പ്രതിപക്ഷത്തിന്റെ പ്രതിസന്ധികള്‍
ഭരണപക്ഷത്തോടൊപ്പം യഥാര്‍ഥ പ്രതിപക്ഷവും ഉണ്ടാവുക എന്നതാണ് ഒരു രാജ്യം ജനാധിപത്യ പാതയിലാണോ എന്ന് തിരിച്ചറിയാനുള്ള ഒരു പ്രധാന അടയാളം. പ്രതിപക്ഷത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യമുള്ള നാടുകളില്‍ പോലും ജനാധിപത്യത്തിന്റെ അന്തസ്സത്ത ചോര്‍ത്തിക്കളയുന്ന വിധത്തിലാണ് അതിന്റെ പ്രവര്‍ത്തനമെന്നത് ജനാധിപത്യ സംവിധാനത്തിന്റെ തന്നെ പ്രതിസന്ധിയായി കാണണം. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടണമെന്ന വലതു പക്ഷ അജണ്ട (ബ്രെക്‌സിറ്റ്) വിജയിപ്പിച്ചെടുത്തത് ഉദാഹരണമായി പറയാം. കള്ളങ്ങള്‍ എഴുന്നള്ളിച്ചും കണക്കുകളില്‍ തിരിമറി നടത്തിയും കുടിയേറ്റ വിരുദ്ധത പ്രചരിപ്പിച്ചും വലതു പക്ഷം കച്ചമുറുക്കിയപ്പോള്‍ ലേബര്‍ പാര്‍ട്ടിക്കാരും ലിബറലുകളും പല തരം ഇടതു പക്ഷ കൂട്ടായ്മകളും ഒന്നിച്ചു നിന്നിരുന്നുവെങ്കില്‍ 2016-ലെ ഹിതപരിശോധനയില്‍ ബ്രെക്‌സിറ്റിനെതിരെ ആവുമായിരുന്നു വിധിയെഴുത്ത്. സംഭവിച്ചത് മറിച്ചും. ഇതേ മാതൃകയില്‍ തന്നെയാണ് അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് എന്ന വലതു പക്ഷ വംശീയവാദിയും അധികാരത്തിലെത്തുന്നത്. ട്രംപിന്റെ കള്ള പ്രചാരണങ്ങള്‍ തടുക്കുന്നതില്‍ മറുപക്ഷം അമ്പേ പരാജയപ്പെട്ടു. രണ്ടാം തവണയും അയാള്‍ തെരഞ്ഞെടുക്കപ്പെടുമായിരുന്നു, ഡമോക്രാറ്റ് പാര്‍ട്ടിയിലെ കടുത്ത ഇടത് ചിന്താഗതിക്കാര്‍ വരെ തങ്ങളുടെ മുന്‍ നിലപാടുകള്‍ ബലികൊടുത്ത് അതേ പാര്‍ട്ടിയിലെ വലതു പക്ഷക്കാരനും പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ ജോ ബൈഡന് വേണ്ടി ആഞ്ഞ് പിടിച്ചില്ലായിരുന്നെങ്കില്‍. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ മാത്രമല്ല, സര്‍വ രംഗത്തും സമ്പൂര്‍ണ്ണ പരാജയമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. പൗരസ്വാതന്ത്ര്യത്തിന് കൂച്ച് വിലങ്ങിടുന്ന കരിനിയമവും പോലിസ് ബില്ലെന്ന പേരില്‍ ആഭ്യന്തര വകുപ്പ് കൊണ്ടു വരാന്‍ പോവുകയാണ്. പക്ഷെ ജനാധിപത്യത്തെ തന്നെ ധ്വംസിക്കുന്ന ഇത്തരം നീക്കങ്ങളെ ചെറുക്കേണ്ട പ്രതിപക്ഷം കഴിവ് കെട്ടവരായി മാറുന്നത് ഏതെങ്കിലും കക്ഷികളുടെ അല്ല, ജനാധിപത്യത്തിന്റെ തന്നെ പ്രതിസന്ധിയാണ്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ബോറിസ് ജോണ്‍സന്‍ സുഖമായി ജയിച്ചു കയറുന്ന സ്ഥിതിവിശേഷമാണുള്ളത്. തൊട്ടപ്പുറത്ത് ഫ്രാന്‍സില്‍ തീവ്രവലത് പക്ഷത്തെപ്പോലും തോല്‍പ്പിക്കുന്ന മട്ടിലുള്ള മുസ്‌ലിം വിരുദ്ധ നീക്കങ്ങളുമായി കളം നിറഞ്ഞ് കളിക്കുകയാണ് നിലവിലെ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. വലത് പക്ഷമേത്, ഇടത് പക്ഷമേത് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം അവയുടെ രാഷ്ട്രീയ നയങ്ങള്‍ ഇടകലര്‍ന്നിരിക്കുന്നു. വരുന്ന ഏപ്രിലില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന ഫ്രാന്‍സില്‍ ഇടത് പക്ഷത്തിന് പൊതു സ്ഥാനാര്‍ഥി ഉണ്ടാവാന്‍ ഒരു സാധ്യതയുമില്ല. ഫ്രാന്‍സിന്റെ ചരിത്രത്തില്‍ തന്നെ രാഷ്ട്രീയ ധാര്‍മികത ഇത്രയും താഴോട്ട് പോയ മറ്റൊരു സന്ദര്‍ഭം ഉണ്ടായിട്ടില്ല എന്ന് വിലയിരുത്തപ്പെടുമ്പോഴും, അതിന് മുഖ്യ കാരണക്കാരനായ മക്രോണ്‍ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്നതാണ് നിലവിലെ സ്ഥിതിവിശേഷം. അറബ് ലോകത്തേക്ക് വന്നാല്‍ തുനീഷ്യ തന്നെ ഏറ്റവും ഫിറ്റായ ഉദാഹരണം. സ്വന്തമായി പാര്‍ട്ടി പോലുമില്ലാതെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഖൈസ് സഈദ് പടിപടിയായി അവിടത്തെ ജനാധിപത്യ സംവിധാനങ്ങളെ ഓരോന്നായി തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഇത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അറിയാമെങ്കിലും ഇതിനെതിരെ ഒന്നിച്ച് നില്‍ക്കാന്‍ പോലും അവക്ക് മനസ്സില്ല. ഫലമോ? അഭിപ്രായ സര്‍വെയില്‍ ഖൈസ്സ സഈദ് രാഷ്ട്രീയ പാര്‍ട്ടികളെ പിന്തള്ളി ഇപ്പോഴും മുന്നിട്ട് നില്‍ക്കുന്നു!
ഈയൊരു ആഗോള പശ്ചാത്തലം മുമ്പില്‍ വെച്ച് ഇന്ത്യയിലെ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ക്രിയാത്മക മാറ്റങ്ങള്‍ കൊണ്ട് വരാന്‍ പര്യാപ്തമാകുമോ എന്ന് ആലോചിക്കണം. യു.പിയില്‍ സകല മേഖലകളിലും പരാജയപ്പെട്ട ആദിത്യനാഥ് ഭരണകൂടത്തെ രണ്ടാമതും ഭരണത്തിലേറ്റാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. പ്രതിപക്ഷത്തിന്റെ അനൈക്യത്തിലാണ് അവരുടെ മുഴുവന്‍ പ്രതീക്ഷയും. ഏറക്കുറെ എല്ലായിടത്തും ത്രികോണമോ ചതുഷ് കോണമോ ആണ് മത്സരം. മുഖ്യശത്രുവിനെ തോല്‍പ്പിക്കും എന്നത് പ്രതിപക്ഷ കക്ഷികളുടെ അധര വ്യായാമം മാത്രമാണ്. വോട്ടുകള്‍ ചിതറാതിരിക്കാന്‍ നേരിയ നീക്ക്‌പോക്കിന് പോലും ആരും തയ്യാറല്ല. പാര്‍ട്ടി പക്ഷപാതിത്വത്തെ മറി കടക്കുന്ന തരത്തിലുള്ള ജനകീയ സമവായങ്ങള്‍ രൂപപ്പെടുത്താനുള്ള രാഷ്ട്രീയ പ്രബുദ്ധത ജനങ്ങള്‍ കാണിക്കുന്നുമില്ല. ജനാധിപത്യത്തിന്റെ ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കാമെന്നത് വലിയൊരു ചോദ്യചിഹ്നം തന്നെയാണ്.
Comments