ഉസ്മാൻ പാണ്ടിക്കാട്
ഉജ്ജ്വല വാഗ്മി, കവി, നാടകകൃത്ത്, നാടക നടൻ, മതപണ്ഡിതൻ, സംഘാടകൻ, ജീവ കാരുണ്യ സന്നദ്ധ സേവകൻ തുടങ്ങി കലാ-സാംസ്കാരിക-സാമൂഹിക-സേവന രംഗങ്ങളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വി.എം ഉസ്മാൻ എന്ന ഉസ്്മാൻ പാണ്ടിക്കാട് (65) കഴിഞ്ഞ ജനുവരി 14-ന് അല്ലാഹുവിലേക്ക് യാത്രയായി. മർഹൂം എ.ടി അഹ്്മദ് കുട്ടിയുടെ കൈപിടിച്ച് ഇസ്്ലാമിക പ്രസ്ഥാനത്തിലേക്ക് ചുവടുവെച്ച ഉസ്മാൻ സാഹിബ് ജീവിതാവസാനം വരെ തന്റെ കഴിവുകൾ ഇസ്്ലാമിക പാതയിൽ ചെലവഴിച്ച പ്രതിഭയായിരുന്നു.
പാണ്ടിക്കാട് പ്രദേശത്ത് ഇസ്്ലാമിക പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. എസ്.ഐ.ഒ പ്രവർത്തകനായിരിക്കുമ്പോൾ തന്നെ 'മതവും മനുഷ്യനും', 'ഇസ്്ലാമും കമ്യൂണിസവും' തുടങ്ങിയ വിഷയങ്ങളിൽ അറിയപ്പെട്ട പ്രഭാഷകനായിരുന്നു. 1998-ൽ പ്രവാസിയാകുന്നത് വരെ നാട്ടിലെ കലാ-സാംസ്കാരിക രംഗങ്ങളിലും സജീവമായിരുന്നു.
21- വർഷം പ്രവാസ ലോകത്തും അദ്ദേഹം തന്റേതായ കഴിവുകൾ പൊതു സമൂഹത്തിനും ഇസ്്ലാമിക പ്രസ്ഥാനത്തിനും വേണ്ടി ചെലവഴിച്ചു. തനിമ - ജിദ്ദ നോർത്ത് സോൺ എക്സിക്യൂട്ടീവ് അംഗം, മലർവാടി കോർഡിനേറ്റർ, പഠനവേദി കോർഡിനേറ്റർ, പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രോവിൻസ് പ്രസിഡന്റ് തുടങ്ങിയ പദവികളിൽ സേവനമനുഷ്ഠിച്ചു. ജിദ്ദയിലെ മറ്റു കലാ-സാംസ്കാരിക വേദികളിലും അദ്ദേഹം നിറഞ്ഞുനിന്നു. പ്രവാസികൾക്കിടയിലെ ഹിറ്റ് ഗാനമായിരുന്ന
"ആയിരം കാതമിക്കരെ / ഇങ്ങറേബ്യ നാട്ടിൽ..."
എന്ന ഗാനത്തിന്റെ രചയിതാവാണ്.
ജിദ്ദയിലെ ഒരു സ്വകാര്യ ചാനൽ സപ്രേഷണം ചെയ്ത 'അറേബ്യൻ വർണങ്ങൾ' എന്ന നൂറോളം എപ്പിസോഡുള്ള പ്രോഗ്രാമിന്റെ മുഖ്യ ശില്പിയായിരുന്നു. 2019-ൽ നാട്ടിലെത്തിയ ശേഷവും പൊതു പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്നു. ജമാഅത്തെ ഇസ്‌ലാമി പാണ്ടിക്കാട് ഏരിയാ വൈസ് പ്രസിഡന്റ്, പാണ്ടിക്കാട് ഹൽഖാ നാസിം, ഇസ്‌ലാമിക് കൾച്ചറൽ ട്രസ്റ്റ് മെമ്പർ, സൽവാ കെയർ ഹോം കമ്മിറ്റിയംഗം, വെൽഫെയർ പാർട്ടി മഞ്ചേരി മണ്ഡലം പ്രസിഡന്റ്, ഹെവൻസ് സ്കൂൾ മുഖ്യ രക്ഷാധികാരി, പ്രവാസി വെൽഫെയർ സംഘം പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
നാട്ടിലെ അശരണർക്കും അവശതയനുഭവിക്കുന്നവർക്കും വലിയ നഷ്ടമാണ് ഉസ്മാൻ സാഹിബിന്റെ നിര്യാണമെന്ന് പാണ്ടിക്കാട് ടൗണിൽ സംഘടിപ്പിച്ച അനുശോചന യോഗം വിലയിരുത്തി.
ഭാര്യ: സുഹറ. മക്കൾ: മെഹർ ഷഹിസ്ത, സർത്താജ, ഷഫ്്ത്തർ ഷാ.
അബ്ദുല്ലത്വീഫ് കുറ്റിക്കാട്ടൂർ
കോഴിക്കോട് കുറ്റിക്കാട്ടൂർ പ്രാദേശിക ജമാഅത്തിലെ പ്രവർത്തകനായിരുന്നു അബ്ദുല്ലത്വീഫ് സാഹിബ്.
നേരത്തെ മാത്തോട്ടം ഹൽഖയിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം കഴിഞ്ഞ ഇരുപത് വർഷത്തോളമായി കുറ്റിക്കാട്ടൂരിലാണ് താമസം. കുറച്ചുകാലം കുറ്റിക്കാട്ടൂർ കാർകുൻ ഹൽഖ നാസിമായിരുന്നു. മാത്തോട്ടം അവുക്കു സാഹിബ് ഇദ്ദേഹത്തിന്റെ പിതാവിന്റെ സഹോദരനായിരുന്നു. അവർ പ്രബോധനത്തിന്റെ പ്രചാരകരായിരുന്നതിനാൽ, അവരിൽനിന്നുള്ള പ്രചോദനമാണ് പ്രബോധനം വായനയുടെ തുടക്കം. പിന്നീട് ഇസ്്ലാമിക പ്രസ്ഥാനത്തിലേക്കെത്തിയത് മുതൽ രോഗശയ്യയിലാവുന്നത് വരെ അദ്ദേഹത്തിന് പ്രബോധനം വായന ആവേശമായിരുന്നു.
കഠിനാധ്വാനിയായ അദ്ദേഹം പാളയം പച്ചക്കറി മാർക്കറ്റിലും പിന്നീട് ബസ്സ് കണ്ടക്ടറായും ജോലി നോക്കി.
ലീവില്ലാതെ ജോലി എടുക്കാനാണിഷ്ടം എന്നദ്ദേഹം പറയുമായിരുന്നു. എന്ത് ജോലി കഴിഞ്ഞ് വൈകിയെത്തിയാലും പ്രസ്ഥാനത്തിന്റെ പോസ്റ്ററുകൾ പതിക്കാനും മറ്റും മുന്നിലുണ്ടാവും.
സഹധർമിണിയും കുറ്റിക്കാട്ടൂർ എ.എം.ഐ അധ്യാപികയും മെഡിക്കൽ കോളേജ് ഏരിയ വനിതാ കൺവീനറുമായ സീനത്തിനെ പ്രസ്ഥാന പ്രവർത്തനങ്ങൾക്ക് മുടക്കം കൂടാതെ അയക്കാൻ അദ്ദേഹം ശ്രദ്ധിച്ചു.
മകൻ ഹാഷിർ അഹമ്മദും വീട്ടുകാരും പിതാവിന്റെ പരിചരണത്തിൽ കാണിച്ച ഔത്സുക്യവും ജാഗ്രതയും സന്ദർശകർക്കും അയൽവാസികൾക്കും ഏറെ ഹൃദ്യമായ അനുഭവമായിരുന്നു.
ഭാര്യ: എ.കെ. സീനത്ത് (മാത്തോട്ടം).
മക്കൾ: ഹാഷിർ അഹമ്മദ് (എക്കൗണ്ടന്റ് ), ഹാഷിദ.
മരുമക്കൾ: ജംഷിർ കല്ലായ്, ഹുദ കിണാശ്ശേരി.
സിദ്ദീഖ് കുറ്റിക്കാട്ടൂർ
പരേതരെ അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും
സ്വര്‍ഗത്തില്‍ ഉന്നത സ്ഥാനവും നല്‍കി
അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.
Comments