ചരിത്ര വായനകളിലെ ടിപ്പുസുല്‍ത്താന്‍
കൊടും വനങ്ങളില്‍ പാര്‍ക്കുന്ന ഭീകരജീവികള്‍ ഉളവാക്കുന്ന ഒരു തരം ഭയമാണ് ചരിത്രം മുന്നോട്ടുവെച്ച ടിപ്പുസുല്‍ത്താനെ വായിച്ച് മലയാളികളുടെയടക്കം മനസുകളില്‍ രൂപപ്പെട്ടത്. ഇത് ബ്രിട്ടീഷ് ആശിര്‍വാദത്തോടെ വിരചിതമായ ചരിത്രമാണ്. പല കാരണങ്ങള്‍ കൊണ്ട് ഹിംസ്ര സ്വഭാവം പൂണ്ട മനുഷ്യനായി ടിപ്പു ആവശ്യത്തില്‍ കവിഞ്ഞ് ആഘോഷിക്കപ്പെട്ടു. ആവര്‍ത്തിച്ചും വസ്തുതകളുടെ പിന്‍ബലമില്ലാതെയുമുള്ള ഈ വികലാഖ്യാനം വിചാരശാലിയായ വായനക്കാരനെയും സത്യസന്ധനായ ചരിത്രവിദ്യാര്‍ഥിയെയും തരിമ്പും തൃപ്തിപ്പെടുത്തില്ല. വിവരണങ്ങളിലെ കല്ലും മുള്ളും വായനാപഥത്തില്‍ അലോസരവും ചിന്താമണ്ഡലത്തില്‍ അങ്കലാപ്പും ഉളവാക്കും. കൂടുതല്‍ തെളിമയാര്‍ന്നതും വസ്തുനിഷ്ഠവുമായ ആഖ്യാനങ്ങളന്വേഷിച്ച് യാത്രയാരംഭിക്കാന്‍ നാം നിര്‍ബന്ധിതരാവുന്നു. അത്തരമൊരു ഘട്ടത്തിലാണ് 'ടിപ്പുസുല്‍ത്താന്‍' കൈയിലെത്തുന്നത്. പി.കെ ബാലകൃഷ്ണനിലെ സത്യഗ്രഹിയെയും ചരിത്രകാരനെയും തെളിമയോടെ കാണാം ഈ മൌലികരചനയില്‍.
ഒരു ചരിത്ര സന്ദര്‍ഭത്തെ അതിലെ സംഭവവികാസങ്ങളോടൊപ്പം ലഭ്യമായ രേഖകളുടെ സാക്ഷ്യപ്പെടുത്തലോടെ അവതരിപ്പിക്കുകയാണല്ലോ ചരിത്രകാരന് നിര്‍വഹിക്കാനുള്ളത്. പക്ഷേ ടിപ്പുസുല്‍ത്താനെ സംബന്ധിക്കുന്ന ചരിത്ര ഗ്രന്ഥത്തിന്റെ പൂര്‍ണതക്ക് അതുമാത്രം മതിയാവുമായിരുന്നില്ല. കാരണം അധിനിവേശ വിരുദ്ധ സമരത്തില്‍ മുഖം കാണിക്കുക മാത്രം ചെയ്തവര്‍ ധീരദേശാഭിമാനികളും ഇതിഹാസ നായകരുമായപ്പോള്‍ സ്വാതന്ത്യ്രത്തിന് ജീവിതം സമര്‍പ്പിക്കുകയും സമര വഴിയില്‍ ജീവന്‍ ബലിനല്‍കുകയും ചെയ്ത ടിപ്പുവിന്റെ ചരിത്രത്തിന് സംഭവിച്ചത് മറ്റൊന്നാണ്. മേല്‍ചൊന്നവര്‍ക്ക് ചരിത്രതാളുകളില്‍ വീരപട്ടവും പാഠപുസ്തകത്തില്‍ പ്രശംസയും നല്‍കുമ്പോഴും വിസ്മൃതിയുടെ പുറമ്പോക്കിലായിരുന്നു ടിപ്പു. കേവലമായ അന്യവല്‍ക്കരണമല്ല. ബോധപൂര്‍വവും നീതിരഹിതവുമായ അപരവല്‍ക്കരണം. അധിനിവേശക്കാരായ ബ്രിട്ടീഷുകാരെക്കാള്‍ വിദ്യാര്‍ഥി മനസുകളില്‍ പോലും ടിപ്പു വെറുക്കപ്പെട്ടവനായി. തിരുവിതാംകൂറും മലബാറും ടിപ്പു 'ആക്രമിച്ച' വര്‍ഷം പി.എസ്.സിയുടെ ചോദ്യാവലിയില്‍ സ്ഥാനംപിടിച്ചു. വളര്‍ത്തു പട്ടിക്ക് ടിപ്പുവെന്ന് പേരിട്ട് ഈ ആഘോഷത്തില്‍ പങ്കുചേര്‍ന്നവരും വിരളമല്ല.
വളരെകുറച്ചേ ടിപ്പുവിനെ സംബന്ധിച്ച രചനകള്‍ ഉണ്ടായിട്ടുള്ളൂ (അതിന്റെ കാരണം പി.കെ.ബി. ഗ്രന്ഥത്തില്‍ പറയുന്നുണ്ട്.) അതില്‍ തന്നെ പ്രഖ്യാതരും പണ്ഡിതരുമെന്ന് സമൂഹം വാഴ്ത്തുവാക്കുകള്‍ ചൊരിഞ്ഞ 'ചരിത്രകാരന്മാര്‍' ടിപ്പുവിന്റെ ജീവിതമെഴുതിയത് വിദ്വേഷത്തിന്റെയും കണക്കുതീര്‍ക്കലിന്റെയും ഭാഷയിലാണ്. അത്തരം കൃതികള്‍ വായനക്കാരില്‍ സൃഷ്ടിച്ച കറുത്തകറകള്‍ അവരുടെ മനസുകളില്‍നിന്ന് മായ്ച്ചു കളയാന്‍ അതിസാഹസികത ആവശ്യമാണ്.
ടിപ്പുവിനെ കുറിച്ച് മലയാളത്തില്‍ ഒരു ചരിത്രകൃതിയും പിറന്നിട്ടില്ലാത്ത കാലത്ത് 1957 ലാണ് ഈ പുസ്തകം പുറത്തിറങ്ങുന്നത്. പീന്നീട് വന്നവയാവട്ടെ മേല്‍സൂചിപ്പിച്ച അന്യഭാഷാ ഗ്രന്ഥങ്ങളുടെ പദാനുപദമോ ആശയപരമോ ആയ മൊഴിമാറ്റമാണ്.
ഇത്തരം ഗ്രന്ഥങ്ങള്‍ സൃഷ്ടിച്ചുവിട്ട ചരിത്രാവബോധത്തിന്റെ ഇലതിങ്ങിയ ശിഖരങ്ങളില്‍ കോടാലി വെക്കാതെ സത്യത്തിന്റെ സൂര്യപ്രകാശം യാഥാര്‍ഥ്യത്തിന്റെ ഭൂമികയില്‍ പതിക്കുകയില്ലെന്ന തിരിച്ചറിവാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം.
ചരിത്ര സത്യങ്ങളുടെ പ്രകാശത്തിനുമേല്‍ ഉദ്ദേശപൂര്‍വമായ മറയിടലിനെതിരില്‍ അദ്ദേഹത്തിന്റെ ക്ഷോഭത്തെ അടയാളപ്പെടുത്തുന്നതാണ് പുസ്തകത്തിലെ ഓരോ വരിയും. സ്വാതന്ത്യ്രസമര പോരാട്ടത്തിന്റെ ഉജ്വല സ്മരണകള്‍ പറയുന്ന മലബാറും തിരുവിതാംകൂറും അടക്കമുള്ള നാട്ടുരാജ്യങ്ങളെ ബ്രിട്ടീഷുകാര്‍ എങ്ങനെ വശത്താക്കിയെന്നതല്ല, അവര്‍ അധിനിവേശക്കാര്‍ക്ക് എത്രമാത്രം വിധേയപ്പെട്ടുവെന്നതിലേക്കു കൂടിയാണ് ഈ ചരിത്രാന്വേഷണം വെളിച്ചം വീശുക. സുഖലോലുപതയുടെ ശീതളിമയില്‍ അടിമത്വം ഒട്ടും അലോസരമാവാതെ അധിനിവേശത്തിന് പട്ടുവിരിക്കുന്ന ഭീകരക്കാഴ്ച്ചയുണ്ടതില്‍.
മതഭ്രാന്തന്‍, ചതിയന്‍, നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയ തീവ്രവാദി, സ്ത്രീലമ്പടന്‍, ക്രൂരനായ യോദ്ധാവ്..... ബ്രിട്ടീഷുകാര്‍ പ്രചരിപ്പിക്കുകയും പില്‍ക്കാല ചരിത്രം വിചാരമന്യെ ഏറ്റെടുക്കുകയും ചെയ്ത വിശേഷണങ്ങള്‍ ഇവയില്‍ പരിമിതമല്ല. മതഭ്രാന്ത് എന്ന പാഠത്തില്‍ പി.കെ.ബി പറയുന്നു: "ടിപ്പുവിന്റെ മതഭ്രാന്ത് സൂര്യപ്രകാശം പോലെ തെളിവാവശ്യമില്ലാത്ത ഒന്നായിട്ടാണ് ചരിത്രകാരന്മാര്‍ അംഗീകരിച്ചിരിക്കുന്നത്. യാതൊരു രാഷ്ട്രീയ ബന്ധവുമില്ലാതെ, അന്യമതക്കാരാണെന്ന കാരണം കൊണ്ടുമാത്രം ഏതെങ്കിലും ഒരു വിഭാഗത്തെ എപ്പോഴെങ്കിലും ടിപ്പു ദ്രോഹിച്ചതായി സ്പഷ്ടമായൊരുദാഹരണവുമില്ല. 1782 മുതല്‍ 92 വരെ മൈസൂറിലെ മതഭ്രാന്തന്‍ 'ഇസ്ലാം അല്ലെങ്കില്‍ മരണ'മെന്ന് ഇവര്‍ പറയുന്നത് പോലെ ഗര്‍ജിച്ചു നടന്നിട്ട് കേരളത്തില്‍ ഏതെല്ലാം പുതിയ കേന്ദ്രത്തിലാണ് മുസ്ലിംകള്‍ പുതിയതായി വര്‍ധിച്ചതെന്ന് ആരും പറയുന്നില്ല.''(പേജ് 122).
ഈ ഒരു പ്രചാരണത്തിന്റെ ചരിത്രപരമായ കാരണങ്ങളെ വിശകലനം ചെയ്യുകയാണ് പി.കെ.ബി ചെയ്യുന്നത്. അതിനു മുമ്പ് ഈ ആരോപണത്തിന്റെ മറുവശം പരിശോധിക്കുന്നു. "പക്ഷേ ഇതേ കാര്യത്തെപറ്റി വേറെ പല തെളിവുകളുമുണ്ട്. അതുവളരെ വിപരീതമായ കഥയാണുതാനും പറയുന്നത്. ടിപ്പുവിന്റെ സര്‍വീസില്‍ ഏറ്റവും ഉന്നത സ്ഥാനീയരായി നിരവധി ബ്രാഹ്മണരുണ്ടായിരുന്നു. ഇംഗ്ളീഷുകാരുമായി മംഗലാപുരം സന്ധിയാലോചനക്കു പോയ ശ്രീനിവാസറാവു, ബാംഗ്ളൂര്‍ കോട്ടയൊറ്റിക്കൊടുത്ത കൃഷ്ണറാവു, അവസാനം ഇംഗ്ളീഷുകാരുടെ കീഴില്‍ ദിവാന്‍ പദം തുടര്‍ന്ന പൂര്‍ണയ്യ; ഇങ്ങനെ പേരെടുത്തു പറയാവുന്നവര്‍ തന്നെ പതിനഞ്ചിലധികമുണ്ട്. ശ്രീരംഗപട്ടണം കോട്ടക്കകത്തെ ശ്രീരംഗനാഥക്ഷേത്രം ഇന്നുമവിടെയുണ്ട്. പരമഭദ്രമായി നിലകൊള്ളുന്ന ആ ക്ഷേത്രത്തില്‍ ഇന്നും സന്ധ്യാവേളയില്‍ മണിനാദം മുഴങ്ങുകയും അടുത്തുള്ള ടിപ്പുവിന്റെ കൊട്ടാരത്തില്‍ തട്ടി ദുര്‍ബലമായിട്ടാണെങ്കിലും ആ ശബ്ദം പ്രതിധ്വനിക്കുകയും ചെയ്യാറുണ്ട്.'' (പേജ്123)
താഴ്ന്ന ജാതിയിലെ സ്ത്രീകള്‍ക്ക് മാറുമറക്കാനുള്ള സ്വാതന്ത്യ്രത്തിനുവേണ്ടി ടിപ്പു സമരംചെയ്തു. 1856 ലെ തിരുവിതാംകൂര്‍ സമരങ്ങള്‍ അതിന്റെ പേരില്‍ കൂടിയായിരുന്നു.
മതവിശ്വാസത്തിന്റെ ബലത്തില്‍ സാമൂഹിക ഉചനീചത്വങ്ങള്‍ക്കെതിരെയും അനീതിക്കെതിരെയുമുള്ള പോരാട്ടമായിരുന്നു ടിപ്പുവിന്റേതെന്ന് കാണാന്‍ കഴിയും. എന്നാല്‍ എന്തിന് ബ്രിട്ടീഷുകാര്‍ ഇത്തരമൊരു വ്യാജപ്രചാരണത്തിന് മുതിര്‍ന്നുവെന്നല്ലേ. ഇന്ത്യയില്‍ നിന്ന് തിരിച്ച് നാട്ടിലെത്തിയാല്‍ തങ്ങളുടെ വീരകൃത്യങ്ങളുടെ വിടുവായത്തം നടത്തിയിരുന്നു അവര്‍. പി.കെ.ബി പറയട്ടെ: "മൈസൂര്‍ യുദ്ധങ്ങളിലെ ഒറ്റയൊറ്റയായ സംഭവങ്ങള്‍, പ്രത്യേകിച്ചും ടിപ്പുവുമായി ഇടപെടുന്ന സംഭവങ്ങള്‍, സ്വന്തം വീരപരാക്രമങ്ങളുടെ സാഹസികവിജയങ്ങളായി അവതരിപ്പിക്കാന്‍ വഴങ്ങാത്ത സംഭവങ്ങളായിരുന്നു. അതിന്ന് ആ ഇംഗ്ളീഷ് ഓഫീസര്‍മാരുടെ ഉപബോധ മനസ്സ് നല്ലൊരുപായം ആവിഷ്കരിച്ചു. ടിപ്പുവിന്റെ ദുഷ്ടതകളെക്കുറിച്ചും നികൃഷ്ടതകളെക്കുറിച്ചും തോരാതെ മുഴക്കുന്ന പല്ലവികള്‍ക്കിടയില്‍ സംഭവങ്ങളുടെ സ്വന്തം സ്വരം പൂഴ്ത്തിക്കളയുക എന്നതായിരുന്നു ആ വിദ്യ.'' (പേജ് 101)
ആരോപണങ്ങള്‍ക്കപ്പുറത്ത്, യോദ്ധാവും സൈനികനുമായ ടിപ്പുവിന്റെ മനുഷ്യസ്നേഹം, അനീതിക്കെതിരായ നിശ്ചയദാര്‍ഢ്യം, ടിപ്പു നടപ്പിലാക്കിയ ഭൂപരിഷ്കരണങ്ങള്‍, ഭരണ സംവിധാനങ്ങള്‍, ഗതാഗത മാര്‍ഗങ്ങള്‍ എന്നിവയെല്ലാം ഗ്രന്ഥം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.
ഭരണാധികാരിയെന്ന നിലയില്‍ മലബാറിന്റെ സമഗ്രമായ വികസനത്തിന് ടിപ്പു നല്‍കിയ സംഭാവനകള്‍ പ്രത്യേകം അധ്യായത്തില്‍ പി.കെ.ബി രേഖപ്പെടുത്തിയിരിക്കുന്നു.
208 പേജുകളുള്ള ചെറുഗ്രന്ഥം പരിണതപ്രജ്ഞനായ ഒരു പോരാളിയുടെ ജീവിത ചിത്രീകരണത്തിന് പര്യാപ്തമല്ല. പക്ഷേ ഈ ചെറുവായനപോലും അസാന്നിധ്യപ്പെടുന്നത് ഭീകരമായ ഇരുട്ടിന് കനംവെപ്പിക്കുമെന്ന തിരിച്ചറിവോടെ പുസ്തകത്തിലേക്ക് കടക്കുക. കാരണം പികെബി പറയുന്നു: "ഇംഗ്ളീഷുകാരോട് യുദ്ധം ചെയ്തുവെന്ന് ഇന്ത്യാ ചരിത്രത്തില്‍ ഒരു യോദ്ധാവിനേ അഭിമാനിക്കാന്‍ വകയുള്ളൂ. ആ യോദ്ധാവാണ് ടിപ്പുസുല്‍ത്താന്‍''
[email protected]
Comments