>>കഥ
സ്വപ്നം
അബ്ദുസ്സലാം അല്‍ഉജൈലി
നമസ്കരിക്കുന്നതായി മഹ്മൂദ് ഉവൈസ് സ്വപനം കണ്ടതില്‍ അസാധാരണമായി ഒന്നുമില്ല. സമയം തെറ്റാതെ നമസ്കരിക്കുന്നയാളാണ്. അതിനാലാവാം നമസ്കരിക്കുന്നതായി സ്വപ്നം കണ്ടത്. സ്വപ്നത്തില്‍ നമസ്കാരത്തിലെ ആദ്യ റക്അത്തില്‍ സൂറത്തുന്നസ്വ്ര്‍ പാരായണം ചെയ്ത് അവസാനത്തിലെത്തിയപ്പോഴാണ് ഞെട്ടിയുണര്‍ന്നത്. ഉടന്‍ പറഞ്ഞു. സദഖല്ലാഹുല്‍ അളീം...
സ്വപ്നങ്ങള്‍ പലപ്പോഴും കാണാറുണ്ടെങ്കിലും, ഉണര്‍ന്നെണീറ്റിട്ടും ഈ സ്വപ്നത്തിലെ ഭാഗങ്ങള്‍ മായാതെ മനസ്സില്‍ പതിഞ്ഞ് കിടന്നു. ഉണര്‍ച്ചയിലെന്ന പോലെ ഈ സ്വപ്നം തെളിഞ്ഞു തെളിഞ്ഞു വന്നപ്പോഴാണ് ശൈഖ് സഈദിനെ കാലത്ത് തന്നെ അന്വേഷിച്ചിറങ്ങിയത്. ഗ്രാമത്തില്‍ പണ്ഡിതനായി അറിയപ്പെടുന്നയാളാണ് അദ്ദേഹം. ഉച്ചയോടടുത്താണ് ശൈഖിനെ കണ്ട് കിട്ടിയത്. സ്വപ്നത്തെക്കുറിച്ച് കേട്ട ശൈഖ് അല്‍പം നേരം മൌനിയായി. ശേഷം ചോദിച്ചു: "സൂറതുന്നസ്വ്ര്‍ തന്നെയാണ് ഓതിയതെന്ന് നിനക്കുറപ്പുണ്ടോ?''
"അതെ, അത് തന്നെ, പൂര്‍ണമായും പാരായണം ചെയ്തതും ഞാന്‍ ഓര്‍ക്കുന്നു. എന്താ? വല്ല പന്തികേടും?''
സ്വപ്ന വ്യാഖ്യാനത്തിലെ തന്റെ വിജ്ഞാനം പകര്‍ന്ന് നല്‍കാന്‍ മടിക്കുന്നപോലെ ശൈഖ് സഈദ് താടിയില്‍ വിരലോടിച്ചുകൊണ്ടിരുന്നു. അവസാനം പറഞ്ഞു: "മഹ്മൂദ് ഉവൈസ്, പാപമോചനം തേടുക, പശ്ചാതപിക്കുക. അതാണ് സൂറത്തുന്നസ്വ്ര്‍ കല്‍പിക്കുന്നത്. സ്വപ്നത്തില്‍ ഈ സൂറത്ത് പാരായണം ചെയ്യുന്നത് മരണം അടുത്തതിന്റെ മുന്നറിയിപ്പാണ്.''
മഹ്മൂദ്: "എന്ത്?''
"മരണത്തില്‍ നിന്നാര്‍ക്കും ഒളിച്ചോടാനാവില്ല. അല്ലാഹുവിന്റെ കാരുണ്യം സമീപസ്ഥമാണ്. നീ കണ്ടത് പോലുള്ള സ്വപ്നം കണ്ടവര്‍ നാല്‍പത് ദിവസത്തിലധികം ജീവിച്ചിരുന്നിട്ടില്ല.''
ഞെട്ടിത്തരിച്ച് മഹമൂദ് നിലത്തിരുന്നുപോയി. ശൈഖ് സഈദ് ഉച്ച നമസ്കാരത്തിന് ധൃതിവെച്ച് നടന്നു.
മഹ്മൂദ് താമസിക്കുന്നത് ചെറിയ ഗ്രാമത്തിലായതിനാല്‍ വൈകുന്നേരമായപ്പോഴേക്കും സ്വപ്നത്തെക്കുറിച്ചും വ്യാഖ്യാനത്തെക്കുറിച്ചും ജനങ്ങളെല്ലാം അറിഞ്ഞുകഴിഞ്ഞിരുന്നു. സ്വപ്ന വ്യാഖ്യാനത്തില്‍ വിശ്വസിച്ചിരുന്ന ഗ്രാമവാസികള്‍ക്ക്, നാല്‍പതാമത്തെ ദിവസം മഹ്മൂദ് ഉവൈസ് മയ്യിത്താണെന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നില്ല.
ഒറ്റയും തെറ്റയുമായി ആളുകള്‍ വീട്ടില്‍ വരവായി. ആരോഗ്യവാനായ തന്റെ മരണം പ്രതീക്ഷിച്ച് വരുന്നവരെ സ്വീകരിക്കാനായി ഒഴിഞ്ഞിരിക്കേണ്ടി വന്നു മഹ്മൂദിന്. ജീവിച്ചിരിക്കെ അനുശോചനം ലഭിച്ചവന്‍ എന്ന അപൂര്‍വ ബഹുമതിയും മഹ്മൂദിന് ലഭിച്ചു.
ശരീര വേദനപോലുമില്ലാത്ത മഹ്മൂദിന്, ജനങ്ങള്‍ ആവര്‍ത്തിച്ച് ചോദിച്ചത് കാരണം ചില ഭാഗങ്ങളില്‍ വേദനയുണ്ടെന്ന് തോന്നിത്തുടങ്ങി. ആദ്യത്തെ പത്ത് ദിവസം നടന്നും ഇരുന്നും ചെലവഴിച്ചു. ഇടക്കൊക്കെ താന്‍ ബ്രോക്കറായി ജോലി ചെയ്തിരുന്ന കാലിച്ചന്തയിലും പോയി. പക്ഷേ രണ്ടാമത്തെ പത്തിലേക്ക് കടന്നതോടെ വീട്ടുകാര്‍ അദ്ദേഹത്തിന്റെ വിരിപ്പ് മടക്കി വെക്കാതെയായി. ആരോഗ്യവാനെങ്കിലും വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി രാത്രിയും പകലും മഹ്മൂദ് ശയ്യാവലംബിയായിത്തീര്‍ന്നു.
മുപ്പതാമത്തെ ദിവസത്തേക്കടുത്തപ്പോള്‍ മഹ്മൂദ് ഉവൈസിന് ഇഷ്ടപ്പെട്ട ഭക്ഷണപാനീയങ്ങള്‍ തലയണക്കടുത്ത് കുന്നുകൂടി. പക്ഷേ, അതിലൊന്ന് പോലും കഴിക്കാന്‍ അദ്ദേഹത്തിന് താല്‍പര്യം തോന്നിയില്ല. ശുഭ്ര വസ്ത്രം മാത്രം ധരിച്ച്, താടി നീട്ടി, പ്രാര്‍ഥനയിലും ദിക്റ്-ഔറാദുകളിലുമായി കഴിഞ്ഞ് കൂടി. മരണത്തെക്കുറിച്ച ചിന്ത കാരണം മാത്രമല്ല, ഖബ്റിലെ ശിക്ഷ ഓര്‍ത്തും കാലിച്ചന്തയില്‍ ബ്രോക്കറായിരിക്കെ ചെയ്ത കള്ള സത്യങ്ങള്‍ വിചാരണ വേളയില്‍ ദൈവം വിട്ട്വീഴ്ച ചെയ്ത് തരില്ലേ എന്ന ഭയത്താലും കരയാനും തുടങ്ങി.
നാല്‍പതാമത്തെ ദിവസത്തോടടുത്തപ്പോള്‍ ശരീരത്തിലെ കൊഴുപ്പ് താനെ അലിഞ്ഞില്ലാതായി. വീര്‍ത്ത വയറൊക്കെ ചുരുങ്ങി. സമീപ ഗ്രാമങ്ങളില്‍ നിന്നുപോലും ജനങ്ങള്‍ മഹ്മൂദിനെ കാണാനെത്തി. എല്ലാവരുടെയും സംസാരത്തില്‍ ഈമാന്‍ തുളുമ്പി.
ഗ്രാമത്തിന് പുറത്തായിരുന്ന ഞാന്‍ തിരിച്ച് വന്നത് മുപ്പത്തി ഒമ്പതാമത്തെ ദിവസമാണ്. മഹ്മൂദ് ഉവൈസിന്റെ സ്വപ്നവും ശൈഖിന്റെ വ്യാഖ്യാനവും അടങ്ങിയ വാര്‍ത്തയാണ് എന്നെ എതിരേറ്റത്. സന്ദര്‍ശകരുടെ കൂട്ടത്തില്‍ ഞാനും മഹ്മൂദിന്റെ വീട്ടിലെത്തി. മരണം അരിച്ചെത്തുന്നത് കാണാന്‍ പുരുഷന്മാരും സ്ത്രീകളും വീടിന്റെ രണ്ട് ഭാഗത്തും മുറ്റത്തും തടിച്ചു കൂടിയിരിക്കുന്നു. മറ്റൊരു ഭാഗത്ത് ഏതാനും കന്നുകാലികള്‍. മഹ്മൂദ് ഉവൈസ് കാലിച്ചന്തയില്‍ നിന്ന് വില്‍പനക്ക് കൊണ്ട് വന്നതല്ല, അദ്ദേഹത്തിന്റെ മരണത്തോടെ ആത്മശാന്തിക്കായി അറുക്കാന്‍ ഒരുക്കി നിര്‍ത്തിയതാണ്.
മഹ്മൂദ് ഉവൈസ് വീട്ടിലെ ഒരു മുറിയില്‍ നമസ്കാരത്തില്‍ മുഴുകിയിരിക്കുന്നു. അതേ മുറിയില്‍ തന്നെ ഈണത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്ത് ശൈഖ് സഈദ്. തൂ വെള്ള വസ്ത്രം ധരിച്ച, നീണ്ട താടിയുള്ള മഹ്മൂദ് ഉവൈസ് ദീര്‍ഘിച്ച് സുജൂദും റുകൂഉും ചെയ്യുന്നത് കാണുമ്പോള്‍ സുജൂദിലായിരിക്കെ ആത്മാവ് പിടിക്കപ്പെടാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്ന് തോന്നിപ്പോകും. ഈമാന്‍ സ്ഫുരിക്കുന്ന, മഹ്മൂദിന്റെ ഇപ്പോഴത്തെ രൂപവും മൂന്നണക്ക് വാങ്ങിയ മൃഗത്തെ വില്‍ക്കാന്‍ അദ്ദേഹം നടത്തിയിരുന്ന പഴയ സത്യം ചെയ്യലുകളും തമ്മിലെ പൊരുത്തമില്ലായ്മ കണ്ട് ഞാന്‍ സഹതപിച്ചു. ഉച്ചത്തില്‍ ഖുര്‍ആന്‍ ഓതുമ്പോഴും ശൈഖ് ഇടങ്കണ്ണിട്ട് എന്നെ നോക്കുന്നുണ്ടായിരുന്നു, അന്ധവിശ്വാസത്തെയും മന്ത്രവാദത്തെയും എതിര്‍ത്തതിനാല്‍ ഞങ്ങള്‍ തമ്മില്‍ മുമ്പേ തര്‍ക്കത്തിലാണെന്നതിനാലാവാം ആ നോട്ടം. മഹ്മൂദ് ഉവൈസിനെ ഈ കള്ള ശൈഖ് കൊന്നുകളയുമെന്ന് വിളിച്ചു പറയാന്‍ തോന്നിപ്പോയി.
നാല്‍പതാമത്തെ രാവും പിന്നിട്ട ദിവസം. പ്രഭാതത്തിന് മുമ്പേ എണീറ്റ്, ഉറങ്ങുന്നതിന് മുമ്പ് വെള്ളത്തിലിട്ടു വെച്ച, ദമസ്കസില്‍ നിന്ന് കൊണ്ടുവന്ന പ്രത്യേക തരം അത്തിപ്പഴത്തില്‍ നിന്ന് ഒന്നെടുത്ത് ഞാന്‍ മഹ്മൂദ് ഉവൈസിന്റെ വീട്ടിലെത്തി. ആട്മാടുകള്‍ അവിടെത്തന്നെയുണ്ടെങ്കിലും ആളുകളെല്ലാം ഒഴിഞ്ഞ് പോയിരുന്നു. ദീര്‍ഘനമസ്കാരത്തിന്റെ ക്ഷീണത്താല്‍ മഹ്മൂദ് ഉവൈസ് കിടന്നുറങ്ങുന്നത് ജനലിലൂടെ കണ്ടു. ശക്തമായി വാതിലില്‍ മുട്ടി അദ്ദേഹത്തെ ഉണര്‍ത്തി ഞാന്‍ പറഞ്ഞു. "രാത്രിയില്‍ എന്റെ പൂര്‍വപിതാവായ സൈനുല്‍ ആബിദീന്‍ വന്ന് എന്നോട് പറഞ്ഞു: മഹ്മൂദ് ഉവൈസിന്റെയടുത്ത് ചെന്ന് സ്വര്‍ഗത്തില്‍ നിന്നുള്ള ഈ അത്തിപ്പഴം നല്‍കുക. എന്നിട്ട് പറയൂ, അല്ലാഹുവിന്റെ പരീക്ഷണത്തില്‍ അദ്ദേഹം പശ്ചാതപിച്ച് മടങ്ങുന്നവനായി തെളിഞ്ഞിരിക്കുന്നു. സൂര്യനുദിക്കും മുമ്പ് രണ്ട് റകഅത്ത് നമസ്കരിക്കൂ. ആദ്യ റക്അത്തില്‍ സൂറത്തുന്നസ്വ്ര്‍ പാരായണം ചെയ്യണം.''
മഹ്മൂദ് ഉവൈസിന്റെ പുതിയ കഥ ഒരു മണിക്കൂറിനുള്ളില്‍ ഗ്രാമത്തില്‍ പരന്നു. ഇന്നലെ ആ വീട്ടില്‍ തടിച്ച് കൂടിയവര്‍, സൈനുല്‍ ആബിദീന്‍ വന്നതും അല്ലാഹുവിന്റെ സന്ദേശം ലഭിച്ചതും അന്വേഷിച്ചറിയാന്‍ എന്റെയടുത്തേക്കൊഴുകി. ഇപ്പോള്‍ ഞാന്‍ ശൈഖ് സഈദിന്റെ അന്ധവിശ്വാസത്തിന് മേല്‍ ജയം നേടിയിരിക്കുന്നു. എന്നാലും മനസ്സ് അസ്വസ്ഥമായിരുന്നു. ഇത് യഥാര്‍ഥ ജയമാണോ? അന്ധവിശ്വാസത്തിനെതിരെ അന്ധവിശ്വാസം കൊണ്ട് നേടിയ ജയമല്ലേ?
വിവ: അസ്ഹര്‍ പുള്ളിയില്‍