ആമുഖം
ജമാഅത്തെ ഇസ്ലാമി കേരള ഹല്‍ഖയുടെ മുഖപത്രമാണ് പ്രബോധനം വാരിക. ജമാഅത്തിന്റെ ഔദ്യോഗിക നയങ്ങളും കാഴ്ചപ്പാടുകളും വിജ്ഞാപനങ്ങളുമെല്ലാം പ്രബോധന ത്തിലൂടെയാണ് പ്രത്യക്ഷപ്പെടാറുള്ളത്. അതേസമയം, പ്രബോധന ത്തില്‍ വരുന്നതെല്ലാം ജമാഅത്തിന്റെ ഔദ്യോഗിക കാഴ്ചപ്പാടുകളല്ല. ഭിന്ന വീക്ഷണക്കാര്‍ക്കും പ്രബോധനം അതിന്റെ പേജുകള്‍ അനുവദിക്കാറുണ്ട്.
1949 ആഗസ്റിലാണ് പ്രബോധന ത്തിന്റെ ആദ്യ ലക്കം പുറ ത്തിറങ്ങിയത്. പ്രതിപക്ഷപത്രം (ദ്വൈവാരിക) ആയിരുന്നു അന്ന്. ജ.ഇ കേരള ഘടകത്തിന്റെ സ്ഥാപകന്‍ കൂടിയായ ഹാജി വി.പി. മുഹമ്മദലി സാഹിബും കെ.സി അബ്ദുല്ല മൌലവിയുമായിരുന്നു അണിയറ ശില്‍പികള്‍. എടയൂരില്‍ ഹാജി സാഹിബിനടുത്തുള്ള പുല്ലംപറമ്പില്‍ നമസ്കാരപള്ളി(ഇന്നത്തെ മസ്ജിദുല്‍ ഇലാഹ്)യില്‍ വെച്ചാണ് ഇരുവരും പത്രത്തിന്റെ മാറ്ററുകള്‍ തയാറാക്കിയിരുന്നത്. അച്ചടിച്ചത് തിരൂരിലെ ജമാലിയ്യ പ്രസ്സിലും.
പ്രബോധന ത്തിന്റെ നയം പ്രഖ്യാപിച്ചുകൊണ്ട് പ്രഥമ ലക്കത്തില്‍ അവരെഴുതി:
"നിലവിലിരിക്കുന്ന ഏതെങ്കിലുമൊരു കക്ഷിയെ എതിര്‍ക്കുകയെന്നത് ഞങ്ങളുടെ ഉദ്ദേശ്യമല്ല. മനുഷ്യരില്‍ ഞങ്ങള്‍ക്ക് ശത്രുക്കളായി ആരുംതന്നെ ഇല്ല. എല്ലാ സമുദായക്കാരെയും വര്‍ഗക്കാരെയും സഹോദരങ്ങളായിട്ടാണ് ഞങ്ങള്‍ വീക്ഷിക്കുന്നത്. സത്യം അതെവിടെയാണെങ്കിലും, ഏതു സമുദായത്തിന്റെയോ ഏതു വര്‍ഗത്തിന്റെയോ കൈവശമാണെങ്കിലും ഞങ്ങളുടെ മിത്രമാണ്. അസത്യം അത് ഞങ്ങളില്‍ തന്നെയാണെങ്കിലും ഞങ്ങളുടെ ശത്രുവാണ്. ചുരുക്കത്തില്‍ ഞങ്ങള്‍ക്ക് വ്യക്തികളോടോ ഗോത്രങ്ങളോടോ സമുദായങ്ങളോടോ ദേശക്കാരോടോ അല്ല, അവരില്‍ വല്ല അക്രമവും അനീതിയും കാണപ്പെടുന്നുവെങ്കില്‍ അതിനോടാണ് ശത്രുതയും അവജ്ഞയുമുള്ളത്. അത്തരം പൈശാചികവൃത്തികളില്‍നിന്ന് ജനങ്ങളെ വിമോചിപ്പിക്കാനും മനുഷ്യത്വവും ധാര്‍മികബോധവും അവരില്‍ വളര്‍ത്തി അവരെ പരസ്പരം മിത്രങ്ങളാക്കിത്തീര്‍ക്കാനും ഞങ്ങള്‍ കഴിയുന്നത്ര ശ്രമിക്കുന്നതാണ്.''
".........ഈ ചിന്തയും കര്‍ത്തവ്യബോധവുമാണ് ഭാഷാപരമായ പ്രാഥമികജ്ഞാനം പോലുമില്ലാത്ത ഞങ്ങളെ രംഗപ്രവേശത്തിന് നിര്‍ബന്ധിതരാക്കിയത്. ഇസ്ലാമിന്റെ വിവിധ വശങ്ങളെ വിശദീകരിച്ചും അനിസ്ലാമികപദ്ധതികളെ നിരൂപണം ചെയ്തും പ്രമുഖ പണ്ഡിതന്മാര്‍ എഴുതിയ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നതാണ്. സ്വന്തം ലേഖനങ്ങളെഴുതി പ്രസിദ്ധീകരിക്കുന്നതു ലക്ഷ്യമായി സ്വീകരിക്കുന്നതിനുപകരം ജനങ്ങളില്‍ ദൈവബോധവും മതഭക്തിയും സദാചാരനിഷ്ഠയുമുണ്ടാക്കി അവരെ സല്‍പന്ഥാവിലൂടെ ചരിക്കാന്‍ സഹായിക്കുന്ന, മഹാന്മാരെഴുതിയ അമൂല്യലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനായിരിക്കും ഞങ്ങള്‍ മുന്‍ഗണന നല്‍കുക. പ്രബോധന ത്തെ ഭാഷാപരമായിട്ടല്ല, ആശയപരമായിട്ടാണ് മാന്യവായനക്കാര്‍ വീക്ഷിക്കേണ്ടത്.''
".........തെറ്റോ ശരിയോ എന്നൊന്നും നോക്കാതെ വായനക്കാരുടെ അഭീഷ്ടത്തിനും അഭിരുചിക്കുമൊത്ത സാമഗ്രികള്‍ ശേഖരിച്ചുകൊടുക്കുകയെന്ന പിഴച്ച പത്രപ്രവര്‍ത്തനസമ്പ്രദായത്തിനുപകരം ജനങ്ങളുടെ വീക്ഷണഗതിയെയും അഭിരുചിയെയും സത്യത്തിനൊത്തു മാറ്റാന്‍ ശ്രമിക്കുകയെന്നതാണ് ഞങ്ങളുടെ നയം.......''
മേല്‍ വിവരിച്ച നയം ഏറെക്കുറെ അതേ പടി ഇന്നും പ്രബോധനം തുടര്‍ന്നുവരുന്നു.
1959 അവസാനത്തോടെയാണ് പ്രബോധന ത്തിന്റെ ഓഫീസും പ്രസ്സും ജ.ഇ കേരള ഘടകത്തിന്റെ ഓഫീസും കോഴിക്കോട്ടെ വെള്ളിമാടുകുന്നിലേക്ക് മാറ്റിയത്. അതോടൊപ്പം ടി. മുഹമ്മദ് പത്രാധിപരും ടി.കെ. അബ്ദുല്ല സഹ പത്രാധിപരും കെ.എം. അബ്ദുല്‍ അഹദ് പ്രി ന്ററും പബ്ളിഷറുമായി ചാര്‍ജെടുത്തു.
1964 പ്രബോധനം പ്രതിപക്ഷ പത്രം വാരികയും മാസികയുമായി വികസിച്ചു. ഇപ്പോള്‍ മാധ്യമം ദിനപത്രത്തിന്റെ എഡിറ്ററായ ഒ. അബ്ദുര്‍റഹ്മാന്‍ ഈ മാറ്റത്തില്‍ കാര്യമായ പങ്കു വഹിച്ചിട്ടുണ്ട്. 1987 മുതല്‍ മാസിക നിര്‍ത്തി വാരിക മാത്രമാണ് പ്രസിദ്ധീകരിച്ചുവരുന്നത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സര്‍വീസ് ട്രസ്റി(ഐ.എസ്.ടി)നാണ് പ്രബോധന ത്തിന്റെ ഉടമാവകാശം.
മതനവോത്ഥാന രംഗത്ത്
പ്രബോധനം അതിന്റെ ആദ്യനാളുകളില്‍ തന്നെ മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ഇസ്ലാമികപ്രസിദ്ധീകരണം എന്ന സ്ഥാനം നേടിക്കഴിഞ്ഞിരുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഇന്നും വാരിക ആ സ്ഥാനം നിലനിര്‍ത്തുന്നുണ്ട്. ഇസ്ലാമികപത്രപ്രവര്‍ത്തനരംഗത്ത് ഒട്ടേറെ പുതിയ ചാലുകള്‍ വെട്ടിക്കീറാനും അംഗീകരിപ്പിക്കാനും ഇതിനകം ഈ പ്രസിദ്ധീകരണത്തിന് കഴിഞ്ഞു.
വൈജ്ഞാനികമൂല്യമുള്ള ഒരു വായനാശീലം വളര്‍ത്തിയെടുത്തു എന്നതാണ് പ്രബോധന ത്തിന്റെ ഏറ്റവും മഹത്തായ നേട്ടം. ഈ വായനാശീലം അനുവാചകരുടെ ചിന്താമണ്ഡലം വികസിപ്പിക്കുന്നതിലും സാംസ്കാരിക നിലവാരമുയര്‍ത്തുന്നതിലും വലുതായ പങ്കു വഹിച്ചിട്ടുണ്ട്. പ്രതിപക്ഷബഹുമാനവും മാന്യതയും തുളുമ്പുന്ന ആശയാവതരണവും ശുദ്ധവും സുന്ദരവുമായ ഭാഷാപ്രയോഗവും എന്നും പ്രബോധന ത്തിന്റെ സവിശേഷതകളായിരുന്നു. ഇസ്ലാം മതാദര്‍ശങ്ങള്‍ സുന്ദരമായ മലയാളഭാഷയില്‍ അവതരിപ്പിക്കാന്‍ കഴിയുമെന്നും അങ്ങനെ അവതരിപ്പിച്ചാല്‍ അത് അന്വേഷകരെ കൂടുതല്‍ ആകര്‍ഷിക്കുമെന്നും മതസാഹിത്യമണ്ഡലത്തെ ബോധ്യപ്പെടുത്തിയത് പ്രബോധന മാണ്.
മുസ്ലിംരാഷ്ട്രങ്ങളെയും ആഗോളമുസ്ലിംസമൂഹത്തെയും മുസ്ലിംലോകത്തുളവായിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെയും പുതിയ പുതിയ ചിന്താപ്രസ്ഥാനങ്ങളെയും കേരളീയ മുസ്ലിംകള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതില്‍ പ്രബോധന ത്തോളം പങ്കുവഹിച്ച മറ്റൊരു പ്രസിദ്ധീകരണവുമില്ല. ലോകമുസ്ലിം പണ്ഡിതന്മാര്‍ ഇതര ഭാഷകളില്‍ രചിച്ച ഗഹനമായ വൈജ്ഞാനിക ലേഖനങ്ങള്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്തു പ്രചരിപ്പിക്കുക ഒരു സ്ഥിരം സമ്പ്രദായമായി സ്വീകരിച്ചതും പ്രബോധന മാണ്. പ്രബോധനം പ്രചരിപ്പിച്ച ഇസ്ലാമിന്റെ സമഗ്രത, സാര്‍വജനീനത, രാഷ്ട്രീയസിദ്ധാന്തം തുടങ്ങിയ വിഷയങ്ങള്‍ പണ്ട് പല മുസ്ലിംസംഘടനകള്‍ക്കും തീരെ അരോചകമായിരുന്നു. ഇസ്ലാം ഒരു സമ്പൂര്‍ണ ജീവിതപദ്ധതിയാണ് എന്ന മുദ്രാവാക്യം ഇന്നിപ്പോള്‍ അവരെല്ലാവരും ഏറ്റെടുത്തുകഴിഞ്ഞു. ദീനീപ്രസിദ്ധീകരണത്തില്‍ രാഷ്ട്രീയ അവലോകനങ്ങളും വിലയിരുത്തലുകളുംപ്രത്യക്ഷപ്പെടുന്നതിനെ പരിഹസിച്ചവര്‍ ഇപ്പോള്‍ സ്വന്തം ജിഹ്വകളിലുംഅതിനൊക്കെ സ്ഥലം കണ്ടുതുടങ്ങി. പരിഷ്കൃതവും വികസ്വരവുമായ പ്രബോധനരീതികള്‍ കണ്ടത്തുന്നതിലും കാലഘട്ടത്തിന്റെ ആവശ്യങ്ങളോട് യഥാസമയം സമര്‍ഥമായി പ്രതികരിക്കുന്നതിലും പ്രബോധനം ആരുടെയും മുമ്പിലായിരുന്നു.
വിദ്യാഭ്യാസമാധ്യമം
ഖുര്‍ആന്‍, സുന്നത്ത്, വായനക്കാരുടെ ഫിഖ്ഹിയ്യായ സംശയങ്ങള്‍ക്കുള്ള മറുപടി, ചരിത്രം എന്നിവയുടെ ക്രമാനുഗതമായൊരു പാഠാവലി കൂടിയാണ് പ്രബോധനം . മാസിക പ്രസിദ്ധീകരിച്ചുതുടങ്ങിയപ്പോള്‍ ഈ സ്ഥിരം പാഠങ്ങള്‍ മാസികയിലാണുള്‍ക്കൊള്ളിച്ചിരുന്നത്. '87-ല്‍ മാസിക നിര്‍ത്തിയതോടെ വാരികയില്‍ പ്രസിദ്ധം ചെയ്തുതുടങ്ങി. 1957 ജനുവരിയില്‍ പ്രതിപക്ഷപത്രമായിരുന്ന കാലത്ത് (പുസ്തകം:11, ലക്കം:9) ആരംഭിച്ച തഫ്ഹീമുല്‍ ഖുര്‍ആന്‍ 1998 ഡിസംബറില്‍ പൂര്‍ത്തിയായി (വാരിക പുസ്തകം:55, ലക്കം:27).
ഈ പരമ്പര 6 ബൃഹദ് വാള്യങ്ങളുള്ള ഗ്രന്ഥമായി ഇതിനകം അനേകം പതിപ്പുകള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. വാരികയില്‍ തഫ്ഹീമുല്‍ ഖുര്‍ആന്‍ അവസാനിച്ചതിനെതുടര്‍ന്ന് എ.വൈ.ആര്‍ ആരംഭിച്ച 'ഖുര്‍ആന്‍ ബോധനം' എന്ന ഖുര്‍ആന്‍ പഠനപംക്തി ഇപ്പോഴും തുടര്‍ന്നുവരുന്നു. ഈ പരമ്പരയുടെ അല്‍ ഫാതിഹ മുതല്‍ അല്‍ മാഇദ: വരെയുള്ള ഭാഗം മൂന്നു വാള്യങ്ങളിലായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു.
തെരഞ്ഞെടുക്കപ്പെട്ട നൂറുകണക്കില്‍ ഹദീസുകള്‍ മാസികയിലൂടെയും വാരികയിലൂടെയും തര്‍ജമ ചെയ്യപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയുമുണ്ടായി. ഇതിന്റെയും കുറേ ഭാഗങ്ങള്‍ പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
1956 ഒക്ടോബറില്‍ (പുസ്തകം 11, ലക്കം 3) ആരംഭിച്ച ഉസ്താദ് സയ്യിദ് സാബിഖിന്റെ വിഖ്യാത കര്‍മശാസ്ത്രകൃതിയായ ഫിഖ്ഹുസ്സുന്ന യുടെ പരിഭാഷയാണ് പ്രബോധനം മലയാളത്തിന് നല്‍കിയ മറ്റൊരു വിലപ്പെട്ട സംഭാവന. 1996 ഫെബ്രുവരിയില്‍ (പുസ്തകം: 52, ലക്കം: 37) ആണ് ഇതിന്റെ തര്‍ജമ വാരികയില്‍ അവസാനിച്ചത്. ഈ പരിഭാഷയുടെ ഗ്രന്ഥരൂപം ഒറ്റവാള്യമായും പല വാള്യങ്ങളായും ഇതിനകം അനേകം പതിപ്പുകള്‍ പുറ ത്തിറങ്ങിയിരിക്കുന്നു.
ടി. മുഹമ്മദ് സാഹിബ് പ്രബോധനം മാസികയിലെഴുതിക്കൊണ്ടിരുന്ന പല ലേഖനങ്ങളും പി ന്നീട് പുസ്തകങ്ങളായി സമാഹരിക്കപ്പെടുകയുണ്ടായി. സാംസ്കാരികപ്രവര്‍ത്തകരുടെയും അക്കാദമീഷ്യന്മാരുടെയും സവിശേഷശ്രദ്ധ പിടിച്ചുപറ്റിയ 'ഭാരതീയസംസ്കാരത്തിന്റെ അടിയൊഴുക്കുകള്‍' എന്ന കൃതി അക്കൂട്ടത്തിലൊന്നാകുന്നു. വാരികയില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട സര്‍വത് സൌലത്തിന്റെ 'ഇസ്ലാമികസമൂഹത്തിന്റെ സംക്ഷിപ്തചരിത്രം' നാലു ഭാഗങ്ങളുള്ള ഗ്രന്ഥമായി പുറത്തുവന്നിരിക്കുന്നു. പ്രബോധന ത്തിലൂടെ വെളിച്ചം കണ്ട വേറെയും പല രചനകള്‍ പു സ്തകങ്ങളായി വന്നിട്ടുണ്ട്.
സാധാരണ വായനക്കാരെ സവിശേഷം ആകര്‍ഷിച്ച രണ്ടു പംക്തികളാണ് 1970-ല്‍ മാസികയില്‍ തുടങ്ങിയ 'പ്രശ്നവും വീക്ഷണവും' 1971-ല്‍ വാരികയില്‍ തുടങ്ങിയ 'ചോദ്യോത്തര'വും. ആദ്യം മര്‍ഹൂം ടി. ഇസ്ഹാഖലി മൌലവിയും കെ. അബ്ദുല്ലാ ഹസനും പിന്നീട് ടി.കെ. ഉബൈദുമാണ് 'പ്രശ്നവും വീക്ഷണവും' കൈകാര്യം ചെയ്തിരുന്നത്. മാസിക നിര്‍ത്തല്‍ ചെയ്തപ്പോള്‍
ഈ പംക്തി വാരികയിലേക്ക് മാറ്റി. മര്‍ഹൂം ഇസ്ഹാഖലി മൌലവി ഈ പംക്തിയിലെഴുതിയ കുറേ ലേഖനങ്ങളും ടി.കെ. ഉബൈദ് എഴുതിയ കുറേ ഭാഗങ്ങളും പു സ്തകങ്ങളായിട്ടുണ്ട്. ഇപ്പോള്‍ വാരികയില്‍ 'ദലീല്‍' എന്ന തൂലികാനാമത്തില്‍ ഈ
പംക്തി കൈകാര്യം ചെയ്യുന്നത് ടി.കെ. ഉബൈദ് ആണ്. ഇടക്കാലത്ത് 'മുശീര്‍' എന്ന തൂലികാനാമത്തില്‍ കെ. മുഹമ്മദ് (കാടേരി) ഈ പംക്തി കൈകാര്യം ചെയ്തിരുന്നു. തുടക്കം മുതലേ വാരികയിലെ ചോദ്യോത്തരപംക്തി കൈകാര്യം ചെയ്തിരുന്ന മുജീബ് (ഒ. അബ്ദുര്‍റഹ്മാന്‍ സാഹിബ്) തന്നെയാണ് ഇപ്പോഴും ഈ പംക്തി കൈകാര്യം ചെയ്യുന്നത്.
ആശയസമരം
ബഹുദൈവത്വം, നിരീശ്വരത്വം, നിര്‍മതത്വം, ഭൌതികവാദം, കമ്യൂണിസം, മോഡേണിസം, തീവ്രവാദം തുടങ്ങിയ പ്രസ്ഥാനങ്ങളുടെ നേരെ പ്രബോധനം എന്നും ശക്തമായ ആശയസമരമാധ്യമമായിരുന്നു. ബഹുദൈവത്വം, നിരീശ്വരത്വം, നിര്‍മതത്വം തുടങ്ങിയ അന്ധകാരങ്ങളില്‍നിന്ന് പ്രബോധന ത്തിലൂടെ വെളിച്ചത്തിലെത്തിയ പലരുമുണ്ട്.
പ്രബോധന ത്തിന്റെ സ്വാധീനം മൂലം കമ്യൂണിസം, ഭൌതികവാദം തുടങ്ങിയ അന്ധവിശ്വാസങ്ങളോട് വിടപറഞ്ഞവരും കുറവല്ല. യാദൃഛികമായി പ്രബോധനം വായിക്കാനിടയായ കടുത്ത ജമാഅത്ത് വിരോധികള്‍ കാലക്രമത്തില്‍ ജമാഅത്ത് പ്രവര്‍ത്തകരായി മാറിയ കഥ നിരവധിയാണ്. പഴയ ലക്കങ്ങള്‍ ഒരു റഫറന്‍സ് ഗ്രന്ഥമെന്നോണം ബൈന്റ് ചെയ്ത് സൂക്ഷിക്കുന്ന ധാരാളം വായനക്കാര്‍ പ്രബോധന ത്തിനുണ്ട്. പ്രബോധന ത്തിലൂടെ ഒരു പുതിയ വെളിച്ചം, ഒരു പുതിയ അവബോധം ലഭിച്ചതായി, ജീവിതത്തിന്റെ ശരിയായ അര്‍ഥവും ലക്ഷ്യവും കണ്െടത്തിയതായി കൃതജ്ഞതാപൂര്‍വം അറിയിക്കുന്ന എത്രയോ എഴുത്തുകള്‍ ഇപ്പോഴും ഓഫീസില്‍ ലഭിക്കാറുണ്ട്.
1970-കളുടെ ആരംഭത്തില്‍ കേരളത്തില്‍ രംഗപ്രവേശം ചെയ്ത മോഡേണിസ്റ് പ്രസ്ഥാനത്തെ ആശയതലത്തില്‍ ചെറുത്തുതോല്‍പിക്കുന്നതില്‍ പ്രബോധനം വഹിച്ച പങ്ക് അദ്വിതീയമാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യ ദശകങ്ങളില്‍ ഉടലെടുത്ത തീവ്രവാദ പ്രവണതകളെയും വലിയൊരളവോളം തളര്‍ത്താന്‍ പ്രബോധന ത്തിന് സാധിച്ചിട്ടുണ്ട്.
സംവാദങ്ങള്‍, ചര്‍ച്ചകള്‍
അന്തസ്സാരശൂന്യമായ വിമര്‍ശനങ്ങള്‍ക്കുള്ള ഏറ്റവും നല്ല മറുപടി അതിനു നേരെ നിശ്ശബ്ദത പാലിക്കുകയാണ് എന്ന നിലപാടാണ് പ്രബോധനം സ്വീകരിച്ചുപോന്നിട്ടുള്ളത്. എന്നാല്‍, ഇസ്ലാമിനെയും ഇസ്ലാമികപ്രസ്ഥാനത്തെയും കുറിച്ച് സാധാരണക്കാര്‍ക്കിടയില്‍ തെറ്റുധാരണകളുളവാക്കാനിടയാക്കിയേക്കുമെന്ന് കണ്ട വിമര്‍ശനങ്ങളെ പ്രതിപക്ഷാദരവോടെ മാന്യവും യുക്തിസഹവുമായ രീതിയില്‍ നേരിടാറുണ്ട്. ആദ്യനാളുകളില്‍ എം.സി.സി. അബ്ദുര്‍റഹ്മാന്‍ മൌലവി തുടങ്ങിയ മുജാഹിദ് പണ്ഡിതന്മാരുടെ ജമാഅത്ത് വിമര്‍ശനങ്ങളെ ഹാജി സാഹിബ് പ്രബോധന ത്തിലൂടെ നേരിടുകയുണ്ടായി.
യാഥാസ്ഥിതികപണ്ഡിതന്മാരില്‍നിന്നുണ്ടായ വിമര്‍ശനങ്ങള്‍ക്ക് മര്‍ഹൂം ടി. ഇസ്ഹാഖലി മൌലവിയും മറുപടി എഴുതിയിരുന്നു. പില്‍ ക്കാലത്ത് മുജാഹിദ് പക്ഷത്തുനിന്നു ണ്ടായ ജമാഅത്ത് വിമര്‍ശനങ്ങള്‍ക്ക് കെ.സി. അബ്ദുല്ല മൌലവിയും ശൈഖ് മുഹമ്മദ് കാരകുന്നും പ്രബോധന ത്തിലൂടെ സുദീര്‍ഘമായ മറുപടി നല്‍കുകയുണ്ടായി. യാഥാസ്ഥിതികരുടെ ഖബ്റാരാധനയെ ഖണ്ഡിച്ചുകൊണ്ട് ടി.കെ. ഇബ്റാഹീം എഴുതിയ ലേഖനങ്ങളും സമസ്തപണ്ഡിതന്മാര്‍ ജമാഅത്തിനെതിരില്‍ പ്രചരിപ്പിച്ച ആരോപണങ്ങളെ ഖണ്ഡിച്ചുകൊണ്ട് എം.വി. മുഹമ്മദ് സലീം എഴുതിയ ലേഖനങ്ങളും അനുസ്മരണീയമാണ്. മുസ്ലിംലീഗിനുവേണ്ടി മര്‍ഹൂം ടി.പി. കുട്ട്യാമു സാഹിബ് ചന്ദ്രിക യിലൂടെ നടത്തിയ ജമാഅത്ത് വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി എ.ആര്‍ (ഒ. അബ്ദുര്‍റഹ്മാന്‍) എഴുതിയ ലേഖനങ്ങളും ഈ കൂട്ടത്തില്‍ പെടുന്നു. 1980-കളില്‍ ഹമീദ് ചേന്ദമംഗല്ലൂര്‍ ദേശാഭിമാനി യിലൂടെയും എ.ആര്‍. പ്രബോധന ത്തിലൂടെയും നടത്തിയ സുദീര്‍ഘമായ വിവാദവും അനുസ്മരണീയമാണ്. ഈ വിവാദങ്ങളിലെല്ലാം പ്രതിപക്ഷം സ്വന്തം പ്രസിദ്ധീകരണങ്ങളിലൂടെയായിരുന്നു തങ്ങളുടെ വാദങ്ങള്‍ അവതരിപ്പിച്ചിരുന്നത്.
ഇരുകക്ഷികളും പ്രബോധന ത്തിലൂടെ തന്നെ തങ്ങളുടെ വാദങ്ങളവതരിപ്പിച്ച ചില സംവാദങ്ങളും നടക്കുകയുണ്ടായി. 1986-ല്‍ 19 എന്ന സംഖ്യയുടെ ഖുര്‍ആനികമഹത്വത്തെ ചൊല്ലി പ്രശസ്ത പണ്ഡിതനായ മുട്ടാണിശ്ശേരിയില്‍ കോയക്കുട്ടി മൌലവിയും റഹ്മാന്‍ മുന്നൂരും തമ്മിലും 1982-ല്‍ 'തിരുവരുള്‍' എന്ന ഖുര്‍ആന്‍പരിഭാഷാകൃതിയെ ചൊല്ലി ജമാല്‍ മലപ്പുറവും ചില മലയാളസാഹിത്യകാരന്മാരും തമ്മിലും നടന്ന സംവാദങ്ങള്‍ ഇതിനുദാഹരണമാണ്. പ്രബോധന ത്തില്‍ വന്ന ചില ലേഖനങ്ങള്‍ പൊതുസംവാദത്തിന് തിരികൊളുത്തിയ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. എം.സി. അബ്ദുല്ലയുടെ ഒരു ലേഖനത്തെ തുടര്‍ന്ന് 1991-ല്‍ നടന്ന സുദീര്‍ഘമായ മൌലിദ് ചര്‍ച്ചയും അതിന് മുമ്പുണ്ടായ മാസപ്പിറവി ചര്‍ച്ചയും ഇതിനുദാഹരണങ്ങളാകുന്നു. ഇതുകൂടാതെ വിവിധ ചിന്താഗതികളെ പ്രതിനിധീകരിക്കുന്ന വ്യക്തിത്വങ്ങളെ ക്ഷണിച്ചുകൊണ്ട് പ്രബോധനം തന്നെ മുന്‍കൈയെടുത്തും ചില ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയുണ്ടായി. 1991-ലെ പൊതു തെരഞ്ഞെടുപ്പ് വേളയില്‍ മുസ്ലിം സമൂഹം സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് നടത്തപ്പെട്ട സംവാദവും അതിനുശേഷം കമ്യൂണിസത്തിന്റെ തകര്‍ച്ചയെ തുടര്‍ന്ന് സംഘടിപ്പിക്കപ്പെട്ട 'ഒരു പുതിയ വ്യവസ്ഥക്കുവേണ്ടി' എന്ന ചര്‍ച്ചയും ശ്രദ്ധേയമായിരുന്നു. കേരളത്തില്‍ പലതരം ത്വരീഖത്ത് പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയ 2004- 2006 കാലയളവില്‍ സ്വദ്റുദ്ദീന്‍ വാഴക്കാടും കെ. എ. ഖാദിര്‍ ഫൈസിയും ത്വരീഖത്ത് സംബന്ധിച്ച് പ്രബോധനത്തില്‍ എഴുതിയ ലേഖനങ്ങള്‍ നല്ലൊരു വൈജ്ഞാനിക ചര്‍ച്ചയായിത്തീരുകയുണടായി. 2006-ല്‍ നവോത്ഥാനത്തെക്കുറിച്ചും മുസ്ലിം പിന്നാക്കാവസ്ഥയെക്കുറിച്ചും നടന്ന ചര്‍ച്ചയില്‍ മുസ്ലിംബുദ്ധിജീവികളും സാംസ്കാരികനായകന്മാരും സജീവമായി പങ്കെടുത്തിരുന്നു. പ്രഫ. കെ.എ ജലീല്‍, ടി.എ അഹ്മദ് കബീര്‍, ജസ്റിസ് പി.കെ ശംസുദ്ദീന്‍ മുതലായവര്‍ അക്കൂട്ടത്തില്‍ പെടുന്നു. 2007-ല്‍ മഖ്ബറ വ്യവസായത്തെക്കുറിച്ച് സ്വദ്റുദ്ദീന്‍ വാഴക്കാട് തയാറാക്കിയ ലേഖനം സാധാരണക്കാര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമാണ്. മുസ്ലിംവിദ്യാഭ്യാസം, മദ്റസാവിദ്യാഭ്യാസം, സമുദായത്തിന്റെ രാഷ്ട്രീയം, സാമ്പത്തികരംഗം, പലിശ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും പ്രബോധനം ഇടക്കിടെ ചര്‍ച്ചകള്‍ സംഘടിപ്പിക്കാറുണ്ട്.
ഇത്തരം സംവാദങ്ങള്‍ മുസ്ലിംസമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങള്‍ പരസ്പരം മനസ്സിലാക്കാനും കൂടുതല്‍ അടുക്കാനും സഹായകമാകുമെന്ന് പ്രബോധനം കരുതുന്നു. സമുദായൈക്യവും സംഘടനകളുടെ സൌഹാര്‍ദപരമായ സഹവര്‍ത്തിത്വവും അന്നും ഇന്നും പ്രബോധന ത്തിന്റെ സുപ്രധാന ലക്ഷ്യങ്ങളില്‍ പെട്ടതാണ്. പണ്ട് ഈ ആശയത്തെ പുഛിച്ചിരുന്നവരും ഇന്നതിന്റെ വക്താക്കളായി മാറിയിരിക്കുന്നു എന്നത് ചാരിതാര്‍ഥ്യജനകമാണ്.
വിശേഷാല്‍പ്രതികള്‍
വര്‍ഷംതോറും വിശേഷാല്‍പ്രതികളിറക്കുന്ന പതിവ് പ്രബോധന ത്തിനില്ല. പ്രബോധന ത്തിന്റെ ചരിത്രത്തിലിതുവരെ പത്തോളം വിശേഷാല്‍ പ്രതികളേ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. 1970 നവംബറില്‍ മാസിക പുറത്തിറക്കിയ ഖുര്‍ആന്‍ വിശേഷാല്‍ പ്രതിയാണ് ഒന്നാമത്തേത്. ഖുര്‍ആന്റെ വിവിധ വശങ്ങളെ സംബന്ധിച്ച് പ്രമുഖ പണ്ഡിതന്മാര്‍ അവതരിപ്പിച്ച പഠ നങ്ങളായിരുന്നു അതിന്റെ ഉള്ളടക്കം. പ്രതീക്ഷയില്‍ കവിഞ്ഞ സ്വീകരണമാണ് വായനക്കാരില്‍നിന്ന് ഈ സ്പെഷലിന് ലഭിച്ചത്. മാസിക തന്നെ 1972-ല്‍ പുറത്തിറക്കിയ വാര്‍ഷികപതിപ്പായിരുന്നു രണ്ടാമത്തേത്.
ലബ്ധപ്രതിഷ്ഠരായ സാഹിത്യകാരന്മാരുടെയും മുസ്ലിംലോക പണ്ഡിതന്മാരുടെയും സാഹിത്യവൈജ്ഞാനികരചനകളുള്‍ക്കൊള്ളുന്ന ഈ വാര്‍ഷികപതിപ്പ് ശ്രദ്ധേയമായ ഒരു വിജ്ഞാനവിരുന്നായിരുന്നു. 1983 ഫെബ്രുവരിയില്‍ മലപ്പുറത്തിനടുത്ത് ദഅ്വത്ത് നഗറില്‍ നടന്ന ജമാഅത്തെ ഇസ്ലാമി സംസ്ഥാനസമ്മേളനത്തിന്റെ റിപ്പോര്‍ട്ടുകളും അതിലവതരിപ്പിക്കപ്പെട്ട പ്രഭാഷണങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടിറക്കിയ 'ദഅ്വത്ത് നഗര്‍ സ്പെഷ്യലാ'യിരുന്നു മറ്റൊന്ന്. ഒ. അബ്ദുല്ലയായിരുന്നു ആ വിശേഷാല്‍ പ്രതിയുടെ ചുമതല വഹിച്ചിരുന്നത്. 1984 നവംബറില്‍ പുറത്തിറങ്ങിയ ശരീഅത്ത് സ്പെഷലായിരുന്നു അടുത്ത വിശേഷാല്‍പ്രതി. ഇസ്ലാമികശരീഅത്തിന്റെയും മുസ്ലിംപേഴ്സണല്‍ ലോയുടെയും വിവിധ വശങ്ങളെക്കുറിച്ച് വ്യത്യസ്ത ചിന്താഗതിക്കാരായ പണ്ഡിതന്മാരും നേതാക്കളും എഴുതിയ ലേഖനങ്ങളുള്‍ക്കൊള്ളുന്ന ആ വിശേഷാല്‍പതിപ്പും വായനക്കാരുടെ സവിശേഷശ്രദ്ധയാകര്‍ഷിക്കുകയുണ്ടായി. 1989 ജനുവരിയില്‍ പുറത്തിറക്കിയ മുഹമ്മദ് നബി വിശേഷാല്‍പ്രതിയും ശ്രദ്ധേയമായിരുന്നു. പ്രവാചകജീവിതത്തെയും ഇസ്ലാമികസന്ദേശത്തെയും വിവിധ കോണുകളിലൂടെ നോക്കിക്കാണുന്ന ഉള്‍ക്കനമുള്ള രചനകളാല്‍ സമ്പുഷ്ടമായ ആ പ്രസിദ്ധീകരണത്തിന് അനുവാചകരില്‍നിന്ന് വമ്പിച്ച വരവേല്‍പ്പ് ലഭിക്കുകയുണ്ടായി. ടി.കെ.എം. ഇഖ്ബാലായിരുന്നു ഇതിന്റെ ചുമതല വഹിച്ചത്.
ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി അരനൂറ്റാണ്ട് പിന്നിട്ട സാഹചര്യത്തില്‍, അതിന്റെ ചരിത്രം അവലോകനം ചെയ്തുകൊണ്ട് 1992 മാര്‍ച്ചില്‍ 'ജമാഅത്തെ ഇസ്ലാമി 50-ാം വാര്‍ഷികപതിപ്പ്' എന്ന ശീര്‍ഷകത്തില്‍ പ്രബോധനം ഒരു സ്പെഷ്യല്‍ പതിപ്പിറക്കുകയുണ്ടായി.
ജമാഅത്തെ ഇസ്ലാമിയുടെ ആദര്‍ശലക്ഷ്യങ്ങള്‍, നയപരിപാടികള്‍, അതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍, ഗതിവിഗതികള്‍, സ്ഥാപനങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, നേതാക്കള്‍, ജമാഅത്ത് നേരിട്ടവെല്ലുവിളികള്‍ തുടങ്ങിയവയെല്ലാം വ്യത്യസ്ത ലേഖകന്മാര്‍ തയാറാക്കിയ ലേഖനങ്ങളിലൂടെ ഈ പതിപ്പില്‍ സംഗ്രഹിച്ചിട്ടുണ്ട്.
കൂടാതെ, പാകിസ്താന്‍, ബംഗ്ളാദേശ്, കശ്മീര്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജമാഅത്തെ ഇസ്ലാമികളെ പരിചയപ്പെടുത്തുകയും ചെയ്തിരിക്കുന്നു. പി.ടി. അബ്ദുര്‍റഹ്മാനായിരുന്നു ഈ സ്പെഷ്യല്‍ പതിപ്പിന്റെ മാഗസിന്‍ എഡിറ്റര്‍.
ജമാഅത്തെ ഇസ്ലാമി കേരള ഹല്‍ഖയുടെ അമീറായിരുന്ന കെ.സി. അബ്ദുല്ല മൌലവി 1995 ആഗസ്റില്‍ നിര്യാതനായതിനെ തുടര്‍ന്ന് പ്രബോധനം 1995 ഡിസംബറില്‍ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് ഒരു സ്പെഷ്യല്‍ പതിപ്പിറക്കി. കെ.സിയുടെ വ്യക്തിത്വത്തെ പരിചയപ്പെടുത്തുകയും പ്രവര്‍ത്തനചരിത്രത്തിലേക്ക് വെളിച്ചം വീശുകയും ചെയ്യുന്നതാണ് ഈ സ്പെഷ്യല്‍ പതിപ്പ്. പി ന്നീട് 1998 ഏപ്രിലിലാണ് പ്രബോധനം മറ്റൊരു സ്പെഷ്യല്‍ പതിപ്പിറക്കിയത്. കേരള മുസ്ലിം നവോത്ഥാനചരിത്രമാണ് ഈ പതിപ്പിന്റെ പ്രമേയം. കേരളമുസ്ലിംകളുടെ നാനാമുഖമായ പുരോഗതിയില്‍ സംഭാവനകളര്‍പ്പിച്ച പ്രസ്ഥാനങ്ങള്‍ക്കും വ്യക്തികള്‍ക്കും അര്‍ഹമായ സ്ഥാനം നല്‍കിയിട്ടുള്ള ഈ പതിപ്പ് സംഘടനാപരമായ സങ്കുചിതത്വം ഒട്ടും തീണ്ടാത്ത സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. അതേവരെ എഴുതപ്പെട്ടിട്ടില്ലാത്തതും ഓര്‍മകളില്‍ മാത്രം അവശേഷിച്ചിരുന്നതുമായ പല ചരിത്രവസ്തുതകളും ഉള്‍ക്കൊള്ളുന്ന ഈ പതിപ്പ് കേരള മുസ്ലിംകളുടെ സമ്പൂര്‍ണമായ ചരിത്രനിര്‍മാണത്തിന് ഉപാ ദാനമാകാന്‍ യോഗ്യമായ സംഭാവനയാണെന്നതില്‍ സംശയമില്ല. 1998 ഏപ്രിലില്‍ മലപ്പുറം ജില്ലയിലെ വേങ്ങരക്കടുത്തുള്ള കൂരിയാട് വയലില്‍ സജ്ജമാക്കിയ ഹിറാനഗറില്‍ നടന്ന കേരള ജമാഅത്തെ ഇസ്ലാമി സംസ്ഥാനസമ്മേളനത്തിന്റെ റിപ്പോര്‍ട്ടുകളും അതില്‍ നടന്ന പ്രഭാഷണങ്ങളും ഉള്‍ക്കൊള്ളിച്ച് പ്രബോധനം 2000 ജൂണില്‍ 'ഹിറാസ്മൃതി' എന്ന ശീര്‍ഷകത്തില്‍ ഒരു സ്പെഷ്യല്‍ പതിപ്പിറക്കി. ഈ രണ്ടു സ്പെഷ്യലുകളുടെയും മാഗസിന്‍ എഡിറ്റര്‍ വി.എം. ഇബ്റാഹീമായിരുന്നു.
2002-ല്‍ കേരള ജമാഅത്തെ ഇസ്ലാമി നടത്തിയ 'ഖുര്‍ആനിലേക്ക് വെളിച്ചത്തിലേക്ക്' എന്ന കാമ്പയിന്റെ ഭാഗമായി ആ വര്‍ഷം ഏപ്രിലില്‍ ഇറക്കിയ ഖുര്‍ആന്‍ വിശേഷാല്‍പതിപ്പാണ് പ്രബോധന ത്തിന്റെ സ്പെഷ്യല്‍ പതിപ്പുകളില്‍ ഏറ്റവും പ്രശസ്തമായത്. വിശുദ്ധ ഖുര്‍ആന്റെ നാനാവശങ്ങളും വിശകലനം ചെയ്യുന്ന നിരവധി പണ്ഡിതന്മാരുടെ ലേഖനങ്ങളുള്‍ക്കൊള്ളുന്ന ഈ വിശേഷാല്‍പതിപ്പ് വായനക്കാരുടെ വര്‍ധിച്ച ആവശ്യം മാനിച്ച് മൂന്നുവട്ടം അച്ചടിക്കേണ്ടിവന്നു. പ്രബോധനം എഡിറ്റോറിയല്‍ സ്റാഫിനു പുറമെ പി.ടി. അബ്ദുര്‍റഹ്മാന്‍, മുഹമ്മദ് പാ ലത്ത് എന്നിവരും ഈ വിശേഷാല്‍പതിപ്പ് തയാറാക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്. 2004 ജൂണില്‍ 'ഇസ്ലാമിന്റെ ലോകം' എന്ന ശീര്‍ഷകത്തില്‍ ഇറക്കിയ പ്രബോധനം സ്പെഷ്യലും ഈടുറ്റ ഒരു വൈജ്ഞാനികസംഭാവനയാണ്. ഇസ്ലാമിന്റെ ആശയപ്രപഞ്ചം അവലോകനം ചെയ്തുകൊണ്ട് ആഗോളപണ്ഡിതന്മാര്‍ തയാറാക്കിയ ലേഖനങ്ങളാണിതിലെ മുഖ്യ ഉള്ളടക്കം. കൂടാതെ മുസ്ലിംരാജ്യങ്ങളെയും ജനതകളെയും ലഘുവായി പരിചയപ്പെടുത്തുകയും ചെയ്തിരിക്കുന്നു. വി.എം. ഇബ്റാഹീമാണ് ഈ സ്പെഷ്യലിന്റെ മാഗസിന്‍ എഡിറ്റര്‍.
2007 ജനുവരിയില്‍ പ്രബോധനം പുറത്തിറക്കിയ ഹദീസ് പതിപ്പും വായനക്കാര്‍ ആവേശപൂര്‍വം സ്വീകരിക്കുകയുണടായി. ഇസ്ലാമികജീവിതത്തില്‍ നബിചര്യക്കുള്ള പ്രാധാന്യം, സുന്നത്തിന്റെ യാഥാര്‍ഥ്യം, പ്രാമാണികത, നിവേദനം, സമാഹരണം, സംശോദന, ചരിത്രം തുടങ്ങി ഹദീസ് വിജ്ഞാനീയത്തിന്റെ എല്ലാ വശങ്ങളും സാധാരണക്കാര്‍ക്ക് സുഗ്രാഹ്യമായ ഭാഷയിലും ശൈലിയിലും ചര്‍ച്ച ചെയ്യുന്ന ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഹദീസ് പതിപ്പ്. പൂര്‍വികരും ആധുനികരുമായ പ്രമുഖ ഹദീസ് പണ്ഡിതന്മാരെയും ഗ്രന്ഥകാരന്മാരെയും ഗ്രന്ഥങ്ങളെയും പരിചയപ്പെടുത്തുകയും ചെയ്യുന്നു. ഹദീസ്നിഷേധത്തിന്റെ ചരിത്രവും ഹദീസ്നിഷേധികളുടെ വാദങ്ങള്‍ക്കുള്ള ഖണ്ഡനവും ഈ പതിപ്പ് ഉള്‍ക്കൊള്ളുന്നുണട്. കേരളത്തിലെ ഹദീസ്നിഷേധത്തിന്റെ ചരിത്രം പ്രത്യേകം ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നു. അതതു വിഷയങ്ങളില്‍ അവഗാഹമുള്ള പണ്ഡിതന്മാരാണ് ലേഖനങ്ങള്‍ തയാറാക്കിയിട്ടുള്ളത്. സ്വദ്റുദ്ദീന്‍ വാഴക്കാടാണ് ഈ സ്പെഷ്യല്‍ പതിപ്പിന്റെ മാഗസിന്‍ എഡിറ്റര്‍.
കെട്ടിലും മട്ടിലും വന്ന മാറ്റങ്ങള്‍
1949 ആഗസ്റില്‍ പ്രബോധനം തുടങ്ങിയത് കവര്‍ ഉള്‍പ്പെടെ 24 പേജുകളോടെയാണ്. വില 4 അണ (25 പൈസ). പി ന്നീട് 4 പേജുകള്‍ വര്‍ധിപ്പിച്ച് കവര്‍ ഉള്‍പ്പെടെ 28 പേജുകളാക്കി. 1964-ല്‍ പ്രതിപക്ഷപത്രം നിര്‍ത്തുന്നതുവരെ പത്രത്തിന്റെ കെട്ടും മട്ടും മാറ്റിയിട്ടില്ല. വിലയും 25 പൈസയില്‍ സ്ഥിരമായി നിന്നു.
1964-ല്‍ ടാബ്ളോയിഡ് സൈസിലുള്ള വാരിക തുടക്കത്തില്‍ 12 പേജുകളായിരുന്നു. വില 10 പൈസ. 1973-ല്‍ പേജുകളുടെ എണ്ണം 8 ആക്കി കുറച്ചു. 1978-ല്‍ വാരിക 5 കോളങ്ങളുള്ള 12 പേജുകളായി വര്‍ധിപ്പിച്ചു. 1987-ല്‍ വാരികയും മാസികയും സംയോജിപ്പിച്ച് പുസ്തകരൂപത്തിലാക്കിയപ്പോള്‍ കവര്‍ ഉള്‍പ്പെടെ 36 പേജായിരുന്നു.
1964-ല്‍ മാസിക തുടങ്ങുമ്പോള്‍ ഡമ്മി 1/8 സൈസില്‍ കവര്‍ ഉള്‍പ്പെടെ 68 പേജുള്ള പുസ്തകരൂപത്തിലായിരുന്നു. 1973-ല്‍ 60 ആക്കി കുറച്ചു. ഇടക്കാലത്ത് 64 ആക്കി വര്‍ധിപ്പിച്ചെങ്കിലും വീണ്ടും 56-ലേക്ക് കുറച്ചു. തുടക്കത്തില്‍ 50 പൈസയായിരുന്നു വില. അത് അനുക്രമം വര്‍ധിച്ച് 1987-ല്‍ പത്രം നിര്‍ത്തുമ്പോള്‍ 2 രൂപയിലെത്തിയിരുന്നു.
1987-ല്‍ പ്രബോധനം പുസ്തകരൂപത്തിലാക്കിയപ്പോള്‍ ഡമ്മി 1/4 സൈസില്‍ കവര്‍ അടക്കം 36 പേജായിരുന്നു. വില 1.50 രൂപ. ഇടക്കാലത്ത് പേജ് 44 ആക്കി വര്‍ധിപ്പിച്ചു. ആര്‍ട്ട് പേപ്പറില്‍ മള്‍ട്ടികളര്‍ കവറോടുകൂടി ഇറങ്ങുന്ന വാരികയുടെ ഇപ്പോഴത്തെ വില 6 രൂപ ആണ്.
ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രമായിരിക്കെത്തന്നെ അത് മുസ്ലിംസമുദായത്തിന്റെ ഒരു മുതല്‍ക്കൂട്ടാണ്. പ്രബോധനം വായിക്കുന്നവരെല്ലാം ജമാഅത്തുകാരല്ല. ഉയര്‍ന്ന നിലവാരവും വൈജ്ഞാനികമൂല്യവുമുള്ള ഒരു പ്രസിദ്ധീകരണമായി ജാതിമതകക്ഷിഭേദമന്യേ കേരളത്തിലെ അനുവാചകര്‍ പ്രബോധന ത്തെ അംഗീകരിച്ചിട്ടുണ്ട്.
എല്ലാ വിഭാഗത്തില്‍നിന്നുമുള്ള എഴുത്തുകാര്‍ പ്രബോധന ത്തില്‍ എഴുതാറുണ്ട്. പ്രസ്ഥാനത്തിന്റെ വീക്ഷണങ്ങള്‍ക്ക് വിരുദ്ധമായ വീക്ഷണങ്ങള്‍ പോലും പ്രകടിപ്പിക്കാന്‍ പ്രബോധനം നിര്‍ഭയം അവര്‍ക്കവസരം നല്‍കാറുമുണ്ട്.
ഈ കാലയളവില്‍ പത്രം കെട്ടിലും മട്ടിലും പലവിധ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. എന്നാല്‍, ആദര്‍ശത്തിലും ലക്ഷ്യത്തിലും പ്രബോധന ത്തിന് ഇന്നോളം ഒരു മാറ്റവും ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല. പ്രതിബന്ധങ്ങളേറെ പ്രബോധന ത്തിന് തരണം ചെയ്യേണ്ടിവന്നിട്ടുണ്ട്. രണ്ടു തവണ സര്‍ക്കാര്‍ അതിന് നിരോധനം ഏര്‍പ്പെടുത്തി. അടിയന്തരാവസ്ഥ കാലത്തും 1992-ല്‍ ബാബരി മസ്ജിദ് ധ്വംസനത്തെത്തുടര്‍ന്നും. ഈ കൈത്തിരി ഊതിക്കെടുത്താനുദ്യമിക്കുന്ന പ്രതിയോഗികളുടെ നിരന്തരമായ ആക്രമണം ഇന്നും തുടരുന്നുണ്ട്.
സാമ്പത്തികാവസ്ഥ
സാമ്പത്തികലാഭം പ്രബോധന ത്തിന്റെ ലക്ഷ്യമായിരുന്നിട്ടില്ല. പലപ്പോഴും കനത്ത നഷ്ടം ഏല്‍ക്കേണ്ടി വരാറുണ്ട്. പ്രബോധന ത്തില്‍ പരസ്യങ്ങള്‍ കുറവാണ്. കിട്ടുന്ന എല്ലാ പരസ്യങ്ങളും പ്രസിദ്ധീകരിക്കാറുമില്ല. പ്രബോധന ത്തിലെ പരസ്യങ്ങള്‍ക്ക് വായനക്കാര്‍ ഒരു പ്രത്യേക വിശ്വാസ്യത കല്‍പിക്കാറുണ്ട്. അതിനാല്‍ ന്യായമെന്നും സത്യമെന്നും സ്ഥാപനത്തിന് ബോധ്യപ്പെട്ട പരസ്യങ്ങള്‍ മാത്രമേ സ്വീകരിക്കാറുള്ളൂ. എങ്കിലും അടുത്ത കാലത്തായി കുറച്ചൊക്കെ പരസ്യങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്.
അതിനാല്‍ ഏതാനും വര്‍ഷങ്ങളായി ജീവനക്കാര്‍ക്ക് സാമാന്യം ഭേദപ്പെട്ട വേതനം നല്‍കിക്കൊണ്ടുതന്നെ നേരിയ ലാഭത്തിലാണ് പ്രബോധനം പ്രവര്‍ത്തിക്കുന്നത്. ലാഭമായി കിട്ടുന്നത് ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നു.
ഇന്ന് മലയാളത്തിലെ ഏറ്റവും മെച്ചപ്പെട്ട ഇസ്ലാമികപ്രസിദ്ധീകരണം പ്രബോധന മാണെന്ന് നിസ്സംശയം പറയാന്‍ കഴിയും. എല്ലാം തികഞ്ഞു എന്നല്ല. തെറ്റുപറ്റി എന്ന് ബോധ്യമായപ്പോഴൊക്കെ അത് തിരുത്താന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. പ്രബോധനം ഒന്നാം ലക്കത്തിന്റെ മുഖപ്രസംഗത്തിലെ ഈ വരികള്‍ തന്നെയാണ് പ്രബോധന ത്തെ ഇപ്പോഴും നയിക്കുന്നത്: 'മനുഷ്യരില്‍ ഞങ്ങള്‍ക്ക് ശത്രുക്കളായി ആരും തന്നെയില്ല. എല്ലാ സമുദായക്കാരെയും വര്‍ഗക്കാരെയും സഹോദരങ്ങളായിട്ടാണ് ഞങ്ങള്‍ വീക്ഷിക്കുന്നത്. സത്യം അതെവിടെയാണെങ്കിലും, ഏതു സമുദായത്തിന്റെയോ വര്‍ഗത്തിന്റെയോ കൈവശമാണെങ്കിലും ഞങ്ങളുടെ മിത്രമാണ്. അസത്യം അത് ഞങ്ങളില്‍ തന്നെയാണെങ്കിലും ഞങ്ങളുടെ ശത്രുവാണ്.'
പ്രബോധന ത്തിന്റെ ഏറ്റവും വലിയ മൂലധനം അതിന്റെ വായനക്കാരും അവര്‍ക്ക് പത്രം എത്തിച്ചുകൊടുക്കുന്ന ഏജന്റുമാരുമാണ്. അല്ലാഹുവിനുശേഷം ഈ പ്രസിദ്ധീകരണത്തെ ഇത്രയും കാലം നിലനിര്‍ത്തുകയും വളര്‍ത്തുകയും ചെയ്ത ശക്തി അവരാണ്. അരി വാങ്ങിയില്ലെങ്കിലും പ്രബോധനം വാങ്ങണമെന്ന് നിര്‍ബന്ധമുള്ള ഒട്ടേറെ വായനക്കാര്‍ ഈ പ്രസിദ്ധീകരണത്തിനുണ്ട്. സ്വന്തം കച്ചവടസ്ഥാപനം പൂ ട്ടിയിട്ടും പ്രബോധനം വില്‍ക്കാനിറങ്ങുന്ന ഏജന്റുമാരും ഇസ്ലാമികപ്രവര്‍ത്തകരുമുണ്ട്. പ്രബോധന ത്തിന് തെറ്റുപറ്റുമ്പോള്‍ സ്വയം തെറ്റു ചെയ്തതുപോലെ ദുഃഖിക്കുന്നവര്‍, തെറ്റുകള്‍ തിരുത്തിക്കാണാന്‍ വെമ്പല്‍ കൊള്ളുന്നവര്‍, പ്രബോധന ത്തിന്റെ നേട്ടങ്ങളെ സ്വന്തം നേട്ടങ്ങളായിക്കണ്ട് ആഹ്ളാദിക്കുന്നവര്‍, പ്രോ ത്സാഹിപ്പിക്കുന്നവര്‍. അവരോടൊക്കെ പ്രബോധന ത്തിനുള്ള കടപ്പാട് അവര്‍ണനീയമാണ്. അവരുടെയൊക്കെ സേവനങ്ങള്‍ ഇനിയും പ്രബോധന ത്തിനാവശ്യമുണ്ട്. അതുണ്െടങ്കില്‍ ഏറെദൂരം മുന്നോട്ടുപോവാന്‍ പ്രബോധന ത്തിന് കഴിയുമെന്നതില്‍ സംശയമില്ല. പ്രബോധന ത്തിന് കൂടുതല്‍ കൂടുതല്‍ സേവനങ്ങളര്‍പ്പിക്കാന്‍ അതിന്റെ എല്ലാ പ്രവര്‍ത്തകര്‍ക്കും വായനക്കാര്‍ക്കും, പ്രബോധന ത്തിലൂടെ മുസ്ലിംസമുദായത്തിനും ഇസ്ലാമികപ്രവര്‍ത്തകര്‍ക്കും കൂടുതല്‍ കൂടുതല്‍ വെളിച്ചം പകര്‍ന്നുകൊടുക്കാന്‍ അതിന്റെ പ്രവര്‍ത്തകര്‍ക്കും അല്ലാഹു തൌഫീഖേകുമാറാകട്ടെ. എല്ലാവരുടെയും സേവനങ്ങള്‍ക്ക് അവന്‍ അര്‍ഹമായ പ്രതിഫലം നല്‍കുകയും ചെയ്യുമാറാകട്ടെ -ആമീന്‍.