Prabodhanm Weekly

Pages

Search

2024 ജനുവരി 26

3337

1445 റജബ് 14

ഫത് വകളില്‍ ദൃശ്യമാവേണ്ട തര്‍ബിയത്തും ദഅ്‌വത്തും മാനവികതയും

പി.കെ ജമാല്‍

ഇസ്്‌ലാമിക ശരീഅത്തില്‍ അവഗാഹം നേടിയ പണ്ഡിതന്മാര്‍ ഖുര്‍ആനിലെയും സുന്നത്തിലെയും തെളിവുകളുടെ അടിസ്ഥാനത്തില്‍ നല്‍കുന്ന മതവിധിയാകുന്നു ഫത് വ. രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും മതപരവുമായ വിഷയങ്ങളില്‍ കൃത്യമായ മറുപടിയോ സര്‍വാംഗീകൃതമായ അഭിപ്രായമോ ഇല്ലാതെ വരുമ്പോഴാണ് ഫത് വകളുടെ ആവശ്യം നേരിടുന്നത്. ഫത് വ പുറപ്പെടുവിക്കുക എന്നത് ഉത്തരവാദിത്വ ബോധത്തോടെ ചെയ്യേണ്ട ഗൗരവാവഹമായ കര്‍ത്തവ്യമായാണ് മുസ്്‌ലിം ലോകം കാണുന്നത്. പാശ്ചാത്യ ലോകം 'ഫത് വ' എന്ന പദം മാധ്യമങ്ങളില്‍ ഉപയോഗിച്ചുതുടങ്ങിയതും വമ്പിച്ച പ്രചാരം ആ പദത്തിന് കിട്ടിയതും രണ്ട് ഫത് വകളെ തുടര്‍ന്നാണ്. ഒന്ന്, 1989-ല്‍ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് നോവലിസ്റ്റ് സല്‍മാന്‍ റുശ്ദിക്കെതിരെ ഖുമൈനി പുറപ്പെടുവിച്ച ഫത് വ. രണ്ട്, 1998-ല്‍ അമേരിക്കക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് ഉസാമാ ബിന്‍ ലാദിന്‍ പുറപ്പെടുവിച്ച ഫത് വ. ലോകമെങ്ങും 'ഫത് വ'യെക്കുറിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിടാനും തീ പടര്‍ത്താനും ഈ രണ്ട് സംഭവങ്ങള്‍ ഹേതുവായി.

ഖുര്‍ആനില്‍ 'ഫത് വ' എന്ന പദം 'വ്യാഖ്യാനിക്കുക, വെളിപ്പെടുത്തുക' എന്നീ അര്‍ഥങ്ങളില്‍ ഉപയോഗിച്ചതായി കാണാം. യൂസുഫ് നബിയുടെ കഥയില്‍, രാജാവ് പറഞ്ഞു: 'അല്ലയോ കൊട്ടാര വിദ്വാന്മാരേ, ഈ സ്വപ്‌നം വ്യാഖ്യാനിച്ചു തരുവിന്‍' (യൂസുഫ് 43). അവൻ ചെന്നറിയിച്ചു: യൂസുഫേ, തികഞ്ഞ സത്യസന്ധനായവനേ, എനിക്ക് ഈ സ്വപ്‌നത്തിന്റെ വ്യാഖ്യാനം പറഞ്ഞുതരിക' (യൂസുഫ് 46). രണ്ടിടങ്ങളിലും 'ഫത് വ' എന്ന പദമാണ് ഉപയോഗിച്ചത്. സൂറത്തുന്നിസാഇല്‍: ''പ്രവാചകരേ, ജനം നിന്നോട് 'കലാല'യെ സംബന്ധിച്ച വിധി ചോദിക്കുന്നുണ്ടല്ലോ. പറയുക: അല്ലാഹു നിങ്ങള്‍ക്ക് വിധി നല്‍കുന്നു'' (അന്നിസാഅ് 176). ഈ സൂക്തത്തില്‍ 'ഫത് വ' കൊണ്ട് വിവക്ഷ 'സ്വഹാബിമാരില്‍ പെട്ട ചിലരുടെ ചോദ്യവും അന്വേഷണവും അല്ലാഹു അതില്‍ നല്‍കുന്ന വിധിയും'' ആണെന്ന് തഫ്‌സീര്‍ ഖുര്‍ത്വുബിയില്‍ കാണാം. സൂറത്തുന്നംലില്‍ സബഇലെ രാജ്ഞി പറഞ്ഞത് ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: ''അല്ലയോ നാട്ടു മുഖ്യന്മാരേ, ഈ പ്രശ്‌നത്തില്‍ എന്നെ ഉപദേശിക്കുവിന്‍. ഞാന്‍ നിങ്ങളുടെ ഉപദേശം കൂടാതെ ഒരു കാര്യവും തീരുമാനിക്കാറില്ലല്ലോ'' (അന്നംല് 34). ഈ സൂക്തത്തില്‍ 'ഫത് വ' എന്ന പദത്തിന് ഉപദേശം നല്‍കുക എന്നാണ് വിവക്ഷയെന്ന് ഇബ്‌നു ജരീറുത്ത്വബരി രേഖപ്പെടുത്തുന്നു.

അന്വേഷണത്തിന് മറുപടിയായാലും ഉപദേശമായാലും തീരുമാനമായാലും വിധിയായാലും 'ഫത് വ' അതീവ ഗൗരവത്തോടെയും ഉത്തരവാദിത്വ ബോധത്തോടെയും നടത്തേണ്ട കാര്യമാണ്. അബ്ദുല്ലാഹിബ്‌നു ജഅ്ഫര്‍ നിവേദനം: നബി (സ) പറഞ്ഞു: ''നിങ്ങളില്‍ ഫത് വ നല്‍കാനായി മുന്നിട്ടിറങ്ങുന്നവര്‍ നരകത്തിലേക്കാണ് മുന്നിട്ടിറങ്ങുന്നത്'' (സുനനുദ്ദാരിമി). സൂക്ഷ്മതയും കരുതലും ജാഗ്രതയും വേണ്ട രംഗമാണെന്ന് സാരം. ബറാഉബ്‌നു ആസിബ് പറയുകയാണ്: ''നബി(സ)യുടെ സ്വഹാബികളില്‍ നൂറ്റി ഇരുപതു പേരെ ഞാന്‍ കണ്ടു. അവരില്‍ ആരോടെങ്കിലും ഒരു പ്രശ്‌നത്തില്‍ മറുപടി ആവശ്യപ്പെട്ടാല്‍ ഓരോരുത്തരും അപരനിലേക്ക് വിരല്‍ ചൂണ്ടും, മറ്റേ ആളുടെ അടുത്തേക്ക് പോകാന്‍ പറയും. അങ്ങനെ അന്വേഷണം ഒടുവില്‍ ആദ്യം സമീപിച്ച ആളിലേക്കെത്തും'' (ഇബ്‌നു അബ്ദില്‍ ബര്‍റ്: ജാമിഉ ബയാനില്‍ ഇല്‍മ്). ഫത് വയുടെ ഗൗരവം ഓര്‍ത്ത്  ഒഴിഞ്ഞുമാറുകയായിരുന്നു അവരുടെ രീതിയെന്ന് സാരം.

ഇസ്്‌ലാമിക ചരിത്രത്തിലെ പണ്ഡിതന്മാരും ഇമാമുമാരും അത്യന്തം കരുതലോടും സൂക്ഷ്മതയോടുമാണ് ഫത് വ നല്‍കിപ്പോന്നത്. തങ്ങള്‍ ഈ കാലഘട്ടത്തിലെ 'മുജ്തഹിദു'കളും 'മുഫ്തി'കളും ആണെന്ന് അവകാശപ്പെട്ട് തങ്ങളുടെ മനോവിലാസങ്ങള്‍ക്കനുസരിച്ച് നിര്‍ബാധം ഫത് വകള്‍ പുറപ്പെടുവിക്കാന്‍ മടിയില്ലാത്തവരാണ് ചിലര്‍. അങ്ങനെയാണ് സമുദായത്തിലെ ഒരു വിഭാഗം 'മുശ് രിക്കും കാഫിറും' ഒക്കെയായി ചാപ്പ കുത്തപ്പെടുന്നത്. 'മതവിധി'കളുടെ ഇത്തരത്തിലുള്ള ദുരുപയോഗത്തിനിരയായി തീ തിന്നവര്‍ മുന്‍കാലങ്ങളില്‍ ഏറെയുണ്ടായിട്ടുണ്ടെന്നത് ചരിത്ര സത്യമാണ്.

നിരവധി ചരിത്ര ഘട്ടങ്ങള്‍ താണ്ടിയാണ് ഇസ്്‌ലാമിക ഫിഖ്ഹ് വികാസം പ്രാപിച്ചത്. കേവല കര്‍മശാസ്ത്ര കാഴ്ചപ്പാടില്‍ ചോദ്യങ്ങള്‍ക്ക് മറുപടി എന്ന വരണ്ട, ശുഷ്‌കമായ രീതിയായിരുന്നു ഫത് വകളിൽ സ്വീകരിക്കപ്പെട്ടുപോന്നത്. ആത്മീയമോ തര്‍ബിയത്ത് പരമോ ആയ ഉള്ളടക്കം അവക്കില്ലായിരുന്നു. കഴിഞ്ഞ നൂറ് വര്‍ഷത്തിനിടയില്‍, പക്ഷേ ഈ രംഗത്ത് പ്രസ്താവ്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. തങ്ങള്‍ നല്‍കുന്ന ഫത് വകള്‍ ഫിഖ്ഹ് വശത്തെ മാത്രമല്ല, വ്യക്തിയുടെയും സമൂഹത്തിന്റെയും തര്‍ബിയത്ത്-ആത്മീയ ചോദനകളെയും അഭിസംബോധന ചെയ്യണമെന്ന നിര്‍ബന്ധം ചില ഫുഖഹാക്കള്‍ക്കും മുഫ്തിമാര്‍ക്കും ഉണ്ടായെന്നത് സന്തോഷകരം തന്നെ. ഫത് വകളെ തര്‍ബിയത്തിനുള്ള മാര്‍ഗവും മാധ്യമവുമായി ഉപയോഗപ്പെടുത്തണം എന്നാഗ്രഹിച്ച്, തദനുസൃതമായ യത്‌നത്തിലേര്‍പ്പെട്ട പണ്ഡിത വ്യക്തിത്വമാണ് ഈജിപ്തിലെ മുന്‍ മുഫ്തിയായിരുന്ന ശൈഖ് ഹസനൈന്‍ മഖ്‌ലൂഫ്. താന്‍ നല്‍കിയ ഫത് വകളുടെ ശേഖരം തന്നെയുണ്ട് രണ്ട് വാള്യങ്ങളിലായി അദ്ദേഹത്തിന്.

രണ്ട് സമീപനങ്ങള്‍

ശൈഖ് ഹസനൈന്‍  മഖ്‌ലൂഫിനോട്  ഒരാളുടെ ചോദ്യം: ''നിഷിദ്ധമായതൊന്നും കാണാന്‍ കഴിയാത്ത ഒരു അന്ധന്‍, നല്ല ഭക്തനാണ് അദ്ദേഹം. തഖ് വയുടെ നിറവിലാണ് ജ ീവിതം. മറ്റൊരാള്‍ കാഴ്ചയുള്ള വ്യക്തിയാണ്. തന്റെ ഇഛകളെ നിയന്ത്രിച്ചു മനസ്സിനെ മെരുക്കിയും കാമനകളോട് പടവെട്ടിയും നിഷിദ്ധ കാര്യങ്ങളിലേക്കൊന്നും ദൃഷ്ടി പായിക്കാതെ, കരുതലോടും ജാഗ്രതയോടും ജീവിക്കുന്ന മുത്തഖിയാണയാള്‍. ഈ രണ്ട് വ്യക്തികളില്‍ ആരായിരിക്കും അല്ലാഹുവിന്റെ ദൃഷ്ടിയില്‍ ഏറ്റവും ശ്രേഷ്ഠൻ?'' തന്റെ സൃഷ്ടികളില്‍ ചിലരെ അന്ധരായും ചിലരെ കാഴ്ചയുള്ളവരായും അല്ലാഹു പടച്ചതിന് പിന്നിലെ യുക്തി വിശദീകരിച്ച ശേഷം ശൈഖ് മഖ്‌ലൂഫ് തുടര്‍ന്നു:  കണ്ണുകള്‍ രണ്ടും നഷ്ടപ്പെട്ട അന്ധന്‍ സഹനം അവലംബിക്കുകയും ക്ഷമിക്കുകയും ചെയ്താല്‍ അല്ലാഹു അയാള്‍ക്ക് വമ്പിച്ച പ്രതിഫലം നല്‍കും. പകരമായി സ്വര്‍ഗം സമ്മാനിക്കുകയും ചെയ്യും. അനസ് റിപ്പോര്‍ട്ട് ചെയ്ത ഹദീസുണ്ടല്ലോ. നബി (സ) പറഞ്ഞു: അല്ലാഹു എന്നോട് പറഞ്ഞിട്ടുണ്ട്. എന്റെ രെു ദാസനെ രണ്ട് കണ്ണുകള്‍ എടുത്തുകൊണ്ട് ഞാന്‍ പരീക്ഷിച്ചുവെന്ന് വെക്കുക. അയാള്‍ അതില്‍ ക്ഷമിച്ചാല്‍ ഞാന്‍ അവക്ക് പകരമായി സ്വര്‍ഗം നല്‍കും (ബുഖാരി). ഈ നിലക്ക് അന്ധൻ കാഴ്ചയുള്ളവനെക്കാള്‍ വമ്പിച്ച പ്രതിഫലത്തിന് അര്‍ഹനായിത്തീരുന്നുണ്ട്. എന്നാല്‍, കാഴ്ചയുള്ള വ്യക്തിയും അന്ധനും ഇഛകളോടുള്ള സമരത്തില്‍ രണ്ട് പേരും തുല്യ പ്രതിഫലം പങ്കിടുന്നുണ്ട്. അന്ധന് കാഴ്ചയൊഴികെ കേള്‍വി ഉള്‍പ്പെടെ മറ്റെല്ലാ കഴിവുകളും ഉണ്ടല്ലോ. കാഴ്ചയുള്ള വ്യക്തിയാവട്ടെ, കാഴ്ചയുണ്ടായിട്ടും അവയിലേക്കൊന്നും നോക്കാതെ തന്റെ ഇഛകളോടും ജഡിക മോഹങ്ങളോടും സമരം ചെയ്തുകൊണ്ടാണല്ലോ ഓരോ നിമിഷവും ജീവിക്കുന്നത്. അതൊരു നിസ്സാര കാര്യമായി തള്ളിക്കളയേണ്ടതല്ല. മനസ്സിനെ മോഹവലയില്‍ അകപ്പെടുത്തുന്ന ദൃശ്യങ്ങളിലേക്കൊന്നും നോക്കാതെ കരുതലോടും സൂക്ഷ്മതയോടും ജീവിക്കുന്ന കാഴ്ചയുള്ള വ്യക്തിക്കായിരിക്കും അന്ധനായ വ്യക്തിയെക്കാള്‍ വലിയ പ്രതിഫലം അല്ലാഹുവിങ്കല്‍ ലഭിക്കുക. ഇരുവര്‍ക്കുമുണ്ട് മഹത്വവും ശ്രേഷ്ഠതയും വിശിഷ്ട സ്വഭാവവും. ഒരേ കാര്യം ഒരു നിലക്ക് ശ്രേഷ്ഠവും മറ്റൊരു നിലക്ക് അതിശ്രേഷ്ഠവും ആയിത്തീരുമെന്ന് സാരം.

അന്ധനും കാഴ്ചയുള്ളവനും തമ്മിലെ വ്യത്യാസങ്ങളുടെ വിശദാംശങ്ങളല്ല ശൈഖ് മഖ്‌ലൂഫ് ഇവിടെ പരിഗണിച്ചത്. ഇഛകളോട് സമരം ചെയ്ത് വിജയിക്കുക എന്ന കഠിന യത്‌നമാണ് കാഴ്ചയുള്ളവന് നടത്താനുണ്ടായിരുന്നത്. അല്ലാഹുവിനോടുള്ള ഭയവും ആത്മസംയമനവുമാണ് അയാള്‍ക്ക് തുണയായത്. അതേ സന്ദര്‍ഭത്തില്‍ അന്ധനും പ്രതിഫലാര്‍ഹനാണ്. തനിക്കുണ്ടായ വിപത്തിലും പരീക്ഷണത്തിലും അയാള്‍ ക്ഷമിച്ചു. കാഴ്ചയല്ലാത്തതെല്ലാം അയാള്‍ക്ക് സാധിക്കുമായിരുന്നല്ലോ. സ്പര്‍ശനം, ആസ്വാദനം തുടങ്ങി എല്ലാം. എന്നിട്ടും അയാള്‍ ഹറാമില്‍ പതിക്കാതെ വിട്ടുനിന്നു. അതുകൊണ്ടു കൂടിയാണ് അയാള്‍ക്ക് ഉറപ്പായും സ്വര്‍ഗം വാഗ്ദാനം ചെയ്യപ്പെട്ടത്.

ശൈഖ് മഖ്‌ലൂഫ്, ശൈഖുല്‍ ഇസ്് ലാം ഇബ്‌നു തൈമിയ്യയുടെയും ശിഷ്യന്‍ ഇബ്‌നുല്‍ ഖയ്യിമിന്റെയും പാഠശാലയില്‍നിന്ന് പഠിച്ചിറങ്ങിയ സമകാലിക അസ്ഹര്‍ പണ്ഡിതന്മാരുടെ വീക്ഷണത്താല്‍ സ്വാധീനിക്കപ്പെട്ട പണ്ഡിത പ്രതിഭയാണ്. ഇതേപോലെ നിരവധി അര്‍ഥതലങ്ങളുള്ള ഫത് വകളില്‍ പെട്ട മറ്റൊന്നു കൂടി സൂചിപ്പിക്കാം. അള്‍ജീരിയക്കാരായ രണ്ട് പണ്ഡിത പ്രതിഭകള്‍ക്ക് മുന്നില്‍ ഉന്നയിക്കപ്പെട്ട പ്രശ്‌നം: ശൈഖ് മൂസാ ഇസ്മാഈലും ശൈഖ് ത്വാഹിര്‍ ആയത്ത് അജലത്തുമാണ് പണ്ഡിതന്മാര്‍. അല്‍ഷിമേഴ്‌സ് ബാധിച്ച് സ്മൃതിനാശം സംഭവിച്ച പിതാവിന്റെ വിഷയത്തില്‍ മക്കളാണ് ചോദ്യവുമായെത്തിയത്. അവര്‍ ശൈഖ് ഇസ്മാഈലിനോട്: ''അല്‍ഷിമേഴ്‌സ് ബാധിച്ച ഞങ്ങളുടെ വന്ദ്യപിതാവ്, റമദാനില്‍ പകല്‍ മറന്ന് ആഹാരം കഴിച്ചുപോകും. എന്താണ് ഞങ്ങള്‍ ചെയ്യേണ്ടത്?''
അദ്ദേഹം നല്‍കിയ മറുപടി: ''നിങ്ങളുടെ പിതാവിന് ബുദ്ധി നഷ്ടപ്പെട്ടിരിക്കുന്നു. മതശാസനകള്‍ക്ക് ബുദ്ധി ഉപാധിയാണ്. അതിനാല്‍, അദ്ദേഹത്തിന് നോമ്പ് എന്ന മതശാസന ബാധകമല്ല. നിങ്ങള്‍ അദ്ദേഹത്തിന് വേണ്ടി ഒന്നും ചെയ്യാന്‍ ബാധ്യസ്ഥരല്ല.''

ഇതേ ചോദ്യം മക്കള്‍ ശൈഖ് ആയത്ത് അജലത്തിനോടും ആവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ മറുപടി വളരെ ശ്രദ്ധേയമായിരുന്നു: ''നിങ്ങള്‍, മക്കള്‍ പിതാവിനു വേണ്ടി ദിവസവും ഒരു സാധുവിന് ആഹാരം നല്‍കുക. നിങ്ങള്‍ നിങ്ങളുടെ പിതാവിനോട് ഒരു രോഗി എന്ന നിലക്ക് പെരുമാറുകയാണ്, പിതാവ് ചിത്തഭ്രമം പിടിപെട്ട ഭ്രാന്തന്‍ എന്ന നിലക്ക് പെരുമാറുന്നതിനെക്കാള്‍ ഉത്തമം.'' ഈ ഫത് വ കേട്ട ശൈഖ് ഇസ്മാഈലിന്റെ പ്രതികരണം: ''ശൈഖ് ത്വാഹിര്‍ ആയത്ത് അജലത്തിനെ അല്ലാഹു കാത്തു സംരക്ഷിക്കട്ടെ. 'ഫത് വ ' കേവലം ഒരു ഫത് വയാകുന്നതിന് മുമ്പ് അത് 'തഖ് വ'യാവണം എന്ന് അദ്ദേഹം സ്ഥാപിച്ചുവല്ലോ.''

ആയത്ത് അജലത്തിന്റെ ഫത് വ, തഖ് വയും മാതാപിതാക്കളോടുള്ള 'ബിര്‍റും' മുന്‍നിര്‍ത്തിയാണ്. ഒരു പിതാവിനോടുള്ള എല്ലാ മര്യാദയും അതില്‍ അടങ്ങിയിട്ടുണ്ട്. ഒന്നുകില്‍ പിതാവിന് വേണ്ടി നോമ്പു നോല്‍ക്കുക, അല്ലെങ്കില്‍ സാധുവിന് ആഹാരം നല്‍കുക-ഇത് രോഗിയോടുള്ള സമീപനമാണ്. ഇനി ബുദ്ധിയില്ലാത്ത വ്യക്തിയായി പരിഗണിച്ചാല്‍ അത് ഭ്രാന്തനോടുള്ള നിലപാടായിത്തീരും. അതും ഒരു രോഗം തന്നെ. ഭ്രാന്ത് എന്നതിന്റെ ശാരീരികവും മാനസികവുമായ നിരവധി പ്രത്യാഘാതങ്ങളുണ്ട്, പ്രതിഫലനങ്ങളുണ്ട്. മാതാപിതാക്കളോട് ഭ്രാന്തരോടെന്ന പോലെ പെരുമാറുകയെന്നാല്‍ മക്കള്‍ക്ക് അചിന്ത്യമാണത്. മാതാപിതാക്കളോട് ഭ്രാന്തരോടെന്ന പോലെ പെരുമാറുന്നത് മക്കളെ സംബന്ധിച്ചേടത്തോളം മാതാപിതാക്കളെ വെറുപ്പിക്കുക- ഉഖൂഖുല്‍ വാലിദൈന്‍- എന്ന ഗണത്തില്‍ പെടുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. അതിനാല്‍, ഒരു രോഗിയോടെന്ന പോലെ പെരുമാറാന്‍ അദ്ദേഹം ഫത് വ നല്‍കി. മാനവികവും മനഃശാസ്ത്രപരവുമായ സമീപനമായിരുന്നു ശൈഖ് ത്വാഹിര്‍ ആയത്ത് അജലത്ത് ഇവിടെ സ്വീകരിച്ചത്.

ഡോ. യൂസുഫുല്‍ ഖറദാവി ഈ രീതി സ്വീകരിച്ച്, ഫത് വകള്‍ക്ക് തര്‍ബിയത്തിന്റെയും ദഅ്‌വത്തിന്റെയും മാനവികതയുടെയും മാനം നല്‍കിയ മഹാരഥനായിരുന്നു. അദ്ദേഹത്തിന്റെ ഫത് വകള്‍ക്കെല്ലാം മഖാസ്വിദുശ്ശരീഅ- ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങള്‍- സാക്ഷാത്കരിക്കുക എന്ന മുഖ്യ മുഖമുണ്ടായിരുന്നു. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 30-31
ടി.കെ ഉബൈദ്

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 30-31
ടി.കെ ഉബൈദ്

ഹദീസ്‌

കാലത്തെ പഴിക്കരുത്
അലവി ചെറുവാടി