"മതേതര ഇന്ത്യ'യിൽ ഇനി എന്താണ് ബാക്കിയുള്ളത്?
ബാബരി മസ്ജിദ് നിലനിന്ന സ്ഥാനത്ത് രാമക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ പുതിയൊരു ഇന്ത്യയിലേക്ക് നാം ഔദ്യോഗികമായി പ്രവേശിച്ചിരിക്കുന്നു. രാമക്ഷേത്രത്തിന്റെ അടിസ്ഥാനമായി പറഞ്ഞതെല്ലാം നുണയായിരുന്നുവെങ്കില്‍ തന്നെ എന്തുവേണം എന്ന മട്ടിലാണ്, പ്രത്യേകിച്ച് മാന്യതയുടെയോ അമാന്യതയുടെയോ പ്രശ്‌നങ്ങളൊന്നുമില്ലാതെ പ്രധാനമന്ത്രിയുടെ കാർമികത്വത്തില്‍ പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ അയോധ്യയില്‍ അരങ്ങേറിയത്. മതേതര ഇന്ത്യയുടെ ഉദകക്രിയ കൂടിയായി അതിനെ കണക്കാക്കാം. ഇന്ത്യന്‍ റിപ്പബ്ലിക്കിന് അതിന്റെ അയല്‍രാജ്യങ്ങളില്‍ പലതിനോടും വല്ലാത്ത സാമ്യമാണ് ഇപ്പോഴുള്ളത്. വിശ്വാസത്തിന്റെ രാഷ്ട്രീയം പണ്ടു മുതല്‍ക്കേ അയോധ്യാ തര്‍ക്കത്തിന്റെ ആണിക്കല്ലായിരുന്നുവെങ്കിലും ഒടുവിലത് മതം തന്നെയാണ് രാഷ്ട്രീയം എന്നിടത്തേക്ക് കൃത്യമായി എത്തിക്കഴിഞ്ഞു. സ്വയംഭൂവായ വിഗ്രഹവും, അതേ സ്ഥാനത്ത് പണിയുമെന്ന് 75 വര്‍ഷം പറഞ്ഞുനടന്ന ക്ഷേത്രവും അല്ല അയോധ്യയില്‍ ഉയര്‍ന്നത്. എഞ്ചിനീയറുടെ സൗകര്യമനുസരിച്ച് ഒരല്‍പ്പം സ്ഥലം മാറ്റിയതോ, സ്വയംഭൂവായ വിഗ്രഹം വേണ്ടെന്നു വെച്ചതോ, പുതിയ വിഗ്രഹം പ്രതിഷ്ഠിക്കാനായി രാഷ്ട്രീയക്കാരനായ ഒരാള്‍ രംഗത്തു വന്നതോ ഒരു വിശ്വാസിയുടെയും ചര്‍ച്ചയായില്ല. ഇന്ത്യയിലുടനീളം ഒരുതരം മിഥ്യാഭിമാന ബോധം ബി.ജെ.പി സൃഷ്ടിച്ചെടുത്തുകഴിഞ്ഞു. ഹിന്ദുവായാല്‍ എന്തുമാകാം എന്നിടത്തേക്കാണതിന്റെ പോക്ക്.
അതിവേഗം വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഭരണഘടനാ സങ്കല്‍പ്പങ്ങളുടെ അച്ചുതണ്ടാവുകയാണ് അയോധ്യ. പ്രതിഷേധത്തിന്റെ ഒച്ചയോ ബഹളമോ ഇല്ലാതെ, എന്നാല്‍ എല്ലാ ആഘോഷത്തിമര്‍പ്പോടും കൂടിയാണ് മതേതര ഇന്ത്യ അതിന്റെ അലങ്കാരങ്ങള്‍ കൈയൊഴിക്കുന്നത്. മുസ്‌ലിംകളുടെ മസ്ജിദ് തല്ലിത്തകര്‍ത്തതിനു ശേഷം പണിത രാമക്ഷേത്രം ഭാരതത്തിന്റെ പുതുയുഗപ്പിറവിയാണത്രെ. പ്രധാനമന്ത്രിയും ആര്‍.എസ്.എസിന്റെ നേതാവും ചേര്‍ന്ന് വളരെ കൃത്യമായ സന്ദേശമാണ് രാജ്യത്തെ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും നല്‍കുന്നത്. ഹിന്ദു മതാചാരങ്ങള്‍ എന്ന പേരില്‍ നിയതമോ ശാസ്ത്രനിബദ്ധമോ ആയ ഒന്നും തന്നെയില്ല. മഠങ്ങളും സന്യാസിമാരുമൊന്നുമല്ല ഇനിയങ്ങോട്ട് ഹിന്ദുമതത്തെ നിര്‍വചിക്കുക, ആര്‍.എസ്.എസും ബി.ജെ.പിയുമായിരിക്കും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടതെന്ന് ആര്‍.എസ്.എസ് പറയുന്ന ക്ഷേത്രത്തിനകത്ത് പോലും രാഷ്ട്രീയ നേതാക്കള്‍ക്ക് പ്രതിഷ്ഠാ ചടങ്ങ് നടത്താവുന്നതേയുള്ളൂ. മതപരമായി പുതിയ ഒരു തരം ഹിന്ദുക്കള്‍ രൂപം കൊള്ളുകയാണ്. പുതുയുഗപ്പിറവി കൊണ്ട് അത്തരക്കാരുടേതായ ഒരു രാജ്യത്തെയാണ് മോദി ഉദ്ദേശിക്കുന്നത്. ആ ഹിന്ദുക്കള്‍ വിശ്വാസികളാണെന്നത് കേവലമായ നാട്യമാണ്. വംശീയതയാണ് പുതിയ മന്ത്രം. ഭരണഘടന എന്ന, ആര്‍.എസ്.എസിന്റെ ഏറ്റവും വലിയ കീറാമുട്ടിയെ ഈ ലക്ഷ്യസാക്ഷാല്‍ക്കാരത്തിനായി കുറെക്കാലമായി തന്നെ ഗോപ്യമായി അവര്‍ ദുര്‍ബലപ്പെടുത്തുന്നുണ്ട്. ആ ഭരണഘടനയുടെ കാവലാളിനെ പാര്‍ലമെന്റ് ഉദ്ഘാടനത്തിനു പോലും ക്ഷണിച്ചിരുന്നില്ല. പകരം ഹിന്ദു മതത്തിലെ പൂജാരിമാരാണ് അവിടെ മുന്നില്‍ നിന്നത്. അതായത്, രാഷ്ട്രത്തിലേക്ക് മതവും മതത്തിലേക്ക് രാഷ്ട്രീയവും വളരെ കൃത്യമായി സന്നിവേശിപ്പിക്കുകയാണ് മോദി ചെയ്യുന്നത്.
നീതിവാഴ്ചയുടെ പതനം
മസ്ജിദ് നിലനിന്ന സ്ഥലത്തിന് താഴെ ഭൂമിക്കടിയില്‍ ഒരു ക്ഷേത്രം ഉണ്ടായിരുന്നതിന് തെളിവില്ലെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചതിനു ശേഷമാണ് സുപ്രീം കോടതി അത് ഹിന്ദുക്കള്‍ക്ക് തന്നെ വിട്ടു കൊടുത്തത്. ഇന്ത്യയുടെ നീതിവാഴ്ചയുടെ ശവപ്പെട്ടിയില്‍ ആണിയടിക്കുകയാണ് ഈ വിധി ചെയ്തതെന്ന് ജനുവരി 22 അടിവരയിട്ടു. ഏതൊക്കെയോ ഇംഗ്ലീഷുകാരായ സഞ്ചാരികളുടെ യാത്രാ വിവരണങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്ന ന്യായത്തിന്റെ പുറത്ത് മസ്ജിദിന്റെ ചുറ്റിലുമുള്ള വഖഫ് ഭൂമിയില്‍ ഹിന്ദുക്കള്‍ സ്ഥിരസാന്നിധ്യമായിരുന്നുവെന്ന് ഒരു ഭാഗത്ത് അംഗീകരിക്കുക. അതേ നിയമം മുസ്‌ലിംകളുടെ കാര്യത്തില്‍ വ്യാഖ്യാനിക്കുമ്പോള്‍ മസ്ജിദിനകത്തെ സ്ഥിരസാന്നിധ്യത്തിന് തെളിവുണ്ടായിരുന്നില്ലെന്ന് വിധിന്യായത്തില്‍ എഴുതിവെക്കുകയും ചെയ്യുക. ക്ഷേത്രം തകര്‍ത്തതിന് തെളിവില്ലെന്ന ആര്‍ക്കിയോളജി കണ്ടെത്തലുകളെ ശാസ്ത്രത്തിന്റെ ഭാഷയില്‍ അംഗീകരിക്കുക. അതേസമയം അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന ഭൂമിക്കടിയിലാണ് ശ്രീരാമന്‍ ജനിച്ചതെന്ന ഹിന്ദുക്കളുടെ വിശ്വാസത്തെ അംഗീകരിക്കുക. വിശ്വാസമാണ്, അല്ലാതെ വസ്തുതകളായിരുന്നില്ല സുപ്രീം കോടതി വിധിന്യായത്തിന്റെ കാതല്‍. സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ മസ്ജിദും, 1992-ല്‍ നരസിംഹ റാവു സര്‍ക്കാര്‍ ഏറ്റടുത്ത അതിനു ചുറ്റുമുള്ള വഖഫ് ഭൂമിയും രണ്ടും ക്ഷേത്രനിർമാണ ആവശ്യത്തിന് വിട്ടുകൊടുക്കാന്‍ മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ചതു പോലെയായിരുന്നു അന്നത്തെ വാദം കേള്‍ക്കല്‍. എപ്പോഴോ ഒരിക്കല്‍ രാജീവ് ധവാന്‍ ഇക്കാര്യം ബെഞ്ചില്‍ അംഗമായിരുന്ന ഇന്നത്തെ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢിനോടു പറയുകയുമുണ്ടായി, മുസ്‌ലിം പക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന തന്നെ എതിര്‍വിസ്താരം ചെയ്യുന്നതു പോലെ ബഹുമാനപ്പെട്ട കോടതി എതിര്‍കക്ഷിയുടെ കാര്യത്തില്‍ പെരുമാറുന്നില്ലല്ലോ എന്ന്. നീതിദേവത കണ്ണിന്റെ കെട്ടഴിച്ച് മുന്നില്‍ വരുന്നവരെ ആളും തരവും നോക്കി വിധി പറയുന്നുവെന്ന ആരോപണം മോദി കാലത്ത് ഇന്ത്യയില്‍ ശക്തിപ്പെട്ടുവരികയാണ് ചെയ്തത്.
എല്ലാ മേഖലകളിലും കുത്തഴിഞ്ഞ രാജ്യമായി ഇന്ത്യ മാറി. നിയമവ്യവസ്ഥയെ ഇതിനെക്കാള്‍ മോശപ്പെട്ട രീതിയില്‍ ഇനി ഒരു ഭരണകൂടത്തിനും കൈകാര്യം ചെയ്യാനാവില്ല. നരേന്ദ്ര മോദി അധികാരത്തിലെത്തിയതിനു ശേഷം അദ്ദേഹം നേരിട്ട കേസുകള്‍ പരിശോധിക്കുക. ജനക്കൂട്ടത്തെ വംശഹത്യ നടത്തിയതിന് കോടതി ഫയലില്‍ കേസുകള്‍ സ്വീകരിച്ച പ്രധാനമന്ത്രിയായിരുന്നു നരേന്ദ്ര മോദി. ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്രയും രക്തപങ്കിലമായ കൈകളുമായി അധികാരത്തിലെത്തിയ ഒരു ഭരണാധികാരിയുമില്ല. പക്ഷേ, ഈ കേസുകള്‍ ഒന്നിനു പിറകെ മറ്റൊന്നായി കോടതിയില്‍ തകര്‍ന്നുവീണു. ബാഹ്യമായി നോക്കുമ്പോള്‍ നിയമവ്യവസ്ഥയുടെ കര്‍ശനമായ കടമ്പകള്‍ കടക്കാനാവാതെ അന്യായക്കാര്‍ പരാജയപ്പെട്ടതാണെന്നു തോന്നും. പക്ഷേ, വിധി പറഞ്ഞ ജഡ്ജിമാര്‍ അടുത്തൂണ്‍ പറ്റിയതിനു പിന്നാലെ മോദിയുടെ പാരിതോഷിക പദവികളില്‍ അഭിഷിക്തരാവുമ്പോള്‍ ആ കേസുകളുടെ യാഥാര്‍ഥ്യം വേറെയെന്തോ ആയിരുന്നുവെന്നാണ് ആര്‍ക്കായാലും തോന്നുക. ഒരേസമയം ജനങ്ങള്‍ക്കും ഒപ്പം ന്യായാധിപന്‍മാര്‍ക്കുമുള്ള സന്ദേശം കൂടിയായിരുന്നു അത്. അയോധ്യാ കേസില്‍ വിധി പറഞ്ഞ ചീഫ് ജസ്റ്റിസ് നിര്‍ലജ്ജം ബി.ജെ.പിയുടെ പാര്‍ലമെന്റംഗമായി മാറി. വേറൊരാള്‍ ഗവര്‍ണറും മറ്റൊരാള്‍ ട്രൈബ്യൂണല്‍ തലവനുമായി മാറി.
730 കോടി പൊതു ഖജനാവിന് നഷ്ടമുണ്ടാക്കിയ ബോഫോഴ്‌സ് കേസില്‍ സോണിയാ ഗാന്ധിയെ പ്രതി ചേര്‍ക്കുന്നതിനെ കുറിച്ച് ഇപ്പോഴും പ്രസ്താവനകളിറക്കുന്ന ബി.ജെ.പി നേതാക്കളുണ്ട്. എന്നാല്‍, റാഫേല്‍ ഇടപാടില്‍ അതിന്റെ നാല്‍പ്പതോ അന്‍പതോ മടങ്ങ് അധികം തുക പൊതു ഖജനാവിന് നഷ്ടപ്പെട്ടിട്ടും അതും പറഞ്ഞ് ഇനിയാരും കോടതിയിലേക്ക് വന്നു പോകരുതെന്ന താക്കീതു പോലും നീതി പീഠത്തിന്റെ ഭാഗത്തുനിന്നുണ്ടായി. ഗുജറാത്ത് വംശഹത്യക്കാലത്ത് മോദി കുറ്റകരമായ രീതിയില്‍ പക്ഷം പിടിച്ചതിന് തെളിവുമായി കോടതിയിലെത്തിയ അന്നത്തെ പോലീസ് ഉദ്യോഗസ്ഥരെയടക്കം നീതിപീഠം വിചാരണ ചെയ്യാന്‍ തുടങ്ങി. സഞ്ജീവ് ഭട്ടിനെ കള്ളക്കേസില്‍ കുടുക്കി ജയിലിലിട്ടു. അമിത് ഷാ കുരുങ്ങുമെന്ന് ഉറപ്പുണ്ടായിരുന്ന വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വിധി പറയാനിരുന്ന ജഡ്ജി ദുരൂഹമായ രീതിയില്‍ കൊല്ലപ്പെട്ടു. രാഷ്ട്രീയ എതിരാളികള്‍, മാധ്യമ പ്രവര്‍ത്തകര്‍, സ്വന്തം പാര്‍ട്ടിയിലെ വിമതര്‍, സന്നദ്ധ സംഘടനാ നേതാക്കള്‍, എഴുത്തുകാര്‍, കവികള്‍, അധ്യാപകര്‍ എന്നിങ്ങനെ മോദിയെ എതിര്‍ത്ത കുറ്റത്തിന് എത്രയോ പേര്‍ ജയിലിലായി. ഹേമന്ത കര്‍ക്കരെയെയും ഹരിണ്‍ പാണ്ട്യയെയും പോലെ വേറെ ചിലര്‍ ഭൂമിയില്‍നിന്നു തന്നെ അപ്രത്യക്ഷരായി. ആരും ഒരക്ഷരവും പാര്‍ട്ടിക്കകത്തു പോലും പറയാന്‍ ധൈര്യമില്ലാത്ത ബനാനാ റിപ്പബ്ലിക്കായി രാജ്യം മാറി.
അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന തറക്കു കീഴെ ഒരു രാമജന്മസ്ഥാന്‍ ക്ഷേത്രം ഉണ്ടായിരുന്നു എന്നത് വസ്തുതയാണെങ്കില്‍ 16-ാം നൂറ്റാണ്ടുമായി ചേര്‍ന്നുവരുന്ന മണ്ണടരുകളില്‍നിന്നാണ് അതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കേണ്ടിയിരുന്നത്. അവിടന്നും താഴേക്ക് പോയി പതിനൊന്നാം നൂറ്റാണ്ടിലെ മണ്ണടരു വരെയും ആര്‍ക്കിയോളജിക്കല്‍ സർവെ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ കുഴിച്ചുനോക്കിയിട്ടുണ്ട്. ബാബരി മസ്ജിദ് നിലനിന്ന അടരിനും പതിനൊന്നാം നൂറ്റാണ്ടിനുമിടയില്‍ നാനൂറിലേറെ വര്‍ഷങ്ങളുടെ അന്തരമുണ്ട് എന്നോര്‍ക്കുക. മൃഗങ്ങളുടെ എല്ലിന്‍ കഷണങ്ങളും പിഞ്ഞാണ പാത്രങ്ങളുടെ അവശിഷ്ടങ്ങളും ഈ കാലഘട്ടത്തിലെ മണ്ണടരില്‍നിന്നും കണ്ടെടുത്തു എന്നാണ് ആര്‍ക്കിയോളജിക്കല്‍ സർവെയുടെ റിപ്പോര്‍ട്ടിലുള്ളത്. ബി.ജെ.പി പ്രചരിപ്പിച്ച 64 കസൗട്ടി സ്തംഭങ്ങളുള്ള അതി ബൃഹത്തായ രാമജന്മസ്ഥാന്‍ ക്ഷേത്രത്തിന്റെ ഒരു നുറുങ്ങു കഷണം പോലും ഈ ഉദ്ഖനനത്തിനിടെ കിട്ടിയിട്ടില്ല. അതായത്, മീര്‍ബാഖി മസ്ജിദ് പണികഴിപ്പിക്കുന്നതിനു മുമ്പുള്ള കാലത്ത് അയോധ്യയിലെ ആ കുന്നിന്‍ മുകളില്‍ നൂറ്റാണ്ടുകളായി മനുഷ്യവാസമുണ്ടായിരുന്നു; പക്ഷേ, ദൈവങ്ങളാരും താമസിക്കുന്നുണ്ടായിരുന്നില്ല എന്നര്‍ഥം. എന്നിട്ടും മസ്ജിദ് പണിതതിനു ശേഷമുള്ള കാലഘട്ടങ്ങളില്‍നിന്ന് കിട്ടിയതടക്കം പലതും കോടതിയുടെ മുമ്പില്‍ തെളിവുകളായി പ്രത്യക്ഷപ്പെട്ടു. ആകക്കൂടി സുപ്രീം കോടതി ചെയ്ത ഒരേയൊരു നല്ല കാര്യം ഈ തെളിവുകള്‍ തള്ളുകയും ബാബര്‍ ക്ഷേത്രം തകര്‍ത്തിട്ടില്ലെന്ന് ഉത്തരവില്‍ എടുത്തുപറയുകയും ചെയ്തു എന്നുള്ളതാണ്. പക്ഷേ, ഇപ്പോഴും ആ 'തെളിവുകള്‍' രാജ്യമൊട്ടുക്കും പ്രചരിപ്പിക്കപ്പെടുന്നു.
പ്രധാനമന്ത്രിക്കോ അദ്ദേഹത്തിന്റെ ഭക്തജനങ്ങള്‍ക്കോ പരമോന്നത നീതിപീഠത്തിന്റെ ഉത്തരവിലെ വാചകങ്ങള്‍ ബോധപൂർവമുള്ള നുണപ്രചാരണത്തിന് ഇപ്പോഴും ഒരു തടസ്സവുമല്ല. നാളെയൊരു പക്ഷേ, പഴയ വിധിയില്‍നിന്ന് ഈ വാചകങ്ങള്‍ എടുത്തുകളയണമെന്ന് ആരെങ്കിലും ഹരജി കൊടുക്കുകയും സുപ്രീം കോടതി ഹരജിപ്പുറത്ത് വിധി പറയുകയും ചെയ്താല്‍ അല്‍ഭുതപ്പെടേണ്ടതില്ല. മറ്റൊരു മതസമൂഹത്തിന്റെ ആരാധനാലയം കൈയേറാനായി പറഞ്ഞ, ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ആ നുണ, ഭാവിയില്‍ സത്യമായി മാറിയേക്കുമെന്നര്‍ഥം.
സാംസ്‌കാരിക സമൂഹം
ഇന്ത്യക്ക് ഇത്രയും കാലം മതേതരമായ ഒരു മനസ്സാക്ഷി ഉണ്ടായിരുന്നു. അതിനെ നെഞ്ചിലേറ്റിയവര്‍ കൂട്ടത്തോടെ കളം മാറിച്ചവിട്ടിയതാണ് ജനുവരി 22-ന് രാജ്യം കണ്ടത്. എണ്ണായിരത്തോളം സെലിബ്രിറ്റികളെയും കേസില്‍ വിധി പറഞ്ഞ ഒരു ജഡ്ജിയെയും പങ്കെടുപ്പിച്ചു എന്നതുകൊണ്ടാണ് ശ്രീരാമന്‍ ജനിച്ച സ്ഥലം അതു തന്നെയാവുകയും, ബാബര്‍ രാമക്ഷേത്രം പൊളിച്ചുവെന്ന ആരോപണം ശരിവെക്കപ്പെടുകയും ചെയ്യുന്നത്. കെ.എസ് ചിത്ര മുതല്‍ അമിതാഭ് ബച്ചന്‍ വരെ ബി.ജെ.പിയുടെ 'രാഷ്ട്രീയ രാമനെ' ഏറ്റുപിടിച്ച് രംഗത്തു വന്നവരിലുണ്ട്. രാജാവിന്റെ പട്ടും വളയും മോഹിച്ച് സ്വന്തം മനസ്സാക്ഷിയെ വഞ്ചിക്കുക എന്നതിലപ്പുറം ചെയ്യുന്ന പ്രവൃത്തിയുടെ സത്യസന്ധത ഇവരുടെയൊന്നും വിഷയമായി കണ്ടുനില്‍ക്കുന്നവര്‍ക്ക് തോന്നിയിട്ടില്ല. അത്തരക്കാരുടെ എണ്ണം ഇന്ത്യയില്‍ കൂടിവരികയാണ്. അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ക്കു വേണ്ടി ബി.ജെ.പിയുടെ കാര്യാലയത്തില്‍ തിണ്ണ നിരങ്ങുന്നവരില്‍ മുസ്‌ലിംകള്‍ പോലുമുണ്ട് എന്നതാണ് ഖേദകരം. 1979-ല്‍ നടന്ന ബി.ബി ലാലിന്റെ ഉദ്ഖനന സംഘത്തിലുണ്ടായിരുന്ന താന്‍ രാമക്ഷേത്രത്തിന്റെ 14 തൂണുകളുടെ അടിത്തറ കണ്ടിട്ടുണ്ടെന്ന് 'വെളിപ്പെടുത്തുന്ന' കെ.കെ മുഹമ്മദ് ഉദാഹരണം. ഇദ്ദേഹം അന്ന് അലീഗഢ് യൂനിവേഴ്‌സിറ്റിയില്‍ ചരിത്ര വിദ്യാര്‍ഥയായിരുന്നുവെന്നും ഉദ്ഖനനത്തില്‍ പങ്കെടുക്കാനായി മുഹമ്മദ് ലീവെടുത്തതിന് യൂനിവേഴ്‌സിറ്റിയുടെ രേഖകളില്‍ തെളിവില്ലെന്നും അലീഗഢിലെ അധ്യാപകനായ പ്രഫസര്‍ സയ്യിദ് അലി നദീം റിസ്്വി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മാത്രമല്ല, കെ.കെ മുഹമ്മദിന് ആര്‍ക്കിയോളജിയില്‍ ഒരു ഡിപ്ലോമ മാത്രമാണ് ആകെയുള്ള യോഗ്യത. അദ്ദേഹം എങ്ങനെ എ.എസ്.ഐയുടെ ഉന്നത പദവികളില്‍ എത്തിപ്പെട്ടു എന്നത് അക്കാദമിക മേഖലകളിലെ വലിയൊരു ചോദ്യവുമാണ്. അതിനുള്ള ഉത്തരം ടൈംസ് ഓഫ് ഇന്ത്യയുമായുള്ള മുഹമ്മദിന്റെ അഭിമുഖത്തില്‍ അങ്ങിങ്ങായി കാണാം. ദൈവങ്ങള്‍ വന്ന് സ്വപ്‌നത്തില്‍ കാണിച്ചുതന്ന കാര്യങ്ങള്‍ പോലും പുരാവസ്തു ശാസ്ത്രമായി താന്‍ എഴുതിവെച്ചിട്ടുണ്ടെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. പോരേ? മോദിയുടെ കാലത്ത് പത്ത് പണവും പത്രാസും കിട്ടാനുള്ള കുറുക്കു വഴിയാവുകയാണ് ഹിന്ദുത്വ ദീപസ്തംഭങ്ങള്‍ക്കുള്ള ഈ മഹാശ്ചര്യം വിളികള്‍.
ഇന്ത്യയുടെ സാംസ്‌കാരിക ലോകം നിലവില്‍ മുന്നോട്ടുവെക്കുന്നത് മാപ്പുസാക്ഷി നിലപാടുകളാണെന്ന് പറയാതെ വയ്യ. മസ്ജിദ് തകര്‍ത്ത് പണിത രാമക്ഷേത്രത്തില്‍ പോകാന്‍ ഒരുക്കമല്ലെന്ന് പരസ്യമായി പറഞ്ഞവരുടെ എണ്ണം വിരലുകള്‍കൊണ്ട് എണ്ണാവുന്നതേയുള്ളൂ. പിന്നീടെപ്പോഴെങ്കിലും പോകും, ഇപ്പോഴില്ല എന്നാണ് സാംസ്‌കാരിക ലോകത്തെ മിതവാദികളുടെ പൊതു ശബ്ദം. ഒരു കാലത്ത് സുന്നി വഖഫ് ബോര്‍ഡിന്റേതായിരുന്ന ബാബരി മസ്ജിദ് നിലനിന്ന മണ്ണടക്കം ആ 67 ഏക്കര്‍ ഭൂമിയും കേസില്‍ 1987 വരെയും കക്ഷിയല്ലാതിരുന്ന ശ്രീരാമജന്മഭൂമി ന്യാസിന് വിട്ടുകൊടുത്ത് മുസ്‌ലിംകള്‍ക്ക് പകരം നല്‍കിയ അഞ്ചേക്കറില്‍ മസ്ജിദ് പണി ആരംഭിക്കാത്തതാണ് അവരില്‍ ചിലരെ ആശങ്കപ്പെടുത്തുന്നത്. ആ 67 ഏക്കറിനകത്ത് മുസ്‌ലിംകളെ കണ്ടുപോകരുതെന്ന വി.എച്ച്.പിയുടെ ഭീഷണി പരിഗണിച്ച് 30 കിലോ മീറ്റര്‍ അകലെയുള്ള, അതായത് 'പഞ്ചകോശി പരിക്രമ'യുടെ പുറത്ത് പണിയാന്‍ പോകുന്ന ഈ മസ്ജിദ് ആരുടെ ആവശ്യമാണ്? മുസ്‌ലിംകള്‍ക്കുള്ള പകരം ഭൂമി അയോധ്യയില്‍ തന്നെ നല്‍കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പാക്കാന്‍ ഫൈസാബാദ് ജില്ലയുടെ പേര് മാറ്റിയിടുകയാണ് ബി.ജെ.പി സര്‍ക്കാര്‍ ചെയ്തത്. അയോധ്യയിലെയോ മറ്റ് ഇന്ത്യന്‍ മൊഹല്ലകളിലെയോ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ഒരു പ്രാധാന്യവും ഇങ്ങനെയൊരു മസ്ജിദിന് ഇല്ല. സ്വന്തമായി ആവശ്യമുള്ള അത്രയും മസ്ജിദുകള്‍ അവര്‍ നിർമിക്കുന്നുമുണ്ട്. ഇനി നരേന്ദ്ര മോദി തന്നെ അതിന്റെ സംസ്ഥാപനത്തിന് മുന്നിട്ടിറങ്ങിയാലും ചെയ്ത തെറ്റുകള്‍ക്ക് അതൊരിക്കലും പ്രായശ്ചിത്തമാകുന്നുമില്ല. അതിനു വേണ്ടി ഉയരുന്ന ഏതൊരു വാദവും ബി.ജെ.പിയുടെ മുഖം മിനുക്കാനുള്ള കുഴലൂത്ത് എന്നതിലപ്പുറം ഒരു സമാശ്വാസ സന്ദേശമായി മുസ്‌ലിം സമുദായം മനസ്സിലാക്കാനും പോകുന്നില്ല.
അതിവേഗം മാറിയ ഇന്ത്യ
ഒരുപക്ഷേ, ഈ ലേഖനം അച്ചടിച്ചു വരുന്നതിന് മുമ്പെ തന്നെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടേക്കാം. കോണ്‍ഗ്രസും പ്രതിപക്ഷ സംഘടനകളും പതിവുപോലെ മതത്തിനും രാഷ്ട്രത്തിനുമിടയില്‍ ആശയക്കുഴപ്പത്തിലകപ്പെട്ട് ഇത്തവണയും പടിക്കല്‍ ചെന്ന് കലമുടക്കാന്‍ തയാറെടുക്കുകയാണ്. ജനുവരി 22 തിങ്കളാഴ്ചയില്‍ അവര്‍ കാണിച്ചുകൂട്ടിയ അന്തക്കേടുകളില്‍ അത് നിറഞ്ഞുനിന്നു. പ്രാണ പ്രതിഷ്ഠാ ചടങ്ങിന് പോകാന്‍ മടിച്ചവര്‍ രാജ്യമൊട്ടുക്കുമുള്ള മറ്റ് ക്ഷേത്രങ്ങളുടെ മുമ്പില്‍ പോയി തിക്കും തിരക്കും കൂട്ടി. അസമില്‍ എവിടെയോ രാഹുല്‍ ഗാന്ധി ക്ഷേത്രത്തിന്റെ മുമ്പിലെ റോഡിലിരുന്നു പ്രതിഷേധിച്ചു. അദ്ദേഹത്തെ അകത്തു കയറ്റാതെ കേസെടുത്തും ഛോട്ടാ നേതാക്കള്‍ക്ക് ദര്‍ശനാനുമതി കൊടുത്തും പഴയ കോണ്‍ഗ്രസുകാരനായ ഹേമന്ത ബിശ്വശർമ രാഹുലിനെ അപമാനിച്ചു വിട്ടു. ഹിമാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിന് അവധി പ്രഖ്യാപിച്ചു. ഭോപാലില്‍ എം.പി.സി.സി ഓഫീസിനു മുമ്പില്‍ ശ്രീരാമന്റെ പടുകൂറ്റന്‍ ഛായാചിത്രം തൂക്കിയിട്ട് അയോധ്യയിലെ ക്ഷേത്രം രാജീവ് ഗാന്ധിയുടെ സ്വപ്‌നമായിരുന്നുവെന്ന് എഴുതി വെച്ചു. ബി.ജെ.പി തേങ്ങ ഉടക്കുമ്പോള്‍ കോണ്‍ഗ്രസ് ചിരട്ടയെങ്കിലും ഉടക്കണമെന്ന നിലപാടിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടായില്ല. 'കൊമ്പന്റെ വഴിയേ പോകുന്ന മോഴ'കളാവുകയാണ് മതേതര രാഷ്ട്രീയം പ്രസംഗിച്ചു നടക്കുന്ന ഇന്ത്യന്‍ പ്രതിപക്ഷം. പുല്‍വാമ ഒന്നാന്തരം നാടകമായിരുന്നുവെന്ന് അറിഞ്ഞിട്ടും അന്ന് മോദിക്ക് പ്രഖ്യാപിച്ച പിന്തുണയുടെ ആവര്‍ത്തനമാണ് ഈ തെരഞ്ഞെടുപ്പിലും അവര്‍ ചെയ്യാന്‍ പോകുന്നത്.
ഇന്ത്യയെ ബി.ജെ.പി മതരാഷ്ട്രമാക്കുകയാണ് ചെയ്യുന്നതെന്ന് നല്ല ബോധ്യമുണ്ടായിട്ടും 'നല്ല മതവും ചീത്ത മതവും' സിദ്ധാന്തം ഉപയോഗിച്ചാണ് അതിനെ ചെറുക്കേണ്ടതെന്നാണ് ഇന്‍ഡ്യ സഖ്യത്തിലെ മതേതര സിങ്കങ്ങളുടെ കാഴ്ചപ്പാട്. അയോധ്യാ ചടങ്ങുകളില്‍ പ്രധാനമന്ത്രി എന്ന രീതിയില്‍ നരേന്ദ്ര മോദി പങ്കെടുത്തതിനെ വിശ്വാസവുമായി കൂട്ടിക്കെട്ടിയാണ് ഇവര്‍ കാണുന്നത്. അയോധ്യയില്‍ പോയതിന് മോദിയെ വിമര്‍ശിക്കാതിരിക്കാന്‍ അസാധാരണമായ ആത്മസംയമനം ഇവരെല്ലാം കാണിക്കുന്നുമുണ്ട്. മറുഭാഗത്ത് ചില രാഷ്ട്രീയ വായനകളെ അവര്‍ കണ്ടില്ലെന്നു നടിക്കുന്നു. ഭരണഘടനയുടെ അധ്യക്ഷ പദവിയിലിരിക്കുന്ന ദ്രൗപതി മുര്‍മു പങ്കെടുക്കാതെ തന്നെ രാജ്യത്തെ ഏറ്റവും സുപ്രധാനമെന്ന് വിശേഷിപ്പിക്കപ്പെട്ട രണ്ടു ചടങ്ങുകളാണ് ഇതിനകം നടന്നത്. അതിനെ ആര്‍.എസ്.എസിന്റെ കേവല ദലിത് വിരോധമായി ചിത്രീകരിച്ച് പത്ത് വോട്ട് പിടിക്കാനാവുമോ എന്നതിലപ്പുറം പ്രതിപക്ഷത്തെ ഒരു സംഘടനയും തലപുണ്ണാക്കുന്നത് കാണാനില്ല. മോഹന്‍ ഭാഗവത് എന്ന ബ്രാഹ്മണന്‍ ഈ ഭരണഘടനയുടെ കാവലാളെ- ഒരു ദലിത് സ്ത്രീയെ അല്ല- ബഹുമാനിക്കേണ്ടി വരുന്ന തത്ത്വമാണ് ചോദ്യം ചെയ്യപ്പെടുന്നത്. അതായത്, മുര്‍മു ഏതൊരു സംഹിതയുടെ കാവലാളാണോ അതിനെയാണ് ഘട്ടം ഘട്ടമായി ബി.ജെ.പി അപ്രസക്തമാക്കുന്നത്. ഹിന്ദുത്വം ശത്രുവായി കാണുന്ന ആ ആശയസംഹിതയുടെ മറുപക്ഷത്ത് ശക്തമായി നിലപാടെടുത്ത് ഉറച്ചുനില്‍ക്കുകയല്ല ഇന്ത്യയിലെ പ്രതിപക്ഷം ഇപ്പോള്‍ ചെയ്യുന്നത്. ഇന്‍ഡ്യ എന്ന് സഖ്യത്തിന് പേരിടുകയും ബി.ജെ.പി പറഞ്ഞ ഭാരതത്തിലേക്ക് കുറുക്കു വഴികളിലൂടെ വണ്ടിയോടിക്കുകയുമാണവര്‍.
ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തെ എല്ലാ അര്‍ഥത്തിലും അപമാനവീകരിക്കാന്‍ മുഴുവന്‍ ആയുധവും അണിയറയില്‍ ഒരുക്കിവെച്ചാണ് ബി.ജെ.പി ഇത്തവണ തെരഞ്ഞെടുപ്പ് നേരിടുക. രാമക്ഷേത്രം മാത്രമായിരിക്കില്ല ഈ തെരഞ്ഞെടുപ്പിന്റെ തുറുപ്പു ചീട്ട്. സി.ഐ.എയും എന്‍.ആര്‍.സിയുമൊക്കെ ഉടനെ രംഗത്തു വരും. വോട്ടെടുപ്പിലേക്ക് എത്തുമ്പോള്‍ അയോധ്യ ബി.ജെ.പിയെ വല്ലാതെയൊന്നും സഹായിക്കാത്ത ചിത്രമാണ് കഴിഞ്ഞ കുറെ തെരഞ്ഞെടുപ്പുകളായി പൊതുവെ ഇന്ത്യയില്‍ ഉണ്ടാവാറുള്ളത്. അയോധ്യയില്‍ പോലും ബി.ജെ.പി തുടര്‍ച്ചയായി തോല്‍ക്കാറായിരുന്നു പതിവ്. അതുകൊണ്ടുതന്നെ ഇത്തവണത്തെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയില്‍ കടുത്ത വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയും രൂപപ്പെടുന്നുണ്ട്. ആത്മീയ ഭാവങ്ങളെക്കാള്‍ ശത്രുസംഹാരത്തിന്റെ ഭാവങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന അയോധ്യാ അധ്യായം മറ്റെന്തെങ്കിലും രൂപത്തില്‍ ഉപയോഗപ്പെടുത്താനും ബി.ജെ.പി അണിയറയില്‍ പദ്ധതിയിടുന്നുണ്ടാവാം. കശ്മീരിലെ മുന്‍ ഗവര്‍ണറും ആര്‍.എസ്.എസ് നേതാവുമായിരുന്ന സത്യപാല്‍ മലിക് അയോധ്യയെ കുറിച്ചു നല്‍കിയ താക്കീത് ഇന്‍ഡ്യ സഖ്യം ഓര്‍ത്താല്‍ അവര്‍ക്കു നല്ലത്. ദുരിതക്കയത്തില്‍ മുങ്ങിത്താഴുന്ന ഇന്ത്യന്‍ ജനതയുടെ മുമ്പിലേക്ക് ജീവിത യാഥാര്‍ഥ്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനും രാമക്ഷേത്രത്തിന്റെ നാള്‍വഴികളെ ചോദ്യം ചെയ്യാനും തയാറാവാതെ 'അയോധ്യയിലെ അമ്പലനടയില്‍ ഒരു ദിവസം ഞാന്‍ പോകും, രാമ കുമാരനെ കാണും' എന്ന സ്വപ്‌നവുമായി തെരഞ്ഞെടുപ്പിനിറങ്ങിയാല്‍ വിവരമറിയും. പട്ടിണിക്കു പകരം അക്ഷതത്തിന്റെ ഉന്‍മാദം കൈനീട്ടി വാങ്ങുന്ന ഒരു ജനതക്ക് തിരിച്ചറിവുണ്ടാകുന്നതിനെ ഭയപ്പെടുന്നതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ യാത്രയെ എന്തു വിലകൊടുത്തും തടസ്സപ്പെടുത്താന്‍ ബി.ജെ.പി സംസ്ഥാനങ്ങള്‍ക്ക് നിർദേശം നല്‍കുന്നത്. അതു തന്നെയാണ് ഇന്ത്യയുടെ വിജയവും പരാജയവും നിര്‍ണയിക്കുന്ന ഘടകവും. l
Comments