Prabodhanm Weekly

Pages

Search

2021 ആഗസ്റ്റ് 13

3213

1443 മുഹര്‍റം 04

ഖുല്‍അ് ഇസ്‌ലാം സ്ത്രീക്ക് നല്‍കിയ അവകാശം

സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി

താന്‍ വെറുക്കുകയും തന്റെ കൂടെ താമസിപ്പിക്കാന്‍ ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്ന സ്ത്രീയെ വിവാഹമോചനം ചെയ്യാന്‍ പുരുഷന് അവകാശം നല്‍കപ്പെട്ടപോലെത്തന്നെ, താന്‍ വെറുക്കുകയും ഒരവസ്ഥയിലും അയാളോടൊത്ത് കഴിയാന്‍ ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്ന ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം നേടാന്‍ സ്ത്രീക്കും അവകാശം നല്‍കിയിരിക്കുന്നു.
ഇസ്‌ലാമിക നിയമത്തിന് ഇവിടെ രണ്ടു വശങ്ങളുണ്ട്; ധാര്‍മിക വശവും നിയമ വശവും.
ധാര്‍മിക വശം: പുരുഷനായാലും സ്ത്രീയായാലും ത്വലാഖോ ഖുല്‍ഓ  എടുത്തുപയോഗിക്കുന്നത് ഏറ്റവും ഒടുവിലത്തെ മാര്‍ഗം എന്ന നിലയിലായിരിക്കണം. അല്ലാതെ അതൊരു കളിയും തോന്ന്യാസത്തിന്റെ ആയുധവുമാക്കരുത്. റസൂല്‍ (സ) പറഞ്ഞു: 
''മാറിമാറി രുചി നോക്കി നടക്കുന്ന സ്ത്രീപുരുഷന്മാരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല'', ''രുചി നോക്കി നടക്കുകയും കൂടുതല്‍ ത്വലാഖ് ചൊല്ലുകയും ചെയ്യുന്ന എല്ലാവരെയും അല്ലാഹു ശപിച്ചിരിക്കുന്നു'', ''ഭര്‍ത്താവില്‍നിന്ന് ഒരു അരോചകത്വവുമില്ലാതെ ഭാര്യ ഖുല്‍അ് വാങ്ങിയാല്‍ അവളുടെ മേല്‍ അല്ലാഹുവിന്റെയും മലക്കുകളുടെയും ജനങ്ങളുടെ മുഴുവനും ശാപമുണ്ടാവട്ടെ'', ''ഖുല്‍അ് കൊണ്ട് കളിക്കുന്ന സ്ത്രീകള്‍ കപടവിശ്വാസിനികളാണ്.''
എന്നാല്‍ വ്യക്തികളുടെ അവകാശങ്ങള്‍ നിര്‍ണയിക്കുന്ന നിയമം ഈ വശത്തിലൂടെ ഇത് ചര്‍ച്ചചെയ്യുന്നില്ല. നിയമം പുരുഷന്ന്, ഭര്‍ത്താവ് എന്ന നിലയില്‍ ത്വലാഖ് ചൊല്ലാനുള്ള അവകാശം നല്‍കിയതുപോലെ, ഭാര്യ എന്ന നിലയില്‍ സ്ത്രീക്ക് ഖുല്‍ഇനുള്ള അവകാശവും വകവെച്ചു കൊടുത്തിരിക്കുന്നു. ആവശ്യമെന്നു തോന്നുന്ന ഘട്ടത്തില്‍ ഇരുവര്‍ക്കും ദാമ്പത്യബന്ധത്തില്‍നിന്ന് സ്വതന്ത്രരാവാന്‍ വേണ്ടിയാണിത്. ദമ്പതികള്‍ തമ്മില്‍ അനൈക്യമുണ്ടാവുകയും, ദാമ്പത്യജീവിതത്തിന്റെ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടാതിരിക്കുകയും അവര്‍ തമ്മിലുള്ള ബന്ധം നരകതുല്യമായിത്തീരുകയും ചെയ്യുക; എന്നിട്ട് പരസ്പരം വേര്‍പിരിയാന്‍ കഴിയാതെ ഒന്നിച്ചു ജീവിക്കാന്‍ നിര്‍ബന്ധിതരാവുക- ഈ അവസ്ഥ ഇല്ലാതാക്കാന്‍ വേണ്ടിയാണിത്.
എന്നാല്‍ ഏതെങ്കിലും ഒരു കക്ഷി മുന്‍പിന്‍ നോക്കാതെ തന്റെ അവകാശം ദുരുപയോഗപ്പെടുത്തുകയാണെങ്കില്‍ നിയമം ഈ രംഗത്ത് ന്യായമായ പരിധികള്‍ നിശ്ചയിക്കും. എന്നാല്‍ ഒരാള്‍ തന്റെ അവകാശം സ്ഥാനത്ത് ഉപയോഗിക്കുന്നതും ദുരുപയോഗപ്പെടുത്തുന്നതും വലിയ ഒരളവോളം അയാളുടെ ധാര്‍മിക മനസ്സാക്ഷിയെയും വിവേചനബോധത്തെയും ദൈവഭയത്തെയും ആശ്രയിച്ചിരിക്കും. ഏതെങ്കിലും ഒരു കക്ഷി തന്റെ വ്യക്തിതാല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടിയോ, അതോ ന്യായമായ ആവശ്യത്തിനു വേണ്ടിയോ തന്റെ അവകാശം വിനിയോഗിച്ചതെന്ന് തീരുമാനിക്കാന്‍ അല്ലാഹുവിനല്ലാതെ ഒരാള്‍ക്കും കഴിയുകയില്ല. പിന്നെ നിയമത്തിന് ചെയ്യാന്‍ കഴിയുന്നത്, വ്യക്തിക്ക് പ്രകൃതിപരമായ അവകാശം നല്‍കിയശേഷം അവന്‍ പ്രസ്തുത അവകാശം ദുരുപയോഗപ്പെടുത്താതിരിക്കാന്‍ ആവശ്യമായ പരിധികള്‍ നിശ്ചയിക്കുക എന്നതു മാത്രമാണ്. പുരുഷന് തന്റെ ഭാര്യയില്‍നിന്ന് വേര്‍പിരിയാനുള്ള അവകാശം നല്‍കിയപ്പോള്‍ ചില നിബന്ധനകള്‍ വെച്ചതായി നാം കണ്ടു. ഉദാഹരണമായി; പുരുഷന്‍ സ്ത്രീക്ക് നല്‍കിയ മഹ്‌റിന്റെ നഷ്ടം അയാള്‍ സഹിക്കുക, ആര്‍ത്തവകാലത്ത് ത്വലാഖ് ചെയ്യാതിരിക്കുക, ഇനി ത്വലാഖ് ചെയ്യാന്‍ ഉദ്ദേശിച്ചാല്‍തന്നെ ഓരോ ശുദ്ധികാലത്തും ഓരോ ത്വലാഖ് ചൊല്ലുക, ഇദ്ദാകാലത്ത് കൂടെ താമസിപ്പിക്കുക, മൂന്നു ത്വലാഖും ചൊല്ലിയാല്‍പിന്നെ രണ്ടാമതൊരാള്‍ വിവാഹം കഴിക്കാതെ അയാള്‍ക്കവളെ വിവാഹം കഴിക്കാന്‍ സാധിക്കാതിരിക്കുക എന്നിങ്ങനെ. അതുപോലെത്തന്നെ സ്ത്രീക്ക് ഖുല്‍അ് ചെയ്യാനുള്ള അവകാശം നല്‍കിയതിനോടൊപ്പവും കുറേ നിബന്ധനകള്‍ വെച്ചു. അല്ലാഹു പറയുന്നു:
''നിങ്ങള്‍ അവര്‍ക്ക് നല്‍കിയിട്ടുള്ളതില്‍നിന്ന് ഒന്നും തന്നെ അവരെ പിരിച്ചയക്കുമ്പോള്‍ തിരിച്ചെടുക്കുന്നത് അനുവദനീയമല്ല- ദമ്പതികളിരുവരും അല്ലാഹുവിന്റെ നിയമങ്ങള്‍ പാലിക്കാന്‍ സാധിക്കുകയില്ലെന്ന് ആശങ്കിച്ചാലൊഴിച്ച്. ഇനി ദമ്പതികളിരുവരും ദൈവിക നിയമങ്ങള്‍ പാലിക്കുകയില്ലെന്ന് നിങ്ങള്‍ ആശങ്കിക്കുന്നുവെങ്കില്‍, അപ്പോള്‍ സ്ത്രീ തന്റെ ഭര്‍ത്താവിന് വല്ലതും പ്രതിഫലം നല്‍കി മോചനം നേടുന്നതില്‍ ഇരുവര്‍ക്കും കുറ്റമില്ലാത്തതാകുന്നു'' (അല്‍ ബഖറ 229).
മേല്‍പറഞ്ഞ സൂക്തത്തില്‍നിന്നും താഴെപ്പറയുന്ന നിയമങ്ങള്‍ നിര്‍ധാരണം ചെയ്‌തെടുക്കാം:
1. അല്ലാഹുവിന്റെ പരിധികള്‍ ലംഘിക്കപ്പെടും എന്ന് ഭയപ്പെടുമ്പോഴായിരിക്കണം ഖുല്‍അ് നടത്തുന്നത്. ഖുര്‍ആനിലെ 'അവര്‍ക്ക് കുറ്റമില്ലാത്തതാകുന്നു' എന്ന വാക്ക്, ത്വലാഖ് പോലെത്തന്നെ ഖുല്‍ഉം അഹിതകരമായ കാര്യമാണെന്ന് സൂചിപ്പിക്കുന്നു. എന്നാല്‍ അല്ലാഹുവിന്റെ കല്‍പനകള്‍ ലംഘിക്കപ്പെടാന്‍ ഇടയുണ്ടെന്ന് ആശങ്കിക്കുമ്പോള്‍ ഖുല്‍അ് ചെയ്യുന്നതിന് കുഴപ്പമില്ല.
2. സ്ത്രീ ദാമ്പത്യബന്ധത്തില്‍നിന്ന് മോചനം നേടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, പുരുഷന്‍ വിവാഹമോചനവേളയില്‍ മഹ്‌റിന്റെ നഷ്ടം സഹിക്കുന്നതുപോലെ, സ്ത്രീയും ധനം വ്യയം ചെയ്യണം. പുരുഷന്‍ സ്വയംപ്രേരിതനായി ഭാര്യയെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ താന്‍ അവള്‍ക്ക് നല്‍കിയ ധനത്തില്‍നിന്ന് യാതൊന്നും തിരിച്ചുവാങ്ങാന്‍ പാടില്ല. ഇനി ഭാര്യയാണ് വേര്‍പിരിയാനുദ്ദേശിക്കുന്നതെങ്കിലോ വിവാഹമൂല്യമായി ഭര്‍ത്താവ് തനിക്ക് നല്‍കിയ ധനം മുഴുവനായോ ഭാഗികമായോ തിരിച്ചുകൊടുക്കുകയും വേണം.
3. പ്രതിഫലം നല്‍കി വിവാഹമോചനം നേടുമ്പോള്‍ അത് കൊടുക്കുന്നയാളുടെ താല്‍പര്യം മാത്രം പരിഗണിച്ചാല്‍ പോരാ, സ്വീകരിക്കുന്നയാളുടെ തൃപ്തിയും കൂടി പരിഗണിക്കണം. അതായത് സ്ത്രീ കുറച്ച് സംഖ്യ നല്‍കിയതു കൊണ്ടുമാത്രം അവള്‍ക്ക് തന്റെ ഭര്‍ത്താവില്‍നിന്ന് വേര്‍പിരിയാന്‍ കഴിയുകയില്ല. കൂടാതെ അയാള്‍ സംഖ്യ സ്വീകരിക്കുകയും അവള്‍ക്ക് ത്വലാഖ് കൊടുക്കുകയും വേണം.
4. ഖുല്‍അ് സാധുവാകാന്‍ സ്ത്രീ, ഭര്‍ത്താവിന് അയാള്‍ നല്‍കിയ മഹ്ര്‍ സംഖ്യ മുഴുവനായോ ഭാഗികമായോ നല്‍കിയാല്‍ മതിയാവുന്നതാണ്. എന്നിട്ട് പുരുഷന്‍ അത് സ്വീകരിച്ച് ഭാര്യക്ക് ത്വലാഖ് കൊടുക്കുകയും വേണം. ഖുര്‍ആനിലെ 'അപ്പോള്‍ സ്ത്രീ തന്റെ ഭര്‍ത്താവിന് വല്ലതും പ്രതിഫലം നല്‍കി മോചനം നേടുന്നതില്‍ ഇരുവര്‍ക്കും കുറ്റമില്ലാത്തതാകുന്നു' എന്ന വാക്യം, ഖുല്‍അ് ഇരുകക്ഷികളുടെയും സംതൃപ്തിയോടെയും യോജിപ്പോടെയും കൂടിയാണ് പൂര്‍ത്തിയാവുക എന്ന് വ്യക്തമാക്കുന്നു. ഖുല്‍ഇന് കോടതിവിധി ഉപാധിയാണെന്ന് പറയുന്നവരുടെ വാദം ഇവിടെ ഖണ്ഡിക്കപ്പെടുന്നു. കാരണം വീട്ടില്‍വെച്ച് തീര്‍ക്കാന്‍ കഴിയുന്ന ഒരു പ്രശ്‌നം കോടതിയിലെത്തിക്കാന്‍ ഇസ്‌ലാം ആഗ്രഹിക്കുന്നില്ല.
5. സ്ത്രീ നല്‍കിയ പ്രതിഫലം സ്വീകരിക്കാന്‍ പുരുഷന്‍ തയാറാകുന്നില്ലെങ്കില്‍ അവള്‍ക്ക് കോടതിയെ സമീപിക്കാന്‍ അവകാശമുണ്ട്. ഖുര്‍ആനിലെ 'അവര്‍ ഇരുവരും അല്ലാഹുവിന്റെ പരിധികള്‍ പാലിക്കുകയില്ലെന്ന് നിങ്ങള്‍ ആശങ്കിക്കുന്നുവെങ്കില്‍' എന്ന സൂക്തത്തിലെ 'നിങ്ങള്‍' എന്ന വാക്കിന്റെ അഭിസംബോധന ഭരണകൂടമാണെന്ന് വ്യക്തം. കാരണം ദൈവിക പരിധികള്‍ നടപ്പിലാക്കാനുള്ള ബാധ്യത പ്രഥമമായും ഭരണകൂടത്തിനത്രെ. അപ്പോള്‍ അല്ലാഹുവിന്റെ പരിധികള്‍ പാലിക്കപ്പെടുകയില്ലെന്ന ആശങ്ക സ്ഥിരപ്പെടുന്നേടത്ത് അല്ലാഹു സ്ത്രീക്ക് നല്‍കിയ അവകാശം അവള്‍ക്ക് വാങ്ങിക്കൊടുക്കേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്.
മേല്‍പറഞ്ഞ പൊതുനിയമങ്ങളില്‍ അല്ലാഹുവിന്റെ പരിധികള്‍ ലംഘിക്കപ്പെടുമെന്ന് ഭയപ്പെടുന്ന അവസ്ഥയേത്? പ്രതിഫലം നല്‍കുന്നതിന്റെ മിതമായ തോത് ഏത്? സ്ത്രീ പ്രതിഫലം നല്‍കുകയും പുരുഷന്‍ അത് സ്വീകരിക്കുകയും ചെയ്യാതിരുന്നാല്‍ ന്യായാധിപന്‍ ഏതു മാര്‍ഗം സ്വീകരിക്കണം എന്നീ കാര്യങ്ങളൊന്നും നിര്‍ണയിച്ചു പറഞ്ഞിട്ടില്ല. ഇത്തരം വിശദീകരണങ്ങള്‍ എല്ലാം റസൂലി(സ)ന്റെയും ഖലീഫമാരുടെയും കാലത്ത് അവര്‍ നടപ്പിലാക്കിയ വിധികളില്‍നിന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്.

ചില ചരിത്രസംഭവങ്ങള്‍

ഖുല്‍ഇന്റെ ചരിത്രത്തില്‍ ഏറെ പ്രസിദ്ധമായത് സാബിത്തുബ്‌നു ഖൈസിന്റെ ഭാര്യമാര്‍ ഖുല്‍അ് നടത്തിയ സംഭവമാണ്. പ്രസ്തുത സംഭവത്തിന്റെ വിശദീകരണം ഹദീസില്‍ വന്നിട്ടുണ്ട്. അവ ഒന്നിച്ചെടുത്ത് പരിശോധിച്ചു നോക്കിയാല്‍ സാബിത്തുബ്‌നു ഖൈസിന്റെ രണ്ടു ഭാര്യമാര്‍ അദ്ദേഹത്തില്‍നിന്ന് ഖുല്‍അ് വാങ്ങിയതായി കാണാം. അവരില്‍ ഒന്നാമത്തവള്‍ ഉബയ്യുബ്‌നു സുലൂലിന്റെ മകള്‍ ജമീലയാണ് (അബ്ദുല്ലാഹിബ്‌നു ഉബയ്യിന്റെ സഹോദരി, അവര്‍ അബ്ദുല്ലാഹിബ്‌നു ഉബയ്യിന്റെ മകള്‍ സൈനബ് ആയിരുന്നുവെന്നും ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവരുടെ പേര്‍ ജമീലയായിരുന്നുവെന്നത് പ്രസിദ്ധമാണ്. അതിനാല്‍ അവര്‍ അബ്ദുല്ലാഹിബ്‌നു ഉബയ്യിന്റെ മകളായിരുന്നില്ല, സഹോദരിയായിരുന്നു). സാബിത്തുബ്‌നു ഖൈസിന്റെ വൈരുപ്യം അവര്‍ ഇഷ്ടപ്പെട്ടില്ല. അങ്ങനെ അവര്‍ അദ്ദേഹത്തില്‍നിന്ന് ഖുല്‍അ് വാങ്ങാന്‍ വേണ്ടി റസൂല്‍ തിരുമേനി(സ)യെ സമീപിച്ചു പറഞ്ഞു:
''പ്രവാചകരേ, അദ്ദേഹത്തിന്റെയും എന്റെയും ശിരസ്സ് യോജിപ്പിക്കാന്‍ ഒരു വസ്തുവിനും കഴിയുകയില്ല. ഞാന്‍ എന്റെ മക്കന ഉയര്‍ത്തി നോക്കിയപ്പോള്‍ അദ്ദേഹം ഒരു സംഘത്തോടൊപ്പം വരുന്നത് കണ്ടു, അപ്പോള്‍ ഏറ്റവും കറുത്തവനും ഏറ്റവും ഉയരം കുറഞ്ഞവനും ഏറ്റവും വൃത്തികെട്ട മുഖമുള്ളവനുമായിട്ടാണ് അദ്ദേഹത്തെ എനിക്ക് കാണാന്‍ കഴിഞ്ഞത്'' (ഇബ്‌നുജരീര്‍). ''അല്ലാഹുവാണ, അദ്ദേഹത്തിന്റെ മതബോധവും സ്വഭാവഗുണവുമല്ല, അദ്ദേഹത്തിന്റെ വൈരൂപ്യമാണ് ഞാന്‍ വെറുക്കുന്നത്'' (ഇബ്‌നു ജരീര്‍). ''അല്ലാഹുവാണ, അല്ലാഹുവിനെ ഭയപ്പെട്ടില്ലായിരുന്നുവെങ്കില്‍ എന്റെയടുത്ത് വരുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് ഞാന്‍ തുപ്പുമായിരുന്നു'' (ഇബ്‌നു ജരീര്‍). ''പ്രവാചകരേ, എനിക്ക് സൗന്ദര്യമുള്ളത് താങ്കള്‍ക്ക് കാണാമല്ലോ. സാബിത്ത് തീരെ വിരൂപിയായ ഒരു മനുഷ്യനാണ്'' (ഫത്ഹുല്‍ ബാരി).
''അദ്ദേഹത്തിന്റെ സല്‍സ്വഭാവത്തിലോ മതബോധത്തിലോ എനിക്കൊരാക്ഷേപവുമില്ല. പക്ഷേ, ഇസ്‌ലാമില്‍നിന്നുകൊണ്ടുള്ള സത്യനിഷേധത്തെ ഞാന്‍ ഭയപ്പെടുന്നു'' (ബുഖാരി). ('ഇസ്‌ലാമില്‍നിന്നുകൊണ്ട് സത്യനിഷേധത്തെ ഭയപ്പെടുക' എന്ന് പറഞ്ഞതിന്റെ താല്‍പര്യം, ഭര്‍ത്താവിനെ വെറുത്തുകൊണ്ട് അദ്ദേഹത്തിന്റെ കൂടെ കഴിയുകയാണെങ്കില്‍, അദ്ദേഹത്തെ അനുസരിച്ചുകൊണ്ടും അദ്ദേഹത്തോട് ഗുണകാംക്ഷ പുലര്‍ത്തിക്കൊണ്ടും ചാരിത്ര്യം സംരക്ഷിച്ചുകൊണ്ടും ജീവിക്കണം എന്ന അല്ലാഹുവിന്റെ കല്‍പന പാലിക്കാന്‍ കഴിയാതെവരും എന്ന് എനിക്ക് ഭയമുണ്ട് എന്നാണ്. ഇതൊരു യഥാര്‍ഥ സത്യവിശ്വാസിയുടെ ബോധമാണ്. അല്ലാഹുവിനോടും റസൂലിനോടും അനുസരണക്കേട് കാണിക്കുന്നത് സത്യനിഷേധമായിട്ടാണ് അവര്‍ മനസ്സിലാക്കുന്നത്. എന്നാല്‍ ഇന്നത്തെ പണ്ഡിതന്മാര്‍, സ്ത്രീ നമസ്‌കാരവും നോമ്പും സകാത്തും ഹജ്ജും എല്ലാം ഉപേക്ഷിക്കുകയും എല്ലാവിധ തെറ്റുകള്‍ പ്രവര്‍ത്തിക്കുകയും ചെയ്താലും ഈ അവസ്ഥയില്‍ അവര്‍ ശരിയായ വിശ്വാസിനിയാണെന്ന് പറയുക മാത്രമല്ല, അവര്‍ക്ക് സ്വര്‍ഗത്തെക്കുറിച്ച സുവിശേഷമറിയിക്കുകയും ചെയ്യും. ഇനി, ഇതൊക്കെ സത്യനിഷേധമാണെന്ന് ആരെങ്കിലും പറഞ്ഞാലോ അയാള്‍ അവരുടെ ദൃഷ്ടിയില്‍ മതവിരുദ്ധനുമായി).
അവരുടെ ആവലാതിയൊക്കെ കേട്ട ശേഷം റസൂല്‍ (സ) പറഞ്ഞു: 'അദ്ദേഹം നിനക്ക് നല്‍കിയ തോട്ടം തിരിച്ചുകൊടുക്കാമോ?' അവര്‍ പറഞ്ഞു: 'പ്രവാചകരേ, അതും അല്‍പം അധികവും കൊടുക്കാം.' അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു: 'അധികം നല്‍കേണ്ടതില്ല. അദ്ദേഹം തന്ന തോട്ടം മാത്രം തിരിച്ചുകൊടുക്കുക.' എന്നിട്ട് സാബിത്തിനോട് പറഞ്ഞു: 'തോട്ടം തിരിച്ചുവാങ്ങുക. ഒരു പ്രാവശ്യം ത്വലാഖ് കൊടുക്കുകയും ചെയ്യുക.'
സാബിത്തുബ്‌നു ഖൈസിന്റെ മറ്റൊരു ഭാര്യയായ അന്‍സാരികളില്‍പെട്ട സഹ്‌ലിന്റെ മകള്‍ ഹബീബയുടെ കഥ ഇമാം മാലിക്കും (റ) അബൂദാവൂദും(റ) ഇങ്ങനെ വിവരിക്കുന്നു: റസൂല്‍ (സ) പ്രഭാത നമസ്‌കാരം നിര്‍വഹിക്കാന്‍ പുറപ്പെട്ടതായിരുന്നു. അപ്പോള്‍ ഒരു സ്ത്രീ ഇരുട്ടത്ത് വാതില്‍ക്കല്‍ നില്‍ക്കുന്നത് കണ്ടു. അപ്പോള്‍ റസൂല്‍ (സ) ആരാണിതെന്ന് ചോദിച്ചു: അവര്‍ പറഞ്ഞു: 'ഞാന്‍ സഹ്‌ലിന്റെ മകള്‍ ഹബീബയാണ്.' റസൂല്‍ (സ) ചോദിച്ചു: 'എന്താണ് കാര്യം?' അവര്‍ പറഞ്ഞു: 'ഞാനും സാബിത്തും ഒത്തുപോവുകയില്ല.' സാബിത്ത് വന്നപ്പോള്‍ തിരുമേനി പറഞ്ഞു: 'ഇത് സഹ്‌ലിന്റെ മകള്‍ ഹബീബ. അവള്‍ പറയണമെന്ന് അല്ലാഹു ഉദ്ദേശിച്ചതൊക്കെ അവള്‍ പറഞ്ഞുകഴിഞ്ഞു.' അപ്പോള്‍ ഹബീബ പറഞ്ഞു: 'പ്രവാചകരേ, സാബിത്ത് തന്നതൊക്കെ എന്റെയടുത്തുണ്ട്.' അപ്പോള്‍ റസൂല്‍ (സ) സാബിത്തിനോട് പറഞ്ഞു: 'അവള്‍ തരുന്നത് സ്വീകരിച്ച് അവളെ ഒഴിവാക്കിവിടുക.' ആഇശ(റ)യെ ഉദ്ധരിച്ചുകൊണ്ട് അബൂദാവൂദും ഇബ്‌നു ജരീറും ഇങ്ങനെ റിപ്പോര്‍ട്ടു ചെയ്യുന്നു: സാബിത്ത് ഹബീബയെ പ്രഹരിച്ചു അവളുടെ കൈ പൊട്ടിച്ചു. അങ്ങനെ അവള്‍ റസൂലി(സ)നോട് പരാതി പറഞ്ഞു. അപ്പോള്‍ റസൂല്‍ (സ) സാബിത്തിനോട് ഇങ്ങനെ കല്‍പിച്ചു: 'അവളുടെ ധനത്തില്‍നിന്ന് ഒരുഭാഗം സ്വീകരിച്ച് അവളെ പിരിച്ചയക്കുക.'
എന്നാല്‍ ഹബീബയുടെ വാക്ക് ഉദ്ധരിച്ചുകൊണ്ടുള്ള ഇബ്‌നുമാജയുടെ റിപ്പോര്‍ട്ടില്‍നിന്നും ഹബീബയുടെ ആക്ഷേപം സാബിത്ത് പ്രഹരിച്ചതിന്റെ പേരിലായിരുന്നില്ല, മറിച്ച് അദ്ദേഹത്തിന്റെ വൈരൂപ്യത്തിന്റെ പേരിലായിരുന്നു എന്നു മനസ്സിലാക്കാം. 'എന്തെന്നാല്‍, അല്ലാഹുവിനെ ഭയപ്പെട്ടില്ലായിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ മുഖത്ത് ഞാന്‍ തുപ്പുമായിരുന്നു' എന്ന് ജമീലയെപ്പോലെ ഇവരും പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
ഉമറി(റ)ന്റെ അടുക്കല്‍ ഇതുപോലെ ഒരു കേസ് വന്നു. അപ്പോള്‍ ഭര്‍ത്താവിന്റെ കൂടെത്തന്നെ താമസിക്കാന്‍ അദ്ദേഹം ആ സ്ത്രീയെ ഉപദേശിച്ചു. അതവര്‍ സ്വീകരിക്കുകയില്ലെന്ന് കണ്ടപ്പോള്‍ അവളെ വൃത്തിഹീനമായ ഒരിടത്ത് ബന്ധിച്ചിടാന്‍ കല്‍പിച്ചു. മൂന്ന് ദിവസം കഴിഞ്ഞ് ബന്ധനമുക്തയാക്കിയ ശേഷം അവളുടെ അഭിപ്രായമാരാഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു: 'ഈ മൂന്ന് ദിവസങ്ങളായിരുന്നു എനിക്ക് സന്തോഷപ്രദം.' അന്നേരം ഉമര്‍ (റ) അവളുടെ ഭര്‍ത്താവിനെ വിളിച്ചിട്ട് പറഞ്ഞു: 'അവളുടെ കാതിലെ ചിറ്റെങ്കിലും വാങ്ങി അവളെ ഒഴിവാക്കുക' (കശ്ഫുല്‍ ഗുമ്മ, വാള്യം 2)
അതുപോലെത്തന്നെ മിഅ്‌വദുബ്‌നു അഫ്‌റാഇന്റെ മകള്‍ റബീഅ് തന്റെ സമ്പാദ്യം മുഴുവന്‍ കൊടുത്ത് ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം നേടാനാഗ്രഹിച്ചു. അതയാള്‍ സ്വീകരിക്കാതിരുന്നപ്പോള്‍ കേസ് ഉസ്മാന്റെ(റ) അടുത്തെത്തി. അപ്പോള്‍ ഉസ്മാന്‍ (റ) അവളുടെ മുടികെട്ടുന്ന നാട മാത്രം വാങ്ങി അവളെ മോചിപ്പിക്കാന്‍ കല്‍പിച്ചു.

ഖുല്‍ഇന്റെ വിധികള്‍

മേല്‍ വിവരിച്ച സംഭവങ്ങളില്‍നിന്ന് താഴെപ്പറയുന്ന കാര്യങ്ങള്‍ ഉരുത്തിരിയുന്നു:
1. ഖുര്‍ആനിലെ, 'അവര്‍ ഇരുവരും അല്ലാഹുവിന്റെ പരിധികള്‍ പാലിക്കുകയില്ലെന്ന് നിങ്ങള്‍ ആശങ്കിക്കുന്നുവെങ്കില്‍' എന്ന സൂക്തത്തിന്റെ വ്യാഖ്യാന പശ്ചാത്തലം സാബിത്തുബ്‌നു ഖൈസിന്റെ ഭാര്യമാരുടെ ആക്ഷേപമാണ്. അദ്ദേഹത്തിന്റെ വൈരൂപ്യം കാരണം ഭാര്യമാര്‍ അദ്ദേഹത്തെ വെറുത്തത് ഖുല്‍ഇന് മതിയായ കാരണമായി റസൂല്‍ (സ) പരിഗണിക്കുകയുണ്ടായി. ഇവിടെ സൗന്ദര്യത്തിന്റെ തത്ത്വശാസ്ത്രത്തെക്കുറിച്ച് ഒരു നെടുങ്കന്‍ പ്രസംഗം ചെയ്യുകയല്ല റസൂല്‍ (സ) ചെയ്തത്. മറിച്ച് ശരീഅത്തിന്റെ താല്‍പര്യങ്ങളെയാണ് അവിടുന്ന് മറ്റെന്തിനേക്കാളും കൂടുതല്‍ പരിഗണിച്ചത്. ആ വനിതകള്‍ അവരുടെ ഭര്‍ത്താവിനെ വെറുക്കുന്നുവെന്ന് ബോധ്യമായപ്പോള്‍ നബി (സ) അവരുടെ അപേക്ഷ സ്വീകരിച്ചു. പരസ്പരം വെറുപ്പും വിദ്വേഷവും വെച്ചുപുലര്‍ത്തിക്കൊണ്ടിരിക്കുന്നതിനോടൊപ്പം നിര്‍ബന്ധപൂര്‍വം ദാമ്പത്യബന്ധം നിലനിര്‍ത്തുന്നതിന്റെ അന്തിമഫലം, ത്വലാഖിനേക്കാളും ഖുല്‍ഇനേക്കാളും ദീനിനും സമൂഹത്തിനും സദാചാരത്തിനും വലിയ വിപത്തായിരിക്കും. കൂടാതെ ശരീഅത്തിന്റെ താല്‍പര്യം നഷ്ടപ്പെട്ടുപോകുമെന്നും ഇവിടെ ആശങ്കിക്കേണ്ടതുണ്ട്. ഭാര്യ ഭര്‍ത്താവിനെ വെറുക്കുകയും അയാളോടൊത്ത് കഴിയാന്‍ ഇഷ്ടപ്പെടാതിരിക്കുകയും ചെയ്താല്‍ ഖുല്‍അ് നടപ്പാക്കാന്‍ മതിയായ കാരണമായി എന്ന് റസൂലിന്റെ (സ) ഈ ചര്യയില്‍നിന്ന് മനസ്സിലാക്കാം.
2. ഭാര്യ ഭര്‍ത്താവിനെ വെറുക്കുന്നുവെന്ന് വ്യക്തമായി മനസ്സിലാക്കാന്‍ വേണ്ടി ന്യായാധിപന് യുക്തമായ മാര്‍ഗം സ്വീകരിക്കാമെന്ന് ഉമറി(റ) ന്റെ മാതൃകയില്‍നിന്ന് മനസ്സിലാക്കാം. ദമ്പതികള്‍ തമ്മില്‍ ഇനിയൊരിക്കലും യോജിച്ചുപോവുകയില്ലെന്ന് സംശയാതീതമായി തെളിയാന്‍ അങ്ങനെ ചെയ്യാവുന്നതാണ്.
3. പിണക്കത്തിന്റെ കാരണം ചുഴിഞ്ഞന്വേഷിക്കേണ്ടതില്ലെന്നും ഉമറി(റ)ന്റെ പ്രവൃത്തിയില്‍നിന്ന് മനസ്സിലാക്കാം. എന്തെന്നാല്‍, മറ്റുള്ളവരോട് പറയാന്‍ പറ്റാത്ത പല കാരണത്താലും സ്ത്രീ പുരുഷനോട് പിണങ്ങിയെന്നു വരാം. ചിലപ്പോള്‍ സ്ത്രീ പറയുന്ന കാരണങ്ങളൊന്നും ഒരു ശ്രോതാവിന് ബോധ്യമായില്ല എന്നും വരാം. പക്ഷേ, രാപ്പകല്‍ ഒന്നിച്ചു താമസിക്കുന്നവര്‍ക്കിടയില്‍ ആ കാരണങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയുടെ മനസ്സില്‍ വെറുപ്പും വൈരാഗ്യവും ഉണ്ടാവാന്‍ അതുതന്നെ ധാരാളം മതിയാകും. അതുകൊണ്ട് ഭാര്യ ഭര്‍ത്താവിനെ വെറുക്കുന്നുണ്ടോ എന്ന് സ്ഥിരീകരിക്കുക മാത്രമാണ് ന്യായാധിപന്റെ ചുമതല; അല്ലാതെ സ്ത്രീ പറഞ്ഞ കാരണങ്ങള്‍ അവര്‍ തമ്മിലുള്ള പിണക്കത്തിന് കാരണമാണോ എന്ന് പരിശോധിക്കുകയല്ല.
4. ഭര്‍ത്താവിനെ സ്‌നേഹിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കൂടെ ജീവിക്കാന്‍ തീര്‍ച്ചയായും ന്യായാധിപന് സ്ത്രീയെ ഉപദേശിക്കാവുന്നതാണ്. പക്ഷേ, അവള്‍ ഇഷ്ടപ്പെടാത്ത കാര്യം നിര്‍ബന്ധിക്കാന്‍ പാടില്ല. കാരണം ഖുല്‍അ് അല്ലാഹു സ്ത്രീക്ക് നല്‍കിയ അവകാശമാണ്. ഭാര്യ ഭര്‍ത്താവിനോടൊത്ത് ജീവിക്കുമ്പോള്‍ അല്ലാഹുവിന്റെ പരിധികള്‍ പാലിക്കപ്പെടുകയില്ലെന്ന് ആശങ്കിക്കുന്നുവെങ്കില്‍, ഏതവസ്ഥയിലും, അല്ലാഹുവിന്റെ പരിധികള്‍ ലംഘിച്ചു പോലും അവള്‍ ഭര്‍ത്താവിനോടൊത്ത് ജീവിക്കണമെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല.
5. സ്ത്രീ ഖുല്‍അ് ആവശ്യപ്പെടുന്നത് ന്യായമായ കാരണത്തിനു വേണ്ടിത്തന്നെയാണോ അതോ തന്റെ സ്വാര്‍ഥതാല്‍പര്യത്തിന്റെ പേരിലാണോ എന്നൊന്നും നോക്കേണ്ടത് ന്യായാധിപന്റെ ചുമതലയല്ല. റസൂലും (സ) ഖലീഫമാരും ഖുല്‍ഇന്റെ പ്രശ്‌നത്തില്‍ വിധി കല്‍പിക്കുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ തീരെ പരിഗണിച്ചിരുന്നില്ല. കാരണം ഒന്നാമതായി, ഇക്കാര്യത്തില്‍ വേണ്ടപോലെ തെളിവെടുപ്പ് നടത്തുക ഒരു ന്യായാധിപന്റെയും കഴിവില്‍പെട്ടതല്ല. രണ്ടാമതായി, പുരുഷന്ന് ത്വലാഖ് കൊടുക്കാനുള്ള അധികാരം പോലെത്തന്നെയാണ് സ്ത്രീക്ക് ഖുല്‍ഇനുള്ള അവകാശവും. എന്നാല്‍ ഹദീസില്‍ പറഞ്ഞതുപോലെയുള്ള 'രുചി നോക്കി നടക്കുന്ന' അവസ്ഥ രണ്ടവസ്ഥയിലും തുല്യമാണു താനും. പുരുഷന്‍ തന്റെ അവകാശമായ ത്വലാഖ് തന്റെ ഇഛാപൂരണത്തിന് ഉപയോഗിക്കരുതെന്ന് നിയമം നിബന്ധന വെച്ചിട്ടില്ല. അതുപോലെത്തന്നെ സ്ത്രീയുടെ അവകാശമായ ഖുല്‍ഇലും ഈ നിബന്ധന വെക്കാന്‍ പാടില്ല. ഇവിടെയും പ്രശ്‌നം നിയമപരമാണല്ലോ. മൂന്നാമതായി, ഖുല്‍അ് ആവശ്യപ്പെടുന്ന ഏതൊരു സ്ത്രീക്കും രണ്ടാലൊരു അവസ്ഥയുണ്ടാകും. ഒന്നുകില്‍ അവള്‍ക്ക് ഖുല്‍അ് ആവശ്യപ്പെടാന്‍ ന്യായമായ കാരണമുണ്ടാകും. അല്ലെങ്കില്‍ അവള്‍ വെറും 'ആസ്വാദനത്തിന്' വേണ്ടിയായിരിക്കും അങ്ങനെ ചെയ്യുന്നത്. ആദ്യത്തെ രൂപമാണെങ്കില്‍ അവളുടെ അപേക്ഷ നിരസിക്കുന്നത് വലിയ അനീതിയാവും. ഇനി രണ്ടാമത്തെ അവസ്ഥയാണെങ്കില്‍ അവള്‍ക്ക് ഖുല്‍ഇനുള്ള അവകാശം നല്‍കാതിരിക്കുന്നതുകൊണ്ട് ശരീഅത്തിന്റെ മുഖ്യതാല്‍പര്യങ്ങള്‍ സാധിക്കാതെ പോകും. കാരണം ഒരു സ്ത്രീ പ്രകൃത്യാ 'ആസ്വാദനത്വര'യുള്ളവളാണെങ്കില്‍ തന്റെ ആഗ്രഹം സാധിക്കാന്‍ അവള്‍ എല്ലാ തന്ത്രവും പ്രയോഗിക്കും. അത്തരമൊരു സ്ത്രീക്ക് ന്യായമായ മാര്‍ഗം തുറന്നുകൊടുത്തില്ലെങ്കില്‍ തന്റെ ആഗ്രഹപൂര്‍ത്തീകരണത്തിന് അവള്‍ തീര്‍ച്ചയായും തെറ്റായ മാര്‍ഗം സ്വീകരിക്കും. ഇതിലേറെ വഷളത്തരം എന്താണുള്ളത്? കാരണം ഒരു സ്ത്രീ ഒന്നിനു പുറകെ ഒന്നായി അമ്പത് പുരുഷന്മാരെ മാറി മാറി വേള്‍ക്കുന്നതായിരിക്കും, അവള്‍ ഒരുത്തന്റെ ഭാര്യയായിരുന്നുകൊണ്ട് ഒരു പ്രാവശ്യം വ്യഭിചാരം നടത്തുന്നതിനേക്കാള്‍ ആയിരം മടങ്ങ് ഉത്തമം.
6. സ്ത്രീ ഖുല്‍അ് ആവശ്യപ്പെടുകയും പുരുഷന്‍ അത് നിരസിക്കുകയും ചെയ്താല്‍ അവളെ വിവാഹമോചനം ചെയ്യാന്‍ ന്യായാധിപന്‍ ഭര്‍ത്താവിനോട് കല്‍പിക്കേണ്ടതാണ്. ഇത്തരം പ്രശ്‌നങ്ങളില്‍ റസൂലും (സ) അവിടുത്തെ ഖലീഫമാരും (റ) സ്ത്രീയില്‍നിന്ന് പ്രതിഫലം വാങ്ങി ഭര്‍ത്താവിനോട് വിവാഹമോചനം ചെയ്യാന്‍ കല്‍പിച്ചതായി എല്ലാ റിപ്പോര്‍ട്ടുകളിലും കാണാന്‍ കഴിയും. ഏതവസ്ഥയിലും ന്യായാധിപന്റെ വിധി അനുസരിക്കാന്‍ ബാധ്യസ്ഥനാണ് വിധി നല്‍കപ്പെട്ടവന്‍. അയാള്‍ അത് അനുസരിക്കുന്നില്ലെങ്കില്‍ അയാളെ ജയിലിലടക്കാനും ന്യായാധിപന് അവകാശമുണ്ട്. കാരണം ശരീഅത്തില്‍ ന്യായാധിപന്റെ സ്ഥാനം കേവലം ഒരു ഉപദേശിയുടേതല്ല. കക്ഷിക്ക് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട് എന്ന സ്വഭാവത്തിലുള്ള അധികാരവുമല്ല. ഇത്തരം ഒരു സ്ഥാനമാണ് ന്യായാധിപന്നുള്ളതെങ്കില്‍ പിന്നെ കോടതിക്ക് എന്ത് വിലയാണുള്ളത്?
7. നബി (സ) വ്യക്തമാക്കിയതുപോലെ, ഖുല്‍ഇന്റെ നിയമം മടക്കിയെടുക്കാന്‍ പറ്റാത്ത ത്വലാഖിന്റെ (ത്വലാഖ് ബാഇന്‍) നിയമമാണ്. അതായത്, അതിനുശേഷം ഇദ്ദാകാലത്ത് ഭാര്യയെ തിരിച്ചെടുക്കാന്‍ അവകാശമുണ്ടായിരിക്കുന്നതല്ല. കാരണം, തിരിച്ചെടുക്കാനുള്ള അവകാശം അവശേഷിക്കുന്നതോടെ ഖുല്‍ഇന്റെ ലക്ഷ്യം തന്നെ വിനഷ്ടമായിപ്പോകുന്നു. അതുപോലെത്തന്നെ സ്ത്രീ പുരുഷന്നു നല്‍കുന്ന ധനം അവള്‍ അവന്റെ ബന്ധനത്തില്‍നിന്ന് മോചനം നേടാന്‍ വേണ്ടിയാണ് ചെലവഴിക്കുന്നത്. അതുകൊണ്ട് പുരുഷന്‍ സ്ത്രീയില്‍നിന്ന് പ്രതിഫലം വാങ്ങിയശേഷം അവളെ ഖുല്‍അ് ചെയ്യാതിരിക്കുന്നത് ചതിയും വഞ്ചനയുമാണ്. ശരീഅത്ത് അതൊരിക്കലും ഇഷ്ടപ്പെടുകയില്ല. ഇനി ഭാര്യക്ക് അദ്ദേഹവുമായി വീണ്ടും വിവാഹബന്ധത്തിലേര്‍പ്പെടണമെന്നു തോന്നിയാല്‍ അവള്‍ക്കതിന് അനുവാദമുണ്ട്. കാരണം ഇത് പുനര്‍വിവാഹത്തിന് 'തഹ്‌ലീല്‍' (മറ്റൊരാള്‍ വിവാഹം ചെയ്ത് സ്വാഭാവികമായ രീതിയില്‍ ത്വലാഖ് ചൊല്ലുക - വിവ:) ആവശ്യമായ ത്വലാഖല്ല.
8. ഖുല്‍ഇന് പ്രതിഫലം നല്‍കുന്ന സംഖ്യ എത്രയെന്ന് അല്ലാഹു പരിധി നിശ്ചയിച്ചിട്ടില്ല. ദമ്പതികള്‍ പരസ്പരം യോജിച്ച് ഒരു സംഖ്യ നിശ്ചയിച്ച് ഖുല്‍അ് ചെയ്യാവുന്നതാണ്. എന്നാല്‍ മഹ്‌റിന്റെ തുകയേക്കാള്‍ വലിയ സംഖ്യ വാങ്ങുന്നത് റസൂല്‍ (സ) ഇഷ്ടപ്പെട്ടില്ല. അവിടുന്ന് പറഞ്ഞു: ''പുരുഷന്‍ നല്‍കിയതില്‍ കൂടുതലുള്ള സംഖ്യ, ഖുല്‍അ് ആവശ്യപ്പെടുന്ന ഭാര്യയില്‍നിന്ന് വാങ്ങാന്‍ പാടില്ല.'' ഇത് അനുചിതമായ കാര്യമാണെന്ന് അലി (റ) വ്യക്തമാക്കിയിട്ടുണ്ട്. മുജ്തഹിദുകളായ ഇമാമുമാര്‍ക്ക് ഇക്കാര്യത്തില്‍ ഏകകണ്ഠമായ അഭിപ്രായമാണുള്ളത്. എന്നാല്‍ ഭര്‍ത്താവിന്റെ മര്‍ദനം കാരണമായി അയാളില്‍നിന്ന് ഖുല്‍അ് ആവശ്യപ്പെടുന്ന സ്ത്രീയില്‍നിന്ന് സംഖ്യ വാങ്ങുന്നത് അനുചിതമാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ഹനഫീ മദ്ഹബിലെ പ്രബല ഗ്രന്ഥമായ 'ഹിദായ'യില്‍ പറഞ്ഞപോലെ, 'പിണക്കം ഭര്‍ത്താവിന്റെ ഭാഗത്തുനിന്നാണെങ്കില്‍ അയാള്‍ ഭാര്യയില്‍നിന്ന് പ്രതിഫലം വാങ്ങുന്നത് അഭികാമ്യമല്ല.' മേല്‍കൊടുത്ത പ്രസ്താവനയില്‍നിന്ന്, ശറഇന്റെ അടിസ്ഥാനതത്വങ്ങളില്‍ ഊന്നിനിന്നുകൊണ്ട് നമുക്ക് ഒരു കാര്യം മനസ്സിലാക്കാം. അതായത് ഖുല്‍അ് ആവശ്യപ്പെടുന്ന സ്ത്രീ അവളുടെ ഭര്‍ത്താവുമായുള്ള പിണക്കം സ്ഥിരീകരിക്കുകയോ, അല്ലെങ്കില്‍ ന്യായാധിപന്റെ മുമ്പില്‍ താന്‍ ഖുല്‍അ് ആവശ്യപ്പെടാനുള്ള കാരണം ബോധിപ്പിക്കുകയോ ചെയ്താല്‍, മഹ്‌റിന്റെ പകുതിയോ അല്ലെങ്കില്‍ അതിന്റെ ഒരംശമോ മടക്കിക്കൊടുത്തുകൊണ്ട് അവള്‍ക്ക് ഖുല്‍അ് നേടാവുന്നതാണ്. ഇനി അവള്‍ ഭര്‍ത്താവിനോടുള്ള പിണക്കം സ്ഥിരീകരിക്കാതിരിക്കുകയോ, അല്ലെങ്കില്‍ ന്യായമായ കാരണം ബോധിപ്പിക്കാതിരിക്കുകയോ ചെയ്താല്‍ മഹ്ര്‍ സംഖ്യ മുഴുവനോ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ സംഖ്യയോ അവളില്‍നിന്ന് ഈടാക്കേണ്ടതാണ്. അവള്‍ 'രുചി നോക്കി നടക്കുന്നവളാണെന്ന്' ന്യായാധിപന് ബോധ്യമായാല്‍ അവളെ ശിക്ഷിക്കാനെന്നവണ്ണം മഹ്‌റിലും വലിയ സംഖ്യ ഈടാക്കാനും വിധിക്കാവുന്നതാണ്. 

(ഐ.പി.എച്ച് പ്രസിദ്ധീകരിച്ച ദാമ്പത്യനിയമങ്ങള്‍ ഇസ്‌ലാമില്‍ എന്ന കൃതിയില്‍നിന്ന്. വിവ: സി.കെ മുഹമ്മദ്).
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (67-76)
ടി.കെ ഉബൈദ്‌

ഹദീസ്‌

നമസ്‌കാരശേഷം പതിവാക്കേണ്ട ദിക്‌റുകള്‍
സി.പി മുസമ്മില്‍ കണ്ണൂര്‍