അബ്ദുല്‍ ഖാദര്‍ (അത്ത)
ഇസ്ലാമിക പ്രസ്ഥാനത്തിനും ദീനീ സേവനത്തിനും വേണ്ടി ഒരു ആയുഷ്കാലം പൂർണമായും സമര്‍പ്പിച്ച പ്രവര്‍ത്തകനായിരുന്നു കഴിഞ്ഞ ഡിസംബര്‍ 15-നു അല്ലാഹുവിങ്കലേക്ക് യാത്രയായ അബ്ദുല്‍ ഖാദിര്‍ സാഹിബ്. പരിചിത വൃത്തത്തിനുള്ളില്‍ അത്ത എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇസ്‌ലാമിക പ്രസ്ഥാനം ആലപ്പുഴ നീർക്കുന്നത്ത് പിച്ചവെച്ച് തുടങ്ങിയ ആദ്യ നാളുകളില്‍ തന്നെ യുവത്വം കത്തിനില്‍ക്കുന്ന പ്രായത്തില്‍ പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന അദ്ദേഹം 75-ാം വയസ്സില്‍ മരിക്കുന്നത് വരെ കർമരംഗത്ത് നിറഞ്ഞുനിന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനപ്പുറം പഠിക്കാന്‍ അവസരം ലഭിക്കാതിരുന്ന അത്ത സാഹിബ് ഒരുപാട് ജീവിത പാഠങ്ങള്‍ പകര്‍ന്നുനല്‍കിയാണ് നമ്മെ വിട്ടുപിരിഞ്ഞത്. നിരന്തരമായ വായനയിലൂടെയും പഠനത്തിലൂടെയും ഒരു ഇസ്‌ലാമിക പ്രവര്‍ത്തകന് അവശ്യം ഉണ്ടായിരിക്കേണ്ട അറിവ് സമ്പാദിക്കാന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തെ ജീവന് തുല്യം സ്നേഹിച്ച അദ്ദേഹത്തിന് സാധിച്ചു. ഖുര്‍ആന്‍ പല ഭാഗങ്ങളും അർഥ സഹിതം ഹൃദിസ്ഥമാക്കി. മറ്റുള്ളവരുടെ ഖുര്‍ആന്‍ പാരായണത്തിലെ പിഴവുകള്‍ സൗമ്യമായി തിരുത്തിക്കൊടുക്കാന്‍ മാത്രമുള്ള കഴിവ് സ്വപ്രയത്നംകൊണ്ട് അദ്ദേഹം നേടിയെടുത്തു.
ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മുഖപത്രം എന്ന നിലയില്‍ പ്രബോധനത്തെ ഇത്രമേല്‍ സ്നേഹിച്ച ഒരാള്‍ നീർക്കുന്നത്ത് വേറെ ഉണ്ടാവില്ല. പ്രബോധനം വായനയില്‍ മാത്രമല്ല, മറ്റുള്ളവരെക്കൊണ്ട് വായിപ്പിക്കുന്നതിലും അതിന്റെ പ്രചാരണത്തിലും മുന്‍പന്തിയില്‍ ആയിരുന്നു അദ്ദേഹം. മൂന്നര പതിറ്റാണ്ടോളം പ്രബോധനത്തിന്റെ ഏജന്റ് ആയി പ്രവര്‍ത്തിച്ചു. വരിസംഖ്യ പിരിക്കുന്നതിലും അത് അടക്കുന്നതിലും കൃത്യതയും സൂക്ഷ്്മതയും പാലിച്ചൂ. ഏജന്റുമാര്‍ക്കും കൂടുതല്‍ വരി ചേര്‍ക്കുന്നവര്‍ക്കുമുള്ള സമ്മാനവും ആദരവും പലവുരു നേടി. സൈക്കിള്‍ ഓടിക്കാന്‍ പോലും അറിയാത്ത അദ്ദേഹം പതിറ്റാണ്ടുകളോളം കാല്‍നടയായി പ്രബോധനം വിതരണം ചെയ്തു . അതിനായി നീര്‍ക്കുന്നത്തും പരിസര പ്രദേശങ്ങളിലുമായി കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ചു.
പ്രായം അവശതകള്‍ തീര്‍ത്ത അവസാന നാളുകളില്‍ മാത്രമാണ് വേദനയോടെ ആ ദൗത്യത്തിൽനിന്ന് പിന്‍വാങ്ങിയത്. മരണപ്പെട്ടു പോയ സഹപ്രവര്‍ത്തകരുടെ കുടുംബങ്ങളുടെ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുകയും മുടക്കം കൂടാതെ അവരെ സന്ദര്‍ശിക്കുകയും ചെയ്യുമായിരുന്നു.
നീർക്കുന്നത്ത് ഇസ്‌ലാമിക പ്രസ്ഥാനം പ്രവര്‍ത്തനമാരംഭിച്ച ആദ്യകാലത്ത് കടുത്ത എതിര്‍പ്പാണ് നേരിടേണ്ടി വന്നത്. അന്ന് ഓല ഷെഡില്‍ പ്രവത്തിച്ചിരുന്ന ജമാഅത്തെ ഇസ്‌ലാമി ഓഫീസ് രാത്രിയുടെ മറവില്‍ എതിരാളികള്‍ തീയിട്ട് നശിപ്പിച്ചു. വിശുദ്ധ ഖുര്‍ആന്‍ കോപ്പികളും ഇസ്‌ലാമിക സാഹിത്യങ്ങളും ഓഫീസിനോടൊപ്പം കത്തിച്ചാമ്പലായി. കേസിന് തുമ്പു കിട്ടാതെ പോലീസ് ഇരുട്ടില്‍ തപ്പിയ സമയത്ത് കൃത്യമായ തെളിവോടെ പ്രതിയെ കണ്ടെത്താന്‍ അത്ത സാഹിബിനു കഴിഞ്ഞു. ഓഫീസ് കത്തിച്ചപ്പോള്‍ കൂട്ടത്തില്‍ വിശുദ്ധ ഖുര്‍ആനും കത്തിപ്പോയതില്‍ ഖേദം തോന്നിയ പ്രതി അതിന്റെ മതവിധി അന്വേഷിച്ചും സംഭവങ്ങള്‍ വിശദീകരിച്ചും തന്റെ പണ്ഡിത നേതൃത്വത്തിന് അയക്കാന്‍ എഴുതിവെച്ച കത്താണ് അത്ത സാഹിബ് കണ്ടെത്തിയ ആ അനിഷേധ്യ തെളിവ്.
അഞ്ച് മക്കള്‍ക്കും വിദ്യാഭ്യാസം നല്‍കുന്നതില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തി. ഡിഗ്രിയോ പി.ജി.യോ പൂര്‍ത്തിയാക്കിയ ശേഷം മാത്രമാണ് നാല് പെൺമക്കളുടെയും വിവാഹം നടത്തിയത്. ഏക മകന്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്നു. നാല് പെൺമക്കളും അധ്യാപികമാരാണ്. മക്കളെ മാത്രമല്ല, പ്രസ്ഥാന പ്രവര്‍ത്തകരുടെയും പരിചിത വൃത്തത്തിലുള്ളവരുടെയും മക്കളെ കൂടി ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സ്ഥാപനങ്ങളില്‍ ചേര്‍ത്ത് പഠിപ്പിക്കുന്നതില്‍ പ്രത്യേകം താല്പര്യം കാണിച്ചു. അവരുടെ അഡ്മിഷന്‍ കാര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിലും യാത്രകളില്‍ കൂട്ട് പോകുന്നതിലും രക്ഷാ കര്‍ത്താവിന്റെ സ്ഥാനത്തുനിന്ന് പ്രവര്‍ത്തിച്ചു. ആ തലമുറയാണ് നീര്‍ക്കുന്നത്തെ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങൾക്ക് പല തലങ്ങളിലും നേതൃത്വം നൽകുന്നത്. നന്മയുടെ വഴികളില്‍ സഞ്ചരിക്കുന്ന അവരൊക്കെയും അത്ത സാഹിബിന്റെ ഖബറിലേക്കുള്ള വെളിച്ചമാണ്.
മുര്‍ഷിദുല്‍ അനാം ട്രസ്റ്റ്, ഇസ്‌ലാമിക് വെല്‍ഫെയര്‍ ട്രസ്റ്റ് എന്നിവയുടെ സ്ഥാപകാംഗവും മസ്ജിദുല്‍ ഹുദാ കമ്മിറ്റി, ദാറുസ്സകാത്ത് കമ്മിറ്റി എന്നിവയില്‍ അംഗവുമായിരുന്നു. ഭാര്യ: ആരിഫ, മക്കള്‍: റസിയ, റാഷിദ, റഹിയാനത്ത്, മുഹമ്മദ് റഷീദ്, റബിയ.
കണ്ണങ്കണ്ടി മൊയ്തു
ജമാഅത്തെ ഇസ്‍ലാമിയുടെ ആദ്യകാല പ്രവർത്തകനായിരുന്നു കണ്ണങ്കണ്ടി മൊയ്തു സാഹിബ്. യാഥാസ്ഥിതിക കുടുംബത്തിലാണ് വളർന്നതെങ്കിലും പ്രസ്ഥാനത്തിന്റെ തുടക്കകാലത്ത് തന്നെ വടകര താലൂക്കിലെ കോട്ടപ്പള്ളി, പൈങ്ങോട്ടായി, ആയഞ്ചേരി പ്രദേശങ്ങളിൽ പ്രസ്ഥാന വളർച്ചക്കായി നിരന്തരം യത്നിച്ച വ്യക്തിത്വമായിരുന്നു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലധികമായി വടകര താലൂക്കിൽ നടന്ന പ്രസ്ഥാനത്തിന്റെ പൊതുപരിപാടികളിൽ മുൻനിരയിൽ തന്നെ മൊയ്തുക്ക ഉണ്ടാവും. ഇത്തരം പരിപാടികൾ തുടങ്ങുന്നതിന് ഏറെ മുമ്പേ അദ്ദേഹം സദസ്സിൽ ഇടം പിടിക്കും.
60-കളിലും 70-കളിലുമാണ് പൈങ്ങോട്ടായിയിലും പരിസര പ്രദേശങ്ങളിലും ജമാഅത്തെ ഇസ്‍ലാമിക്ക് സ്വീകാര്യത ലഭിച്ചുതുടങ്ങുന്നത്. ജന്മിത്തവും അന്ധ വിശ്വാസങ്ങളും കൊടികുത്തി വാഴുന്ന കാലമായിരുന്നു അത്. ഈയൊരു സാഹചര്യത്തിലാണ് കോട്ടപ്പള്ളിയിെല മൊയ്തുക്കയും ചില ചെറുപ്പക്കാരും ഇസ്‍ലാമിക പ്രസ്ഥാനത്തിൽ ആകൃഷ്ടരാവുന്നത്. ഒരുപാട് വെല്ലുവിളികൾ അവർക്ക് നേരിടേണ്ടി വന്നു. കുടുംബത്തിൽ നിന്ന് കടുത്ത എതിർപ്പുകളുണ്ടായി. സാമൂഹിക വിലക്കുകളും ഉണ്ടായിരുന്നു. ആദ്യകാലത്ത് പലരും ഇവരെ കല്യാണത്തിനും മറ്റും ക്ഷണിച്ചിരുന്നില്ല. ചില ഘട്ടങ്ങളിൽ യാഥാസ്ഥിതികരോട് അദ്ദേഹത്തിന് ഇടയേണ്ടതായും വന്നിട്ടുണ്ട്. കോട്ടപ്പള്ളിയിലും പരിസരങ്ങളിലും എതിർപ്പുകൾ വകവെക്കാതെ പൊതുപരിപാടികളും മറ്റും സംഘടിപ്പിക്കുന്നതിലും അദ്ദേഹം മുന്നിട്ടിറങ്ങി. കോട്ടപ്പള്ളി പള്ളിയുടെ എതിർവശത്തായി ‘ആനന്ദോദയം’ എന്ന പേരിൽ വായനശാല തുടങ്ങുന്നതിന് മുൻകൈയെടുത്തതും മൊയ്തുക്ക ആയിരുന്നു.
70-കളുടെ അവസാനത്തോടെ പ്രവാസ ജീവിതം ആരംഭിച്ച അദ്ദേഹം തിരിച്ചുവന്നതിന് ശേഷവും പ്രാസ്ഥാനിക പരിപാടികളിൽ സജീവമായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ കാരണം പുറത്തിറങ്ങാൻ പ്രയാസമാവുന്നത് വരെ എല്ലാ ജമാഅത്ത് നമസ്കാരങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാവുമായിരുന്നു.
സ്വന്തം കുടുംബത്തെയും അദ്ദേഹം പ്രസ്ഥാന പാതയിൽ നയിച്ചു. മകൻ അബ്ദുസ്സത്താർ പ്രമുഖ സാമൂഹിക സേവകനും പ്രസ്ഥാന പ്രവർത്തകനുമാണ്. മറ്റൊരു മകൻ സാബിത്ത് ഖാരിഉും സജീവ ഇസ്‍ലാമിക പ്രവർത്തകനുമാണ്. മറ്റു മക്കളായ നഫീസ ടീച്ചർ, സാറ, റൈഹാനത്ത്, ആയിഷ, ലബീബ എന്നിവരുടെ കുടുംബങ്ങളും പ്രസ്ഥാന പാതയിൽ തന്നെയാണ്.
എൻ.വി അലി കോട്ടപ്പള്ളി
തെറ്റിൽ ഹുസൈൻ
മലപ്പുറം ജില്ലയിലെ എടരിക്കോട്, ക്ലാരി സൗത്ത്, പൊട്ടിപ്പാറ, കോട്ടക്കൽ പ്രദേശങ്ങളിൽ മാതൃകാപരമായ ഇസ് ലാമിക പ്രസ്ഥാന പ്രവർത്തനം നടത്തിയ വ്യക്തിത്വമായിരുന്നു ജമാഅത്ത് അംഗമായിരുന്ന തെറ്റിൽ ഹുസൈൻ സാഹിബ് (72). പറപ്പൂർ സൗത്ത് ഹൽഖാ നാസിമായും പൊട്ടിപ്പാറ മസ്ജിദ് കമ്മിറ്റി പ്രസിഡന്റായും ദീർഘകാലം പ്രവർത്തിച്ചു.
ക്ലാരി സൗത്തിൽ മർഹൂം ഹാമിദ് കോയ തങ്ങൾ നടത്തിയിരുന്ന ഖുർആൻ ക്ലാസ്, ഖുതുബാത് പാരായണ പരിപാടികളിലൂടെയാണ് താൻ പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായതെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. നിരന്തര വായനയിലൂടെയും പഠനത്തിലൂടെയും അറിവ് സമ്പാദിച്ചു. തവസ്സുൽ, ഇസ്തിഗാസ, ഖബ്റാരാധന, ഖുതുബ പരിഭാഷ, സ്ത്രീ പള്ളി പ്രവേശം തുടങ്ങിയ വിഷയങ്ങളിൽ സുന്നി പണ്ഡിതരുമായും ഹാകിമിയ്യത്ത്, ഇബാദത്ത് പോലുള്ള വിഷയങ്ങളിൽ മുജാഹിദ് വക്താക്കളുമായും അദ്ദേഹം നിരന്തരം സംവാദം നടത്തി. ഓഡിയോ കാസറ്റുകൾ പ്രചാരത്തിലുണ്ടായിരുന്ന കാലത്ത് മേൽ വിഷയങ്ങൾ ചോദ്യോത്തര രൂപത്തിൽ അവതരിപ്പിച്ച് കാസറ്റുകളാക്കി വിപുലമായി പ്രചരിപ്പിച്ചു.
കോട്ടക്കൽ ടൗൺ പള്ളി ഇമാമായും, പൊട്ടിപ്പാറ മദ്റസത്തുൽ ഇലാഹിയ, ഗോൾഡൻ സെൻട്രൽ സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായും പ്രവർത്തിച്ചു. കോട്ടക്കൽ മസ്ജിദിൽ ജോലി ചെയ്തിരുന്ന കുറഞ്ഞ കാലയളവിൽ ടൗണിലെ കച്ചവടക്കാരുമായി ബന്ധങ്ങൾ സ്ഥാപിക്കുകയും അവർക്ക് ഇസ്‍ലാമിക പ്രസ്ഥാനത്തെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു.
മക്കൾ: നൗഷാദ്, യൂനുസ്, ഹസീബ്, ഫബീല, ജംഷീദ്, ഹഫ്‍സ.
ഇ. അബ്ബാസ് പറപ്പൂർ
Comments