Prabodhanm Weekly

Pages

Search

2024 ഫെബ്രുവരി 02

3338

1445 റജബ് 21

സംഘടിത സകാത്ത് വിതരണമാണ് ശരി

റഹ്്മാന്‍ മധുരക്കുഴി

ഉള്ളവന്റെ ധനത്തില്‍ ഇല്ലാത്തവന് നിശ്ചിത വിഹിതം അവകാശമുണ്ടെന്ന് പ്രഖ്യാപിച്ച ലോകത്തെ ഏക വിപ്ലവ പ്രസ്ഥാനമാണ് ഇസ്്‌ലാം. സകാത്ത് എന്ന പേരില്‍ അറിയപ്പെടുന്ന ഈ ധനവിതരണ പദ്ധതി ലക്ഷ്യം വെക്കുന്ന ദാരിദ്ര്യ നിര്‍മാര്‍ജനം, അതിന്റെ വികലമായ കൈകാര്യം ചെയ്യല്‍ നിമിത്തം സാധ്യമാവാതെ പോവുകയും യാചകരെ സൃഷ്ടിക്കുന്ന ചടങ്ങായി മാറുകയും ചെയ്തിരിക്കുന്നു. കേരളത്തില്‍ കാല്‍ നൂറ്റാണ്ടായി പ്രവര്‍ത്തിച്ചുവരുന്ന ബൈത്തുസ്സകാത്ത് സംവിധാനം ഒരു പരിധിവരെയെങ്കിലും ഉദ്ദിഷ്ട ലക്ഷ്യത്തിലേക്ക് നടന്നടുത്തുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ്, ജമാഅത്തെ ഇസ്്‌ലാമിയുടെ ബൈത്തുസ്സകാത്ത് സംവിധാനം അനിസ്്‌ലാമികമെന്ന ഫത്വ്്വയുമായി സമസ്തയിലെ ഒരു പണ്ഡിതന്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത്.

എന്നാല്‍, നാട്ടില്‍ നിലവിലുള്ള സകാത്ത് വിതരണ രീതി ഫലപ്രദമല്ലെന്നും അതില്‍ മാറ്റം അനിവാര്യമാണെന്നും പറഞ്ഞവരാണ് മുസ്്‌ലിം സമൂഹത്തിലെ ഭൂരിപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന സുന്നി വിഭാഗം പണ്ഡിത പ്രമുഖരെന്നതാണ് ചിന്തനീയമായ വസ്തുത. ഉദാഹരണമിതാ: സമസ്ത ഇ.കെ വിഭാഗം എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയായിരുന്ന അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് എഴുതിയതിങ്ങനെ: ''ഇസ്്‌ലാം നിശ്ചയിച്ച സകാത്ത് (നിര്‍ബന്ധ ദാനം) കുറ്റമറ്റ നിലയില്‍ നിര്‍വഹിക്കപ്പെടുകയാണെങ്കില്‍ മുസ്്‌ലിം മഹല്ലുകളിലെ ദാരിദ്ര്യം, ക്രമാനുഗതമായി ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് നിര്‍മാര്‍ജനം ചെയ്യാന്‍ കഴിഞ്ഞേക്കും. സകാത്ത് നിര്‍ബന്ധമായ പതിനായിരങ്ങള്‍ നമുക്കിടയിലുണ്ട്. മഹല്ല് നേതൃത്വം സകാത്തിന്റെ വിഷയത്തില്‍ അല്‍പം ശ്രദ്ധ ചെലുത്തിയാല്‍ ഇന്ന് മുസ്്‌ലിംകള്‍ക്കിടയിലുള്ള കഷ്ടപ്പാടിന് ഒരു പരിധിവരെ അറുതിവരുത്താനാകും. മഹല്ല് ഖാദിയോ അനുയോജ്യനായ മറ്റൊരു വ്യക്തിയോ 'വക്കീലാ'യി നിശ്ചയിക്കപ്പെടുകയും മഹല്ലിലെ അര്‍ഹരെ കണ്ടെത്തി അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന വിധം തന്റെ കൈയില്‍ ഏല്‍പിക്കപ്പെട്ട സകാത്ത് വിതരണം നടത്തുകയും ചെയ്യാവുന്നതാണ്'' (ചന്ദ്രിക, 2007 സെപ്റ്റംബര്‍ 23).

കാന്തപുരം അബൂബക്കര്‍ മുസ്്‌ലിയാര്‍ തദ് വിഷയകമായി എഴുതിയതിങ്ങനെ: ''ആര്‍ജിത സമ്പത്തില്‍നിന്ന് നിശ്ചിത വിഹിതം ഓരോ വര്‍ഷവും അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കണമെന്നാണ് ഇസ്്‌ലാമിക സാമ്പത്തിക വ്യവസ്ഥ. ഇത് പാലിക്കാന്‍ ധനികരും ബിസിനസ്സുകാരും തയാറാവണം. മത സംഘടനകളും സാമൂഹിക സേവകരും ഇസ്്‌ലാം സമര്‍പ്പിക്കുന്ന സാമ്പത്തിക ഉദാര നയം ഏറ്റെടുത്ത് നടപ്പാക്കാനുള്ള വഴികള്‍ ആരായണം. പഞ്ചായത്ത്/മഹല്ല് തലത്തില്‍ ദരിദ്ര വിഭാഗങ്ങളുടെ കണക്കെടുപ്പ് നടത്തി സകാത്ത് നല്‍കാന്‍ തയാറാവണം'' (തേജസ് 5-8-2013).

തബ്്‌ലീഗ് ജമാഅത്ത് പണ്ഡിതന്‍ അബൂ അഫ്‌വാന്‍ അല്‍ കൗസരി പറയുന്നതും മറ്റൊന്നല്ല: ''സകാത്ത് നബി(സ)യുടെയും സച്ചരിതരായ ഖലീഫമാരുടെയും കാലത്ത് നിര്‍വഹിക്കപ്പെട്ടിരുന്നതു പോലെ സംഘടിതമായാണ് നിര്‍വഹിക്കേണ്ടത്. കാരണം, 1. ഒരാളില്‍നിന്നുമുള്ള തുഛമായ ധനം പലര്‍ക്കായി വീതിക്കപ്പെടുന്നത് മുഖേന ആരുടെയും ഒരാവശ്യവും പൂര്‍ത്തീകരിക്കപ്പെടാതെ പോകുന്നു. 2. പാവങ്ങള്‍ എന്ന് അറിയപ്പെട്ട ചിലര്‍ക്ക് മാത്രം എല്ലാവരില്‍നിന്നും, എല്ലാ വര്‍ഷവും സകാത്തിന്റെ ഓഹരി ലഭ്യമാവുകയും, അവരെക്കാള്‍ ആവശ്യക്കാരും അര്‍ഹതപ്പെട്ടവരുമായ പലര്‍ക്കും ലഭിക്കാതെ പോവുകയും ചെയ്യുന്ന അവസ്ഥ ഒഴിവാക്കപ്പെടാന്‍ കഴിയുന്നു. 3. ബാധ്യസ്ഥരായ മുഴുവന്‍ ആളുകളും സകാത്ത് നിര്‍വഹിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ കഴിയുന്നു. 4. മഹത്തായ ഇസ്്‌ലാമിക സാമ്പത്തിക വ്യവസ്ഥിതിക്ക് അടിത്തറ പാകാനും സമുദായത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്താനും സാധിക്കുന്നു. 5. മഹത്തായ ഒരു സുന്നത്തിന്റെ സംസ്ഥാപനം സാധ്യമാകുന്നു'' (അബൂ അഫ് വാന്‍ അല്‍ കൗസരി, 'ബലാഗ്' ജൂണ്‍ 1, 2016).

ഇന്നത്തെ സകാത്ത് വിതരണ രീതി ഫലപ്രദമല്ലെന്നും സകാത്ത് പിരിച്ചെടുത്ത് അര്‍ഹര്‍ക്ക് വിതരണം ചെയ്യാന്‍ ഓരോ മഹല്ലിലും സംവിധാനം ഉണ്ടാവണമെന്നും സമ്മതിക്കുന്നവര്‍ അത് പ്രായോഗികമാക്കാന്‍ സന്നദ്ധമാവുന്നില്ല. തങ്ങള്‍ ചെയ്യുകയില്ല, ചെയ്യുന്നവര്‍ക്ക് മുന്നില്‍ തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു എന്ന നിലപാട് എന്തുമാത്രം പരിതാപകരമല്ല!

 

സ്ത്രീധനത്തിനെതിരെയും രംഗത്ത് വരണം

മിശ്ര വിവാഹത്തിനെതിരെ മഹല്ലുകൾ ജാഗ്രത പുലര്‍ത്തണമെന്ന് സമസ്്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി മഹല്ലുകളെ ആഹ്വാനം ചെയ്യുകയുണ്ടായി. ആദര്‍ശപ്പൊരുത്തവും യഥാര്‍ഥ സ്‌നേഹവും കാരുണ്യവും അടിസ്ഥാനമാകേണ്ട വിവാഹബന്ധം, അതൊന്നും പരിഗണിക്കാതെ താല്‍ക്കാലിക വൈകാരിക ബന്ധത്തിന്റെ അടിസ്ഥാനത്തിലാകുമ്പോള്‍ ജീവിതാന്ത്യം വരെ ഊഷ്മളമായി നിലനില്‍ക്കേണ്ട കുടുംബബന്ധം വഴിക്കു വെച്ച് തകരുകയാണ്. കൊലപാതകങ്ങളില്‍ വരെ ചെന്നെത്തുന്ന കുടുംബ വഴക്കുകളുടെ യഥാര്‍ഥ കാരണമന്വേഷിക്കുമ്പോള്‍, അവയില്‍ പലതും മിശ്ര വിവാഹങ്ങളും പ്രേമ വിവാഹങ്ങളുമാണ് എന്നു കാണാം.

മുസ്്‌ലിം സമൂഹത്തെ ഈ ദുരന്തങ്ങളില്‍നിന്ന് രക്ഷിക്കാന്‍ മഹല്ലുകളും കുടുംബ നാഥന്മാരും തന്നെയാണ് രംഗത്തു വരേണ്ടത്. ഭദ്രതയുള്ള കുടുംബ ഘടന വെല്ലുവിളിയാകുന്നത് യുക്തിവാദികള്‍ക്കും ലിബറലുകള്‍ക്കും മതനിരാസ രാഷ്ട്രീയക്കാര്‍ക്കുമാണ്. 

കുടുംബ വ്യവസ്ഥ തകര്‍ക്കണമെന്നതില്‍ ഇവരെല്ലാം ഏകാഭിപ്രായക്കാരുമാണ്. ഏത് നയമാണ് കൂടുതല്‍ ഫലപ്രദം എന്ന കാര്യത്തിലേ അവര്‍ക്കിടയില്‍ തര്‍ക്കമുള്ളൂ. നേര്‍ക്കു നേരെ ചെല്ലുന്ന നാസ്തിക ശൈലിയെക്കാള്‍ ഫലം ചെയ്യുക രാഷ്ട്രീയ തന്ത്രങ്ങളാണ് എന്നാണല്ലോ നാസ്തികരുടെ സമ്മേളനത്തില്‍ യുവ രാഷ്ട്രീയ നേതാവ് നടത്തിയ 'തട്ട'വിവാദ പ്രഭാഷണത്തിലൂടെ സമര്‍ഥിച്ചത്. ഇവിടെയാണ് നാസര്‍ ഫൈസിയുടെ പ്രസ്താവന പ്രസക്തമാകുന്നത്. എന്നാലിത് തട്ടം തട്ടിമാറ്റുമ്പോഴും ഏതെങ്കിലും ഒരുത്തന്റെ കൂടെ ചാടിപ്പോകുമ്പോഴും മാത്രം ശ്രദ്ധിച്ചാല്‍ പോരാ. കുടുംബ നായകന്മാരും മഹല്ല് സാരഥികളും യുക്തിപൂര്‍ണവും വ്യവസ്ഥാപിതവും ആസൂത്രിതവും കാലോചിതവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ബഹുഭൂരിപക്ഷം മഹല്ല് ഭരണവും മുസ്്‌ലിം ബഹുജനങ്ങളില്‍ ഏറ്റവും സ്വാധീനവുമുള്ള സമസ്ത തന്നെയാണ് ഇക്കാര്യത്തില്‍ മുന്നിലുണ്ടാകേണ്ടത്. മദ്‌റസകളടക്കം പതിനായിരക്കണക്കിന് വരുന്ന സമസ്തയുടെ കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും ഈ രംഗത്ത് ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും.

രണ്ട് ആത്മഹത്യകളുടെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുകയാണ്. സ്ത്രീധനമാണ് അതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. സ്ത്രീധനം ഇസ്്‌ലാമിക സംസ്‌കാരത്തിന്റെ തികച്ചും എതിർ ദിശയില്‍ നില്‍ക്കുന്നതും, ഇതര സംസ്‌കാരങ്ങളില്‍നിന്ന് ചില മുസ്്‌ലിം വിഭാഗങ്ങളിലേക്ക് ഇടക്കാലത്ത് കയറിപ്പറ്റിയതുമായ ദുഷിച്ച ആചാരവുമാണ്.  സ്ത്രീത്വത്തിന് തെല്ലും വില കല്‍പിക്കാത്ത, സ്ത്രീക്ക് ആത്മാവുണ്ടോ എന്നു പോലും സംശയിച്ച ഏതോ പ്രാകൃത സംസ്‌കാരത്തിന്റെ ഉല്‍പന്നമാണ് സതിയും സ്ത്രീധനവുമെല്ലാം.

കേരളത്തിലെ മുസ്്‌ലിംകളില്‍ വിജ്ഞാനവും സംഘടനാ പ്രവര്‍ത്തനങ്ങളും ഒന്നും ഇല്ലാതിരുന്ന കാലത്ത് സ്ത്രീധനമെന്ന ദുരാചാരം നുഴഞ്ഞുകയറി വ്യാപിച്ചിരുന്നു. സമസ്തയടക്കമുള്ള മുസ്്‌ലിം സംഘടനകളുടെ ശ്രമഫലമായി വൈജ്ഞാനിക വളര്‍ച്ചയുണ്ടായപ്പോള്‍ മുസ്്‌ലിം സമൂഹത്തില്‍നിന്ന്്, വിശിഷ്യാ മലബാറില്‍നിന്ന് സ്ത്രീധന സമ്പ്രദായം വലിയൊരളവോളം നീങ്ങിയിട്ടുണ്ട്. മഹല്ല് സംവിധാനമടക്കം ഉപയോഗപ്പെടുത്തി സ്ത്രീധനം ഉന്മൂലനം ചെയ്യാന്‍ സമസ്ത മുന്നോട്ട് വന്നാല്‍ മുസ്്‌ലിം സമൂഹത്തില്‍നിന്ന് ഈ ദുരാചാരം പൂര്‍ണമായി ഉന്മൂലനം ചെയ്യാനാകും.

കെ.സി ജലീല്‍ പുളിക്കല്‍

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 32-34
ടി.കെ ഉബൈദ്

ഹദീസ്‌

ഒരു ലക്ഷം ദിർഹമിനെ പിന്നിലാക്കിയ ഒരു ദിർഹം
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്