Prabodhanm Weekly

Pages

Search

2024 ഫെബ്രുവരി 02

3338

1445 റജബ് 21

പള്ളിദർസിൽനിന്ന് പുറത്താക്കപ്പെട്ട "വഹാബി മൂസ'

വി. മൂസ മൗലവി / സദ്റുദ്ദീൻ വാഴക്കാട്

പ്രഭാഷകനും സംഘാടകനും അധ്യാപകനുമായ വി. മൂസ മൗലവി ദീർഘ കാലം ജമാഅത്തെ ഇസ് ലാമിയുടെ നേതൃതലത്തിൽ സജീവമായിരുന്നു.  1947-ൽ പാലക്കാട് ജില്ലയിലെ പെരുമുക്കിൽ ജനനം. മാരായംകുന്ന്, കോഴിക്കോട്, മുക്കം, തിരൂർ വെട്ടം പള്ളി ദർസുകളിൽ പഠനം. അഴീക്കോട് -കൊടുങ്ങല്ലൂർ, കുമരനെല്ലൂർ ഇസ് ലാഹിയ, പാവിട്ടപ്പുറം അസ്സബാഹ്, പൊന്നാനി ഐ.എസ്.എസ് സ്ഥാപനങ്ങളിൽ അധ്യാപകനും പ്രിൻസിപ്പലുമായി സേവനമനുഷ്ഠിച്ചു.  വിവിധ ജില്ലകളിൽ ജമാഅത്തെ ഇസ് ലാമി നാസിമായി ദീർഘകാലം പ്രവർത്തിച്ചു. ജമാഅത്തിന്റെ വനിതാ വിഭാഗം കെട്ടിപ്പടുക്കുന്നതിൽ വി. മൂസ മൗലവി-ഫാത്വിമ മൂസ ദമ്പതികൾ നിർവഹിച്ച സേവനം ചരിത്ര പ്രധാനമാണ്. കേരളത്തിലുടനീളം നിരവധി വേദികളിൽ ഇസ് ലാമിക പ്രഭാഷണവും പള്ളികളിൽ ജുമുഅ ഖുത്വ്്ബയും നിർവഹിച്ചു. വി. മൂസ മൗലവിയുടെ പ്രസ്ഥാന ജീവിതത്തിൽനിന്ന് ചില അധ്യായങ്ങൾ.

 

പത്താമത്തെ വയസ്സിൽ ജന്മനാടായ പെരുമുക്കിൽ നിന്ന് അയൽപ്രദേശത്തേക്ക് പലായനം ചെയ്ത് ബാല്യകാലത്തോട് പൊരുതിയാണ് ഞാൻ കൗമാരത്തിലേക്ക് പ്രവേശിച്ചത്. ആലങ്കോട് പഞ്ചായത്തിൽ, ചങ്ങരംകുളത്തുനിന്ന്, പന്താവൂരിലേക്കുള്ള വഴിയിലാണ് പെരുമുക്ക്. അവിടെയാണ് എന്റെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ തുടക്കം. പത്താമത്തെ വയസ്സിൽ, കപ്പൂര് പഞ്ചായത്തിലെ കൊള്ളന്നൂരിലേക്ക് താമസം മാറ്റിയ ശേഷം, എറവക്കാട് എ.എം.എൽ.പി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം തുടർന്നു. അഞ്ചാം ക്ലാസ് വരെയാണ് രണ്ട് സ്ഥലങ്ങളിലുമായി പഠിച്ചത്. അതിനു ശേഷം,  പള്ളിദർസിലേക്കുള്ള യാത്ര ആരംഭിച്ചു. അക്കാലത്തെ മറ്റു മുസ് ലിം ആൺകുട്ടികളുടെ പതിവുതന്നെ ഞാനും പിന്തുടർന്നു.
പക്ഷേ, എന്റെ ദീനീ വിദ്യാഭ്യാസം ഉമ്മയുടെ ആഗ്രഹത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ഫലമായിരുന്നു എന്ന വ്യത്യാസമുണ്ട്. എന്റെ വാപ്പ അഹമ്മദുണ്ണി കച്ചവടക്കാരനായിരുന്നു. വ്യാപാരത്തിൽ വിജയിക്കാനാകാതെ, വീടും സ്ഥലവും വിറ്റാണ് കൊള്ളന്നൂരിലേക്ക് താമസം മാറ്റിയത്. ഉമ്മയുടെ വിദ്യാഭ്യാസപരമായ ദീർഘവീക്ഷണവും ഈ താമസമാറ്റത്തിന് പിന്നിലുണ്ടായിരുന്നു. അതെന്റെ ഭാവി ജീവിതത്തിൽ മുതൽക്കൂട്ടാവുകയും ചെയ്തു. ഉമ്മ പാത്തുണ്ണി ഉറച്ച വിശ്വാസവും ഭക്തിയും നിശ്ചയദാർഢ്യവുമുള്ള വ്യക്തിത്വമായിരുന്നു. ദീനീ നിഷ്ഠയില്ലാത്ത ആദ്യ ഭർത്താവിൽനിന്ന് ധൈര്യപൂർവം വിവാഹമോചനം നേടിയാണ് ഉമ്മ, എന്റെ വാപ്പയെ വിവാഹം ചെയ്തത്.

1940-കൾ മുതൽ ദാരിദ്ര്യത്തോട് പടവെട്ടി, പ്രയാസങ്ങൾ ഏറെ സഹിച്ച്, മക്കളുടെ വയറു നിറക്കാൻ പലതരം ജോലികൾ ചെയ്ത് പൊരുതി ജയിച്ച ജീവിതമായിരുന്നു ഉമ്മയുടേത്. ആട് മേയ്ക്കാൻ പോകുമ്പോൾ സ്കൂളിനടുത്ത് പതിയിരുന്ന് കേട്ടു പഠിച്ച പാഠങ്ങളായിരുന്നു ഉമ്മയുടെ മുതൽക്കൂട്ട്. പിന്നെ വായിച്ചുണ്ടാക്കിയ അറിവും. ആ ഉമ്മ പക്ഷേ, പിന്നീട് കൊള്ളന്നൂരിലെ തറവാട്ടുവീട്ടിൽ മികച്ചൊരു മദ്റസ സ്ഥാപിച്ച്, അത് സ്വയം നടത്തി, പെൺഉസ്താദായി വളർന്നതാണ് ചരിത്രം. മക്കളുടെ വിദ്യാഭ്യാസത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത ആ ഉമ്മയുടെ സുകൃതമാണ് ഞങ്ങളെ ഇസ് ലാമിക പ്രവർത്തകരാക്കി മാറ്റിയത്. മൂത്ത മകനാണ് ഞാൻ. എനിക്ക്  ആറ് സഹോദരങ്ങൾ; ആഇശ, മുഹമ്മദ് മൗലവി (Late), കുഞ്ഞിമരക്കാർ മൗലവി, അബൂബക്കർ മാസ്‌റ്റർ, സൈനുദ്ദീൻ മൗലവി, അലി.
മാരായംകുന്ന്, കോഴിക്കോട്, മുക്കം, തിരൂർ വെട്ടം തുടങ്ങിയ സ്ഥലങ്ങളിലൊക്കെ അറിവു തേടി അലഞ്ഞതാണ് എന്റെ കൗമാരകാലം. മാരായാംകുന്നിലെ പള്ളിദർസിലാണ് കിതാബ് ഓതാൻ തുടങ്ങിയത്. അറക്കൽ കോയക്കുട്ടി മുസ് ലിയാരാണ് അന്നത്തെ മുദർരിസ്. വലിയ പണ്ഡിതനായിരുന്ന അദ്ദേഹത്തിന്റെ അടുത്താണ്- 1956 മുതൽ 66 വരെ- പത്ത്  വർഷക്കാലം പഠിച്ചത്. കൂറ്റനാട് പള്ളിയിലായിരുന്നു അദ്ദേഹത്തിന് ഖുത്വ്്ബ. ചില ആഴ്ചകളിൽ അദ്ദേഹത്തിന് പോകാൻ കഴിയാതെ വരുമ്പോൾ ഖുത്വ്്ബക്ക് എന്നെ അയക്കുമായിരുന്നു. അങ്ങനെയാണ് ഞാൻ ഖുത്വ്്ബ നടത്താൻ തുടങ്ങിയത്. ഹൗളിൽ വെള്ളം കോരി നിറക്കൽ ഉൾപ്പെടെ പല ജോലികളും ഉസ്താദ് എനിക്ക് തരുമായിരുന്നു. വീട്ടിലെ ദാരിദ്ര്യം മനസ്സിലാക്കിയായിരുന്നു ഇത്. മാരായംകുന്ന് അന്നും ഇന്നും വലിയ മുസ് ലിം മഹല്ലാണ്. ഇപ്പോഴും അവിടെ ദർസ് നടക്കുന്നുണ്ട്; മണ്ണാർക്കാട് സ്വദേശി  ഉമർ മുസ് ലിയാരാണ് ഇപ്പോൾ കുറേ വർഷങ്ങളായി മുദർരിസ്.

അവിടെ കുറച്ച് വർഷങ്ങൾ പഠിച്ച്, മുതിർന്ന വിദ്യാർഥിയായതോടെ സമീപത്തെ മദ്റസകളിൽ പഠിപ്പിക്കാൻ അവസരം കിട്ടുമായിരുന്നു.  ഇത് പള്ളിദർസ് വിദ്യാഭ്യാസത്തിന്റെ ഒരു ഗുണമായിരുന്നു. പഠനത്തോടൊപ്പം അധ്യാപനം പരിചയിക്കാൻ അവസരം; ചെറിയൊരു വരുമാനമാർഗവും. എനിക്ക് പഠിപ്പിക്കാൻ അവസരം കിട്ടിയത് കൂനംമൂച്ചിയിലായിരുന്നു. ജീവിതത്തിലെ വഴിത്തിരിവായിരുന്നു ഈ കൂനംമൂച്ചി കാലം. അവിടെ സാത്വികനായ ഒരു പ്രബോധകനെ ഞാൻ കണ്ടുമുട്ടി.  പ്രാസ്ഥാനിക ജീവിതത്തിന്റെ ആദ്യ വിത്തുകൾ കൂനംമൂച്ചിയുടെ മണ്ണിൽ വെച്ച് എന്റെ മനസ്സിൽ പാകിയത് അദ്ദേഹമാണ്.

കുഞ്ഞമ്മദ്ക്ക എന്ന ഒരൽഭുത മനുഷ്യൻ, മദ്റസാ അധ്യാപകനായ ബീഡി തെറുപ്പുകാരൻ! രാവിലെ മദ്റസയിൽ കുട്ടികളെ പഠിപ്പിക്കും. ക്ലാസ് കഴിഞ്ഞാൽ, പുകയിലയും മുറവും എടുത്ത് ബീഡി തെറുക്കാനിരിക്കും. എന്നാൽ, ഇതൊന്നുമായിരുന്നില്ല എന്നെ ആകർഷിച്ചത്.  ഇസ് ലാമിക നവോത്ഥാനത്തിന്റെ വെളിച്ചം ആവേശിച്ച പ്രവർത്തകനായിരുന്നു അദ്ദേഹം. തെളിച്ചമുള്ളൊരു നവലോക ദർശനത്തിന്റെ സ്വപ്നങ്ങൾ അദ്ദേഹത്തിന്റെ ഉള്ളിൽ തുടിക്കുന്നുണ്ടായിരുന്നു.  പ്രബോധനം വാരികയും ഐ.പി.എച്ചിന്റെ പുസ്തകങ്ങളും എപ്പോഴും കൈയിലുണ്ടാകും. അത് വായിക്കുകയും വായിപ്പിക്കുകയും ചെയ്യുകയായിരുന്നു അദ്ദേഹത്തിന് പ്രധാനം. പുകയില ചുരുട്ടി ബീഡി തെറുക്കുന്നതിനെക്കാൾ കെ.കെ കുഞ്ഞമ്മദ്ക്കയുടെ ശ്രദ്ധ മനുഷ്യ മനസ്സുകൾ മാറ്റിയെടുക്കുന്നതിലായിരുന്നു.

കൂനംമൂച്ചിയിലായിരുന്നു കുഞ്ഞമ്മദ്ക്കയുടെ ജോലിയെങ്കിലും ബീഡിക്കമ്പനി കുമരനെല്ലൂരിലായിരുന്നു. ഇടക്ക് അദ്ദേഹം അവിടെ പോയി വരും. കുമരനെല്ലൂരിൽ കുറെ ജമാഅത്ത് പ്രവർത്തകരുണ്ടായിരുന്നു; ബീഡി തെറുപ്പുകാരും അല്ലാത്തവരുമായി. ഇസ് ലാമിക പ്രസ്ഥാനം പാലക്കാട് ജില്ലയിൽ ആദ്യം വേരോടിയ പ്രദേശമാണ് കുമരനെല്ലൂർ. മൊയ്തുക്ക എന്ന് വിളിക്കുന്ന അബ്ദുൽ ഖാദർ അവിടത്തെ തൊഴിലാളിയും ജമാഅത്ത് പ്രവർത്തകനുമായിരുന്നു. അദ്ദേഹത്തിലൂടെയാണ് കുഞ്ഞമ്മദ്ക്കക്ക് ജമാഅത്തിന്റെ ആശയങ്ങൾ കൈമാറി കിട്ടുന്നത്. 
വിദ്യാർഥിയായ ഞാൻ മദ്റസയിൽ അധ്യാപകനായി എത്തിയപ്പോൾ കുഞ്ഞമ്മദ്ക്ക എന്നെ നോട്ടമിട്ടു കാണും. അന്നൊക്കെ ഇസ് ലാമിക പ്രവർത്തകർക്ക് അങ്ങനെയൊരു ഗുണമുണ്ടായിരുന്നു. ഈ ആദർശ പ്രസ്ഥാനത്തിലേക്ക് ആളെക്കൂട്ടാനുള്ള ആവേശം അവരുടെ ഉള്ളിൽ തുടിക്കുന്നുണ്ടാകും. ഭാവിയിലേക്ക് സാധ്യതയുള്ളവരെ വിശേഷിച്ചും  അവർ പ്രത്യേകം നോട്ടമിടും. കുഞ്ഞമ്മദ്ക്ക പ്രബോധനം വാരിക എന്റെ കൈയിൽ വെച്ചുതന്നു.  പതിയെ വായന തുടങ്ങി. പലതും പഠിച്ചെടുക്കാനായി. പക്ഷേ, ചിലതൊന്നും മനസ്സിലായില്ല. മനസ്സിലാകാത്ത വാക്കുകൾ കുഞ്ഞമ്മദ്ക്കയോടും മറ്റും ചോദിച്ചറിയും. പ്രബോധനം വായനയിലൂടെ ഞാൻ ശരിയായ  ഇസ് ലാമിനെ അറിയാൻ തുടങ്ങി. ഉർദുവിൽനിന്നും മറ്റും വിവർത്തനം ചെയ്ത ലേഖനങ്ങൾ വായിക്കുമ്പോൾ, കിതാബുകളിൽ പഠിച്ച ഇസ് ലാമിന്റെ ശരിയായ അവതരണമാണ് എനിക്കതിൽ കാണാനായത്. അതെന്നെ ആകർഷിച്ചു.

മദ്റസ കഴിഞ്ഞു വരുമ്പോൾ വാരിക കൈയിലുണ്ടാകും. മുരിക്കു കൊണ്ടുണ്ടാക്കിയ ഒരു ചെറിയ പെട്ടിയുണ്ടായിരുന്നു. മറ്റു പുസ്തകങ്ങളുടെ ഇടയിൽ പ്രബോധനം ഒളിപ്പിച്ചുവെക്കും. പുത്തൻ പ്രസ്ഥാനത്തിന്റെ പുസ്തകങ്ങൾ വായിക്കുന്നത് മഹാ അപരാധമായി കരുതപ്പെട്ടിരുന്ന കാലമാണത്. പക്ഷേ, ഈ ഒളിച്ചുകളി അധികനാൾ നീണ്ടുനിന്നില്ല. ഞാൻ പിടിക്കപ്പെട്ടു. ആരോ പറഞ്ഞുകൊടുത്തതനുസരിച്ച്, ഒരു ദിവസം ഞാൻ മദ്റസയിൽ പോയ സമയത്ത് എന്റെ പെട്ടി തുറന്ന്, പ്രബോധനവും അൽ മനാറും കണ്ടെടുത്തു. അരിശം പൂണ്ട് അവർ അവയെല്ലാം കീറിക്കളയുകയും പെട്ടി പൊളിച്ചുകളയുകയും ചെയ്തു. 'മിശ്കാത്തുൽ മസാബീഹ്' എന്ന ഹദീസ് ഗ്രന്ഥവും അവർ വലിച്ചുകീറിയതിൽ ഉൾപ്പെട്ടിരുന്നു.

എന്നെ വിചാരണ ചെയ്തു. ഞാൻ പ്രബോധനം വായിക്കുന്നതും ജമാഅത്തെ ഇസ് ലാമിയോട്  ഇഷ്ടം കൂടുന്നതും വലിയ തെറ്റായി അവതരിപ്പിക്കപ്പെട്ടു. പള്ളിയിലെ വലിയ ഉസ്താദ് കോപിച്ചു. അദ്ദേഹത്തിന്റെ അന്നത്തെ ധാരണ വെച്ച്, 'ഞാൻ പിഴച്ചുപോകുന്നു' എന്ന് വിശ്വസിച്ച്, ആത്മാർഥതയോടെയാകാം അദ്ദേഹം നിലപാട് എടുത്തത്. മാത്രമല്ല, അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു ഞാൻ. അതുകൊണ്ടാണ്, മദ്റസാ അധ്യാപനത്തിനും ഖുത്വ്്ബക്കും എനിക്ക് പെട്ടെന്നു തന്നെ അവസരം തന്നിരുന്നത്. അതിനാൽ, ഞാൻ വഴിമാറിത്തുടങ്ങിയത് അദ്ദേഹത്തിന് വലിയ പ്രയാസം ഉണ്ടാക്കിക്കാണണം. എന്തായിരുന്നാലും എന്നെ പള്ളിയിൽനിന്ന് പുറത്താക്കുകയാണുണ്ടായത്. ഈ സംഭവത്തോടെ, വഹാബി എന്ന് എനിക്ക് പേര് വീണു. പുരോഗമന ചിന്ത പുലർത്തുകയും പരിഷ്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നവരെ, മുഹമ്മദുബ്നു അബ്ദിൽ വഹാബിലേക്ക് ചേർത്ത്, വഹാബി എന്നാണ് കളിയാക്കി വിളിച്ചിരുന്നത്. അങ്ങനെ ഞാൻ, 'വഹാബി മൂസയായി'. വിവാഹാന്വേഷണ സമയത്ത്, ഫാത്വിമയെ കാണാൻ ചെന്നപ്പോൾ, 'വഹാബി മൂസ' വരുന്നുണ്ട് എന്നാണത്രെ അവർ അടക്കംപറഞ്ഞിരുന്നത്!

പള്ളിയിൽനിന്ന് പുറത്താക്കിയതിൽ എനിക്ക് സങ്കടമോ വേദനയോ ഒന്നും ഉണ്ടായില്ല. കാരണം, ഇസ് ലാമിക പ്രസ്ഥാനത്തിന്റെ ബീജം എന്റെയുള്ളിൽ വളർന്നുതുടങ്ങിയിരുന്നു. പക്ഷേ, വീട്ടിൽ ഇതൊരു വലിയ പ്രശ്നമായി. ഏറെ പ്രാരബ്ധങ്ങളുള്ള കുടുംബം, മകൻ ഇസ് ലാമിക വിജ്ഞാനം നേടി ഉയർന്നു പോകുന്നത് കാണാൻ  ആഗ്രഹിച്ചിരിക്കുന്ന ഉമ്മ, മൂത്ത മകനായ എന്നിൽ അർപ്പിതമായ ഉത്തരവാദിത്വങ്ങളും പ്രതീക്ഷകളും, പണ്ഡിതനായ ഗുരുനാഥന്റെ ഗുരുത്വവും പൊരുത്തവും നഷ്ടപ്പെടുത്തി വെറുപ്പ് സമ്പാദിച്ചാലുണ്ടാകാവുന്ന ആപത്തിനെക്കുറിച്ച ആധി... എല്ലാം ചേർന്ന് വല്ലാത്തൊരു അവസ്ഥ. ഉമ്മ വല്ലാതെ വേദനിച്ചു, കരഞ്ഞു. വീട്ടിലെത്തിയ എന്നെ സ്വീകരിക്കാൻ വാപ്പയും തയാറായില്ല. ഉസ്താദിന്റെ പൊരുത്തം കിട്ടാത്ത മകനെ വീട്ടിൽനിന്ന് പുറത്താക്കി എന്നു പറയാം. ഉമ്മക്ക് വല്ലാത്ത വിഷമമുണ്ടായിരുന്നു. എന്റെ ഏക പെങ്ങളും കരയുകയാണ്. എനിക്ക് പക്ഷേ, ജമാഅത്തെ ഇസ് ലാമിയെ തള്ളിപ്പറയാൻ കഴിയുമായിരുന്നില്ല. ഞാൻ അന്നുവരെ പള്ളി ദർസിൽ പഠിച്ച ദീനിന് വിരുദ്ധമായതൊന്നും ജമാഅത്തെ ഇസ് ലാമിയുടെ പുസ്തകങ്ങളിൽ കാണാൻ കഴിഞ്ഞിരുന്നില്ല. എന്നു മാത്രമല്ല, യഥാർഥ ദീൻ നന്നായി അവതരിപ്പിക്കുകയും പ്രവർത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നതായിരുന്നു പ്രബോധനത്തിലെ ലേഖനങ്ങൾ. പിന്നെ ഞാനെന്തിന് ജമാഅത്തിനെ തള്ളിപ്പറയണം!  ഇതൊന്നും പക്ഷേ, എന്റെ മാതാപിതാക്കൾക്ക് അന്ന് പറഞ്ഞാൽ മനസ്സിലാകുമായിരുന്നില്ലല്ലോ. അവസാനം വീടുവിട്ടിറങ്ങാൻ തന്നെയായിരുന്നു എന്റെ തീരുമാനം.  ഉമ്മ എന്നെ കെട്ടിപ്പിടിച്ചു കരയുന്നുണ്ട്. 'പ്രായമായ വാപ്പയെയും സഹോദരങ്ങളായ പിഞ്ചുമക്കളെയും വിട്ട് നീ പോവുകയാണോ?' എന്നൊക്കെ ഉമ്മ ചോദിക്കുന്നുണ്ടായിരുന്നു.

'ഉമ്മാ, അല്ലാഹുവിന്റെ തീരുമാനം ഇതാണെങ്കിൽ ഞാനത് അനുഭവിച്ചല്ലേ മതിയാകൂ. ഉമ്മ വിഷമിക്കരുത്. ഞാൻ ആരെയും വേദനിപ്പിച്ചിട്ടില്ല, തെറ്റൊന്നും ചെയ്തിട്ടുമില്ല. ഉമ്മ ഉദ്ദേശിച്ച പോലെ ഒരു നല്ല മകനായി, ദീനീ അറിവുകൾ നേടി തിരിച്ചുവരും, ഇൻ ശാ അല്ലാഹ്' - ഇതായിരുന്നു എന്റെ മറുപടി. പിന്നെ ഞാൻ വീട്ടിൽ നിന്നില്ല. കോഴിക്കോട് ലക്ഷ്യം വെച്ചായിരുന്നു യാത്ര. അവിടെ എന്റെ ഉമ്മയുടെ സഹോദരൻ ഹുസൈൻ മുസ് ലിയാർ ഉണ്ടായിരുന്നു. അദ്ദേഹം കോഴിക്കോട്ടെ പള്ളിയിൽ മുദർരിസായി സേവനമനുഷ്ഠിക്കുകയാണ് അന്ന്. എന്റെ കഥകളെല്ലാം അദ്ദേഹത്തോട് പറഞ്ഞു. കുറച്ചു കാലം അവിടെ താമസിച്ചു. പിന്നീട്  മുക്കത്ത് ഒരു പള്ളിയിൽ, മൂന്ന് വർഷത്തോളം കിതാബ് ഓതി. പന്താവൂർ സ്വദേശി ആലി മുസ് ലിയാരാണ് അവിടെ മുദർരിസ്. അപ്പോഴേക്കും വീട്ടിലെ പ്രശ്നങ്ങളെല്ലാം തീർന്നിരുന്നു.

ഇക്കാലത്തെപ്പോഴോ, നേരത്തെ പറഞ്ഞ ജമാഅത്ത് പ്രവർത്തകരോടൊപ്പം കെ.സി അബ്ദുല്ല മൗലവിയുടെ ഒരു പ്രസംഗം കേൾക്കാൻ പോവുകയുണ്ടായി. ഒരു അബ്ദുല്ല മുസ് ലിയാരുടെ വഅള് ഉണ്ട് എന്നു കേട്ടാണ് പോയത്. പിന്നീടാണ് അത് കെ.സി അബ്ദുല്ല മൗലവിയാണ് എന്ന് മനസ്സിലായത്. അദ്ദേഹത്തിന്റെ പ്രസംഗം വല്ലാതെ ഇഷ്ടപ്പെട്ടു. ഇസ് ലാമിന്റെ സമഗ്രതയെ കുറിച്ച അവതരണമാണ് എന്നെ ഏറെ ആകർഷിച്ചത്. അതൊന്നും അന്ന് ഇസ് ലാമിനെ കുറിച്ച് ആരും പറയുമായിരുന്നില്ല. അങ്ങനെയൊരു ഇസ് ലാം ആളുകൾക്ക് അറിയുമായിരുന്നില്ല. ഇങ്ങനെയൊക്കെ ഇസ് ലാമിനെക്കുറിച്ച് പറയേണ്ടതുണ്ട് എന്ന ബോധമാണ് ഈ പ്രഭാഷണം എന്നിൽ ഉണ്ടാക്കിയത്. 

ഉമ്മയുടെ അമ്മാവൻ പൂളയിൽ അബ്ദു മുസ് ലിയാർ നല്ല പണ്ഡിതനായിരുന്നു. തിരൂർ വെട്ടം ജുമുഅത്ത് പള്ളിയിലായിരുന്നു അബ്ദു മുസ് ലിയാർ ദർസ് നടത്തിയിരുന്നത്. ഒരു ദിവസം അദ്ദേഹം എന്നോട് പറഞ്ഞു: 'നീ തുണിയും മറ്റും റെഡിയാക്കി വെക്ക്, നമുക്ക് നാളെ രാവിലെ പോകണം'. അങ്ങനെ അദ്ദേഹം എന്നെ തിരൂരിലേക്ക് കൂട്ടിക്കൊണ്ടു പോയി.  ഒരു മദ്റസയിൽ ജോലി ശരിയാക്കിത്തന്നു, ഒപ്പം പള്ളിദർസിലെ പഠനവും തുടർന്നു. അന്നെനിക്ക് പതിനെട്ട് വയസ്സോ മറ്റോ ആയിരുന്നു പ്രായം. അങ്ങനെ കോഴിക്കോട്ട് നിന്ന് എന്റെ തട്ടകം തിരൂരിലേക്ക് മാറി. വെട്ടത്ത് ദർസിൽ പഠനവും മദ്റസാ അധ്യാപനവും പള്ളി പരിപാലനവുമൊക്കെയായി ജീവിതം മുന്നോട്ട് പോയി. വൈകാതെ, ജമാഅത്തെ ഇസ് ലാമിയുടെ പ്രവർത്തനങ്ങളിലേക്ക് ഞാനെത്തിച്ചേരുകയും  ചെയ്തു.

ഈ പള്ളിദർസുകളിലെ പഠനമാണ് എന്റെ വൈജ്ഞാനിക അടിത്തറ. അധ്യാപനത്തിലും പ്രസ്ഥാന പ്രവർത്തനത്തിലും എനിക്ക് ഈ അറിവുകളെല്ലാം ഏറെ പ്രയോജനപ്പെടുകയുണ്ടായി. പള്ളിയിൽ ഇരുന്ന് കിതാബുകൾ നന്നായി ചൊല്ലിപ്പഠിക്കുമ്പോൾ, വിഷയങ്ങൾ ശരിക്കും മനസ്സിൽ  പതിയും. മുതഫർരിദ്, ജലാലൈനി, മിശ്കാത്ത് തുടങ്ങിയവയൊക്കെ ഓതിയിട്ടുണ്ട്. ഹദീസിൽ ഓതിയത് മിശ്കാത്താണ്, ബുഖാരി ഉണ്ടായിരുന്നെങ്കിലും അതൊന്നും പഠിക്കേണ്ടതില്ല എന്നതായിരുന്നു ദർസിലെ കാഴ്ചപ്പാട്. ജലാലൈനിയാണ് പഠിക്കാനുള്ള ഏക തഫ്സീർ. ബൈദാവി എന്ന തഫ്സീർ ഉണ്ടെങ്കിലും അത് പഠിക്കാൻ വേണ്ടിയല്ല, പുണ്യത്തിന് വേണ്ടിയാണ് ഓതുക. ജലാലൈനി തന്നെ ഓതുന്നത്, ഖുർആന്റെ ആശയങ്ങൾ മനസ്സിലാക്കിയല്ല, ചൊല്ലിപ്പഠിച്ച് പോകുന്നു എന്നേയുള്ളൂ.

ഖുർആന്റെ ആശയം പഠിക്കേണ്ടതില്ല എന്നായിരുന്നു അന്ന് പള്ളിദർസുകളിൽ പൊതുവിലുള്ള ധാരണ. ആശയങ്ങൾ മനസ്സിലാകാവുന്ന രീതിയിൽ ഞങ്ങളെ പഠിപ്പിക്കാറും ഉണ്ടായിരുന്നില്ല. അത്രയും വർഷങ്ങൾ പള്ളിദർസിൽ പഠിച്ചിട്ടും ഖുർആൻ എന്തിനാണ് അവതീർണമായത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ എനിക്ക് മനസ്സിലായിരുന്നില്ല. ജമാഅത്തെ ഇസ് ലാമിയുമായി ബന്ധപ്പെടുകയും തഫ്ഹീമുൽ ഖുർആൻ വായിക്കുകയുമൊക്കെ ചെയ്ത ശേഷമാണ് ഖുർആൻ മനസ്സിലാകാൻ തുടങ്ങിയത്. ഖുർആൻ പഠനത്തിൽ എന്റെ ഗുരു, ജമാഅത്തെ ഇസ് ലാമിയുടെ അമീറും പണ്ഡിതനുമായിരുന്ന കെ.സി അബ്ദുല്ല മൗലവിയാണ് എന്നു പറയാം.

ഹദീസിന്റെ കാര്യവും ഏറക്കുറെ ഇങ്ങനെത്തന്നെയായിരുന്നു. സ്വഹീഹുൽ ബുഖാരി ഉൾപ്പെടെ പ്രധാന ഹദീസ് ഗ്രന്ഥങ്ങളൊന്നും പഠിപ്പിക്കുമായിരുന്നില്ല. അതിന്റെയൊന്നും ആവശ്യമില്ല എന്നായിരുന്നു വെപ്പ്. മിശ്കാത്തുൽ മസ്വാബീഹ് എന്ന കൃതിയായിരുന്നു ഹദീസിൽ മുഖ്യം. അതിലപ്പുറം നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ ഓതിപ്പഠിച്ചോളൂ എന്നാണ് ഉസ്താദ് പറയുക. കുറേ കുട്ടികളും ഒരു അധ്യാപകനുമാണ് ദർസിൽ ഉണ്ടാവുക. മുതിർന്ന വിദ്യാർഥികളിൽ ചിലർ പുതിയ കുട്ടികൾക്ക് കിതാബുകൾ ചൊല്ലിക്കൊടുക്കുകയും ചെയ്യും. നേരത്തെ പറഞ്ഞ പോലെ, പഠനവും അധ്യാപനവും ഒന്നിച്ച് പോകുന്ന രീതി. ഓരോ വിദ്യാർഥിക്കും അവന്റെ കഴിവിനും പഠനത്തിനും അനുസരിച്ച് വ്യത്യസ്ത ക്ലാസ്സുകളും പാഠങ്ങളുമാണ് ഉണ്ടാവുക. പ്രത്യേക സമയക്രമവും ഇല്ല, സ്വുബ്ഹ് നമസ്കാരം കഴിഞ്ഞാൽ ആരംഭിക്കും. നിലത്ത് ചമ്രം പടിഞ്ഞിരുന്നാണ് വായന, ഉറക്കവും അവിടെത്തന്നെ.
വീടുകളിൽ പട്ടിണിയുള്ള കാലമാണ്. കൂടുതൽ കുട്ടികൾക്ക് ഭക്ഷണം കൊടുക്കാനൊന്നും പല വീടുകളിലും ഗതിയുണ്ടാകില്ല. അതുകൊണ്ട് ഒന്നോ രണ്ടോ കുട്ടികളെയെങ്കിലും പള്ളിദർസിൽ അയച്ചാൽ അവരെങ്കിലും പട്ടിണിയിൽനിന്ന് രക്ഷപ്പെടുമല്ലോ എന്നായിരുന്നു ആളുകളുടെ ചിന്ത. ചില കുട്ടികൾ പള്ളി പരിപാലനവും പാർട് ടൈം ജോലിയായി ചെയ്യും. അതിൽനിന്ന് ലഭിക്കുന്ന വരുമാനം എത്ര ചെറുതാണെങ്കിലും വീട്ടിലേക്ക് എത്തിച്ചുകൊടുക്കും. കുടുംബത്തിന്റെ പ്രാരബ്ധങ്ങളിൽ അതൊരു താങ്ങായി പ്രയോജനപ്പെടുമായിരുന്നു. തിരൂർ വെട്ടത്ത് ദർസിൽ ഉണ്ടായിരുന്നപ്പോൾ പള്ളി പരിപാലനം ഞാനും സ്വീകരിച്ചിരുന്നു. ആഴമുള്ള കിണറ്റിൽനിന്ന് വെള്ളം കോരി വേണം ഹൗള് നിറക്കാൻ. അത് വല്ലാത്തൊരു കാലമാണ്. ഇങ്ങനെ പള്ളി പരിപാലനത്തിലൂടെയും മദ്റസാ അധ്യാപനത്തിലൂടെയും കിട്ടുന്നതായിരുന്നു എന്റെ കുടുംബത്തിന്റെ  ജീവിതമാർഗം.

അല്ലാഹുവിന്റെ അനുഗ്രഹത്താൽ എന്റെ പള്ളിദർസ് ജീവിതം ഏറെ മികച്ചതായിരുന്നു. എന്നിൽ വൈജ്ഞാനികമായും ഈമാനികമായും എന്തെല്ലാം ഗുണങ്ങളുണ്ടോ, അതെല്ലാം പള്ളിദർസ് വിദ്യാഭ്യാസത്തിൽനിന്ന് കിട്ടിയതാണ്. ജമാഅത്തിൽ വന്നശേഷം ആ ഗുണങ്ങൾ വളരുകയാണ് ചെയ്തത്. അടിത്തറ പള്ളിദർസാണ്. ജമാഅത്തിന്റെ പുസ്തകങ്ങൾ വായിച്ച് പഠിക്കുമ്പോൾ, അതിലുള്ള കാര്യങ്ങൾ പെട്ടെന്ന് ഉൾക്കാള്ളാനായത് പള്ളിദർസ് പഠനത്തിന്റെ അടിത്തറ ഉള്ളതുകൊണ്ടു കൂടിയാണ്. പിൽക്കാലത്ത്, പ്രിലിമിനറി എൻട്രൻസ്, ഡിപ്ലോമ കോഴ്സുകളിലെ വിദ്യാർഥികൾക്ക് ക്ലാസ്സെടുത്തിരുന്നതും, ജമാഅത്ത് പരിപാടികളിലെ ഇസ് ലാമിക പഠന ക്ലാസ്സുകൾ കൈകാര്യം ചെയ്തിരുന്നതും മറ്റും ഈ പള്ളിദർസ് യോഗ്യതകളും അതിന്റെ അടിത്തറയിൽ വായിച്ചുണ്ടാക്കിയ അറിവുകളും ഉപയോഗപ്പെടുത്തിയാണ്.

മുജാഹിദ് - ജമാഅത്ത് സ്ഥാപനങ്ങളിൽ പഠിപ്പിക്കുമ്പോൾ, പള്ളിദർസിൽനിന്ന് കിട്ടിയ അറിവും രീതികളും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, നഹ്്വ് അഥവാ അറബി ഗ്രാമർ. പള്ളിദർസിൽ ചില ഉസ്താദുമാർ നല്ല രീതിയിൽ നഹ്്വ് പഠിപ്പിക്കുമായിരുന്നു. ഈ രീതി ഞാനും മാതൃകയാക്കിയിട്ടുണ്ട്. പിൽക്കാലത്ത് നമ്മുടെ ഇസ് ലാമിക കലാലയങ്ങളിൽ അവ്വിധം നഹ്്വ് പഠിപ്പിക്കുന്നില്ല എന്നതും, അതിന്റെ പ്രയാസങ്ങൾ നാം അനുഭവിക്കുന്നു എന്നതും യാഥാർഥ്യമാണ്. പുതിയ കാലത്ത് നിലവിലുള്ള പള്ളിദർസുകളിലും ഇതൊക്കെത്തന്നെയാണ് അവസ്ഥ എന്നാണ് എനിക്ക് തോന്നുന്നത്. നഹ്്വും സ്വർഫും ബലാഗയും പഠിച്ചാൽ മാത്രമേ ഇസ് ലാമിക വിജ്ഞാനീയങ്ങളിൽ ഉയർന്നു പോകാൻ കഴിയൂ എന്ന് നാം മനസ്സിലാക്കണം. l
(തുടരും) 

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 32-34
ടി.കെ ഉബൈദ്

ഹദീസ്‌

ഒരു ലക്ഷം ദിർഹമിനെ പിന്നിലാക്കിയ ഒരു ദിർഹം
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്