ചില നാഴികക്കല്ലുകള്‍
ജമാഅത്തെ ഇസ്‌ലാമിയില്‍ അംഗമാകുന്നതിനുമുമ്പും ശേഷവും ധാരാളം സമ്മേളനങ്ങളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. ഓരോ സമ്മേളനവും ഒന്നിനൊന്ന് മികച്ചതും പുതിയ അനുഭവങ്ങള്‍ പകരുന്നതുമായിരുന്നു. ഐഡിയല്‍ സ്റ്റുഡന്റ്‌സ് ലീഗി(ഐ.എസ്.എല്‍)ന്റെ ആദ്യസമ്മേളനം കോഴിക്കോട് മുതലക്കുളത്താണ് നടന്നത്. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പത്തോളം കുട്ടികളുമായി കൊച്ചിയില്‍നിന്ന് ട്രെയ്‌നിലാണ് വന്നത്. 1975 ജനുവരി 18,19 തീയതികളില്‍ കോഴിക്കോട്ട് നടന്ന ഐ.എസ്.എല്ലിന്റെ രണ്ടാം സമ്മേളനം വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. ഇന്റര്‍നാഷ്‌നല്‍ ഇസ്‌ലാമിക് ഫെഡറേഷന്‍ ഓഫ് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍സ് (ഇഫ്‌സോ) ജന. സെക്രട്ടറി ഡോ. അഹ്മദ് തൂത്തഞ്ചി പങ്കെടുത്തിരുന്നു. ടി.കെ അബ്ദുല്ല സാഹിബ് സമ്മേളനത്തില്‍ പ്രസംഗിച്ചിട്ടുണ്ട്. ടി.കെയുടെ പ്രഭാഷണം കേട്ട് മലയാളമറിയാത്ത തൂത്തഞ്ചി പോലും കൈയടിക്കുകയുണ്ടായി. അത്ര ആവേശകരമായിരുന്നു ടി.കെയുടെ ആ പ്രഭാഷണം. പിന്നീട്, 1989-ല്‍ എന്റെ സുഊദി സന്ദര്‍ശനവേളയില്‍ തൂത്തഞ്ചിയെ വീണ്ടും കാണാനുള്ള സൗഭാഗ്യമുണ്ടായി. അദ്ദേഹം തന്റെ വലതുകൈ ഉയര്‍ത്തി ഐ.എസ്.എല്‍ സിന്ദാബാദ് എന്നു വിളിച്ച് പരിചയം പുതുക്കി.
ഐ.എസ്.എല്‍ സമ്മേളനം നടന്ന പിറ്റേദിവസം ഞാന്‍ കൊടിഞ്ഞി ടി. മുഹമ്മദ് സാഹിബിനെയും ടി.കെ അബ്ദുല്ല സാഹിബിനെയും വെള്ളിമാട്കുന്നിലെ പ്രബോധനം ഓഫീസില്‍ ചെന്നു കണ്ടു. ഇരുവരുമായും ഏറെ നേരം സംസാരിച്ചു. സംസാരത്തിനിടെ ടി.കെ ഒരു കാര്യം പറഞ്ഞു: തെക്കന്‍ കേരളത്തില്‍ ജമാഅത്തിന് ഒരു സ്ഥാപനം വേണം. വിശദാംശങ്ങളൊന്നും പറഞ്ഞില്ല. സമ്മേളനം കഴിഞ്ഞ് വീട്ടിലെത്തുന്നതുവരെ ടി.കെ പറഞ്ഞ കാര്യത്തെ കുറിച്ചായി എന്റെ ചിന്ത. കൊച്ചിയിലെ വാരാന്തയോഗത്തില്‍ അക്കാര്യം ഞാന്‍ അവതരിപ്പിച്ചു. തൊട്ടുമുമ്പത്തെ യോഗത്തില്‍ മറ്റൊരു തീരുമാനം എടുത്തിരുന്നു. 'നീലക്കുയില്‍', 'മുടിയനായ പുത്രന്‍', 'തച്ചോളി ഒതേനന്‍' തുടങ്ങിയ സിനിമകളുടെ നിര്‍മാതാവും ചന്ദ്രതാര പിക്‌ച്ചേഴ്‌സ് ഉടമയുമായ ടി.കെ പരീക്കുട്ടിയുടെ സ്ഥലം വാങ്ങാനുള്ള തീരുമാനമായിരുന്നു അത്. അതില്‍ തേക്കുകൊണ്ട് നിര്‍മിച്ച വീടുമുണ്ട്. പരീക്കുട്ടി അത് വില്‍പനക്കു വെച്ചപ്പോള്‍, പ്രവര്‍ത്തകര്‍ അത് പോയി നോക്കിയിരുന്നു. എനിക്ക് അക്കാര്യത്തെക്കുറിച്ച് ധാരണയില്ലായിരുന്നു.
ടി.കെയുടെ നിര്‍ദേശം പ്രവര്‍ത്തകരോട് പങ്കുവെച്ചപ്പോള്‍ എസ്.വി മുഹമ്മദ്, കെ.യു ഹംസ, പി.കെ അബ്ദുല്ലക്കുട്ടി, ടി.എം ഹൈദ്രോസ്, കെ.എം അബു എന്നിവരടങ്ങുന്ന സംഘം കോഴിക്കോട്ടെത്തി. ടി.കെയുമായി കൂടിക്കാഴ്ച നടത്തി. അധികം വൈകാതെ ഞങ്ങളുടെ പ്രദേശം സന്ദര്‍ശിക്കുമെന്ന് ടി.കെ അറിയിച്ചു. അങ്ങനെ ടി.കെ കൊച്ചിയില്‍ വന്ന് പരീക്കുട്ടിയുടെ സ്ഥലം കണ്ടു. സ്ഥലവും വീടും വാങ്ങിയേ പറ്റൂ എന്നായി ജമാഅത്ത് അമീറായിരുന്ന ടി.കെ. അപ്പോള്‍ ഒരു പ്രശ്‌നം. ടി.കെയുടെ തെക്കന്‍ കേരളത്തിന്റെ നിര്‍വചനത്തില്‍ കൊച്ചി ഉള്‍പ്പെടുമായിരുന്നില്ല. എറണാകുളം കഴിഞ്ഞുള്ള പ്രദേശങ്ങളെയാണ് തെക്കന്‍ കേരളമായി അദ്ദേഹം കണ്ടത്. തെക്കന്‍ കേരളത്തില്‍ ഒരിടത്ത് സ്ഥലമെടുക്കണമെന്നാണല്ലോ നിര്‍ദേശിച്ചതെന്നും അതെങ്ങനെയാണ് കൊച്ചിയായിത്തീര്‍ന്നതെന്നും ടി.കെ ഞങ്ങളോട് ചോദിച്ചു.
കൊച്ചി മുതല്‍ തിരുവനന്തപുരം വരെയുള്ള എവിടെയും തെക്കന്‍ കേരളമാണ് ഞങ്ങള്‍ക്ക്. ആ അര്‍ഥത്തിലാണ് പരീക്കുട്ടിയുടെ സ്ഥലത്തെക്കുറിച്ച വിവരം ടി.കെയെ അറിയിക്കുന്നത്. ഒടുവില്‍ ടി.കെയോട് ഞാനിപ്രകാരം വിശദീകരിച്ചു: 'തെക്കന്‍കേരളത്തില്‍ ആദ്യമായി ജമാഅത്ത് രൂപപ്പെടുന്നത് കൊച്ചിയിലാണ്. കെ അബ്ദുസ്സലാം മൗലവി, ടി. മുഹമ്മദ് സാഹിബ്, അബുല്‍ജലാല്‍ മൗലവി, കെ. മൊയ്തു മൗലവി എന്നിവര്‍ കൊച്ചിയിലെ ഫുള്‍ടൈം പ്രവര്‍ത്തകരും നാസിമുമാരുമായിരുന്നു. കൊച്ചിയില്‍നിന്നാണ് തെക്കന്‍ കേരളത്തിലെ മറ്റിടങ്ങളിലേക്ക് ജമാഅത്ത് വ്യാപിക്കുന്നത്. ജമാഅത്തിന് കൊച്ചി സുപ്രധാന പ്രദേശമായതിനാലാണ് താങ്കളുടെ നിര്‍ദേശംകൂടി പരിഗണിച്ച് കൊച്ചിയില്‍ പരീക്കുട്ടിയുടെ സ്ഥലം നോക്കാന്‍ തീരുമാനിച്ചത്. തെക്കിന്റെ നിര്‍വചനത്തില്‍ കൊച്ചി ഉള്‍പ്പെടില്ലെങ്കില്‍, നിലവിലെ സ്ഥലം ഒഴിവാക്കി മറ്റൊരു സ്ഥലം വാങ്ങാവുന്നതേയുള്ളൂ'.
എന്റെ വിശദീകരണം കേട്ടപ്പോള്‍ എല്ലാവരും ചിരിച്ചു. കൂട്ടത്തില്‍ ടി.കെയും. അവസാനം പരീക്കുട്ടിയുടെ സ്ഥലം വാങ്ങാന്‍ ടി.കെ അനുമതി നല്‍കി. അങ്ങനെയാണ് ദഅ്‌വത്തുല്‍ ഇസ്‌ലാം ട്രസ്റ്റ് കൊച്ചിയില്‍ വരുന്നത്. ട്രസ്റ്റിന്റെ രണ്ടാമത്തെ ചെയര്‍മാന്‍ ഞാനായിരുന്നു. അന്ന് ഞാന്‍ ജമാഅത്ത് മുത്തഫിഖാണ്. ഇസ്‌ലാമിക് മദ്‌റസ, സ്‌കൂള്‍, പലിശരഹിതനിധി എന്നീ സംരംഭങ്ങള്‍ ഇവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. നഴ്‌സറിയും തുടങ്ങിയിരുന്നെങ്കിലും അധികകാലം മുന്നോട്ടുപോയില്ല. നിലവിലെ സണ്‍റൈസ് പ്രോജക്ട് പരീക്കുട്ടിയില്‍നിന്ന് വാങ്ങിയ സ്ഥലത്തിന്റെ തൊട്ടടുത്താണ്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആശാവഹമാണ്.
ദഅ്‌വത്തുല്‍ ഇസ്‌ലാം ട്രസ്റ്റിന്റെ രൂപീകരണത്തോടെയാണ് കൊച്ചിയില്‍ ജമാഅത്തിന്റെ വ്യാപനം സാധ്യമാകുന്നത്. ട്രസ്റ്റ് നിലവില്‍ വന്ന സ്ഥലം കേരളത്തിലെ മോസ്‌കോ എന്ന് അറിയപ്പെട്ടിരുന്ന തുരുത്തിയിലാണ്. ഇ.എം.എസിനെപ്പോലുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ രഹസ്യമായി താമസിച്ച് പാര്‍ട്ടിപ്രവര്‍ത്തനം നടത്തിയ ഗല്ലി പ്രദേശമാണത്. ഗല്ലിയിലെ വീടിന്റെ ഒരു മുറിയില്‍തന്നെ ആടും പൂച്ചയും ഉമ്മയും ഉപ്പയും മകളും മരുമകളുമൊക്കെയുണ്ടാവും. ഇപ്പോള്‍ അതൊക്കെ മാറിക്കൊണ്ടിരിക്കുന്നുണ്ട്. ഏതായാലും, ജമാഅത്തിന് അവിടെ നല്ല വേരോട്ടമുണ്ടായി. ധാരാളം സി.പി.എം, സി.പി.ഐ പ്രവര്‍ത്തകര്‍ ജമാഅത്തില്‍ അണിചേര്‍ന്നു. ഹിമായത്തുല്‍ ഇസ്‌ലാം സംഘം എന്ന സംവിധാനം തുരുത്തിയില്‍ രൂപംകൊണ്ടു. ഐ.എസ്.വൈ.എ ഒരുഭാഗത്തും ജമാഅത്ത് മറ്റൊരു ഭാഗത്തുമായി പ്രവര്‍ത്തനങ്ങള്‍ സജീവമായ കാലമായിരുന്നു അത്. പ്രദേശത്തുകാര്‍ സാധാരണക്കാരും തൊഴിലാളികളുമായിരുന്നു.
ഓര്‍മയില്‍ തെളിയുന്ന ഒരു സമ്മേളനം, ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീര്‍ മുഹമ്മദ് യൂസുഫ് സാഹിബിന് 1972-ല്‍ കൊച്ചിയില്‍ നല്‍കിയ സ്വീകരണ സമ്മേളനമാണ്. ഒരു ബന്ദ് ദിനത്തിലായിരുന്നു സ്വീകരണ സമ്മേളനം. കേരളത്തിലെ സാമൂഹിക, രാഷ്ട്രീയരംഗത്തെ പ്രമുഖരായ മുന്‍ കെ.പി.സി.സി പ്രസിഡന്റ് ടി.ഒ ബാവ സാഹിബ്, ഇബ്‌റാഹീം സുലൈമാന്‍ സേട്ട് സാഹിബ്, കൊച്ചിയിലെ മാസ് ഓഡിറ്റോറിയത്തിന്റെയും മാസ് ലോഡ്ജിന്റെയും ഉടമയും കെ.പി.സി.സി ട്രഷററുമായിരുന്ന കെ.സി.എം മേത്തര്‍, അഡ്വ. കുര്യന്‍ ജോര്‍ജ് കണ്ണന്താനം എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. കണ്ണന്താനത്തെ ഓര്‍ക്കാന്‍ കാരണമുണ്ട്. അമീര്‍ വേദിയിലിരിക്കുന്നവരുടെ പേര് പറഞ്ഞപ്പോള്‍ കൂടെ സാഹിബെന്നും കൂട്ടിച്ചേര്‍ത്തിരുന്നു. കണ്ണന്താനത്തിന്റെ കൂടെയും സാഹിബെന്ന് ചേര്‍ത്തുപറഞ്ഞു. ഗംഭീരമായിരുന്നു ആ സ്വീകരണ സമ്മേളനം.
പങ്കെടുത്തില്ലെങ്കിലും, ഓര്‍മയിലുള്ള ജമാഅത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം 1969 മാര്‍ച്ചില്‍ നൂറടിപ്പാലത്ത് നടന്ന മലപ്പുറം സമ്മേളനമാണ്. കെ.സി അബ്ദുല്ല മൗലവി അമീറായിരിക്കുമ്പോഴാണ് അത് നടക്കുന്നത്. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുണ്ടായിരുന്നുവെങ്കിലും, ദൂരം കാരണം പങ്കെടുക്കാനായില്ല. കൂടാതെ, എന്റെ പഠനകാലവുമായിരുന്നു അത്. 1974-ല്‍ നടന്ന കാഞ്ഞിരപ്പള്ളി ദക്ഷിണകേരള സമ്മേളനമാണ് ജമാഅത്ത് സമ്മേളനങ്ങളെക്കുറിച്ചുള്ള ആദ്യ അനുഭവം. കേരളത്തിന്റെ മൂന്ന് മേഖലകളിലായി നടന്ന സമ്മേളനങ്ങളില്‍ ഒന്നായിരുന്നു അത്. രണ്ട് ദിവസങ്ങളിലായായിരുന്നു സമ്മേളനം. ഭക്ഷണം, നമസ്‌കാരം, ഉറക്കം തുടങ്ങി എല്ലാം സമ്മേളനപ്പന്തലില്‍ തന്നെ. സമ്മേളനത്തിലെ കെ.എന്‍ അബ്ദുല്ല മൗലവിയുടെ പ്രസംഗം ഇപ്പോഴും ഓര്‍മയിലുണ്ട്.
കാഞ്ഞിരപ്പള്ളി സമ്മേളനത്തിനു മുമ്പും ശേഷവും യാഥാസ്ഥിതിക വിഭാഗം ജമാഅത്ത് വിമര്‍ശന പ്രഭാഷണങ്ങള്‍ സംഘടിപ്പിച്ചിരുന്നു. വിമര്‍ശന പ്രഭാഷണങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി. വിമര്‍ശനത്തിനുവേണ്ടി ജമാഅത്ത് കൃതികള്‍ ധാരാളം വായിച്ചിരുന്നു വൈലിത്തറ. തന്നെയുമല്ല, തനിക്കനുകൂലമായ കാര്യങ്ങള്‍ക്കും ജമാഅത്ത് കൃതികള്‍ ഉപയോഗിച്ചുപോന്നു അദ്ദേഹം. പ്രൗഢഗംഭീരമായ ശബ്ദവും സാഹിത്യസമ്പുഷ്ടമായ ഭാഷയും വൈലിത്തറയുടെ സവിശേഷതകളാണ്. വ്യാജപ്രചാരണങ്ങളും തെറ്റിദ്ധരിപ്പിക്കലുകളും നിറഞ്ഞതായിരുന്നു വൈലിത്തറയുടെ ജമാഅത്ത്‌വിരുദ്ധ പ്രസംഗം. ജമാഅത്തിനെക്കുറിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാനും പ്രസ്ഥാനത്തെ പരിചയപ്പെടുത്താനും ദ്വിദിന പ്രഭാഷണം സംഘടിപ്പിക്കുകയുണ്ടായി. കെ.എന്‍ അബ്ദുല്ല മൗലവി, ടി.കെ മുഹമ്മദ് ആലുവ എന്നിവരായിരുന്നു പ്രഭാഷകര്‍. ഇരുവരുടെയും പ്രഭാഷണങ്ങള്‍ തെറ്റിദ്ധാരണകള്‍ അകറ്റാന്‍ പര്യാപ്തമായിരുന്നു. വൈലിത്തറ ഇപ്പോള്‍ ജമാഅത്തിനെ വിമര്‍ശിക്കാറില്ല.
തികച്ചും വ്യത്യസ്തവും എന്നാല്‍, വൈയക്തികവുമായ ഒരു അനുഭവം പങ്കുവെക്കാം. അടിയന്തരാവസ്ഥക്കാലത്ത് റെഡിമെയ്ഡ് വസ്ത്രങ്ങളുണ്ടാക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന എസ്‌കോര്‍ട്ട് എന്ന ഒരു സ്ഥാപനം ഉണ്ടായിരുന്നു. വി.പി മുഹമ്മദാണ് ഉടമ. അദ്ദേഹത്തിന്റെ സഹായിയായി ഞാനും വസ്ത്രത്തിന്റെ ഓര്‍ഡര്‍ സ്വീകരിക്കാന്‍ ദക്ഷിണകേരളത്തില്‍ പതിവായി യാത്ര ചെയ്യും. ഒരിക്കല്‍ ഓര്‍ഡര്‍ എടുക്കുന്നതിന് വര്‍ക്കലയിലെത്തി. അവിടെ രണ്ട് ലോഡ്ജുകളാണ് പരിചയത്തിലുള്ളത്. ഒന്ന് തവക്കല്‍ ലോഡ്ജ്. മറ്റൊന്ന് ചൈനീസ് ഭക്ഷണങ്ങള്‍ ലഭിക്കുന്ന ബാപ്പുജി ലോഡ്ജും. തവക്കല്‍ ലോഡ്ജില്‍ ചെന്നപ്പോള്‍, മുറികള്‍ ബുക്കിംഗാണ്. ശിവഗിരി മഠത്തില്‍ വാര്‍ഷികം നടക്കുന്ന സമയമായതിനാലാണ് ഈ തിരക്ക്. പള്ളിയില്‍ പോയാലോയെന്ന് ആലോചിച്ചുനില്‍ക്കുമ്പോഴാണ് മൂന്നു പേരെ കാണുന്നത്. ലോഡ്ജില്‍ വിശാലമായ റൂമുണ്ടെന്നും ഞാന്‍ അവരോടൊപ്പം ചേര്‍ന്നാല്‍ അതെടുക്കാമെന്നും അവരെന്നോട് പറഞ്ഞു. ഞങ്ങള്‍ നാലു പേര്‍ അതെടുക്കാന്‍ തീരുമാനിച്ചു. എന്റെ പേരിലാണ് മുറിയെടുത്തത്.
വിശപ്പു കാരണം പെട്ടിയും മറ്റും മുറിയില്‍ വെച്ച് ഭക്ഷണം കഴിക്കാന്‍ ഞാന്‍ പുറത്തുപോയി. നേരത്തേ ഓര്‍ഡര്‍ അയച്ചുകൊടുത്ത വകയില്‍ ശേഖരിച്ച പണം എന്റെ കൈവശമുണ്ട്. നമസ്‌കാരം റൂമില്‍നിന്നാവാമെന്ന് കരുതി ഭക്ഷണത്തിനുശേഷം തിരിച്ചുവന്നു. അപ്പോള്‍ കാണുന്നത്, മൂവര്‍സംഘം 'ആഘോഷ'ത്തിന് ഒരുങ്ങുന്നതാണ്. കക്ഷികള്‍ ശിവഗിരി 'വാര്‍ഷികം' ആഘോഷിക്കാന്‍തന്നെ വന്നതാണ്. മൂന്ന് മേത്തരം കുപ്പികള്‍ എന്റെ മേശപ്പുറത്തുണ്ട്. പിന്നെ കുറച്ച് എണ്ണക്കടികളും നേന്ത്രപ്പഴവും അച്ചാറും. അതിലൊരാളായ അബ്ദുല്ലത്വീഫിനോട് ഞാന്‍ നേരത്തേതന്നെ കാര്യങ്ങള്‍ തുറന്നു സംസാരിക്കുകയും എന്റെ സ്വത്വം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. അതിനാല്‍ അദ്ദേഹത്തിന് എന്നെക്കുറിച്ച് നല്ല ധാരണയുണ്ട്.
എനിക്ക് നമസ്‌കരിക്കേണ്ടതുണ്ടായിരുന്നു. കൂടെയുള്ളവരെ ഗൗനിക്കാതെ ഞാന്‍ നമസ്‌കരിച്ചു. അപ്പോള്‍ ഒരാളുടെ പ്രതികരണം ഇപ്രകാരമായിരുന്നു: 'ഹൊ, യവന്‍ അളിയാ, കൈക്കൊരു വിലങ്ങാണല്ലോ'. നമസ്‌കാരം കഴിഞ്ഞപ്പോള്‍, മുന്തിയ ഇനം ചേര്‍ത്ത ഒരു ഗ്ലാസ് സോഡ സന്തോഷപൂര്‍വം എനിക്ക് തന്നു. ഞാന്‍ തുടക്കമിടണമെന്നാണ് അവരുടെ ഉള്ളിലിരുപ്പ്. ഒരു ഡ്രിങ്ക്‌സും ഉപയോഗിക്കാറില്ലെന്ന് ഞാന്‍ തീര്‍ത്തുപറഞ്ഞു. ഇതൊക്കെ വല്ലപ്പോഴുമല്ലേ എന്നായി അവര്‍. 'വല്ലപ്പോഴും ഉപയോഗിക്കുന്നതാണ് പതിവാകുന്നത്. കുടിക്കുന്ന സ്വഭാവം എനിക്കില്ല. അത് തുടങ്ങണമെന്നും തീരുമാനിച്ചിട്ടില്ല'- ഞാന്‍ പ്രതികരിച്ചു. അങ്ങനെ ഞങ്ങള്‍ തര്‍ക്കമായി. 'സ്വസ്ഥമായി ഉറങ്ങാനാണ് ഞാന്‍ ഇങ്ങോട്ടുവന്നത്. അതിന് സാധിച്ചില്ലെങ്കില്‍, തൊട്ടപ്പുറത്തുള്ള പള്ളിയില്‍ പോയി കിടക്കും'- ഞാനവരോട് കടുത്ത സ്വരത്തില്‍ പറഞ്ഞു. അങ്ങനെ ചെയ്യരുതെന്ന് അവര്‍ പറഞ്ഞു. കുടിക്കാന്‍ എന്നെ നിര്‍ബന്ധിക്കുന്നതില്‍നിന്ന് ഒഴിയുകയും ചെയ്തു. ഞാന്‍ ഉറങ്ങാന്‍ കിടന്നു. അവരുടെ ചെയ്തികളും അട്ടഹാസവും കാരണം ഉറക്കം വന്നില്ല. മാത്രമല്ല, എന്റെ പേരിലാണല്ലോ റൂം എന്നോര്‍ക്കുമ്പോള്‍ വിട്ടുപോകാനും കഴിയുന്നില്ല. ഇവര്‍ വല്ല അപകടവും വരുത്തിവെച്ചാല്‍, ഞാനായിരിക്കും ഉത്തരവാദി. കൂടാതെ, എന്റെ കൈവശം കുറേ പണവുമുണ്ട്. പിന്നെ ഉറക്കം എങ്ങനെ വരാനാണ്!
കുറേ കഴിഞ്ഞപ്പോള്‍ ക്ഷീണം കാരണം ഞാന്‍ മയങ്ങിപ്പോയി. വൈകിയാണ് ഉറങ്ങിയതെങ്കിലും, നേരത്തേ എഴുന്നേറ്റ് സ്വുബ്ഹ് നമസ്‌കരിച്ചു. എന്റെ നമസ്‌കാരം കണ്ട് അവരിലൊരാള്‍: 'നിങ്ങള്‍ ചെറുപ്പക്കാരനായ ഭക്തിയുള്ള വ്യക്തിയാണ്. നിങ്ങളെപ്പൊലെ മറ്റൊരു വ്യക്തിയെ ഞാന്‍ കണ്ടിട്ടേയില്ല'. ഞാന്‍ ഒന്നും പ്രതികരിച്ചില്ല. നാശ്തക്കുശേഷം അവരുമായി കാര്യങ്ങള്‍ തുറന്നുപറഞ്ഞു: 'നിങ്ങള്‍ ഉയര്‍ന്ന സ്ഥാനങ്ങളിലുള്ള വ്യക്തികളാണ്. ഒരാള്‍ ഇന്‍സ്‌പെക്ടര്‍, മറ്റു രണ്ടു പേര്‍ അധ്യാപകര്‍. നിങ്ങളിങ്ങനെ ചെയ്താല്‍ ഭാവി തലമുറ എവിടെയെത്തും? ഞാനും നിങ്ങളോടൊപ്പം ചേര്‍ന്നിരുന്നെങ്കില്‍, നിങ്ങളെപ്പോലെ ആകുമായിരുന്നില്ലേ? എന്റെ കീഴിലുള്ളവരും അങ്ങനെ ആകുമായിരുന്നില്ലേ?' ഇതൊന്നും ഞങ്ങള്‍ സ്ഥിരമായി ചെയ്യാറില്ലെന്ന് ഇന്‍സ്‌പെക്ടര്‍ ന്യായീകരിച്ചു. ശിവഗിരി വാര്‍ഷികമായതിനാല്‍ ഒന്നിച്ചിരുന്നുവെന്നു മാത്രം. 'ആയിക്കോട്ടെ, ഇതൊരു വാര്‍ഷികമാണ്. മറ്റൊരു സ്ഥലത്ത് ഉത്സവം വരും. വേറൊരിടത്ത് നേര്‍ച്ചയും പെരുന്നാളും വരും. അപ്പോഴൊക്കെ ആഘോഷിക്കും. പിന്നെ അതൊരു ശീലമായി മാറും. അങ്ങനെ ചുട്ടയിലെ ശീലം ചുടലവരെ തുടരും. അങ്ങനെയാണ് നമ്മള്‍ വഴിതെറ്റുന്നത്. അതിനാല്‍, ആത്മപരിശോധന നടത്തണം'- ഞാനവരോട് പറഞ്ഞു. ഉള്ളുതുറന്ന സംസാരത്തിനുശേഷം അവര്‍ ഒന്നുകൂടി എന്നോടടുത്തു. കുറേയേറെ കാര്യങ്ങള്‍ അവര്‍ പങ്കുവെച്ചു. ഞാന്‍ കൂടുതല്‍ സംസാരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അവര്‍ അവരുടെ ഫോണ്‍ നമ്പറുകള്‍ തരികയും ചെയ്തു. കുറേ കാലത്തേക്ക് അവരുമായി ഫോണിലൂടെ സംസാരിക്കാറുണ്ടായിരുന്നു. ഇടക്കാലത്ത് നമ്പര്‍ നഷ്ടപ്പെട്ടതോടെ അവരുമായുള്ള ബന്ധം മുറിഞ്ഞുപോയി.
(തുടരും)
Comments