Prabodhanm Weekly

Pages

Search

2024 ഫെബ്രുവരി 02

3338

1445 റജബ് 21

ഒരു ലക്ഷം ദിർഹമിനെ പിന്നിലാക്കിയ ഒരു ദിർഹം

ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്

عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: سَبَقَ دِرْهَمٌ مِائَةَ أَلْفِ دِرْهَمٍ. قَالُوا: وَكَيْفَ؟ قَالَ: كَانَ لِرَجُلٍ دِرْهَمَانِ تَصَدَّقَ بِأَحَدِهِمَا، وَانْطَلَقَ رَجُلٌ إِلَى عُرْضِ مَالِهِ فَأَخَذَ مِنْهُ مِائَةَ أَلْفِ دِرْهَمٍ فَتَصَدَّقَ بِهَا (رواه النسائي وحسنه الألباني)

 

അബൂ ഹുറയ്്റയിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: "ഒരു ദിർഹം ഒരു ലക്ഷം ദിർഹമിനെ മുൻകടന്നു." അവർ ചോദിച്ചു: "അതെങ്ങനെ?" റസൂൽ പറഞ്ഞു: "ഒരാളുടെയടുക്കൽ ആകെ രണ്ട് ദിർഹമാണുണ്ടായിരുന്നത്. അതിലൊന്ന് അവൻ ദാനം നൽകി. മറ്റൊരാൾ തന്റെ സ്വത്തിന്റെ അൽപം വിഹിതത്തിൽനിന്ന് ഒരു ലക്ഷം ദിർഹമെടുത്തും ദാനം നൽകി."
(അന്നസാഈ. അൽബാനി ഈ ഹദീസ് ഹസൻ ആണെന്ന് പറഞ്ഞിരിക്കുന്നു).

 

ഓരോ സത്കർമത്തിനും അത് ചെയ്യുന്നയാളുടെ  സാഹചര്യങ്ങളും സന്ദർഭങ്ങളും പരിഗണിച്ചാണ് പ്രതിഫലം നിർണയിക്കപ്പെടുക എന്നാണ്  ഹദീസിലെ പ്രധാന പാഠം.

ദാനം ചെയ്യുന്നവന്റെ ആത്മാർഥതയും  സാമ്പത്തികാവസ്ഥയും കണക്കിലെടുത്താണ് അതിന്റെ പരലോക പാരിതോഷികം തീരുമാനിക്കപ്പെടുക. ഇക്കാര്യം നബി (സ) പലപ്പോഴായി അനുയായികളെ ഉണർത്തിയിട്ടുണ്ട്.

ഒരിക്കൽ ഒരാൾ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, ഏത് ദാനമാണ് മഹത്വമുള്ളത് ?"
റസൂൽ പറഞ്ഞു: "കുറച്ച് ധനം മാത്രമുള്ളവൻ പ്രയാസം സഹിച്ച് നൽകുന്ന ദാനം" (ഇബ്നു ഹിബ്ബാൻ).
ഇവിടെ ഇമാം നസാഈ റിപ്പോർട്ട് ചെയ്ത "خيرُ الصَّدقةِ ما كان عن ظهرِ غنًى" (മിച്ചമുള്ളതിൽ നിന്നുള്ള ദാനമാണ് ഏറ്റവും നല്ല ദാനം) എന്ന ഹദീസും മുകളിലുള്ള ഹദീസും വൈരുധ്യമാവില്ലേ എന്ന് ചോദിക്കാവുന്നതാണ്. ഇതിന് ഉലമാഇന്റെ ഉത്തരമിതാണ്: ആദ്യം പറഞ്ഞ ഹദീസ് ദാരിദ്ര്യത്തെ സഹിക്കാൻ കഴിയുന്ന ദൃഢ വിശ്വാസമുള്ളവർക്ക് ബാധകമായതാണ്. രണ്ടാമത്തേത് അത്രത്തോളം ദൃഢതയില്ലാത്ത വിശ്വാസികൾക്കും.

ഹദീസിന്റെ ആശയം ഇതാണ്: മനസ്സ് ധന്യമായ ദരിദ്രന്റെ ദാനമാണ്, അതെത്ര കുറച്ചായാലും, ധാരാളം ധനമുള്ള ധനികന്റെ ദാനത്തെക്കാൾ ഉത്തമം.

വിശപ്പും പ്രാരബ്ധങ്ങളും ക്ഷമിക്കാൻ കഴിവുണ്ടാവുക എന്നതാണ് മനസ്സിന്റെ ഐശ്വര്യം (غِنَى الْقَلْبِ) കൊണ്ടുദ്ദേശിക്കുന്നത്.

കഷ്ടപ്പാടുകൾക്കും ബുദ്ധിമുട്ടുകൾക്കുമിടയിലെ ധന വിനിമയങ്ങൾക്ക് കൂടുതൽ പ്രതിഫലമുണ്ടെന്ന് വിശുദ്ധ ഖുർആനിലും കാണാം. വിശ്വാസികൾ സാമ്പത്തിക ഞെരുക്കം അനുഭവിച്ചിരുന്ന മക്കാ വിജയത്തിന് മുമ്പ് ഇസ്‌ലാമിനെയും  മുസ്്ലിംകളെയും സഹായിച്ചവർക്ക് അതിനു ശേഷം സഹായിച്ചവരെക്കാൾ പദവിയുണ്ടെന്ന് അല്ലാഹു വ്യക്തമാക്കി.

"നിങ്ങളില്‍ മക്കാ വിജയത്തിനു മുമ്പെ ചെലവഴിക്കുകയും സമരം നടത്തുകയും ചെയ്തവരാരോ,  അവര്‍ക്ക് അതിനു ശേഷം ചെലവഴിക്കുകയും സമരം നടത്തുകയും ചെയ്തവരെക്കാളേറെ മഹത്തായ പദവിയുണ്ട്" (57: 10).

അബൂ സഈദില്‍ ഖുദ്‌രി (റ) പറയുന്നു: ''ഹുദൈബിയാ സന്ധിയുടെ കാലത്ത് നബി ഞങ്ങളോട് പറഞ്ഞു: ''അടുത്ത ഭാവിയില്‍ ചിലയാളുകള്‍ വരുന്നുണ്ട്.  അവരുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ക്കു നിസ്സാരമായി തോന്നും. പക്ഷേ, അവരിലൊരാള്‍ക്ക്  ഒരു സ്വർണമല തന്നെയുണ്ടാവുകയും അതയാള്‍ അല്ലാഹുവിന്റെ  മാര്‍ഗത്തില്‍ ചെലവഴിക്കുകയും ചെയ്താല്‍ നിങ്ങളിലൊരാള്‍ രണ്ടു റാത്തല്‍ (900 ഗ്രാം) ചെലവഴിച്ചതിനോടു തുല്യമാവില്ല'' (ഇബ്‌നു ജരീര്‍, ഇബ്‌നു അബീ ഹാതിം).

ഒരിക്കല്‍ ഖാലിദുബ്‌നുല്‍ വലീദും അബ്ദുര്‍റഹ്്മാനിബ്‌നു ഔഫും (റ) തമ്മില്‍ തര്‍ക്കമായി. തര്‍ക്കത്തിനിടയില്‍ ഖാലിദ്, അബ്ദുര്‍റഹ്്മാനോട് (റ) പറഞ്ഞു: 'നിങ്ങള്‍ നിങ്ങളുടെ മുന്‍കാല സേവനങ്ങളുടെ പേരില്‍ ഞങ്ങളെ കൊച്ചാക്കുകയാണ്.' ഇതറിഞ്ഞപ്പോള്‍ നബി (സ) അവസാന കാലത്ത് ഇസ്്ലാമിലേക്ക് കടന്നു വന്നവരോടായി പ്രസ്താവിച്ചു: ''എന്റെ ആത്മാവ് ആരുടെ കൈയിലാണോ ആ അല്ലാഹുവാണ് സത്യം, നിങ്ങള്‍ ഉഹുദ് മലയോളം അല്ലെങ്കില്‍ പര്‍വതങ്ങളോളം സ്വര്‍ണം ചെലവഴിച്ചാലും അവരുടെ കര്‍മങ്ങളോളമെത്താന്‍ സാധ്യമല്ല'' (അഹ്്മദ്). l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 32-34
ടി.കെ ഉബൈദ്

ഹദീസ്‌

ഒരു ലക്ഷം ദിർഹമിനെ പിന്നിലാക്കിയ ഒരു ദിർഹം
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്