സി.പി.എം ഉദാര ലൈംഗികത ഇറക്കുമതി ചെയ്യുമ്പോള്‍....
സി.പി.എമ്മിന്റെ മുസ്‌ലിംവിരുദ്ധ രാഷ്ട്രീയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിത്. സംഘ് പരിവാറിന്റെ ശൈലി പിന്തുടര്‍ന്ന് കൊണ്ട് ഇസ്‌ലാമോഫോബിയ വളര്‍ത്തി വോട്ട് നേടാനുള്ള രാഷ്ട്രീയ തന്ത്രം കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ സി.പി.എം വിജയകരമായി നടപ്പില്‍ വരുത്തുകയുണ്ടായി.
ഇസ്‌ലാമോഫോബിയ എന്ന വാക്കിനോട് ഒരു പക്ഷെ താല്‍പര്യമില്ലാത്ത രാഷ്ട്രീയ നിരീക്ഷകര്‍ പോലും അംഗീകരിച്ചതാണ് സി.പി.എമ്മിന്റെ ഒളിച്ചുകളിയില്ലാത്ത ഈ ഭിന്നിപ്പിക്കല്‍ വര്‍ഗീയ രാഷ്ട്രീയം. തങ്ങള്‍ മുസ്‌ലിം വിരുദ്ധരാണ്, നന്നെച്ചുരുങ്ങിയത് മുസ്‌ലിം അനൂകൂലികളല്ല എന്ന് മറ്റുള്ളവര്‍ തിരിച്ചറിഞ്ഞെങ്കിലേ ഈ രാഷ്ട്രീയം വിജയിക്കൂ എന്നതിനാല്‍ പാര്‍ട്ടിക്ക് അത് ഒളിച്ചുവെക്കാന്‍ സാധ്യവുമല്ല. ഇതിലൂടെ തുടര്‍ഭരണം ഉറപ്പുവരുത്തിയ സി.പി.എം ഭരണ നടപടികളിലും മുസ്‌ലിംവിരുദ്ധത നിലനിര്‍ത്തുന്നു എന്നതിന്റെ തെളിവാണ് മുസ്‌ലിം സ്‌കോളര്‍ഷിപ്പിനെ അട്ടിമറിച്ചതും, വഖ്ഫ് നിയമനം പി.എസ്.സിക്ക് വിട്ടതും ഉള്‍പ്പെടെയുള്ള നടപടികള്‍. സി.പി.എമ്മിന്റെ വളരെ പ്രകടമായ ഇത്തരം മുസ്‌ലിംവിരുദ്ധ നിലപാടുകള്‍ കമ്യൂണിസത്താടും എല്‍.ഡി.എഫ് ഗവണ്‍മെന്റിനോടുമുള്ള സമീപനത്തെക്കുറിച്ച് മുസ്‌ലിം സമുദായത്തിനകത്തും സംഘടനകള്‍ക്കകത്തും പുനര്‍വിചിന്തനങ്ങള്‍ക്കും അതേത്തുടര്‍ന്നുള്ള പലതരം ചേരിതിരിവുകള്‍ക്കും കാരണമായിട്ടുണ്ട്.
പറഞ്ഞു വരുന്നത് മറ്റൊരു കാര്യമാണ്. സി.പി.എമ്മിന്റെ മുസ്‌ലിംവിരുദ്ധ രാഷ്ട്രീയത്തോട് ചേര്‍ത്ത് കാണേണ്ടതാണ് മത സമൂഹങ്ങളെ പൊതുവിലും, മുസ്‌ലിംകളെ പ്രത്യേകമായും ടാര്‍ഗറ്റ് ചെയ്ത് കൊണ്ട് ലിബറല്‍ മൂല്യങ്ങളുടെ മറപിടിച്ച് സി.പി.എമ്മും പോഷക സംഘടനകളും നടത്തിക്കൊണ്ടിരിക്കുന്ന സാംസ്‌കാരികമായ കടന്നാക്രമണങ്ങള്‍. പാര്‍ട്ടിയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന മിശ്രവിവാഹങ്ങളില്‍ ഏറെയും മുസ്‌ലിം പെണ്‍കുട്ടികളാണ് വധുക്കള്‍. പാര്‍ട്ടി വിലാസം പ്രണയ വിവാഹങ്ങള്‍! തങ്ങള്‍ ഇസ്‌ലാമിനെതിരല്ല എന്ന് പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെ, ഹലാല്‍, ജിഹാദ്, ഹിജാബ് തുടങ്ങി ഇസ്‌ലാമുമായി ബന്ധപ്പെട്ട ഏത് വിഷയം വരുമ്പോഴും സി.പി.എം നേതാക്കളും ബുദ്ധിജീവികളും സാംസ്‌കാരിക പ്രവര്‍ത്തകരും മുസ്‌ലിംകളുടെ എതിര്‍ പക്ഷത്ത് നിലയുറപ്പിക്കുന്നത് തങ്ങളുടെ പുരോഗമന നാട്യങ്ങള്‍ക്ക് ഇസ്‌ലാം എതിര് നില്‍ക്കുന്നു എന്നതുകൊണ്ട് തന്നെയാണ്. ഹലാല്‍ വിവാദത്തെ ഭക്ഷണത്തില്‍ മതം കലര്‍ത്തുന്നു എന്ന സംഘ് പരിവാര്‍ അനുകൂല ഭാഷ്യത്തിലേക്ക് വഴി തിരിച്ചുവിടാനും നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ പാലാ ബിഷപ്പിന് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും പാര്‍ട്ടി വക്താക്കള്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല എന്നത് ആലോചനാ വിഷയമാവേണ്ടതാണ്.
ഇതില്‍ ഒതുങ്ങുന്നില്ല കാര്യങ്ങള്‍. കുടുംബത്തെയും വിവാഹത്തെയും അപ്രസക്തമാക്കുന്ന തരത്തിലുള്ള പുതിയ ലിബറല്‍ ആശയങ്ങളും കാഴ്ചപ്പാടുകളും കാമ്പസുകളിലും പൊതു സമൂഹത്തിലും പ്രചരിപ്പിക്കാന്‍ മാത്രമല്ല, അധികാര ബലം ഉപയോഗിച്ച് അടിച്ചേല്‍പിക്കാനുള്ള നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്. സ്‌കൂളുകളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം നടപ്പിലാക്കാനുള്ള തീരുമാനം ഇതിന്റെ ഭാഗമായിട്ടു വേണം മനസ്സിലാക്കാന്‍. ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്നത് കൃത്രിമവും സ്ത്രീകള്‍ക്ക് ദോഷകരമായി ഭവിക്കുന്നതുമായ രീതിയില്‍ സ്ത്രീ പുരുഷ സമത്വം കൊണ്ടുവരാന്‍ വേണ്ടി ലിബറലിസം ഉണ്ടാക്കിയ ആശയമാണ്. എല്ലാ മതങ്ങളും അംഗീകരിക്കുന്നതും സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന് അനിവാര്യവുമായ മൂല്യങ്ങളെ തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം പാര്‍ട്ടിയും പോഷക സംഘടനകളും നടത്തിക്കൊണ്ടിരിക്കുന്നത് കേരളീയ സമൂഹം തിരിച്ചറിയാതെ പോകരുത്.
അടുത്ത കാലത്ത് സി.പി.എമ്മിന്റെ ചില കീഴ്ഘടകങ്ങളും എസ്.എഫ്.ഐയുടെ കാമ്പസ് യൂനിറ്റുകളും പുറത്തിറക്കിയ ചില പോസ്റ്ററുകള്‍ ശ്രദ്ധിച്ചാല്‍ സ്വതന്ത്ര ലൈംഗികതയുടെ പേരില്‍ എങ്ങോട്ടാണ് പാര്‍ട്ടി കേരളത്തെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് എന്ന് ബോധ്യമാവും. കഴിഞ്ഞ വര്‍ഷം 'അന്തര്‍ദേശീയ സ്വയംഭോഗദിന'ത്തോടനുബന്ധിച്ച് # SEXWITHOUTSHAME എന്ന ഹാഷ് ടാഗില്‍ എസ്.എഫ്.ഐ കോഴിക്കോട് മെഡിക്കല്‍ കോളേജ് യൂനിറ്റ് ഇറക്കിയ പോസ്റ്ററില്‍ ഉദ്ധരിച്ചത് ഫ്രോയിഡിന്റെ ഒരു വാചകമായിരുന്നു: 'സ്വയംഭോഗത്തിലെ ഒരേയൊരു നാണക്കേട് അത് നന്നായി ചെയ്യാന്‍ കഴിയാതിരിക്കുന്നതിലെ നാണക്കേട് മാത്രമാണ്.' സമാനമായി, സ്വവര്‍ഗലൈംഗികതയെയും സ്വതന്ത്ര ലൈംഗികതയെയും പ്രോത്സാഹിപ്പിക്കുന്ന പോസ്റ്ററുകള്‍ മറ്റു മെഡിക്കല്‍ കോളേജുകളിലെ എസ്എഫ്.ഐ യൂനിറ്റുകളും പുറത്തിറക്കിയിരുന്നു. സ്വയംഭോഗത്തിന് ഒരു അന്തര്‍ദേശീയ ദിനമുണ്ടെന്ന് (മെയ് 7) പലരും അറിയുന്നത് തന്നെ എസ്.എഫ്.ഐ.യുടെ ഈ കാമ്പയിനിലൂടെയായിരിക്കും! എല്‍.ഡി.എഫ് ഭരണഞ്ഞിലായിരിക്കെ, കാമ്പസുകളില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത വിപ്ലവ വിദ്യാര്‍ഥി പ്രസ്ഥാനത്തിന് ആളെക്കൂട്ടാനുള്ള കുറുക്കുവഴിയാണ് ഇപ്പോള്‍ ഫ്രീ സെക്‌സ് അഥവാ 'സെക്‌സ് വിത്തൗട്ട് ഷെയിം.' മലയാളത്തില്‍ പറഞ്ഞാല്‍, നാണമില്ലാതെ ഇണചേരുക. മുതലാളിത്തത്തിന്റെയും ലിബറലിസത്തിന്റെയും പ്രലോഭനീയമായ മുദ്രാവാക്യങ്ങള്‍ ഇപ്പോള്‍ കമ്യൂണിസ്റ്റുകള്‍ക്ക് സ്വന്തം!
ഇക്കഴിഞ്ഞ ജനുവരി 8-ന് നടന്ന എസ്.എഫ്.ഐ പെരിന്തല്‍മണ്ണ ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പോസ്റ്ററിലെ വാചകം ഇങ്ങനെ: 'പ്രണയത്തിന് മേല്‍ ആര് വരച്ചു ലിംഗാതിര്‍ത്തികള്‍. ഈ ലോകം എല്ലാവരുടേതുമാണ്.' സ്വവര്‍ഗരതിയെ മഹത്വവല്‍ക്കരിക്കുന്ന ഈ പോസ്റ്ററില്‍ ഗേ, ലെസ്ബിയന്‍ ഇണകളുടെ ചിത്രവുമുണ്ട് (സ്വവര്‍ഗ ഇണകളുടെ ചിത്രം വരച്ചപ്പോള്‍ ആണിനെയും പെണ്ണിനെയും വസ്ത്രം കൊണ്ടാണ് വേര്‍തിരിച്ചിരിക്കുന്നത്. ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്കാരുടെ ഗതികേട്!). ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ മുന്നോടിയായി നടക്കുന്ന ഏരിയാ സമ്മേളനങ്ങളോടനുബന്ധിച്ച് സി.പി.എം ചാല ഏരിയ പുറത്തിറക്കിയ പോസ്റ്ററില്‍ അരിവാളേന്തിയ സ്വവര്‍ഗാനുരാഗികളെ ചിത്രീകരിച്ചത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. Vote for SFl എന്ന അടിക്കുറിപ്പോടെ എസ്.എഫ്.ഐ കാസര്‍കോട് എഞ്ചിനീയറിംഗ് കോളേജ് പുറത്തിറക്കിയ രണ്ട് പോസ്റ്ററുകളില്‍ ഒന്ന് തട്ടമിട്ട പെണ്‍കുട്ടിയുടെ തോളില്‍ കൈവെച്ച് കിന്നാരം പറയുന്ന വിദ്യാര്‍ഥിയുടെ ചിത്രത്തോടു കൂടിയുള്ളതാണ്. 'കപട സദാചാരങ്ങള്‍ക്ക് കൈവിലങ്ങിടാം' എന്നാണ് പോസ്റ്ററിലെ വാചകം. 'വേലികള്‍ തീര്‍ത്തൊരു വലയം തീര്‍ത്തിടാം' എന്ന കാപ്ഷനോടുകൂടിയ മറ്റൊരു പോസ്റ്ററില്‍ ഒരു പെണ്‍കുട്ടിയും കുറെ ആണ്‍കുട്ടികളും വട്ടം കൂടി മദ്യപിക്കുന്ന ചിത്രമാണുള്ളത്. എസ്.എഫ്.ഐയിലേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ ഇതിലപ്പുറം എന്തെങ്കിലും വേണോ? സെക്‌സ് ഇന്‍ഡസ്ട്രി ലോകത്തിലെ ഏറ്റവും വലിയ വ്യവസായങ്ങളിലൊന്നായി മാറിയത് പുരോഗമനപരം ആയത് കൊണ്ടല്ല, മനുഷ്യന്റെ ജന്തു സഹജമായ ചോദനകളെ കയറൂരി വിടുന്നു എന്നത് കൊണ്ടാണ്. മുതലാളിത്തം നന്നായി കച്ചവടം ചെയ്യുന്ന ഈ ചോദനകളുടെ പുറത്താണ് ഇപ്പോള്‍ വിപ്ലവ പ്രസ്ഥാനത്തിന്റെ കളി!
മാര്‍ക്‌സിസത്തില്‍ നിന്ന് ലിബറലിസത്തിലേക്ക്
വ്യക്തിയുടെ പൂര്‍ണമായ സ്വാതന്ത്യത്തെ ഊന്നിപ്പറയുന്ന ലിബറലിസവും, വ്യക്തിയുടെ ഇഷ്ടങ്ങളെയും താല്‍പര്യങ്ങളെയും വര്‍ഗത്തിന്റെയും സമൂഹത്തിന്റെയും സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് വിധേയമാക്കുന്ന മാര്‍ക്‌സിസവും തമ്മില്‍ പറയത്തക്ക സമാനതകളൊന്നുമില്ല. വൈരുധ്യങ്ങള്‍ ഏറെയുണ്ട് താനും. ലിബറല്‍ ബൂര്‍ഷ്വാ ജനാധിപത്യവും കമ്യൂണിസത്തിന്റെ തൊഴിലാളി വര്‍ഗ സര്‍വാധിപത്യവും ഒരുമിച്ചു ചേരുന്ന ഒരു ബിന്ദു പോലുമില്ല. ഇതൊക്കെയാണെങ്കിലും ലിബറലിസത്തിന്റെ കാര്യമായ വക്താക്കളായി ഇപ്പോള്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത് മാര്‍ക്‌സിസ്റ്റുകളാണ്. ഇടതു ലിബറലുകള്‍ എന്ന ഒരു കാറ്റഗറി തന്നെ നിലവിലുണ്ടല്ലോ.
കുടുംബം, വിവാഹം, ലൈംഗികത തുടങ്ങിയ വിഷയങ്ങളില്‍ ആശയതലത്തിലല്ലെങ്കിലും പ്രയോഗതലത്തില്‍ മാര്‍ക്‌സിസവും ലിബറലിസവും യോജിച്ചു വരുന്നുണ്ടെന്ന് കാണാം. വ്യക്തിയുടെ ലൈംഗിക സ്വാതന്ത്ര്യത്തിനും അഭിനിവേശങ്ങള്‍ക്കും തടസ്സമാവുന്ന സ്ഥാപനം എന്ന നിലയില്‍ ലിബറലിസത്തിന് കുടുംബത്തോട് വലിയ താല്‍പര്യമില്ല. പടിഞ്ഞാറന്‍ നാടുകളില്‍ ലിബറലിസം വിവാഹത്തിന്റെയും കുടുംബഘടനയുടെയും വ്യാപകമായ തകര്‍ച്ചയിലേക്ക് നയിക്കാനുള്ള കാരണമിതാണ്.
കുടുംബത്തോടുള്ള മാര്‍ക്‌സിസത്തിന്റെ നിലപാട് കുറേക്കൂടി റാഡിക്കലാണ്. വ്യക്തിസ്വാതന്ത്യത്തിലല്ല, സാമ്പത്തിക ഘടനയിലാണ് അതിന്റെ ഊന്നല്‍. മാര്‍ക്‌സിയന്‍ കാഴ്ചപ്പാടില്‍ സ്വകാര്യ സ്വത്തില്‍ നിന്നാണ് കുടുംബം ഉത്ഭവിച്ചത്. സ്വകാര്യസ്വത്ത് തലമുറകളിലേക്ക് കൈമാറ്റം ചെയ്യാന്‍ കണ്ട് പിടിച്ച വഴി. മാര്‍ക്‌സും എംഗല്‍സും സ്വപ്‌നം കണ്ട വര്‍ഗ രഹിത സമൂഹം നിലവില്‍ വരുമ്പോള്‍, സ്വകാര്യ സ്വത്തിനോടൊപ്പം വിവാഹവും കുടുംബവും ഇല്ലാതാവും. കമ്യൂണിസ്റ്റ് സമൂഹത്തില്‍ ലൈംഗിക ബന്ധത്തിന്റെ ഒരേയൊരു അടിസ്ഥാനം പരസ്പരമുള്ള ഇഷ്ടവും താല്‍പര്യവുമായിരിക്കും. അത്തരം ബന്ധങ്ങളിലൂടെ ഉണ്ടാവുന്ന കുട്ടികളുടെ സംരക്ഷണം സമൂഹം ഏറ്റെടുക്കും. ഗര്‍ഭധാരണത്തെക്കുറിച്ച ആധി അതോടെ ഇല്ലാതാവും. 'കുടുംബത്തിന്റെ ഉത്ഭവം' (Origin of Family) എന്ന പുസ്തകത്തില്‍ എംഗല്‍സ് എഴുതുന്നു: ''ഇത് (കുട്ടികളുടെ സാമൂഹിക പരിരക്ഷ) 'പ്രത്യാഘാതങ്ങളെ'ക്കുറിച്ച ഉത്കണ്ഠ ഇല്ലാതാക്കും. സ്‌നേഹിക്കുന്ന പുരുഷന് സ്വയം സമര്‍പ്പിക്കുന്നതില്‍നിന്ന് പെണ്‍കുട്ടിയെ തടയുന്ന ഏറ്റവും വലിയ സാമൂഹിക ഘടകം അതാണല്ലോ. കൂടുതല്‍ സ്വതന്ത്രവും പ്രയാസരഹിതവുമായ ലൈംഗിക ബന്ധങ്ങളിലേക്കും, അതോടൊപ്പം സ്ത്രീയുടെ കന്യകാത്വത്തെക്കുറിച്ചും മാന്യതയെക്കുറിച്ചുമുള്ള കൂടുതല്‍ സഹിഷ്ണുതാപരമായ പൊതുജനാഭിപ്രായത്തിലേക്കും ക്രമത്തില്‍ ഇതു വഴി തെളിയിക്കുകയില്ലേ?''
കമ്യൂണിസത്തിന്റെ വര്‍ഗരഹിത സമൂഹം എങ്ങനെയാണ് പ്രവര്‍ത്തിക്കുക എന്ന് മാര്‍ക്‌സും എംഗല്‍സും വിശദീകരിച്ചിട്ടില്ലാത്തത് പോലെ കുട്ടികളുടെ സംരക്ഷണം സമൂഹം ഏറ്റെടുക്കുന്നതിന്റെ രീതിയെന്താണ് എന്നും വിശദീകരിക്കപ്പട്ടിട്ടില്ല. വര്‍ഗരഹിത സമൂഹം മാര്‍ക്‌സിസ്റ്റ് ആചാര്യന്മാരുടെ സ്വപ്‌നങ്ങളില്‍ മാത്രം അവശേഷിച്ചുവെങ്കിലും, വിവാഹത്തിന്റെയും കുടുംബത്തിന്റെയും അതിരുകള്‍ ഭേദിക്കുന്ന പ്രണയവും ലൈംഗിക സ്വാതന്ത്യവും ലിബറല്‍ കിനാക്കളോടൊപ്പം സഖാക്കളെ ഇപ്പോഴും ആവേശഭരിതരാക്കുന്നു എന്നു വേണം മനസ്സിലാക്കാന്‍. കുടുംബം തകര്‍ന്നാലും കുടുംബത്തിന്റെ ഉത്ഭവ കാരണമെന്ന് മാര്‍ക്‌സും എംഗല്‍സും വിശ്വസിച്ച സ്വകാര്യ സ്വത്ത് ഇല്ലാതാവരുത് എന്ന് മാത്രമേ അവര്‍ക്ക് നിര്‍ബന്ധമുള്ളൂ. മാര്‍ക്‌സിസം പ്രസംഗിക്കാനേ കൊള്ളൂ. കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ ഭരിക്കുന്ന മുതലാളിത്തമാണ് പാര്‍ട്ടിയുടെ സില്‍വര്‍ ലൈന്‍!
ആചാര്യന്മാരുടെ വഴി
എംഗല്‍സ് കുടുംബത്തെക്കുറിച്ച സ്വന്തം സ്വപ്‌നങ്ങളോട് നീതി പുലര്‍ത്തിയ ആളായിരുന്നുവെങ്കിലും മാര്‍ക്‌സിന് അതില്‍ വേണ്ടത്ര വിശ്വാസമുണ്ടായിരുന്നില്ല എന്നാണ് അവരുടെ ജീവചരിത്രം കാണിച്ചുതരുന്നത്. കാമ്പസുകളില്‍ ലൈംഗിക വിപ്ലവം നടത്തുന്ന എസ്.എഫ്.ഐയുടെ കുട്ടികള്‍ വായിച്ചു പഠിക്കേണ്ടതാണ് ആ ചരിത്രം. 1840-കളില്‍ നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം 1850-ല്‍ എംഗല്‍സ് മേരി ബേണ്‍സ് എന്ന തൊഴിലാളി വനിതയുമായി സ്ഥിരബന്ധം സ്ഥാപിച്ചു. 1863-ല്‍ ബേണ്‍സ് മരിക്കുന്നത് വരെയും വിവാഹമില്ലാതെയാണ് അവര്‍ ഒരുമിച്ച് ജീവിച്ചത്.
മാര്‍ക്‌സിന്റെ വഴി വ്യത്യസ്തമായിരുന്നു. മാര്‍ക്‌സിന് വിവാഹേതര ബന്ധത്തിലൂടെ ഒരു കുട്ടിയുണ്ടായിരുന്നതായി പറയപ്പെടുന്നുണ്ടെങ്കിലും, ഭാര്യ ജെന്നിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ഗാഢമായിരുന്നു. കടുത്ത സാമ്പത്തിക പ്രയാസങ്ങളുടെ നടുവിലാണ് അവര്‍ ജീവിച്ചത്. ഒരു 'യാഥാസ്ഥിതിക' കുടുംബനാഥനെ പോലെയാണ് സ്വന്തം കുട്ടികളെ മാര്‍ക്‌സ് വളര്‍ത്തിയത്. മകള്‍ ലോറയുമായി പോള്‍ ലഫാര്‍ഗ് ശൃംഗരിക്കുന്നത് കണ്ടപ്പോള്‍, ഒരു കുടുംബം പുലര്‍ത്താന്‍ കഴിവുണ്ടെന്ന് തെളിയിക്കുന്നത് വരെ അവളില്‍നിന്ന് അകന്ന് നില്‍ക്കാന്‍ അയാളെ മാര്‍ക്‌സ് ശാസിച്ചു. മകള്‍ എലീനര്‍ക്ക് ഇഷ്ടമുണ്ടായിട്ട് പോലും പ്രോസ്പര്‍ ലിസാഗറെയുമായുള്ള വിവാഹബന്ധം മാര്‍ക്‌സ് അംഗീകരിച്ചില്ല.
മാര്‍ക്‌സിന്റെയും എംഗല്‍സിന്റെയും കുടംബ സങ്കല്‍പം സ്വന്തം ജീവിതത്തില്‍ പകര്‍ത്തിയ എലീനറുടേത് ഒരു ദുരന്തകഥയായിരുന്നു. മാതാപിതാക്കളുടെ മരണത്തിന് ശേഷം അവള്‍ എഡ്വേഡ് അവലിംഗുമായി പ്രണയത്തിലാവുകയും അയാളുടെ കൂടെ ജീവിക്കുകയും ചെയ്തു. എഡ്വേഡിന് നിയമപരമായി വിവാഹം ചെയ്ത വേറെ ഭാര്യയുണ്ടായിരുന്നു. എലീനറുടെ കൂടെ ജീവിക്കുമ്പോള്‍ തന്നെ 1897-ല്‍ അയാള്‍ ഇവാ ഫ്രൈ എന്ന 22 വയസ്സായ മറ്റൊരു യുവതിയെ രഹസ്യവിവാഹം ചെയ്തു. രണ്ട് മാസം കഴിഞ്ഞ് അയാള്‍ എലീനറെ ഉപേക്ഷിച്ച് പോയപ്പോള്‍ അവര്‍ മാനസികമായി തകര്‍ന്നു പോയി. കുറെ മാസങ്ങള്‍ക്ക് ശേഷം എഡ്വേഡ് തിരിച്ചു വന്നെങ്കിലും അയാളുടെ രഹസ്യവിവാഹത്തെക്കുറിച്ച് അറിഞ്ഞിട്ടാവണം എലീനര്‍ ആത്മഹത്യ ചെയ്തു. കുടുബത്തകര്‍ച്ചയുടെ ദുരന്ത ചിത്രങ്ങള്‍ കാണാന്‍ സഖാക്കള്‍ സ്വന്തം ആചാര്യന്മാരുടെ ജീവചരിത്രം പരതിയാല്‍ മതി, പടിഞ്ഞാറിന്റെ ലിബറല്‍ ലോകത്തേക്ക് പോകേണ്ടതില്ലെന്ന് ചുരുക്കം.
ലിബറലിസം ബാക്കിവെച്ചത്
കാമ്പസുകളിലും പുറത്തും സ്വതന്ത്ര ലൈംഗികത പ്രചരിപ്പിക്കുന്നവര്‍ കേരളീയ സമൂഹത്തെ എങ്ങോട്ടാണ് നയിക്കുന്നത് എന്നറിയാന്‍ ലിബറല്‍ സ്വര്‍ഗലോകത്തിലെ കുറച്ചു കഥകള്‍ കൂടി പറയാം. ലിബറലിസം അതിന്റെ ഉത്ഭവകാലം മുതല്‍ക്ക് തന്നെ പല തലത്തില്‍ വിമര്‍ശന വിധേയമായിട്ടുണ്ടെങ്കിലും പടിഞ്ഞാറന്‍ ലോകത്ത് ഇപ്പോള്‍ അത് വിചാരണ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത് സ്വതന്ത്ര ലൈംഗികതയുടെ പേരില്‍ അത് സൃഷ്ടിച്ച സാമൂഹിക ശൈഥില്യത്തിന്റെയും കുടുംബത്തകര്‍ച്ചയുടെയും പേരിലാണ്. ഞെട്ടിപ്പിക്കുന്നതാണ് അവിടെ നിന്നും പുറത്ത് വരുന്ന സ്ഥിതിവിവരക്കണക്കുകള്‍. ഈ വിഷയകമായി നടത്തപ്പെട്ട സര്‍വേകള്‍ പറയുന്നത് ലോകത്തിലെ 320 മില്യനിലധികം കുട്ടികള്‍ ഏകരക്ഷിതാവുള്ള കുടുംബങ്ങളില്‍ (Single-Parent Family) ജീവിക്കുന്നവരാണെന്നാണ്. ഇവരില്‍ വലിയ ശതമാനം വികസിത മുതലാളിത്ത രാജ്യങ്ങളിലാണ്. 2020/ 2021 സ്ഥിതി വിവരക്കണക്കുകള്‍ പ്രകാരം അമേരിക്കയിലെ 86 ശതമാനം ഏക രക്ഷിതാവുള്ള കുടുംബങ്ങളെ നയിക്കുന്നത് അമ്മമാരാണ്. ചെറുപ്രായക്കാരായ അമ്മമാരില്‍ 57 ശതമാനം ഭര്‍ത്താവില്ലാതെ ജീവിക്കുന്നവരാണ്. 2017 ഡാറ്റ പ്രകാരം, അമേരിക്കയിലെ 25 ശതമാനം കുടുംബങ്ങള്‍ക്ക് ഏകരക്ഷിതാവേയുള്ളൂ. 2019-ല്‍ ബ്രിട്ടനിലെ 14.9 ശതമാനം (2.9 മില്യന്‍) കുടുംബങ്ങള്‍ക്ക് ഏക രക്ഷിതാവേയുണ്ടായിരുന്നുള്ളൂ. അതില്‍ 2.4 മില്യന്‍ രക്ഷിതാക്കളും അമ്മമാരാണ്. കുട്ടികളുള്ള 24 ശതമാനം കുടുംബങ്ങള്‍ക്കും ഏക രക്ഷിതാവേയുള്ളൂ. അമേരിക്കയില്‍ 15.76 മില്യന്‍ കുട്ടികളാണ് അമ്മ ഏക രക്ഷിതാവായിട്ടുള്ള കുടുംബങ്ങളില്‍ ജീവിക്കുന്നത്. 3.23 മില്യന്‍ കുട്ടികള്‍ ജീവിക്കുന്നത് അഛന്‍ മാത്രമുള്ള കുടുംബങ്ങളിലാണ്. 17 വയസ്സ് വരെയുള്ള 5.89 മില്യന്‍ കുട്ടികള്‍ ജീവിക്കുന്നത് വിവാഹമോചിതരായ ഏകരക്ഷിതാവിന്റെ കൂടെയാണ്. 2.45 മില്യന്‍ കുട്ടികള്‍ കഴിയുന്നത് വിവാഹമോചിതരാവാതെ വേറിട്ട് കഴിയുന്ന ഏക രക്ഷിതാവുള്ള കുടുംബങ്ങളിലാണ്. ഇതില്‍ 84.83 ശതമാനം അമ്മമാരുടെ കൂടെയും 15.17 ശതമാനം അഛന്മാരുടെ കൂടെയും.
ഭാര്യയോ ഭര്‍ത്താവോ മരിച്ചു പോയത് കൊണ്ടല്ല, ജീവിച്ചിരിക്കെത്തന്നെ വിവാഹമോചിതരാവുകയോ വേറിട്ട് ജീവിക്കുകയോ ചെയ്യുന്നത് കൊണ്ടാണ് ഏകരക്ഷിതാവുള്ള കുടുംബങ്ങളുടെ എണ്ണം ഇത്രയധികം വര്‍ധിച്ചത്. ഏക രക്ഷിതാവ് മാത്രമുള്ള, പ്രത്യേകിച്ചും അഛന്മാരില്ലാത്ത കുടുംബങ്ങളില്‍ വളരുന്ന കുട്ടികളിലുണ്ടാവുന്ന മാനസിക പ്രത്യാഘാതങ്ങളെക്കുറിച്ച് നിരവധി പഠനങ്ങള്‍ പടിഞ്ഞാറന്‍ ലോകത്ത് നടന്നിട്ടുണ്ട് (Life Without Father: What Happens to the Children? / Sara Mclanahan).
വിവാഹിതരാവാതെ തന്നെ അഛനോ അമ്മയോ ആയി മാറുകയും അങ്ങനെ ജീവിതം തുടരുകയും ചെയ്യുന്നവരുടെ എണ്ണവും വളരെ കൂടുതലാണെന്ന് സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നു.
കുടുംബത്തകര്‍ച്ച എന്ന ഗുരുതരമായ സാമൂഹിക പ്രശ്‌നത്തെക്കുറിച്ച് നിരവധി പഠനങ്ങളും പുസ്തകങ്ങളും പടിഞ്ഞാറന്‍ ലോകത്ത് എഴുതപ്പെട്ടിട്ടുണ്ട്. ഇസബല്‍ വി സോഹില്‍ (lsabel V Sawhill) എഴുതിയ Generation Unbound- Drifting into Sex and Parenthood Without Marriage എന്ന പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ഒരു ലേഖനം തുടങ്ങുന്നത് ഇങ്ങനെ: ''അമേരിക്കയില്‍ ചെറുപ്പക്കാരായ മാതാപിതാക്കള്‍ക്കുണ്ടാവുന്ന പകുതിയോളം കുട്ടികളും വിവാഹേതര ബന്ധത്തിലൂടെയാണ് പിറക്കുന്നത്. പലതും പ്ലാന്‍ ചെയ്യാതെയുമാണ്. വര്‍ദ്ധിക്കുന്ന ദാരിദ്ര്യവും കുട്ടികള്‍ നേരിടുന്ന വിവേചനവുമാണ് ഫലം. അവിവാഹിതരായ രക്ഷിതാക്കള്‍ക്ക് കൂടുതല്‍ സാമൂഹിക സുരക്ഷിതത്വ പദ്ധതികള്‍ക്ക് വേണ്ടി ഇടതുപക്ഷം വാദിക്കുമ്പോള്‍ പരമ്പരാഗത വിവാഹങ്ങളിലേക്ക് തിരിച്ചു പോകണം എന്നാണ് വലതുപക്ഷം വാദിക്കുന്നത്.''
The Atlantic ന്റെ സ്റ്റാഫ് ലേഖിക എമ്മ ഗ്രീന്‍ (Emma Green) Why it is Hard for Liberals to Talk about Family Values? (ലിബറലുകള്‍ക്ക് കുടുംബ മൂല്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ എന്താണ് ക്ലേശം?) എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധേയമാണ്: ''കുടുംബഘടനയെക്കുറിച്ച് പൊതുയിടങ്ങളില്‍ സംസാരിക്കാന്‍ ഇടതിന് കൂടുതല്‍ പ്രയാസമാണ്. നല്ലതിനായാലും ചീത്തക്കായാലും, പാരമ്പര്യത്തെ ചോദ്യം ചെയ്യുന്നവര്‍ എന്ന നിലയിലാണ് ഇടത് നിര്‍വചിക്കപ്പെട്ടിരിക്കുന്നത്.''
മതസംഘടനകള്‍ പരമ്പരാഗത കുടുംബഘടനകള്‍ക്ക് വേണ്ടി വാദിക്കുന്നത് കൊണ്ടാണ് കുടുംബ മൂല്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ലിബറലുകള്‍ക്ക് പൊതുവെ വൈമുഖ്യം എന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
ആണ്‍-പെണ്‍ ലൈംഗിക ബന്ധത്തിലും സ്വവര്‍ഗരതിയിലും വിചിത്രമായ പുതിയ പുതിയ രീതികള്‍ പരീക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന പടിഞ്ഞാറിന്റെ ലിബറല്‍ ലോകത്ത് നിന്നാണ് കുടുംബം തിരിച്ചുപിടിക്കാനുള്ള മുറവിളി ഉയരുന്നതെന്നോര്‍ക്കണം. ഈ ഘട്ടത്തിലാണ് വേലികള്‍ തകര്‍ക്കാനും ലിംഗാതിര്‍ത്തികള്‍ ഭേദിക്കാനും യുവതലമുറയോടുള്ള എസ്.എഫ്.ഐയുടെ ആഹ്വാനം. മതമൂല്യങ്ങളുടെ നിരാസമാണ് പുരോഗമനം എന്നു കരുതി അവര്‍ ഇറക്കുമതി ചെയ്യുന്നത് ജീര്‍ണിച്ച് ദുര്‍ഗന്ധം വമിക്കുന്ന മുതലാളിത്ത ലിബറല്‍ സംസ്‌കാരമാണ്.
ലൈംഗികതൃഷ്ണകളുടെയും കാമനകളുടെയും ഭൂതത്തെ കുടത്തില്‍ നിന്ന് പുറത്തിറക്കിക്കഴിഞ്ഞാല്‍ പിന്നെ പിടിച്ചുകെട്ടാന്‍ എ.കെ.ജി സെന്ററിലെ പാര്‍ട്ടി സൈദ്ധാന്തികര്‍ മതിയാവുകയില്ല. കേരളം വലിയ വില നല്‍കേണ്ടി വരും.
Comments