ആ പ്രവചനത്തിന്റെ പ്രേതം വേട്ടയാടുന്പോൾ
1984-ൽ യു.എന്നിലെ ഇസ്രയേൽ അംബാസഡറായി നിയമിതനായതിന് പിന്നാലെയാണ് നെതന്യാഹു റബ്ബിയെ ആദ്യമായി കാണാനെത്തുന്നത്. ആ വർഷത്തെ സിംചത് തോറ (Simchat Torah) ദിനത്തിലായിരുന്നു കൂടിക്കാഴ്ച. വിശുദ്ധ ഗ്രന്ഥമായ തോറയുടെ വാർഷിക പാരായണ ചക്രം പൂർത്തിയാകുന്ന ദിവസമാണ് സിംചത് തോറ. 39 വർഷങ്ങൾക്ക് ശേഷം ഇസ്രയേലിന് നേരെ ഹമാസിന്റെ ആക്രമണമുണ്ടായതും ഒരു സിംചത് തോറ ദിനത്തിലായിരുന്നു. ‘ബിബി: മൈ സ്റ്റോറി’ എന്ന ആത്മകഥയിൽ റബ്ബിയുമായുള്ള പ്രഥമ കൂടിക്കാഴ്ച നെതന്യാഹു വിവരിക്കുന്നുണ്ട്: ‘‘യു.എന്നിലെ എന്റെ ആദ്യ മാസങ്ങളിലെ ഏറ്റവും അവിസ്മരണീയമായ കൂടിക്കാഴ്ച ഏതെങ്കിലും ഡിപ്ലോമാറ്റുമായിട്ടായിരുന്നില്ല, പകരം ഒരു റബ്ബിയുമായിട്ടായിരുന്നു. സിംചത് തോറ ദിനമായിരുന്നു അന്ന്. സൈന്യത്തിൽ ഒപ്പമുണ്ടായിരുന്ന ഷ്മാര്യ ഹാരേലാണ് ബ്രൂക്ലിനിലെ ഹബാദിന്റെ ആസ്ഥാനത്തേക്ക് ഒപ്പം വന്നത്. ഞങ്ങളെത്തുമ്പോൾ ആയിരക്കണക്കിന് ഹസിദി വിശ്വാസികളാൽ യോഗഹാൾ നിറഞ്ഞുകവിഞ്ഞിരുന്നു. അവർ ആടുകയും പാടുകയും ചെയ്യുന്നു. ആ ഹാളിന്റെ അങ്ങേത്തലക്കലെ ചെറിയ സ്റ്റേജിൽ റബ്ബി ഉണ്ട്. തോറ പാരായണം ചെയ്യുകയാണ് അദ്ദേഹം. റബ്ബിയുടെ അടുത്തേക്ക് പോകാൻ ഷ്മാര്യ പറഞ്ഞു. പക്ഷേ, അദ്ദേഹം തോറ പാരായണത്തിൽ അല്ലേയെന്ന് ഞാൻ സംശയിച്ചു. ‘പോകൂ’ എന്ന് ഷ്മാര്യ നിർബന്ധിച്ചു. അവിടത്തെ ആചാരങ്ങൾ എന്താണെന്ന് ഉറപ്പില്ലാതിരുന്നിട്ടും അവൻ പറഞ്ഞതുപോലെ ഞാൻ സ്റ്റേജിലേക്ക് കയറി. അദ്ദേഹം പിന്തിരിഞ്ഞ് നിൽക്കുകയാണ്. മെല്ലെ അദ്ദേഹത്തിന്റെ തോളിൽ സ്പർശിച്ചു. ‘റബ്ബീ, ഞാൻ അങ്ങയെ കാണാൻ വന്നതാണ്’.
‘കാണാൻ വേണ്ടി മാത്രമോ? സംസാരിക്കേണ്ടേ?’- തോളിന് മുകളിലേക്ക് തല തിരിച്ച് അദ്ദേഹം ചോദിച്ചു. ഹീബ്രുവിൽ ഞങ്ങൾ സംസാരിച്ചുതുടങ്ങി. പിന്നിൽ പാട്ടിന്റെയും നൃത്തത്തിന്റെയും കാതടപ്പിക്കുന്ന ശബ്ദം. അതിനിടയിലും റബ്ബിയുടെ സന്ദേശം വ്യക്തവും സൂക്ഷ്മവുമായിരുന്നു. ‘നുണകളുടെ കൊട്ടാരത്തിലേക്കാണ് നീ പോകുന്നത്’-യു.എന്നിനെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. ‘ഓർക്കുക, അന്ധകാരത്തിന്റെ തളത്തിലും നിനക്കൊരു ചെറു തിരി കത്തിക്കാം. ആ വെളിച്ചം അകലങ്ങളിലേക്ക് വ്യാപിക്കും. ഇസ്രയേൽ ജനതക്ക് വേണ്ടി നീ സത്യത്തിന്റെ വിളക്ക് തെളിയിക്കണം’.
പിന്നീട്, 1984-ലെ യു.എന്നിലെ എന്റെ ആദ്യ പ്രസംഗത്തിന് ശേഷം അദ്ദേഹത്തിൽനിന്ന് ഒരു സന്ദേശം ലഭിച്ചു: ‘നിന്റെ ആദ്യ പ്രസംഗം എനിക്ക് നല്ല സംതൃപ്തിയേകി. ഈ പാതയിൽ തുടരാൻ നിനക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെ’. യു.എന്നിൽ പിന്നീടുള്ള എന്റെ വർഷങ്ങളിലും റബ്ബി പ്രോത്സാഹന സന്ദേശങ്ങൾ സ്ഥിരമായി അയക്കുമായിരുന്നു.’’
’88-ഓടെ യു.എൻ കരിയർ അവസാനിപ്പിച്ച നെതന്യാഹു രാഷ്ട്രീയത്തിലിറങ്ങി. ലിക്കുഡ് പാർട്ടിയായിരുന്നു തട്ടകം. 120 അംഗ ക്്നെസറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷം ന്യൂയോർക്ക് വിടുന്നതിന് മുമ്പ് റബ്ബിയെ കാണാൻ പിന്നെയും നെതന്യാഹു എത്തി. പിന്നീട് വ്യാപകമായി പ്രചരിക്കപ്പെട്ട ആ കൂടിക്കാഴ്ചയുടെ വീഡിയോയിൽ ഭാവിയിലേക്കുള്ള ചില സുപ്രധാന നിർദേശങ്ങളും ഉപദേശങ്ങളും നെതന്യാഹുവിന് റബ്ബി നൽകി. ‘‘ഇസ്രയേലിൽനിന്ന് നല്ല വാർത്തകളൊന്നുമില്ല. കർമമാണ് എന്തിന്റെയും മർമം. പക്ഷേ, അതുണ്ടാകുന്നില്ല. ഒരുപക്ഷേ, അവിടത്തെ നേതൃത്വത്തെ സ്വാധീനിക്കാൻ നിനക്ക് കഴിഞ്ഞേക്കാം’’- റബ്ബി പറഞ്ഞു.
‘‘ഞാൻ തിരിച്ചുപോകാൻ ഒരുങ്ങുകയാണ്. അവിടത്തെ കാര്യങ്ങളിൽ സ്വാധീനം ചെലുത്താൻ ശ്രമിക്കും’’-നെതന്യാഹുവിന്റെ മറുപടി.
‘‘ഇവിടെ, യു.എന്നിൽ ചെയ്യാൻ ഇനിയുമേറെ കാര്യങ്ങളുണ്ട്. അവിശ്വാസികളെ സ്വാധീനിക്കുന്നതിൽ ചില ജൂത കൽപനകളുള്ള കാര്യം നിനക്ക് അറിയുമല്ലോ. അതാണ് നിന്റെ ദൗത്യം.’’
അതിൽനിന്ന് മെല്ലെ വഴുതിമാറിയെന്ന് ‘ബിബി: മൈ സ്റ്റോറി’ എന്ന ആത്മകഥയിൽ നെതന്യാഹു പിന്നീട് സ്മരിച്ചു. നേരെ മറുപടി പറയുന്നതിന് പകരം വേറെ ചിലതിലേക്ക് ചർച്ച നീട്ടി. ‘‘അങ്ങയുമായുള്ള ആദ്യ കൂടിക്കാഴ്ച ഞാൻ മറന്നിട്ടില്ല. അങ്ങ് പറഞ്ഞതു പോലെയാണ് ഞാൻ പ്രവർത്തിച്ചത്. സ്വാഭിമാനത്തോടെയും കരുത്തോടെയും ഉറച്ചുനിന്നു. എന്നിട്ടും ഞാനിവിടെ വർഷങ്ങളോളം തുടർന്നു.’’ പക്ഷേ, യു.എന്നിലെ നെതന്യാഹുവിന്റെ വർഷങ്ങൾ നീണ്ടുപോയതിൽ റബ്ബിക്ക് നേരിയ നീരസം ഉണ്ടായിരുന്നു. അത് മറുപടിയിൽ പ്രകടമായി: ‘‘മിശിഹായുടെ ആഗമനം വരെ വേണമെങ്കിലും നിനക്കിവിടെ തുടരാമായിരുന്നു.’’ റബ്ബിയുടെ പ്രോത്സാഹനങ്ങൾക്ക് നന്ദി പറഞ്ഞ നെതന്യാഹു ഇനിയും കാണാൻ വരുമെന്ന് സൂചിപ്പിച്ചു.
‘‘എന്റെ യാത്രയുടെ തുടക്കത്തിലാണ് ഇപ്പോഴും ഞാൻ. നീയും നിന്റെ യാത്ര തുടങ്ങുകയാണ്.’’ ഇതിനു ശേഷം റബ്ബി പറഞ്ഞ വാക്കുകൾ പിന്നീടൊരിക്കലും താൻ മറന്നിട്ടില്ലെന്ന് നെതന്യാഹു എഴുതുന്നു: ‘‘അവിടത്തെ 119 പേരോട് നിനക്ക് പോരടിക്കേണ്ടിവരും (ക്്നെസറ്റിൽ 120 അംഗങ്ങളാണുള്ളത്). പക്ഷേ, അതൊന്നും നിന്നെ ബാധിക്കില്ല. കാരണം, ദൈവം നിന്റെ ഭാഗത്താണ്.’’5
അധികം വൈകാതെ ’90 നവംബറിൽ പിന്നെയും നെതന്യാഹു റബ്ബിക്ക് മുന്നിലെത്തി. അപ്പോഴേക്കും പാർലമെന്‍റംഗം എന്ന നിലയിൽ രണ്ടു വർഷം പൂർത്തിയാക്കിയ നെതന്യാഹു ഇസ്രയേലിന്റെ രാഷ്ട്രീയ ഭൂമികയിൽ മെല്ലെ ഇടം നേടിവരികയായിരുന്നു. റബ്ബിക്ക് നെതന്യാഹുവിന് മേലുള്ള യഥാർഥ ചിന്തകളും പ്രതീക്ഷകളും എന്താണെന്ന് പൂർണമായി വെളിപ്പെടുന്ന കൂടിക്കാഴ്ചയായിരുന്നു അത്. വിജയാശംസ നേർന്ന് കൈപിടിച്ച ഉടൻ റബ്ബി നെതന്യാഹുവിനോട് ചോദിച്ചു: ‘കണ്ടിട്ട് കുറേ ആയല്ലോ?’ രാഷ്ട്രീയത്തിലും വ്യക്തി ജീവിതത്തിലും അനുഗ്രഹം തേടിയാണ് വന്നതെന്ന് നെതന്യാഹുവിന്റെ മറുപടി. റബ്ബിയുടെ വാക്കുകൾ മറ്റു വഴികളിലേക്ക് നീങ്ങി: ‘‘നമ്മൾ അവസാനം കണ്ടതിനു ശേഷം ഒരുപാട് കാര്യങ്ങളിൽ മാറ്റം വന്നു. മാറാത്തത് എന്താണെന്നാൽ മിശിഹ ഇതുവരെയും വന്നില്ല. അദ്ദേഹത്തിന് ആഗമനം വേഗത്തിലാക്കാൻ എെന്തങ്കിലും ചെയ്യൂ.’’
‘‘ഞങ്ങൾ ചെയ്യുന്നുണ്ട്. ഞങ്ങൾ ചെയ്യുന്നുണ്ട്’’ -നെതന്യാഹു ആവർത്തിച്ചു.
‘‘അതൊന്നും മതിയാകില്ല. ഈ ദിനത്തിൽ എത്രയോ മണിക്കൂറുകൾ കടന്നുപോയിക്കഴിഞ്ഞിരിക്കുന്നു. എന്നിട്ടും അദ്ദേഹം എത്തിയില്ല. ഇനി കുറച്ച് സമയമേ ബാക്കിയുള്ളൂ. അതുകൊണ്ട് ഇന്ന് തന്നെ ശ്രമിക്കണം.’’6
ജൂത ജനതയുടെ നേതൃ പദവിയിലേക്ക് മിശിഹ അവതരിക്കുന്നതിന് തൊട്ടുമുമ്പുള്ള അവസാന നേതാവായാണ് റബ്ബി നെതന്യാഹുവിനെ കണ്ടിരുന്നതത്രെ. ഇസ്രയേലിന്റെ അവസാന പ്രധാനമന്ത്രിയായിരിക്കും നെതന്യാഹുവെന്നും, അധികാരത്തിന്റെ ചെങ്കോൽ മിശിഹക്ക് കൈമാറുന്നത് നെതന്യാഹു ആയിരിക്കുമെന്നും അദ്ദേഹം പ്രവചിച്ചിരുന്നുവത്രെ.7
ഇസ്രയേൽ രാഷ്ട്രത്തിന്റെ 80-ാം വർഷത്തിലേക്ക് നീങ്ങുന്ന ഈ കാലം അതിനിർണായകമാണെന്ന് മെസിയാനിക് ജൂദായിസത്തിന്റെ (Messianic Judaism) വക്താക്കൾ വിശ്വസിക്കുന്നു. ഹമാസിന്റെ ഒക്ടോബർ ഏഴിലെ ആക്രമണത്തിന് ശേഷം ഈ ചിന്തകളും ചർച്ചകളും ഇസ്രയേലിൽ ശക്തിപ്രാപിച്ചിരിക്കുകയാണ്. അമേരിക്കയിലെ ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ സഭകളും മറ്റു മാർഗങ്ങളിലൂടെയാണെങ്കിലും ഇതേ ആശയങ്ങൾ പങ്കുവെക്കുന്നു.
അവരുടെയൊക്കെ ‘ദിവ്യപുരുഷൻ’ നെതന്യാഹു ആണ്. ഒരിക്കലും പരാജയമേശാത്ത നിലയിൽ ദൈവം സൃഷ്ടിച്ച മനുഷ്യനായി അവർ അദ്ദേഹത്തെ കാണുന്നു. ഒക്ടോബർ ഏഴിന് നേരിട്ട അതിഭീകരമായ തിരിച്ചടി മിശിഹയുടെ വരവിനുള്ള കേളികൊട്ടാണത്രെ. അന്നത്തെ അപമാനത്തിൽനിന്ന് ആത്യന്തിക വിജയത്തിലേക്ക് നെതന്യാഹു മോക്ഷം പ്രാപിക്കും. ലോകത്തെ മുഴുവൻ വെല്ലുവിളിച്ചുകൊണ്ട് ഗസ്സക്ക് മേൽ നടക്കുന്ന ഭയാനകമായ ആക്രമണങ്ങളും വെസ്റ്റ് ബാങ്കിലെ വിശുദ്ധ ഭൂമിയിൽ നിന്ന് ഫലസ്ത്വീനികളെ പുറന്തള്ളാൻ നടക്കുന്ന നീക്കങ്ങളും അതിന്റെ ഭാഗമാണ്. എന്തെങ്കിലും ദൈവിക ഇടപെടലുകൾ ഉടൻ തന്നെയുണ്ടാകുമെന്ന് അവർ വിശ്വസിക്കുന്നു.
പരാജിതനായ ഒരു മനുഷ്യനായി ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് എറിയപ്പെടാൻ നെതന്യാഹുവും തയാറല്ല. ജൂതജനതക്ക് മുന്നിൽ കാണിക്കാൻ ഒരു വലിയ നേട്ടം വേണം എന്ന രാഷ്ട്രീയ കൗശലത്തിനൊപ്പം റബ്ബിയുടെ പ്രവചനങ്ങളുടെ മാറാപ്പും ബിബി പേറുന്നുണ്ട്. കഴിഞ്ഞ കാലങ്ങളിൽ പലതവണ കാലിടറിയിട്ടും തിരിച്ചുവരാനും പിടിച്ചുനിൽക്കാനും നെതന്യാഹുവിനെ പ്രേരിപ്പിക്കുന്നതും അതുതന്നെ. വോട്ടർമാരിൽ കുറവെങ്കിലും ഹബാദ് പ്രസ്ഥാനത്തിന്റെ അനിഷേധ്യ ആത്മീയ പിന്തുണ ലഭിക്കുന്നത് നെതന്യാഹുവിന് എന്നും ഗുണം ചെയ്തിരുന്നു. ഏകഛത്രാധിപതിയെ പോലെ കഴിഞ്ഞ കാലങ്ങളിലും, അടുത്തിടെയായി രാഷ്ട്രീയമായി ദുർബലനായപ്പോഴും അവരുടെ ആളായി നിൽക്കാൻ അദ്ദേഹം ശ്രമിച്ചു. കക്ഷി രാഷ്ട്രീയത്തിൽ വഴുതാൻ തുടങ്ങിയപ്പോൾ മറ്റു തീവ്ര വലതുപക്ഷ സംഘങ്ങളുടെ പിന്തുണയും തേടി. അത്തരക്കാരിൽ ചിലരുടെ കൈയയഞ്ഞ സഹായത്തോടെയാണ് ഇപ്പോൾ ഭരണത്തിൽ തുടരുന്നതും. ഫ്രിഞ്ച് ഗ്രൂപ്പുകളായി പരിഗണിക്കപ്പെട്ടിരുന്ന ഇതമർ ബെൻഗ്വിറിന്റെ പാർട്ടിക്കും മറ്റും കാബിനറ്റിൽ ഇടം ലഭിക്കുക മാത്രമല്ല, ദേശീയ സുരക്ഷാ മന്ത്രാലയത്തിന്റെ വരെ ചുമതലയും കിട്ടി. അവർ പറയുന്ന അതിതീവ്ര വലതുവാദങ്ങളെക്കാൾ കടുപ്പത്തിൽ അക്കാര്യങ്ങൾ പറയാനും നെതന്യാഹു ഈയടുത്ത ദിവസങ്ങളിൽ തയാറായി. ഒരു രാഷ്ട്ര നേതാവ് എന്നതിനപ്പുറം എന്താണ് നെതന്യാഹുവിനെ നയിക്കുന്നതെന്ന് മനസ്സിലാക്കാൻ ഒക്ടോബർ ഏഴിന് ശേഷമുള്ള നെതന്യാഹുവിന്റെ വാക്കുകളും പ്രവൃത്തികളും ഉപകരിക്കും. ഒരു ആധുനിക പരിഷ്കൃത രാജ്യത്തിന്റെ ഭരണാധികാരി എന്ന നിലയിൽനിന്ന് രക്തദാഹിയായ മധ്യകാല സാമ്രാജ്യാധിപന്റെ തലത്തിലേക്ക് നെതന്യാഹു താഴുന്നത് ആ വാക്കുകളിൽ കാണാം.
തോറ ഉദ്ധരിച്ച്, പൗരാണിക ചോരക്കടങ്ങളുടെ ഓർമകൾ ജ്വലിപ്പിച്ച് തന്റെ പാതകങ്ങൾക്ക് നെതന്യാഹു ന്യായങ്ങൾ ചമക്കുന്നു. ഏതോ ചരിത്രാതീത കാലത്തെ കഥകൾ പറഞ്ഞ് ഈ കാലത്തെ മനുഷ്യരുടെ മനസ്സുകളിൽ വൈരം നിറയ്ക്കുന്നു. ഗസ്സയിലെ കുഞ്ഞുങ്ങളെയും വനിതകളെയും കെട്ടിടങ്ങളെയും, എന്തിന് പ്രകൃതിയെ പോലും തച്ചുതകർക്കുന്നതിന് ആവശ്യപ്പെടുന്നുവെന്ന മട്ടിൽ ബൈബിൾ വചനങ്ങളെ തെറ്റായി ഉദ്ധരിക്കുന്നു. ജൂത ജനതയെ മോക്ഷപ്രാപ്തിയുടെ വഴികളിൽ കൈപിടിച്ച് നടത്താനുള്ള ദൈവനിയോഗം പേറുന്നവനാണ് താനെന്ന റബ്ബിയുടെ പ്രവചനത്തിന്റെ പ്രേതം നെതന്യാഹുവിനെ വേട്ടയാടിക്കൊണ്ടേയിരിക്കുന്നു. l
(തുടർ ഭാഗങ്ങൾ പ്രബോധനം വെബ്സൈറ്റിൽ വായിക്കാം. www.prabodhanam.net)
റഫറൻസ് :
5. https://www.youtube.com/watch?v=huq0l64PeO4
6. https://www.youtube.com/watch?v=rHBiT6eJaQQ
7. https://www.israeltoday.co.il/read/lubavitcher-rebbe-after-bibi-comes-the-messiah/
8. https://www.gov.il/en/departments/news/spoke-statement251023
9. https://www.youtube.com/watch?v=EgeWVgNGeAA&t=12s
Comments