Prabodhanm Weekly

Pages

Search

2022 ജൂലൈ 01

3258

1443 ദുല്‍ഹജ്ജ് 02

മഹത്വത്തിന്റെ മാനദണ്ഡം

മൗലാനാ മുഹമ്മദ് യൂസുഫ് ഇസ്‌ലാഹി

 

ചരിത്രം/

ക്രൈസ്തവ രാജാവായിരുന്നു ജിബില്ല ഗസ്സാനി. തന്റെ ഇസ്‌ലാം സ്വീകരണത്തിനു ശേഷം ഖലീഫ ഉമറു(റ)മായി കൂടിക്കാഴ്ചക്കുള്ള അനുമതി തേടി അദ്ദേഹം കത്തയച്ചു. അനുകൂല പ്രതികരണം കിട്ടിയപ്പോള്‍ അഞ്ഞൂറിലേറെ പേരുള്ള വലിയ  പരിവാരവുമായി രാജകീയ പ്രൗഢിയോടെ ജിബില്ല മദീനയിലേക്ക് യാത്രയായി, മദീനക്ക് സമീപം തമ്പടിച്ചു. എത്തുന്ന വിവരമറിയിക്കാനായി ഒരു സന്ദേശവാഹകനെ ഖലീഫയുടെ അടുത്തേക്കയച്ചു.
ഉമര്‍ (റ) ഏതാനും സമ്മാനങ്ങളുമായി അയാളെ സ്വീകരിക്കാന്‍ ഒരു സംഘത്തെ നിയോഗിച്ച്, അയാളുടെ ആഗമനം പ്രതീക്ഷിച്ചുകൊണ്ടിരുന്നു.
ഉമറി(റ)ന്റെ ഔദ്യോഗിക സംഘം എത്തിയതോടെ മദീനാ പ്രവേശനത്തിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങാന്‍ ഗസ്സാന്‍ രാജാവ് ഉത്തരവിട്ടു. അയാള്‍ അമൂല്യരത്‌നങ്ങള്‍ പതിച്ച രാജകീയ കിരീടം അണിഞ്ഞു. കൂടെയുള്ളവരും വിലപിടിച്ച വസ്ത്രങ്ങളും ആയുധങ്ങളും ധരിച്ചു. കുതിരകളെ ഹാരങ്ങളാല്‍ അലങ്കരിച്ചു. അങ്ങനെ ജിബില്ല രാജകീയമായ ഹാവഭാവത്തോടെ മദീനാനഗരിയില്‍ പ്രവേശിച്ചു. ഖലീഫ വലിയ സ്‌നേഹാദരങ്ങളോടെ അയാളെ സ്വീകരിക്കുകയും അന്തസ്സോടെ തന്റെ ചാരത്തിരുത്തുകയും ചെയ്തു.
ഏതാനും ദിവസങ്ങള്‍ക്കകം ഹജ്ജിനായി പുറപ്പെട്ട ഉമറിനോടൊപ്പം ജിബില്ലയും സംഘവും ചേര്‍ന്നു. മക്കയിലെത്തി ഹജ്ജ് കര്‍മങ്ങള്‍ക്കിടയില്‍ തല്‍ബിയത്ത് ചൊല്ലി ആത്മീയോല്‍ക്കര്‍ഷത്തോടെ കഅ്ബ ത്വവാഫ് ചെയ്തു കൊണ്ടിരിക്കുകയാണ് ഹാജിമാര്‍. ധനികര്‍, ദരിദ്രര്‍, രാജാവ്, പ്രജകള്‍ എന്ന വിവേചനങ്ങളൊന്നുമില്ലാതെ സര്‍വരും ശുഭ്രവസ്ത്രമണിഞ്ഞു ത്വവാഫില്‍ മുഴുകിയിരിക്കുകയാണ്. അല്ലാഹുവിന്റെ അടിമത്തം ഉച്ചൈസ്തരം ഉദ്‌ഘോഷിച്ചു ഓടിക്കൊണ്ടിരിക്കുകയാണ് ഹാജിമാര്‍. അതിനിടയില്‍ ഫസാറ ഗോത്രത്തിലെ ഒരു പാവം മനുഷ്യന്റെ കാല്‍ ജിബില്ലയുടെ വസ്ത്രതലപ്പില്‍ തട്ടി വസ്ത്രം അഴിഞ്ഞു. അയാളുടെ രാജകീയ പ്രൗഢിയും അഹന്തയും മുഖഭാവത്തില്‍ പ്രകടമായി. ഒരു സാധാരണക്കാരന്റെ ഈ ചെയ്തി അയാള്‍ക്ക് സഹിക്കാന്‍ പറ്റുമായിരുന്നില്ല. കോപാന്ധനായി ആ പാവത്തിന്റെ മൂക്കില്‍ രാജാവ് ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ മൂക്കെല്ല് പൊട്ടിപ്പോയി.
ഫസാറക്കാരന്‍ ഖലീഫയുടെ സന്നിധിയിലെത്തി ആവലാതി ബോധിപ്പിച്ചു; നീതി ലഭിക്കണമെന്ന് അപേക്ഷിച്ചു.
ജിബില്ലയെ ഹാജരാക്കാന്‍ ഉമര്‍(റ) ഉത്തരവിട്ടു. വിചാരണ തുടങ്ങി.
ഉമര്‍: ബനീ ഫസാറക്കാരനായ ഈ ഗ്രാമീണനെ താങ്കള്‍ അക്രമിച്ചതായി ആവലാതിയുണ്ട്. താങ്കള്‍ക്കെന്താണ് പറയാനുള്ളത്?
ജിബില്ല ( ദേഷ്യത്തോടെ): അതെ, ഞാന്‍ അവന്റെ കുരുത്തക്കേടിന് ശിക്ഷ നല്‍കിയിട്ടുണ്ട്. അവന്‍ കാരണമായി വസ്ത്രമഴിഞ്ഞു. ദൈവിക ഭവനത്തോടുള്ള ബഹുമാനത്താല്‍ അവന്റെ മൂക്കിന് പരിക്കേല്‍പിച്ചിട്ടേയുള്ളൂ. മറ്റെവിടെയെങ്കിലുമായിരുെന്നങ്കില്‍  വാളുകൊണ്ട് രണ്ട് കഷണമാക്കിയേനെ!
ഉമര്‍: (അവധാനതയോടെ) സംഭവം ശരിയാണല്ലേ? താങ്കള്‍ തെറ്റു സമ്മതിക്കുന്നു. ആ പാവപ്പെട്ടവനെ വല്ലതും നല്‍കി തൃപ്തിപ്പെടുത്തുക. അല്ലെങ്കില്‍ പ്രതിക്രിയ ഏറ്റുവാങ്ങുക..
ജിബില്ല: (തട്ടിക്കയറിക്കൊണ്ട്) പ്രതിക്രിയയായി എന്ത് ചെയ്യും?
ഉമര്‍: (അര്‍ഥശങ്കയേതുമില്ലാതെ) പാവപ്പെട്ടവനോട് താങ്കള്‍ അതിക്രമം ചെയ്ത പോലെ താങ്കളുടെ മൂക്കും ഉടക്കാന്‍ ഞാന്‍ വിധിക്കും.
ജിബില്ല: (അന്താളിപ്പോടെ) താങ്കളെന്താണ് പറയുന്നത്? ആ ഗ്രാമീണനും ഞാനും ഒരു പോലെയാണെന്നോ? ഞാന്‍ ബനൂ ഗസ്സാന്‍ ഗോത്രത്തിലെ രാജാവാണ്. ആയിരക്കണക്കില്‍ അടിമകള്‍ എന്റെ ആജ്ഞാനുവര്‍ത്തികളായുണ്ട്. ഒരു സാധാരണക്കാരന്റെ മൂക്കും രാജാവിന്റെ മൂക്കും സമമാകുമോ? താങ്കളുടെ തീരുമാനം കേട്ടപ്പോള്‍ കണ്ണുകള്‍ തള്ളിപ്പോയി.
ഉമര്‍: (അന്തിമ വിധിയെന്ന പോലെ) കൂടുതല്‍ ചര്‍ച്ചകള്‍ കൊണ്ട് ഒരു ഫലവുമില്ല. എന്റെ തീരുമാനം അന്തിമമാണ്... അയാളെ സന്തോഷിപ്പിക്കുക; പ്രതിക്രിയക്ക് സന്നദ്ധനാവുക. ഇസ്‌ലാമാണ് താങ്കള്‍ക്കും ഈ ഗ്രാമീണനും സമത്വം പ്രദാനം ചെയ്തത്; എല്ലാ അടിമത്തത്തില്‍ നിന്നും രക്ഷിച്ച് ഏകനാഥന്റെ അടിമയാക്കിയതും. നിങ്ങള്‍ രണ്ടു പേരും അല്ലാഹുവിന്റെ അടിമകളാണ്; തുല്യരുമാണ്. മഹത്വത്തിന്റെ അളവുകോല്‍ സമ്പന്നതയും രാജപദവിയുമല്ല. മഹത്വത്തിന്റെ മാനദണ്ഡം ദൈവഭക്തിയും സത്കര്‍മവും മാത്രമാണ്.
ഉമറിന്റെ അന്തിമ വിധി ശ്രവിച്ച ജിബില്ല പരിഭ്രാന്തിയോടെ പറഞ്ഞു: ഇന്ന് രാത്രി എനിക്ക് അല്‍പം ആലോചിക്കാനുള്ള അവസരം നല്‍കിയാലും.
അന്ന് രാത്രി തന്നെ ജിബില്ല ശാമിലേക്ക് ഒളിച്ചോടി രക്ഷപ്പെട്ടു. 
('രോഷന്‍ സിതാരെ' എന്ന കൃതിയില്‍ നിന്ന്. മൊഴിമാറ്റം: എം.ബി അബ്ദുര്‍റശീദ് അന്തമാന്‍)
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-33-36
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹജ്ജിന്റെ സദ്ഫലങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌