Prabodhanm Weekly

Pages

Search

2022 ജൂലൈ 01

3258

1443 ദുല്‍ഹജ്ജ് 02

തൗഹീദില്‍ മായം ചേര്‍ക്കുന്നവര്‍

വി.കെ അലി

ഇസ്‌ലാം എന്ന പ്രത്യയശാസ്ത്രം നിലകൊള്ളുന്നത് 'തൗഹീദ്' എന്ന അടിത്തറയിലാണ്. 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹ് ഇല്ല) എന്നതാണ് തൗഹീദിന്റെ പ്രതിജ്ഞാ വാക്യം. സത്തയിലും ഗുണവിശേഷണങ്ങളിലും അധികാരാവകാശങ്ങളിലും അല്ലാഹുവിന് പങ്കാളികളോ സഹായികളോ ഇല്ല എന്നതാണതിന്റെ താല്‍പര്യം. ഇതിലേതെങ്കിലുമൊന്നില്‍ അല്ലാഹുവിന് പങ്കുകാരെ ചേര്‍ക്കുന്നത് ശിര്‍ക്ക് (ബഹുദൈവ വിശ്വാസം) ആണ്. യേശു ക്രിസ്തു ദൈവമാണെന്നോ മര്‍യം ദൈവ മാതാവാണെന്നോ മലക്കുകള്‍ ദൈവപുത്രിമാരാണെന്നോ വിശ്വസിക്കുന്നത് അല്ലാഹുവിന്റെ സത്തയിലുള്ള പങ്കുചേര്‍ക്കലാണ്. സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവ വ്യത്യസ്ത ശക്തികളുടെ പ്രവര്‍ത്തനങ്ങളാണെന്നോ പ്രപഞ്ചത്തെ നയിക്കുന്നത് വിവിധ തരം ശക്തികളോ വ്യക്തികളോ ആണെന്നോ വിശ്വസിക്കുന്നത് അല്ലാഹുവിന്റെ ഗുണവിശേഷണങ്ങളിലുള്ള ശിര്‍ക്കാണ്. പ്രപഞ്ച സംവിധാനത്തില്‍ അല്ലാഹു അല്ലാത്തവരും ഇടപെടുന്നുവെന്നും അവരുടെ ആജ്ഞാ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സൃഷ്ടികള്‍ കടപ്പെട്ടിരിക്കുന്നുവെന്നും വിശ്വസിക്കുന്നത് അധികാരാവകാശങ്ങളിലുള്ള ശിര്‍ക്കാണ്. ഈ മേഖലകളിലെല്ലാം അല്ലാഹു ഏകനാണെന്നും അവന് സഹായികളോ പങ്കുകാരോ ഇടനിലക്കാരോ ഇല്ലെന്നും അവന്റെ ആജ്ഞാ നിര്‍ദേശങ്ങളനുസരിച്ചാണ് പ്രപഞ്ചം മുഴുവന്‍ ചലിക്കുന്നതെന്നും അവന്റെ സൃഷ്ടികളെല്ലാം അവന് കീഴ്‌പ്പെട്ട് ജീവിക്കണമെന്നും വിശ്വസിക്കലാണ് തൗഹീദിന്റെ കാമ്പും കാതലും.
തൗഹീദിനെ മറ്റൊരു നിലക്കും പണ്ഡിതന്മാര്‍ അപഗ്രഥിച്ചിട്ടുണ്ട്. തൗഹീദുല്‍ ഉലൂഹിയ്യ, തൗഹീദുര്‍റുബൂബിയ്യ, തൗഹീദുല്‍ അസ്മാഇവസ്സ്വിഫാത്ത്.
തൗഹീദുല്‍ ഉലൂഹിയ്യ: അല്ലാഹുവിന് മാത്രം കീഴ്‌പെട്ട് ജീവിക്കുക എന്നതാണത്. അല്ലാഹുവില്‍ വിശ്വസിക്കുന്നവന്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ അല്ലാഹുവിന്റെ പ്രീതി ലക്ഷ്യം വെച്ചും അവന്റെ നിര്‍ദേശമനുസരിച്ചും ആയിരിക്കണം നിര്‍വഹിക്കുന്നത്. അവന്‍ ഇഷ്ടപ്പെടുന്നതും ഭയക്കുന്നതും പ്രതീക്ഷയര്‍പ്പിക്കുന്നതും പ്രാര്‍ഥിക്കുന്നതും ഭരമേല്‍പിക്കുന്നതും കീഴ്‌പ്പെടുന്നതും അനുസരണയര്‍പ്പിക്കുന്നതും വണങ്ങുന്നതും അല്ലാഹുവിനെ മാത്രമാകണം.

തൗഹീദുര്‍റര്‍ബൂബിയ്യ: അല്ലാഹുവാണ് എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവും പരിപാലകനുമെന്ന വിശ്വാസമാണത്. സൃഷ്ടിപ്പിലും പ്രപഞ്ചത്തിന്റെ ഉടമാവകാശത്തിലും നിയന്ത്രണത്തിലും അവന് പങ്കുകാരില്ല. സര്‍വ സ്തുതിക്കും കൃതജ്ഞതക്കും അര്‍ഹന്‍ അവന്‍ മാത്രം. ദിക്‌റും ദുആയും അവനോട് മാത്രം. സകലവിധ പ്രതാപ(ജലാല്‍)ത്തിന്റെയും സൗന്ദര്യ(ജമാല്‍)ത്തിന്റെയും സമ്പൂര്‍ണത(കമാല്‍)യുടെയും ഉടമ അവനാണ്. റബ്ബ് ആയതു കൊണ്ടാണ് ഇബാദത്തിനര്‍ഹന്‍ അല്ലാഹു മാത്രമായത് എന്ന് ഖുര്‍ആന്‍ അടിക്കടി ഉണര്‍ത്തുന്നുണ്ട്. ഉദാ: 'ആകാശങ്ങളുടെയും ഭൂമിയുടെയും പ്രപഞ്ചമഖിലത്തിന്റെയും രക്ഷിതാവ് (റബ്ബ്) ആയ അല്ലാഹുവിന് മാത്രമാണ് സര്‍വസ്തുതിയും' (അല്‍ ജാസിയ: 36). 'ഞങ്ങള്‍ പ്രപഞ്ചനാഥന് (റബ്ബുല്‍ ആലമീന്‍) കീഴ്‌പ്പെട്ട് ജീവിക്കാന്‍ ആജ്ഞാപിക്കപ്പെട്ടിരിക്കുന്നു' (അല്‍ അന്‍ആം 71). 'എന്റെ നമസ്‌കാരവും അനുഷ്ഠാനങ്ങളും ജീവിതവും മരണവും ലോക നാഥനായ (റബ്ബുല്‍ ആലമീന്‍) അല്ലാുഹുവിന് മാത്രമാണെന്ന് നീ പറയുക' (അല്‍ അന്‍ആം 162).
തൗഹീദുല്‍ അസ്മാഇ വസ്സ്വിഫാത്ത് (അല്ലാഹുവിന്റെ നാമങ്ങള്‍, ഗുണവിശേഷണങ്ങള്‍ എന്നിവയിലെ ഏകത്വം): എല്ലാ സമ്പൂര്‍ണതയുടെയും ഗുണങ്ങള്‍ അല്ലാഹുവിനുണ്ടെന്നും എല്ലാ ന്യൂനതകളുടെയും അടയാളങ്ങളില്‍നിന്നവന്‍ മുക്തനാണെന്നുമുള്ള അടിയുറച്ച വിശ്വാസമാണിതിന്റെ താല്‍പര്യം. ഇമാം വാസിത്വി പറഞ്ഞതുപോലെ 'അവന്റെ സത്തയെ (ദാത്ത്) പോലെ ഒരു സത്തയോ അവന്റെ കര്‍മം പോലെ ഒരു കര്‍മമോ അവന്റെ വിശേഷണം പോലെ (സ്വിഫാത്ത്) ഒരു വിശേഷണമോ മറ്റാര്‍ക്കുമില്ല. ഈ ഗുണങ്ങള്‍ അവന്റെ സത്തയില്‍ നിലകൊള്ളുന്നതുമാകാം. അവന്റെ കര്‍മങ്ങളുമായി ബന്ധപ്പെട്ടവയും ആകാം. ജ്ഞാനം, ജീവന്‍, കഴിവ്, കേള്‍വി, കാഴ്ച, ഉടമാവകാശം, മഹത്വം, ഔന്നത്യം, ഐശ്വര്യം, കോപിക്കല്‍, സിംഹാസനസ്ഥനാകല്‍ തുടങ്ങിയവ രണ്ടാമത്തേതിന്റെയും ഉദാഹരണങ്ങളാണ്. അല്ലാഹുവിന്റെ ഗ്രന്ഥത്തിലും പ്രവാചക വചനങ്ങളിലും വന്ന നൂറോളം പേരുകള്‍ അല്ലാഹുവിന്റേതായിട്ടുണ്ട്. അല്ലാഹുവിന്റെ നാമങ്ങള്‍ അവന്റെ ഗുണവിശേഷണങ്ങളെ വ്യക്തമാക്കുന്നവയാണ്. അവ പൂര്‍ണതയെയും സാദൃശ്യരാഹിത്യത്തെയും കുറിക്കുന്നതാകും. അവ മനുഷ്യരിലേക്കോ മറ്റു ജീവജാലങ്ങളിലേക്കോ ചേര്‍ക്കപ്പെടുകയില്ല. അങ്ങനെ ചെയ്യുന്നത് ശിര്‍ക്കായിത്തീരും.
സൂക്ഷ്മ വിശകലനത്തില്‍ തൗഹീദുല്‍ ഉലൂഹിയ്യ മറ്റു തൗഹീദിന്റെ ഇനങ്ങളെ കൂടി ഉള്‍ക്കൊള്ളുന്നുവെന്ന് മനസ്സിലാക്കാം. കാരണം, അല്ലാഹുവിന്റെ ഉലൂഹിയ്യത്ത് സമ്മതിക്കുന്നവന്‍ സ്വാഭാവികമായും അവന്റെ റുബൂബിയ്യത്തും അംഗീകരിക്കും. അതുപോലെ അല്ലാഹുവിന്റെ ഗുണവിശേഷണങ്ങള്‍ അംഗീകരിക്കുന്നവന്‍ അവന്റെ ഉലൂഹിയ്യത്ത് അനിവാര്യമായും അംഗീകരിക്കും. ചുരുക്കത്തില്‍, അല്ലാഹുവിന്റെ ഉലൂഹിയ്യത്ത് സമ്മതിക്കുന്ന ഒരടിമ, അവന്‍ മാത്രമാണ് ലോകരക്ഷിതാവെന്നും അവന് മാത്രമാണ് സമ്പൂര്‍ണമായ ഗുണങ്ങളും അവകാശങ്ങളും ഉള്ളതെന്നും സമ്മതിക്കുകയും അവന് മാത്രം കീഴ്‌പ്പെട്ടു ജീവിക്കുകയും ചെയ്യും.
ഈ തൗഹീദിന്റെ മന്ത്രധ്വനിയാണ് 'ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ഇലാഹില്ല) എന്നത്. ഈ സന്ദേശം പഠിപ്പിക്കുന്നതിനാണ് കാലാകാലങ്ങളില്‍ പ്രവാചകന്മാര്‍ വന്നത്. ''ഞാനല്ലാതെ ഇലാഹ് ഇല്ലെന്നും അതിനാല്‍ എനിക്ക് കീഴ്‌പ്പെട്ട് ജീവിക്കണമെന്നും ബോധനം നല്‍കാതെ നിനക്ക് മുമ്പ് ഒരു പ്രവാചകനെയും നാം അയച്ചിട്ടില്ല'' (അല്‍ അമ്പിയാഅ് 25). ഈ വാക്യം അംഗീകരിക്കുന്നതോടെ താഴെ പറയുന്ന കാര്യങ്ങള്‍ വിശ്വാസിക്ക് നിര്‍ബന്ധമാകും. 
1. അവന്‍ ഏറ്റവുമേറെ ഇഷ്ടപ്പെടുന്നത് അല്ലാഹുവിനെയാവുക. അവന് സമന്മാരായി മറ്റാരെയും സങ്കല്‍പിക്കുകയില്ല. ''അല്ലാഹുവിനെ കൂടാതെ മറ്റു പകരക്കാരെ വെച്ചുപുലര്‍ത്തുന്ന ചില മനുഷ്യരുണ്ട്. അവര്‍ അല്ലാഹുവിനെ ഇഷ്ടപ്പെടുന്ന പോലെ അവരെയും ഇഷ്ടപ്പെടുന്നു. എന്നാല്‍, യഥാര്‍ഥ വിശ്വാസികള്‍ അല്ലാഹുവിനെയാകും ഏറ്റവുമേറെ ഇഷ്ടപ്പെടുന്നത്'' (അല്‍ബഖറ 165).
2. അവന്റെ പ്രാര്‍ഥന, പ്രതീക്ഷ, സമര്‍പ്പണം- എല്ലാം അല്ലാഹുവിനോട് മാത്രമാവുക. ''അല്ലാഹുവിനോടൊപ്പം മറ്റാരെയും നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കരുത്'' (അല്‍ ജിന്ന്). ''നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവില്‍ മാത്രം ഭരമേല്‍പിക്കുക'' (അല്‍മാഇദ 23). ''അല്ലാഹു വല്ല തിന്മയും നിങ്ങള്‍ക്ക് ഉദ്ദേശിച്ചാല്‍ അവന് മാത്രമേ അത് ദൂരീകരിക്കാന്‍ കഴിയൂ. അവന്‍ വല്ല നന്മയുമാണ് നിങ്ങള്‍ക്ക് ഉദ്ദേശിക്കുന്നതെങ്കില്‍ അവന്റെ ഔദാര്യത്തെ തടയുന്നവരും ആരുമില്ല'' (യൂനുസ് 107). 
3. ആരാധനാ കര്‍മങ്ങള്‍ അല്ലാഹുവിന് മാത്രമാക്കുക. നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയ ആരാധനകള്‍, സുജൂദ്, റുകൂഅ്, ത്വവാഫ് പോലുള്ള കര്‍മങ്ങള്‍, നേര്‍ച്ച, അറവ്, പാപമോചനം തേടല്‍, സഹായാഭ്യര്‍ഥന തുടങ്ങിയ അനുഷ്ഠാനങ്ങള്‍- അല്ലാഹു അല്ലാത്തവര്‍ക്ക് ചെയ്യുന്നത് ശിര്‍ക്കാണ്; തൗഹീദിന് വിരുദ്ധവും. ''എന്റെ നമസ്‌കാരവും അനുഷ്ഠാനങ്ങളും ജീവിതവും മരണവുമെല്ലാം ലോക രക്ഷിതാവായ അല്ലാഹുവിന് മാത്രമാണെന്ന് പറയുക'' (അല്‍ അന്‍ആം 162).
4. നിയമദാതാവും ഹലാല്‍ -ഹറാമുകള്‍ നിശ്ചയിക്കുന്നവനും അല്ലാഹു മാത്രമാവുക. അവന്റെ കല്‍പനകള്‍ അവഗണിച്ചുകൊണ്ടുള്ള നിയമനിര്‍മാണാധികാരം മറ്റുള്ളവര്‍ക്ക് വകവെച്ചു കൊടുക്കാതിരിക്കുക. ''അല്ലാഹുവിന് മാത്രമാണ് കല്‍പനാധികാരം. അവന് മാത്രം കീഴ്‌പ്പെട്ട് ജീവിക്കണമെന്ന് അവന്‍ ആജ്ഞാപിച്ചിരിക്കുന്നു. അതാണ് ചൊവ്വായ ജീവിത രീതി. പക്ഷേ, അധികമാളുകളും അറിയുന്നില്ല'' (യൂസുഫ് 40).
''അല്ലാഹുവും അവന്റെ ദൂതനും വിധികല്‍പിച്ചാല്‍ സ്വന്തമായി കാര്യം തെരഞ്ഞെടുക്കാനുള്ള അവകാശം ഒരു വിശ്വാസിക്കും വിശ്വാസിനിക്കുമില്ല'' (അല്‍ അഹ്‌സാബ് 36). ''ഇത് ഹലാലാണ്, ഇത് ഹറാമാണ് എന്നൊക്കെ നിങ്ങളുടെ നാവുകള്‍ വ്യാജം ചമച്ചു പറയരുത്. അല്ലാഹുവിന്റെ പേരില്‍ കളവ് കെട്ടിപ്പറയുന്നവര്‍ വിജയിക്കുകയില്ല'' (അന്നഹ്ല്‍ 116).
അല്ലാഹുവിന്റെ കല്‍പനകള്‍ക്ക് വിരുദ്ധമായി മറ്റുള്ളവര്‍ക്ക് സ്വമേധയാ വഴങ്ങുന്നവര്‍ ദൈവത്തില്‍ പങ്കുചേര്‍ക്കുന്നവരാണ്. ''നിങ്ങള്‍ അവരെ അനുസരിച്ചാല്‍ നിങ്ങള്‍ തീര്‍ച്ചയായും മുശ്‌രിക്കുകളായി'' (അല്‍ അന്‍ആം 121).
മുകളില്‍ വിശദീകരിച്ച തൗഹീദിന്റെ വിവക്ഷയില്‍ നിന്ന് മനസ്സിലാകുന്നത് ഇന്നത്തെ മുസ്‌ലിംകള്‍ക്കിടയില്‍ തന്നെ ശിര്‍ക്കിന്റെ വിവിധ ഇനങ്ങള്‍ വ്യാപകമായിട്ടുണ്ടെന്നത്രെ. ഇത്തരം ശിര്‍ക്കുകള്‍ക്ക് പ്രചാരം നല്‍കുന്ന രീതിയിലാണ് പല മുസ്‌ലിം വിഭാഗങ്ങളുടെയും പണ്ഡിതന്മാരുടെ നിലപാട്. ചില ഉദാഹരണങ്ങള്‍:

ഇസ്തിഗാസ
 അഭൗതിക രീതിയില്‍ തങ്ങള്‍ക്ക് സഹായവും സംരക്ഷണവും നല്‍കാന്‍ ഔലിയാക്കള്‍ക്കും പുണ്യവാളന്മാര്‍ക്കും സാധിക്കുമെന്നും അതിനായവരോട് പ്രാര്‍ഥിക്കാമെന്നുമാണ് ഇസ്തിഗാസ ചെയ്യുന്നവര്‍ വിശ്വസിക്കുന്നത്. സൃഷ്ടികളില്‍ ആര്‍ക്കെങ്കിലും ഇത്തരം ഒരു കഴിവ് നല്‍കിയിട്ടുണ്ടെന്ന് ഖുര്‍ആനിലോ സുന്നത്തിലോ പറഞ്ഞിട്ടില്ല. മറിച്ച്, അല്ലാഹു പറഞ്ഞത്, സൃഷ്ടികള്‍ പറയേണ്ടത് 'നിനക്ക് മാത്രം ഞങ്ങള്‍ കീഴ്‌പ്പെടുന്നു, നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു' എന്നാണ്. ''എന്റെ അടിമകള്‍ എന്നെപ്പറ്റി നിന്നോട് ചോദിച്ചാല്‍ പറയുക: ഞാന്‍ സമീപസ്ഥനാണ്. എന്നെ വിളിക്കുന്നവന് ഞാന്‍ തന്നെ ഉത്തരം നല്‍കും. അതിനാല്‍, എന്നോടവര്‍ ഉത്തരം തേടട്ടെ. എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ'' (അല്‍ബഖറ 186).
അല്ലാഹു മനുഷ്യന്റെ കണ്ഠനാഡിയെക്കാള്‍ ഏറ്റം സമീപസ്ഥനാണെന്നും (ഖാഫ് 16) സഹായത്തിന് മറ്റാരെയും തെരഞ്ഞ് പോവേണ്ടതില്ലെന്നുമാണ് നമ്മെ പഠിപ്പിച്ചിരിക്കുന്നത്.
അല്ലാഹുവിന്റെയും ഞങ്ങളുടെയും ഇടയില്‍ ഇടനിലക്കാരായി വര്‍ത്തിക്കുക മാത്രമാണ് ഔലിയാക്കളും മഹാന്മാരും ചെയ്യുന്നതെന്നും, അന്തിമ ലക്ഷ്യം അല്ലാഹു തന്നെയാണെന്നും ഒരു വാദമുണ്ട്. ഈ വാദം പ്രവാചക കാലത്തെ ബഹുദൈവ വിശ്വാസികളും പറഞ്ഞിരുന്നു. ''ഞങ്ങളവരെ ഇബാദത്ത് ചെയ്യുന്നത് അല്ലാഹുവിലേക്ക് അവര്‍ ഞങ്ങളെ അടുപ്പിക്കാനാണെ''ന്നും, ''ഇവരാണ് അല്ലാഹുവിങ്കല്‍ ഞങ്ങളുടെ ശിപാര്‍ശകര്‍'' എന്നുമായിരുന്നു അവരുടെ വാദം. എന്നാല്‍ നബി(സ)യോട് പോലും അല്ലാഹു നിര്‍ദേശിക്കുന്നത്, ''ഞാന്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ഉപദ്രവമോ ഉപകാരമോ ചെയ്യാന്‍ അധികാരമുള്ളവനല്ല'' (അല്‍ ജിന്ന് 21) എന്ന് പറയാനാണ്. അത്തരക്കാരെക്കുറിച്ചാണ് ഖുര്‍ആന്‍ പറഞ്ഞത്:  ''അല്ലാഹുവെക്കൂടാതെ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍ക്ക് ഒരു തരിമ്പും ചെയ്യാനധികാരമില്ല. നിങ്ങളവരെ വിളിച്ചു പ്രാര്‍ഥിച്ചാല്‍ നിങ്ങളുടെ പ്രാര്‍ഥന അവര്‍ കേള്‍ക്കുകയേയില്ല.  ഇനി, അഥവാ കേട്ടാല്‍ തന്നെ ലോകാവസാന നാള്‍ വരെ അവര്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കുകയുമില്ല'' (ഫാത്വിര്‍ 13,14).
ഇമാം റാസി പറയുന്നു: ''അവര്‍ വിഗ്രഹങ്ങള്‍ നിര്‍മിച്ചത് പ്രവാചകന്മാരുടെയും മഹാന്മാരുടെയും ആകൃതിയിലായിരുന്നു. ഈ വിഗ്രഹങ്ങളെ ആരാധിച്ചാല്‍ അല്ലാഹുവിങ്കല്‍ അവര്‍ തങ്ങള്‍ക്ക് വേണ്ടി ശിപാര്‍ശ ചെയ്തുകൊള്ളുമെന്നാണ് അവരുടെ വാദം. ഇക്കാലത്ത് ചിലര്‍ മഹാന്മാരുടെ ഖബ്‌റുകള്‍ മഹത്വവത്കരിക്കുന്നത് കാണാം. അവരുടെ വിശ്വാസം തങ്ങള്‍ മഹാന്മാരുടെ ഖബ്‌റുകള്‍ മഹത്വവത്കരിക്കുമ്പോള്‍, അവര്‍ അല്ലാഹുവിങ്കല്‍ തങ്ങളുടെ ശിപാര്‍ശകരായിത്തീരുമെന്നാണ്'' (തഫ്‌സീറുല്‍ കബീര്‍, വാള്യം 4, പേജ് 556).

തവസ്സുല്‍
 ഇസ്തിഗാസയോട് തൊട്ടു നില്‍ക്കുന്ന മറ്റൊരു പ്രാര്‍ഥനാ രീതിയാണ് തവസ്സുല്‍. ഇസ്തിഗാസ അല്ലാഹു അല്ലാത്തവരെ നേരിട്ട് വിളിച്ചു പ്രാര്‍ഥിക്കലാണെങ്കില്‍ (ഉദാ: ബദ്‌രീങ്ങളേ, രക്ഷിക്കണേ! മുഹ്‌യിദ്ദീന്‍ ശൈഖേ, കാക്കണേ) തവസ്സുല്‍ ഇടയാളന്മാരിലൂടെ അവരുടെ ഹഖ്,  ജാഹ് (പദവി, അവകാശം) എന്നിവ മുന്‍നിര്‍ത്തി അല്ലാഹുവോട് ചോദിക്കലാണ്.  ഇത് വ്യക്തമായ ശിര്‍ക്കാണെന്ന് പറഞ്ഞുകൂടെങ്കിലും അല്ലാഹുവും പ്രവാചകനും പഠിപ്പിച്ച പ്രാര്‍ഥനാ രീതികള്‍ക്ക് വിരുദ്ധമാണ്. ''നീ പ്രാര്‍ഥിക്കുകയാണെങ്കില്‍ അല്ലാഹുവോട് പ്രാര്‍ഥിക്കുക, സഹായം തേടുകയാണെങ്കില്‍ അല്ലാഹുവോട് തേടുക'' എന്നാണ് നബി(സ)യുടെ നിര്‍ദേശം. മേല്‍ പറഞ്ഞ ഖുര്‍ആന്‍ സൂക്തങ്ങളും ഇതേ ആശയം തന്നെയാണ് പഠിപ്പിക്കുന്നത്.
വിശുദ്ധ ഖുര്‍ആനില്‍ നൂറുകണക്കില്‍ പ്രാര്‍ഥനകള്‍ ഉദ്ധരിക്കപ്പെടുന്നുണ്ട്. നബി(സ)യുടെ പ്രാര്‍ഥനകള്‍ സമാഹരിച്ച ഗ്രന്ഥങ്ങളും ധാരാളമുണ്ട്. അവയിലൊന്നിലും ഇത്തരത്തിലുള്ള ഒരു പ്രാര്‍ഥന കാണാന്‍ കഴിയില്ല. അതുകൊണ്ടാണ്  'തവസ്സുല്‍' ബിദ്അത്തുകളില്‍ പെട്ടതായി സൂക്ഷ്മജ്ഞാനികളായ പണ്ഡിതന്മാര്‍ സ്ഥിരീകരിച്ചത്. ഇത്തരം പ്രാര്‍ഥനകള്‍ നിഷിദ്ധമായതിനാലാണ് ഉമറുബ്‌നുല്‍ ഖത്ത്വാബ്, ഇബ്‌നു അബ്ബാസിനോട് മഴക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടത്. അദ്ദേഹം പറഞ്ഞു: ''അല്ലാഹുവേ! ഞങ്ങള്‍ നബി മുഖേനയായിരുന്നു നിന്നോട് പ്രാര്‍ഥിക്കാറുണ്ടായിരുന്നത്. അപ്പോള്‍  നീ ഞങ്ങള്‍ക്ക് മഴ വര്‍ഷിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ പ്രവാചകന്റെ പിതൃവ്യനോടൊപ്പമാണ് നിന്നോട് മഴക്ക് തേടുന്നത്. അതുകൊണ്ട് നീ ഞങ്ങള്‍ക്ക് മഴ തരേണമേ!'' (ബുഖാരി). മരിച്ചവരെ മുന്‍നിര്‍ത്തി പ്രാര്‍ഥിക്കാമെങ്കില്‍ അവര്‍ക്ക് പ്രവാചകനെ മുന്‍നിര്‍ത്തി ചോദിക്കാമായിരുന്നു. അത് നിഷിദ്ധമായതിനാലാണ് ഇബ്‌നു അബ്ബാസ് മുഖേന പ്രാര്‍ഥിക്കുന്നത്. പക്ഷേ, വിചിത്രമെന്ന് പറയട്ടെ, ഈ ഹദീസും തവസ്സുലിന് അനുകൂലമായ തെളിവാക്കുകയാണ് ചില ദുര്‍വ്യാഖ്യാനക്കാര്‍. 'വിശ്വസിച്ചവരേ, അല്ലാഹുവെ സൂക്ഷിക്കുക, അവനിലേക്കുള്ള മാര്‍ഗമന്വേഷിക്കുക' എന്ന സൂക്തത്തിലെ 'മാര്‍ഗമന്വേഷിക്കുക' എന്നത് തവസ്സുലിന് അനുകൂലമായ 'കിടിലന്‍' തെളിവായി ചിലര്‍ അവതരിപ്പിക്കാറുണ്ട്. എന്നാല്‍, ഇതിന്റെ വിവക്ഷയെന്തെന്ന് വിശദീകരിച്ച ഒരു ഖുര്‍ആന്‍ വ്യാഖ്യാതാവും ഇത്തരം ഒരു കണ്ടുപിടിത്തം നടത്തിയിട്ടില്ല. ഇമാം റാസി പറയുന്നു: ''അല്ലാഹുവിന്റെ പ്രീതി സമ്പാദിക്കാനാവശ്യമായ ആരാധനാ കര്‍മങ്ങളും സല്‍ക്കര്‍മങ്ങളും ചെയ്തുകൊണ്ട് അവനിലേക്കുള്ള വഴി തേടുക എന്നാണതിന്റെ വിവക്ഷ'' (തഫ്‌സീറുല്‍ കബീര്‍, വാള്യം 3, പേജ് 299). ഇമാം ഇബ്‌നു കസീര്‍ എഴുതുന്നു: ''ദൈവ സാമീപ്യം തേടുക, പുണ്യ കര്‍മങ്ങള്‍ ചെയ്യുക എന്നതാണ് അതിന്റെ വിവക്ഷ.'' ഖതാദ പറഞ്ഞു: ''അവനെ തൃപ്തിപ്പെടുത്തുന്ന കര്‍മങ്ങളും അനുഷ്ഠാനങ്ങളും വഴി അവനിലേക്ക്  അടുക്കുക എന്നാണ് ഉദ്ദേശിക്കുന്നത്.'' ഇവരെല്ലാം പറഞ്ഞ ഈ അഭിപ്രായത്തോട് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കാര്‍ക്കും തര്‍ക്കമില്ല. 

നേര്‍ച്ച
നേര്‍ച്ചയും വഴിപാടും ബലിയുമെല്ലാം സൃഷ്ടികള്‍ക്ക് വേണ്ടിയാകുമ്പോള്‍ നിഷിദ്ധമായിത്തീരുന്നു. ഇത് വിശദീകരിച്ചുകൊണ്ട് ഇമാം റാഫിഈ തന്റെ 'ശര്‍ഹുല്‍ മിന്‍ഹാജി'ല്‍ എഴുതുന്നു: ''ഒരു വലിയ്യിന്റെയോ ശൈഖിന്റെയോ ഖബ്‌റുകളിലേക്ക് നേര്‍ച്ച നേരുന്നവര്‍ അത്തരം സ്ഥലങ്ങളുടെ മഹത്വവും അല്ലെങ്കില്‍ അവിടം മറമാടപ്പെട്ടവരുടെ വന്ദനവും ആണുദ്ദേശിക്കുന്നതെങ്കില്‍ ഇത്തരം നേര്‍ച്ചകള്‍ നിഷിദ്ധമാണ്. ഈ സ്ഥലങ്ങള്‍ക്ക് പ്രത്യേകതയുണ്ടെന്നും, അതു കാരണം  ദോഷം തടുക്കാനും നന്മ കൈവരിക്കാനും കഴിയുമെന്നോ രോഗം സുഖപ്പെടുമെന്നോ കരുതിയുമാണ് ചിലരിത് ചെയ്യുന്നത്. അവര്‍ ഖബ്‌റുകളില്‍ വിളക്ക് കത്തിക്കുകയും എണ്ണ നേര്‍ച്ചയാക്കുകയും ചെയ്യാറുണ്ട്. ഇത് മുഖേന ആവശ്യം നേടാന്‍ കഴിയുമെന്നാണ് അവരുടെ ധാരണ. ഇവയെല്ലാം നിഷിദ്ധവും നിരര്‍ഥവുമാണ്'' (സംഗ്രഹ വിവര്‍ത്തനം).

കശ്ഫ്, കറാമത്തുകള്‍ 
ഔലിയാക്കള്‍, സിദ്ധന്മാര്‍, സ്വൂഫികള്‍ എന്നിവരുടെ കശ്ഫ് (വെളിപാട്), കറാമത്ത് (അത്ഭുത സിദ്ധികള്‍) എന്നിവയുടെ മഴവെള്ളപ്പാച്ചിലിന്റെ കാലമാണിത്. ബുദ്ധി സ്ഥിരതയില്ലാത്തവരും മനോരോഗികളുമായവരെ ഔലിയാക്കളാക്കുകയും അവര്‍ക്ക് പ്രവാചകന്മാരെ വെല്ലുന്ന കറാമത്തുകള്‍ സങ്കല്‍പിക്കുകയും ചെയ്യുന്നു. അവര്‍ക്ക് അദൃശ്യ കാര്യങ്ങള്‍ അറിയുമെന്നും പ്രപഞ്ചത്തിന്റെ നടത്തിപ്പില്‍ പോലും അവര്‍ക്ക് പങ്കുണ്ടെന്നും പറയാന്‍ പോലും ധൈര്യപ്പെടുന്നവര്‍ ഇക്കൂട്ടത്തിലുണ്ട്. ഇത് നല്ലൊരു വ്യവസായമാണെന്ന് കണ്ടെത്തിയ ചില സ്ഥാപനങ്ങളും കേന്ദ്രങ്ങളും ഇത്തരക്കാരെ സ്‌പോണ്‍സര്‍ ചെയ്യുകയും സ്വന്തമാക്കുകയും ചെയ്യുന്നുണ്ട്. മരിച്ചവരെ ജീവിപ്പിക്കാനും അല്ലാഹുവിന്റെ ചാരത്തിരുന്ന് സ്വര്‍ഗത്തിലേക്ക് ടിക്കറ്റ് കൊടുക്കാനും അദൃശ്യ കാര്യങ്ങള്‍ അറിയാനും ഇവര്‍ക്ക് കഴിയുമെന്നാണ് പാതിരാ പ്രസംഗങ്ങളില്‍ പാടിപ്പറയുന്നത്. 'പ്രപഞ്ചകാര്യങ്ങളെ നിയന്ത്രിക്കുന്ന' മലക്കുകളെപ്പറ്റിയുള്ള ഖുര്‍ആന്‍ വചനം ഇക്കൂട്ടരെപ്പറ്റിയാണത്രെ. കോഴിക്കോട് എയര്‍പോര്‍ട്ട് പോലും ഇവരില്‍ ചിലരുടെ പ്രവചന ഫലമായിരുന്നു എന്നും തട്ടിമൂളിക്കുന്നവരുണ്ട്.
ഇല്‍ഹാമുകളോ കറാമത്തുകളോ ഒരിക്കലും സംഭവ്യമല്ല എന്നല്ല ഇതിനര്‍ഥം. അവ കൊണ്ടാടാനോ വ്യാപാരവത്കരിക്കാനോ ഉള്ളതല്ല. അവയൊരിക്കലും ദൈവിക വിജ്ഞാനത്തിന്റെ സ്രോതസ്സോ ദൈവസാമീപ്യത്തിന്റെ മാനദണ്ഡങ്ങളോ അല്ല. പ്രവാചകന്മാരെ വെല്ലുന്ന രീതിയിലുള്ള അത്ഭുത സിദ്ധികള്‍ ഇക്കൂട്ടര്‍ക്ക് സംഭവിക്കുകയുമില്ല. അതുപോലെ പഞ്ചേന്ദ്രിയങ്ങള്‍ക്കതീതമായ അദൃശൃ കാര്യങ്ങള്‍ അല്ലാഹു അല്ലാത്ത മറ്റാര്‍ക്കും അറിയുകയില്ല. ''ആകാശങ്ങളിലും ഭൂമിയിലുമുള്ളവരൊന്നും അദൃശ്യ കാര്യങ്ങള്‍ അറിയുകയില്ല. അല്ലാഹു ഒഴികെ'' (അന്നംല് 65). 
ഈ സമുദായത്തിലെ ശ്രേഷ്ഠ നൂറ്റാണ്ട് എന്നത് പ്രവാചകന്റെയും സ്വഹാബത്തിന്റെയും കാലഘട്ടമാണ്. അവരാണ് ഏറ്റവും ഉത്കൃഷ്ടരായ ഔലിയാക്കള്‍. അവരാരും കശ്ഫും കറാമത്തും ഇല്‍ഹാമുമായി നടക്കുന്നവരായിരുന്നില്ല. അതുപോലെ ശരീഅത്തിന്റെ നിയമങ്ങള്‍ സൂക്ഷ്മമായി പാലിക്കുന്നവരേ ഔലിയാക്കളാകൂ. നമസ്‌കാരവും നോമ്പുമൊന്നുമില്ലാതെ ജീവിക്കുന്നവര്‍ 'അല്ലാഹുവിന്റെ ഔലിയാക്കള്‍' ആകില്ല. അവര്‍ പിശാചിന്റെ ഔലിയാക്കളാണ്.

ഖബ്‌റാരാധന
ഖബ്‌റുകള്‍ സന്ദര്‍ശിക്കുകയും മയ്യിത്തിന് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്നത് സുന്നത്താണ്. അത് പരലോക ചിന്ത വളര്‍ത്തുന്നതിനാണെന്നും പ്രവാചകന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഖബ്‌റുകള്‍ കെട്ടിപ്പൊക്കുന്നതും ഖുബ്ബകള്‍ പണിയുന്നതും അവ തീര്‍ഥാടന കേന്ദ്രങ്ങളാക്കുന്നതും ഹറാമാണ്. ജാബിര്‍ (റ) നിവേദനം ചെയ്യുന്നു: ''ഖബ്ര്‍ കുമ്മായമിടുന്നതും അതിന്മേല്‍ ഇരിക്കുന്നതും അതിന്മേല്‍ കെട്ടിടം പണിയുന്നതും നബി തിരുമേനി നിരോധിച്ചു'' (മുസ്‌ലിം, തിര്‍മിദി, അഹ്മദ്).
ശാഫിഈ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതനായ ഇമാം ഇബ്‌നു ഹജറില്‍ ഹൈതമി പറയുന്നത് കാണുക: ''നബി (സ) ഖണ്ഡിതമായി നിരോധിച്ച കാര്യങ്ങള്‍ അനുവദിക്കുമെന്ന് പണ്ഡിതരെക്കുറിച്ച് കരുതാവതല്ല. അതിനാല്‍, ഖബ്‌റിന്മേല്‍ നിര്‍മിച്ച ഖുബ്ബകള്‍ എത്രയും വേഗം പൊളിക്കേണ്ടതാണ്. അവ 'മസ്ജിദുദ്ദിറാറി'നെക്കാള്‍ അപകടകരമാണ്. കാരണം, പ്രവാചകനെ ധിക്കരിച്ചുകൊണ്ടാണ് അവ പടുത്തുയര്‍ത്തിയിരിക്കുന്നത്. ഉയര്‍ന്നു നില്‍ക്കുന്ന ഖബ്‌റുകള്‍ പൊളിക്കാനാണല്ലോ പ്രവാചകന്‍ കല്‍പിച്ചത്. അതുപോലെ ഖബ്‌റിന്മേലുള്ള എല്ലാ വിളക്കുകളും ചങ്ങല ദീപങ്ങളും നീക്കം ചെയ്യണം. അത് വഖ്ഫ് ചെയ്യാനോ നേര്‍ച്ച നേരാനോ പാടില്ല'' (അസ്സവാജിര്‍, വാ 1, പേജ് 149). മാത്രമല്ല, വന്‍ പാപങ്ങള്‍ വിവരിക്കുന്ന തന്റെ പുസ്തകത്തില്‍ 63 മുതല്‍ 67 വരെ നമ്പറുകളായി അദ്ദേഹം എണ്ണിയത്: ഖബ്‌റുകള്‍ സുജൂദിന്റെ സ്ഥലങ്ങളാക്കുക, അതിന്മേല്‍ വിളക്ക് കത്തിക്കുക, അതിനെ ബിംബമാക്കുക, അതിന്റെ ചുറ്റും ത്വവാഫ് ചെയ്യുക, അത് തൊട്ട് മുത്തുക, അതിലേക്ക് തിരിഞ്ഞ് നമസ്‌കരിക്കുക എന്നിവയാണ് (നോക്കുക: അസ്സവാജിര്‍, വാ 1, പേജ് 148).
ചുരുക്കത്തില്‍, മേല്‍ പറഞ്ഞ ശിര്‍ക്കന്‍ ചെയ്തികളില്‍ നിന്ന് മുക്തരായി പരിശുദ്ധ തൗഹീദിന്റെ വക്താവാകുമ്പോഴാണ് ഒരാള്‍ യഥാര്‍ഥ മുസ്‌ലിമാകുന്നത്.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-33-36
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹജ്ജിന്റെ സദ്ഫലങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌