുമായിരുന്നില്ല. നിങ്ങളുടെ വൃത്തികേടുകളെ മറച്ചുവെക്കുന്ന, പരസ്പരം സത്യം ചെയ്യുന്ന നിയമം നിലവിൽ വരുമായിരുന്നില്ല) എന്നെല്ലാം സങ്കൽപ്പിക്കാവുന്നതാണ്.
മറ്റൊരു വാക്യം:
وَلَوْلَا فَضْلُ ٱللَّهِ عَلَيْكُمْ وَرَحْمَتُهُۥ وَأَنَّ ٱللَّهَ رَءُوفٌۭ رَّحِيمٌۭ
''നിങ്ങള്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവുമില്ലാതിരിക്കുകയും അല്ലാഹു കൃപയും കാരുണ്യവുമില്ലാത്തവനാവുകയുമാണെങ്കില്‍...'' ( 24:20).
ഇവിടെ لَعَجَّلَ لَكُمْ الْعَذَابَ أَوْ فَعَلَ بِكُمْ كَذَا وَكَذَا (നിങ്ങൾക്ക് ശിക്ഷ വേഗത്തിലെത്തുമായിരുന്നു. അല്ലെങ്കിൽ നിങ്ങളെ ഇന്നയിന്നതെല്ലാം ചെയ്യുമായിരുന്നു ) എന്ന വാചകത്തെയാണ് ഒഴിവാക്കിയത്.
ലമ്മാ (لَمَّا) യുടെ പൂരകം
ഇബ്റാഹീം നബി (അ), ഇസ്മാഈൽ നബി(അ)യെ ബലി നൽകാനായി തുനിഞ്ഞ സന്ദർഭം വിവരിക്കുന്നതിനിടയിൽ അല്ലാഹു പറഞ്ഞു: فَلَمَّآ أَسْلَمَا وَتَلَّهُۥ لِلْجَبِينِ...
''അങ്ങനെ അവരിരുവരും കല്‍പനക്കു വഴങ്ങുകയും അദ്ദേഹമവനെ ചരിച്ചു കിടത്തുകയും ചെയ്തപ്പോൾ...'' (37:103).
ഇവിടെയും പൂരകവാക്യത്തെ ഭാവനക്ക് വിട്ടിരിക്കുന്നു.
തഫ്ഹീമുൽ ഖുർആനിൽ മൗലാനാ മൗദൂദി എഴുതി:
"വാക്കുകളില്‍ വിവരിക്കുന്നതിനു പകരം ഭാവനക്ക് വിട്ടുകൊടുക്കുന്നത് കൂടുതല്‍ ഉചിതമാകുമാറ് അത്ര ഗുരുതരമാണിവിടെ സംഗതി. വൃദ്ധനായ ഒരു പിതാവ് ചിരകാല പ്രാര്‍ഥനയുടെ ഫലമായി നേടിയ പുത്രനെ തന്റെ പ്രീതിക്കു വേണ്ടി ബലിയര്‍പ്പിക്കാന്‍ സന്നദ്ധനായതായി അല്ലാഹു കാണുന്നു. കഴുത്തില്‍ കത്തി താഴുന്നതില്‍ ആ പുത്രനും സംതൃപ്തനാണ്.
അത്തരമൊരു സന്ദര്‍ഭത്തില്‍ കരുണാവാരിധിയില്‍ എന്തുമാത്രം അലകളുയര്‍ന്നിരിക്കും, ആ പിതാവിനോടും പുത്രനോടും അവരുടെ നാഥന് എന്തുമാത്രം പ്രിയം വന്നിരിക്കും എന്നത് വിഭാവനം ചെയ്യാനേ കഴിയൂ. അത് വാക്കുകളില്‍ വര്‍ണിക്കാനാവില്ല. വാക്കുകളില്‍ വര്‍ണിച്ചാല്‍ അതിന്റെ ഗാംഭീര്യവും മഹത്വവും വികലമായേ പ്രകടിപ്പിക്കാനാകൂ."
ഇപ്രകാരം പല സന്ദർഭങ്ങളിലായി അക്ഷരങ്ങളെയും നാമങ്ങളെയും ക്രിയകളെയും ഒഴിവാക്കുന്നുണ്ട്. വിശുദ്ധ ഖുർആനിലെ ഇത്തരം പ്രയോഗങ്ങളെ സംബന്ധിച്ച് ധാരാളം പ്രബന്ധങ്ങളും ഗ്രന്ഥങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്. ഫാദിൽ സ്വാലിഹ് സാമർറാഇയുടെ 'അസ്റാറുൽ ബയാനി ഫിത്തഅ്ബീരിൽ ഖുർആൻ', അദ്നാൻ അബ്ദുസ്സലാം അൽ അസ്അദിന്റെ ബലാഗതുൽ ഹദ്ഫി അത്തർകീബി ഫിൽ ഖുർആനിൽ കരീം, മുഹമ്മദുൽ അമീൻ അൽ ഖുവൈലിദിന്റെ 'അൽ ഖറാഇനുൽ മഅ്നവിയ്യ വ ളാഹിറതുൽ ഹദ്ഫി ഫി ത്തറാകീബിൽ ഖുർആനിയ്യ' എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്. l
തിരുത്ത്
ലക്കം 3343-ൽ (2024 മാർച്ച് 08) പ്രസിദ്ധീകരിച്ച, പിണങ്ങോട് സി.കെ കുഞ്ഞബ്ദുല്ല സാഹിബിനെ കുറിച്ച അനുസ്മരണം എഴുതിയത് കെ. മുസ്തഫ പിണങ്ങോട് അല്ല, സുബൈർ കുന്ദമംഗലമാണ്. തെറ്റുപറ്റിയതിൽ ഖേദിക്കുന്നു.
എഡിറ്റർ
പ്രബോധനം വാരിക
Comments