>>കവിത
ഐ. സമീല്‍
മദീന
അല്ലാഹുവില്‍ നിന്ന് റസൂലിലേക്ക്
യാത്ര ചെയ്യുമ്പോഴാണ്
മക്കയില്‍ നിന്ന് മദീനയിലെത്തുന്നത്
അങ്ങനെയാണ്
അശ്ഹദു അന്‍ ലാഇലാഹ ഇല്ലല്ലയില്‍നിന്ന്
അശ്ഹദു അന്ന മുഹമ്മദ റസൂലുല്ലയില്‍
എത്തുന്നത്
വാക്കുകളില്‍ നിന്ന് ചില്ലകള്‍
വെട്ടുമ്പോള്‍ കവിത പെയ്യും പോലെ
ഹൃദയത്തില്‍ നിന്ന് ഇഛകള്‍
മുറിയുമ്പോഴാണ് പ്രണയം മുളക്കുന്നത്
മണല്‍ മുറിവിലെ ഒറ്റക്കമ്പില്‍ നിന്ന്
പ്രണയത്തിന്റെ പച്ചപ്പിലേക്ക്
അണഞ്ഞെത്തുമ്പോഴാണ്
പ്രിയ പ്രവാചകന്റെ
മദീനയെത്തിയെന്നറിയുന്നത്
കഅ്ബയില്‍
വലതു കൈയുയര്‍ത്തി
ത്വവാഫ് തുടങ്ങുമ്പോള്‍
ആദിമ ജീവനിലെത്തും
മദീനയില്‍
വലതു കൈയുയര്‍ത്തി
സലാം ചൊല്ലുമ്പോള്‍
അനുരാഗത്തോപ്പിലും
അതുകൊണ്ടാകാം
ആദ്യം മഹ്ശറയിലും
പിന്നെ
സ്വര്‍ഗത്തിലുമെത്തുന്നത്