ഇനിയുള്ള തെരഞ്ഞെടുപ്പുകള്‍ നിഷ്പക്ഷമാകുമോ?
രാജ്യം വീണ്ടുമൊരു പൊതു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 19-ന് തുടങ്ങി ജൂണ്‍ ഒന്നിന് അവസാനിക്കും. ജമ്മു കശ്മീര്‍, ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡീഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. ഏതൊരു തെരഞ്ഞെടുപ്പിന്റെയും മുന്നോടിയായി പലതരം ആശങ്കകള്‍ ഉയര്‍ന്നുവരിക സ്വാഭാവികമാണ്. പക്ഷേ, വരാന്‍ പോകുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ച് ഉയരുന്നത്, ഇന്ത്യ എന്ന ആശയം നിലനില്‍ക്കുമോ എന്ന വലിയ ആശങ്ക തന്നെയാണ്. പൊതുജനങ്ങളില്‍, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളില്‍ ഭീതി ജനിപ്പിക്കുംവിധമാണ് ഫാഷിസ്റ്റ് അജണ്ടകള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് ജയിക്കാന്‍ ഭരണകക്ഷി രാജ്യത്തെ ശിഥിലമാക്കുന്ന ഏതു വിഭാഗീയ അജണ്ടയും പുറത്തെടുക്കുമെന്ന സൂചനകള്‍ വന്നുകൊണ്ടിരിക്കുന്നു. 2014-ലെ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ മുന്നില്‍ നിര്‍ത്തി, അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാതാക്കി സദ്ഭരണം കാഴ്ചവെക്കുമെന്ന വാഗ്ദാനവുമായാണ് ബി.ജെ.പി പ്രചാരണ രംഗത്തിറങ്ങിയത്. സബ്കാ സാത്ത്, സബ്കാ വികാസ് എന്ന മുദ്രാവാക്യവുമുയര്‍ത്തി. ആ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കണ്ടു. പക്ഷേ, അടുത്ത അഞ്ചു വര്‍ഷം ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ ഒരു ഘട്ടത്തിലും മോദി ഭരണകൂടത്തിന് കഴിഞ്ഞില്ല. നോട്ട് നിരോധം പോലുള്ളവ ജനത്തിന്റെ തലയില്‍ ഇടിത്തീയായി വീഴുകയും ചെയ്തു. ജനരോഷം എങ്ങനെ മറികടക്കുമെന്ന ആലോചനകള്‍ക്കിടയിലാണ്, 2019-ലെ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പുല്‍വാമയില്‍ വെച്ച് ബി.എസ്.എഫിന്റെ ഒരു സൈനിക വ്യൂഹം ആക്രമിക്കപ്പെടുന്നത്. തൊട്ടുടനെ പാകിസ്താനെതിരെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. ദേശ സുരക്ഷ തന്റെ കൈയില്‍ ഭദ്രം എന്ന പ്രതീതി ജനിപ്പിക്കാന്‍ അത് ധാരാളം മതിയായിരുന്നു. തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചതിനെക്കാളപ്പുറമുള്ള വിജയം നേടുകയും ചെയ്തു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ റോഡ് നിര്‍മാണം പോലുള്ള ചില മേഖലകളില്‍ ഉയര്‍ത്തിക്കാട്ടാവുന്ന വികസനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ അതൊന്നും വിഷയമാകാന്‍ സാധ്യതയില്ല. ഒളിച്ചുവെക്കാതെ, നേര്‍ക്കു നേരെ ഹിന്ദുത്വ അജണ്ടയുമായി തെരഞ്ഞെടുപ്പിനെ നേരിടാന്‍ തന്നെയാണ് സംഘ് പരിവാറിന്റെ നീക്കം. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയലും അയോധ്യയിലെ രാമമന്ദിര്‍ ഉദ്ഘാടനവും ഗ്യാന്‍വാപി മസ്ജിദിന്റെ നിലവറ പൂജക്കായി തുറക്കലും, ഏറ്റവുമൊടുവില്‍ സി. എ.എ വിജ്ഞാപനമിറക്കലുമൊക്കെ വിഭാഗീയ അജണ്ടകളേ ആവനാഴിയിലുള്ളൂ എന്ന് വ്യക്തമാക്കുന്നുണ്ട്. ഇതിനിടക്ക് ഏക സിവില്‍ കോഡും എടുത്തിട്ടു.
മൂന്നാം തവണ അധികാരത്തില്‍ വന്നാല്‍ ഏവരെയും വിസ്മയിപ്പിക്കുന്ന തീരുമാനങ്ങളുണ്ടാവുമെന്നാണ് സംഘ് പരിവാര്‍ പറയുന്നത്. അവ എന്താണെന്ന് തെളിച്ചു പറയുന്നില്ല. ഇന്ത്യയെ ഒരു മതനിരപേക്ഷ, ജനാധിപത്യ രാജ്യമായി നിലനിര്‍ത്തുന്ന ഭരണഘടനയെ തന്നെയാണ് മൂന്നാമൂഴത്തില്‍ അവര്‍ ഉന്നം വെക്കുക എന്ന് ഏറക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഒരു ബി.ജെ.പി എം.പി അത് വെട്ടിത്തുറന്ന് പറയുകയും ചെയ്തു. പകരം വരുന്നത് മത രാഷ്ട്രവുമായിരിക്കും. ഇതിനു വേണ്ടി പൊതു സ്ഥാപനങ്ങളെ ദുര്‍ബലമാക്കി തങ്ങളുടെ വരുതിയിലാക്കാനുള്ള തകൃതിയായ നീക്കങ്ങള്‍ നടന്നുവരുന്നു. തെരഞ്ഞെടുപ്പ് നിഷ്പക്ഷമായി നടത്താന്‍ ബാധ്യതപ്പെട്ട തെരഞ്ഞെടുപ്പ് കമീഷനിലെ മൂന്ന് കമീഷണര്‍മാരെയും പ്രധാനമന്ത്രിയും ഭരണകക്ഷിയുമാണ് ഇനി നിയമിക്കുക. ഇപ്പോഴുള്ള മൂന്നില്‍ രണ്ട് പേരും അങ്ങനെ നിയമിക്കപ്പെട്ടവരാണ്. ഇനിയുള്ള തെരഞ്ഞെടുപ്പുകള്‍ നിഷ്പക്ഷമാകുമോ എന്നതു തന്നെയാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. l
Comments