Prabodhanm Weekly

Pages

Search

2021 ആഗസ്റ്റ് 13

3213

1443 മുഹര്‍റം 04

മുസ്‌ലിം വ്യക്തിനിയമത്തിലെ  കോടതി ഇടപെടല്‍ സാധ്യതകളും പരിമിതികളും

അഡ്വ. അമീന്‍ ഹസന്‍

രണ്ടു മാസം മുമ്പ് കേരളാ ഹൈക്കോടതി മുസ്ലിം സ്ത്രീകളുടെ കോടതിബാഹ്യമായ (Extra Judicial) വിവാഹമോചനം നിയമപരമായി സാധുവാക്കി പുറപ്പെടുവിച്ച വിധി  ഇപ്പോള്‍ മുസ്ലിം സമുദായത്തില്‍ കാര്യമായ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുകയാണ്. ഈ കോടതിവിധി വിശദമായി പരിശോധിക്കുന്നതിനോടൊപ്പം അത് തുറന്നുവെക്കുന്ന സാധ്യതകള്‍ കൂടി പരിശോധിക്കാനാണിവിടെ ശ്രമിക്കുന്നത്.

വിധിയുടെ പശ്ചാത്തലം

Dissolution of Muslim Marriage Act 1939 നിലവില്‍ വന്നതിനു ശേഷം മുസ്ലിം സ്ത്രീക്ക് കോടതിബാഹ്യമായ വിവാഹമോചനം സാധ്യമല്ലാത്ത സാഹചര്യമാണ് മുസ്ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട നിരവധി ഹരജികള്‍ ഒരുമിച്ചു തീര്‍പ്പാക്കുന്നതിനിടെ കോടതി പരിഗണിച്ചത്.  മുസ്ലിം സ്ത്രീയുടെ കോടതിബാഹ്യമായ വിവാഹമോചനം അനുവദിക്കാതിരിക്കാനുള്ള പുരുഷകേന്ദ്രീകൃത സമൂഹത്തിന്റെ മാനസികാവസ്ഥയാണ് ഇത്തരം കേസുകളിലൂടെ വെളിപ്പെടുന്നതെന്ന്  ഹൈക്കോടതി നിരീക്ഷിക്കുന്നു. മുത്ത്വലാഖ് പുനഃസ്ഥാപിക്കാനുള്ള നിലവിളി ഉയരുന്നുണ്ടെങ്കിലും മുസ്ലിം സ്ത്രീയുടെ കോടതിബാഹ്യമായ വിവാഹമോചനാവകാശം സ്ഥാപിച്ചു കിട്ടാനുള്ള ആവശ്യം സമൂഹത്തില്‍നിന്ന് ഉയര്‍ന്നു വരുന്നില്ലെന്നും കോടതി വിമര്‍ശിക്കുന്നുണ്ട്. അത് ഇന്ത്യന്‍ ഭരണഘടനയുടെ അനുഛേദം പതിനാലിന്റെ നിഷേധമാണെന്നും വിധിന്യായം പറയുന്നു. പക്ഷേ കോടതി തിരുത്തുന്നത്, 1939-ല്‍ മുസ്ലിം സ്ത്രീക്കു കോടതി മുഖാന്തരം വിവാഹമോചനം സാധ്യമാക്കിയ Dissolution of Muslim Marriage ആക്ട് വ്യാഖ്യാനിച്ച K.C Moyin Vs. Nafeesa & Others [1972 KLT 785] എന്ന കേസില്‍ കേരളാ ഹൈക്കോടതി തന്നെ പുറപ്പെടുവിച്ച വിധിന്യായമാണ്. ഉശീൈഹൗശേീി ീള ങൗഹെശാ ങമൃൃശമഴല ആക്ടിന്റെ വ്യവസ്ഥകള്‍ പ്രകാരമല്ലാതെ മറ്റൊരു മാര്‍ഗത്തിലൂടെ മുസ്ലിം സ്ത്രീക്ക് വിവാഹമോചനം തേടാനാവില്ലെന്ന  വിധിയാണ് 49 വര്‍ഷം നിയമമായി നിലനിന്നിരുന്നത്. ഈ വിധിന്യായമാണ് മുസ്ലിം സ്ത്രീക്ക് കോടതിബാഹ്യമായ വിവാഹമോചനം അസാധ്യമാക്കുന്ന പ്രതിസന്ധി സൃഷ്ടിച്ചത് എന്നും ഹൈക്കോടതി വ്യക്തമാക്കുന്നുണ്ട്.
യഥാര്‍ഥത്തില്‍ കോടതി ഇപ്പോള്‍ പുതുതായി അനുവദിച്ചുനല്‍കുന്ന വിവാഹമോചന രീതികള്‍ മുസ്ലിം സമൂഹത്തില്‍  പ്രചാരത്തിലുള്ളതും, നിയമപരമായ പ്രശ്നമുള്ളതിനാല്‍ അത് മറികടക്കുന്നതിന് ഉഭയകക്ഷി സമ്മതപ്രകാരം വിവാഹമോചനം ചെയ്തു എന്ന രീതിയില്‍ രേഖയുണ്ടാക്കി ചെയ്തു പോന്നിരുന്നതുമാണ്. 1972-ല്‍ കേരളാ ഹൈക്കോടതി വിധിന്യായത്തിലൂടെ നിരോധിച്ചുകളഞ്ഞ മുസ്ലിം സ്ത്രീയുടെ ശരീഅത്ത് പ്രകാരവും മുസ്ലിം വ്യക്തിനിയമപ്രകാരവുമുള്ള അവകാശം നിഷേധിച്ചതിന്റെ ഉത്തരവാദിത്തം സമൂഹത്തില്‍ മാത്രം കെട്ടിവെക്കുന്നതില്‍ അര്‍ഥമില്ലെന്നു സാരം. കോടതിവിധികളിലൂടെ വ്യക്തിനിയമത്തെയും മുസ്ലിം സമൂഹത്തിന്റെ അവകാശത്തെയും നിഷേധിച്ച് കളയുന്നതിന്റെ മറ്റൊരു ഉദാഹരണമായിരുന്നു 1972-ലെ കേരളാ ഹൈക്കോടതി വിധി എന്നതാണ് വസ്തുത. ഖുര്‍ആന്‍ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചു വ്യക്തിനിയമത്തിലെ വിവാഹമോചനവുമായി ബന്ധപ്പെട്ട വ്യവസ്ഥകളില്‍ മാറ്റം വരുത്തുന്നതിനെ എതിര്‍ക്കുന്ന പ്രവണത സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട് എന്ന് ഡിവിഷന്‍ ബെഞ്ച് വിധിന്യായത്തില്‍ വിമര്‍ശിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ വ്യക്തിനിയമത്തിലുണ്ടാകുന്ന കോടതി ഇടപെടലുകളെ ഖുര്‍ആനിന്റെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് മാറ്റം വരുത്തുന്നതിനെയാണ് മുസ്ലിം സമുദായം എതിര്‍ക്കുന്നത് എന്ന നിരീക്ഷണം വസ്തുതാപരമായി ശരിയല്ലെന്നു മാത്രമല്ല മുസ്ലിം സമുദായം ഭരണകൂടത്തില്‍നിന്നും നേരിടുന്ന കടുത്ത അനീതികളെ പരോക്ഷമായി ന്യായീകരിക്കുന്നതായി അത് മാറുന്നുമുണ്ട്. പ്രത്യേകിച്ചും സമൂഹത്തിലെ ഒരു മതവിഭാഗത്തിലെ പുരുഷന്മാരെ മാത്രം ജാമ്യമില്ലാത്ത വകുപ്പുകള്‍ അനുസരിച്ച് ജയിലില്‍ അടക്കാനും ശിക്ഷിക്കാനും ഭരണഘടനാവിരുദ്ധമായ The Muslim Women (Protection of Rights on Marriage) Act, 2019 ക്രിമിനല്‍ നിയമം നടപ്പാക്കുകയും ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന ഭീതി ഭരണകൂടം തന്നെ സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍. മുസ്ലിം സ്ത്രീകളുടെ യഥാര്‍ഥ പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെയും സമുദായത്തിന്റെ തന്നെ അവകാശങ്ങളെ നിഷേധിച്ചും അന്യായമായി ജയിലിലടച്ചു പീഡിപ്പിച്ചും മുന്നോട്ടു പോകുന്ന ഒരു ഫാഷിസ്റ്റ് സര്‍ക്കാര്‍ ചുട്ടെടുത്ത  ഭരണഘടനാവിരുദ്ധമായ നിയമം പാസ്സായ ദിവസം മുസ്ലിം സ്ത്രീകളുടെ അവകാശദിനമായി ആചരിക്കുന്ന ഒരു രാജ്യത്ത് കോടതികള്‍ ഇത്തരം ഏകപക്ഷീയമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് അനുചിതമാണ്. മുസ്ലിം പ്രശ്നങ്ങള്‍ക്ക് അമിത ദൃശ്യത ലഭിക്കുകയും എന്നാല്‍ അതിന്റെ കാരണക്കാര്‍ സമുദായം തന്നെയാണ് എന്നാരോപിക്കുകയും ചെയ്ത് മുസ്ലിം സമുദായത്തില്‍ കുറ്റബോധം നിറക്കുന്ന പതിവു സമീപനത്തിന്റെ തുടര്‍ച്ചയായി മാത്രമേ ഇത്തരം പരമാര്‍ശങ്ങളെ കാണാനാവൂ. ഹൈക്കോടതി വിധി മൂലം 49 വര്‍ഷമായി മുസ്ലിം സ്ത്രീക്ക് നിഷേധിക്കപ്പെട്ട ശരീഅത്ത് പ്രകാരമുള്ള ഒരു അവകാശം പുനഃസ്ഥാപിക്കുമ്പോള്‍ അതിന്റെ ഉത്തരവാദിത്തം സമൂഹത്തില്‍ മാത്രം കെട്ടിവെക്കുന്ന വ്യാഖ്യാനങ്ങള്‍ നീതിപൂര്‍വകമല്ല. കോടതിവിധി അങ്ങനെയായിരിക്കെ പോലും മുസ്ലിം സമൂഹം ആ രീതികള്‍ സ്വീകരിച്ചുപോന്നിരുന്നു എന്ന വസ്തുത നിലനില്‍ക്കുമ്പോള്‍ പ്രത്യേകിച്ചും.

വിവിധ കേസുകള്‍

കോടതിയുടെ മേല്‍പറഞ്ഞ നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ ഈ വിധിക്ക് ആസ്പദമായ ഓരോ കേസിന്റെയും വസ്തുതകള്‍ പരിശോധിക്കുന്നത് ഉചിതമാകും. ഭര്‍ത്താവ് ഷണ്ഡനാണെന്നും പീഡനത്തിരയാക്കുന്നുണ്ടെന്നുമുള്ള കാരണങ്ങളാല്‍ ഒരു മുസ്ലിം സ്ത്രീ തലശ്ശേരിയിലെ കുടുംബ കോടതിയില്‍നിന്നും Dissolution of Muslim Marriage Act പ്രകാരം വിവാഹമോചനം തേടുന്നു. വിവാഹ മോചനം അനുവദിച്ചുള്ള കുടുംബ കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് ഭര്‍ത്താവ്  ഹൈക്കോടതിയെ സമീപിക്കുന്നു. ഭാര്യയുടെ വാദം കളവാണെന്നു തെളിയിക്കാന്‍ താന്‍ Potency testനു തയാറാണെന്നും വാദിക്കുന്നു. ഈ ഘട്ടത്തില്‍ മുസ്ലിം സ്ത്രീക്ക് വ്യക്തിനിയമപ്രകാരം ഖുല്‍അ് (Khula)  ചെയ്യാനുള്ള അവകാശം കെ.സി മോയിന്‍ കേസിലെ വിധിയുടെ അടിസ്ഥാനത്തില്‍ നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും അതു കാരണമാണ് ഇത്ര നീണ്ട വ്യവഹാരവുമായി മുന്നോട്ടു പോകാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുന്നതെന്നും ആ വിധി പുനഃപരിശോധിക്കുകയാണെങ്കില്‍ വിവാഹമോചന വിധി റദ്ദു ചെയ്യുന്നതിന് തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും ഭാര്യയുടെ അഭിഭാഷകന്‍ അറിയിക്കുന്നു. തന്നെ ഖുല്‍അ് ചൊല്ലാന്‍ അനുവദിക്കണമെന്നും ഭാര്യ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിക്കുന്നു. കേസിന്റെ അടുത്ത ദിവസത്തെ വാദത്തിനിടെ തങ്ങള്‍ മഹ്ര്‍ തിരിച്ചുനല്‍കാന്‍ തയാറാണെന്ന് ഭാര്യയുടെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുന്നു. എന്നാല്‍ ഭര്‍ത്താവ് മഹ്ര്‍ തിരിച്ചുവാങ്ങാന്‍ തയാറായില്ലെന്നും പിന്നീട് കോടതിയെ അറിയിക്കുന്നു.
മറ്റൊരു കേസില്‍ കുടുംബ കോടതിയിലെ മധ്യസ്ഥ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഉഭയകക്ഷി സമ്മതം രേഖപ്പെടുത്തി വിവാഹമോചന ഉത്തരവ് നല്‍കിയ കുടുംബ കോടതി വിധി ചോദ്യം ചെയ്ത് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിക്കുന്നു. വിവാഹമോചനം തന്റെ സമ്മതത്തോടെ അല്ലെന്നും  കോടതിവിധി മുസ്ലിം നിയമപ്രകാരം സാധുവല്ലെന്നും ഭര്‍ത്താവ് വാദിക്കുന്നു. മലപ്പുറത്തു നിന്നുള്ള മറ്റൊരു ഹരജിക്കാരി തനിക്ക് എത്രയും പെട്ടെന്ന് വിവാഹമോചനം വേണമെന്നും കോടതിബാഹ്യമായ വിവാഹമോചനത്തിനുള്ള അവകാശം വിനിയോഗിക്കാന്‍ സ്വാതന്ത്ര്യം നല്‍കണമെന്നും ആവശ്യപ്പെടുന്നു. എറണാകുളത്തു നിന്നുള്ള മറ്റൊരു ഹരജിക്കാരി ഉഭയകക്ഷി സമ്മതപ്രകാരമുള്ള (Mubaraat) തങ്ങളുടെ വിവാഹമോചനം അംഗീകരിക്കാന്‍ തയാറാകാതിരുന്ന കുടുംബ കോടതിയുടെ തീരുമാനം ചോദ്യം ചെയ്താണ് ഹരജി സമര്‍പ്പിച്ചത്.

നാലു മാര്‍ഗങ്ങള്‍

   മുസ്ലിം വ്യക്തിനിയമപ്രകാരവും 1937-ലെ ശരീഅത്ത് ആപ്ലിക്കേഷന്‍ ആക്ട് പ്രകാരവും മുസ്ലിം സ്ത്രീക്ക് അനുവദിക്കപ്പെട്ടിരിക്കുന്ന വിവാഹമോചന രീതികള്‍ ഡിവിഷന്‍ ബെഞ്ച് വിധിന്യായത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. നാല് മാര്‍ഗങ്ങളിലൂടെയാണ് മുസ്ലിം സ്ത്രീക്ക് വിവാഹ മോചനം തേടാവുന്നത്:

1) ത്വലാഖ് തഫ്‌വീള്
വിവാഹസമയത്തു തന്നെ ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടാക്കുന്ന കരാര്‍പ്രകാരം കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ഭാര്യക്ക് കോടതിയെ സമീപിക്കാതെ വിവാഹമോചനം തേടാന്‍  അവകാശം നല്‍കുന്നതാണ് ഈ രീതി. ഭര്‍ത്താവ് ഭാര്യയുടെ സമ്മതമില്ലാതെ മറ്റൊരു വിവാഹം കഴിക്കുകയോ അവഗണിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്താല്‍ മാത്രമേ ഈ രീതി അവംലബിക്കാനാവൂ എന്നും കരാറിലെ വ്യവസ്ഥപ്രകാരം ഭാര്യക്ക് പൊതു വ്യവസ്ഥകള്‍ക്ക് (Public Policy) എതിരല്ലാത്ത രീതിയില്‍ വിവാഹമോചനം ചെയ്യാമെന്നും പണ്ഡിതന്മാര്‍ പറയുന്നു. ഭര്‍ത്താവ് വിവാഹമോചനം ചെയ്യാനുള്ള തന്റെ അവകാശം ഭാര്യക്ക്  കരാര്‍പ്രകാരം ഏല്‍പ്പിച്ചു നല്‍കുന്നതാണ് (Delegated Divorce)  ഈ രീതി. ഈ രീതി പൊതുവെ കേരളത്തിലെ മുസ്ലിം സമൂഹത്തില്‍ പ്രചാരത്തിലുള്ളതല്ല.

2) ഖുല്‍അ്
ഭാര്യക്ക് ഭര്‍ത്താവിനെ വിവാഹമോചനം ചെയ്യാനുള്ള വ്യവസ്ഥയാണിത്. ഭര്‍ത്താവിന് ത്വലാഖ് പോലെ തന്നെ ഭാര്യക്ക് ഏകപക്ഷീയമായുള്ള അവകാശമാണ് ഖുല്‍അ് എന്ന് കോടതി വ്യക്തമാക്കുന്നുണ്ട്. ഖുല്‍ഇന് കാരണങ്ങള്‍ ബോധിപ്പിക്കണമെന്നു നിര്‍ബന്ധമില്ല. അങ്ങനെ ഭാര്യ ഖുല്‍അ് ചെയ്താല്‍ ഭര്‍ത്താവ് അതിന് നിര്‍ബന്ധമായും സമ്മതിക്കണം. ഭര്‍ത്താവിന് മഹ്ര്‍ തിരിച്ചുനല്‍കണം, നഷ്ടപരിഹാരം നല്‍കണം തുടങ്ങിയ വ്യവസ്ഥകളും ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ കാണുന്നുണ്ട്. അങ്ങനെ ചെയ്യുമ്പോള്‍ ഭര്‍ത്താവിന്റെ അനുമതി വേണമോ എന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്ന് കോടതി നിരീക്ഷിക്കുന്നു. എന്നാല്‍ ഭര്‍ത്താവ് അനുമതി നല്‍കാതെ ഭാര്യക്ക് ഖുല്‍അ് ചെയ്യാന്‍ സാധിക്കാതെ വരുന്നത് ഈ രീതിയുടെ അന്തസ്സത്തയെ തന്നെ ബാധിക്കുമെന്നതിനാല്‍ ഭര്‍ത്താവിന്റെ സമ്മതം ഖുല്‍ഇന് വേണ്ടതില്ല എന്ന നിഗമനത്തിലാണ് കോടതി എത്തിച്ചേരുന്നത്. ഭാര്യക്ക് നല്‍കിയ മഹ്ര്‍ തിരികെ ലഭിക്കാന്‍ ഭര്‍ത്താവിന് അവകാശമുണ്ട്. അത് ഭാര്യ നല്‍കാതെ വന്നാല്‍ ഭര്‍ത്താവിന് കോടതിയെ സമീപിക്കാം. അതേസമയം വിവാഹമോചനത്തിനു മുമ്പുള്ള അനുരഞ്ജന ചര്‍ച്ചകള്‍ ഖുര്‍ആന്റെയും ശരീഅത്തിന്റെയും താല്‍പര്യമാണെന്ന് നിരീക്ഷിക്കുന്ന കോടതി ത്വലാഖ് പോലെ തന്നെ ഖുല്‍ഉം സാധുവാകുന്നതിന് അതിനു മുമ്പായി അനുരഞ്ജന ചര്‍ച്ചകള്‍ നടന്നിട്ടുണ്ടാകണമെന്ന വ്യവസ്ഥയും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ചുരുക്കത്തില്‍, കോടതിവിധി പ്രകാരം മൂന്ന് നിബന്ധനങ്ങള്‍ക്ക് വിധേയമായി മുസ്ലിം സ്ത്രീക്ക് ഖുല്‍അ് ചെയ്യാം:
എ) വിവാഹം റദ്ദാക്കുന്നതായുള്ള പ്രഖ്യാപനം. ബി) വിവാഹസമയത്തോ വിവാഹബന്ധത്തിനു ഇടയിലോ ഭര്‍ത്താവില്‍നിന്നും ലഭിച്ച മഹ്‌റടക്കമുള്ള സമ്പാദ്യങ്ങള്‍ തിരിച്ചു നല്‍കാമെന്നുള്ള വാഗ്ദാനം. സി) ഖുല്‍ഇനു മുമ്പ് കൃത്യമായ അനുരഞ്ജന  ചര്‍ച്ചകള്‍ നടന്നിട്ടുണ്ടാവുക.

3) മുബറാത്ത്
ഉഭയകക്ഷി സമ്മതപ്രകാരം കോടതി ഇടപെടല്‍ ഇല്ലാതെ ഭാര്യക്കും ഭര്‍ത്താവിനും വിവാഹമോചനം ചെയ്യാവുന്നതാണ്. ആ അവകാശം ഉപയോഗപ്പെടുത്താന്‍ ഭാര്യക്കും തുല്യ അവകാശമുണ്ട് എന്നാണ് കോടതി പറഞ്ഞുവെക്കുന്നത്. അങ്ങനെ ഉഭയകക്ഷി സമ്മതപ്രകാരം വിവാഹമോചനം തീരുമാനിച്ചാല്‍ ഭര്‍ത്താവ് ഭാര്യയെ ത്വലാഖ് ചെയ്യുന്നതാണ് മുസ്ലിം സമുദായം സ്വീകരിച്ചുപോരുന്ന രീതി. അതില്‍ ഭാര്യക്കും അവകാശമുണ്ട് എന്നു പറയുന്ന കോടതിവിധിയില്‍ പക്ഷേ ത്വലാഖ് ചെയ്യേണ്ടത് ഭര്‍ത്താവ് തന്നെയാണ് എന്ന ഭാഗത്തെ കുറിച്ച് ഒന്നും പറയുന്നില്ല. ഉഭയകക്ഷി സമ്മതപ്രകാരമായതിനാല്‍ തന്നെ ഈ വിവാഹമോചന രീതിയില്‍ പിന്നീട് തര്‍ക്കങ്ങളുണ്ടാകാനുള്ള സാധ്യത കുറവാണ്. അങ്ങനെ പൂര്‍ത്തിയായ തങ്ങളുടെ വിവാഹമോചനം നിയമപരമായി സാധുവാണെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യം നിയമപരമായി വ്യവസ്ഥയില്ലെന്നു പറഞ്ഞ് കുടുംബ കോടതി  നിരാകരിച്ചതിനെതിരെയാണ് ഹൈക്കോടതി പരിഗണിച്ച ഒരു ഹരജിയുള്ളത്. കൃത്യമായ ചട്ടങ്ങള്‍ ഇല്ലാത്തതു കാരണം കോടതികള്‍ സൃഷ്ടിക്കുന്ന ഇത്തരം പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് ഈ വിധി  പരിഹാരമാവും. കോടതിബാഹ്യമായ രീതികളിലൂടെ വിവാഹമോചനം ചെയ്യുന്ന മുസ്ലിം സ്ത്രീപുരുഷന്മാരുടെ Marital Status പ്രഖ്യാപിച്ചു നല്‍കുന്നതിനു (Declaration) കുടുംബകോടതികള്‍ക്ക് അധികാരമുണ്ടെന്ന് കോടതി വിധിച്ചു.
എന്നാല്‍ ഇത്തരം കോടതിബാഹ്യമായ വിവാഹമോചനങ്ങള്‍ ഭാര്യയും ഭര്‍ത്താവും അംഗീകരിച്ചാല്‍ പിന്നെ കോടതിയെ സമീപിച്ചു Marital Status പ്രഖ്യാപിച്ച് കിട്ടേണ്ടതുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. ഭര്‍ത്താവ് ത്വലാഖ് ചെയ്യുകയോ ഭാര്യ ഖുല്‍അ് ചെയ്യുകയോ ചെയ്ത് മറ്റേയാള്‍ അത് അംഗീകരിക്കുകയോ ഉഭയകക്ഷി സമ്മതപ്രകാരം പിരിയുകയോ ചെയ്യുന്ന സാഹചര്യത്തില്‍ അത് രേഖാമൂലം കരാറുണ്ടാക്കി കോടതിയെ സമീപിക്കേണ്ട കാര്യമെന്ത്? കോടതിബാഹ്യമായ വിവാഹമോചനം കോടതിയിലേക്ക് വലിച്ചിഴക്കുന്ന ഈ രീതി അനാവശ്യമാണ്. അത്തരം കരാറുകള്‍ക്ക് വ്യവസ്ഥയും നിയമസാധുതയും ഉറപ്പു വരുത്തുകയാണ് വേണ്ടത്. നിലവില്‍ ഉഭയകക്ഷി സമ്മതപ്രകാരമുള്ള വിവാഹമോചനങ്ങള്‍ കോടതിയെ സമീപിക്കാതെ തന്നെ കരാറെഴുതി നടന്നുവരുന്നതുമാണ്. 

4) ഫസ്ഖ്
മുസ്ലിം സ്ത്രീക്ക് നിര്‍ദിഷ്ട കാരണങ്ങളാല്‍ വിവാഹമോചനം തേടാവുന്ന രീതിയാണ് ഫസ്ഖ്. ഇപ്പോഴും നിരവധിയാളുകള്‍ കോടതിയെ സമീപിക്കാതെ പത്രങ്ങളിലൂടെ പരസ്യം നല്‍കിയും മറ്റും ഫസ്ഖ് ചെയ്യാറുണ്ട്. എന്നാല്‍ അത് നിയമപരമായി സാധുവല്ല. ഫസ്ഖിനു മുസ്ലിം സ്ത്രീക്കു കോടതിയെ സമീപിക്കാം എന്നു തന്നെയാണ് ഈ വിധിയിലും കോടതി വ്യക്തമാക്കിയിരിക്കുന്നത്.  Dissolution of Muslim Marriage Actല്‍ പറയുന്ന കാരണങ്ങളാല്‍ മുസ്ലിം സ്ത്രീക്ക് കോടതി മുഖാന്തരം ഫസ്ഖ് ചെയ്യാം. ശരീഅത്ത് ആപ്ലിക്കേഷന്‍ ആക്ട് അനുസരിച്ച് ഫസ്ഖ് ഒഴികെയുള്ള എല്ലാ മാര്‍ഗങ്ങളിലൂടെയും കോടതിബാഹ്യമായി മുസ്ലിം സ്ത്രീക്ക് വിവാഹമോചനം തേടാമെന്നു കോടതി വ്യക്തമാക്കുന്നു. Dissolution of Muslim Marriage ആക്ട് പ്രകാരം മാത്രമേ മുസ്ലിം സ്ത്രീ വിവാഹമോചനം തേടാന്‍ പാടുള്ളൂ എന്ന 1972-ലെ ഹൈക്കോടതി വിധി ശരീഅത്ത് ആപ്ലിക്കേഷന്‍ ആക്ടിന്റെയും ഡിസൊലൂഷന്‍ ഓഫ് മുസ്ലിം മാര്യേജ് ആക്ടിന്റെയും താല്‍പര്യങ്ങള്‍ക്ക് എതിരാണെന്നും കോടതി നിരീക്ഷിക്കുന്നു. യഥാര്‍ഥത്തില്‍ ഫസ്ഖും മഹല്ല് സംവിധാനങ്ങളെ ഏല്‍പ്പിച്ചാല്‍ കോടതിബാഹ്യമായി തന്നെ ചെയ്യാവുന്നതാണ്. ഖാദിമാര്‍ക്ക് ഫസ്ഖിനു അപേക്ഷ നല്‍കുന്നതിനോ ഫസ്ഖ് ചെയ്തതായി പ്രഖ്യാപിക്കുന്നതിനോ ശരീഅത്ത് അനുസരിച്ച് യാതൊരു തടസ്സവുമില്ല. കോടതി വ്യവഹാരങ്ങളുടെ പ്രശ്നങ്ങളും കാലതാമസവുമൊക്കെ പരിഹരിക്കപ്പെടുകയും ചെയ്യും. അത്തരം തീരുമാനങ്ങളില്‍ എതിര്‍പ്പുണ്ടെങ്കില്‍ മാത്രം കോടതിയെ സമീപിക്കാന്‍ അവസരമുണ്ടായാല്‍ മതിയാകും. നിലവില്‍ കോടതി മുഖാന്തരം മാത്രമേ ഫസ്ഖ് ചെയ്യാനാവൂ എന്ന നിയമം മുസ്ലിം വ്യക്തിനിയമത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതാണോ എന്ന് പരിശോധിക്കാന്‍ കോടതികള്‍ തയാറാകണം. വ്യക്തിനിയമവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മുസ്ലിം സമുദായത്തിലെ സംവിധാനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ ഭരണകൂടവും കോടതികളും തയാറല്ലാത്തത് കൂടിയാണ് കോടതിബാഹ്യമായ വിവാഹമോചനങ്ങളുടെ സാധുത അടച്ചുകളയുന്നത്.

ഏകപക്ഷീയമായി ത്വലാഖ് ചെയ്യാനാവുമോ?

ഏകപക്ഷീയമായ വിവാഹമോചനങ്ങള്‍ (ഖുല്‍ഓ ത്വലാഖോ) എതിര്‍കക്ഷി അംഗീകരിക്കാതെ വന്നാലും കുടുംബ കോടതിയെ സമീപിച്ചാല്‍ എതിര്‍കക്ഷിക്ക് നോട്ടീസ് അയച്ച് Marital Status പ്രഖ്യാപിച്ചു നല്‍കണമെന്ന് കോടതിവിധിയില്‍ പരാമര്‍ശിക്കുന്നുണ്ട്. അതായത് ഭര്‍ത്താവിന് ത്വലാഖും ഭാര്യക്കു ഖുല്‍ഉം ഏകപക്ഷീയമായി മാനദണ്ഡങ്ങള്‍ പാലിച്ചു ചെയ്യാം. കുടുംബ കോടതിക്ക് അത് പ്രഖ്യാപിച്ചു നല്‍കുന്നതിനപ്പുറത്ത് അത്തരം അപേക്ഷകള്‍ തീര്‍പ്പാക്കുന്നതില്‍ മറ്റു അധികാരങ്ങളില്ല. എതിര്‍കക്ഷി  അതിനെ ചോദ്യം ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്ക് നിയമവ്യവസ്ഥകള്‍ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാം. മുത്ത്വലാഖ് വിധിക്കും നിയമത്തിനും ശേഷം മുസ്ലിം പുരുഷന്‍  സ്ത്രീയുടെ സമ്മതമില്ലാതെ ചെയ്യുന്ന വിവാഹമോചനങ്ങള്‍ സാധുവല്ല എന്ന  പ്രതീതി നിലവിലുണ്ട്. ഖുര്‍ആനികമായ മാനദണ്ഡങ്ങള്‍ പാലിച്ച് കോടതിബാഹ്യമായുള്ള ത്വലാഖുകളും സാധുവാണ് എന്ന് വ്യക്തമാക്കുന്നുണ്ട് ഈ കോടതിവിധി. ഭാര്യ സമ്മതിക്കാതെ വന്നാല്‍ ത്വലാഖ് സാധുവല്ലെന്ന സാഹചര്യമുണ്ടായാല്‍ മുസ്ലിം പുരുഷന് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ നിയമപരമായി ഒരു വ്യവസ്ഥയും നിലവിലില്ലാത്ത സാഹചര്യത്തില്‍  ഏറെ പ്രസക്തമാണ്  ഈ വിധി. ഈ വിഷയത്തില്‍ ഇനിയും കൂടുതല്‍ വ്യക്തത ആവശ്യമാണ്. ഫലത്തില്‍ മുസ്ലിം വ്യക്തിനിയമത്തിന് അല്‍പ്പം കൂടി കരുത്തു പകരുന്നതാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി. ആ നിലയില്‍ വ്യക്തിനിയമത്തെ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ വികസിപ്പിക്കുന്നതിനും കോടതിബാഹ്യമായ സംവിധാനങ്ങള്‍ക്ക് നിയമസാധുത നേടിയെടുക്കുന്നതിനും വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് സമുദായം മുന്‍ഗണന നല്‍കണം.

വിമര്‍ശനങ്ങള്‍

ശക്തമായ ചില വിമര്‍ശനങ്ങള്‍ മുസ്ലിം പണ്ഡിതന്മാര്‍ വിധിയെ സംബന്ധിച്ച് ഉന്നയിക്കുന്നുണ്ട്. കോടതിബാഹ്യമായ ഖുല്‍ഇന്റെ സാധ്യതയെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ഭാര്യ ആവശ്യപ്പെട്ട് ഭര്‍ത്താവ് വിവാഹമോചനം ചെയ്യുന്ന രീതിയോ ഭര്‍ത്താവ് അതിന് തയാറാകാതെ വന്നാല്‍ കോടതിയോ ഖാദിയോ മധ്യസ്ഥരോ വിവാഹമോചനം ചെയ്തു നല്‍കുന്ന രീതിയോ മാത്രമാണ് ഇസ്‌ലാമിക ശരീഅത്ത് പ്രകാരം സാധുവാകുക എന്നതാണ് പണ്ഡിതര്‍ ഉന്നയിക്കുന്ന വിമര്‍ശനം. വ്യക്തിനിയമങ്ങള്‍ വ്യാഖ്യാനിക്കുകയും പരിഷ്‌കരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ ശരീഅത്ത് ആപ്ലിക്കേഷന്‍ ആക്ട് പ്രകാരമുള്ള വ്യക്തിനിയമത്തിന്റെ  ഖുര്‍ആനും സുന്നത്തും അടക്കമുള്ള ഉറവിടങ്ങളുടെ (Sources) അടിസ്ഥാനത്തില്‍ തന്നെ തങ്ങളുടെ വിധികളെ സ്ഥാപിക്കാന്‍ കോടതികള്‍ക്ക് പൂര്‍ണമായും സാധിക്കേണ്ടതുണ്ട്.  കോടതിവിധിയില്‍ ഭര്‍ത്താവിന്റെ സമ്മതം, മഹ്ര്‍ ഭര്‍ത്താവ് കൈപ്പറ്റണം എന്നീ വ്യവസ്ഥകള്‍ ഉണ്ടായാല്‍ ഖുല്‍അ് പ്രയോഗത്തില്‍ സാധ്യമല്ലാതെ വരും എന്ന കാരണം വിശദീകരിക്കുന്നുണ്ടെങ്കിലും അതിന് പ്രമാണബദ്ധമായ വിശദീകരണം നല്‍കാന്‍ സാധിച്ചിട്ടില്ല. കോടതിവിധിക്ക് ആധാരമായി ഉദ്ധരിച്ച അബുല്‍ അഅ്ലാ മൗദൂദി അടക്കമുള്ള പണ്ഡിതന്മാരുടെ വീക്ഷണത്തിലും ഏകപക്ഷീയ ഖുല്‍അ് ശരീഅത്തില്‍ സാധുവാണ് എന്നു പറയുന്നില്ലെന്നും മറിച്ച് അത്തരം ഘട്ടത്തില്‍ കോടതി ഇടപെട്ട് സ്ത്രീക്ക് വിവാഹമോചനം ചെയ്തുകൊടുക്കുകയാണ് വേണ്ടതെന്നുമാണ് അദ്ദേഹത്തിന്റെ നിരീക്ഷണത്തിന്റെ കാതല്‍ എന്നും എന്നാല്‍ കോടതി അതിനെ തെറ്റായി വ്യഖ്യാനിക്കുകയാണ് ചെയ്തെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (67-76)
ടി.കെ ഉബൈദ്‌

ഹദീസ്‌

നമസ്‌കാരശേഷം പതിവാക്കേണ്ട ദിക്‌റുകള്‍
സി.പി മുസമ്മില്‍ കണ്ണൂര്‍