'ഞങ്ങളുടെയും അമീറായിരുന്നു'
പ്രബോധനം വാരിക പല കാലങ്ങളിലായി പ്രസിദ്ധീകരിച്ച വ്യക്തികളെക്കുറിച്ച വിശേഷാല് പതിപ്പുകളില് ഏറ്റവും ബൃഹത്തായിരിക്കും 'പ്രഫ. സിദ്ദീഖ് ഹസന് അക്ഷരസ്മൃതി.' മത-രാഷ്ട്രീയ-സാംസ്കാരിക-സാഹിത്യ-മാധ്യമ രംഗങ്ങളിലെ പ്രമുഖരുടെ ലേഖനങ്ങളാല് സമ്പുഷ്ടമായ ഈ പതിപ്പ് അവിസ്മരണീയമായ ഒരനുസ്മരണ ഗ്രന്ഥം തന്നെ.
ഒരു സംഘടനയുടെ ഭാഗമായി ജീവിച്ചു മരിച്ച ഒരാള് ഇത്രമേല് സ്വാധീനവും ജനസമ്മിതിയുമുള്ളവനായത് എന്തുകൊണ്ട് എന്നത് 'അക്ഷരസ്മൃതി' കൈകളിലെത്തുവോളം എന്നെ അത്ഭുതപ്പെടുത്തിയ ചോദ്യമായിരുന്നു.
ജീവിതത്തിലുടനീളം പിന്തുടര്ന്ന രോഗാതുര അവസ്ഥയിലും അതിനെ അവഗണിച്ച് പതിറ്റാണ്ടുകളോളം പ്രഫ. കെ.എ സിദ്ദീഖ് ഹസന് ചെയ്തുതീര്ത്ത വിദ്യാഭ്യാസ-സേവന-നവോത്ഥാന പ്രവര്ത്തനങ്ങള് ഏവര്ക്കും പ്രചോദനമായി നിലകൊള്ളുന്നു.
ഇന്ത്യയിലെ ദരിദ്ര ഗ്രാമങ്ങളിലേക്കും പാര്ശ്വവത്കൃത സമൂഹങ്ങളിലേക്കും പ്രഫ. സിദ്ദീഖ് ഹസന് കടന്നുചെന്നപ്പോള് സംഭവിച്ച വിസ്മയാവഹമായ മാറ്റങ്ങള് അത്ഭുതത്തോടെയല്ലാതെ വായിച്ചുപോകാനാകില്ല. തൊട്ടതെല്ലാം പൊന്നാക്കിയ ആ മനീഷി നടത്തിയ മുന്നേറ്റങ്ങളെ അടയാളപ്പെടുത്തുന്നതും ഏറ്റുപറയുന്നതും അദ്ദേഹത്തിന്റെ പ്രസ്ഥാന വൃത്തത്തിനപ്പുറമുള്ള പ്രമുഖ വ്യക്തിത്വങ്ങളാണ് എന്നത് ആവേശകരമാണ്.
ലാഭേഛയില്ലാതെ, പ്രദര്ശനപരതക്ക് നില്ക്കാതെ, അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യം വെച്ച് സിദ്ദീഖ് ഹസന് സാഹിബ് ചെയ്തുതീര്ത്ത പ്രവര്ത്തനങ്ങള് ഒരു സംഘത്തിന് തന്നെ പതിറ്റാണ്ടുകള് കൊണ്ട് തീര്ക്കാനാവുന്നതിലുമപ്പുറമാണെന്ന് തോന്നുന്നു.
സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിലുള്ള വ്യക്തിത്വങ്ങളുമായി അദ്ദേഹത്തിനുണ്ടായിരുന്ന ആഴമേറിയ ആത്മബന്ധങ്ങള് പലതും രാജ്യത്തെ അടിച്ചമര്ത്തപ്പെട്ടവരുടെ സാമൂഹിക പുരോഗതിക്കായുള്ള സ്വപ്ന സഞ്ചാരങ്ങള്ക്കിടയില് രൂപപ്പെട്ടതാണ്. 'ഉത്തരേന്ത്യയിലേക്ക് സേവനവുമായി കടന്നുചെല്ലാന് കേരളീയരെ പ്രേരിപ്പിച്ചുവെന്നതാണ് അദ്ദേഹം നടത്തിയ ഏറ്റവും വലിയ സാമൂഹിക സേവനങ്ങളിലൊന്ന്. ഇന്ന് മിക്ക സംഘടനകളും ആ പ്രചോദനം ഉള്ക്കൊണ്ട് ഉത്തരേന്ത്യന് ഗ്രാമങ്ങളുടെ ശാക്തീകരണത്തിനും വിദ്യാഭ്യാസ ഉന്നതിക്കും വിവിധ പദ്ധതികള് ആവിഷ്കരിക്കുന്നുണ്ട്. സിദ്ദീഖ് ഹസന് സാഹിബിന്റെ കാല്പാട് പിന്പറ്റിയാണ് ഇവരെല്ലാവരും ഈ മേഖലയിലേക്ക് കാലെടുത്തുവെച്ചതെന്ന് അഭിമാനത്തോടെ ഓര്ക്കേണ്ടതാണ്' എന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള് എഴുതുന്നു. അതേ, സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില് പ്രവര്ത്തിക്കുന്ന നൂറ്റി അമ്പതോളം പ്രമുഖര് ഈ പതിപ്പില് ഒരുമിച്ചു പറയുന്നു; 'സിദ്ദീഖ് ഹസന് ഞങ്ങളുടെ കൂടി അമീറായിരുന്നു!'
വൈകിയാണെങ്കിലും ധാരണ തെറ്റായിപ്പോയെന്ന് ബോധ്യപ്പെട്ടു
ഷാന്റി ജോസഫ് തട്ടകത്ത്
അവിചാരിതമായാണ് പ്രബോധനം വാരിക വായിക്കാനും വരിക്കാരനാകാനും സാധിച്ചത്. 2021 ജൂലൈ 23 ലക്കത്തിലെ 'അനാഥ സംരക്ഷണം പ്രതീക്ഷയുടെ പുതുവഴികള്' എന്ന ലേഖനം വയിച്ചു. അനാഥാലയങ്ങളെ കുറിച്ച നമ്മുടെ കാഴ്ചപ്പാടിന് പുതിയ ദിശാബോധം കൈവരിക്കാന് ലേഖനം സഹായിക്കുന്നു. അതേ ലക്കത്തിലെ ഡോ. കെ അഹ്മദ് അന്വര് എഴുതിയ '18 കോടിയുടെ മരുന്നുയര്ത്തുന്ന ചിന്തകളും' ഈ കാലഘട്ടത്തില് ചര്ച്ച ചെയ്യപ്പെടേണ്ടതു തന്നെ.
പ്രബോധനം മുസ്ലിം സഹോദരങ്ങള് മാത്രം വായിക്കേണ്ട വാരികയാണെന്ന് ഞാന് തെറ്റിദ്ധരിച്ചത് തിരുത്തുന്നു. പ്രബോധനം മനുഷ്യര് വായിക്കേണ്ട വാരിക തന്നെ. ഈ വാരിക വായിക്കാന് സാഹചര്യമൊരുക്കിയ പ്രിയ സഹപ്രവര്ത്തകനും മാധ്യമം മാള ലേഖകനുമായ പ്രിയ അബ്ബാസിക്കക്ക് എന്റെ സ്നേഹവും നന്ദിയും അറിയിക്കുന്നു.
ശാസ്ത്ര മേഖലയിലും പ്രോത്സാഹനം ഉണ്ടാവട്ടെ
മുഹ്സിന നൗഫല്, ഇരിട്ടി
ഡോ. ശഫഖത്ത് കറുത്തേടത്തുമായി സുഹൈറലി തിരുവിഴാംകുന്ന് നടത്തിയ അഭിമുഖം ('ശാസ്ത്രമേഖലയില് വളര്ന്നുയരാന് വഴികളേറെ' - ലക്കം 3208) വായിച്ചു. ഇന്ന് മുസ്ലിം കുടുംബങ്ങളില് പെണ്കുട്ടികളും ആണ്കുട്ടികളും വിദ്യാഭ്യാസത്തിന് വളരെയേറെ പ്രാധാന്യം കൊടുക്കുന്നുണ്ട്. മികച്ച വിദ്യാര്ഥികള്ക്ക് പലരും സ്കോളര്ഷിപ്പ് നല്കുന്നുമുണ്ട്. എഞ്ചിനീയറിംഗ്- മെഡിക്കല് ഫീല്ഡില് പഠിക്കുന്നവര്ക്കാണ് വലിയതോതില് അത് കിട്ടുന്നത്്. എന്നാല്, ശാസ്ത്ര മേഖലയില് മുന്നേറേണ്ടതിനെക്കുറിച്ച അവബോധമോ, പ്രോത്സാഹനാര്ഥം സ്കോളര്ഷിപ്പുകളോ സമുദായത്തിലെ കുട്ടികള്ക്ക് പൊതുവെ കിട്ടുന്നില്ല എന്നത് സങ്കടകരമാണ്. ശാസ്ത്ര പഠനത്തില് മികച്ച അവബോധം നല്കാന് സംവിധാനമുണ്ടാക്കേണ്ടത് അതുകൊണ്ടുതന്നെ അനിവാര്യമാണ്.
എന്തുകൊണ്ട് ശാസ്ത്രരംഗത്തേക്ക് കടന്നുവന്നുകൂടാ?
സല്മ സമീര്, വാടാനപ്പള്ളി
ആഗോള ശാസ്ത്ര ജേണലുകളിലും ശാസ്ത്രസമ്മേളനങ്ങളിലും സാന്നിധ്യമറിയിച്ച ഡോ. ശഫഖത്തുമായി സുഹൈറലി തിരുവിഴാംകുന്ന് നടത്തിയ അഭിമുഖം (ലക്കം-3208), പുതുതലമുറക്ക് വലിയ പ്രചോദനം നല്കുന്നതാണ്. പ്രതികൂല സാഹചര്യങ്ങളില്നിന്നാണ് അദ്ദേഹം ലക്ഷ്യത്തിലേക്ക് മുന്നേറിയത്. ശാസ്ത്ര-സാങ്കേതിക മേഖലയില് ആദ്യ കാലങ്ങളെ അപേക്ഷിച്ച്, പില്ക്കാല മുസ്ലിം സമൂഹം പിന്നാക്കം പോയ സാഹചര്യത്തില്, പുതിയ പ്രതിഭകള് ഊര്ജസ്വലരായി ഉയര്ന്നുവരാന് ഇതെല്ലാം വഴിതുറക്കുമെന്ന് പ്രതീക്ഷിക്കാം.
ശാസ്ത്ര-സാങ്കേതിക-വൈദ്യശാസ്ത്രത്തില് അറബ്, മുസ്ലിം ലോകത്തിന് വളരെ കുറഞ്ഞ പ്രാതിനിധ്യമേ ഇന്നുള്ളൂ. എന്തുകൊണ്ട് ഇത്തരം മേഖലകളില് മുസ്ലിംകള് പുറകോട്ട് പോകുന്നു എന്നത് ഗൗരവത്തില് ചിന്തിക്കേണ്ട വിഷയമാണ്. ഒരു പ്രധാന കാരണം മുസ്ലിംകള് 'ഇല്മി'നെ രണ്ടായി മനസ്സിലാക്കി എന്നതാണ്. ഭൗതികം, ആത്മീയം എന്ന് അറിവിനെ വിഭജിച്ചു. യഥാര്ഥത്തില് രണ്ടും ഒന്നാണ്, അല്ലാഹുവിലേക്ക് എത്തിച്ചേരാനും മനുഷ്യസമൂഹത്തിന് നന്മ ചെയ്യാനുമുള്ള അറിവ് തന്നെയാണവ. ബുദ്ധിയുള്ളവരെക്കുറിച്ച് അല്ലാഹു പറയുന്നത്, അവര് ചിന്തിക്കുന്നവരാണ് എന്നാണല്ലോ. ചിന്തിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണ്. ചിന്തിക്കുന്നവര്ക്ക് ദൃഷ്ടാന്തമുണ്ട് എന്നാണ് ഖുര്ആന് പറയുന്നത്. എന്നാല്, ചിന്തകര് ഇന്ന് അധികമൊന്നും ഉയര്ന്നുവരുന്നില്ല എന്നതാണ് യാഥാര്ഥ്യം.
ഇന്നത്തെ വിദ്യാര്ഥിസമൂഹം കൂടുതല് വേഗത്തിലും ചടുലമായും കാര്യങ്ങള് മനസ്സിലാക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഇത്തരം വിഷയങ്ങളെക്കുറിച്ച് മഹല്ല് അടിസ്ഥാനത്തിലും, മുസ്ലിം സംഘടനാ തലങ്ങളിലും കാര്യമായ ഇടപെടലുകള് ഉണ്ടാകേണ്ടതുണ്ട്. ശാസ്ത്ര-സാങ്കേതിക മേഖലയിലെ വളര്ച്ച ദീനീസേവനമായും രാജ്യപുരോഗതിക്കു വേണ്ടിയുള്ള പ്രവര്ത്തനമായും മനസ്സിലാക്കി പ്രോത്സാഹിപ്പിക്കണം.
ആ കണക്ക് തെറ്റാണ്
മഹ്മൂദ് വാടിക്കല്, മാധ്യമം പഴയങ്ങാടി ലേഖകന്
'പതിനെട്ടു കോടിയുടെ മരുന്നുയര്ത്തുന്ന ചിന്തകള്' എന്ന തലക്കെട്ടില് പ്രസിദ്ധീകരിച്ച ഡോ. കെ. അഹ്മദ് അന്വറിന്റെ നിരീക്ഷണം (ലക്കം 3211, 2021 ജൂലൈ 23) അവസരോചിതമായി. 'വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്നിന്ന് എന്ന് ജനാധിപത്യ സര്ക്കാറുകള് പിന്വാങ്ങാന് തുടങ്ങിയോ, അന്നു തുടങ്ങി ജനാധിപത്യത്തിന്റെ ശനിദശ. അങ്ങനെ പണമുണ്ടെങ്കിലേ ചികിത്സയുള്ളൂ, പഠിക്കാന് പറ്റൂ എന്ന നില വന്നിരിക്കുന്നു' എന്ന നിരീക്ഷണത്തോട് പൂര്ണമായി യോജിക്കുന്നു.
പതിനെട്ടു കോടി രൂപയുടെ വിലകൂടിയ മരുന്നായ സോള്ജെന്സ്മ, സ്പൈനല് മസ്കുലര് അട്രോഫി (എസ്.എം.എ) ബാധിതനായ മാട്ടൂലിലെ ഒന്നര വയസ്സുകാരന് മുഹമ്മദിന് ആവശ്യമായ സാഹചര്യത്തില് ജനകീയ കമ്മിറ്റിയുണ്ടാക്കി സഹായാഭ്യര്ഥന നടത്തിയപ്പോള് ലോകമെങ്ങുമുള്ള മലയാളികളുടെ കൈയയഞ്ഞ് ആറു നാള് കൊണ്ട് കോടികള് പ്രവഹിച്ച പശ്ചാത്തലത്തിലാണ് ഡോ. അഹ്മദ് അന്വറിന്റെ നിരീക്ഷണം.
എന്നാല് ഇതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമത്തില്നിന്ന് ലഭിച്ച വിവരങ്ങള് ആധികാരികത ഉറപ്പു വരുത്താതെ ലേഖകന് എടുത്തുചേര്ത്തത് ശരിയായില്ല; സാമ്പത്തിക വിഷയങ്ങളുമായി ബന്ധപ്പെട്ടതാകുമ്പോള് വിശേഷിച്ചും.
'നമ്മുടെ സഹജീവിസ്നേഹം പ്രയോഗത്തില് വന്നപ്പോള് കണ്ട ചാരുതയാണത്. മുഹമ്മദ് ഷാജി എന്ന ഒറ്റ പ്രവാസി മാത്രം നല്കിയത് ഒരു കോടി രൂപ.' ലേഖനത്തിലെ ഈ പരാമര്ശം പൂര്ണമായും തെറ്റാണ്, അവാസ്തവമാണ്. ഫേസ് ബുക്കിലെ പോസ്റ്റിംഗ്, കമന്റുകള് എന്നിവയില്നിന്ന് വിവരങ്ങള് പകര്ത്തിയതുകൊണ്ടാകാം ലേഖനത്തില് ഈ അബദ്ധം കടന്നുകൂടിയത്.
മുഹമ്മദിന്റെ ചികിത്സാ സഹായനിധിയില് ആരും ഒരു കോടി രൂപ നല്കിയിട്ടില്ല. ഏറ്റവും വലിയ തുകയായി വന്നത് അഞ്ച് ലക്ഷം രൂപയാണ്. ആറ് ദിവസത്തിനുള്ളില് ലഭിച്ചത് 46,78,72,125 രൂപയാണെന്ന് ചികിത്സാ സഹായ കമ്മിറ്റി രക്ഷാധികാരി എം. വിജിന് എം.എല്.എ വാര്ത്താ സമ്മേളനത്തില് അറിയിച്ചിരുന്നു. കേരള ഗ്രാമീണ് ബാങ്ക് അക്കൗണ്ടില് 19,95,55000 രൂപയും ഫെഡറല് ബാങ്ക് അക്കൗണ്ടില് 26,73,97,527 രൂപയും ലഭിച്ചു. മുഹമ്മദിന്റെ വീട്ടിലും ചികിത്സാ കമ്മിറ്റി ഓഫീസിലും കിട്ടിയത് 9,19,598 രൂപ. രണ്ടു ബാങ്കുകളിലായി 7,77000 ഇടപാടുകളിലൂടെയാണ് സഹായമെത്തിയത്.
ഏറ്റവും വലിയ തുകയായി അഞ്ച് ലക്ഷം രൂപ ഗ്രാമീണ് ബാങ്ക് അക്കൗണ്ടിലും, മൂന്ന് ലക്ഷം രൂപ ഫെഡറല് ബാങ്കിലുമെത്തി. കുറഞ്ഞ തുകയായി ഒരു രൂപ നിരവധി തവണയെത്തിയത്, അക്കൗണ്ടിലേക്കുള്ള നിക്ഷേപ സുരക്ഷിതത്വം പരീക്ഷിച്ചതാകാമെന്ന് കരുതപ്പെടുന്നു. 48 പേരാണ് ഒരു ലക്ഷം രൂപക്ക് മുകളില് നല്കിയത്.
മുഹമ്മദിന്റെയും സഹോദരി അഫ്റയുടെയും ചികിത്സ കഴിഞ്ഞ് ബാക്കിവരുന്ന തുക സര്ക്കാര് അനുമതിയോടെ നിയമവിധേയമായി എസ്.എം.എ രോഗികള്ക്ക് നല്കാനാണ് ഉദ്ദേശിക്കുന്നതെന്നും ബന്ധപ്പെട്ടവര് വാര്ത്താ സമ്മേളനത്തില് അറിയിച്ചിരുന്നു.
Comments