ഷെയറുകൾ, മ്യൂച്ചൽ ഫണ്ട്, പെൻഷൻ ഫണ്ട് സകാത്ത് വിഹിതം എത്ര?
ശമ്പളം, ബാങ്ക് അക്കൗണ്ടിലെ പണം തുടങ്ങിയ ലിക്വിഡ് അസെറ്റുകളുടെ സകാത്ത് എങ്ങനെയാണ് ലളിതമായി കണക്കുകൂട്ടുന്നത് എന്ന് നോക്കാം. വളരെ പെട്ടെന്ന് തന്നെ പണമാക്കി മാറ്റാൻ കഴിയുന്നതിനെയാണ് ലിക്വിഡ് അസെറ്റുകൾ എന്ന് പറയുന്നത്. നമ്മുടെ കൈയിലുള്ള പണം, നമ്മുടെ ബാങ്ക് അക്കൗണ്ടിലുള്ള പണം തുടങ്ങിയവ ഈ ഗണത്തിൽ ഉൾപ്പെടും. സാധാരണ ഒരാൾക്ക് ശമ്പളം ലഭിക്കുന്നത് മാസംതോറുമാണല്ലോ. അപ്പോൾ അതിന്റെ സകാത്ത് എങ്ങനെ നിർണയിക്കും എന്നതിനെക്കുറിച്ച് പണ്ഡിതന്മാർ പറയുന്ന ഒരു അഭിപ്രായം ഇങ്ങനെയാണ്: വർഷത്തിലെ ഏതെങ്കിലും ഒരു ദിവസം 'സകാത്ത് ദിന'മായി പരിഗണിക്കുക. ഉദാഹരണത്തിന് പലരും സകാത്ത് കൊടുക്കുന്നത് പൊതുവിൽ റമദാനിലായതിനാൽ, റമദാൻ 10 നമ്മുടെ സകാത്ത് ദിനം ആണെന്ന് കരുതുക. എങ്കിൽ കഴിഞ്ഞ റമദാൻ പത്ത് മുതൽ ഈ റമദാൻ പത്തു വരെയുള്ള ഒരു വർഷത്തെയാണ് നാം പരിഗണിക്കേണ്ടത്. അങ്ങനെ ആ ദിവസത്തെ സ്റ്റാൻഡേർഡ് ആയി പരിഗണിച്ച് അന്നു നമ്മുടെ ഉടമസ്ഥതയിൽ - ബാങ്കിലും നമ്മുടെ കൈയിലുമായി- എന്താണോ ഉള്ളത്, അതിന്റെ രണ്ടര ശതമാനമാണ് സകാത്ത് നൽകേണ്ടത്. എല്ലാ മാസവും നമുക്ക് ശമ്പളം ലഭിക്കുകയും അതിൽ ചെലവുകൾ കഴിച്ച് ബാക്കിയുള്ളത് നമ്മുടെ അക്കൗണ്ടിൽ ഉണ്ടാവുകയും ചെയ്യും. ഇങ്ങനെയുള്ള ഒരു ശരാശരി തുക ആയിരിക്കും ഒരു സാധാരണക്കാരന്റെ ബാങ്ക് ബാലൻസ്.
വളരെ എളുപ്പത്തിൽ പിന്തുടരാൻ കഴിയുന്ന ലളിത മാർഗമാണിത്. വർഷത്തിലെ ഏതെങ്കിലും നിശ്ചിത ദിവസത്തെ അടിസ്ഥാനപ്പെടുത്തി ഇതേ രീതിയിൽ സകാത്ത് നൽകിയാൽ മതിയാവും. ഏത് ദിവസവും നമുക്ക് ഒരു സകാത്ത് ദിനമായി സ്വീകരിക്കാം. ഉദാഹരണത്തിന് മുഹർറം ഒന്ന്, റജബ് ഒന്ന്, റമദാൻ 27. ദിവസം തെരഞ്ഞെടുക്കുന്നതിൽ പ്രത്യേക മാനദണ്ഡങ്ങളില്ല. ദാനധർമങ്ങൾ കൂടുതൽ നൽകുന്ന സമയം എന്ന നിലക്ക്, പലരും റമദാനിലാണ് സകാത്ത് നൽകാറ് എന്നു മാത്രം. അറബി മാസമാണ് ഇങ്ങനെ സകാത്തിനു വേണ്ടി ദിവസം തെരഞ്ഞെടുക്കുമ്പോൾ പരിഗണിക്കേണ്ടത്. ഇംഗ്ലീഷ് മാസം പരിഗണിക്കുമ്പോൾ ദിവസങ്ങളുടെ എണ്ണത്തിൽ അറബി മാസത്തേതിൽനിന്ന് ചെറിയ വ്യത്യാസമുണ്ട്. ഗ്രിഗോറിയൻ കലണ്ടറിൽ 365 ദിവസമാണെങ്കിൽ ഹിജ്റ കലണ്ടറിൽ 355 ദിനങ്ങളാണുള്ളത്.
അതിനാൽ സകാത്ത് കാൽക്കുലേഷനിലും അതിനനുസരിച്ച നേരിയ വ്യത്യാസം ഉണ്ടാകും. അതുകൊണ്ട് അറബി മാസം പരിഗണിക്കുന്നതാണ് നല്ലത്.
സ്റ്റോക്കുകളുടെ സകാത്ത്
ഓഹരി വിപണിയിൽ ഷെയർ വാങ്ങുന്നവരിലും വിൽക്കുന്നവരിലും രണ്ടുതരം ആളുകൾ ഉണ്ടായിരിക്കും. ഒന്ന്, ആക്ടീവ് ട്രേഡർമാർ. രണ്ട്, പാസീവ് ട്രേഡർമാർ. ആക്ടീവ് ട്രേഡർമാർ (active traders ) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇവരെയാണ് - അവർ എല്ലാ ദിവസവും ഷെയർ മാർക്കറ്റ് നോക്കുന്നു. ഒരുപാട് സമയവും അധ്വാനവും അതിനുവേണ്ടി ചെലവഴിക്കുന്നു. ഒരു ഷെയർ വാങ്ങിക്കഴിഞ്ഞാൽ ഓരോ നിമിഷവും അതിന്റെ വില എന്ത് എന്ന് സൂക്ഷ്മമായി നിരീക്ഷിക്കുന്നു. ഓരോ ഷെയറിനും നിശ്ചിത വില എത്തിക്കഴിയുമ്പോൾ അവർ വിൽക്കുന്നു. ഡേ ട്രേഡർമാരും, ഇൻട്രാഡേ ട്രേഡർമാരും (intraday traders) ആണ് ഈ ആക്ടീവ് ഗണത്തിൽ ഉൾപ്പെടുന്നത്. ഈ വിഭാഗം കൂടുതൽ ലാഭത്തിനും (അതുപോലെതന്നെ കൂടുതൽ നഷ്ടത്തിനും) സാധ്യതയുള്ളവരാണ്. നിങ്ങളുടെ സകാത്ത് ദിവസം ഏതാണോ (ഉദാഹരണത്തിന് റമദാൻ 10) അന്ന് നമ്മുടെ അക്കൗണ്ടിൽ ലോഗിൻ ചെയ്യുകയും, അവിടെ കാണിക്കുന്ന മൂല്യത്തിന്റെ അല്ലെങ്കിൽ പേപ്പർ വിലയുടെ രണ്ടര ശതമാനം നാം സകാത്ത് നൽകുകയും വേണം. ഇത് ആക്ടീവ് ട്രേഡർമാർക്കുള്ള സകാത്ത് നിരക്കാണ്.
അതേസമയം ദീർഘകാല നിക്ഷേപം എന്ന ലക്ഷ്യവുമായി ഷെയറുകൾ വാങ്ങി സൂക്ഷിക്കുന്നവരുണ്ട് (ലോംഗ് ടേം ട്രേഡേഴ്സ്, ലോംഗ് ടേം ഇൻവെസ്റ്റേഴ്സ്). മ്യൂച്ചൽ ഫണ്ടുകളിലും ദീർഘകാല ലക്ഷ്യം വെച്ചാണ് പണം നിക്ഷേപിക്കുന്നത്. ഇവരാരും ദൈനംദിന ട്രേഡിംഗിൽ ഏർപ്പെടുന്നില്ല. ഈ വിഭാഗത്തിൽ 0.5 മുതൽ 1 ശതമാനം വരെയാണ് സകാത്ത് നൽകേണ്ടത് എന്നാണ് ഇസ്ലാമിക സാമ്പത്തിക കാര്യങ്ങളിൽ അവഗാഹമുള്ള പണ്ഡിതന്മാർ പറയുന്നത്. Tangible Assets കൾക്കാണ് സകാത്ത് നിർബന്ധമായിട്ടുള്ളത്. ഇതുകൂടി കണക്കിലെടുത്താണ് മ്യൂച്ചൽ ഫണ്ടിന്റെ കാര്യത്തിൽ ഇത്തരം ഒരു ഫത്‌വ പല പണ്ഡിതന്മാരും നൽകിയിട്ടുള്ളത്. സർവീസ് സെക്ടറിലുള്ള മ്യൂച്ചൽ ഫണ്ടുകൾക്ക് 0.5 ശതമാനവും നമുക്ക് കാണാൻ പറ്റുന്ന അസെറ്റുകളിലുള്ള മ്യൂച്ചൽ ഫണ്ടുകൾക്ക് ഒരു ശതമാനമോ അതിൽ കൂടുതലോ ആണ് സകാത്ത് നൽകേണ്ടത്.
പെൻഷൻ ഫണ്ട്
സാധാരണക്കാരുടെ കൈയിലെത്തുന്ന മറ്റൊരു സംഖ്യ പെൻഷൻ ഫണ്ട് ആണ്. ഇത് പലതരത്തിലാവാം. ഗവൺമെൻറ് നേരിട്ട് തരുന്ന പെൻഷൻ ഫണ്ടുണ്ട്. ചിലപ്പോഴത് ജോലിക്കാരന്റെ വിഹിതം കൂടി ചേർത്ത് വളർത്തി വലുതാക്കി തരുന്ന ഒരു സംഖ്യയായിരിക്കും. അതുമല്ലെങ്കിൽ, സ്വന്തമായി പെൻഷൻ പ്ലാനുകളിൽ ചേരുന്നതുകൊണ്ടാവാം. ഇങ്ങനെയുള്ള ധാരാളം ആളുകളുണ്ട്. ഭാവിയിൽ ഇത്തരം സെൽഫ് പെൻഷൻ പ്ലാനുകൾ വർധിക്കാനാണ് സാധ്യത. യൂസുഫുൽ ഖറദാവിയുടെയും മറ്റും അഭിപ്രായം, പെൻഷൻ ഫണ്ടുകൾക്ക് സകാത്ത് നൽകേണ്ടതില്ല എന്നായിരുന്നു. മുമ്പ് പലരെയും പോലെ അതുതന്നെയായിരുന്നു എന്റെയും അഭിപ്രായം. എന്നാൽ, നോർത്ത് അമേരിക്കയിലെ ഫിഖ്ഹ് കൗൺസിലിന്റെ അഭിപ്രായപ്രകാരം പെൻഷൻ ഫണ്ടുകൾക്കും സകാത്ത് നൽകണം. ഇതേ അഭിപ്രായമാണ് എനിക്കിപ്പോഴുള്ളത്. അമേരിക്കയിൽ ടാക്സ് ഇളവുകൾ കൂടി ലഭിക്കുന്ന റിട്ടയർമെൻറ് സേവിങ് സ്കീം ആണ് 401(K) പ്ലാൻ. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഫിഖ്ഹ് കൗൺസിൽ ഏറ്റവുമധികം ചർച്ച ചെയ്ത ഒരു വിഷയം ഇതിന് എത്ര സകാത്ത് എന്നതായിരുന്നു. പല രാജ്യങ്ങൾക്കും പെൻഷൻ പ്ലാനുകൾ വ്യത്യസ്തമാകാം. "ടാക്സുകൾക്കും പെനാൽറ്റികൾക്കും ശേഷം നമ്മുടെ കൈയിൽ കാശാക്കി മാറ്റാൻ പറ്റുന്ന എത്ര തുക ലഭിക്കുന്നുവോ അതിന്റെ രണ്ടര ശതമാനം സകാത്തായി നൽകണം." ഇതാണ് ഈ വിഷയത്തിൽ നോർത്ത് അമേരിക്കയിലെ ഫിഖ്ഹ് കൗൺസിലിന്റെ ഫത് വ. പെൻഷൻ പ്ലാനുകളിൽ പൊതുവിൽ തുക അടക്കുന്ന സമയത്ത് തന്നെ നാം സകാത്ത് നൽകാറില്ല. പിന്നീട് ഈ തുക ഒരുപാട് വർഷങ്ങൾക്ക് ശേഷം വളർന്നു വലുതായി നമുക്ക് തിരിച്ചുലഭിക്കുകയാണ് ചെയ്യുന്നത്. വലിയ തുകയായി നമ്മുടെ കൈയിൽ ഇത് എത്തിച്ചേരുന്ന ആ സമയത്ത്- ആ വർഷം, സകാത്ത് ദിനത്തിൽ നാം സകാത്ത് നൽകണം. ഇനി വർഷാവർഷം നിശ്ചിത തുക മാത്രമേ നമുക്ക് ലഭിക്കുന്നുള്ളൂ എന്ന് കരുതുക, എങ്കിൽ നമ്മൾ പിന്തുടരുന്ന സകാത്ത് ദിനം അനുസരിച്ച്, ആ സമയത്ത് നമ്മുടെ കൈയിൽ ഉള്ളതിന്റെ രണ്ടര ശതമാനം സകാത്തായി നൽകിയാൽ മതി.
ബിസിനസ്സുകളുടെ കാര്യത്തിൽ, നാം എത്ര രൂപക്ക് സാധനങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്തുവോ ആ തുകയുടെ രണ്ടര ശതമാനം സകാത്ത് നൽകിയാൽ മതിയാകും. വാടക കെട്ടിടങ്ങളോ വീടുകളോ നിർമിക്കുന്നതിന് ചെലവായ തുകക്ക് സകാത്ത് നൽകേണ്ടതില്ല. അതിൽനിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ രണ്ടര ശതമാനമാണ് സകാത്തായി നൽകേണ്ടത്. l
Comments