നോമ്പെടുക്കുക, ആരോഗ്യവാന്മാരാവുക
''തന്റെ വയറിനെക്കാള്‍ വിനാശകരമായി
ഒരു പാത്രവും മനുഷ്യന്‍ നിറക്കുന്നില്ല''
(നബിവചനം)
തെറ്റായ ജീവിത ശൈലികളുടെ ഫലമായി ഉണ്ടാവുന്ന ജീവിത ശൈലീ രോഗങ്ങളാണ് കേരളത്തിന്റെ ഏറ്റവും വലിയ പൊതുജനാരോഗ്യ പ്രശ്‌നം. ജീവിത ശൈലീ രോഗങ്ങളുടെ ദേശീയ തലസ്ഥാനം എന്നാണ് കേരളം ഇപ്പോള്‍ അറിയപ്പെടുന്നത്. 18-നും 64-നും ഇടയില്‍ പ്രായമുള്ള 82.4 ശതമാനം മലയാളികളും ഏതെങ്കിലും തരത്തിലുള്ള ജീവിത ശൈലീ രോഗങ്ങള്‍ വരാന്‍ സാധ്യതയുള്ളവരാണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. 30 വയസ്സ് കഴിഞ്ഞ നാലിലൊന്നു പേരും ഇപ്പോള്‍ തന്നെ അത്തരം രോഗങ്ങളുടെ പിടിയിലാണ്. ഇന്ത്യയില്‍ തന്നെ 80 ശതമാനം മരണ കാരണങ്ങളും ജീവിത ശൈലീ രോഗങ്ങളാണ്.
അമിതവും അനാരോഗ്യകരവുമായ ഭക്ഷണ ശീലങ്ങളാണ് മിക്ക ജീവിതശൈലീ രോഗങ്ങളുടെയും അടിസ്ഥാന കാരണം. പ്രമേഹം, കൊളസ്‌ട്രോള്‍, ബി.പി, ഹൃദ്രോഗം, ഫാറ്റിലിവര്‍, കിഡ്‌നി രോഗം, അമിതവണ്ണം തുടങ്ങി പലതിനും മുഖ്യകാരണം അഹിതകരമായ ഭക്ഷണശീലങ്ങളാണ്. ഇങ്ങനെ രോഗാതുരമായ സമൂഹമായി നാം മാറുന്നതില്‍ 'മാതൃകാ സമൂഹ'മായ മുസ് ലിംകളുടെ പങ്ക് ഒട്ടും ചെറുതല്ല.
വിശപ്പിന്റെ ആത്മീയത കൂടി വിശ്വാസികളെ പഠിപ്പിക്കുന്ന റമദാനില്‍, പലരും ആരോഗ്യത്തിന് ഹാനികരമാകുന്ന അമിതാഹാരം ശീലിക്കുന്നതാണ് കാണാനാവുക. രുചി വൈവിധ്യങ്ങള്‍ നിറഞ്ഞ ആഹാര പദാര്‍ഥങ്ങള്‍കൊണ്ട്, അതിരു വിടുന്ന സദ്യവട്ടങ്ങളുടെ കാലമായി റമദാന്‍ ആഘോഷിക്കുന്നു. നോമ്പു തുറക്കാന്‍ നേരം ഭക്ഷ്യമേള നടത്താന്‍ വേണ്ടിയാണോ നോമ്പെടുത്തത് എന്ന് തോന്നിപ്പോകും, ഒരുവേള!
ഈ പുണ്യമാസത്തിലാണ് പലരും വേണ്ടതിലധികം ഭക്ഷണമൊരുക്കുന്നതും കൂടുതല്‍ ആഹരിക്കുന്നതും പണച്ചെലവ് ഉണ്ടാക്കുന്നതും ഭക്ഷണം വെറുതെ കളയുന്നതുമെല്ലാം. പ്രഭാതം മുതല്‍, നോമ്പുതുറ സമയത്തെ ഭക്ഷണം എങ്ങനെ കെങ്കേമമാക്കാമെന്ന ചിന്തയില്‍ മത്സ്യവും മാംസവും പഴവര്‍ഗങ്ങളും തേടിയിറങ്ങുന്നവരുടെ ബഹളങ്ങളാണ് മാര്‍ക്കറ്റുകളില്‍. വീടകങ്ങളില്‍ സ്ത്രീകളാവട്ടെ, പൊരിച്ചും കരിച്ചും വൈവിധ്യമാര്‍ന്ന വിഭവങ്ങളൊരുക്കാനുള്ള നെട്ടോട്ടത്തിലും. പുതുമയുള്ള പേരുകളിലും വര്‍ണങ്ങളിലും ആഹാരമൊരുക്കി പവിത്രമായ സമയങ്ങളത്രയും പാഴാക്കുന്നു. പകലിലെ പട്ടിണിക്ക് പ്രതികാരം തീര്‍ത്ത്, ഇര വിഴുങ്ങിയ ഉരഗത്തെപ്പോലെ ചലനമറ്റ് കിടക്കുന്നവര്‍ക്ക് എങ്ങനെയാണ് ആരാധനകള്‍ ചൈതന്യവത്തായി നിര്‍വഹിച്ച് 'തഖ് വ' നേടിയെടുക്കാനാവുക!
രോഗങ്ങളെ തടുത്തുനിര്‍ത്തി സ്വശരീരത്തെ സംരക്ഷിക്കാനുള്ള ഹിതവും മിതവുമായ ആഹാരരീതി ശീലിക്കാനുള്ള കാലവും കൂടിയാവണം റമദാന്‍. കുതിരകളെ ഭക്ഷണ നിയന്ത്രണത്തിലൂടെ മെരുക്കിയെടുത്ത് ശക്തി വീണ്ടെടുക്കാനും മത്സരങ്ങളില്‍ മുന്നേറാനും സഹായിക്കുന്നതുപോലെ നോമ്പിലെ ഭക്ഷണ നിയന്ത്രണം കൂടുതല്‍ ശക്തി വീണ്ടെടുക്കാനുള്ളതാവണം. ''നോമ്പനുഷ്ഠിക്കൂ... ആരോഗ്യവാന്മാരാവൂ'' എന്നാണ് പ്രവാചക വചനം.
ആര്‍ത്തിയെ ചികിത്സിച്ചും സുഖഭോഗതൃഷ്ണയെ നിയന്ത്രിച്ചും ജീവിക്കാനുള്ള പരിശീലന കാലത്ത് നാം രോഗങ്ങള്‍ വിലയ്ക്കു വാങ്ങുന്ന അമിതാഹാരികളാവരുത്. ആരോഗ്യകരമായ മനസ്സും ശരീരവും ആര്‍ജിക്കുക റമദാനിന്റെ താല്‍പര്യമാണ്. മാനസികവും ശാരീരികവുമായ സൗഖ്യമാണ് ആരോഗ്യം എന്നാണ് ലോകാരോഗ്യ സംഘടന ആരോഗ്യത്തിന് നല്‍കിയ നിര്‍വചനം.
''ആഹാരം നിങ്ങള്‍ മരുന്നുപോലെ കഴിക്കുകയാണെങ്കില്‍, മരുന്ന് നിങ്ങള്‍ക്ക് ആഹാരമാക്കേണ്ടി വരില്ല.''
-ഹിപ്പോക്രാറ്റസ്-
l
Comments