Prabodhanm Weekly

Pages

Search

2012 മെയ് 5

ഭൂമി കച്ചവടച്ചരക്കാകുമ്പോള്‍

അബ്ദുല്‍ വാസിഅ് ധര്‍മഗിരി

കേവലം നിയമങ്ങളും വിലക്കുകളും കൊണ്ട് സാമൂഹിക ഭദ്രതയും സുരക്ഷിതത്വവും രൂപപ്പെടുകയില്ലെന്നും അവയോടൊപ്പം ദൈവഭയവും ഭക്തിയും അനിവാര്യമാണെന്നും ലോകത്തെ ബോധ്യപ്പെടുത്തിയ ദര്‍ശനമാണ് ഇസ്ലാം. നിയമങ്ങള്‍ എത്ര തന്നെ കുറ്റമറ്റതായാലും അവയില്‍ നിന്ന് രക്ഷപ്പെടാനുള്ള പഴുത് സൃഷ്ടിക്കാനും, പ്രമാണങ്ങളെ തങ്ങള്‍ക്കനുകൂലമായി ദുര്‍വ്യാഖ്യാനം നടത്താനും സാധ്യതയേറെയുണ്ട്. അതുകൊണ്ടാണ് ഇസ്ലാം കര്‍മശാസ്ത്ര വിധികളോടും വിവരണങ്ങളോടും വിശ്വാസത്തെ ചേര്‍ത്ത് പറഞ്ഞത്. അതിനാല്‍ ദൈവഭയം, പൊതുതാല്‍പര്യം, നിലനില്‍ക്കുന്ന സാഹചര്യം ഇവയെ അവഗണിച്ച് വിധികല്‍പിക്കുകയെന്നത് പ്രമാണങ്ങളുടെ മൂല്യത്തെയും സുതാര്യതയെയും ചോദ്യം ചെയ്യാനുള്ള ശ്രമമാണ്.
ഇസ്ലാമിക ശരീഅത്തിന്റെ വിധികള്‍ ജനങ്ങളുടെ ക്ഷേമവും ഐശ്വര്യവുമാണ് താല്‍പര്യപ്പെടുന്നതെന്ന ഇമാം ഇബ്നുല്‍ ഖയ്യിമിന്റെ വചനം പ്രസിദ്ധമാണ്. സമൂഹ താല്‍പര്യത്തിന് വിരുദ്ധമായ, അവരെ പ്രയാസത്തിലകപ്പെടുത്തുന്ന ഒരു നിയമവും ഇസ്ലാം ആവിഷ്കരിക്കുകയില്ല. "ദീനില്‍ അവന്‍ നിങ്ങള്‍ക്ക് വിഷമങ്ങളുണ്ടാക്കിയിട്ടില്ല'' (ഹജ്ജ് 78), "അവന്‍ നിങ്ങള്‍ക്ക് ഞെരുക്കമല്ല, എളുപ്പമാണ് ഉദ്ദേശിക്കുന്നത്'' (അല്‍ബഖറ 185) തുടങ്ങിയവ ഇസ്ലാമിക നിയമങ്ങളുടെ അടിസ്ഥാന തത്ത്വങ്ങളായാണ് വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ദൈവിക ദര്‍ശനം സമൂഹത്തിന്റെ സൌകര്യവും സുരക്ഷയുമാണ് ഉദ്ദേശിക്കുന്നത്. എല്ലാവിധ ഉപദ്രവങ്ങളെയും ദോഷങ്ങളെയും അത് പിഴുതെറിയുകയും ചെയ്യുന്നു. അതിനാല്‍ സാഹചര്യവും ജനങ്ങളുടെ സ്വഭാവങ്ങളുമൊക്കെ പരിഗണിച്ചായിരുന്നു പ്രവാചകനും അനുചരരും പ്രമാണങ്ങള്‍ നടപ്പിലാക്കിയിരുന്നത്. വിശുദ്ധ വേദവുമായി പ്രവാചകന്മാരെ നിയോഗിച്ചതും, അവര്‍ക്ക് ഹിക്മത്ത് അഥവാ വേദവാക്യങ്ങളുടെ പ്രായോഗിക ജ്ഞാനം പഠിപ്പിച്ചതും ഈ യാഥാര്‍ഥ്യം ജനങ്ങള്‍ക്ക് വ്യക്തമാക്കി കൊടുക്കുന്നതിനു വേണ്ടിയായിരുന്നു.
മേല്‍ സൂചിപ്പിച്ച അടിസ്ഥാനങ്ങള്‍ മുന്നില്‍ വെച്ചാണ് സമൂഹത്തിലെ വിവാദ വിഷയങ്ങളുടെ വിധി പരിശോധിക്കേണ്ടത്. ഇന്ന് നിലവിലുള്ള റിയല്‍ എസ്റേറ്റ് കച്ചവടത്തിന് പല മുഖങ്ങളുണ്ട്. വിശുദ്ധ ഖുര്‍ആന്‍ അനുവദിച്ച, പ്രോത്സാഹിപ്പിച്ച സംവിധാനമാണ് കച്ചവടവും അതുപോലുള്ള മറ്റു വരുമാന മാര്‍ഗങ്ങളും എന്നത് ഇതിന്റെ ഏറ്റവും വ്യക്തവും സുതാര്യവുമായ തലമാണ്. അനുവദനീയമായവ തന്നെ താല്‍ക്കാലികമായി നിഷിദ്ധമാക്കപ്പെടുന്ന സാമൂഹിക സാഹചര്യങ്ങള്‍ ഇതിന്റെ മറുവശമാണ്.
കേരളീയ സമൂഹത്തിന്റെ സാമൂഹിക ഭദ്രതക്ക് കോട്ടം തട്ടിക്കുന്ന തലത്തിലേക്ക് വളര്‍ന്ന് കഴിഞ്ഞ ഒന്നാണ് ഇന്നത്തെ റിയല്‍ എസ്റേറ്റ് കച്ചവടം. പൊതു സമൂഹത്തിന്റെ സാമ്പത്തിക നിലവാരത്തെക്കാള്‍ ഭീമമായ വിലയാണ് ഭൂമിക്ക് നിശ്ചയിച്ചിരിക്കുന്നത്. ഒരു പറ്റം മുതലാളിമാര്‍ അധികഭൂസ്വത്ത് കൈവശപ്പെടുത്തുകയും പരസ്പരധാരണയോടെ ഭീമമായ മാര്‍ക്കറ്റ് വില നിശ്ചയിക്കുകയും ചെയ്യുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന വിലയുടെ നാലോ അഞ്ചോ ഇരട്ടി വില ഈടാക്കുകയാണ്. അത് മുഖേന സമൂഹത്തിലെ 80 ശതമാനത്തിലധികം പേര്‍ വഴിയാധാരമാവുന്ന പ്രത്യേക സാഹചര്യം രൂപപ്പെട്ടുകൊണ്ടിരിക്കുന്നു.
കേരളീയ സമൂഹത്തില്‍ വ്യക്തികളുടെ ശരാശരി ശമ്പള നിരക്ക് മാസം 15,000 ആണെന്ന് വെക്കുക. ഒരു വര്‍ഷത്തെ സമ്പാദ്യം 180,000. അവയില്‍ ചെലവ് കഴിച്ച് ഒരു ലക്ഷം രൂപ ബാക്കിയാവുമെന്ന് കരുതുക. നമ്മുടെ ശരാശരി ഗ്രാമപ്രദേശങ്ങളിലെ സ്ഥലത്തിന്റെ വില സെന്റിന് ഒരു ലക്ഷം രൂപയോ അതില്‍ അധികമോ ആണ്. തരക്കേടില്ലാത്ത ശമ്പളമുള്ള ഒരു വ്യക്തിക്ക് തന്റെ പ്രാഥമികാവശ്യമായ ഒരു കൊച്ച് വീട് നിര്‍മിക്കണമെങ്കില്‍ എത്ര വര്‍ഷം അധ്വാനിക്കേണ്ടിവരും? ഇന്ത്യയിലെ ദാരിദ്യ്രരേഖയുടെ അളവ് കോല്‍ 22 രൂപ പ്രതിദിന വരുമാനമാക്കിയിരിക്കുന്ന സാഹചര്യത്തിലാണിതെന്ന് ഓര്‍ക്കണം. അതായത് ദാരിദ്യ്ര രേഖക്ക് താഴെയോ, അതിന് മുകളില്‍ തന്നെയോ ജീവിക്കുന്ന ജനകോടികള്‍ക്ക് പാര്‍പ്പിടമെന്ന പ്രാഥമികാവശ്യം ജീവിതകാലം മുഴുവന്‍ മരീചികയായി അവശേഷിക്കുമെന്ന് ചുരുക്കം.
പാര്‍പ്പിടമെന്നത് മനുഷ്യന്റെ പ്രാഥമികവും അനിവാര്യവുമായ അവകാശങ്ങളില്‍ പെട്ടതാണെന്ന് ഇസ്ലാമിക ഫിഖ്ഹ് സ്ഥാപിക്കുന്നു. പ്രസ്തുത അവകാശത്തിന് തടയിടുന്ന ഏതൊരു സമീപനവും ഇസ്ലാമിക ശരീഅത്തിന് വിരുദ്ധമാണ്. ഫൈഅ് അഥവാ യുദ്ധാനന്തര ഭൂമി മുസ്ലിംകള്‍ക്ക് വിഭജിച്ച് നല്‍കണമെന്നത് വിശുദ്ധ ഖുര്‍ആന്റെ കല്‍പനയാണല്ലോ. എന്നാല്‍ മുസ്ലിം സൈന്യം ഇറാഖ് ജയിച്ചടക്കിയപ്പോള്‍ ലഭിച്ച ഭൂസ്വത്ത് വിഭജിക്കരുതെന്നായിരുന്നു സൈന്യാധിപനായ സഅദ് ബിന്‍ അബീ വഖാസിന് ഉമര്‍(റ) നല്‍കിയ നിര്‍ദേശം. ഇപ്പോഴുള്ളവര്‍ക്ക് ഭൂമിയൊക്കെ വീതിച്ച് നല്‍കിയാല്‍, വരും തലമുറ കഷ്ടപ്പെടുമെന്ന ആശങ്കയായിരുന്നു അദ്ദേഹത്തെ ഇപ്രകാരം ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. അതിന് അനുകൂലമായ ആശയം അദ്ദേഹം ഖുര്‍ആന്‍ വചനങ്ങളില്‍ നിന്ന് തന്നെ കണ്ടെത്തുകയുണ്ടായി.
ഉമറി(റ)ന്റെ ഈ തീരുമാനം കേരളീയ സാമൂഹികഘടനയെ സംബന്ധിച്ചേടത്തോളം ഇന്നു വളരെ പ്രസക്തമാണ്. വരാനിരിക്കുന്ന തലമുറയെ മുന്നില്‍ കണ്ട് ഇസ്ലാമിക രാഷ്ട്രത്തിലെ ഭരണാധികാരി സ്വീകരിച്ച നടപടിയാണിത്. പൊതുക്ഷേമം പരിഗണിച്ച് പ്രമാണിക പിന്‍ബലമുള്ള അവകാശങ്ങള്‍ക്ക് പോലും ഉമര്‍(റ) നിയന്ത്രണമേര്‍പ്പെടുത്തിയെങ്കില്‍, ഇന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ തങ്ങളുടെ ഭൌതികാസക്തി മൂലം സമൂഹത്തിലെ മഹാഭൂരിപക്ഷത്തെ തെരിവിലിറക്കി സുഭിക്ഷം ജീവിക്കാനുള്ള ന്യായം വിശുദ്ധ വേദമുദ്ധരിച്ച് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. പ്രസ്തുത നയം സ്വീകരിക്കാന്‍ ഉമറി(റ)നെ പ്രേരിപ്പിച്ച മറ്റൊരു ഘടകം കൂടിയുണ്ട്. യുദ്ധാനന്തര ഭൂസ്വത്ത് വീതം വെക്കുന്നതിന്റെ ലക്ഷ്യമായി ഖുര്‍ആന്‍ പറഞ്ഞത് 'സ്വത്ത് സമൂഹത്തിലെ മുതലാളിമാരുടെ കൈകളില്‍ മാത്രം പരിമിതമാവാതിരിക്കാന്‍' (ഹശ്ര്‍ 7) എന്നാണ്. യുദ്ധത്തിലൂടെ ലഭിച്ച എല്ലാ ഭൂമിയും തന്റെ സമകാലികര്‍ക്ക് വീതിച്ച് നല്‍കിയാല്‍ അത് ഖുര്‍ആന്‍ ഉദ്ദേശിച്ച സാമൂഹിക സന്തുലിതത്വം നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം കണക്കു കൂട്ടി. മാത്രമല്ല, പുതിയ അവകാശികള്‍ വരുന്നതു വരെ പ്രസ്തുത കൃഷിയിടം അതില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കാണെന്നും, പകരമായി അവര്‍ കഴിയുന്ന പോലെ നികുതിയടച്ചാല്‍ മതിയെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കൃഷിക്കാരെ എല്ലുമുറിയെ പണിയെടുപ്പിക്കുകയും, ഭൂസ്വത്ത് അവര്‍ക്ക് കിട്ടാക്കനിയാക്കിത്തീര്‍ക്കുകയും ചെയ്ത ജന്മിത്വ മനോഭാവത്തിനെതിരിലുള്ള സമരമായിരുന്നു ഇത്. അതിനാല്‍ തന്നെ സ്വഹാബികളിലെ പ്രമുഖ കര്‍മശാസ്ത്ര പണ്ഡിതരായിരുന്ന അലി, മുആദ്, ഉസ്മാന്‍, ത്വല്‍ഹ(റ) തുടങ്ങിയവര്‍ അദ്ദേഹത്തെ പൂര്‍ണമായി പിന്തുണക്കുകയാണ് ചെയ്തത്.
ഉമറി(റ)ന്റെ ഈ നയത്തെ വിശകലനം ചെയ്ത് ശൈഖ് ഖറദാവി എഴുതുന്നു: "അലി, മുആദ് തുടങ്ങിയ പ്രമുഖ സ്വഹാബികള്‍ അംഗീകരിച്ച 'ഉമരിയന്‍' രാഷ്ട്രീയ നയത്തെ ഞാന്‍ പൂര്‍ണാര്‍ഥത്തില്‍ പിന്തുണക്കുന്നു. അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതായിരുന്നുവെന്ന ഇമാം അബൂ യൂസുഫിന്റെ അഭിപ്രായം ശരിയാണെന്ന് ഞാന്‍ കരുതുന്നു. ഇസ്ലാം താല്‍പര്യപ്പെടുന്ന നീതിയുടെ സാക്ഷാല്‍ക്കാരത്തിന് അത് വഴിവെക്കുന്നു. ഏതാനും ചില മുതലാളിമാരുടെ കരങ്ങളില്‍ നിന്നും പൊതു സമൂഹത്തിന് ഭൂമിയുടെ ഉടമസ്ഥാവകാശം നല്‍കുകയെന്നതാണ് ഈ രാഷ്ട്രീയ നയത്തിന്റെ കാതല്‍'' (അസ്സിയാസത്തുശ്ശര്‍ഇയ്യഃ 189).
ഹിജ്റ ചെയ്ത് വന്ന മുഹാജിറുകളുമായി ഭൂമിക്കച്ചവടം ചെയ്തിരുന്നെങ്കില്‍ അന്‍സ്വാറുകള്‍ക്ക് സമ്പന്നരാകാമായിരുന്നു. പ്രമാണപരമായി ഇസ്ലാമില്‍ കച്ചവടം അനുവദനീയവുമാണല്ലോ. പക്ഷേ, മുസ്ലിം ഉമ്മത്തില്‍ ഒരു വിഭാഗം തിണ്ണനിരങ്ങി ജീവിക്കുന്ന അവസരത്തില്‍ കച്ചവടമല്ല, ദാനമാണ് ഇസ്ലാം താല്‍പര്യപ്പെടുന്നതെന്ന് അവര്‍ക്ക് അറിയാമായിരുന്നു.
കച്ചവടത്തിന് വിശുദ്ധ ഖുര്‍ആന്‍ വെച്ച നിബന്ധന 'പരസ്പര സംതൃപ്തി' (തറാളിന്‍) എന്നതാണ്. കേവലം റിളാ എന്നല്ല ഇവിടെ പ്രയോഗിച്ചത്. വാങ്ങുന്നവന്റെയും വില്‍ക്കുന്നവന്റെയും പൂര്‍ണ സംതൃപ്തിയെയും സന്തോഷത്തെയും കുറിക്കുന്ന പദപ്രയോഗമാണത്. നിവൃത്തിയില്ലാതെ അംഗീകരിക്കുന്ന വിലയെയോ, മുതലെടുപ്പ് നടത്താന്‍ ഉദ്ദേശിച്ച ഇടപാടുകളെയോ ന്യായീകരിക്കാനുള്ള നിബന്ധനയല്ലിത്.
നിവൃത്തിയില്ലാതെ ജനം അംഗീകരിക്കുമെന്ന ന്യായത്തില്‍ താനിഛിക്കുന്ന എന്ത് വിലയും ഒരു വസ്തുവിന് നിശ്ചയിക്കാന്‍ കച്ചവടക്കാരന് അനുവാദമില്ല. വിലയെ സ്വാധീനിക്കുന്ന പല ഘടകങ്ങളുണ്ട്. ചെലവ് വര്‍ധിക്കല്‍, സ്വത്ത് കൈപ്പറ്റാന്‍ മുടക്കിയ പണം, വസ്തു വാങ്ങിയതിന് ശേഷം നടത്തിയ അറ്റകുറ്റ പണികളുടെയും മറ്റും ചെലവ്, അധ്വാനത്തിനുള്ള ന്യായമായ ലാഭം തുടങ്ങിയവയെ വില വര്‍ധിക്കുന്നതിനുള്ള ന്യായമായ കാരണങ്ങളായി കാണാവുന്നതാണ്. എന്നാല്‍ മേല്‍പറഞ്ഞ ചെലവുകളൊന്നുമില്ലാതെ കേവലം കൊള്ള ലാഭത്തിനും, ഒരു വിഭാഗത്തിന്റെ ധൂര്‍ത്തിനും ആഢംബരത്തിനും വേണ്ടി വിലവര്‍ധിപ്പിക്കുന്നത് തീര്‍ത്തും പ്രകൃതിവിരുദ്ധമത്രെ.
ഒരു തുണ്ട് ഭൂമി എന്നത് ഒരു നേരത്തെ ഭക്ഷണം പോലെ എല്ലാവരുടെയും ന്യായവും അനിവാര്യവുമായ ആവശ്യമാണ്. സമൂഹത്തിലെ മഹാഭൂരിപക്ഷത്തിന് അപ്രാപ്യമായ മാര്‍ക്കറ്റ് വില നിശ്ചയിച്ച് ന്യൂനപക്ഷം വരുന്ന മുതലാളിമാര്‍ അവയെ കുത്തകവല്‍ക്കരിക്കുന്നതും കുത്തക ഉറപ്പിക്കാന്‍ അവര്‍ തമ്മില്‍ പരസ്പര ധാരണ രൂപപ്പെടുത്തുന്നതും ശരീഅത്തിന് വിരുദ്ധമാണ്.
പൂഴ്ത്തിവെപ്പിനെയും കുത്തകവല്‍ക്കരണത്തെയും ശക്തമായി ചോദ്യം ചെയ്യുന്ന ധാരാളം പ്രവാചകവചനങ്ങളുണ്ട്. ജനങ്ങളെ ചൂഷണം ചെയ്യുന്നതിന് വേണ്ടി ഭൂമി വില്‍ക്കാതെ സൂക്ഷിക്കുന്നതും, ഭൂമി മുതലാളിമാര്‍ മാത്രം കൈകാര്യം ചെയ്യുന്നതും പൂഴ്ത്തിവെപ്പില്‍ പെടില്ല എന്ന് ആര്‍ക്കെങ്കിലും ന്യായീകരിക്കാനാവുമോ? ന്യായമായ വിലയ്ക്ക് ഭൂമി നല്‍കാതിരിക്കുന്നത് സാദാ പൂഴ്ത്തിവെപ്പിനേക്കാള്‍ ഗുരുതരമല്ലേ? ഭൂമിക്ക് അധികവില ലഭിക്കുന്നതിന് വേണ്ടി മുതലാളിമാര്‍ പ്രയോഗിക്കുന്ന തന്ത്രങ്ങളും ഈ ഇനത്തില്‍ ഉള്‍പെടുമെന്ന് ഇബ്നുല്‍ ഖയ്യിം തന്റെ അത്തുറുഖുല്‍ ഹികമിയ്യയില്‍ ഉദാഹരണ സഹിതം വിശദീകരിക്കുന്നുണ്ട്. മാത്രമല്ല ഇത്തരം സന്ദര്‍ഭങ്ങളില്‍ കച്ചവടക്കാരെ ഇതില്‍ നിന്ന് തടയേണ്ടത് ഉത്തരവാദപ്പെട്ടവരുടെ ബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു (പേ: 336).
സാഹചര്യത്തിന്റെ തേട്ടമനുസരിച്ച് ഭരണാധികാരിക്ക് വില നിശ്ചയിക്കാവുന്നതാണ് എന്ന് ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ പറയുന്നു. ഇത്തരം പ്രയാസകരമായ സന്ദര്‍ഭങ്ങളില്‍ അത് നിര്‍ബന്ധമാണെന്നു അദ്ദേഹം എഴുതിയിട്ടുണ്ട്. സമൂഹത്തിന് ദോഷം ചെയ്യുന്ന എല്ലാ ഇടപാടുകളും ഇസ്ലാമിക ശരീഅത്ത് നിരാകരിക്കുന്നു. ഇബ്നു അബ്ബാസി(റ)ല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 'ഉപദ്രവം പാടില്ല' എന്ന ഹദീസ്, കര്‍മശാസ്ത്ര വിശാരദര്‍ ഒരു പൊതു തത്ത്വമായി പരിഗണിച്ചിരിക്കുന്നു.
നബി തിരുമേനി(സ)യുടെ കാലത്ത് വിലക്കയറ്റമുണ്ടായി. ജനങ്ങള്‍ പ്രവാചകരുടെ അടുത്ത് പരാതിയുമായെത്തി. "പ്രവാചകരേ, വിലകുറക്കാന്‍ നിര്‍ദേശിച്ചാലും''. പ്രവാചകന്‍ പറഞ്ഞു: "അല്ലാഹുവാണ് വില നിര്‍ണയിക്കുന്നത്. അവനാണ് വിഭവ സമൃദ്ധിയും ക്ഷാമവും നല്‍കുന്നത്. അതിനാല്‍ അല്ലാഹു തന്നെയാണ് ഇത് കൈകാര്യം ചെയ്യേണ്ടത്. അതിനാല്‍ നിങ്ങളിലാരും മറ്റൊരാളുടെ അവകാശം അന്യായമായി ചോദിച്ച് എന്റെ അടുക്കല്‍ വരേണ്ടതില്ല''. കച്ചവടക്കാര്‍ക്ക് ഇഛാനുസാരം വില വര്‍ധിപ്പിക്കാമെന്നല്ല ഈ ഹദീസിന്റെ വിവക്ഷ. മറിച്ച്, സത്യസന്ധമായി കച്ചവടം ചെയ്യുന്ന സമൂഹം വിഭവത്തിന്റെ ലഭ്യതയും ക്ഷാമവും പരിഗണിച്ചാണ് വില കണക്കാക്കുകയെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. അന്യായമായി വില വര്‍ധിപ്പിക്കുന്നതിനെതിരെ പ്രവാചകന്‍ ശക്തമായി താക്കീത് നല്‍കിയിട്ടുണ്ട്. അദ്ദേഹം പറയുന്നു: "ജനങ്ങള്‍ക്ക് വിലയധികരിപ്പിച്ച് നല്‍കുന്നതിന് ഏതെങ്കിലും ഒരു വസ്തു ഒരാള്‍ കൈകാര്യം ചെയ്തിട്ടുണ്ടെങ്കില്‍ അല്ലാഹു അന്ത്യനാളില്‍ അവനെ നരകത്തില്‍ ഇരുത്തുക തന്നെ ചെയ്യും'' (ഹാകിം, അഹ്മദ്).
കുത്തകവല്‍ക്കരണം മുതലാളിമാരുടെ ആര്‍ത്തിയെയും ഭൌതികാസക്തിയെയും ഹൃദയകാഠിന്യത്തെയുമാണ് കുറിക്കുന്നത്. നബി തിരുമേനി(സ) പൂഴ്ത്തിവെപ്പും കുത്തകവല്‍ക്കരണവും നിരോധിച്ചതിന് പിന്നിലെ യുക്തി, ജനങ്ങള്‍ക്കുണ്ടാവുന്ന ഉപദ്രവങ്ങള്‍ നീക്കലാണെന്നതില്‍ കര്‍മശാസ്ത്ര പണ്ഡിതര്‍ ഏകാഭിപ്രായക്കാരാണ്. കുത്തകവത്കരണം പാടില്ലെന്ന നിബന്ധന ഭക്ഷണപദാര്‍ഥങ്ങളില്‍ പരിമിതവുമല്ല. ജനങ്ങളുടെ എല്ലാ അടിസ്ഥാനാവശ്യങ്ങളുടെ കാര്യത്തിലും അത് ബാധകമാണ്. അതിനാലാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ജനങ്ങള്‍ക്കാവശ്യമുള്ള വസ്തു ഭരണാധികാരികള്‍ നേരിട്ട് ഇടപെട്ട് ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന് പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നത്. ജനങ്ങള്‍ക്ക് തങ്ങളുടെ അത്യാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള വസ്തുക്കള്‍ ന്യായമായ ലാഭമെടുത്ത് വില്‍ക്കല്‍ നിര്‍ബന്ധമാണെന്ന് ഹനഫീ പണ്ഡിതനായ കാസാനി പറയുന്നു (ബദാഇഉ സ്സനാഇഅ്, ഭാഗം 5 പേ 129). "ഒരു മനുഷ്യന്‍ വല്ല വസ്തുവും ശേഖരിച്ച് വെക്കുകയും ജനങ്ങള്‍ക്കത് അനിവാര്യമായി വരികയും ചെയ്താല്‍ അവരുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ അവ വില്‍ക്കല്‍ അനിവാര്യമാണെന്നതാണ് ഭൂരിപക്ഷ പണ്ഡിതാഭിപ്രായം'' (നിഹായത്തുല്‍ മുഹ്താജ് 3-456, മുഗ്നി 4-221).
ജനങ്ങള്‍ക്ക് ഉപദ്രവമുണ്ടാക്കുന്ന വിധം വിലയുള്ള വസ്തുക്കളെ ബഹിഷ്കരിക്കണമെന്നാണ് ഇമാം മാലികി(റ)ന്റെ അഭിപ്രായം. ഉമറി(റ)ന്റെ കാലത്ത് വിലക്കയറ്റത്തില്‍ പ്രയാസപ്പെട്ട ജനങ്ങള്‍ ആവലാതിയുമായി അദ്ദേഹത്തെ സമീപിച്ചു. അദ്ദേഹം പറഞ്ഞു: "നിങ്ങള്‍ വില കുറക്കുക.'' അവര്‍ ചോദിച്ചു: "ഞങ്ങള്‍ പരാതി പറയുന്നവരല്ലേ. അവരുടെ അടുത്താണ് മുതല്‍. പിന്നെ ഞങ്ങളെങ്ങനെ വില കുറക്കും?'' അദ്ദേഹം നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു. "നിങ്ങളവ ബഹിഷ്കരിക്കുക.'' ഉമര്‍(റ) ആവിഷ്കരിച്ച നയം വളരെ സുന്ദരമായിരുന്നു. പക്ഷേ അത് ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ ഭൂമിയുടെയും ഭക്ഷണത്തിന്റെയും കാര്യത്തില്‍ സാധ്യമല്ലല്ലോ.
അനുവദനീയമായ കാര്യങ്ങള്‍ സമൂഹത്തില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണമാവുമ്പോള്‍ അവയെ നിരോധിക്കേണ്ടി വരുമെന്നത് ഇസ്്ലാമിക കര്‍മശാസ്ത്രത്തിലെ മറ്റൊരു അടിസ്ഥാനതത്വമാണ് (സദ്ദുദ്ദറാഇഅ്). മദീനക്ക് പുറത്ത് ക്ഷാമമുള്ള കാലത്ത് ഉള്ഹിയത്ത് മാംസം മൂന്ന് ദിവസത്തിലേറെ വീട്ടില്‍ സൂക്ഷിക്കരുതെന്നും അവ മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യണമെന്നുമുള്ള പ്രവാചക നിര്‍ദ്ദേശം പ്രസിദ്ധമാണല്ലോ. പ്രവാചകന്‍ തിരുമേനി പ്രോത്സാഹിപ്പിച്ച കാര്യങ്ങള്‍ പോലും സമൂഹത്തിന്റെ താല്‍പര്യത്തിന് വേണ്ടി താല്‍ക്കാലികമായി മാറ്റിവെച്ച പ്രവാചകാനുചരരുടെ ചരിത്രവും ഇതിനോട് ചേര്‍ത്ത് വായിക്കുക.
കച്ചവട വസ്തു പൂര്‍ണ ഉടമസ്ഥതയില്‍ ഉണ്ടായിരിക്കണമെന്നത് കച്ചവടം ശരിയാവാനുള്ള നിബന്ധനയാണ്. ഭൂമി, വാങ്ങിയ ആള്‍ക്ക് ഒഴിഞ്ഞ് കൊടുക്കുകയോ, നാട്ടുനടപ്പനുസരിച്ച് കൈമാറ്റം ചെയ്യുകയോ വേണമെന്നാണ്് ഇതിന്റെ വിശദീകരണമായി കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തിയത്. നിയമപരമായി രേഖപ്പെടുത്താത്ത, ശരീഅത്തിന് വിരുദ്ധമല്ലാത്ത നാട്ട് നടപ്പ് പരിഗണിക്കാത്ത, സുതാര്യമായ കച്ചവടത്തിന് ഭംഗം വരുത്തുന്ന രീതികളെ ആശ്രയിക്കരുതെന്നാണ് ഇസ്ലാം നിഷ്കര്‍ഷിക്കുന്നത്. നിയമപരമായി തന്റെ പേരിലില്ലാത്ത സ്വത്ത് വില്‍ക്കുന്നത് മുഖേനയുണ്ടാവുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും ചിരപരിചിതമാണല്ലോ. ഇത്തരം പ്രശ്നങ്ങളില്‍ നിന്നുള്ള രക്ഷയാണ്, ഉടമപ്പെടാത്തത് വില്‍ക്കരുതെന്ന പ്രവാചകവചനത്തിന്റെ കാതല്‍.
കച്ചവടമുദ്ദേശിച്ച് വാങ്ങിയിടുന്ന ഭൂമിയുടെ സകാത്തും ഗൌരവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. വരുമാനമില്ലാത്ത ഭൂമിയാണെന്ന ന്യായം പറഞ്ഞ് അതിന് സകാത്തില്ല എന്ന നിലപാടിലാണ് ഭൂരിപക്ഷം പേരും. എന്നാല്‍ ഇവിടെ ഭൂസ്വത്ത് -അവയില്‍ കൃഷിയും മറ്റ് വരുമാനമാര്‍ഗമില്ലെങ്കില്‍ പോലും- സ്വയം തന്നെ കച്ചവടവസ്തുവാണ്. അത് വരുമാന മാര്‍ഗവുമാണ്. അതിനാല്‍ അതിന് സകാത്ത് നിര്‍ബന്ധവുമാണ്. ഇബ്നു അബ്ദില്‍ ബര്‍റ് പറയുന്നു: "വീടും മറ്റ് വസ്തുക്കളും കൊണ്ട് കച്ചവടമാണുദ്ദേശിക്കുന്നതെങ്കില്‍ സകാത്ത് നിര്‍ബന്ധമാണെന്നതാണ് ഭൂരിപക്ഷ പണ്ഡിതമതം. ഉമര്‍, ഇബ്നു ഉമര്‍ തുടങ്ങിയവരുടെ അഭിപ്രായവും ഇത് തന്നെയാണ്. സ്വഹാബികളില്‍ ഇവരോട് എതിരഭിപ്രായം പുലര്‍ത്തുന്നവരില്ലായിരുന്നു. മദീന, ബസറ, കൂഫ, ഇറാഖ്, ശാം തുടങ്ങിയ പ്രദേശങ്ങളിലെ ഭൂരിപക്ഷ താബിഉകളുടെയും അഭിപ്രായം ഇത് തന്നെയാണ്'' (തംഹീദ് 17-126). കച്ചവടത്തിന് വേണ്ടി തയ്യാറാക്കപ്പെട്ട ഭൂമിക്ക് സകാത്ത് നല്‍കണമെന്ന് തന്നെയാണ് ഹനഫി, ശാഫിഈ, ഹമ്പലി മദ്ഹബുകളുടെയും അഭിപ്രായം (അല്‍ മബ്സൂത്വ് ഭാ: 2 പേ: 190). അതിന്റെ മതിപ്പുവില കണക്കാക്കി, നിസാബ് തികയുന്നുവെങ്കില്‍ സകാത്ത് കൊടുക്കണമെന്നതാണ് അവരുടെ നിര്‍ദ്ദേശം.
സമൂഹത്തിന്റെ സാമ്പത്തിക സന്തുലിതത്വം കാത്ത് സൂക്ഷിക്കുന്നതിന് വേണ്ടി നിര്‍ബന്ധിതവും ഐഛികവുമായ ആരാധനകള്‍ നിയമമാക്കിയ ഇസ്്ലാം, മറുവശത്ത് ന്യൂനാല്‍ ന്യൂനപക്ഷത്തിന് മാത്രം ആമോദിക്കാനുള്ള നിയമം അനുവദിക്കുമെന്ന് ചിന്തിക്കാനാവില്ല. സാമൂഹിക സാഹചര്യം മുതലെടുത്ത് പൊതു ജനങ്ങളെ പ്രാന്തവല്‍ക്കരിക്കുന്ന മുതലാളി വര്‍ഗം തോന്നിയ പോലെ ജീവിച്ചോട്ടെ എന്ന നിലപാടും ഇസ്ലാമിന് സ്വീകരിക്കാനാവില്ലല്ലോ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം