Prabodhanm Weekly

Pages

Search

2022 ജനുവരി 28

3237

1443 ജമാദുല്‍ ആഖിര്‍ 25

സാമൂഹികമാധ്യമങ്ങളും പ്രതിനിധാനങ്ങളും

ഫൈസല്‍ കൊച്ചി

സാമൂഹികമാധ്യമങ്ങള്‍  ഉപയോഗിക്കുന്നവരുടെ എണ്ണം ദിനം പ്രതി കുതിച്ചുയരുകയാണ്. ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ 80 ശതമാനവും സാമൂഹികമാധ്യമങ്ങളില്‍ മേല്‍വിലാസവും അക്കൗണ്ടുമുള്ളവരാണ്. വയോജനങ്ങളെന്നോ കൗമാരക്കാരെന്നോയുള്ള വ്യത്യാസം ഇക്കാര്യത്തിലില്ല. ഒരുവേള വിശ്രമജീവിതം നയിക്കുന്നവരുടെ മികച്ച പങ്കാളിയാണ് ഈ മാധ്യമങ്ങള്‍. അറിവിന്റെ വിശാലമായ ലോകമാണ് അത് തുറന്നുവെച്ചിരിക്കുന്നത്. ആശയപ്രകാശനത്തിന്റെ അതിവിസ്തൃതമായ ആകാശത്ത് പറന്നു നടക്കുന്ന പ്രതീതി. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ സുന്ദരവേദി. രചനകള്‍ക്കും ചിന്തകള്‍ക്കും കത്തിവെക്കാനും ചങ്ങലയിട്ട് വളക്കാനും ഏകാധിപത്യപ്രവണതയുള്ള എഡിറ്റര്‍ ഇല്ലായെന്നതാണ് 'സൗഭാഗ്യം'. ആശയങ്ങള്‍ വേഗത്തില്‍ സ്വയം പ്രകാശിതമാവുകയും ആത്മസാക്ഷാത്കാരം എളുപ്പത്തില്‍ കരഗതമാവുകയും ചെയ്യും. പക്ഷെ ജനാധിപത്യം വിജയിക്കണമെങ്കില്‍ ജനങ്ങള്‍ പ്രബുദ്ധരാകണമെന്നതുപോലെ സാമൂഹികമാധ്യമങ്ങളിലെ ആവിഷ്‌കാരങ്ങള്‍ അനുഭൂതിദായകമാകണമെങ്കില്‍ അക്കൗണ്ടുള്ളവര്‍, സമചിത്തതയുള്ള(Normal)വരാകേണ്ടത് അനിവാര്യമാണ്. വംശീയത, വര്‍ഗീയത, അന്ധമായ പക്ഷപാതിത്തങ്ങള്‍ എന്നീ മനോരോഗങ്ങള്‍ക്ക് അവരറിയാതെ തന്നെ വിധേയമാകുന്നവര്‍, വൈകാരികമായും പ്രകോപനപരമായും സാമുഹികമാധ്യമങ്ങളില്‍ പെരുമാറുന്നുവെന്നുള്ളത് വലിയ വെല്ലുവിളി തന്നെയാണ്. വെറുപ്പ് നിറഞ്ഞ സന്ദേശങ്ങളാണ് (Hate Messages) അവര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. 
ചരിത്രാതീത കാലം മുതല്‍ ദരിദ്രരും ദുര്‍ബലരും ന്യൂനപക്ഷങ്ങളും മുഖ്യധാരയില്‍ നിന്നും അകറ്റിനിറുത്തപ്പെടുകയും, സാമൂഹികവും മാനസികവുമായ ഭ്രഷ്ട് നേരിടുകയും ചെയ്തിരുന്നു. ജാതി/മത/ഭാഷ/ദേശ/വര്‍ണ മേധാവിത്വങ്ങള്‍, മനുഷ്യരെ 'സവിശേഷ സൃഷ്ടികളും നികൃഷ്ടരു'മെന്ന് നേരത്തേ തന്നെ തരം തിരിച്ചിട്ടുണ്ട്. പുതിയകാലത്ത് വംശീയതയും വര്‍ഗീയതയും വര്‍ണമേധാവിത്വവുമൊക്കെ അവസാനിപ്പിച്ചുവെന്ന വീമ്പിളക്കലുകളുണ്ടെങ്കിലും, പുതുതലമുറ വംശീയവാദികളുടെ എണ്ണം പെരുകിവരികയാണ്. അവര്‍ സ്വയം വംശീയവാദികളെന്ന് വിളിക്കപ്പെടുന്നതില്‍ രോഷം കൊള്ളും. ന്യൂനപക്ഷങ്ങളെയും ദുര്‍ബലരെയും ഭരണകൂടം ഗംഭീരമായി പരിഗണിക്കുകയാണെന്ന് പറഞ്ഞ് മേധാവിത്വം അടിച്ചേല്‍പിക്കുന്ന ജനതയില്‍ ഭയയും അസൂയയും ജനിപ്പിക്കും. ഇരകളാക്കപ്പെട്ട ജനവിഭാഗങ്ങളെ സന്ദര്‍ഭാനുസരണം താറടിച്ചുകൊണ്ടിരിക്കും. സാമൂഹികമാധ്യമങ്ങളുടെ ആഗമനത്തോടെ കറുത്ത വര്‍ഗക്കാരും ദലിതരും ന്യൂനപക്ഷങ്ങളും നേരിടുന്നത് വലിയ വംശനാശഭീഷണി തന്നെയാണ്.
കറുത്തവര്‍ഗക്കാര്‍ ക്രിമിനലുകളാണ് എന്ന ബിംബമാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ ഒരു കാലത്ത് പ്രചരിപ്പിച്ചുപോന്നിരുന്നത്. സമാനമായ രീതിയിലാണ് ഇന്ത്യയില്‍ ദലിതുകള്‍ അരികുവല്‍ക്കരിക്കപ്പെട്ടതും സാമൂഹികവും മാനസികവുമായ പീഡനങ്ങള്‍ക്ക് വിധേയമാവുന്നതും. ഇപ്പോള്‍ ഇസ്‌ലാം പേടിയുടെ പുതിയ അവതാരമായ മുസ്‌ലിം വിരോധം (Muslim Hate) വ്യാപകമായി അടിച്ചേല്‍പ്പിക്കുന്നതിന് വേദിയാവുകയാണ് സാമൂഹികമാധ്യമങ്ങള്‍.  മുസ്‌ലിംകള്‍ തീവ്രവാദികളാണ്, വിവരമില്ലാത്തവരാണ്, സാമൂഹിക ശാസ്ത്രബോധമില്ലാത്തവരാണ് തുടങ്ങിയ പ്രചാരണങ്ങളാണ് വിദ്വേഷ കാമ്പയിനുകളില്‍ നിറഞ്ഞാടുന്നത്. 
ആഗോളാടിസ്ഥാനത്തിലുള്ള ഇസ്‌ലാം വിരുദ്ധ പ്രചാരണങ്ങള്‍ തന്നെയാണ് ഇന്ത്യയിലും കേരളത്തിലും സംഘ്പരിവാറിന്റെ കാര്‍മികത്വത്തില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അവിടെ വരുന്നത് ശേഖരിച്ചുവെക്കുകയും പകര്‍ന്നാടുകയും ചെയ്യുന്നതാണ് രീതി. ഒബ്‌സര്‍വ് റിസര്‍ച്ച് ഫൗണ്ടേഷന്‍ 2018 മാര്‍ച്ചില്‍ നടത്തിയ പഠനം, ഭക്ഷണം, വസ്ത്രം തുടങ്ങിയ മതപരമായ ചിഹ്നങ്ങളോടുള്ള വെറുപ്പ് ഉല്‍പ്പാദിപ്പിക്കുന്നതിന് സാമൂഹികമാധ്യമങ്ങളെ വ്യാപകമായി ഉപയോഗിച്ചതായി കണ്ടെത്തുന്നു. ഹിന്ദു മുസ്‌ലിം മിശ്രവിവാഹങ്ങളെ കുറിച്ചും തെറ്റിദ്ധാരണകള്‍ പരത്തുന്ന വാര്‍ത്തകളും ചിത്രങ്ങളും പ്രചരിപ്പിക്കപ്പെട്ടു. പശുസംരക്ഷണത്തിന്റെ പേരില്‍ കൊലപാതകങ്ങള്‍ വരേ നടന്നു. മീഡിയയില്‍ സാധാരണ ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട സത്യസന്ധമായ വാര്‍ത്തകളായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ഇടുന്നതിന് സംഭവങ്ങള്‍ നടക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ലായിരുന്നു. ഭാവനയാര്‍ന്ന തിരക്കഥയാലെ രചിക്കപ്പെടുന്ന വ്യാജവാര്‍ത്തകള്‍ക്കാകട്ടെ വലിയ പ്രചാരണമാണ് ലഭിച്ചുവന്നത്. സംഘ് പരിവാര്‍ മുന്നില്‍ നിന്ന് നയിക്കുന്ന ഈ വ്യാജപ്രചാരണങ്ങള്‍ക്ക് വെള്ളവും വളവും നല്‍കുന്നതില്‍ ഒരു കൂട്ടം ക്രൈസ്തവവേദികളും പങ്കുപറ്റുകാരാണ് എന്നതാണ് ദൗര്‍ഭാഗ്യകരം. കേരളത്തില്‍ മതം കറുപ്പാണെന്ന് വ്യഖ്യാനിക്കുന്ന കമ്യൂണിസ്റ്റുകളും, മതം പഴകിപ്പുളിച്ചതാണെന്ന് വാദിക്കുന്ന യുക്തിവാദികളും  മുസ്‌ലിം വ്യാജപ്രചാരണങ്ങളുടെ മുന്നണിപ്പോരാളികളായി പരിണമിക്കുന്ന വിസ്മയവും സംഭവിക്കുന്നു.

പ്രതിനിധാനങ്ങള്‍

ഏതു സംഭവങ്ങളോടും കരുതലോടെ പ്രതികരിക്കാന്‍ ബാധ്യതപ്പെട്ടവരാണ് ഇസ്‌ലാമിക സമൂഹം. സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുന്നവരുടെ മുന്നില്‍ ഗൃഹപാഠമെന്നോണം എഴുതിപ്പഠിക്കേണ്ട വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങള്‍ മനസ്സിലുണ്ടാകണം. അവയില്‍ ചിലത് താഴെ കുറിക്കുന്നു.
''അല്ലാഹുവിലേക്ക് ക്ഷണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്‌ലിംകളില്‍പെട്ടവനാണെന്ന് പറയുകയും ചെയ്തവനേക്കാള്‍ ഉത്തമമായ വാക്ക് പറഞ്ഞവന്‍ മറ്റാരുണ്ട്'' (ഖുര്‍ആന്‍ 41:33).
''യുക്തിദീക്ഷയോട് കൂടിയും സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് നീ ജനങ്ങളെ ക്ഷണിക്കുക'' (ഖുര്‍ആന്‍ 16:125).
''അതിനാല്‍ നബിയേ, താങ്കള്‍ ഉദ്‌ബോധിപ്പിക്കുക. തീര്‍ച്ചയായും താങ്കള്‍ ഒരു ഉദ്‌ബോധകന്‍ മാത്രമാകുന്നു. ജനങ്ങളുടെ മേലില്‍ അധികാരം ചെലുത്താനുള്ള അവകാശം താങ്കള്‍ക്ക് നാം നല്‍കിയിട്ടില്ല'' (ഖുര്‍ആന്‍ 88:21,22).
''നബിയേ പറയുക. ഇതാണ് എന്റെ വഴി. തികഞ്ഞ ഉള്‍ക്കാഴ്ച്ചയോടെയാണ് ഞാന്‍ അല്ലാഹുവിലേക്ക് ക്ഷണിക്കുന്നത്'' (ഖുര്‍ആന്‍ 12:108).
ഇതോടൊപ്പം ചേര്‍ത്ത് പഠിക്കേണ്ട അധ്യായമാണ് അല്‍ ഹുജുറാത്ത്. ദുര്‍മാര്‍ഗിയായ ഒരാള്‍ നിങ്ങളുടെ അടുക്കല്‍ വല്ല വാര്‍ത്തയുമായി വന്നാല്‍ അതിന്റെ നിജസ്ഥിതിയും ഉറവിടവും നന്നായി പരിശോധിക്കണമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. രണ്ടുവിഭാഗങ്ങള്‍ തമ്മില്‍ എന്തെങ്കിലും വിഷയങ്ങള്‍ ഉണ്ടായാല്‍ അവരെ അനുരഞ്ജനത്തിലെത്തിക്കുന്നതിനാണ് പരിശ്രമിക്കേണ്ടത്. ഊഹങ്ങളില്‍ മിക്കതിനെയും വര്‍ജിക്കണം. ഊഹങ്ങളില്‍ ചിലത് കുറ്റകരകമായേക്കാം. ചാരവ്യത്തി നടത്തരുത്. മനഷ്യരാശി പരസ്പരം സഹോദരന്മാരാണ്. ആരേയും പരിഹസിക്കരുത്. അസഭ്യമായ അര്‍ഥപേരുകള്‍ അന്യോന്യം വിളിച്ച് അപമാനിക്കരുത്. ഇപ്രകാരം സംവാദത്തിന്റെ ഉയര്‍ന്ന സംസ്‌കാരത്തെയാണ് ഈ സുക്തങ്ങള്‍ വ്യക്തമാക്കിത്തരുന്നത്. വ്യക്തിജീവിതത്തിലും സംസാരത്തിലും സമചിത്തതയും മാന്യതയും പുലര്‍ത്തുന്ന നമുക്ക് പക്ഷെ സാമൂഹികമാധ്യമങ്ങളിലും അത് പാലിക്കാനാകുന്നുണ്ടോയെന്നതാണ് ചോദ്യം.
സാമൂഹികമാധ്യമങ്ങള്‍ ആരുടേയും സ്വകാര്യ ഇടങ്ങളല്ല. അത് സംസാരിക്കുന്നത് മുഴുവന്‍ ലോകത്തോടുമാണ്. ഒറ്റക്കിരുന്നും അര്‍ധരാത്രിയിലും പോസ്റ്റ് ചെയ്യുന്നുവെന്ന് വിചാരിച്ചു അത് നമ്മുടെ സ്വകാര്യലോകം മാത്രമാണെന്ന് പലരും തെറ്റിദ്ധരിക്കുന്നു. ഈ ശ്രദ്ധയില്ലായ്മ തന്നെയാണ് അബദ്ധത്തില്‍ കലാശിക്കുന്നത്. മുസ്‌ലിംകള്‍ ഉത്തമ സമൂഹമാണ്. അവരുടെ വചനങ്ങളും രചനകളും ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുന്ന തരത്തിലായിരിക്കണം. എല്ലാ വിഭാഗം ജനങ്ങളെയും ദൈവമാര്‍ഗത്തിലേക്ക് ക്ഷണിക്കാന്‍ ഉത്തരവാദപ്പെട്ടവരാണവര്‍. പ്രബോധന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതോടൊപ്പം, സമകാലിക സാഹചര്യങ്ങളെ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യണം. പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സൗഹൃദത്തിന്റെയും സംവാദത്തിന്റെയും അന്തരീക്ഷം ഏറെ ഭയപ്പടുന്നവരാണ് സംഘ്ശക്തികള്‍. അത് കൊണ്ട് കൂടിയാണ് സാമൂഹികമാധ്യമങ്ങളെ വിദ്വേഷത്തിന്റെ വേദിയാക്കാന്‍ അവര്‍ കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്. ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്ക് വേണ്ടത് സൗഹൃദ സംസ്‌കാരം നിലനില്‍ക്കുന്ന തെരുവുകളും ചുമരുകളുമാണ്. അതിനെതിരെ നില്‍ക്കുന്ന ഫാഷിസമാണ് ഇപ്പോഴത്തെ മുഖ്യ വെല്ലുവിളി. അവയെ നേരിടുന്നതില്‍ യോജിക്കാവുന്നവരെ മുഴുവന്‍ കൂട്ടിപിടിക്കുകയെന്നതാണ് പ്രധാനം. സാമൂഹികമാധ്യമങ്ങളില്‍ നടക്കുന്ന വിരോധ കാമ്പയിനുകളെ ഈ സൗഹൃദ കൂട്ടായ്മകള്‍ കൊണ്ടാണ് നേരിടേണ്ടത്. മുസ്‌ലിം വിരുദ്ധപ്രചാരണങ്ങളോടുള്ള തിടുക്കപ്പെട്ട പ്രതികരണങ്ങളില്‍, എല്ലാവരും ശത്രുക്കളാണ് എന്ന കണക്കെ 'വാക്കുകള്‍ കൊണ്ട് പരക്കെ വെടിവെക്കുന്നത്' ശരിയായ രീതിയല്ല. ശത്രുക്കളെ മിത്രങ്ങളാക്കാന്‍ കഴിയുന്ന സമീപനമാണ് സ്വീകരിക്കേണ്ടത്. നന്നേ ചുരുങ്ങിയത് മിത്രങ്ങള്‍ ശത്രുക്കളാകുന്നത് തടയാനെങ്കിലും കഴിയണം.

റഫറന്‍സ്
The Impact of Social Media On Muslim Society By Md Tariqul Islam
The Demonization Of Islam Through Social Media By Sabeena Civilia
The Black Image in White Mind By George M. Fredrickson
Digital Hatred, Real Violence, Majoritarian Radicalization and Social Media in  India By Mirchandani, Maya.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ -23-27
ടി.കെ ഉബൈദ്‌

ഹദീസ്‌

ഒറ്റച്ചെരിപ്പിലെ നടത്തം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌