Prabodhanm Weekly

Pages

Search

2024 ഫെബ്രുവരി 02

3338

1445 റജബ് 21

ഗസ്സ രചിച്ചുകൊണ്ടിരിക്കുന്നത് വീരേതിഹാസം

ഇസ്മാഈൽ ഹനിയ്യ

ഫലസ്ത്വീൻ ജിഹാദിനെ/വിമോചനപ്പോരാട്ടത്തെ രൂപപ്പെടുത്തുന്നതിൽ മൗലിക സംഭാവനകൾ നൽകിയവരാണ് പണ്ഡിത സമൂഹം. ജിഹാദിന്റെ രണഭൂമികളിൽ രക്തസാക്ഷികളായി വീണവരുണ്ട് അക്കൂട്ടത്തിൽ. നമുക്ക് മുന്നിൽ ഇപ്പോൾ ഉലമാക്കളുണ്ട്, ശുഹദാക്കളുമുണ്ട്. പണ്ഡിതൻമാർ പ്രവാചകൻമാരുടെ അനന്തരാവകാശികളാണ്. ശഹാദത്ത് അഥവാ രക്തസാക്ഷ്യം ഇസ് ലാമിക സമൂഹത്തിന്റെ ഏറ്റവും സുപ്രധാനമായ സവിശേഷ ഗുണങ്ങളിലൊന്നുമാണ്. രക്തസാക്ഷ്യം നെഞ്ചേറ്റിയ സമൂഹം (ഉമ്മത്തുശ്ശഹാദ) എന്ന് നമുക്കതിനെ വിശേഷിപ്പിക്കാം. റസൂലിന്റെയും സ്വഹാബത്തിന്റെയും കാലം മുതൽക്ക് ഇത് രക്തസാക്ഷികളുടെ സമൂഹമാണ്. ചരിത്രത്തിന്റെ എല്ലാ ദശാസന്ധികളിലും രക്തസാക്ഷികൾ തങ്ങളുടെ ദൗത്യം നിർവഹിച്ചു വന്നിട്ടുണ്ട്. അതുകൊണ്ടാണ് ഭൂരിപക്ഷം സ്വഹാബികളും മറവ് ചെയ്യപ്പെട്ടത് മക്കക്കും മദീനക്കും അറേബ്യൻ ഉപദ്വീപിന് തന്നെയും പുറത്തുള്ള പ്രദേശങ്ങളിലായത്. ഇസ് ലാം വിവിധ നാടുകളിലേക്കും ജനപദങ്ങളിലേക്കും മുന്നേറിയപ്പോൾ ആ ജൈത്ര യാത്രയെ മുന്നിൽനിന്ന് നയിച്ചത് സ്വഹാബികളായിരുന്നു. അവർ രക്തസാക്ഷികളുടെ ആദ്യ തലമുറയായിരുന്നു. അങ്ങനെ അവരുടെ മഖ്ബറകൾ പുതുതായി ഇസ് ലാമിന് കീഴിൽ വന്ന പ്രദേശങ്ങളിലായിത്തീർന്നു. അതുകൊണ്ടാണ് ഇത് പോരാട്ടത്തിന്റെയും രക്തസാക്ഷ്യത്തിന്റെയും സമൂഹമാണെന്ന് പറയുന്നത്. ഉലമാക്കൾ ആ സമൂഹത്തിന്റെ മഷിയും രക്തവുമാണ്.

ഇപ്പോൾ ഫലസ്ത്വീൻ, പ്രത്യേകിച്ച് ഗസ്സ രചിച്ചുകൊണ്ടിരിക്കുന്ന വീരേതിഹാസത്തിൽ നാം അടയാളപ്പെടുത്തിവെക്കേണ്ട ഒരു പാട് കാര്യങ്ങളുണ്ട്. ഒന്ന്: എന്തുകൊണ്ട് ത്വൂഫാനുൽ അഖ്സ്വാ? എന്തുകൊണ്ട് ഫലസ്ത്വീനിയൻ വിമോചനപ്പോരാട്ടത്തിന് ഇത്രക്ക് വലിയ ഒരു ദിശാമാറ്റം സംഭവിച്ചു? ഇതിന് മറുപടി പറയുന്നതിന് മുമ്പ്, ത്വൂഫാനുൽ അഖ്സ്വാക്ക് മുമ്പുണ്ടായ മൂന്ന് സംഭവവികാസങ്ങളെക്കുറിച്ച് പറയേണ്ടതുണ്ട്. ഫലസ്ത്വീൻ പ്രശ്നത്തെ ഓരങ്ങളിലേക്ക് തള്ളിമാറ്റി എന്നതാണ് അതിൽ ആദ്യത്തേത്. അന്താരാഷ്ട്ര സമൂഹമോ കൂട്ടായ്മകളോ ഫലസ്ത്വീൻ പ്രശ്നത്തെ മുഖവിലക്കെടുക്കുന്നുണ്ടായിരുന്നില്ല. സയണിസ്റ്റുകളുടെ ആഗ്രഹാഭിലാഷങ്ങൾ പ്രകാരമാണ് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരുന്നത്. ദ്വിരാഷ്ട്ര പരിഹാരത്തെക്കുറിച്ച് പോലും ആരും സംസാരിക്കുന്നുണ്ടായിരുന്നില്ല. ലോക കാര്യങ്ങൾ തീരുമാനിക്കപ്പെടുന്ന ഇടങ്ങളിൽനിന്നൊക്കെ അത് പുറന്തള്ളപ്പെട്ടു കഴിഞ്ഞിരുന്നു. ഫലസ്ത്വീൻ പ്രശ്നത്തിന്റെ പൂർണമായ അരികുവൽക്കരണം. രണ്ടാമത്തേത്, സയണിസ്റ്റ് രാജ്യത്തിനകത്ത് അതിതീവ്ര കക്ഷികൾ അധികാരത്തിലെത്തി എന്നതാണ്. മതതീവ്രത മാത്രമല്ല, തീവ്ര ദേശീയതയും കൊണ്ടുനടക്കുന്ന കക്ഷികൾ. ഖുദ്സ് - അഖ്സ്വാ പോരാട്ടത്തിന് എത്രയും വേഗം തീർപ്പുണ്ടാക്കുക എന്നതാണ് ഈ തീവ്ര വലതു പക്ഷത്തിന്റെ ആദ്യ മുൻഗണനകളിൽ വരുന്ന ഒരു കാര്യം. വെസ്റ്റ് ബാങ്കിനെ ജൂതവൽക്കരിക്കുക എന്നതും ഗസ്സക്കെതിരെ ഏർപ്പെടുത്തിയ ഉപരോധം തുടരുക എന്നതും ആ മുൻഗണനകളിൽ വരും. അവരുടെ പ്ലാനിൽ ഏറ്റവും മാരകമായത്, ഫലസ്ത്വീനികളെ വെസ്റ്റ് ബാങ്കിൽനിന്ന്  ജോർദാനിലേക്കും ഗസ്സയിൽനിന്ന് ഈജിപ്തിലേക്കും ആട്ടിയോടിക്കുക എന്നതാണ്. ഇസ്രയേലി സമൂഹത്തിൽ ദേശീയതയിലും മതപരതയിലും വന്നിട്ടുള്ള മാറ്റത്തിന്റെ പ്രതിഫലനമാണിത്. ഈ തീവ്ര ദേശീയ ഭരണകൂടം നിലവിൽവന്ന അന്നുമുതൽ ഈ പ്ലാനുകളെല്ലാം നടപ്പാക്കാൻ തുടങ്ങി. വിശുദ്ധ അഖ്സ്വാ പള്ളിയിൽ നടന്നതൊക്കെ നാം കണ്ടതാണ്. ഗസ്സ പതിനേഴ് വർഷമായി കടുത്ത ഉപരോധം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഫലസ്ത്വീനികളിൽ ആയിരങ്ങളാണ് ഇസ്രയേലി തടവറയിലേക്ക് തള്ളപ്പെടുന്നത്. മസ്ജിദുൽ അഖ്സ്വാ തകർക്കാൻ തന്നെയാണ് അവരുടെ പദ്ധതിയെന്നും വ്യക്തമായിക്കഴിഞ്ഞിരുന്നു. ഏറ്റവും ചുരുങ്ങിയത്, മസ്ജിദുൽ അഖ്സ്വാ പൂർണമായി സയണിസ്റ്റ് നിയന്ത്രണത്തിൽ കൊണ്ടുവരണമെന്ന് അവർ തീരുമാനമെടുത്തുകഴിഞ്ഞിരുന്നു. മൂന്നാമത്തെ അപകടകരമായ പരിണാമം, രാഷ്ട്രീയ പ്രക്രിയയെ പിന്നിലേക്ക് മാറ്റിവെക്കുക എന്നതായിരുന്നു. നോർമലൈസേഷൻ / തത്വ്്ബീഅ് എന്നാണ് ഈ നീക്കം അറിയപ്പെടുന്നത്. അതായത്, സയണിസ്റ്റ് സ്വരൂപത്തെ മേഖലയിൽ നിയമാനുസൃതമായി കുടിയിരുത്തുക. അതുമായുള്ള സകല ഇടപാടുകളും നിയമാനുസൃതമാക്കുക. ഇസ് ലാമിക സമൂഹം ഇന്നു വരെ ഉയർത്തിപ്പിടിച്ച അടിസ്ഥാന തത്ത്വങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമായിരുന്നു ഇസ്രയേലുമായുള്ള ബന്ധങ്ങളെ ഈ വിധം സ്വാഭാവികവൽക്കരിക്കൽ. ഫലസ്ത്വീനികളുടെ ചെലവിൽ മേഖലയിൽ സമാധാനമുണ്ടാക്കുക എന്ന ഇസ്രയേൽ പദ്ധതിയുടെ നടത്തിപ്പായിരുന്നു യഥാർഥത്തിലത്. മേഖലയിലെ പല തലസ്ഥാനങ്ങളിലും നോർമലൈസേഷൻ ആയിരുന്നു തിരക്കിട്ട ചർച്ച. പിന്നെ ഈ തലസ്ഥാന നഗരികൾ ഇസ്രയേലുമായി സൈനിക- സുരക്ഷാ കരാറുകളിൽ ഏർപ്പെട്ടു. ഇസ്രയേലാണ് ഈ സഖ്യങ്ങളുടെയൊക്കെയും അച്ചുതണ്ട്. ഈ മൂന്ന് നീക്കങ്ങളും ഫലസ്ത്വീൻ പ്രശ്നത്തെ ആഗോള തലത്തിൽ തന്നെ അരികിലേക്ക് തള്ളിമാറ്റാനും അങ്ങനെ അതിനെ കുഴിച്ചുമൂടാനും വേണ്ടിയുള്ളതായിരുന്നു.

 അധിനിവേശത്തിനെതിരെ ഞങ്ങൾ ഫലസ്ത്വീനികളുടെ പോരാട്ടം, അതിൽ എല്ലാ പോരാട്ട സംഘങ്ങളുമുണ്ട്; അവയുടെ മുൻനിരയിലാണ് ഹമാസ്. പ്രതിരോധത്തിന്റെതായ പരമ്പരാഗത, ക്ലാസിക്കൽ ചെറുത്തുനിൽപ്പു രീതികളെ അപ്രസക്തമാക്കുന്ന, അല്ലാഹുവിന്റെ വചനങ്ങളെ അന്വർഥമാക്കുന്ന പോരാട്ടമാണ് ഹമാസ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ഖുർആൻ പറഞ്ഞിട്ടുണ്ടല്ലോ: "ആ പ്രബലന്മാർക്കെതിരെ നിങ്ങൾ കവാടത്തിലൂടെ കടന്നുചെല്ലുവിൻ. അകത്തെത്തിച്ചേർന്നാൽ നിങ്ങൾ തന്നെയാണ് ജേതാക്കളാവുക" (അൽ മാഇദ 23). ഇന്ന് ത്വൂഫാനുൽ അഖ്സ്വാ ഫലസ്ത്വീൻ പോരാട്ട ചരിത്രത്തിലോ ഇസ് ലാമിക ചരിത്രത്തിലോ മാത്രമല്ല, മുഴുവൻ മാനവകുലത്തിന്റെയും ചരിത്രത്തിൽ നിർണായകമായ വഴിത്തിരിവായി നിലകൊള്ളുന്നു. 

ഇതാണ് ഒന്നാമത്തെ പോയന്റ്. രണ്ടാമത്തെ പോയന്റ്, യുദ്ധത്തിന്റെ തുടക്കത്തിലേ അതിന്റെ ലക്ഷ്യങ്ങളെന്ത് എന്ന് ശത്രു കൃത്യമായി നിർണയിച്ചിരുന്നു എന്നതാണ്. മൂന്നായിരുന്നു പ്രഖ്യാപിത ലക്ഷ്യങ്ങൾ. ഒന്ന്, ഹമാസിനെ ഇല്ലാതാക്കുക. മറ്റൊരു വാക്കിൽ, ചെറുത്തുനിൽപ്പിനെ ഇല്ലാതാക്കുക. രണ്ട്, ഹമാസിന്റെയും മറ്റു ചെറുത്തുനിൽപ്പ് പ്രസ്ഥാനങ്ങളുടെയും പിടിയിലുള്ള ബന്ദികളെ മോചിപ്പിക്കുക. മൂന്നാമത്തെ ലക്ഷ്യമാണ് ഏറ്റവും അപകടം പിടിച്ചത് - ഗസ്സക്കാരെ ഈജിപ്തിലേക്ക് ആട്ടിയോടിക്കുക. ഇതൊന്നും രഹസ്യ ലക്ഷ്യങ്ങളല്ല, ഇസ്രയേലും അമേരിക്കയും അവരുടെ കൂട്ടാളികളായ മറ്റു പാശ്ചാത്യ രാഷ്ട്രങ്ങളും പരസ്യമായി പ്രഖ്യാപിച്ചതാണ്. ഈ യുദ്ധം ഇസ്രയേൽ മാത്രമായി നടത്തുന്ന യുദ്ധവുമല്ല. അമേരിക്കൻ ഭരണകൂടം നേരിട്ട് ആക്രമണത്തിൽ പങ്കാളിയാവുകയാണ്. ചെറുത്തുനിൽപ്പിനെ ഇല്ലാതാക്കാനുള്ള കുതന്ത്രങ്ങൾക്ക് രൂപം നൽകുന്നതും അമേരിക്കയാണ്. ഈ കടന്നാക്രമണത്തിന്റെ അലയൊലികൾ നാം കാണാനിരിക്കുന്നതേയുള്ളൂ. ഈ മൂന്ന് ലക്ഷ്യങ്ങളും നേടാൻ ഈ നാസി പൈശാചിക സഖ്യം അതിന്റെ കൈയിലുള്ള മുഴുവൻ ശക്തിയും പ്രയോഗിച്ചു. സഹോദരൻമാരേ സഹോദരിമാരേ, നിങ്ങളറിയണം:

എഴുപതിനായിരത്തിലധികം ടൺ സ്ഫോടകവസ്തുക്കളാണ് (പ്രസംഗിക്കുന്ന ദിവസത്തെ കണക്ക് - വിവ:) ശത്രു ഗസ്സക്ക് മേൽ എറിഞ്ഞിരിക്കുന്നത്. ഹിരോഷിമയിലും നാഗസാക്കിയിലും എറിഞ്ഞ ബോംബുകളുടെ സ്ഫോടനശേഷിയുണ്ട് ഇവക്ക്.

യുദ്ധത്തിന് മൂന്നോ നാലോ ഘട്ടങ്ങൾ നിശ്ചയിച്ചിരുന്നു. ഒന്നാമത്തേത്, മുന്നൂറ്റി അറുപത് ചതുരശ്ര കിലോ മീറ്റർ മാത്രം വിസ്തൃതിയുള്ള ഗസ്സയിലെ ഒരിടവും ബാക്കി വെക്കാത്ത തരത്തിലുള്ള വ്യോമാക്രമണം. രണ്ടാമത്തെ ഘട്ടം കരയാക്രമണമാണ്. മൂന്നാമത്തെ ഘട്ടത്തിലേക്ക് കടക്കുമ്പോൾ ചെറുത്തുനിൽപ്പിന്റെ യാതൊന്നും അവശേഷിക്കാത്ത വിധത്തിൽ മുഖാവമയെ ഉൻമൂലനം ചെയ്യണം. നാലാമത്തെ ഘട്ടം രാഷ്ട്രീയ തീരുമാനങ്ങളുടേതാണ്. അതായത് ഹമാസില്ലാത്ത, പ്രതിരോധ സംഘങ്ങളിലാത്ത ഗസ്സ എന്ന രാഷ്ട്രീയ വിഭാവന. ചെറുത്തുനിൽപ്പ് നൂറ് ദിവസം പിന്നിട്ടുകഴിഞ്ഞ ഈ സന്ദർഭത്തിൽ ഉയരുന്ന ഒരു ചോദ്യമുണ്ട്: ശത്രു അതിന്റെ പ്രഖ്യാപിത സൈനിക ലക്ഷ്യങ്ങളിൽ ഏതെങ്കിലുമൊന്ന് നേടിയോ? ഞാൻ നിങ്ങളോട് ഉറപ്പിച്ച് പറയുന്നു, ഇത്ര ഭീകരമായ കൂട്ടക്കൊലകൾ നടത്തിയിട്ടും, അടിസ്ഥാന സംവിധാനങ്ങൾ പാടേ തകർത്തെറിഞ്ഞിട്ടും ഇപ്പറഞ്ഞ ലക്ഷ്യങ്ങളിൽ ഒന്നുപോലും ശത്രുവിന് നേടാനായിട്ടില്ല.

അവർ പറഞ്ഞു, ഹമാസിനെ ഞങ്ങൾ തകർത്തെറിയും. യാതൊരു അടിസ്ഥാനവുമില്ലാത്ത അവരുടെ മനസ്സിലെ പൂതി മാത്രമാണത്. 'ഹമാസ് അന്നാസ് ' (ഹമാസ് എന്നാൽ ജനങ്ങളാണ്). ഗസ്സയിലോ വെസ്റ്റ് ബാങ്കിലോ മാത്രമല്ല, ലോകത്തിന്റെ പല ഭാഗങ്ങളിലായി ചിതറിപ്പോയ ഫലസ്ത്വീനി വംശജരുടെയോ മുഴുവൻ മുസ്ലിം ഉമ്മത്തിന്റെയോ ഹൃദയാന്തരാളങ്ങളിൽ മാത്രമല്ല, നീതിക്കായി പൊരുതുന്ന മുഴുവൻ മനുഷ്യരുടെയും മനസ്സുകളിൽ ഹമാസ് ജീവിക്കുകയാണ്. ലോകത്തിന്റെ ഏത് മുക്കുമൂലയിലുള്ള വീട്ടിലേക്കും ഇന്ന് ഹമാസ് എന്ന വാക്ക് കടന്നുവന്നിരിക്കുകയാണ്. ആറ് ഭൂഖണ്ഡങ്ങളിലെയും വാർത്തകളിൽ ഫലസ്ത്വീൻ, മുഖാവമ, ഹമാസ്, ഗസ്സ, വംശഹത്യ തുടങ്ങിയ വാക്കുകൾ നിറഞ്ഞുനിൽക്കുകയാണ്. അല്ലാഹുവിന്റെ ഈ വചനം സത്യമായി പുലരുകയാണ്: " സ്വന്തം വായകൊണ്ട് അല്ലാഹുവിന്റെ പ്രകാശം ഊതിക്കെടുത്താമെന്ന് അവർ വിചാരിക്കുന്നു. അധർമികൾ വെറുത്താലും അല്ലാഹു അവന്റെ പ്രകാശം പൂർണതയിലെത്തിക്കുക തന്നെ ചെയ്യും." പ്രതിരോധ സംഘങ്ങളുടെ റോക്കറ്റുകൾ നിർവീര്യമാക്കാമെന്ന് അവർ കരുതുന്നു. പക്ഷേ, ആ റോക്കറ്റുകളുടെ ദൗത്യം അല്ലാഹു പൂർത്തീകരിക്കുക തന്നെ ചെയ്യും. രണ്ടാമത്തെ കാര്യം, തടവിലാക്കപ്പെട്ട സൈനികരുടെ മോചനമാണ്. അത്യന്താധുനിക രഹസ്യാന്വേഷണ സംവിധാനങ്ങൾ അവരുടെ പക്കലുണ്ട്. പാശ്ചാത്യ രാജ്യങ്ങളുടെ ചാരവിമാനങ്ങൾ തടവുകാരെ ഒളിപ്പിച്ചത് എവിടെ എന്ന് കണ്ടെത്താൻ ഗസ്സക്ക് മുകളിൽ വട്ടമിടുകയാണ്. പക്ഷേ, ഒരു തടവുകാരനെപ്പോലും അവർക്ക് കണ്ടെത്താനായില്ല. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നപ്പോൾ കരാർ വ്യവസ്ഥകൾ പ്രകാരം കൈമാറിയ തടവുകാരല്ലാതെ മറ്റു തടവുകാർ എവിടെയെന്ന് പോലും അവർക്ക് നിശ്ചയമില്ല. ഞാൻ അവരോട് പറയുന്നു, നിങ്ങളുടെ തടവറയിലുള്ള മുഴുവൻ ഫലസ്ത്വീനികളെയും വിട്ടയക്കാതെ ഞങ്ങൾ നിങ്ങളുടെ തടവുകാരെ വിട്ടയക്കുന്ന പ്രശ്നമില്ല.

ഗസ്സക്കാരെ ആട്ടിയോടിക്കാനുള്ള പദ്ധതിയും പൊളിഞ്ഞു. കാരണം, ഫലസ്ത്വീനികൾ ഈ വിശുദ്ധ ഭൂമിയിൽ ആഴത്തിൽ വേരുകളാഴ്ത്തിയവരാണ്. ഒരു കാര്യം വ്യക്തമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു: ഇനിയൊരിക്കലും 1948 'നക്ബ' ആവർത്തിക്കില്ല. ഞങ്ങൾ പലായനം ചെയ്യില്ല. ഞങ്ങളുടെ ഭൂമി വിട്ട് ഞങ്ങൾ എങ്ങോട്ടും പോകുന്നില്ല. ശരിയാണ്, അതിഭീകരമായ വംശഹത്യയാണ് നടന്നുകൊണ്ടിരിക്കുന്നത്. പത്തിലധികം അംഗങ്ങളുള്ള 450 കുടുംബങ്ങൾ അപ്പാടെ തുടച്ചുനീക്കപ്പെട്ടിരിക്കുന്നു. നൂറ്റിതൊണ്ണൂറ്റിരണ്ട് പേർ ശഹീദായ കുടുംബങ്ങൾ വരെയുണ്ട്. ഇനിയുള്ള ജീവിതം ഖുദ്സിന് സമർപ്പിതം, ഫലസ്ത്വീൻ മുഖാവമക്ക് സമർപ്പിതം എന്ന് വിളിച്ചുപറയാൻ ആ കുടുംബങ്ങളിൽ ഒന്നോ രണ്ടോ പേർ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് എഴുന്നേറ്റ് വന്നിട്ടുണ്ടാവാം. ത്വൂഫാനുൽ അഖ്സ്വാക്ക് ശേഷം  ഫലസ്ത്വീനികൾ ഗസ്സ വിട്ടുപോവുകയല്ല ചെയ്തത്. പുറനാടുകളിൽ താമസിക്കുകയായിരുന്ന ഗസ്സക്കാർ വരെ ഗസ്സയിലേക്ക് തിരിച്ചുവരികയായിരുന്നു. അതുകൊണ്ട് സഹോദരൻമാരേ സഹോദരിമാരേ, മുന്നോട്ട് വെച്ച ഒരു ലക്ഷ്യം പോലും നേടാനാവാതെ ശത്രു പൂർണമായി പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഒരു കാര്യത്തിൽ മാത്രമാണ് ശത്രു വിജയിച്ചിട്ടുള്ളത്. നിരപരാധികളുടെ ചോര തെറിച്ച അതിന്റെ കൊലയാളി മുഖം ലോകത്തിന് മുമ്പിൽ പ്രദർശിപ്പിക്കുന്നതിൽ മാത്രം. അത് ധാർമികതയുടെയോ മൂല്യബോധത്തിന്റെയോ ജനാധിപത്യത്തിന്റെയോ മുഖമല്ലെന്ന് ത്വൂഫാനുൽ അഖ്സ്വാ ലോകത്തിന് കാണിച്ചു കൊടുത്തു.
മൂന്നാമത്തെ പോയന്റ്, ഗസ്സയിൽ മാത്രമല്ല വെസ്റ്റ് ബാങ്കിലും നടക്കുന്നത് വളരെ ഭീതിജനകമായ സംഭവങ്ങളാണ് എന്നതാണ്. ത്വൂഫാനുൽ അഖ്സ്വാക്ക് ശേഷം വെസ്റ്റ് ബാങ്കിൽ മാത്രം മുന്നൂറ്റി അമ്പതിലേറെ രക്തസാക്ഷികളുണ്ടായി. ഓരോ ദിവസവും വീടുകൾ, സ്വത്തുക്കൾ അധിനിവേശ സേന കൈയേറുന്നു. അടുത്ത ദിവസമാണ് നാല് പേർ ശഹീദായത്. നാല് മക്കളെ നഷ്ടപ്പെട്ട അവരുടെ ഉമ്മ ചരിത്രത്തിലെ ഖൻസാഇനെപ്പോലെ ധീരയായി നിലകൊണ്ടു.  ഖുദ്സിലും അഖ്സ്വായിലുമൊക്കെയുള്ള പോരാട്ടങ്ങളും രക്തസാക്ഷ്യങ്ങളും നാം ചേർത്തു വായിക്കണം. ഗസ്സയിൽ അൽ ഖസ്സ്വാം ഉൾപ്പെടെയുള്ള പോരാളി സംഘങ്ങൾ രണ്ട് യുദ്ധമുഖങ്ങളാണ് തുറന്നിരിക്കുന്നത്. ഗസ്സക്കകത്ത് അവർ ശത്രുവിന് കനത്ത നാശനഷ്ടങ്ങൾ ഏൽപ്പിച്ചുകൊണ്ടിരിക്കുന്നു. നാശനഷ്ടങ്ങളെക്കുറിച്ച് ഇസ്രയേൽ പുറത്തുവിടുന്ന കണക്കുകളൊന്നും സത്യസന്ധമല്ല. അൽ ഖസ്സ്വാമും മറ്റു പോരാളി സംഘങ്ങളും പുറത്തുവിടുന്ന വീഡിയോകളിൽ പോലും ചില ഭാഗങ്ങളിലെ ഓപ്പറേഷനുകൾ മാത്രമേ ചിത്രീകരിക്കുന്നുള്ളൂ. അവയും അധിനിവേശ സൈന്യത്തിന്റെ നഷ്ടക്കണക്കുകൾ പൂർണമായി നൽകുന്നില്ല. എല്ലാം ചിത്രീകരിക്കാൻ കഴിയില്ലല്ലോ. എന്നാൽ, നഷ്ടങ്ങളുടെയും മരണങ്ങളുടെയും യഥാർഥ കണക്ക് ഇസ്രായേലിനറിയാം. ഞാനിവിടെ പ്രസംഗിക്കുന്നതിന്റെ തലേ ദിവസം ഇസ്രയേൽ പറഞ്ഞത്, ഞങ്ങൾക്കിന്ന് ഏറ്റവും കഠിനമായ ദിവസമായിരുന്നു എന്നാണ്. ഫലസ്ത്വീൻ പോരാളികൾ എല്ലാ മേഖലകളിൽനിന്നും അവരെ തുരത്തിയോടിക്കുകയാണ്. ഞാൻ നിങ്ങളോട് പറയുന്നു, പോരാട്ട മുന്നണി വളരെ ശക്തമാണ്. വളരെ ഒത്തൊരുമയോടെ, നമുക്ക് വലിയ പ്രതീക്ഷകൾ നൽകിയാണ് അവർ മുന്നോട്ട് പോകുന്നത്. അവർക്ക് കൃത്യമായ പ്ലാനും സ്ട്രാറ്റജിയുമുണ്ട്. ശക്തമായ നേതൃത്വമുണ്ട്. മുസ് ലിം സമൂഹത്തിനും സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്ന മുഴുവൻ ജനസമൂഹങ്ങൾക്കും ഗസ്സ പോരാളികൾ അഭിമാനമാണ്. ഗസ്സയുടെ രണ്ടാമത്തെ പോരാട്ടമുഖം സിവിലിയൻ മേഖലകളിലാണ്. മനുഷ്യർ കൂട്ടത്തോടെ മരിച്ചുവീഴുകയാണ്. ഞെട്ടിക്കുന്ന മാനുഷിക ദുരന്തമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഈ രണ്ട് മേഖലകളിലും ലോക മുസ് ലിം സമൂഹത്തിനും അവരിലെ പണ്ഡിതൻമാർക്കും വലിയ റോൾ നിർവഹിക്കാനുണ്ട്. മുഖാവമയെ എല്ലാ അർഥത്തിലും പിന്തുണച്ചുകൊണ്ടാണ് അവരത് നിർവഹിക്കേണ്ടത്. ശത്രുവിന് നാനാഭാഗത്തുനിന്നും ആയുധങ്ങൾ വന്നുകൊണ്ടേയിരിക്കുന്നു. ലോകത്ത് ആരെയും അവർക്ക് പേടിക്കേണ്ടതായിട്ടില്ല. അതിനാൽ, ത്വൂഫാനുൽ അഖ്സ്വാക്ക് ഒപ്പം നിൽക്കുക എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ ബാധ്യതയായി(ഫർദ് ഐൻ)ത്തീർന്നിരിക്കുന്നു. ഇത് ഗസ്സക്ക് വേണ്ടിയുള്ള പോരാട്ടമല്ല; ഖുദ്സിനും അഖ്സ്വാക്കും വേണ്ടിയുള്ള പോരാട്ടമാണ്. പണ്ഡിതൻമാരേ നേതാക്കളേ, ഇതു പോലുള്ള അവസരം വളരെ അപൂർവമായേ ചരിത്രം നമുക്ക് ഒരുക്കിത്തരാറുള്ളൂ. അത് നഷ്ടപ്പെടുത്താതിരിക്കാൻ നിങ്ങൾ ശ്രദ്ധവെക്കണം. കാരണം, ഇത്തരമൊരു അവസരം ഇനി ഒത്തുവരിക എത്ര പതിറ്റാണ്ടുകൾ കഴിഞ്ഞാണെന്ന് നമുക്കറിയില്ല.

നാലാമത്തെ പോയന്റ്, എന്താണ് നമുക്ക് ചെയ്യാനുള്ളത് എന്നതാണ്. പശ്ചിമേഷ്യ മുഴുവൻ ഇപ്പോൾ സംഘർഷഭരിതമാണ്. ലബ്നാനിലും മറ്റു അയൽപ്രദേശങ്ങളിലും നമ്മുടെ സഹോദരൻമാർ ത്വൂഫാനുൽ അഖ്സ്വായെ ശക്തിപ്പെടുത്താൻ പൊരുതിക്കൊണ്ടിരിക്കുന്നു. എന്നല്ല, ലോക ജനസഞ്ചയങ്ങൾ ഫലസ്ത്വീനികൾക്ക് വേണ്ടി രംഗത്തിറങ്ങുന്നു. ഇതെല്ലാം ലോകം ഈ പോരാട്ടത്തിന് നൽകുന്ന സ്ഥാനമെത്രയാണെന്ന് വെളിപ്പെടുത്തുന്നു. സഹോദരൻമാരേ, സമയം നമുക്ക് അനുകൂലമാണ്. നിങ്ങളോർക്കണം, ത്വൂഫാനുൽ അഖ്സ്വായുടെ തുടക്ക ദിനങ്ങളിൽ, പല നാടുകളിലെയും അധികൃതർ അന്നാട്ടിലെ ഫലസ്ത്വീൻ വംശജരെ വിളിച്ചുവരുത്തി ഫലസ്ത്വീൻ പതാക ഉയർത്തിപ്പോകരുതെന്ന് കർശന നിർദേശം നൽകിയിരുന്നു. അതേ നാടുകളുടെ ഭാഷ ഇന്ന് മാറിക്കഴിഞ്ഞു. അവർ സ്വരം മാറ്റാൻ എന്താണ് കാരണം? ലോക മനസ്സ് തന്നെ മാറിക്കഴിഞ്ഞല്ലോ. പോരാളികളുടെ ഉറച്ചുനിൽപ്പ് തന്നെ. ഇത് മുമ്പിൽ വെച്ചാണ് സ്ട്രാറ്റജികളും കർമപരിപാടികളും രൂപപ്പെടുത്തേണ്ടത്. 

പണ്ഡിതൻമാർക്ക് മറ്റൊരു ദൗത്യവും കൂടി നിർവഹിക്കാനുണ്ട്: അവർ നാട്ടിൽ തിരിച്ചെത്തിയാൽ അതത് നാട്ടിലെ ഉത്തരവാദപ്പെട്ടവരെ ചെന്ന് കാണണം. ഭരണാധികാരികളുമായി മാത്രമല്ല, രാഷ്ട്രീയ കക്ഷികളുമായും സിവിൽ സംഘടനകളുമായും സ്ഥാപനാധികാരികളുമായും അവർ സംവദിക്കണം. ഗസ്സക്ക് നമ്മുടെ കേവല സംഭാവനകൾ മതിയാവുകയില്ല. ധനം കൊണ്ടുള്ള ജിഹാദാണ് ഇപ്പോൾ ആവശ്യമായിട്ടുള്ളത്. ഈയൊരു സംസ്കാരം സമൂഹത്തിൽ വളർത്തിയെടുക്കേണ്ട സന്ദർഭമാണിത്. l

(ഹമാസിന്റെ രാഷ്ട്രീയ കാര്യ അധ്യക്ഷൻ ഇസ്മാഈൽ ഹനിയ്യ, ദോഹയിൽ ചേർന്ന അന്താരാഷ്ട്ര മുസ് ലിം പണ്ഡിത സഭ ആറാം അന്താരാഷ്ട്ര സമ്മേളനത്തിൽ ചെയ്ത പ്രസംഗം)

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 32-34
ടി.കെ ഉബൈദ്

ഹദീസ്‌

ഒരു ലക്ഷം ദിർഹമിനെ പിന്നിലാക്കിയ ഒരു ദിർഹം
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്