Prabodhanm Weekly

Pages

Search

2022 ജൂലൈ 01

3258

1443 ദുല്‍ഹജ്ജ് 02

ഇസ്‌ലാമോഫോബിയയും ക്രൈസ്തവ സമൂഹവും

ഫാ. ഡോ. വൈ.ടി വിനയരാജ്

പുനര്‍വായന
 

ബന്ധുത്വത്തിന്റെ ഇഴകള്‍ വളരെയേറെ ഉണ്ടെങ്കിലും ഉത്ഭവകാലം  മുതല്‍ക്കുതന്നെ ഇസ്‌ലാം മതവും ക്രിസ്തുമതവും തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നതായി ചരിത്രം പഠിക്കുന്നവര്‍ക്ക് മനസ്സിലാക്കാവുന്നതാണ്. സെമിറ്റിക് പാരമ്പര്യവും ആധുനിക ഘടന കൃത്യമായി സ്വാംശീകരിച്ചെടുത്തതുമൊക്കെ കാരണമായി പറയാമെങ്കിലും സാമ്രാജ്യത്വ രാഷ്ട്രീയ താല്‍പര്യങ്ങള്‍ തന്നെയാണതിന്റെ പിന്നിലുള്ളതെന്നു നിസ്സംശയം പറയാം. എന്നാല്‍, മറുവശത്തും നൈതികതയുടെ പ്രവാചക സംസ്‌കൃതി ആഗോള വ്യാപകമായി നിര്‍മിച്ചെടുത്തതില്‍ ഈ രണ്ട് മതങ്ങള്‍ക്കും ഉള്ള പങ്ക് വളരെ വ്യക്തവുമാണ്. ക്രൈസ്തവ ദൈവശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയില്‍ അത് ഞാന്‍ ഏറ്റവും വിലമതിക്കുന്ന കാര്യവുമാണ്. പക്ഷേ, ഈ അടുത്ത കാലത്തായി ക്രൈസ്തവരുടെ ഇടയില്‍ പ്രത്യേകിച്ചും കേരള ക്രൈസ്തവ സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ഇസ്‌ലാമോഫോബിയ അഥവാ മുസ്‌ലിം വിരുദ്ധത മതപഠനങ്ങളെ ഗൗരവമായി കാണുന്നവര്‍ ആഴത്തില്‍ വിശകലനം ചെയ്യുകയും വിലയിരുത്തുകയും ചെയ്യേണ്ടതുണ്ട്.

ശത്രുതയുടെ ചരിത്ര പാഠങ്ങള്‍
സെമിറ്റിക് മതങ്ങളായ യൂദ മതത്തിനും ക്രിസ്തുമതത്തിനും ഇസ്‌ലാം മതത്തിനും സ്ഥല സംബന്ധവും മതഗ്രന്ഥ സംബന്ധവുമായ ഒട്ടേറെ ബന്ധങ്ങളുണ്ട്. മെഡിറ്ററേനിയന്‍ പ്രദേശവും സംസ്‌കൃതിയും മരുഭൂ പ്രകൃതിയും ഈ മതങ്ങളുടെ അനുഷ്ഠാന ക്രമങ്ങളെ കൃത്യമായി സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍, മതഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിലുള്ള ബന്ധുത്വമാണതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. യൂദ മതമാണ് ആദ്യം ഉണ്ടായത്. ഇപ്പോഴത്തെ ബൈബിളിന്റെ ആദ്യ ഭാഗമായ മോശയുടെ നിയമപുസ്തകങ്ങളും പ്രവാചക പുസ്തകങ്ങളുമടങ്ങുന്ന എബ്രായ പാഠങ്ങളാണ് യൂദമതത്തിനാധാരം. മനുഷ്യ സംസ്‌കൃതിയെ പരിപോഷിപ്പിച്ച ഒട്ടനവധി നൈതിക പാഠങ്ങള്‍ യൂദമതം സംഭാവന ചെയ്തിട്ടുണ്ട്. എന്നാല്‍, നാലാം നൂറ്റാണ്ടോടു കൂടി ക്രിസ്തുമതവും ഏഴാം നൂറ്റാണ്ടോടുകൂടി ഇസ്‌ലാം മതവും രാഷ്ട്രീയ അധികാര ഘടനയില്‍ കൂടുതല്‍ ശക്തമായ സാഹചര്യത്തില്‍ യൂദമത തത്ത്വചിന്തകള്‍ കൂടുതല്‍ ദേശീയവും വംശീയവുമായി മാറുന്നത് കാണാം. യൂദവംശമാണ് യഥാര്‍ഥ ദൈവജനമെന്നും ദൈവിക ഉടമ്പടിയുടെ ഭാഗമായി ലഭിച്ച ഇസ്രയേല്‍ തിരിച്ചുപിടിക്കേണ്ടതുണ്ടെന്നുമുള്ള പഠനങ്ങള്‍ ഇന്ന് സയണിസത്തിലാണ് എത്തിനില്‍ക്കുന്നതെന്ന് യിസ്രെയേല്‍- പലസ്തീന്‍ സംഘര്‍ഷ പശ്ചാത്തലത്തില്‍ നമുക്ക് മനസ്സിലാക്കാനാവും.
യൂദമതത്തില്‍നിന്ന് ഉത്ഭവിക്കുന്ന ക്രിസ്തുമതവും യേശുപ്രസ്ഥാനത്തിന്റെ വെളിച്ചത്തില്‍ ഒരു പുതിയ മാനവ സംസ്‌കൃതി തന്നെയാണ് ലക്ഷ്യമാക്കുന്നത്. എന്നാല്‍, നാലാം നൂറ്റാണ്ടില്‍ രൂപപ്പെടുത്തിയ സാമ്രാജ്യത്വ ബന്ധം ക്രിസ്തുമതത്തെയും ഒരു അധികാരഘടന ആക്കുകയാണ് ചെയ്തത്. യൂദമതവുമായി മാത്രമല്ല, ഇസ്‌ലാം മതവുമായും ക്രിസ്തുമതം സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നുണ്ട്. കുരിശുയുദ്ധങ്ങളുടെ ചരിത്രം അതാണ് നമ്മെ പഠിപ്പിക്കുന്നത്. ഏക ദൈവ വിശ്വാസവും അബ്രഹാമിക് പാരമ്പര്യവും നിയമ ഗ്രന്ഥമായി മാറിയ മതഗ്രന്ഥവും ഒക്കെ മാത്രമല്ല, സാമ്രാജ്യത്വ-അധികാര താല്‍പര്യങ്ങളും ഈ മതങ്ങള്‍ തമ്മിലുള്ള അകലം വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്. സങ്കുചിത ദേശീയതയും വംശീയതയും ആധിപത്യ സാമ്പത്തിക അധികാര ഘടനകളും ഇവ രൂപപ്പെടുത്തിയത് മൗലികവാദപരമായ മതഗ്രന്ഥ വായനയിലൂടെയും, അടഞ്ഞ മതാചാര പ്രയോഗങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും നിര്‍മിതിയിലൂടെയുമാണ്. ആധുനിക മതക്രമങ്ങളായി, ഘടനകളായി ഇവ പരിവര്‍ത്തിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഈ ദുരന്തം ഈ മതങ്ങള്‍ക്ക് സംഭവിക്കുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും രൂപപ്പെടുന്ന ആഗോള രാഷ്ട്രീയം പ്രസ്തുത സംഘര്‍ഷത്തിന് ആക്കം കൂട്ടുന്നുണ്ട്. ആറ് വന്‍കരകളിലായി വ്യാപിച്ചു കിടക്കുന്ന ക്രൈസ്തവ മതവും, മധ്യപൗരസ്ത്യ നാടുകളില്‍നിന്ന് ആഫ്രിക്കന്‍-ഏഷ്യന്‍ വന്‍കരകളിലേക്കും ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന ഇസ്‌ലാം മതവും തമ്മില്‍ ഉണ്ടായ സംഘര്‍ഷം മതപരം മാത്രമല്ല രാഷ്ട്രീയപരം കൂടിയാണ്. അമേരിക്കയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും മറുവശത്തുമായി നിന്ന് ആഗോള രാഷ്ട്രീയം നിയന്ത്രിക്കുന്നതില്‍ മതപരവും സാമ്പത്തികവും രാഷ്ട്രീയവുമായ കാര്യങ്ങളുണ്ട്. അമേരിക്കയുടെ ഭീകരവിരുദ്ധ യുദ്ധങ്ങള്‍ തുടങ്ങി തുര്‍ക്കിയിലെ ഹഗ്ഗിയ സോഫിയയെക്കുറിച്ചുള്ള തര്‍ക്കത്തില്‍ വരെ എത്തിനില്‍ക്കുന്ന സംഘര്‍ഷത്തെ ഈ മത-സാമ്പത്തിക-രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലാണ് നാം മനസ്സിലാക്കേണ്ടത്. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള അന്തരം കൃത്യമായി പാലിക്കുന്നതുകൊണ്ടും അവിശ്വാസികളെ വിശ്വാസികളാക്കാനുള്ള ശ്രമം മതപരമായ ബാധ്യതയായി കാണുന്നതുകൊണ്ടും ഈ മതങ്ങള്‍  തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഒരു തുടര്‍ക്കഥയായി തുടരുന്നു. എന്നാല്‍, ഇവ പങ്കുവെക്കാന്‍ ശ്രമിക്കുന്ന നൈതിക ചിന്തകള്‍ മാനവ സംസ്‌കൃതിയുടെ വിമോചന സൂത്രങ്ങളാണ് എന്നുള്ളതാണിതിലെ വൈരുധ്യം.

സമകാലിക ഇന്ത്യന്‍ പശ്ചാത്തലം
സമകാലിക ഇന്ത്യന്‍ പശ്ചാത്തലം മതവൈരത്തിന്റെതും മതവിദ്വേഷത്തിന്റെതും ആണ്. ഇവിടെ ഇന്ന് നടക്കുന്നത് വര്‍ഗീയ സാമൂഹിക ബോധത്തിന്റെ വ്യാപകമായ നിര്‍മിതിയാണ്. ഏറെ കൊട്ടിഘോഷിക്കപ്പെട്ട മത സഹിഷ്ണുതയും ഉള്‍ക്കൊള്ളലിന്റെ സാംസ്‌കാരിക ഘടനയും പൊള്ളയായിരുന്നുവെന്ന് നാമിന്നു വ്യക്തമായി മനസ്സിലാക്കുന്നു. മത ന്യൂനപക്ഷ വിരുദ്ധതയും വിദ്വേഷവും ദേശീയ സംസ്‌കൃതിയായി മാറിയിരിക്കുന്ന ഈ കാലത്തിനു മുമ്പേതന്നെ ഈ നാട്ടിലെ അടിസ്ഥാന സമൂഹങ്ങള്‍ ഇത് വ്യക്തമാക്കിയതാണ്. പക്ഷേ, അവരാണാദ്യം ദേശദ്രോഹികളായത്. സംഘ് പരിവാറിന്റെ എഴുതപ്പെട്ട ഹിന്ദുത്വ രാഷ്ട്രീയ പാഠപുസ്തകങ്ങളില്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകളും മാത്രമാണ് അപരവത്കരിക്കപ്പെട്ടതെങ്കില്‍ ഏറ്റവും ആദ്യം പുറത്താക്കപ്പെട്ട സമൂഹം ഈ നാട്ടിലെ ആദിവാസികളും ദലിതരും പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളുമാണ്. അതുകൊണ്ടാണ് ബുദ്ധനും മാര്‍ക്‌സും അംബേദ്കറും പ്രവാചക മതങ്ങളും ഒത്തുചേരുന്ന ബദല്‍ ദേശീയ രാഷ്ട്രീയവും മത സംസ്‌കൃതിയും സമകാലിക ഇന്ത്യയില്‍ അത്യന്താപേക്ഷിതമാകുന്നത്. പക്ഷേ, അപ്രകാരമൊരു ബദല്‍ രാഷ്ട്രീയം അസാധ്യമാക്കാനുള്ള സംഘ് പരിവാര്‍ ശ്രമങ്ങളെ തിരിച്ചറിയാന്‍ നമുക്ക് സാധിക്കാതെ പോകുന്നുവെന്നതാണ് ഏറെ ദുഃഖകരം. ഇവിടെ ഏറ്റവുമധികം വിമര്‍ശന വിധേയമാകുന്നത് ക്രൈസ്തവ സമൂഹങ്ങളാണ്.
ഇന്ത്യന്‍ ക്രൈസ്തവരില്‍ ചില പ്രബല സമൂഹങ്ങളെ കൂടെ നിര്‍ത്താന്‍ സംഘ് പരിവാര്‍ ശക്തികള്‍ക്ക് സാധിച്ചിട്ടുണ്ട്. ഏകമുഖാത്മകവും വംശീയവുമായ സ്വത്വബോധ്യങ്ങള്‍ നിര്‍മിച്ചുകൊണ്ടാണത് സാധ്യമാക്കുന്നത്. മേലാള ഹൈന്ദവ സ്വത്വബോധം അയവിറക്കുന്ന കേരളത്തിലെ പ്രബല ക്രൈസ്തവ സഭാ സമൂഹങ്ങളെ ചൂണ്ടയിട്ട് പിടിക്കാന്‍ സംഘ് പരിവാരങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട് എന്നത് വാസ്തവമാണ്. ഉല്‍പതിഷ്ണുക്കളായ ധാരാളം ആളുകള്‍ ഈ സഭാസമൂഹങ്ങളില്‍ വ്യത്യസ്തരായി നിലകൊള്ളുന്നുണ്ട് എന്ന് സമ്മതിക്കുമ്പോഴും അവരുള്‍ക്കൊള്ളുന്ന സഭാധികാര ഘടന സംഘ് പരിവാര്‍ ശക്തികളോട് ഒളിഞ്ഞും തെളിഞ്ഞും ബാന്ധവത്തിലേര്‍പ്പെടുന്നത് കൃത്യമായി വിമര്‍ശിക്കപ്പെടുന്നില്ല. കേരളത്തില്‍, ലൗ ജിഹാദെന്നും നാര്‍ക്കോട്ടിക്ക് ജിഹാദെന്നുമൊക്കെ പറഞ്ഞ് സംഘ് പരിവാര്‍ അജണ്ട ഏറ്റെടുക്കുന്ന പ്രസ്തുത സഭകള്‍ പൊതുവെ ഇന്ത്യയിലെമ്പാടും ഇന്ന് വംശഹത്യയുടെ വക്കില്‍ നില്‍ക്കുന്ന മുസ്‌ലിംകളോട് കാണിക്കുന്ന സമീപനം അപലപനീയമാണ്. ഒരുപക്ഷേ, അധികാരസ്ഥാനങ്ങളോട് വിലപേശിനിന്ന് സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാനോ നേട്ടങ്ങള്‍ കൊയ്യാനോ കുംഭകോണങ്ങള്‍ മറയ്ക്കാനോ ഉള്ള ശ്രമങ്ങളായിരിക്കാം. എന്നാല്‍, അതിനുമപ്പുറം ഇസ്‌ലാം നാമധാരികളായ സാംസ്‌കാരിക പ്രവര്‍ത്തകരോടും ചലച്ചിത്ര പ്രവര്‍ത്തകരോടും ഒക്കെ പുലര്‍ത്തുന്ന വൈരനിര്യാതന സമീപനം ഗൗരവമായ പരിശോധന അര്‍ഹിക്കുന്നുണ്ട്. ഈ അടുത്ത സമയത്ത് 'ഭീഷ്മപര്‍വം' എന്ന സിനിമയുമായി ബന്ധപ്പെട്ടു ചില ക്രൈസ്തവ സഭാ പുരോഹിതന്മാരില്‍നിന്നുണ്ടായ വംശീയ പരാമര്‍ശങ്ങള്‍ തികച്ചും അപലപനീയമാണ്. ഇതെല്ലാം ചെയ്യുന്നത് കേരളത്തിലെ വ്യത്യസ്തവും വൈവിധ്യപൂര്‍വവുമായ ക്രൈസ്തവ വിഭാഗങ്ങളുടെ ചെലവിലാണ് എന്നോര്‍ക്കുമ്പോള്‍ ആ ബാധ്യത ഇനി ഈ സ്വാര്‍ഥ സമൂഹങ്ങള്‍ ഏറ്റെടുക്കേണ്ടതില്ല എന്ന് പറയുന്നതിന് കേരളത്തിലെ ഒരു ക്രൈസ്തവ വിശ്വാസി എന്ന നിലയില്‍ എനിക്ക് മടിയില്ല.

ഇവിടെ അനിവാര്യമായിരിക്കുന്നത്
ചില പ്രബല സമൂഹങ്ങളുടെ മുസ്‌ലിംവിരുദ്ധ സമീപനങ്ങള്‍ സംഘ് പരിവാര്‍ അജണ്ടയുമായി ചേര്‍ന്നു പോകുന്നത് തന്നെയാണ് എന്ന് തിരിച്ചറിഞ്ഞ് അവരെ തിരുത്താന്‍ തയാറാവുക എന്നതുതന്നെയാണ് ഇവിടെ അനിവാര്യമായിരിക്കുന്നത്. ക്രൈസ്തവ മതഗ്രന്ഥമോ യേശു ക്രിസ്തുവോ ക്രൈസ്തവ നൈതിക ചിന്തകളോ അതിനെ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും സങ്കുചിത പാഠങ്ങളും ആചാരങ്ങളും നിര്‍മിച്ചെടുത്ത് സാമൂഹിക അധികാരത്തിനുള്ള കുറുക്കുവഴിയായി ക്രൈസ്തവ മതബോധത്തെ സാമുദായികമായി ദുരുപയോഗപ്പെടുത്തുന്നത് ന്യായീകരിക്കാനാവില്ല. ദുര്‍ബല സമൂഹങ്ങളുടെ പേരു പറഞ്ഞ് സ്വാര്‍ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള പ്രബല സമൂഹങ്ങളുടെ സങ്കുചിത രാഷ്ട്രീയത്തെ, പുരോഗമന മതദര്‍ശനങ്ങള്‍ ഉള്ളില്‍ സൂക്ഷിക്കുന്ന എല്ലാവരും ചേര്‍ന്ന് ചെറുക്കേണ്ടതുണ്ട്. ഇതാണ് കാലം കാത്തിരിക്കുന്ന ക്രൈസ്തവ നവീകരണം. മത-സാമുദായിക വിദ്വേഷ പ്രചാരണങ്ങള്‍ കൊടുമ്പിരിക്കൊള്ളുന്ന ഈ കാലത്ത് എന്താണ്, ഏതാണ്, എന്താവണം യഥാര്‍ഥ ക്രിസ്തീയത എന്ന് ചിന്തിക്കുന്നതാണ് നവീകരണം. ബലഹീനന്റെ പക്ഷം ചേരുന്ന ക്രൂശിതന്റെ രാഷ്ട്രീയം ഇന്ന് മത-സാമുദായിക താല്‍പര്യങ്ങള്‍ക്കുള്ളില്‍ അട്ടിമറിക്കപ്പെടുന്നുണ്ടെങ്കില്‍ ആരാണിതിന് സമാധാനം പറയുക?
ഇസ്‌ലാമോഫോബിയ അതിരൂക്ഷമായിരിക്കുന്ന ഈ കാലഘട്ടത്തില്‍ ജഹാന്‍ഗീര്‍പുരിയും കര്‍ണാടകയും മാംസ ഭക്ഷണവും ഹിജാബും ഒക്കെ നമ്മുടെ മുന്നില്‍ വരച്ചിടുന്ന വംശീയതയുടെ രാക്ഷസീയതയെ തുറന്നെതിര്‍ക്കാതെ, മുസ്‌ലിം മത സമൂഹങ്ങളെ ശത്രുപക്ഷത്തു നിര്‍ത്തുന്ന ക്രൈസ്തവ മത ചിന്തയെ ക്രിസ്തുവിശ്വാസി സമൂഹം തിരുത്തേണ്ടതുണ്ട്. ഇത് ക്രിസ്തീയമല്ല എന്ന് ഉറക്കെ പറയേണ്ടതുണ്ട്. ക്രൈസ്തവരിലെ തന്നെ ഒട്ടനവധി മനുഷ്യാവകാശ പ്രവര്‍ത്തകരും നിയമ-ജുഡീഷ്യറി മേഖലകളില്‍ പ്രവര്‍ത്തിച്ചു ഖ്യാതി നേടി അന്താരാഷ്ട്ര കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും, എന്തിനേറെ പേരുകേട്ട ധ്യാന ചിന്തകരുമൊന്നും പക്ഷേ, സംഘ് പരിവാറിന്റെ ഈ വിദ്വേഷ രാഷ്ട്രീയം കാണുന്നേയില്ല. അവരുടെ ഉള്‍ക്കാഴ്ചയും കാവിമയമായോ എന്ന് ആശ്ചര്യപ്പെടുകയാണ്! സംഘ് പരിവാറിന്റെ വിദ്വേഷ അജണ്ടയെ പ്രതിരോധിക്കാത്ത ഏതൊരു ക്രൈസ്തവ സാക്ഷ്യവും ഇന്ന് ക്രിസ്തുവിരുദ്ധവും അധാര്‍മികവുമാണ് എന്ന് പറയാതെ വയ്യ. സ്‌നേഹത്തിന്റെയും ഉള്‍ക്കൊള്ളലിന്റെയും വേദപുസ്തക പാഠങ്ങളും പ്രയോഗങ്ങളും ബോധപൂര്‍വം സൃഷ്ടിക്കുക, ദുര്‍ബല മനുഷ്യരുടെ വിമോചന പ്രവര്‍ത്തനങ്ങളില്‍ ഒത്തുചേരുക, ബദല്‍ നൈതിക രാഷ്ട്രീയത്തിനായി കാംക്ഷിക്കുന്ന തുറന്ന മതനിരപേക്ഷ സമൂഹത്തിനായി നിലകൊള്ളുക- ഇതൊക്കെയാണ് ക്രൈസ്തവ സമൂഹങ്ങള്‍ക്ക് ഇന്ന് ചെയ്യാനാവുക. അധികാര ഘടനകളെ ചിന്തയിലും ബോധ്യത്തിലും ശരീരത്തിലും അപനിര്‍മിച്ചെടുത്ത് ഇരകള്‍ക്ക് നീതി വാഗ്ദാനം ചെയ്ത ക്രിസ്തുവിനെയാണ് സാക്ഷിക്കുന്നതെങ്കില്‍ വംശീയതയുടെയും പുരുഷാധികാരത്തിന്റെയും അധികാരഘടനകളെ തിരുത്തി മുറിവേല്‍ക്കപ്പെടുന്നവന്റെ രാഷ്ട്രീയ പ്രത്യാശയായി ക്രിസ്തീയതയെ മാറ്റിത്തീര്‍ക്കേണ്ടതുണ്ട്. ഇവിടെ നിസ്സംഗരും നിഷ്‌ക്രിയരുമായാല്‍ പരാജയപ്പെടുന്നത് ക്രിസ്തുവും അവന്റെ വിശ്വാസ സാക്ഷ്യവും തന്നെയാണ്. 
(പച്ചക്കുതിര- ജൂണ്‍ 2022)


 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-33-36
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹജ്ജിന്റെ സദ്ഫലങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌