Prabodhanm Weekly

Pages

Search

2024 മാർച്ച് 29

3346

1445 റമദാൻ 18

പൂര്‍വ സൂരികളുടെ റമദാന്‍ ജീവിതം

പി.കെ ജമാല്‍

വിശുദ്ധ റമദാനില്‍ സ്വഹാബിമാരും താബിഉകളും ഇമാമുമാരും എങ്ങനെയാണ് ജീവിച്ചതെന്നും, പകലുകളും പാതിരാവുകളും ഏത് വിധത്തിലാണ് ഉപയോഗപ്പെടുത്തിയതെന്നും ചരിത്രം വിവരിച്ചുതരുന്നുണ്ട്. 

ഖുര്‍ആനിന്റെ അവതരണമാണല്ലോ റമദാനെ വ്യതിരിക്തമാക്കുന്നത്. പൂര്‍വഗാമികള്‍ ഖുര്‍ആനുമായുള്ള സവിശേഷ ബന്ധത്തിന് വിശുദ്ധ മാസത്തെയാണ് തെരഞ്ഞെടുത്തത്. നബി ഉണര്‍ത്തിയിട്ടുണ്ടല്ലോ: 'ഈ ഖുര്‍ആന്‍ അല്ലാഹുവിന്റെ വിരുന്നാണ്. അതിനാല്‍ ആ വിരുന്നില്‍ നിങ്ങള്‍ സന്തോഷപൂര്‍വം പങ്കെടുക്കണം. ഖുര്‍ആന്‍ അല്ലാഹുവിന്റെ പാശമാണ്, തെളിഞ്ഞ വെളിച്ചമാണ്, ശാന്തിദായകമായ വേദഗ്രന്ഥമാണ്.' ഈ ആഹ്വാനം സ്വീകരിച്ച് ഖുര്‍ആനുമായി സവിശേഷം ബന്ധം സ്ഥാപിച്ചു പൂര്‍വികര്‍.

അസ്അദുബ്‌നു യസീദ് (റ) റമദാനില്‍ രണ്ട് ദിവസം കൂടുമ്പോള്‍ ഖുര്‍ആന്‍ ഒരാവൃത്തി പാരായണം ചെയ്തു തീര്‍ക്കും. സഈദുബ്‌നു ജുബൈറിന്റെ പതിവും  അതായിരുന്നു. സ്വഹീഹുൽ ബുഖാരിയുടെ കര്‍ത്താവ് മുഹമ്മദുബ്‌നു ഇസ്മാഈലല്‍ ബുഖാരി, ഖിയാമുല്ലൈലിന് ശേഷം മൂന്ന് രാവുകളിലായി ഖുര്‍ആന്‍ തീര്‍ക്കും. ഖതാദ (റ) സാധാരണ ഏഴ് ദിവസം കൂടുമ്പോഴും റമദാനില്‍ മൂന്ന് ദിവസത്തിലും അവസാന പത്തില്‍ ഓരോ രാവിലും ഖുര്‍ആന്‍ ഓതിത്തീര്‍ക്കുമായിരുന്നു.

മദീനയിലെ ഇമാമായ മാലിക് (റ) റമദാന്‍ ആഗതമായാല്‍ പിന്നെ മുസ്വ്്ഹഫില്‍ നോക്കി ഖുര്‍ആന്‍ പാരായണത്തിലായി മുഴു ശ്രദ്ധ. ഹദീസ് പഠനത്തിനും പണ്ഡിതന്മാരുമൊത്തുള്ള സംഗമങ്ങള്‍ക്കും റമദാനില്‍ അവധി നല്‍കും. സുഫ്്യാനുസ്സൗരി (റ) റമദാന്‍ ആയാല്‍ പിന്നെ സകല പണിയും നിര്‍ത്തി ഖുര്‍ആന്‍ പാരായണത്തില്‍ വ്യാപൃതനാകും. നഹ് വിലും ഫിഖ്ഹിലും അഗാധ പണ്ഡിതനായ മാസിനി അല്‍ ബസ്വരി റമദാന്‍ തീരുവോളം ഒരു വരി കവിത പോലും ചൊല്ലില്ല; ആ നാവില്‍ ഖുര്‍ആന്‍ മാത്രം. ഇബ്‌നു അസാകിര്‍, താരീഖു ദ്ദിമശ്ഖില്‍ രേഖപ്പെടുത്തിയത്, പൂര്‍വഗാമികള്‍ ഇശാ നമസ്‌കാരം കഴിയുന്നത്ര വൈകിപ്പിക്കുമായിരുന്നു. മഗ് രിബ്-ഇശാ നമസ്‌കാര ഇടവേള ഖുർആന്‍ പഠനത്തിന് വിനിയോഗിക്കാനായിരുന്നു ഇത്.

ഇമാം ശാഫിഈയുടെ ശിഷ്യന്‍ റബീഉബ്‌നു സുലൈമാന്‍ അനുസ്മരിക്കുന്നു: ഇമാം ശാഫിഈ റമദാനില്‍ അനേക തവണ ഖുര്‍ആന്‍ പാരായണം ചെയ്ത് തീര്‍ക്കുമായിരുന്നു.

പൂര്‍വികരായ ഈ സച്ചരിതരുടെ ഖുര്‍ആന്‍ ജീവിതം അപഗ്രഥിച്ച് ഇബ്‌നു റജബില്‍ ഹമ്പലി എഴുതി: ''മൂന്നില്‍ കുറഞ്ഞ ദിവസങ്ങളിലായി ഖുര്‍ആന്‍ പാരായണം ചെയ്ത് തീര്‍ക്കുന്നതിന് നിരോധമുണ്ട്. കാരണം, അത്രയും വേഗത്തില്‍ ഓതിയാല്‍ ഖുര്‍ആന്‍ ഗ്രഹിക്കാന്‍ സാധിക്കില്ല. ആ നിരോധത്തിന്റെ പരിധിയില്‍ വരുന്നത് സ്ഥിര പാരായണമാണ്. എന്നാല്‍, വിശേഷാവസരങ്ങളില്‍ റമദാന്‍, ലൈലത്തുല്‍ ഖദ്്ര്‍ പ്രതീക്ഷിക്കുന്ന രാവ്, വിശിഷ്ട സ്ഥലങ്ങള്‍, ഇടങ്ങള്‍, മക്ക-മദീന ഹറമുകള്‍ തുടങ്ങിയവക്ക് ഈ നിരോധം ബാധകമല്ല. ഇമാം അഹ്്മദ്, ഇസ്ഹാഖ് തുടങ്ങിയവരുടെ അഭിപ്രായം ഇതാണ്.''

ഖുർആന്‍ പാരായണത്തില്‍ ശ്രദ്ധയൂന്നിയതോടൊപ്പം സ്വദഖ, ദാനധര്‍മങ്ങള്‍ തുടങ്ങി നാനാ രംഗങ്ങളിലും അവർ പ്രത്യേക ഉത്സാഹം കാട്ടി. സാധുജനങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കും ഒപ്പമായിരുന്നു അബ്ദുല്ലാഹിബ്‌നു ഉമറിന്റെ ഇഫ്ത്വാര്‍. പള്ളിയില്‍ നമസ്‌കരിച്ച് വീട്ടിലേക്ക് പോകുമ്പോള്‍ ഒരു കൂട്ടം പാവപ്പെട്ടവരും കൂടെയുണ്ടാവും.

നമസ്‌കാരത്തില്‍ സായൂജ്യം

രാത്രി നമസ്‌കാരങ്ങളിലും പ്രത്യേക ഔത്സുക്യം കാണിച്ചു. അബ്ദുല്ലാഹിബ്‌നു മസ്ഊദ് ആളുകളൊക്കെ ഉറങ്ങിക്കഴിഞ്ഞാല്‍ എഴുന്നേറ്റ് നമസ്‌കാരത്തില്‍ മുഴുകും. അപ്പോള്‍ കേള്‍ക്കും സ്വുബ്ഹ് വരെ, തേനീച്ചയുടെ മൂളല്‍ പോലെ ചില മര്‍മരങ്ങള്‍. താബിഈ പണ്ഡിതൻ ത്വാവൂസ് കിടക്കാനൊരുങ്ങിയാല്‍ വറചട്ടിയില്‍ കടുക് ഇട്ടപോലെ തെള്ളിത്തെറിച്ച് എഴുന്നേല്‍ക്കുകയായി, രാത്രി നമസ്‌കാരത്തിന്. അബ്ദുല്‍ അസീസിബ്‌നു റവാദ് നേരം ഇരുട്ടിയാല്‍ കിടക്കയില്‍ കാല്‍ നീട്ടി കിടന്നുകൊണ്ട് പറയും: പതുപതുപ്പുള്ള മെത്ത തന്നെ. സംശയമില്ല. നിന്നെക്കാള്‍ മിനുസമാണ് സ്വർഗത്തിലെ മെത്തക്ക്.'' പിന്നെ എഴുന്നേറ്റ് നമസ്‌കരിക്കുകയായി. ഫുദൈലുബ്‌നു ഇയാദ് പറയുന്നു: നേരം സന്ധ്യയാകുമ്പോള്‍ ഞാന്‍ കരുതും, എന്തൊരു ദൈര്‍ഘ്യമുള്ള രാവാണ് ഇത്! അത് എന്നെ ഭയചകിതനാക്കും. പിന്നെ പുലരുവോളം ഖുര്‍ആനുമായി ഇടപഴകലായിരിക്കും. രാത്രി സമയം പോരാതെ വരുമെനിക്ക്.'' പടുവൃദ്ധരും പിറകിലായിരുന്നില്ല. വലീദുബ്‌നു അലി ഓര്‍ക്കുന്നു: സുവൈദുബ്‌നു ഗഫ്‌ലയായിരുന്നു റമദാനില്‍ ഞങ്ങള്‍ക്ക് ഇമാം. അന്ന് അദ്ദേഹത്തിന് 120 വയസ്സാണ്.''

അബൂ ഉസ്മാൻ അന്നഹ്ദി: ''ഒരിക്കല്‍ ഞാന്‍ അബൂ ഹുറയ്‌റയുടെ അതിഥിയായി വീട്ടില്‍ ചെന്നു. അദ്ദേഹവും ഭാര്യയും പരിചാരകനും രാവ് മൂന്നായി വീതിച്ചെടുക്കുന്നു. ഒരാള്‍ നമസ്‌കരിച്ചുകഴിഞ്ഞാല്‍ മറ്റെയാളെ ഉണര്‍ത്തും.''

റമദാനില്‍ രാത്രിനമസ്‌കാരത്തിന് വരുന്നവര്‍ക്ക് പാനീയം നല്‍കാനും പരിചരിക്കാനും സംവിധാനമുണ്ടായിരുന്നു. ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ പരിചാരകന്‍, റമദാനില്‍ ഊദ് പുകയ്ക്കുന്ന ധൂമക്കുടുമായി പള്ളിയില്‍ നേരത്തെ ഇടം പിടിക്കുമായിരുന്നു എന്ന് ഇബ്‌നു അസാകിര്‍ താരീഖുദ്ദിമശ്ഖില്‍ എഴുതുന്നു. റമദാനില്‍ നമസ്‌കാരത്തിന് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു ഉമറുബ്‌നുല്‍ ഖത്ത്വാബ്. ഉബയ്യുബ്‌നു കഅ്ബിനെയും തമീമുദ്ദാരിയെയും റമദാനില്‍ മദീനാ പള്ളിയില്‍ ഇമാമുമാരായി നിയമിച്ചു.

റമദാനില്‍ സാധുക്കള്‍ക്ക് ബൈത്തുല്‍ മാലില്‍നിന്നുള്ള മാസാന്ത വേതനം ഉമര്‍ വര്‍ധിപ്പിച്ചു നല്‍കിയിരുന്നു. നബിയുടെ ഭാര്യമാര്‍ക്കും ഈ വര്‍ധനവ് അനുവദിച്ചു. ഉസ്മാനുബ്‌നു അഫ്ഫാനും ഈ രീതി തുടര്‍ന്നു. ധനവ്യയത്തില്‍ മത്സരമായിരുന്നു റമദാനില്‍. നോമ്പ് മുറിക്കാന്‍ കരുതിയിരുന്ന രണ്ട് അപ്പം, ആരെങ്കിലും ചോദിച്ചെത്തിയാല്‍ അയാള്‍ക്ക് കൊടുത്ത് വിശന്ന വയറുമായി പിറ്റേന്നും നോമ്പ് നോല്‍ക്കുന്ന പതിവായിരുന്നു അഹ്മദുബ്‌നു ഹമ്പലിന്. സ്വലാഹുദ്ദീന്‍ അയ്യൂബി മസ്ജിദുല്‍ അഖ്‌സ്വായില്‍ കഴിച്ചുകൂട്ടുമായിരുന്നു റമദാന്‍ മാസം. നോമ്പും നമസ്‌കാരവും ഖുര്‍ആന്‍ പാരായണവുമായി സമയം ചെലവഴിക്കും. വിദേശ പ്രതിനിധികള്‍ സന്ദര്‍ശിക്കാന്‍ വന്നാല്‍ അവരുടെ ആതിഥ്യത്തില്‍ ഒരു കുറവും വരുത്തില്ല - ഇബ്‌നു കസീര്‍ അല്‍ ബിദായത്തു വന്നിഹായയില്‍ രേഖപ്പെടുത്തു. 

ജയില്‍പുള്ളികള്‍ക്കും പ്രത്യേക പരിഗണനയായിരുന്നു. അബ്ബാസി കാലഘട്ടത്തില്‍ മക്കയിലെ അമീറായിരുന്ന സിയാദുബ്‌നു അബ്ദില്ല, ജയില്‍ പുള്ളികള്‍ക്ക് നോമ്പു നോല്‍ക്കാനും രാത്രി നമസ്‌കാരത്തിനും പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയതായി താരീഖു  ബഗ്ദാദില്‍ വായിക്കാം.
നബിപത്‌നിമാരും മറ്റു സ്ത്രീകളും റമദാനില്‍ ഇബാദത്തില്‍ സവിശേഷം ശ്രദ്ധിച്ചു. അബൂ യൂസുഫ് ആസാറില്‍ രേഖപ്പെടുത്തുന്നു: ''ആഇശ (റ) റമദാനില്‍ സ്ത്രീകള്‍ക്ക് ഇമാമായി നമസ്‌കരിക്കുമായിരുന്നു.'' ബുഖാരി ഉദ്ധരിച്ച ഒരു ഹദീസ്: ''ആഇശ(റ)ക്ക് ദക് വാന്‍ എന്ന അവരുടെ അടിമയായിരുന്നു ഇമാമായി നിന്നത്. മുസ്വ്്ഹഫ് നോക്കിയായിരുന്നു ഹിഫ്‌ള് വേണ്ടത്രയില്ലാത്ത ദക്്വാന്റെ പാരായണം.'' നബി (സ) ഭാര്യമാരെയും പെണ്‍മക്കളെയും കൂട്ടി റമദാനിലെ രാത്രികളില്‍ നമസ്‌കരിക്കുമായിരുന്നു. സ്വദഖയിലും അവര്‍ സോത്സാഹം മുന്നേറി. സൈനബ് ബിന്‍ത് ജഹ്ശായിരുന്നു ആ രംഗത്ത് മുന്നില്‍. തോല്‍ ഊറക്കിട്ടും കൈത്തൊഴിലില്‍ ഏര്‍പ്പെട്ടും ചെറിയ വസ്തുക്കള്‍ നിര്‍മിച്ച് വിറ്റും അവര്‍ പണമുണ്ടാക്കി. റമദാനില്‍ നല്ലൊരു വിഹിതം സാധുക്കള്‍ക്ക് സ്വദഖയായി നല്‍കാന്‍ മാറ്റിവെക്കുമായിരുന്നു. l

Comments