Prabodhanm Weekly

Pages

Search

2022 ജൂലൈ 01

3258

1443 ദുല്‍ഹജ്ജ് 02

ശത്രുത മറന്ന് തുര്‍ക്കിയും സുഊദിയും

ഇതെഴുതുമ്പോള്‍ സുഊദി കിരീടാവകാശി മുഹമ്മദുബ്‌നു സല്‍മാന്‍ ഉഭയകക്ഷി ബന്ധങ്ങള്‍ സാധാരണ നിലയിലാക്കാനുള്ള ചര്‍ച്ചകള്‍ക്കായി തുര്‍ക്കിയിലേക്ക് തിരിച്ചിരിക്കുകയാണ്. പശ്ചിമേഷ്യന്‍ നയതന്ത്ര ബന്ധങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും ഈ സന്ദര്‍ശനം എന്ന് വിലയിരുത്തപ്പെടുന്നു. സുഊദിയിലെ 'അല്‍ ഉലാ'യില്‍ ചേര്‍ന്ന ജി.സി.സി ഉച്ചകോടിയില്‍ വെച്ച് ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം എടുത്തുകളഞ്ഞ ശേഷം ഉപരോധത്തില്‍ പങ്കുചേര്‍ന്ന സുഊദി അറേബ്യ, യു.എ.ഇ, ഈജിപ്ത് എന്നീ രാജ്യങ്ങളുമായി ബന്ധം പൂര്‍വസ്ഥിതിയിലാക്കാനുള്ള കഠിന യത്‌നത്തിലായിരുന്നു തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ചില പശ്ചിമേഷ്യന്‍ രാഷ്ട്രത്തലവന്മാരുമായി വ്യക്തിവൈരാഗ്യത്തോളമെത്തിയ ശത്രുതക്ക് വിരാമമിട്ടുകൊണ്ടാണ് കഴിഞ്ഞ മാസങ്ങളില്‍ ഉര്‍ദുഗാന്‍ അബൂദബിയും രിയാദും സന്ദര്‍ശിച്ചത്. ഇസ്തംബൂളിലെ സുഊദി കോണ്‍സുലേറ്റില്‍ വെച്ച് പ്രമുഖ സുഊദി -അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ജമാല്‍ ഖാശഖ്ജി വധിക്കപ്പെട്ടതാണ് സുഊദി-തുര്‍ക്കി ബന്ധം ഇത്രയേറെ വഷളാക്കിയത്. കുറ്റാരോപിതരായ സുഊദി പൗരന്മാര്‍ക്കെതിരെ തുര്‍ക്കി നിയമനടപടികള്‍ ആരംഭിച്ചതും സുഊദിയെ പ്രകോപിപ്പിച്ചു. ഇതിനെത്തുടര്‍ന്ന് തുര്‍ക്കി ഉല്‍പന്നങ്ങള്‍ക്ക് സുഊദിയില്‍ അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തുകയുണ്ടായി. തന്റെ തത്ത്വാധിഷ്ഠിതമായ മുന്‍ നിലപാടുകളില്‍നിന്ന് ഉര്‍ദുഗാന്‍ മാറാന്‍ തയാറായതാണ് ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിലേക്ക് വഴിവെച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഖാശഖ്ജി കേസ് വിചാരണ സുഊദിയിലേക്ക് മാറ്റാന്‍ ഉര്‍ദുഗാന്‍ സമ്മതിച്ചിട്ടുണ്ട്. ഈജിപ്തുമായുള്ള ചര്‍ച്ചയില്‍, തുര്‍ക്കിയില്‍ രാഷ്ട്രീയാഭയം തേടിയ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നീക്കങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനും ഉര്‍ദുഗാന്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.
എന്തായാലും, രാഷ്ട്രീയത്തില്‍ നിതാന്ത ശത്രുതയില്ല എന്ന പ്രായോഗിക പാഠമാണ് ഇരുപക്ഷവും ഉള്‍ക്കൊണ്ടിരിക്കുന്നത്. തങ്ങള്‍ എന്ത് പ്രശ്‌നങ്ങളുടെ പേരിലാണോ പരസ്പരം അകന്നത്, അവയേക്കാള്‍ വലിയ പ്രശ്‌നങ്ങള്‍ തങ്ങളെ അടിമുടി ചൂഴ്ന്നുനില്‍ക്കുന്നുണ്ടെന്നും ബന്ധം മെച്ചപ്പെടുത്തുന്നതിലൂടെ ആ പ്രശ്‌നങ്ങള്‍ക്ക് കുറെയൊക്കെ പരിഹാരം കാണാനാവുമെന്നുമുള്ള തിരിച്ചറിവും ഇരുപക്ഷത്തെയും വെടിനിര്‍ത്തലിന് പ്രേരിപ്പിച്ചിട്ടുണ്ട്. തുര്‍ക്കിയെ അലട്ടുന്നത് മുഖ്യമായും സാമ്പത്തിക പ്രതിസന്ധി തന്നെയാണ്. തുര്‍ക്കി കറന്‍സിയായ ലീറക്കുണ്ടായ വിലയിടിവ് പണപ്പെരുപ്പത്തെ 70 ശതമാനം വരെ എത്തിച്ചു. ഗള്‍ഫിലെ മാര്‍ക്കറ്റ് നഷ്ടമായതും ഇതിനൊരു കാരണമാണ്. പുതിയ ധാരണ പ്രകാരം ഗള്‍ഫ് മാര്‍ക്കറ്റുകളില്‍ ഇനി തുര്‍ക്കി ഉല്‍പന്നങ്ങള്‍ ധാരാളമായി വന്നിറങ്ങും. തുര്‍ക്കിയില്‍ സുഊദി-യു.എ.ഇ നിക്ഷേപം വര്‍ധിക്കാനും സാധ്യത തെളിഞ്ഞു. തുര്‍ക്കി സമ്പദ്ഘടനയെ എങ്ങനെയെങ്കിലും സ്വന്തം കാലില്‍ നിര്‍ത്തിയേ മതിയാവൂ ഉര്‍ദുഗാന്. അല്ലെങ്കില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമിറക്കുന്ന പൊതു സ്ഥാനാര്‍ഥി(അതിനാണ് സാധ്യത)ക്കെതിരെ അദ്ദേഹത്തിന് നന്നായി വിയര്‍ക്കേണ്ടിവരും.
തുര്‍ക്കിയുമായി ബന്ധം മെച്ചപ്പെടേണ്ടത് സുഊദിയുടെയും യു.എ.ഇയുടെയും കൂടി ആവശ്യമാണ്. പശ്ചിമേഷ്യയില്‍നിന്നുള്ള അമേരിക്കയുടെ പിന്‍മടക്കവും ഇറാനുമായി ആണവായുധ ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള ഒരുക്കങ്ങളുമാണ് ഗള്‍ഫ് രാഷ്ട്രങ്ങളെ ഭയപ്പെടുത്തുന്നത്. തുര്‍ക്കിയുമായുള്ള സ്ട്രാറ്റജിക് സഖ്യം ഇറാനെതിരെ തങ്ങള്‍ക്ക് സൈനികമായ കരുത്ത് പകരുമെന്ന് അവര്‍ കണക്ക് കൂട്ടുന്നു. അസര്‍ബൈജാന്‍-അര്‍മീനിയ യുദ്ധത്തിലും നടന്നുകൊണ്ടിരിക്കുന്ന റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിലും തുര്‍ക്കി വികസിപ്പിച്ചെടുത്ത സായുധ ഡ്രോണുകള്‍ ശത്രുനിരക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറില്‍ ഡ്രോണുകളുടെയും മറ്റു ആയുധങ്ങളുടെയും വില്‍പനയും ഇടം പിടിക്കാന്‍ സാധ്യതയുണ്ട്.
ഒരു പതിറ്റാണ്ടുകാലം തുടര്‍ന്നുവന്ന ശത്രുതാപരമായ സമീപനങ്ങള്‍ കൊണ്ട് ഇരുപക്ഷത്തിനും കാര്യമായ ഗുണമൊന്നുമുണ്ടായില്ല എന്ന നിഗമനവും ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ ഇരുപക്ഷത്തിനും പ്രേരണയായിട്ടുണ്ട്. സുന്നീ ലോകത്തെ പ്രമുഖ ശക്തികളായ സുഊദിയും തുര്‍ക്കിയും തമ്മിലുള്ള പോര് ഇരുപക്ഷത്തെയും തളര്‍ത്തി എന്നു മാത്രമല്ല, നാല് അറബ് തലസ്ഥാനങ്ങളില്‍ അധീശത്വം നേടാന്‍ ഇറാനെ സഹായിക്കുകയും ചെയ്തു. ഇതെല്ലാം, മേഖലയില്‍ ഇറാന്റെ മേധാവിത്വത്തെ ചെറുക്കാന്‍ തുര്‍ക്കിയുടെ സഹായം  അനിവാര്യമാണെന്ന ചിന്തയിലേക്ക് ഗള്‍ഫ് രാഷ്ട്രങ്ങളെ എത്തിക്കുകയായിരുന്നു.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-33-36
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹജ്ജിന്റെ സദ്ഫലങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌