Prabodhanm Weekly

Pages

Search

2024 ഫെബ്രുവരി 02

3338

1445 റജബ് 21

ഇസ്്ലാമിക സൗന്ദര്യത്തെ അടയാളപ്പെടുത്തുന്ന സകാത്ത് സംവിധാനങ്ങൾ

പി. മുജീബുർറഹ്മാൻ (അമീർ, ജമാഅത്തെ ഇസ് ലാമി, കേരള)

ഖലീഫാ ഉമറി(റ)ന്റെ ഭരണകാലം. മുആദുബ്നു ജബല്‍ (റ) ആണ് യമനിലെ ഗവര്‍ണര്‍. ആ വര്‍ഷം ജനങ്ങളില്‍നിന്ന് ഈടാക്കിയ സകാത്തിന്റെ മൂന്നിലൊന്ന് ഇസ് ലാമിക രാഷ്ട്രത്തിന്റെ ആസ്ഥാനമായ മദീനയിലെത്തുന്നു. കാര്യമന്വേഷിച്ച ഖലീഫയ്ക്ക് കിട്ടിയ മറുപടി യമനില്‍ സകാത്ത് സ്വീകരിക്കാനാളില്ല എന്നായിരുന്നു.

ദരിദ്രരും അഗതികളും ഉള്‍പ്പെടെ സകാത്തിന് എട്ട് അവകാശികളെയാണ് ഇസ് ലാം നിര്‍ണയിച്ചത്. അവര്‍ക്കൊന്നും സകാത്ത് വിഹിതം ആവശ്യമില്ലാത്ത നാടായി ഏതാനും വര്‍ഷങ്ങള്‍ക്കകം തന്നെ യമന്‍ മാറിയെന്നര്‍ഥം. ഒരു നാടിനെയും സമൂഹത്തെയും സമ്പദ്‌സമൃദ്ധമാക്കുന്ന ഇങ്ങനെയൊരു സാമ്പത്തിക പദ്ധതി അറിയപ്പെട്ട ചരിത്രത്തില്‍ മനുഷ്യാനുഭവത്തിലില്ല. ഇത് ഇഹലോകത്തെ കാര്യം. ഇനി പരലോകത്തെ കാര്യമോ, സകാത്ത് നല്‍കുന്നവര്‍ സ്വര്‍ഗലോകത്ത് ആദരിക്കപ്പെടുന്നവരാണ് (ഖുര്‍ആന്‍ - 70: 35).

 നബിയുടെ അനുചരന്‍മാരുടെ മനോഹരമായ ഒരനുഭവമുണ്ട്. അബൂ ഹുറയ്റ(റ)യില്‍നിന്ന് നിവേദനം: ''ഒരു അഅ്‌റാബി നബി(സ)യുടെ അടുക്കല്‍ വന്നു. അദ്ദേഹം പറഞ്ഞു: ഞാന്‍ ചെയ്താല്‍ എനിക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ ഉതകുന്ന ഒരു കർമം അറിയിച്ചു തരിക. നബി (സ) പറഞ്ഞു: നീ അല്ലാഹുവിനെ ആരാധിക്കുക, അവനില്‍ യാതൊന്നിനെയും പങ്ക് ചേര്‍ക്കാതിരിക്കുക. നിര്‍ബന്ധ നമസ്‌കാരങ്ങള്‍ കൃത്യമായി നിർവഹിക്കുക, നിര്‍ബന്ധ (ദാനമായ) സകാത്ത് കൊടുത്തുവീട്ടുക, റമദാനില്‍ നോമ്പ് അനുഷ്ഠിക്കുക. അയാള്‍ പറഞ്ഞു: എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവന്‍ (അല്ലാഹു) തന്നെയാണ് സത്യം, ഇതിനെക്കാള്‍ ഞാന്‍ യാതൊന്നും തന്നെ വർധിപ്പിക്കുകയില്ല. അയാള്‍ തിരിഞ്ഞു പോയപ്പോള്‍ നബി (സ) പറഞ്ഞു: സ്വര്‍ഗവാസികളില്‍ പെട്ട ഒരാളിലേക്ക് നോക്കുന്നത് ആര്‍ക്കെങ്കിലും സന്തോഷകരമാണെങ്കില്‍ അയാള്‍ ഇദ്ദേഹത്തിലേക്ക് നോക്കിക്കൊള്ളട്ടെ'' (ബുഖാരി 1397).

സകാത്ത് പോലെ ഇസ് ലാമിന്റെ സുന്ദര മുഖത്തെ ഇത്രമേല്‍ പ്രബോധനം ചെയ്യുന്ന ഒരു ആരാധനാ കര്‍മവുമില്ല.  സകാത്തിലൂടെ സമ്പദ്‌സമൃദ്ധമായ ഒരു സമൂഹം നിര്‍മിക്കപ്പെടുന്നു. അത് കൃത്യതയോടെ നല്‍കുന്നവര്‍ക്കാണ് അല്ലാഹുവിന്റെ സ്വര്‍ഗവും കാരുണ്യവുമുള്ളത്. ക്ഷേമസമൂഹത്തിന്റെ  നിര്‍മിതിയുടെയും ഇസ് ലാമിന്റെ സൗരഭ്യ പ്രകാശനത്തിന്റെയും മുന്നില്‍ വിഘാതം നില്‍ക്കുന്നു എന്നതിനാലാണ്, സകാത്ത് നല്‍കാന്‍ യോഗ്യതയുണ്ടായിട്ടും അതിന് സന്നദ്ധമാവാത്തവര്‍ക്ക്  കൊടിയ നരകശിക്ഷയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയത്.

ഇസ് ലാമിന്റെ അഞ്ച് സ്തംഭങ്ങളില്‍ ഒന്നാണ് സകാത്ത്. മറ്റേതൊരു ആരാധനാ കര്‍മവും പോലെ മുസ്‌ലിം സമുദായം ഒത്തുചേര്‍ന്ന് സംഘടിതമായാണ് സകാത്ത് ശേഖരിക്കേണ്ടതും വിതരണം ചെയ്യേണ്ടതും. നമസ്‌കാരത്തിന്റെയും നോമ്പിന്റെയും ഹജ്ജിന്റെയും കാര്യത്തില്‍ സമുദായത്തിന് ഈ ശ്രദ്ധ ഏറക്കുറെയുണ്ട്. എന്നാല്‍, സകാത്തിന്റെ കാര്യത്തില്‍ മുസ്‌ലിം ഉമ്മത്തിലെ ദീനീ ഭക്തര്‍ പോലും അലംഭാവം കാണിക്കുന്നു എന്ന് പറയേണ്ടിവരും. അതിനാല്‍ തന്നെ ശഹാദത്തുല്‍ ഹഖ് എന്ന അതിപ്രധാന ചുമതല നിര്‍വഹിക്കാനും നമുക്കാവുന്നില്ല. ഫലത്തില്‍ സകാത്തിന്റെ കാര്യത്തിലുള്ള അശ്രദ്ധ ദീനിന്റെ രണ്ട് സ്തംഭങ്ങളെ ദുര്‍ബലമാക്കുന്നു.

ഖുര്‍ആനില്‍ നമസ്‌കാരത്തോടൊപ്പം  അനേകം തവണ വിശ്വാസികളെ ഓര്‍മിപ്പിച്ച സകാത്തിന്റെ കാര്യത്തില്‍ എങ്ങനെയാണ് ഈ വീഴ്ച മുസ്‌ലിം സമുദായത്തിന് സംഭവിച്ചത്? സമ്പത്ത് എന്റേതാണ്, എന്റെ അധ്വാനത്തിലൂടെയും സാമര്‍ഥ്യത്തിലൂടെയും നേടിയെടുത്തതാണ് എന്ന ഭാവവും, അതിനോടുള്ള അതിരു കവിഞ്ഞ പ്രിയവും, നഷ്ടപ്പെടുമോ എന്ന ഭയവുമാണതിന് കാരണം. ഇസ് ലാം ഈ കാഴ്ചപ്പാടിനെ പാടേ നിരാകരിക്കുന്നുണ്ട്. സമ്പത്ത് അല്ലാഹുവിന്റെതാണ്. അവന്‍ ഉദ്ദേശിച്ചവര്‍ക്ക് അത് നല്‍കുന്നു, മനുഷ്യാധ്വാനവും സാമര്‍ഥ്യവുമൊക്കെ അതിന്റെ നിമിത്തം മാത്രം. ഉടമസ്ഥനായ അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ സമ്പത്തിന്റെ നിശ്ചിത വിഹിതം മറ്റുള്ളവര്‍ക്ക് നല്‍കണമെന്ന് കല്‍പിക്കുന്നു. ഇതാണ് ഇസ് ലാമിക കാഴ്ചപ്പാട്.

അധ്വാനിച്ചുണ്ടാക്കിയത് കുറഞ്ഞുപോകുമോ എന്ന മനുഷ്യസഹജമായ ആശങ്കയാണ് മറ്റൊന്ന്. ഖുര്‍ആന്‍ ആ നിലപാടിനെയും നിരാകരിക്കുന്നു.

''...അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കി നിങ്ങള്‍ വല്ലതും സകാത്തായി നല്‍കുന്ന പക്ഷം, അങ്ങനെ ചെയ്യുന്നവരത്രെ ഇരട്ടി സമ്പാദിക്കുന്നവര്‍''(ഖുര്‍ആന്‍ 30: 39).  സകാത്ത് നല്‍കുന്നതിലൂടെ സമ്പത്തില്‍ ഇരട്ടി വര്‍ധനയാണ് അല്ലാഹുവിന്റെ വാഗ്ദാനം. അല്ലാഹുവിന്റെ വാഗ്ദാനത്തില്‍ ശങ്കയില്ലാതെ വിശ്വസിക്കാന്‍ നമുക്കാവണമല്ലോ. സകാത്തിനെ കുറിച്ച ബോധം പൊതു സമൂഹത്തിലില്ലാത്തതാണ് മറ്റൊരു കാര്യം. സമ്പന്നരും പൗരോഹിത്യവും ഒത്തുചേര്‍ന്നപ്പോള്‍ സകാത്ത് വിസ്മൃതിയിലായി. സകാത്ത് ആരുടെയും ഔദാര്യമല്ല, മറ്റുള്ളവന്റെ അവകാശമാണ്. അപരന്റെ അവകാശം നമ്മുടെ സമ്പത്തില്‍ കലരുന്നതോടെ അത് മൊത്തം സമ്പാദ്യത്തെ നിഷിദ്ധമാക്കുന്നു എന്ന താക്കീതും ഇസ് ലാം നല്‍കുന്നുണ്ട്. നമ്മുടെ സ്വര്‍ഗപ്രവേശത്തിന്റെ നിമിത്തങ്ങളില്‍ പ്രധാനപ്പെട്ടതുമാണത്.
    ഇസ് ലാമിന്റെ ഈ പാഠങ്ങളെ തുടക്കം മുതലേ ഏറ്റെടുക്കുകയും അത് പ്രബോധനം ചെയ്യുകയും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്, ജമാഅത്തെ ഇസ് ലാമി.  അതിന്റെ പ്രവര്‍ത്തനവൃത്തമുള്ള പ്രദേശങ്ങളിലെല്ലാം പതിറ്റാണ്ടുകളായി ചെറുതും വലുതുമായ സംഘടിത സകാത്ത് സംരംഭങ്ങളുണ്ട്. അനേകം ആളുകളുടെ  ജീവിതം പച്ചപിടിപ്പിക്കാൻ അത് സാഹചര്യമൊരുക്കിയിട്ടുമുണ്ട്. ഇതിന്റെയൊക്കെ ഫലമായി, സംഘടിത സകാത്തിനെതിരെ പൗരോഹിത്യത്തിന്റെ ഭാഗത്തുനിന്നും ഉയരുന്ന ശബ്ദങ്ങളെ ഇന്ന് സമുദായം അവഗണിക്കുന്ന കാഴ്ച സന്തോഷകരമാണ്.

ഈ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച എന്ന നിലക്കാണ്, വര്‍ഷങ്ങള്‍ക്കു മുമ്പ് 'ബൈത്തുസ്സകാത്തി'ന് ജമാഅത്തെ ഇസ് ലാമി രൂപം നല്‍കിയത്. സകാത്ത് നല്‍കാന്‍ ബാധ്യതയുള്ളവരെ അതിനെ സംബന്ധിച്ച് ബോധവല്‍ക്കരിക്കുക, സകാത്ത് ശേഖരിക്കുക, അര്‍ഹരായവര്‍ക്ക് സകാത്ത് വിഹിതം നല്‍കി അവരെ സ്വയം പര്യാപ്തരാക്കുക, അതിനാവശ്യമായ പിന്തുണ നല്‍കുക, പ്രാദേശിക സകാത്ത് സംവിധാനങ്ങള്‍ക്കാവശ്യമായ സാങ്കേതികവും അല്ലാത്തതുമായ സഹായം നല്‍കുക, സകാത്തുമായി ബന്ധപ്പെട്ട പഠനഗവേഷണങ്ങളെ പ്രോല്‍സാഹിപ്പിക്കുക, ജനകീയ സകാത്ത്  ബോധവല്‍ക്കരണ പരിപാടികൾ നടത്തുക എന്നിവയാണ് ബൈത്തുസ്സകാത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ഈ പ്രവര്‍ത്തന കാലയളവില്‍ ബൈത്തുസ്സകാത്തിന്റെ പ്രവര്‍ത്തനങ്ങൾ  വലിയ തോതില്‍ വിപുലപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.

   അതിന്റെ ഭാഗമായാണ് ഫെബ്രുവരി ഒന്നു മുതല്‍ ഇരുപത് വരെ കേരളത്തിൽ സകാത്ത് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ഇസ് ലാമിലെ അതിപ്രധാനമായ ഒരു സ്തംഭത്തെ പുനഃസ്ഥാപിക്കാനുള്ള വലിയൊരു പരിശ്രമമാണിത്. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 32-34
ടി.കെ ഉബൈദ്

ഹദീസ്‌

ഒരു ലക്ഷം ദിർഹമിനെ പിന്നിലാക്കിയ ഒരു ദിർഹം
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്