ഒട്ടകങ്ങള്‍ വരി വരിയായ്....
കാരക്ക മരങ്ങള്‍ നിരനിര നിരയായ്.....
പീര്‍ മുഹമ്മദ് എന്ന അനുഗൃഹീത മാപ്പിളപ്പാട്ടുകാരന്റെ മനോഹരമായ ഈ ഈരടികള്‍ കേള്‍ക്കാത്ത സംഗീത പ്രേമികള്‍ വിരളമായിരിക്കും രണ്ടര പതിറ്റാണ്ട് മുമ്പ് ഗള്‍ഫിലേക്ക് വണ്ടികയറുമ്പോള്‍ പെട്രോ ഡോളറിനെക്കാളും രിയാലിനേക്കാളും ഒക്കെ കൌതുകവും താല്‍പര്യവും അറേബ്യ കാണാത്ത വല്യുമ്മയുടെ അറേബ്യന്‍ കഥകളുടെ നേര്‍കാഴ്ചകളായിരുന്നു
നിരനിരയായ് കുലച്ചുനില്‍ക്കുന്ന ഈന്തപ്പനത്തോട്ടങ്ങളും കൂട്ടത്തോടെ പ്രയാണം നടത്തുന്ന ഒട്ടകങ്ങളും, പള്ളിയില്‍നിന്ന് ബാങ്ക് വിളി കേട്ടാല്‍ കച്ചവട വസ്തുക്കള്‍ അപ്പാടെ ഇട്ടേച്ചുപോകുന്ന അറബികള്‍, എണ്ണ തളം കെട്ടിനില്‍ക്കുന്ന എണ്ണപ്പാടങ്ങള്‍... അങ്ങനെയങ്ങനെ ഒരുപാട് കഥകള്‍ മനസ്സില്‍ വേരൂന്നിയ കന്നിയാത്ര.
'70കളുടെ മധ്യത്തിലും '80-കളുടെ തുടക്കത്തിലും ക്യാമലില്‍നിന്നും ക്യഡിലാക്കിലേക്കുള്ള പ്രയാണം തുടങ്ങിക്കഴിഞ്ഞിരുന്നു സുഊദി അറേബ്യയില്‍. അതുകൊണ്ടുതന്നെ ഒട്ടകത്തിന്റെ പ്രസക്തിയും നഷ്ടപ്പെട്ടുകൊണ്ടിരുന്നു. കാരക്കത്തോട്ടങ്ങള്‍ സിയാത്ത്, അല്‍ഹസ തുടങ്ങിയ പ്രദേശങ്ങളില്‍ വേലികെട്ടിനിര്‍ത്തിയിരുന്നത് ആ സങ്കല്‍പത്തിനും മങ്ങേല്‍പിച്ചു. എണ്ണപ്പാടങ്ങള്‍ അന്വേഷിച്ച് കുറെ അലഞ്ഞെങ്കിലും മരുഭൂമിയില്‍ വൈദ്യുതിടവര്‍ പോലെ ഉയര്‍ന്നു നില്‍ക്കുന്ന ഡ്രില്ലിംഗ് യൂനിറ്റുകളാണ് എണ്ണയുടെ ഉറവിടമെന്ന് തെല്ല് നിരാശയോടെ പിന്നീട് മനസ്സിലാക്കി.
എങ്കിലും ഒട്ടകത്തെപ്പറ്റിയുള്ള നോസ്റാള്‍ജിയ ഏതോ കോണില്‍ നീറികിടന്നു. പിന്നീട് ഒട്ടകത്തെപ്പറ്റി കൂടുതല്‍ അറിയാനുള്ള കൌതുകം തോന്നിയത്, ഫ്രാങ്ക് എന്ന സഹപ്രവര്‍ത്തകനായ ബ്രിട്ടീഷുകാരന്റെ വാക്കുകളില്‍ നിന്നാണ്. ജോലിയുടെ ഭാഗമായി സുഊദിയുടെ കിഴക്കന്‍ മേഖലയിലുള്ള മരുപ്രദേശങ്ങളില്‍ കൂടി യാത്ര ചെയ്യാന്‍ ഒരുപാട് അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് ഒട്ടകത്തെ കാണാനും അടുത്തിടപഴകാനും അതിന്റെ സവിശേഷതകള്‍ മനസ്സിലാക്കാനും സാധിച്ചത് സൌഭാഗ്യമായി ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നു.
ഒരിക്കല്‍ മരുഭൂമിയിലെ ചെമ്മണ്‍ പാതയില്‍ കൂടി അതിവേഗത്തില്‍ 4 വീല്‍ ഡ്രൈവ് വണ്ടി ഓടിച്ചുകൊണ്ടുപോകുമ്പോള്‍ നിരത്ത് മുറിച്ച് കടക്കുന്ന ഒരു ഒട്ടകത്തെ തൊട്ടു തൊട്ടില്ല എന്ന നിലയില്‍ ബ്രേക്കിട്ടു. അപ്പോഴാണ് ഫ്രാങ്കിന്റെ താക്കീത്: "വളരെ ശ്രദ്ധിക്കണം. ഒട്ടകത്തെ ഇടിച്ച് ഒരു വണ്ടിയും രക്ഷപ്പെട്ട ചരിത്രമില്ല. മാത്രമല്ല, അതൊരു റിലീജിയസ് അനിമലാണ്.'' 'മതകീയ മൃഗം'- അതൊരു പുതിയ അറിവായിരുന്നു.
അന്വേഷണത്തില്‍ നിന്ന് മനസ്സിലായി, നമ്മളോടിക്കുന്ന വാഹനത്തേക്കാള്‍ ആകാരത്തില്‍ വലുതായതുകൊണ്ട് വാഹനവുമായി കൂട്ടിയിടിച്ചാല്‍ ഒട്ടകം വാഹനത്തിന്റെ മുകളിലേക്ക് മറിയും. ഈ സാധ്യത വളരെ കൂടുതലാണ്. സ്റീലിനോട് കിടപിടിക്കുന്ന അതിന്റെ അസ്ഥികളില്‍ തട്ടി വാഹനം തകരാനുള്ള സാധ്യതയും വളരെ കൂടുതല്‍.
'റിലീജിയസ് അനിമല്‍' എന്ന പ്രയോഗവും കൂടുതല്‍ ചിന്തിക്കാന്‍ പ്രചോദനമായി. നമ്മുടെ നാട്ടിലൊക്കെ സാധാരണയായി ചില സസ്യങ്ങളും പലഹാരങ്ങളും മതകീയ ഛായകളോടെയാണല്ലോ അറിയപ്പെടുന്നത്. തുളസി, മൈലാഞ്ചി, പൂരപ്പൊടി, അവുലോസുണ്ട, പശു തുടങ്ങിയവ ഉദാഹരണങ്ങള്‍. തീര്‍ച്ചയായും ഫ്രാങ്ക് ഇങ്ങനെയൊരു മതകീയ ഛായ ആയിരിക്കില്ല ഉദ്ദേശിച്ചത്.
ഖുര്‍ആനില്‍ ഏറ്റവും കൂടുതല്‍ പ്രതിപാദിക്കപ്പെട്ട മൃഗം ഒട്ടകമായതുകൊണ്ടാണോ അതോ അറബികള്‍ക്ക് ഒട്ടകവുമായുള്ള അഭേദ്യമായ ബന്ധം കാരണമായിരിക്കുമോ ഫ്രാങ്ക് ഇങ്ങനെ പറഞ്ഞത്?
സ്വാലിഹ് പ്രവാചകന്റെ ഒട്ടകത്തെ അവിശ്വാസികള്‍ക്ക് ദൃഷ്ടാന്തമായിക്കൊണ്ട് ദൈവം പര്‍വതത്തിന്റെ മടിത്തട്ടില്‍നിന്ന് ജന്മം കൊടുത്ത കഥ ഖുര്‍ആനില്‍ വിവരിക്കുന്നുണ്ട്. പക്ഷേ, ദൈവത്തിന്റെ ദൃഷ്ടാന്തമായ ഒട്ടകത്തെ ധിക്കാരികളായ ജനം ഭീകരമായി അറുകൊല ചെയ്തതായി ഖുര്‍ആന്‍ വിവരിക്കുന്നു. ഒട്ടകം ഒരുസമൂഹത്തിനു മുഴുവന്‍ പാലൂട്ടി; ചുവന്ന് തുടുത്ത ആ മനോഹരമായ ഒട്ടകം ആരിലും കൌതുകമുളവാക്കുന്ന ഒരു സാധു മൃഗമായിരുന്നു. ജീവിതത്തിലൊരു നന്മയും ചെയ്യാത്ത ഒരു കൂട്ടം ആളുകളെയാണ് ഒട്ടകത്തെ കശാപ്പു ചെയ്യാന്‍ സമുദായ ഗോത്ര തലവന്മാര്‍ നിശ്ചയിച്ചത്. പാല്‍ ചുരത്തുന്ന ആ ഒട്ടകത്തെ അതിന്റെ കിടാവിനെ അനാഥമാക്കിക്കൊണ്ട് അവര്‍ അറുത്തു കളഞ്ഞു. ദൈവത്തിന്റെ ശിക്ഷ ഒരു ഘോര ശബ്ദമായി ആ സമൂഹത്തെ മുഴുവന്‍ നശിപ്പിച്ചു.
മരുഭൂമിയിലെ കപ്പല്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഒട്ടകം അതിന്റെ സൃഷ്ടിപ്പിലും ജീവിതരീതിയിലും ഒക്കെ ഒരുപാട് സവിശേഷതകള്‍ ഉള്ള ഒരു ജീവിയാണ്. മരുഭൂമി താണ്ടാനുള്ള നീണ്ട ബലമുള്ള കാലുകളും നീണ്ട് വളഞ്ഞ കഴുത്തും ദിവസങ്ങളോളം വെള്ളം ശേഖരിച്ചു വെക്കാനുള്ള ആമാശയവും, അനുസരണയും സൌമ്യതയും മറ്റു ജീവികളില്‍ നിന്ന് ഒട്ടകത്തെ വ്യത്യസ്തമാക്കുന്നു. അതുകൊണ്ടുതന്നെ ഖുര്‍ആന്‍ വിശ്വാസികളോട് ചോദിക്കുന്നു, ഒട്ടകത്തിന്റെ സൃഷ്ടിപ്പിനെക്കുറിച്ച് അവരെന്താണ് ചിന്തിക്കാത്തതെന്ന്.
Comments