Prabodhanm Weekly

Pages

Search

2024 ഫെബ്രുവരി 02

3338

1445 റജബ് 21

ജനം ആഘോഷിച്ച പുസ്തക മേള

കെ.ടി ഹുസൈൻ

ഐ.പി.എച്ചിന്റെ പ്രയാണത്തിലെ ഒരു പ്രധാന ചുവട് വെപ്പായിരുന്നു 2024 ജനുവരി 11,12,13,14 തീയതികളിൽ എറണാകുളത്ത് നടന്ന പുസ്തക മേളയും സാംസ്കാരിക സദസ്സും. കോഴിക്കോടിനെ പ്പോലെ പുസ്തകമേളയുടെ അനുഭവം അധികമില്ലാത്ത എറണാകുളത്ത് പുസ്തക മേള നടത്താൻ തീരുമാനിച്ചപ്പോൾ ആശങ്കയായിരുന്നു കൂടുതൽ. പക്ഷേ, എല്ലാ ആശങ്കകളും അപ്രസക്തമാക്കുന്നതായിരുന്നു എറണാകുളം ടൗൺഹാളിലും പരിസരത്തുമായി നാല് നാൾ നീണ്ടുനിന്ന പുസ്തകോത്സവം. സംഘാടന മികവ്കൊ ണ്ടും ജനപങ്കാളിത്തംകൊണ്ടും മേള ശ്രദ്ധിക്കപ്പെട്ടു. 

ഐ.പി.എച്ച് അതിന്റെ പുസ്തക മേളകളിൽ ഇതു വരെയും ഒരുക്കിയിട്ടില്ലാത്തത്ര വൻ ഗ്രന്ഥശേഖരം ഈ മേളയിൽ ഉണ്ടായിരുന്നു. ആയിരത്തോളം ഐ.പി.എച്ച് പുസ്തകങ്ങൾക്ക് പുറമെ കേരളത്തിലും പുറത്തുമുള്ള എല്ലാ പ്രമുഖ പ്രസാധകരുടെയും മലയാളം, ഇംഗ്ലീഷ്, അറബി പുസ്തകങ്ങൾ മേളയിൽ ഒരുക്കിയിരുന്നു. ആവശ്യക്കാർ തേടുന്ന പുസ്തകം ലഭിക്കാത്ത അനുഭവം മേളയിൽ ഉണ്ടായില്ലെന്ന് സന്ദർശകർ എഴുതിയ കുറിപ്പിൽനിന്ന് മനസ്സിലാകുന്നു. 

മേളയുടെ എല്ലാ ദിവസവും നല്ല തിരക്ക് അനുഭവപ്പെട്ടു. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള കുട്ടികളുടെ പുസ്തകങ്ങൾക്ക് വൻ ഡിമാന്റായിരുന്നു. സ്ത്രീകളും കുടുംബവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും വൻതോതിൽ വിറ്റഴിക്കപ്പെട്ടു. ഇസ് ലാമിക സാഹിത്യങ്ങൾക്കു പുറമെ ജനറൽ പുസ്തകങ്ങളുടെ വൻ ശേഖരവും മേളയിലുണ്ടായിരുന്നു. എല്ലാതരം ബുക്കുകൾക്കും ആവശ്യക്കാർ ധാരാളമുണ്ടായി. സമൂഹത്തിലെ  എല്ലാ തലത്തിലുള്ളവരും സന്ദർശകരുടെ കൂട്ടത്തിലുണ്ടായിരുന്നു. സ്ത്രീകളുടെ പങ്കാളിത്തവും അതിശയിപ്പിക്കുന്നതായിരുന്നു. പുസ്തകം വാങ്ങുന്നവരുടെ കൂട്ടത്തിലും സ്ത്രീകൾ ഒരു ചുവട് മുന്നിലാണെന്ന് പറയാം.

എറണാകുളം എം.എൽ.എ ജി. വിനോദാണ് മേള ഉദ്ഘാടനം ചെയ്തത്. നാടും ലോകവും നേരിടുന്ന വെല്ലുവിളികൾ നേരിടാൻ പുസ്തകങ്ങളുടെ പ്രചാരണം അനിവാര്യമായ ഘട്ടത്തിൽ പുസ്തക മേളകൾ നിർവഹിക്കുന്ന ദൗത്യം മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു.

ഐ.പി.എച്ച് ഡയറക്ടർ ഡോ. കൂട്ടിൽ മുഹമ്മദലി അധ്യക്ഷനായിരുന്നു. അക്ഷരങ്ങളുടെ വ്യാപാരമല്ല, മറിച്ച് അക്ഷരങ്ങളുടെ വ്യവഹാരമാണ് ഐ.പി.എച്ച് നടത്തുന്നതെന്ന് മുഖ്യ പ്രഭാഷണം നിർവഹിച്ച ജമാഅത്തെ ഇസ് ലാമി കേരള അസിസ്റ്റന്റ് അമീർ വി.ടി അബ്ദുല്ലക്കോയ തങ്ങൾ പറഞ്ഞു. ഡോ. ജമാൽ മുഹമ്മദ്, അഡ്വ. ഇബ്റാഹീം ഖാൻ, മമ്മുട്ടി അഞ്ച്കുന്ന്, ജമാൽ അസ് ഹരി, കെ.കെ സലീം പ്രസംഗിച്ചു.
രണ്ടാം ദിവസം നടന്ന 'മധ്യ കേരളത്തിലെ മുസ് ലിം മുന്നേറ്റങ്ങൾ' എന്ന സെമിനാറിലൂടെ പുതിയ ഒരു ചർച്ചക്കും പഠനത്തിനും തുടക്കമിടുകയായിരുന്നു ഐ.പി.എച്ച്. എന്തുകൊണ്ടെന്നാൽ കേരള മുസ് ലിം നവോത്ഥാനത്തെ കുറിച്ചും മുന്നേറ്റത്തെ കുറിച്ചുമുള്ള എഴുത്തുകളും പഠനങ്ങളും പൊതുവേ മലബാർ കേന്ദ്രീകൃതമാണ്. അതിനുള്ള തിരുത്തായിരുന്നു ഈ സെമിനാർ. അലിയാർ ഖാസിമി സെമിനാർ ഉദ്ഘാടനം ചെയ്തു. ഡോ. സൈഫുദ്ദീൻ കുഞ്ഞ് വിഷയം അവതരിപ്പിച്ചു. ജമാൽ പാനായിക്കുളം അധ്യക്ഷനായിരുന്നു. സലാഹുദ്ദീൻ മദനി, അബൂബക്കർ ഫാറൂഖി, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി തൻസീൽ, കെ.എ ഫിറോസ്, എ. അനസ് ചർച്ചയിൽ പങ്കെടുത്തു.

മൂന്നാം ദിവസം 'സ്ത്രീ: ശരീരം, വസ്ത്രം മതം, സംസ്കാരം' ചർച്ച ഡോ. ജി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് വനിതാ വിഭാഗം അധ്യക്ഷ പി.ടി.പി സാജിദ അധ്യക്ഷ ഭാഷണം നടത്തി. വെൽഫെയർ പാർട്ടി വൈസ് പ്രസിഡന്റ് പ്രേമ ജി. പിഷാരടി, ജി.ഐ.ഒ സെക്രട്ടറി ലുലു, ജുമാന, വി.കെ റംല, സൗദ ഫൈസൽ പ്രസംഗിച്ചു.

അവസാന ദിവസം 'പശ്ചിമേഷ്യൻ സംഘർഷവും ഇന്ത്യൻ നിലപാടും' എന്ന തലക്കെട്ടിൽ സംവാദം നടന്നു. ഇസ്രയേൽ-ഫലസ്ത്വീൻ സംഘർഷത്തിൽ ഇന്ത്യ ഔദ്യോഗികമായി ഇസ്രയേലിനോടൊപ്പം നിൽക്കുന്നത് ഇന്ത്യ പരരാഗതമായി പുലർത്തിവന്നിരുന്ന സാമ്രാജ്യത്വ വിരുദ്ധ നിലപാടിനെ തുരങ്കംവെക്കുന്നതാണെന്ന് സംവാദത്തിൽ പങ്കെടുത്തവർ അഭിപ്രായപെട്ടു. ഡോ. അരവിന്ദാക്ഷൻ, പി.കെ നിയാസ്, കെ.ടി ഹുസൈൻ, കെ. ബാബുരാജ്, ഡോ. അശ്്റഫ് കടക്കൽ, ഷിബു  മീരാൻ, യൂസുഫ് ഉമരി, കെ.എ ഫൈസൽ, അബൂബക്കർ കാക്കനാട് പ്രസംഗിച്ചു.

അന്നുച്ചക്ക് നടന്ന, കുടുംബാംഗങ്ങൾ ഒരുമിച്ച് പങ്കെടുത്ത എഴുത്ത് പരീക്ഷ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. വൈകുന്നേരം ശരീഫ് കൊച്ചിൻ നയിച്ച ഗാനമേളയും ഗംഭീരമായി.
ഏഴ് പുതിയ പുസ്തകങ്ങൾ മേളയിൽ പ്രകാശനം ചെയ്തു. വായനയും പുസ്തകങ്ങളും മരിക്കുന്നില്ലെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു മേളക്ക് ലഭിച്ച ജനശ്രദ്ധയും അംഗീകാരവും. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 32-34
ടി.കെ ഉബൈദ്

ഹദീസ്‌

ഒരു ലക്ഷം ദിർഹമിനെ പിന്നിലാക്കിയ ഒരു ദിർഹം
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്