Prabodhanm Weekly

Pages

Search

2012 മെയ് 5

മാധ്യമ സ്വാതന്ത്ര്യവും ഉത്തരവാദിത്വവും

ധുനിക സാമൂഹിക ജീവിതത്തിന്റെ അവശ്യ ഘടകമാണ് വാര്‍ത്താ മാധ്യമങ്ങള്‍. സമൂഹങ്ങളെ പരസ്പരം പരിചയപ്പെടുത്തുന്നതും ലോകത്തെ ഒരു ഗ്രാമമെന്നോണം ഒന്നിപ്പിക്കുന്നതും മാധ്യമങ്ങളാണ്. ജനായത്ത വ്യവസ്ഥിതിയുടെ നാലാം തൂണും ജനാധിപത്യത്തിന്റെ കാവല്‍നായയുമായിട്ടാണ് അവ വിശേഷിപ്പിക്കപ്പെടുന്നത്. ജനാധിപത്യ ഭരണത്തില്‍ മാര്‍ഗഭ്രംശത്തിന്റെയോ കെടുകാര്യസ്ഥതയുടെയോ അഴിമതിയുടെയോ നേരിയ ഗന്ധം വമിക്കുമ്പോള്‍ തന്നെ മാധ്യമങ്ങള്‍ ഉച്ചത്തില്‍ കുരച്ച് ബഹുജനങ്ങളെ ഉണര്‍ത്തി ഒരു തിരുത്തല്‍ ശക്തിയായി വര്‍ത്തിക്കുന്നു. ഇന്ത്യയും അമേരിക്കയും ഉള്‍പ്പെടെയുള്ള എല്ലാ ജനാധിപത്യ രാജ്യങ്ങളിലും അതിന് എത്രയോ ഉദാഹരണങ്ങള്‍ കാണാം.
മാധ്യമങ്ങള്‍ക്ക് അവയുടെ ധര്‍മം നിര്‍വഹിക്കാന്‍ സ്വാതന്ത്ര്യം വേണം. നിക്ഷിപ്ത താല്‍പര്യങ്ങളുടെയും ഭരണകൂട നിയന്ത്രണങ്ങളുടെയും തടവറയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ക്ക് ശരിയായ ബഹുജനബോധവത്കരണവും അഭിപ്രായ രൂപീകരണവും അസാധ്യമാകുന്നു. ജനങ്ങള്‍ അറിയണമെന്ന് തല്‍പരകക്ഷികള്‍ ആഗ്രഹിക്കുന്ന വിവരങ്ങള്‍ മാത്രമേ അവിടെ ജനങ്ങളില്‍ പ്രചരിപ്പിക്കാന്‍ കഴിയൂ. സ്വേഛാധിപത്യ സര്‍വാധിപത്യ രാജ്യങ്ങളിലെ മാധ്യമങ്ങള്‍ പൊതുവില്‍ ഈ തടവറയിലാണ്. എന്നാല്‍ വിവര സാങ്കേതിക വിദ്യയുടെ അപ്രതിഹതമായ മുന്നേറ്റം പത്രമാരണ നിയമങ്ങളുടെ ഇരുമ്പഴികളെ നിര്‍വീര്യമാക്കിക്കൊണ്ട് വാര്‍ത്താ വിനിമയത്തിന്റെ പുതിയ ചക്രവാളങ്ങള്‍ തുറന്നിരിക്കുന്നു. ഇന്റര്‍നെറ്റിന്റെ ബ്ലോഗെഴുത്ത്, ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെ ആര്‍ക്കും ഏതു വാര്‍ത്തയും ലോകത്തെങ്ങുമെത്തിക്കാന്‍ ഇപ്പോള്‍ നിഷ്പ്രയാസം സാധിക്കും. അറബ് ലോകത്ത് ഈയിടെയുണ്ടായ രാഷ്ട്രീയ വിപ്ലവങ്ങളുടെ കൊടുങ്കാറ്റ് അടിച്ചുവീശിയത് പ്രധാനമായും ഫേസ്ബുക്കിലൂടെയാണ്. സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ വിപുലമായ സാധ്യതകള്‍ പൂര്‍ണമായും സൃഷ്ടിപരമല്ല. അതിനു ധാരാളം നിഷേധാത്മക സാധ്യതകളുമുണ്ട്. വ്യാജവും വഞ്ചനാത്മകവും തെറ്റുധാരണാജനകവും അപകീര്‍ത്തികരവും ആഭാസകരവും പരസ്പരം വിദ്വേഷം വളര്‍ത്തുന്നതുമായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ പത്രങ്ങളെക്കാളും ചാനലുകളെക്കാളും കൂടുതലായി ഉപയോഗിക്കപ്പെടുന്നത് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളാണ്. ഈ സാഹചര്യത്തില്‍ ഇന്റര്‍നെറ്റ് സംവിധാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ചില ഗവണ്‍മെന്റുകള്‍ ചിന്തിച്ചുതുടങ്ങിയതില്‍ അത്ഭുതമില്ല. അക്കൂട്ടത്തില്‍ ഇന്ത്യയുമുണ്ട്. ഇന്റര്‍നെറ്റ് മധ്യവര്‍ത്തികള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം വിജ്ഞാപനം വഴി ഐ.ടി ചട്ടങ്ങളില്‍ ചില കല്‍പനകള്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ആക്ഷേപാര്‍ഹമായ ഉള്ളടക്കത്തിന്റെ പേരില്‍ ഗൂഗിള്‍, ഫേസ്ബുക്ക്, യാഹൂ ഇന്ത്യ, മൈക്രോ സോഫ്റ്റ് തുടങ്ങിയ സാമൂഹിക കൂട്ടായ്മാ വെബ് സൈറ്റുകളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ കോടതികള്‍ക്ക് അനുമതി നല്‍കുകയും ചെയ്തു. അന്നു മുതലേ ഈ നീക്കം രൂക്ഷമായി വിമര്‍ശിക്കപ്പെടുന്നുണ്ട്. സര്‍ക്കാര്‍ കല്‍പിച്ച ചട്ടങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പി. രാജീവ് എം.പി കൊണ്ടുവന്ന പ്രമേയം അടുത്ത രാജ്യസഭാ സമ്മേളനത്തില്‍ ചര്‍ച്ചക്കെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു.
ഇന്റര്‍നെറ്റിലൂടെ നിഷേധാത്മകവും അനാശാസ്യവും ആപത്കരവുമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയപ്പെടേണ്ടതുതന്നെ. പക്ഷേ, അതാര്, എങ്ങനെ ചെയ്യുമെന്നത് അതിസങ്കീര്‍ണമായ ചോദ്യമാണ്. മാധ്യമ സ്വാതന്ത്ര്യത്തിന്റേതാണ് പ്രശ്‌നം. വാര്‍ത്താ വിനിമയ സംവിധാനത്തില്‍ പുറമെ നിന്നുള്ള ഇടപെടല്‍ -അതു സര്‍ക്കാറില്‍ നിന്നായാലും മറ്റു തല്‍പരകക്ഷികളില്‍നിന്നായാലും- അനുവദിക്കുന്നതു മാധ്യമങ്ങളെ അവരുടെ വരുതിയിലാക്കുന്നതിനു തുല്യമാണ്. മാധ്യമങ്ങളുടെ ദുഃസ്വാതന്ത്രത്തേക്കാള്‍ ഒട്ടും ചെറുതല്ല അതിന്റെ അപകടം. ഇന്റര്‍നെറ്റു മാത്രമല്ല, മറ്റു ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങളും ചിലപ്പോഴൊക്കെ അനഭിലഷണീയവും നിഷേധാത്മകവുമായ വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ അവിശ്വാസവും തെറ്റിദ്ധാരണയും വളര്‍ത്താന്‍ ബോധപൂര്‍വം ശ്രമിച്ചുവരികയാണ് ചില പത്രങ്ങളും ചാനലുകളും. 2002-ലെ ഗുജറാത്ത് കലാപം മൂര്‍ഛിക്കുന്നതില്‍ ചില പത്രങ്ങള്‍ വഹിച്ച പങ്ക് സുവിദിതമാണ്. അത്തരം പത്രങ്ങള്‍ക്കെതിരെ യാതൊരു നടപടിയുമുണ്ടായിട്ടില്ല. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ ചില അത്യുന്നത വ്യക്തിത്വങ്ങളെക്കുറിച്ച് അസുഖകരമായ വിവരങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിക്കാന്‍ തുടങ്ങിയപ്പോഴാണ് ആ സംവിധാനത്തിന് കടിഞ്ഞാണിടാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവന്നത് എന്നതുതന്നെ ആ നീക്കത്തിനു മേല്‍ സംശയത്തിന്റെ നിഴല്‍ വീഴ്ത്തുന്നു.
വാര്‍ത്താ വിനിമയം കേവലം ഒരു വ്യവസായമല്ല. മാധ്യമ പ്രവര്‍ത്തനം ഇര തേടല്‍ മാത്രവുമല്ല. അതൊരു സാമൂഹിക സേവനമാണ്, സാംസ്‌കാരിക പ്രവര്‍ത്തനമാണ്. ഈ മൗലിക തത്ത്വം ഏറെക്കുറെ വിസ്മൃതമായിരിക്കുന്നു എന്നതാണ് ഇന്നത്തെ വലിയ പ്രശ്‌നം. മാധ്യമങ്ങള്‍ക്ക് തീര്‍ച്ചയായും നിയന്ത്രണം വേണം. അതു പക്ഷേ പുറമെ നിന്ന് അടിച്ചേല്‍പിക്കേണ്ടതല്ല. മാധ്യമങ്ങള്‍ സ്വയം സ്വീകരിക്കേണ്ടതാണ്. മാധ്യമങ്ങള്‍ക്ക് തീര്‍ച്ചയായും സ്വാതന്ത്ര്യം വേണം. ആ സ്വാതന്ത്ര്യം നിരുപാധികമല്ല. ഉത്തരവാദിത്വ ബദ്ധമാണ്. മാധ്യമ ധര്‍മങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനുള്ളതാണ് മാധ്യമങ്ങള്‍ക്കുള്ള സ്വാതന്ത്ര്യം. സ്വയം നിയന്ത്രണം പാലിക്കാത്തവര്‍ പുറമെ നിന്ന് നിയന്ത്രിക്കപ്പെടുക തന്നെ ചെയ്യും. അപ്പോള്‍ നിയന്ത്രിക്കുന്ന ബാഹ്യ ശക്തികള്‍ക്ക് മാത്രമായിരിക്കും അതിന്റെ ഗുണം. സ്വന്തം ധര്‍മങ്ങളും ഉത്തരവാദിത്വങ്ങളും ലംഘിക്കുന്നവര്‍ സ്വാതന്ത്ര്യത്തിനുള്ള അര്‍ഹത സ്വയം നിഷേധിക്കുകയാണ്. വര്‍ഷങ്ങളായി മാധ്യമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ബോധപൂര്‍വമായ ധര്‍മലംഘനങ്ങളുടെ ഫലമാണ് ഇന്ന് അവയുടെ സ്വാതന്ത്ര്യത്തിന് നേരെ ഉയരുന്ന ഭീഷണികള്‍. പൊതുവായ ധാര്‍മിക-സദാചാര മൂല്യങ്ങള്‍ മാനിക്കാന്‍ മാധ്യമങ്ങളും ബാധ്യസ്ഥരാണെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം ശ്രദ്ധേയമാകുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം