പി.കെ സുഹറ ചെറായി
ദീര്‍ഘ കാലം ജമാഅത്തെ ഇസ്ലാമി ചെറായി വനിത ഹല്‍ഖ നാസിമത്തായി പ്രവര്‍ത്തിച്ച റിട്ട. ജില്ല രജിസ്ട്രാര്‍ പി.കെ സുഹറ(73) അല്ലാഹുവിങ്കലേക്ക് യാത്രയായി. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏപ്രില്‍ രണ്ടിന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. തെളിമയാര്‍ന്ന വിശ്വാസത്തിന്റെയും കറകളഞ്ഞ ജീവിത വിശുദ്ധിയുടെയും ആത്മാര്‍ഥമായ മനുഷ്യ സ്നേഹത്തിന്റെയും ഉജ്വല മാതൃക ബാക്കിയാക്കിയാണ് അവര്‍ നമ്മെ വിട്ട് പിരിഞ്ഞത്.
മുസ്ലിം സ്ത്രീകള്‍ പൊതുവെ വിദ്യാഭ്യാസ-തൊഴില്‍ രംഗങ്ങളില്‍ പിന്നാക്കമായിരുന്ന കാലത്ത് പത്താം ക്ളാസ് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കോടെ വിജയിക്കുകയും ടൈപ്റൈറ്റിംഗ് ഹയര്‍ കോഴ്സ് പൂര്‍ത്തിയാക്കുകയും ഇരുപത്തിമൂന്നാമത്തെ വയസില്‍ രജിസ്ട്രേഷന്‍ വകുപ്പില്‍ എല്‍.ഡി ക്ളര്‍ക്കായി ഔദ്യോഗിക വൃത്തിയില്‍ പ്രവേശിക്കുകയും ചെയ്ത മഹതിയായിരുന്നു പി.കെ സുഹറ. 1993 ല്‍ ഇടുക്കി ജില്ല രജിസ്ട്രാര്‍ ആയാണ് സര്‍വീസില്‍നിന്ന് വിരമിച്ചത്.
രോഗവും വാര്‍ധക്യവും അലട്ടുമ്പോഴും ഇസ്ലാമിക പ്രവര്‍ത്തന രംഗത്ത് നിന്ന് വിട്ട് നില്‍ക്കാന്‍ അവര്‍ തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. സാമൂഹിക പ്രവര്‍ത്തനവും ജീവകാരുണ്യ പ്രവര്‍ത്തനവും അല്ലാഹുവിനോടുള്ള തന്റെ ബാധ്യതയാണെന്ന് ഏതു സമയത്തും സഹപ്രവര്‍ത്തകരോടും മക്കളോടും അവര്‍ പറഞ്ഞ് കൊണ്ടിരുന്നു.
ജാതി മത ഭേദമന്യേ എല്ലാവിഭാഗം ജനങ്ങളിലേക്കും കാരുണ്യത്തിന്റെ ആ സഹായഹസ്തം ഒഴുകിയെത്താറുണ്ടായിരുന്നു. നിരവധി ആളുകളെ സന്മാര്‍ഗത്തിന്റെ വെളിച്ചത്തിലേക്കാനയിക്കാനും മഹതിക്ക് കഴിഞ്ഞിട്ടുണ്ട്. ചെറായിയില്‍ പ്രസ്ഥാന പ്രവര്‍ത്തനത്തിന് ഒരാസ്ഥാനം ഇല്ലാതെ വന്നപ്പോള്‍ തന്റെ വീട്ടുമുറ്റത്ത് ഓല ഷെഡ് കെട്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കിയത് അവരുടെ പ്രസ്ഥാന പ്രതിബദ്ധതയുടെ തെളിവാണ്.
പ്രസ്ഥാന പ്രവര്‍ത്തകനായിരുന്ന മര്‍ഹൂം വലിയകത്ത് നവനിറ മുഹമ്മദലിയായിരുന്നു ഭര്‍ത്താവ്. മക്കള്‍: മുംതാസ്, സല്‍മ, നജ്മ, റഹ്മത്ത്. മരുമക്കള്‍: അഡ്വ. കെ.എ ഷംസുദ്ദീന്‍, കെ.എ യൂസുഫ് ഉമരി, പി.എം അബ്ദുല്‍ സലാം, ബാബു നവാസ്.
എസ്.എം സൈനുദ്ദീന്‍, മന്നം, എന്‍. പറവൂര്‍
എസ്.എ മുത്ത് സാഹിബ്
ആലത്തൂര്‍ ഏരിയയിലെ ചുണ്ടക്കാട്ടില്‍ ജമാഅത്തെ ഇസ്ലാമിയുടെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളായിരുന്ന എസ്.എ മുത്ത് സാഹിബ് എന്ന മുത്തണ്ണന്‍ അല്ലാഹുവിലേക്ക് യാത്രയായി. ഹല്‍ഖാ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു. പ്രാരാബ്ധങ്ങളും കഷ്ടപ്പാടുകളും അതിജീവിച്ച് പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായിരുന്നു. ബീഡിതെറുത്ത് കുടുംബം പോറ്റുമ്പോഴും പ്രബോധനം വാരിക ഓരോ ലക്കവും മുടങ്ങാതെ വായിക്കാനും മുന്‍ലക്കങ്ങള്‍ ബൈന്‍ഡ് ചെയ്തു സൂക്ഷിക്കാനും അദ്ദേഹം സമയം കണ്ടെത്തി.
ചുണ്ടക്കാട് ഹിറാ മസ്ജിദ് നിര്‍മിച്ചത് 1998 ലാണെങ്കിലും പ്രസ്ഥാനത്തിന് ആദ്യകാലഘട്ടം മുതലേ വേരോട്ടമുണ്ടായിരുന്നു. പ്രസ്ഥാന ദൌത്യവുമായി കെ.ടി അബ്ദുര്‍റഹീം സാഹിബ് പ്രദേശത്ത് എത്തിയപ്പോള്‍ അനുഭവിച്ച ത്യാഗത്തിന്റെ കഥകള്‍ ഈയുള്ളവനുമായി ഏതാനും നാളുകള്‍ക്ക് മുമ്പ്പോലും അദ്ദേഹം പങ്കുവെച്ചിരുന്നു.
അബുല്‍ ഹസന്‍ ചുണ്ടക്കാട്
എന്‍.എ മുഹമ്മദ്
വെസ്റ് വെളിയത്തുനാട് കാര്‍കുന്‍ ഹല്‍ഖയിലെ ആദ്യകാല പ്രവര്‍ത്തകനായിരുന്ന എന്‍.എ മുഹമ്മദ് സാഹിബ് അല്ലാഹുവിങ്കലേക്ക് യാത്രയായി.
വെളിയത്തുനാട് പ്രദേശത്തെ പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ എന്‍.എ മുഹമ്മദ് സാഹിബിലൂടെ മാത്രമേ രേഖപ്പെടുത്താന്‍ കഴിയുകയുള്ളൂ. 1977ന് ശേഷം ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തകനായി മാറിയ അദ്ദേഹം പല എതിര്‍പ്പുകളെയും അവഗണിച്ചുകൊണ്ട് പ്രസ്ഥാനത്തില്‍ നിലകൊണ്ടു.
ദീര്‍ഘകാലം ഹല്‍ഖ നാസിം, സെക്രട്ടറി ഏരിയാ സെക്രട്ടറി, ദാറുസ്സലാം ട്രസ്റിന്റെ ആരംഭം മുതല്‍ മരണം വരെയും സെക്രട്ടറി, മിഷ്കാത്തുല്‍ ഹുദാ മുസ്ലിം സൊസൈറ്റിയുടെ സെക്രട്ടറി, ട്രസ്റിന്റെ കീഴില്‍ സ്ഥാപിതമായ ആശ്രയം പലിശരഹിത നിധിയുടെ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു പോന്നു.
ട്രസ്റിന്റെ കീഴില്‍ പണിതുകൊണ്ടിരിക്കുന്ന ഇസ്ലാമിക് സെന്റര്‍ പൂര്‍ത്തീകരിച്ചു കാണാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്നു. തന്റെ കുടുംബത്തെ മുഴുവന്‍ ഇസ്ലാമിക പ്രസ്ഥാനത്തില്‍ അടിയുറച്ച്നിന്ന് പ്രവര്‍ത്തിക്കുന്നതില്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. പ്രസ്ഥാനത്തില്‍ ഉറച്ചുനിന്ന് പ്രവര്‍ത്തിക്കുന്ന ഒരു കര്‍മഭടനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സഹപ്രവര്‍ത്തകര്‍ക്ക് നഷ്ടമായത്.
ഹല്‍ഖ പ്രവര്‍ത്തകര്‍, വെസ്റ് വെളിയത്തുനാട്
കെ.പി കുഞ്ഞിക്കോയ
മക്കരപറമ്പ് ഘടകത്തിലെ പ്രവര്‍ത്തകനായിരുന്ന പുത്തന്‍ പീടികക്കല്‍ കുഞ്ഞിക്കോയ സാഹിബ് അല്ലാഹുവിലേക്ക് യാത്രയായി. കേരളത്തില്‍ പ്രസ്ഥാന പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച ആദ്യനാളുകളില്‍ തന്നെ പ്രസ്ഥാനവുമായി ബന്ധപ്പെട്ട വ്യക്തിയായിരുന്നു കുഞ്ഞിക്കോയ സാഹിബ്.
സി. മോയിന്‍ഹാജി, കുട്ട്യാപ്പുസാഹിബ്, അബ്ദുല്‍ഖാദര്‍ മൌലവി എന്നിവരോടൊപ്പം കാളാവ്, മക്കരപറമ്പ്, രാമപുരം എന്നീ പ്രദേശങ്ങളില്‍ പ്രസ്ഥാനം വളര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു.
ഹാജി സാഹിബ്, കെ.സി അബ്ദുല്ല മൌലവി, എ.കെ അബ്ദുല്‍ഖാദര്‍ മൌലവി തുടങ്ങിയ പ്രസ്ഥാന നായകരോട് ഉറ്റബന്ധം പുലര്‍ത്തിപോന്നിരുന്നു. പ്രസ്ഥാന പ്രവര്‍ത്തകനായിക്കൊണ്ട് തന്നെ 'സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ'യുടെ കീഴിലുള്ള കാളാവ് മഹല്ലില്‍ ദീര്‍ഘകാലം സെക്രട്ടറിയും തുടര്‍ന്ന് പ്രസിഡന്റ് പദവിയും വഹിച്ചിട്ടുണ്ട്. മഹല്ലിലുണ്ടാകുന്ന പ്രശ്ന പരിഹാരത്തിനും മാധ്യസ്ഥതക്കും വേണ്ടി രൂപീകരിച്ച 3 അംഗ മേല്‍ക്കമ്മിറ്റിയിലും അദ്ദേഹം അംഗമായിരുന്നു.
പി.കെ സയ്യിദ് ഹുസൈന്‍ വടക്കാങ്ങര
Comments