Prabodhanm Weekly

Pages

Search

2022 ജൂലൈ 01

3258

1443 ദുല്‍ഹജ്ജ് 02

ആളുന്ന അഗ്നിപഥ് സംഘി അജണ്ടയിലെ നിഗൂഢതകള്‍

എ.ആര്‍

പതിനേഴ് വയസ്സായ കുട്ടികളെ പട്ടാളത്തിലെടുത്തു അവര്‍ക്ക് ഹ്രസ്വകാല പരിശീലനം നല്‍കി നാല് വര്‍ഷക്കാലം സൈനിക സേവനത്തിന് നിയോഗിക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ ദേശീയ തലത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന അക്രമാസക്തമായ പ്രക്ഷോഭങ്ങള്‍ റെയില്‍ ഗതാഗതം തടസ്സപ്പെടുത്തി വ്യാപകമായി തുടരുകയാണ്. തീവണ്ടികള്‍ക്ക് തീകൊളുത്തിയും തീവണ്ടിയാപ്പീസുകള്‍ നശിപ്പിച്ചും തൊഴില്‍ രഹിതരായ യുവാക്കള്‍ ദല്‍ഹി, ബീഹാര്‍, ബംഗാള്‍, ഹരിയാന, തെലങ്കാന മുതലായ സംസ്ഥാനങ്ങളില്‍ വന്‍നാശനഷ്ടങ്ങള്‍ വരുത്തി. യുവാക്കളുടെ പ്രതിഷേധാഗ്നി തണുപ്പിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടികളില്‍ വയസ്സ് ദീര്‍ഘിപ്പിക്കാനും ട്രെയ്‌നികള്‍ക്ക് ബിരുദ പഠനത്തിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും, പരിശീലനാനന്തരം പുറത്തു വരുന്നവര്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുമുള്ള തീരുമാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അഗ്നിവീരന്മാര്‍ ആവേണ്ടവരുടെ കൂടുതല്‍ ആനുകൂല്യങ്ങള്‍ ഇനിയും കൂട്ടാനാണ് സാധ്യത. ഇപ്പോള്‍ പ്രഖ്യാപിച്ച 30,000 രൂപ ശമ്പളവും പിരിയുമ്പോള്‍ ലഭിക്കുന്ന 11 ലക്ഷം രൂപയും നികുതിക്ക് വിധേയമല്ലെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. റിക്രൂട്ട്‌മെന്റ് തീയതികളും മൂന്ന് സേനാവിഭാഗങ്ങളും അറിയിച്ചു കഴിഞ്ഞു. പക്ഷേ, പ്രഖ്യാപിക്കപ്പെട്ട ആനുകൂല്യങ്ങളൊന്നും തൊഴില്‍രഹിതരായ യുവ പ്രക്ഷോഭ നിരയെ തൃപ്തിപ്പെടുത്തിയിട്ടില്ല. രണ്ട് വര്‍ഷമായി മുടങ്ങിക്കിടക്കുന്ന ആര്‍മി റിക്രൂട്ട്‌മെന്റ് നേരെ ചൊവ്വെ പുനരാരംഭിക്കണമെന്നാണ് അവരുടെ മുഖ്യാവശ്യം. ഹ്രസ്വകാല റിക്രൂട്ട്‌മെന്റില്‍ തെരഞ്ഞെടുക്കപ്പെടുന്നവരില്‍ 25 ശതമാനത്തെ സ്ഥിരപ്പെടുത്തുമെന്ന വാഗ്ദാനം കൊണ്ട് അവര്‍ അടങ്ങിയിട്ടില്ല. ബാക്കി 75 ശതമാനത്തിന് മറ്റു ജോലികളില്‍ നടപ്പാക്കുന്ന 10 ശതമാനം സംവരണം പ്രശ്‌നപരിഹാരമാവില്ല എന്നാണവരുടെ പ്രതികരണം. രാഷ്ട്രീയ പാര്‍ട്ടികളുടെയോ തൊഴിലാളി സംഘടനകളുടെയോ പിന്‍ബലമില്ലാതെ സംസ്ഥാനങ്ങളിലെ തൊഴില്‍രഹിതരായ യുവാക്കള്‍ മാത്രം തെരുവിലിറങ്ങി ആളിക്കത്തിച്ച സമരം കോണ്‍ഗ്രസ്സ് അടക്കമുള്ള പ്രതിപക്ഷകക്ഷികള്‍ കൂടി ഏറ്റെടുത്തതോടെ പൂര്‍വാധികം ശക്തിപ്പെടുമെന്ന അഭ്യൂഹം പക്ഷേ അല്‍പായുസ്സാവാനാണ് സാധ്യത. പ്രക്ഷോഭത്തില്‍ പങ്കാളികളായവരെ റിക്രൂട്ട്‌മെന്റില്‍ പരിഗണിക്കില്ലെന്ന സര്‍ക്കാര്‍ ഭീഷണി ഫലിക്കില്ലെന്ന് ഉറപ്പിച്ചുകൂടാ.
പ്രക്ഷോഭകരുടെ ജീവല്‍ പ്രശ്‌നം അതിരൂക്ഷമായ തൊഴിലില്ലായ്മയാണെന്ന് വ്യക്തം. കാരണം, കഴിഞ്ഞ നാല് പതിറ്റാണ്ടുകളില്‍ അഞ്ചുകോടി മുപ്പത്‌ലക്ഷം വിദ്യാസമ്പന്നരാണ് തൊഴിലില്ലായ്മയുടെ ഇരകളായി വലയുന്നത് എന്ന് കണക്കുകള്‍ കാണിക്കുന്നു. ഏറ്റവും വലിയ തൊഴില്‍ ദാതാവ് എന്ന് പറയാവുന്ന റെയില്‍വെയില്‍ 35,251 ഒഴിവുകളിലേക്ക് 1.25 കോടി അപേക്ഷകരാണ് ക്യൂ നില്‍ക്കുന്നതെന്ന് പറഞ്ഞാല്‍ പ്രശ്‌നത്തിന്റെ രൂക്ഷത അനുമാനിക്കാവുന്നതേയുള്ളൂ. വിവിധ തൊഴിലുകളില്‍ വൈദഗ്ധ്യം നേടിയവര്‍ ഉള്‍പ്പെടുന്നതാണ് അഞ്ചര കോടി. 80 ലക്ഷം സ്ത്രീകളുമുണ്ട് കൂട്ടത്തില്‍. ഇവര്‍ക്കെല്ലാം തൊഴില്‍ നല്‍കാന്‍ സൈനിക റിക്രൂട്ട്‌മെന്റ് എത്ര കുറ്റമറ്റതാക്കിയാലും സാധ്യമല്ലെന്ന് വ്യക്തം. അതില്‍ സര്‍ക്കാറിന്റെ മൗലിക നയംമാറ്റം തന്നെ വേണ്ടിവരും. പ്രതിവര്‍ഷം രണ്ട് കോടി യുവാക്കള്‍ക്ക് ജോലി വാഗ്ദാനം ചെയ്താണ് മോദി അധികാരത്തിലേറിയതെന്നോര്‍ക്കണം. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് കാലാകാലങ്ങളില്‍ സ്ഥാപിച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ അദാനി, അംബാനി, ടാറ്റ മുതല്‍ കമ്പനികള്‍ക്ക് പതിച്ചുകൊടുക്കുന്നതടക്കമുള്ള നയങ്ങള്‍ തകൃതിയായി നടക്കുമ്പോള്‍ തൊഴിലില്ലായ്മ അപരിഹാര്യമായി തുടരുകയേ ചെയ്യൂ. കോര്‍പ്പറേറ്റുകള്‍ക്കും തൊഴിലാളികള്‍ അനുപേക്ഷ്യമാണെന്നത് ശരി തന്നെ. പക്ഷേ, എണ്ണം പരമാവധി കുറച്ചു തൊഴില്‍ സമയം ആവോളം ദീര്‍ഘിപ്പിച്ച് വേതനം കഴിയുന്നത്ര വെട്ടിക്കുറച്ചാണ് കുത്തക മുതലാളിമാര്‍ ലാഭമുണ്ടാക്കുന്നതെന്ന ലളിതസത്യം അറിയാത്തവരുണ്ടോ? ബജറ്റില്‍ സര്‍വകാല റിക്കാര്‍ഡായ അഞ്ചരലക്ഷം കോടി പ്രതിരോധത്തിനായി നീക്കിവെച്ചതും സൈനികരുടെ എണ്ണം കൂട്ടാനല്ല, ആയുധങ്ങള്‍ വിദേശങ്ങളില്‍നിന്ന് സംഭരിക്കാനാണ്. ചുരുക്കത്തില്‍, പ്രഖ്യാപിത അഗ്നിപഥ് പദ്ധതിയുടെ പ്രധാന ലക്ഷ്യം തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുകയല്ല. പരിമിത പരിശീലനം മാത്രം ലഭിച്ച ജവാന്മാര്‍ നമ്മുടെ പ്രതിരോധ ശേഷി കൂട്ടുകയില്ലെന്നും സൈനിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ലോകത്തിലെ സൈനിക ശക്തികളില്‍ രണ്ടാമത്തേതായ ചൈനയോട് കിടപിടിക്കുക എന്നതാണ് ഇന്ത്യന്‍ പ്രതിരോധ സന്നാഹങ്ങളുടെ ഉന്നമെങ്കില്‍ അതിനും സഹായകമാവില്ല കൗമാരക്കാരുടെ ഹ്രസ്വകാല സൈനിക പരിശീലന-സേവന പദ്ധതി. ഈ പ്രാഥമിക സത്യങ്ങളൊക്കെ അവഗണിച്ചുകൊണ്ട് അഗ്നിപഥ് പദ്ധതിയുമായി മോദി സര്‍ക്കാര്‍ മുന്നോട്ടുപോവാന്‍ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ പിന്നില്‍ മറ്റു നിഗൂഢ ലക്ഷ്യങ്ങള്‍ അന്വേഷിക്കേണ്ടി വരും.
നിലവിലെ സൈനിക ബജറ്റില്‍ ഗണ്യമായ ഭാഗം മുന്‍ സൈനികരുടെ പെന്‍ഷനു വേണ്ടിയാണ് വിനിയോഗിക്കേണ്ടിവരുന്നതെന്ന വസ്തുതയാണ്, പെന്‍ഷനോ മറ്റാനുകൂല്യങ്ങളോ ഇല്ലാത്ത അഗ്നിപഥ് പരിപാടിക്ക് സര്‍ക്കാരിനെ നിര്‍ബന്ധിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പക്ഷേ, പ്രതിരോധമന്ത്രാലയം അത് നിരാകരിക്കുന്നു. ഹ്രസ്വകാലത്തേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നവരില്‍ നാലില്‍ ഒരു ഭാഗത്തെ റഗുലര്‍ ആര്‍മിയില്‍ ഉള്‍ച്ചേര്‍ക്കുമെന്നിരിക്കെ ചെലവുകള്‍ കൂടുകയല്ലാതെ കുറയില്ല എന്നാണ് വാദം. ഇപ്പോള്‍ തന്നെ ആനുപാതികമായി ലോകത്തിലേറ്റവുമധികം സൈനിക ബജറ്റുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ എന്നിരിക്കെ സൈനിക ചെലവുകള്‍ ഇനിയും വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായ രാജ്യത്തെ പ്രതിസന്ധിയിലാഴ്ത്തും. അതിനാല്‍, അഗ്നിപഥ് പദ്ധതി ചെലവ് കൂട്ടുകയേ ഉള്ളൂ എന്ന അവകാശവാദം മുഖവിലക്കെടുക്കാന്‍ വയ്യ. സൈനിക ശക്തി വര്‍ധിപ്പിക്കുന്നതിലോ പട്ടാളത്തെ നവീകരിക്കുന്നതിലോ എതിര്‍പ്പുള്ളവരല്ല പ്രക്ഷോഭരംഗത്തുള്ള യുവാക്കള്‍. സുസ്ഥിര നിയമനവും തന്മൂലം ലഭിക്കേണ്ട ആനുകൂല്യങ്ങളും തടയപ്പെടുന്നതിലാണ് അവര്‍ക്ക് ആശങ്ക. യഥാര്‍ഥ ലക്ഷ്യം നിഗൂഢമാണെന്ന സംശയം ബലപ്പെടുന്നത് ഈ സാഹചര്യത്തിലാണ്. ഇന്ത്യാ മഹാരാജ്യത്തെ സമ്പൂര്‍ണമായി തീവ്രഹിന്ദുത്വ ദേശീയ വാദികളുടെ കൈകളിലേല്‍പ്പിക്കുന്നതിനുള്ള ആസൂത്രിത നീക്കമാണ് പിന്നിലെന്ന് പലരും സംശയിക്കുന്നു. സൈനികവത്കൃതമായ ഒരു ഹിന്ദു ഇന്ത്യ എന്ന ആര്‍.എസ്.എസിന്റെ ചിരകാല സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഉചിതമായ സന്ദര്‍ഭം ഇത് തന്നെ എന്നവര്‍ കണക്ക്കൂട്ടുന്നു. മോദി ഭരണത്തിന്റെ രണ്ടാമൂഴത്തില്‍ ഒന്നൊന്നായി പൂര്‍ത്തീകരിക്കപ്പെടുന്ന സംഘി അജണ്ട അത്തരമൊരു ധാരണയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ഉപപ്രധാന മന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അയച്ച ഒരു സര്‍ക്കുലറില്‍ മുസ്‌ലിംകളെ പട്ടാളത്തില്‍ റിക്രൂട്ട് ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയതായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. പിന്നീടത് ഒരിക്കലും റദ്ദാക്കപ്പെടുകയുമുണ്ടായില്ല, കര്‍ശനമായി നടപ്പാക്കിയിരുന്നുമില്ല. മുലായം സിംഗ് യാദവ് രാജ്യരക്ഷാ മന്ത്രിയായിരുന്നപ്പോള്‍ ആര്‍മിയില്‍ മുസ്‌ലിം അനുപാതം ഒന്നരശതമാനം മാത്രമാണെന്ന് വെളിപ്പെടുത്തിയിരുന്നു. പില്‍ക്കാലത്ത് മന്‍മോഹന്‍ സിംഗ് സ്വതന്ത്ര ഇന്ത്യയില്‍ 50 വര്‍ഷത്തെ മുസ്‌ലിം സ്ഥിതിയെപ്പറ്റി പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തിയ ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ സമിതി, പ്രതിരോധ വകുപ്പിനോട് പട്ടാളത്തില്‍ മുസ്‌ലിം അനുപാതം എത്രയെന്ന് അന്വേഷിച്ചെങ്കിലും മറുപടി ലഭിക്കുകയുണ്ടായില്ല. മാറിയ സാഹചര്യത്തില്‍ സ്ഥിതി മോശമാവാനേ സാധ്യതയുള്ളൂതാനും. സംഘി ഭരണകൂടത്തിന്റെ അജണ്ട വ്യക്തമാണെന്നിരിക്കെ പൗരത്വം സംശയാസ്പദമാക്കപ്പെടുന്ന മത ന്യൂനപക്ഷത്തില്‍നിന്ന് പ്രതിരോധ സേനയെ തീര്‍ത്തും മുക്തമാക്കുന്നതോടൊപ്പം സമ്പൂര്‍ണമായി ഹിന്ദുത്വ വല്‍ക്കരിക്കപ്പെട്ട പട്ടാളം മോദി സര്‍ക്കാറിന്റെ മുന്‍ഗണനാ ക്രമങ്ങളില്‍ സ്ഥലം പിടിക്കാവുന്നതേയുള്ളൂ. ഒപ്പം തന്നെ മിലിട്ടന്റ് ഇന്ത്യ എന്ന ഫാഷിസ്റ്റ് മോഹവും ഘട്ടംഘട്ടമായി സൈനികവത്കൃത യുവശക്തിയെ വാര്‍ത്തെടുക്കുന്ന പരിപാടിക്ക് പിന്നിലുണ്ടാവാനാണ് സാധ്യത.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-33-36
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹജ്ജിന്റെ സദ്ഫലങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌