ചേരളവും നമ്മുടെ കേരള സങ്കല്‍പവും
പ്രബോധനത്തില്‍ അപൂര്‍വമായി പ്രത്യക്ഷപ്പെടാറുള്ള ഗവേഷണ പ്രധാനമായ ലേഖനങ്ങളില്‍ എടുത്തു പറയത്തക്കതാണ് അഫ്‌സല്‍ തയ്യിബ് എഴുതിയ 'ചേരളവും ചേരമാന്‍ പെരുമാളും' എന്ന ലേഖനം (ലക്കം 45). മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി എന്ന ഐതിഹ്യത്തോടൊപ്പം ആറാമത്തെ അവതാരമായ പരശുരാമന് മുമ്പുള്ള വാമനാവതാരം എങ്ങനെ കേരള ചക്രവര്‍ത്തിയെ ചവിട്ടിത്താഴ്ത്തും എന്ന പ്രസക്തമായ ചോദ്യത്തോടെയാണ് ലേഖനം ആരംഭിക്കുന്നത്. ഇത് യുക്തിഭംഗമായി ലേഖകന്‍ ചൂണ്ടിക്കാട്ടുന്നു. പരമ്പരാഗതമായി നിലനില്‍ക്കുന്ന ഒരു വിശ്വാസ സങ്കല്‍പത്തില്‍ കണ്ടെത്തിയ യുക്തി ഭംഗത്തെക്കുറിച്ച് ചരിത്രകാരന്മാരും പുരാണ വ്യാഖ്യാതാക്കളുമാണ് മറുപടി പറയേണ്ടത്. ഏതായാലും പ്രബോധനം വായനക്കാരില്‍ ഇത്തരമൊരു ചിന്ത സമ്മാനിക്കുക വഴി കൂടുതല്‍ ചിന്തക്കും പഠനത്തിനുമുള്ള വഴി തുറന്നിടുകയാണ് ലേഖകന്‍ ചെയ്തിരിക്കുന്നത്.
അറബികളും കേരളത്തിലെ ആദിജനതയും തമ്മിലുള്ള വൈജ്ഞാനികവും സാംസ്‌കാരികവുമായ ദ്രാവിഡ സാമ്യതകള്‍ കണ്ടെത്താനുള്ള ലേഖകന്റെ ശ്രമം തികച്ചും അഭിനന്ദനാര്‍ഹമാണ്. അതോടൊപ്പം കേരളത്തിലെ ദ്രാവിഡ ജനതയില്‍ ഒരു വിഭാഗം ഇസ്‌ലാമിക ജീവിതവ്യവസ്ഥ അംഗീകരിച്ചതോടു കൂടി നിലവില്‍ വന്ന അറേബ്യന്‍ ഉപദ്വീപിലെയും ഇന്ത്യന്‍ ഉപദ്വീപിലെയും ഗോത്ര വര്‍ഗങ്ങളിലെ ആദര്‍ശ ഐക്യം കണ്ടെത്താനുള്ള ശ്രമം ലേഖനത്തിന്റെ ഗവേഷണ ചാതുരി വര്‍ധിപ്പിക്കുന്നു. ഇത്തരം പഠനാര്‍ഹമായ ലേഖനങ്ങള്‍ പ്രബോധനത്തിന്റെ പേജുകളെ ഈടുറ്റതാക്കുന്നു.
നടന്നു തീരാത്ത വഴികളില്‍ പറയാന്‍ വിട്ടത്
ടി.കെ അബ്ദുല്ല സാഹിബിന്റെ ആത്മകഥയായ നടന്നു തീരാത്ത വഴികള്‍ തുടക്കം മുതലേ അതീവ താല്‍പര്യത്തോടെയാണ് വായിച്ചിരുന്നത്. കേരള ജമാഅത്തെ ഇസ്‌ലാമിയുടെ ജീവിച്ചിരിക്കുന്ന മുതിര്‍ന്ന നേതാക്കളിലൊരാളെന്ന നിലക്ക് വ്യത്യസ്ത കാലങ്ങളില്‍ സംഘടന സ്വീകരിച്ച നയനിലപാടുകളുടെ നിരൂപണങ്ങളും വിമര്‍ശനങ്ങളും പംക്തിയില്‍ ഇടം പിടിക്കുമെന്നാണ് പ്രതീക്ഷിച്ചത്. പ്രസ്ഥാന ചരിത്രം ഏകദേശമൊക്കെ ടി.കെയുടെ വിവരണത്തില്‍ വന്നിട്ടുണ്ട്. അദ്ദേഹത്തിനറിയാവുന്നതും പറയേണ്ടതുമായ പലതും വിട്ടുകളഞ്ഞുവോ എന്ന സംശയം ബാക്കി നില്‍ക്കുന്നു. കെ.സി അബ്ദുല്ല മൗലവി മുതല്‍ കൊണ്ടോട്ടി അബ്ദുര്‍റഹ്മാന്‍ സാഹിബ്, എ.കെ അബ്ദുല്‍ ഖാദിര്‍ മൗലവി തുടങ്ങിയ പ്രസ്ഥാന സാരഥികളെക്കുറിച്ച് വിശദമായ പരമാര്‍ശങ്ങള്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം.
കേരള ജമാഅത്തിന്റെ കേന്ദ്ര നേതാക്കളിലൊരാള്‍ എന്ന നിലക്ക് അഖിലേന്ത്യാ ജമാഅത്തിനെക്കുറിച്ചും അത് കാലാകാലങ്ങളില്‍ സ്വീകരിച്ച വ്യത്യസ്ത നിലപാടുകളെക്കുറിച്ചും ടി.കെ ബോധപൂര്‍വം പറയേണ്ട എന്നു വെച്ചതാണോ? ടി.കെ തന്നെ അമീറായിരുന്ന കാലത്തെ പ്രവര്‍ത്തനങ്ങളും പ്രബോധനം പത്രാധിപ ജീവിതവും ഒന്നും 'നടന്നുതീരാത്ത വഴികളില്‍' കാര്യമായി പരാമര്‍ശിച്ചു കണ്ടില്ല. വര്‍ത്തമാനകാലത്ത് മുന്നോട്ട് പോകാന്‍ ചരിത്രത്തില്‍നിന്ന് ഊര്‍ജം സംഭരിക്കേണ്ട ഒരു സംഘടന, കഴിഞ്ഞ കാലത്തെ വിശകലന വിധേയമാക്കാന്‍ ത്രാണിയുള്ള നേതാക്കളിലൊരാളുടെ ആത്മഭാഷണത്തില്‍നിന്ന് വിമര്‍ശനങ്ങളും നിരൂപണവും കൂടി പ്രതീക്ഷിക്കുന്നുണ്ട്. ടി.കെ പറയാന്‍ ബാക്കി വെച്ച അനുഭവ ഖണ്ഡത്തില്‍ അതുണ്ടായിരിക്കുമെന്ന് പ്രത്യാശിക്കട്ടെ.
എം.വി ജലീല്‍ ഒതളൂര്‍
മുജാഹിദ് വിമര്‍ശനം; കാണാതെ പോയത്
മുജാഹിദ് പ്രസ്ഥാനം നവോത്ഥാനത്തില്‍നിന്ന് നവയാഥാസ്ഥിതികതയിലേക്ക് (ലക്കം 46) എന്ന ലേഖനം ഏകപക്ഷീയ വിമര്‍ശനമായി ചുരുങ്ങിയില്ലേ എന്ന് സംശയിക്കുന്നു. കേരള മുസ്ലിം നവോത്ഥാന ചരിത്രത്തില്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ നേതൃപരമായ പങ്ക് രേഖപ്പെടുത്തിയ ലേഖകന്‍, വര്‍ത്തമാനകാലത്ത് ഇസ്ലാഹീ ധാരയൊന്നടങ്കം യാഥാസ്ഥിതികതയിലേക്ക് കൂപ്പ് കുത്തിയെന്നാണ് സമര്‍ഥിക്കുന്നത്. ഇത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. ഭിന്നിപ്പും പിളര്‍പ്പും അന്ധവിശ്വാസങ്ങളിലേക്കുള്ള തിരിഞ്ഞു നടത്തവുമെല്ലാം ഇസ്ലാഹീധാരയില്‍ സംഭവിച്ചുവെന്നത് യാഥാര്‍ഥ്യം തന്നെ. പക്ഷേ, അതോടൊപ്പം സാമൂഹിക വിഷയങ്ങളിലും സാഹിത്യ സാംസ്കാരിക രംഗത്തും സജീവമായി ഇടപെടുന്ന ഒരു ധാര അതിനുള്ളില്‍ നിന്നുതന്നെ വികസിച്ചുവന്നുവെന്നത് വര്‍ത്തമാന യാഥാര്‍ഥ്യമാണ്.
ഇസ്ലാഹീ ധാരയില്‍ അടിയുറച്ചു നിന്ന് തന്നെ ഇസ്ലാമിനെ കാലികമായി പ്രതിനിധീകരിക്കാന്‍ ശ്രമിക്കുന്ന യുവജന വിഭാഗത്തിന്റെ ആക്ടിവിസവും അവരുടെ മുഖപത്രമായ ശബാബ് വാരികയുടെ ഉള്ളടക്കവും ലേഖകന്‍ കാണാതെ പോയതെങ്ങനെയാണ്.
ഒരു ന്യൂനപക്ഷത്തെ മാത്രം പിടികൂടിയ ജിന്നുബാധയെ വിമര്‍ശന വിധേയമാക്കുമ്പോള്‍തന്നെ മാറ്റത്തിന്റെ ഈ ചിത്രങ്ങളും ഒപ്പം ചേര്‍ത്തുവെക്കേണ്ടതായിരുന്നു.
ടി.പി ബഷീറുദ്ദീന്‍ തൃപ്പനച്ചി
എങ്ങനെയെല്ലാമാണൊരാള്‍ 'അല്‍അമീനാ'കുന്നത്
മദീനയിലേക്ക് മരുഭൂമിയിലൂടെയുള്ള ഊടുവഴി കാണിച്ചുകൊടുക്കാന്‍ ഹിജ്റയില്‍ നബി കൂട്ടുപിടിച്ചത് ബഹുദൈവവിശ്വാസിയെയായിരുന്നു. അത്രമേല്‍ സ്നേഹവും ആദരവുമില്ലെങ്കില്‍ ഹിജ്റ പോലുള്ള ഒരു നിര്‍ണായക ഘട്ടത്തില്‍ നബിയോടൊപ്പം പോകാന്‍ ഒരു ബഹുദൈവവിശ്വാസി തയാറാവുകയില്ല. അപകടം ക്ഷണിച്ചുവരുത്തലാണത്. പിടിക്കപ്പെട്ടാല്‍ ഗോത്ര വഞ്ചകനെന്ന അപരാധം ചുമത്തി അവനെ ഖുറൈശികള്‍ വധിച്ചേക്കാം. സ്വന്തം ജീവന്‍ പണയപ്പെടുത്തിക്കൊണ്ടാണ് നബിയെ ആ ബഹുദൈവവിശ്വാസി അനുഗമിക്കുന്നത്. നബിയുടെ സ്വഭാവ മഹിമയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും നബിക്കുണ്ടായിരുന്ന അടുപ്പവുമാണ് ഈ സംഭവം തെളിച്ചുകാട്ടുന്നത്. പ്രബോധകന്‍ ജനസേവകനും വിശ്വസ്തനും ജനപ്രിയനുമാകുമ്പോള്‍ ജനങ്ങള്‍ നല്‍കുന്നതാണ് 'അല്‍അമീന്‍' എന്ന ബഹുമതി.
മരിക്കുമ്പോള്‍ നബിയുടെ പടയങ്കി ഒരു ജൂതന്റെ പക്കല്‍ പണയത്തിലായിരുന്നു. മുസ്ലിംകളുടെ കഠിന ശത്രുക്കളായി അറിയപ്പെടുന്നവരാണ് ജൂതന്മാര്‍. എന്നിട്ടും നബിയും ജൂതനും തമ്മില്‍ അസാധാരണമായ സ്നേഹബന്ധം നിലനില്‍ക്കുന്നു.
മരം നോക്കി പോകുന്നവന്‍ കാടിന്റെ മനോഹാരിത കാണുന്നില്ല എന്നു പറഞ്ഞതുപോലെ നബിയുടെ ജീവിതത്തിന്റെ മനോഹാരിത മുസ്ലിംകള്‍ കാണുന്നില്ല. ഇസ്ലാമെന്നാല്‍ നമസ്കാരം പോലുള്ള ആരാധനാ കര്‍മങ്ങള്‍ മാത്രമാണെന്ന് വായിക്കുന്നവര്‍ മനുഷ്യ സ്നേഹത്തിന്റെയും ജീവകാരുണ്യത്തിന്റെയും ഒട്ടേറെ പാഠങ്ങള്‍ കാണാതെ പോകുന്നു. സാമൂഹിക ബന്ധങ്ങളുടെയും ജീവകാരുണ്യത്തിന്റെയും ദൈവികമായ പാഠശാലകളാണ് നമസ്കാരവും സകാത്തും നോമ്പും ഹജ്ജുമെല്ലാം. അവ ചൈതന്യം ചോര്‍ന്ന ചടങ്ങുകളായി മാറുമ്പോള്‍ ഇസ്ലാമിന്റെ സൌന്ദര്യമാണ് കെട്ടുപോകുന്നത്.
നിലാവിനെ മറയ്ക്കുന്ന കാര്‍മേഘം പോലെ ഇസ്ലാമിന്റെ സൌന്ദര്യം മറച്ചുകൊണ്ടാണ് മുസ്ലിംകള്‍ ജീവിക്കുന്നത്. മുസ്ലിംകള്‍ നേരിടുന്ന പ്രതിസന്ധികളുടെ കാരണം അറിവില്ലായ്മ മാത്രമല്ല, അറിഞ്ഞതിനോടുള്ള അവഗണന കൂടിയാണ്. അറിഞ്ഞത് ജീവിതത്തില്‍ പകര്‍ത്താന്‍ അവര്‍ തയാറല്ല. അതേയവസരം വിലക്കപ്പെട്ടത് വാരിക്കൂട്ടാന്‍ ചാടിപ്പുറപ്പെടുകയും ചെയ്യുന്നു.
കെ.പി ഇസ്മാഈല്‍ കണ്ണൂര്‍
വസന്ത മുകുളങ്ങള്‍ വെയിലേറ്റ് വാടുമോ?
പ്രബോധനം ലക്കം 48-ല്‍ വന്ന 'വിപ്ളവങ്ങള്‍ നാല്‍ക്കവലകളില്‍ നിന്നു പോകുമോ? എന്ന കുറിപ്പ്, വിപ്ളവാനന്തര അറബ് ലോകം ഇനി നേരിടാനിരിക്കുന്ന പ്രതിസന്ധികളെ ചൂണ്ടിക്കാട്ടുന്നു. വിശിഷ്യാ ഈജിപ്തില്‍ നടന്ന വിപ്ളവം. 21-ാം നൂറ്റാണ്ടിന്റെ ചരിത്രതാളുകളില്‍ സ്വര്‍ണ ലിപികളാല്‍ എഴുതപ്പെടേണ്ട വിപ്ളവങ്ങള്‍ അതിന്റെ പര്യവസാന മുഹൂര്‍ത്തത്തില്‍ എത്തി നില്‍ക്കുന്ന ഈ ഘട്ടത്തില്‍ ഈജിപ്തില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ സുഖമില്ലാത്തതും ആശങ്കയിലാഴ്ത്തുന്നതും തന്നെയാണ്. സ്വേഛാധിപത്യത്തിന്റെ കറുപ്പുകള്‍ ഇനിയും മായാതെ നില്‍ക്കുന്നു എന്നത് ഈജിപ്തിന്റെ അധികാര രാഷ്ട്രീയത്തിന്റെ കോണുകളില്‍ നിന്ന് വായിച്ചെടുക്കാം.
ഹസനുല്‍ ബന്ന പെരുമ്പാവൂര്‍
ചിരിക്കാന്‍ മറന്നുപോകുന്നവര്‍
മുസ്ലിമിന് ചിരിക്കാനും തമാശ പറയാനും ആഹ്ളാദം പങ്കിടാനും അനുവാദമില്ലെന്നാണ് മത ബോധമുള്ള ചിലരെ കണ്ടാല്‍ തോന്നുക. ഇക്കാര്യത്തില്‍ നമുക്ക് മാതൃക പ്രവാചകനാണ്. നബി അരുളി: "ഞാന്‍ തമാശ പറയാറുണ്ട്. അപ്പോഴും ഞാന്‍ സത്യമേ പറയാറുള്ളൂ.'' ഗൌരവപ്പെട്ട കാര്യങ്ങള്‍ മാത്രം പറയേണ്ട ദൈവത്തിന്റെ പ്രവാചകന്‍, ഒരുപാട് ദുഃഖങ്ങള്‍ക്കിടയിലും ചിരിക്കാനും തമാശ പറയാനും സമയം കണ്ടെത്തിയെങ്കില്‍ അതില്‍ അസ്വാഭാവികമായി ഒന്നുമില്ല.
മനുഷ്യന് മാത്രമുള്ള ഒരു ഗുണവിശേഷമാണ് ചിരിക്കാന്‍ കഴിയുക എന്നത്. ജന്തുക്കള്‍ ചിരിക്കാറില്ല. പ്രകൃതി മതമെന്ന നിലയില്‍ ചിരിയും തമാശയും ഇസ്ലാം നിരാകരിക്കുമെന്ന് ഒരിക്കലും കരുതാന്‍ പറ്റുകയില്ല. അത്യാവശ്യത്തിന് നല്ല തമാശ പറയാം. വിരോധമില്ല. അതുകൊണ്ട് ആരുടെയും മനസ്സ് വേദനിപ്പിക്കരുത്. പറയുന്നത് സത്യവുമായിരിക്കണം.
ഏറ്റവും ആരോഗ്യകരമായ വ്യായാമമാണ് ചിരി. ഇതൊരു ചികിത്സാ വിധിയായി പോലും വൈദ്യശാസ്ത്രം അംഗീകരിച്ചിട്ടുണ്ട്. രോഗികള്‍ക്ക് വേദന മറക്കാനും സന്തോഷം പകരാനും തമാശകള്‍ ഫലപ്രദമാണ്. പണ്ടുകാലങ്ങളില്‍ രാജാക്കന്മാര്‍ തമാശ പറയുന്നതിന് വിദൂഷകന്മാരെ കൊട്ടാരത്തില്‍ പാര്‍പ്പിക്കാറുണ്ട്. അലി(റ) പറയുന്നു: "സംസാരത്തില്‍ തമാശ കലര്‍ത്തുക. ഭക്ഷണത്തില്‍ ഉപ്പ് കലര്‍ത്തുന്നതുപോലെ.'' സംസാരത്തില്‍ രസം വേണമെന്നും അത് അമിതമാകരുതെന്നും സാരം.
അബ്ദുല്‍ ജബ്ബാര്‍ കൂരാരി
Comments