കാലത്തെ പഴിക്കരുത്
عَنْ أَبِي هُرَيْرَة رَضِي اللهُ عَنْه قَالَ : قَالَ رَسُولُ الله صَلَّى اللهُ عَلَيْهِ وَسَلَّمَ : قالَ اللَّهُ عزَّ وجلَّ: يُؤْذِينِي اِبْنُ آدَمَ؛ يقولُ: يا خَيْبَةَ الدَّهْرِ! فلا يَقُولَنَّ أحَدُكُمْ يا خَيْبَةَ الدَّهْرِ ، فإنِّي أنا الدَّهْرُ، أُقَلِّبُ لَيْلَهُ ونَهارَهُ، فَإذَا شِئْتُ قَبَضْتُهُما (مسلم)
അബൂ ഹുറയ്‌റയില്‍നിന്ന്. അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: ''അല്ലാഹു പറയുകയാണ്: ആദമിന്റെ പുത്രന്‍ എന്നെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നു. അവന്‍ പറയുന്നു; ഓ, നാശം പിടിച്ച കാലമേ! നിങ്ങളില്‍ ആരും തന്നെ പറയരുത്, 'നാശം പിടിച്ച കാലമേ' എന്ന്. കാരണം, തീര്‍ച്ചയായും ഞാനാണ് കാലം, അതിന്റെ രാവിനെയും പകലിനെയും ഞാനാണ് മാറ്റിമറിക്കുന്നത്. ഞാനുദ്ദേശിച്ചാല്‍ അവ രണ്ടിനെയും പിടിച്ചുവെക്കുകയും ചെയ്യും'' (മുസ് ലിം).
കാലം പ്രപഞ്ചത്തിലെ ഒരു സൃഷ്ടി പ്രതിഭാസമാണ്. അതിന്റെ സ്രഷ്ടാവ് അല്ലാഹുവാണ്. നിമിഷങ്ങള്‍, മിനിറ്റുകള്‍, മണിക്കൂറുകള്‍, രാവ്, പകല്‍ ഇതൊക്കെയാണ് കാലം. ജീവിതം എന്ന് പറയുമ്പോള്‍ ഉദ്ദേശിക്കുന്നതും മറ്റൊന്നല്ല.
ജാഹിലി അറബികള്‍, വിപത്ത് സംഭവിച്ചാലും ഉദ്ദേശിച്ച കാര്യം നടക്കാതിരുന്നാലും, 'നമ്മെ വഴിതെറ്റിച്ച സമയത്തെ ദൈവം ശപിക്കട്ടെ' എന്നു പറയുമായിരുന്നു. ഒരു കവിവാക്യം ഇങ്ങനെ:
يَا دَهْرَ وَيْحَكَ مَا أَبْقَيْتَ لِي أَحَدًا
وَأَنْـتَ وَالِدُ سُـــوءٍ تـَـأْكُــلُ الْوَلدَا
'കാലമേ നിനക്കു നാശം എനിക്കുവേണ്ടി ഒന്നിനെയും നീ ബാക്കിവെച്ചില്ല.
നീയാകട്ടെ കുഞ്ഞിനെ തിന്നുന്ന മോശം പിതാവ്!'
ഭൗതിക പ്രമത്തരായ ആളുകള്‍ കാലത്തെ ആക്ഷേപിച്ചുകൊണ്ട് പറയുന്നതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: وَمَا يُهْلِكُنَا إِلَّا الدَّهْرُ (കാലചക്രമല്ലാതെ നമ്മെ നശിപ്പിക്കുന്നില്ല - 45:24).
കാലാവസ്ഥയില്‍ അപ്രതീക്ഷിത മാറ്റമുണ്ടാകുമ്പോള്‍ കാലത്തെ പഴിക്കാറുണ്ട് ചിലര്‍. കാലവര്‍ഷം ചതിച്ചു, എന്തൊരു നാശം പിടിച്ച കാലാവസ്ഥ, കലികാലം എന്നിങ്ങനെ. ഇതു കാരണം കാര്‍ഷികോല്‍പ്പാദനത്തിലും മറ്റും അല്‍പം കുറവോ മറ്റോ വന്നിരിക്കാം. എന്നാല്‍ പോലും കാലത്തെ പഴിക്കാനോ ശപിക്കാനോ അത് ഹേതുവായിക്കൂടാ എന്നാണ് ഹദീസ് പഠിപ്പിക്കുന്നത്. കാരണം, കാലം സ്വതന്ത്രമായൊരു അസ്തിത്വമല്ല. മറ്റേതൊരു പ്രപഞ്ച പ്രതിഭാസത്തെയും പോലെ കാലചക്രത്തിന്റെ വളയവും സ്രഷ്ടാവായ അല്ലാഹുവിന്റെ കരങ്ങളിലാണ്. അതിന്റെ ഗതിവിഗതികളും അവന്റെ തീരുമാനമനുസരിച്ചാണ്.
കാലത്തെ ആക്ഷേപിക്കുന്നവര്‍ യഥാര്‍ഥത്തില്‍ അതിന്റെ ഉടമസ്ഥനായ അല്ലാഹുവിനെയാണ് ആക്ഷേപിക്കുന്നത്. കാലത്തിന് തെറ്റ് പറ്റുന്നില്ല. തെറ്റ് സംഭവിക്കുന്നത് നമ്മുടെ ധാരണകള്‍ക്കാണ്. ഒരു വസ്തുവിനെ/പ്രതിഭാസത്തെ ദൈവത്തിന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ച് അതിന് സ്വയം ശക്തിയുണ്ടെന്ന് തെറ്റിദ്ധരിക്കുകയാണ് അതിനെ ആക്ഷേപിക്കുന്നതിലൂടെ നാം ചെയ്യുന്നത്. അതാകട്ടെ ശിര്‍ക്ക് (ദൈവത്തില്‍ പങ്കാളിത്തം) വരെ ആയിത്തീരും.
ഒരാള്‍ കാലത്തെ ശപിക്കുമ്പോള്‍ അതിന്റെ യജമാനനായ അല്ലാഹുവിന്റെ മഹത്വത്തിനും ഗാംഭീര്യത്തിനും നിരക്കാത്ത പ്രവൃത്തിയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് 'മനുഷ്യ പുത്രന്‍ എന്നെ ദ്രോഹിക്കുന്നു' എന്ന് അല്ലാഹു ആലങ്കാരികമായി പറഞ്ഞത്. പ്രപഞ്ച പ്രതിഭാസങ്ങളോടുള്ള മനുഷ്യന്റെ സമീപനം എങ്ങനെയായിരിക്കണം എന്ന് പഠിപ്പിക്കുകയാണ് ഹദീസ്. l
Comments