സിലബസ്
പുതിയ പാഠപുസ്തകത്തിലെ
വരികൾക്കിടയിൽ നിന്നാണവൻ
കഠാര വലിച്ചൂരിയെടുത്തത്;
പണ്ട് ഞങ്ങൾ
പൂക്കൾ പറിച്ചെടുത്തതുപോലെ
സാമൂഹ്യപാഠത്തിൽ
സമൂഹമുണ്ടായിരുന്നില്ല
നിറയെ 'രാജ്യസ്നേഹികൾ' മാത്രം
ഓരോ പേജിലും
ഞങ്ങളിന്നേവരെ കേൾക്കാത്ത
രാജാക്കന്മാർ, അവരുടെ
മരതകം പതിച്ച സിംഹാസനങ്ങൾ
കുതിരക്കുളമ്പടികൾ
പ്രാചീനമായ പടയോട്ടങ്ങൾ
ഓരോ അധ്യായങ്ങളിലെയും
വാക്കുകളെ ഉരുക്കി
ഖണ്ഡികയെ വിളക്കി
ത്രിശൂലവും തോക്കുമുണ്ടാക്കി
അവൻ തെരുവിലേക്കുള്ള
വഴി ചോദിക്കുന്നു
പലരുടെയും സ്വത്വം തിരക്കുന്നു
ശത്രുവെന്ന് വിധിക്കുന്നു
അവന്റെ കുത്തേറ്റ
സഹപാഠിയുടെ ഖബറടക്കത്തിന്
പഴേ പുസ്തകത്തിലെ
വാക്കുകൾ വന്നിരുന്നു
മൂന്നുപിടി മണ്ണ് വാരിയിട്ടിരുന്നു
രണ്ടുതുള്ളി കണ്ണീരിറ്റിച്ചിരുന്നു
സാറേ....
കൊറേ കൊറേ
മയിൽപ്പീലി പെറ്റ
ആ പഴേ പാഠപുസ്തകങ്ങളിൽ
ആരു പടുത്തു
മൂർച്ചയുള്ള കഠാരകൾ
പെറുന്ന ഈ പ്രസവമുറി?
ടീച്ചറേ...
ഒടുവിലെ അധ്യായത്തിൽ
ആരുവെച്ചു
ചോര നിറയുന്ന
ഈ കോപ്പ?
ചിയേഴ്സ് ചിയേഴ്സെന്ന്
പുറംചട്ടക്ക് പിന്നിലിരുന്ന്
ആ കോപ്പ മോന്തി
ആരോ ആഘോഷിക്കുന്നത്
ചെവി പൊത്തിയിട്ടും
ടീച്ചറ് കേട്ടു
കണ്ണടച്ചിട്ടും സാറ് കണ്ടു
പിന്തിരിയാന്നേരം ഓട്ടോഗ്രാഫിൽ
ആ കഠാരമുനയാലവൻ കുറിച്ചു:
ഞങ്ങളുടെ അമ്പലങ്ങൾ തകർത്ത്
പള്ളി പണിതവരുടെ
ചോരയാണ് നിന്റേത്
ശത്രുവിന്റെ ചോര....
ആ വരികൾക്കിടയിലെ
ഇരുട്ടിൽ നിന്നും
ഞങ്ങൾക്കിടയിലൂടെ
ഇന്ദ്രപ്രസ്ഥത്തിലേക്കൊരു
രഥം പാഞ്ഞു.
l
Comments