സൂക്ഷ്മതയുടെയും ജാഗ്രതയുടെയും പ്രാധാന്യം
عَنْ أَبِي هُرَيْرَة رَضِيَ اللهُ عَنْهُ، أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ : إذَا أَوَى أحَدُكُمْ إلَى فِرَاشِهِ، فَلْيَنْفُضْ فِراشَهُ بِدَاخِلَةِ إزارِهِ؛ فَإنَّهُ لَا يَدْرِي مَا خَلَفَهُ عَلَيْهِ (البخاري)
അബൂ ഹുറയ്റ(റ)യില്‍നിന്ന്. അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: ''നിങ്ങളാരെങ്കിലും ഉറങ്ങാനായി വിരിപ്പിനടുത്തെത്തിയാല്‍ തന്റെ ഉടുമുണ്ടിന്റെ അകഭാഗം കൊണ്ട് വിരിപ്പ് തട്ടിക്കുടയട്ടെ. കാരണം, എന്തൊക്കെയാണതില്‍ വന്നുകൂടിയിരിക്കുന്നതെന്ന് അവനറിയില്ലല്ലോ" (ബുഖാരി).
ഇമാം നവവി (റ) എഴുതി. "ഹദീസിന്റെ അർഥം ഇതാണ്: വിരിപ്പിനകത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് അത് തട്ടിക്കുടയണം. പാമ്പോ തേളോ പോലുള്ള ക്ഷുദ്രജീവികൾ അതിലില്ലെന്ന് ഉറപ്പ് വരുത്തണം. തട്ടുമ്പോൾ കൈകൾ ഉടുമുണ്ടിന്റെ തെല്ല് കൊണ്ട് മറച്ചു പിടിക്കണം. എന്തെങ്കിലുമുണ്ടെങ്കിൽ കൈകളിൽ കടിക്കാതിരിക്കാനാണിത്" (ശർഹു മുസ്‌ലിം).
വിശ്വാസികളുടെ എല്ലാ പ്രവൃത്തികളിലും സൂക്ഷ്മതയും ജാഗ്രതയും വേണമെന്നാണ് ഹദീസിലെ പ്രധാന പാഠം. ഉറങ്ങുന്നതിന് മുമ്പ് വിരിപ്പ് നന്നായി തട്ടിക്കുടഞ്ഞ് അതിനകത്ത് ഉപദ്രവകരമായ ഒന്നുമില്ലെന്ന് ഉറപ്പ് വരുത്തണം.
ഭൗതിക വിപത്തുകൾക്കിരയാകുന്നതിനെ സൂക്ഷിക്കുന്നതും തഖ് വയുടെ ഭാഗമാണ്. വീടിന്റെ വാതിലടക്കാനും ഭക്ഷണപാത്രങ്ങൾ മൂടിവെക്കാനും ഉറങ്ങുന്നതിന്റെ മുമ്പ് തീയണക്കാനും വിശ്വാസികൾ ആജ്ഞാപിക്കപ്പെട്ടിട്ടുണ്ട്. മാളങ്ങളിൽ മൂത്രമൊഴിക്കുന്നതിനെ വിലക്കിയതും സൂക്ഷ്‌മതയുടെ ഭാഗമായിട്ടാണ്.
വിപത്തുകൾ വരുന്നതിന് മുമ്പ് തന്നെ അവ വരാനിടയുള്ള വഴികളടക്കണം. രോഗത്തിനുള്ള ചികിത്സപോലെ തന്നെ പ്രാധാന്യമുള്ളതാണ് അവ പിടികൂടാതിരിക്കാനുള്ള ശ്രദ്ധയും ജാഗ്രതയും.
വിനാശത്തിലേക്കും വിപത്തിലേക്കുമുള്ള വഴികളിൽ പ്രവേശിക്കരുതെന്ന് വിശുദ്ധ ഖുർആൻ വിശ്വാസികളെ ഉപദേശിക്കുന്നുണ്ട്: "നിങ്ങൾ നിങ്ങളുടെ കൈകളാല്‍ തന്നെ നിങ്ങളെ ആപത്തിലകപ്പെടുത്തരുത്. ഇഹ്സാനോടെ പ്രവർത്തിക്കുക. തീര്‍ച്ചയായും ഇഹ്സാനോടെ പ്രവർത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു" (2: 195). ഭൗതിക ദൂഷ്യങ്ങളുണ്ടാക്കുന്നവയിൽ നിന്ന് അകന്നുനിൽക്കലും ഇഹ്സാന്റെ ഭാഗമാണെന്ന് ഇതിൽനിന്ന് മനസ്സിലാക്കാം. യഅ്ഖൂബ് നബി (അ) മക്കളോട് ഈജിപ്തിന്റെ ഒരേ കവാടത്തിലൂടെ എല്ലാവരും ഒരുമിച്ച് പ്രവേശിക്കരുതെന്ന് ഉപദേശിച്ചതിലും ഈ കരുതലുണ്ട് (12: 67).
ഈ അടിസ്ഥാനത്തിലാണ് ട്രാഫിക് മുന്നറിയിപ്പുകൾ ലംഘിക്കുന്നത് ഹറാമാണെന്ന് പ്രഗൽഭ പണ്ഡിതൻ ഇബ്നു ബാസ് (റ) ഫത് വ നൽകിയത്.
(https://binbaz.org.sa/fatwa)
കാര്യകാരണങ്ങളെ ഗൗരവത്തിലെടുത്തുകൊണ്ടാണ് വിശ്വാസികൾ ജീവിക്കേണ്ടതെന്ന പാഠവും ഹദീസിലുണ്ട്.
ലക്ഷ്യം നേടുന്നതിന് മനുഷ്യസാധ്യമായ എല്ലാം പൂർത്തീകരിച്ച ശേഷമാണ് അതിനായി അല്ലാഹുവിന്റെ സഹായം തേടേണ്ടത്. അൽഭുതങ്ങളിൽ പ്രതീക്ഷയർപ്പിക്കുന്നവരാവരുത് സത്യവിശ്വാസികൾ. വിപത്തുകളിൽനിന്ന് രക്ഷനേടാനുള്ള എല്ലാ മാർഗങ്ങളും സ്വീകരിച്ച ശേഷമാണ് അല്ലാഹുവിൽ ഭരമേൽപ്പിക്കേണ്ടത്.
ഒട്ടകത്തെ അഴിച്ചുവിട്ട് അല്ലാഹുവിൽ തവക്കുൽ ചെയ്യട്ടെ എന്ന് ഒരാൾ ആരാഞ്ഞപ്പോൾ റസൂൽ (സ) യുടെ മറുപടി ഇപ്രകാരമായിരുന്നു: اِعْقِلْهَا وَ تَوَكَّلْ
"കെട്ടിയിട്ടിട്ട് തവക്കുൽ ചെയ്യുക" (ഇബ്നു ഹിബ്ബാൻ).
ആവശ്യ പൂർത്തീകരണത്തിനായി തന്നാലാവുന്നതൊന്നും ചെയ്യാതെ അല്ലാഹുവിനെ ഭരമേൽപ്പിക്കുന്നത് തവക്കുലല്ല; തവാകുലാണ്. തവാകുലിനെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല.
'മജ്മൂഉൽ ഫതാവാ' യിൽ ഇബ്നു തൈമിയ (റ) എഴുതി: "കാര്യകാരണങ്ങളെ അവഗണിക്കൽ ദീനിന്റെ വിധിവിലക്കുകളെ നിന്ദിക്കലാണ്. സാധ്യമാവുന്ന എല്ലാ കരുതലുകൾക്കും ശേഷമാണ് തവക്കുൽ. ആദ്യം തന്റെ ബാധ്യതകൾ നിർവഹിക്കണം. പിന്നീടാണ് അല്ലാഹുവിൽ ഭരമേൽപ്പിക്കേണ്ടത്. ആയുധങ്ങളും പടക്കോപ്പുകളും സജ്ജീകരിച്ചിട്ടാവണം ശത്രുക്കളോട് പോരിനിറങ്ങേണ്ടത്. ജിഹാദിന് തവക്കുൽ മാത്രം മതിയാവില്ല.
നിർദേശിക്കപ്പെട്ട മുൻകരുതലുകളില്ലാതെ പോരാടുന്നത് ശക്തി ക്ഷയിപ്പിക്കുകയാണ് ചെയ്യുക. അമിതമായ ആത്മവിശ്വാസം അധിക്ഷേപാർഹമാണ്." l
Comments