Prabodhanm Weekly

Pages

Search

2024 ജനുവരി 26

3337

1445 റജബ് 14

ഇസ്രയേലിന്‍റെ അവിശുദ്ധ യുദ്ധങ്ങൾ

എം.എൻ സുഹൈബ്

ഒക്ടോബർ ഏഴിലെ പരാജയത്തിന്റെ കറ മായ്ക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗസ്സയിലും വെസ്റ്റ് ബാങ്കിലും തുടർന്നുകൊണ്ടിരിക്കുന്ന ക്രൂരതകൾക്ക് പിന്നിൽ രാഷ്ട്രീയ അതിജീവനമെന്ന കേവല യുക്തി മാത്രമാണോ ഉള്ളത്, അതോ മെസിയാനിക് (Messianic) തിയറികളിലും മതാത്മക ചിന്തകളിലും നിന്ന് ഉരുവം കൊള്ളുന്ന പദ്ധതികളാണോ നടപ്പാകുന്നത്? തീവ്ര യഹൂദ വിശ്വാസ ധാരകൾക്കും ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ സഭകൾക്കും ഈ യുദ്ധം ആവേശം പകരുന്നതെന്തു കൊണ്ട്? നെതന്യാഹുവിൽ അവരൊരു ദൈവദത്ത നിയോഗം പേറുന്ന വിശുദ്ധ പുരുഷനെ കാണുന്നുേണ്ടാ? ഫലസ്ത്വീനികളെ പൊതുവായും, ഗസ്സക്കാരെ പ്രത്യേകിച്ചും നിതാന്തമായ വൈരം പേറുന്ന ബിബ്ലിക്കൽ പ്രതിയോഗികളുടെ രൂപത്തിലാണോ അവർ കാണുന്നത് ?

റബ്ബിയും ബിബിയും മിശിഹായും

യുക്രെയ്നിലെ കരിങ്കടൽ തീരനഗരമായ മൈകലേവിൽ 1902-ലാണ് റബ്ബി മെനാഹം മെൻഡേൽ ഷ്നീർസൺ (Rabbi Menachem Mendel Schneerson) ജനിക്കുന്നത്. അദ്ദേഹത്തിന് അഞ്ചുവയസ്സുള്ളപ്പോൾ കുടുംബം യുക്രെയ്നിലെ മറ്റൊരു വൻ നഗരമായ ദ്നിപ്രോയിലേക്ക് താമസം മാറ്റി. ദ്നിപ്രോയിലെ ചീഫ് റബ്ബിയായിരുന്നു മെനാഹം മെൻഡേലിന്റെ പിതാവ് ലെവി യിത് സാക് ഷ്നീർസൺ. മെനാഹം മെൻഡേലിന്റെ ബാല്യവും കൗമാരവും യൗവനവുമെല്ലാം സോവിയറ്റ് സാമ്രാജ്യ വാഴ്ചക്ക് കീഴിൽ ദ്നിപ്രോയിലായിരുന്നു. യൂറോപ്പിൽ നാസിസത്തിന്റെയും ഫാഷിസത്തിന്റെയും ആസുരവാഴ്ച അരങ്ങേറുകയായിരുന്നു അപ്പോൾ. ജൂതവിരോധം അതിന്റെ ഉച്ചസ്ഥായിയിൽ.  അതേ നിലയിലല്ലെങ്കിലും  സോവിയറ്റ് യൂനിയനിലും ജൂതജീവിതം വലിയ ബുദ്ധിമുട്ടിലായിരുന്നു. ഈ കാലങ്ങളിൽ യൂറോപ്പിലെ പല നഗരങ്ങളിലും മെനാഹം മെൻഡേൽ മാറിമാറി താമസിച്ചു. ജർമനിയിൽ ഹിറ്റ്ലർ അധികാരത്തിലേക്കുള്ള അശ്വമേധം ആരംഭിക്കുന്ന ഘട്ടത്തിൽ ബെർലിനിലായിരുന്നു അദ്ദേഹം. ’33-ൽ നാസികൾ അധികാരം പിടിച്ചതോടെ ബെർലിൻ വിട്ട് പാരീസിലേക്ക് മാറി. ’40-ൽ നാസികൾ പാരീസ് കീഴടക്കുന്നതിന് മൂന്നു ദിവസം മുമ്പ് നഗരം വിട്ടു. മാസങ്ങൾക്ക് ശേഷം പോർച്ചുഗലിലെ ലിസ്ബൺ തുറമുഖം വഴി ന്യൂയോർക്കിലേക്ക് പലായനം ചെയ്തു.

അവിടെ നിന്നാണ് ഹബാദ് (Chabad-Lubavitch) പ്രസ്ഥാനത്തിന്റെ അമരത്തേക്കുള്ള മെനാഹം മെൻഡേലിന്റെ കുതിപ്പ് തുടങ്ങുന്നത്. ജൂത മതത്തിലെ ആത്മീയ നവോത്ഥാന ധാരയായ ഹസിദിസത്തിലെ മുൻനിര സംവിധാനങ്ങളിലൊന്നാണ് ഹബാദ്. 1700-കളിൽ കിഴക്കൻ യൂറോപ്പിൽ ഉരുവം കൊണ്ട ഹസിദിസവും മറ്റ് ഓർത്തഡോക്സ് ജൂത വിഭാഗങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം സകലതിനും അവസാന വാക്കായ ഒരു ആത്മീയ ഗുരുവിന്റെ സാന്നിധ്യമാണ് (റെബ്ബെ എന്നാണ് ഈ പുരോഹിതന്റെ വിശേഷണം. സാധാരണ മറ്റ് ജൂത വിഭാഗങ്ങൾ പുരോഹിതന് ഉപയോഗിക്കുന്ന റബ്ബി എന്ന വാക്കിന് തുല്യം തന്നെയാണ് യിദ്ദിഷ്-ജർമൻ പദമായ റെബ്ബെ). ഒരുഡസനിലേറെ ഹസിദിക് പ്രസ്ഥാനങ്ങൾ ഇന്നുണ്ടെങ്കിലും അതിൽ ഏറ്റവും പ്രമുഖം ഒരു ലക്ഷത്തിലേറെ അനുയായികളുള്ള, ന്യൂയോർക്കിലെ ബ്രൂക്ലിൻ ആസ്ഥാനമായ ഹബാദ് തന്നെയാണ്. 1775-ൽ ഇന്നത്തെ ബെലാറസിലാണ് ഹബാദ് സ്ഥാപിക്കപ്പെടുന്നത്. ഷ്ന്യൂയർ സൽമാൻ ആയിരുന്നു പ്രഥമ റബ്ബി.

   രണ്ടാം ലോകയുദ്ധ വേളയിൽ ആറാമത്തെ റബ്ബിയുടെ നേതൃത്വത്തിലാണ് ആസ്ഥാനം യു.എസിലേക്ക് പറിച്ചുനടുന്നത്. 

ഇതേസമയം തന്നെയാണ് മെനാഹം മെൻഡേലും യു.എസിലേക്ക് വരുന്നത്. ഷ്ന്യൂയർ സൽമാന്റെ മക്കളും ചെറുമക്കളും അടുത്ത ബന്ധുക്കളുമാണ് ഇതുവരെയുള്ള ഏഴു റബ്ബിമാരും. ആറാം റബ്ബിയുടെ മരണത്തെ തുടർന്ന് 1950-ലാണ് മെനാഹം മെൻഡേൽ ചുമതലയേൽക്കുന്നത്. ഇസ്രയേലിന്റെയും ജൂത ജനതയുടെയും സമുദ്ധാരണത്തിനും ആത്മീയ മോക്ഷത്തിനുമായി അവതരിക്കുന്ന മിശിഹയിൽ അതിതീവ്രമായി വിശ്വസിക്കുകയും അതേക്കുറിച്ച് വ്യാപകമായി എഴുതുകയും പ്രഭാഷണം നടത്തുകയും ചെയ്തിരുന്നു, മെനാഹം മെൻഡേൽ. ചില വിശ്വാസികളാകട്ടെ, മെനാഹം മെൻഡേൽ തന്നെ തന്റെ ജീവിതകാലത്തിനിടയിൽ സ്വയം മിശിഹയായി വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചു.

ഓരോ തലമുറയിലും മിശിഹാതുല്യ ആത്മീയ ജ്ഞാനിയായ ഒരു സച്ചരിത വ്യക്തി ഉണ്ടാകുമെന്നും ലോകവും കാലവും മിശിഹക്കായി പാകപ്പെടുേമ്പാൾ ഈശ്വരൻ അയാളെ അനാവരണം ചെയ്യുമെന്നും ജൂത വിശ്വാസ പ്രമാണങ്ങളിലുണ്ട്.1 ഈ തലമുറയിൽ അങ്ങനെയൊരാളുണ്ടെങ്കിൽ അത് മെനാഹം മെൻഡേൽ തന്നെയെന്ന് അനുയായികൾക്ക് ഉറപ്പായിരുന്നു. ഇംഗ്ലീഷ്, ഹീബ്രു, ഇറ്റാലിയൻ, ഫ്രഞ്ച്, ജർമൻ ഉൾപ്പെടെ അനവധി ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്ന മെനാഹം മെൻഡേലിന് ലോകമെങ്ങും വലിയ ആരാധകവൃന്ദമുണ്ടായിരുന്നു. അവരെല്ലാം ബഹുമാന പൂർവം ചുരുക്കി ‘റബ്ബി’ എന്ന് അദ്ദേഹത്തെ വിളിച്ചുപോന്നു.

    യു.എസിലെയും മറ്റു രാജ്യങ്ങളിലെയും പ്രമുഖ നേതാക്കൾ അദ്ദേഹത്തെ കാണാൻ സ്ഥിരമായി എത്തി. ജോൺ എഫ്. കെന്നഡി, റോബർട്ട് കെന്നഡി, ഫ്രാങ്ക്ളിൻ റൂസ് വെൽറ്റ്, റൊണാൾഡ് റീഗൻ, ജിമ്മി കാർട്ടർ എന്നിവർ സന്ദർശകരായിരുന്നു. മെനാഹം മെൻഡേൽ ഒരിക്കൽപോലും ഇസ്രയേൽ സന്ദർശിച്ചിട്ടില്ലെങ്കിലും ജൂതരാജ്യത്തെ നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ അടുത്ത അനുയായികളായിരുന്നു. മെനാഹം ബെഗിൻ, ഏരിയൽ ഷാരോൺ, ഷിമോൺ പെരസ് എന്നിവർ തങ്ങളുടെ ആത്മീയ ഗുരുവായി അദ്ദേഹത്തെ കണ്ടു. 1969-ൽ ഐ.ഡി.എഫ് (ഇസ്രയേൽ ഡിഫൻസ് ഫോഴ്സ്) സതേൺ കമാൻഡിന്റെ കമാൻഡറായി നിയമിതനാകുന്നതിന് ഒരു വർഷം മുമ്പാണ് ഏരിയൽ ഷാരോൺ ആദ്യമായി മെനാഹം മെൻഡേലിനെ കാണുന്നത്. പൊതുവെ കടുപ്പക്കാരനായ ഷാരോണിന്റെ മുഖം റബ്ബിയെ കുറിച്ച് പറയുമ്പോൾ തരളമാകുന്നു. മുമ്പെങ്ങും കാണാത്ത വിടർന്ന ചിരിയും അവിടെ ദൃശ്യമാകും.2  

തന്റെ മകന്റെ അപ്രതീക്ഷിത വിയോഗത്തിൽ വേദനിച്ചുകഴിയുമ്പോൾ ഒരു കത്തിന്റെ രൂപത്തിലാണ് ഗുരു ആദ്യമായി അവതരിച്ചതെന്ന് ഷാരോൺ പറയുന്നു. പിന്നീട് പലതവണ ഇരുവരും നേരിൽ കണ്ടു. ഇസ്രയേലിന്റെ സൈനിക, രാഷ്ട്രീയ നയങ്ങളിൽ അദ്ദേഹം ഉപദേശം നൽകിയിരുന്നുവെന്നും ഷാരോൺ വ്യക്തമാക്കി. ഇസ്രയേലിലെ ജൂതരുടെ സുരക്ഷ മാത്രമായിരിക്കണം രാജ്യത്തിന്റെ ഏക ലക്ഷ്യമെന്നും ഇപ്പോഴത്തെ അതിർത്തികൾ (’67-ൽ ഇസ്രയേൽ പിടിച്ചെടുത്ത വെസ്റ്റ്ബാങ്കും ഗസ്സയും ഉൾപ്പെടുന്ന പ്രദേശം) രാജ്യത്തിന്റെ യഥാർഥ നിയമാനുസൃത അതിർത്തികളായി തന്നെ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതായത് പിന്നീട് പല കാലങ്ങളിൽ ഇസ്രയേലി നേതാക്കൾ രഹസ്യമായും, അടുത്തിടെയായി പരസ്യമായും പറയുന്ന വെസ്റ്റ്ബാങ്ക് അനക്സേഷന് പ്രേരിപ്പിക്കുകയുമായിരുന്നു മെനാഹം മെൻഡേൽ.

    ’67-ൽ ഈജിപ്തിൽനിന്ന് പിടിച്ചെടുത്ത സീനായ് പ്രദേശം സൈനികമായി ഇസ്രയേലിന് വെല്ലുവിളിയാകുമെന്ന് പ്രവചനാത്മകമായി അദ്ദേഹം പറഞ്ഞിരുന്നുവെന്നും ഷാരോൺ പിന്നീട് വ്യക്തമാക്കി. മൂന്ന് നാല് വർഷത്തിന് ശേഷം യോം കിപ്പുർ യുദ്ധത്തിൽ മെനാഹം മെൻഡേലിന്റെ സൂക്ഷ്മ ദർശനം ശരിയായി പുലർന്നുവെന്നും ഷാരോൺ പറയുന്നു. അന്ന് സീനായുടെ ചുമതലയുള്ള സതേൺ കമാൻഡിന്റെ കമാൻഡറായിരുന്നു ഷാരോൺ.  ‘‘നീ കാണുന്ന ഭൂമിയൊക്കെയും ഞാൻ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും’’ എന്ന ഉൽപത്തി പുസ്തകത്തിലെ (13:15) അബ്രഹാം പ്രവാചകനോടുള്ള ദൈവിക വാഗ്ദാനമാണ് ’67-ൽ പുലർന്നതെന്ന് അദ്ദേഹം ഇസ്രയേലി രാഷ്ട്ര നേതാക്കളോടൊക്കെ പറഞ്ഞുകൊണ്ടിരുന്നു; അതുകൊണ്ട് തന്നെ ആ അതിർത്തികളിൽ എന്തുവന്നാലും വിട്ടുവീഴ്ച ചെയ്യരുതെന്നും.3  ഒപ്പം, ഇസ്രയേലിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാൻ നയതന്ത്ര രംഗത്ത് ഏറെ കഷ്ടപ്പെടുന്നതിന് പകരം സൈനികമായ മുൻകൂർ ആക്രമണങ്ങളാണ് വേണ്ടതെന്ന് അദ്ദേഹം കരുതി. ‘സമാധാനത്തിന് പകരമായി അതിർത്തികളിലെ വിട്ടുവീഴ്ച’യെന്ന ഉപദേശങ്ങളെ സ്വീകരിക്കുകയുമരുത്. ജൂത ജനതക്ക് വേണ്ടിയുള്ള ദൈവിക പദ്ധതികളിൽ അതിനിർണായക ഇടമാണ് ഇസ്രയേൽ രാജ്യത്തിനുള്ളത്.

ഇങ്ങനെയൊക്കെയാണെങ്കിലും ഒരിക്കൽ പോലും ഇസ്രയേൽ സന്ദർശിക്കാൻ അദ്ദേഹം തയാറായില്ല. ഇതു സംബന്ധിച്ച ചോദ്യങ്ങളുയർന്നപ്പോഴൊക്കെ വ്യത്യസ്ത മറുപടികളാണ് അദ്ദേഹം നൽകിയത്. ഒരിക്കൽ  ക്്നെസറ്റിലെ (ഇസ്രയേലി പാർലമെന്‍റ്) തീവ്രവലതുപക്ഷ അംഗമായ ഗ്യൂലാഹ് കോഹൻ മെനാഹം മെൻഡേലിനോട് ഇക്കാര്യം നേരിട്ട് തന്നെ ചോദിച്ചു. ‘‘മിശിഹ അവതരിക്കുന്നതിന് ഒരു മിനിറ്റ് മുമ്പ് ഞാനവിടെ എത്തും’’ എന്നായിരുന്നു മറുപടി. ഇസ്രയേലിന്റെ ക്ഷേമം എന്നത് അമേരിക്കയുടെ ഉത്തമ താൽപര്യത്തിന് വേണ്ടിയുള്ളതാണെന്നതായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു നിലപാട്. ‘‘അറബികൾക്കെതിരെ അവിടെ മുൻനിരയിലുള്ളത് ഇസ്രയേലാണ്. അറബികളോ, യു.എസിന് എതിരും. യു.എസ് പരാജയപ്പെടണമെന്ന് അവർ ആഗ്രഹിക്കുന്നു; ഇറാനും അതുപോലുള്ള രാജ്യങ്ങളും ജയിക്കണമെന്നും.’’4

1989-ൽ വെസ്റ്റ്ബാങ്കിലെ അനധികൃത സെറ്റിൽമെന്‍റായ ഏരിയലിലെ മേയർ മെനാഹം മെൻഡേലിനെ കാണാനെത്തി. ലോകത്തെ വെല്ലുവിളിച്ചുകൊണ്ട് വെസ്റ്റ്ബാങ്ക് പ്രദേശത്ത് ഇസ്രയേൽ സെറ്റിൽമെന്‍റ് വ്യാപനം ത്വരിതപ്പെടുത്തിയ കാലമാണ്. ’67-ലെ യുദ്ധത്തിൽ പിടിച്ചെടുത്ത ശേഷം ’78-ലാണ് ഏരിയലിൽ കുടിയേറ്റം തുടങ്ങുന്നത്. സോവിയറ്റ് യൂനിയനിൽനിന്നുള്ള നൂറുകണക്കിന് യഹൂദർ അവിടേക്ക് വരുന്നതിനിടെയാണ് മേയർ വലിയൊരു ബ്രോഷറുമായി മെനാഹം മെൻഡേലിന് മുന്നിലെത്തുന്നത്. ഫലസ്ത്വീൻ ഭൂമിയിൽ നിർമിച്ചതും നിർമിക്കാനിരിക്കുന്നതുമായ മനോഹരമായ വില്ലകളുടെ ബ്രോഷറാണ് കൈയിലുള്ളത്. അതു കാണിച്ച് മേയർ വിശദീകരിച്ചു: കൂടുതൽ നല്ല പുതിയ ബ്രോഷർ അച്ചടിക്കണമെന്നും കൂടുതൽ ആൾക്കാരെ അവിടേക്ക് ആകർഷിക്കണമെന്നുമാണ് റബ്ബിക്ക് നൽകാനുള്ള ഉപദേശം. എന്നെങ്കിലും വെസ്റ്റ്ബാങ്കിലെ സെറ്റിൽമെന്‍റുകൾ ഇസ്രയേൽ സമാധാന സന്ധിയുടെ ഭാഗമായി ഉപേക്ഷിക്കുമോ എന്ന ആശങ്ക കുടിേയറ്റക്കാർക്കുണ്ടെന്ന് മേയർ ചൂണ്ടിക്കാട്ടിയപ്പോൾ, അതെല്ലാം അഭ്യൂഹങ്ങൾ മാത്രമാണെന്നും മിശിഹ അവതരിക്കുന്നതോടെ ഇപ്പോഴുള്ളതിലും വിശാലമായ അതിർത്തികളിലേക്ക് രാജ്യം വികസിക്കുമെന്നും അദ്ദേഹം ആശ്വസിപ്പിച്ചു. ’94-ൽ തന്റെ  92-ാം വയസ്സിൽ അന്തരിക്കുന്നത് വരെ അദ്ദേഹം ഹബാദ് പ്രസ്ഥാനത്തിന്റെ ഏഴാം റബ്ബി പദവിയിൽ തുടർന്നു. പക്ഷേ, അതിന് ശേഷം മെനാഹം മെൻഡേലിന് ഹബാദിൽ പിൻഗാമിയുണ്ടായില്ല. മരണാനന്തരം മൂന്നു ദശകങ്ങൾ കഴിഞ്ഞിട്ടും വിശ്വാസികൾ മെനാഹം മെൻഡേലിനെ തന്നെ ഗുരുവായി കരുതിപ്പോരുന്നു. 

   മെനാഹം മെൻഡേലിന്റെ മരണത്തിന് കൃത്യം പത്തുവർഷം മുമ്പാണ് ബെഞ്ചമിൻ നെതന്യാഹു ആദ്യമായി അദ്ദേഹത്തിന് മുന്നിലെത്തുന്നത്, 1984-ൽ. നെതന്യാഹുവിന്റെ ജീവിതം മാറ്റിമറിച്ച ആ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പതിറ്റാണ്ടുകൾ പലത് കഴിഞ്ഞിട്ടും നെതന്യാഹു മറന്നില്ല. മെനാഹം മെൻഡേലുമായുള്ള അടുപ്പവും അദ്ദേഹത്തിന്റെ ഇടപെടലുകളും ഇസ്രയേലിനെ കാക്കാനുള്ള ദൈവദത്ത  നിയോഗം പേറുന്ന ആത്മാവാണ് താനെന്ന്  സ്വയം വിശ്വസിക്കാൻ നെതന്യാഹുവിനെ പ്രേരിപ്പിച്ചു. മിലിറ്ററി കരിയറിന് ശേഷം നയതന്ത്ര രംഗത്തും, പിന്നീട് രാഷ്ട്രീയത്തിലും ഇറങ്ങുമ്പോൾ നെതന്യാഹുവിനെ നയിച്ചത് ഈ വികാരമാണ്. തങ്ങളുടെ സ്വന്തം ‘ബിബി’ക്ക് ഇങ്ങനെയൊരു ദൗത്യമുണ്ടെന്ന് നെതന്യാഹുവിന്റെ അടുത്ത അനുയായികളും വിശ്വസിച്ചുപോരുന്നു. ബിബി ഒരിക്കലും പരാജയപ്പെടില്ലെന്നും അദ്ദേഹത്തിന്റെ പ്രവൃത്തികൾക്കെല്ലാം അതീന്ദ്രിയമായ ഒരു ന്യായമുണ്ടെന്നും അവർ കരുതുന്നു. കരിയറിന്റെ സായാഹ്നത്തിൽ ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട പ്രധാനമന്ത്രിയായി പുറത്തുപോകുന്നതിന് തൊട്ടുമുമ്പ് ബിബി ഉയിർത്തെഴുന്നേൽക്കുമെന്നും, ഇപ്പോൾ നടക്കുന്ന ഗസ്സ യുദ്ധം അതിലേക്കുള്ള പാത മാത്രമാണെന്നും വിശ്വസിക്കുന്നവരുമുണ്ട്. ഈ യുദ്ധകാലത്ത് നെതന്യാഹു നടത്തിയ പ്രസ്താവനകളും അദ്ദേഹത്തിന്റെ ചെയ്തികളുമെല്ലാം ഈയൊരു വിശ്വാസത്തിന്റെ ബലത്തിലായിരുന്നുവത്രെ. എല്ലാറ്റിനും പിന്നിൽ റബ്ബി മെനാഹം മെൻഡേൽ ഷ്നീർസണുമായി നെതന്യാഹുവിന് ഉണ്ടായിരുന്ന ബന്ധവും അദ്ദേഹത്തിന്റെ ഒരു പ്രവചനവുമാണ്. ഹബാദ് പ്രാസ്ഥാനികർ മാത്രമല്ല, വിവിധ മെസിയാനിക് ജ്യൂയിഷ് സെക്ടുകളിലുള്ളവർ മുതൽ, എന്തിന് ഇവാഞ്ചലിക്കൽ ക്രിസ്ത്യാനികൾ വരെയും അങ്ങനെ കരുതുന്നവരുണ്ട്. l

(തുടരും)

 റഫറൻസ് :

1.  https://www.chabad.org/library/article_cdo/aid/101679/jewish/The-Personality-of-Mashiach.htm
2. https://www.chabad.org/multimedia/video_cdo/aid/2451287/jewish/Prime-Minister-Ariel-Sharon-and-the-Rebbe.htm
3. https://www.commentary.org/articles/ruth-wisse/the-rebbe-twenty-years-after/
4. https://www.youtube.com/watch?v=TB_khjit9ns

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 30-31
ടി.കെ ഉബൈദ്

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 30-31
ടി.കെ ഉബൈദ്

ഹദീസ്‌

കാലത്തെ പഴിക്കരുത്
അലവി ചെറുവാടി