>>റിപ്പോര്‍ട്ട്
ഇരുളില്‍നിന്ന് വെളിച്ചത്തിലേക്ക്
സീനത്ത് ബാനു (ഡയറക്ടര്‍, എറണാകുളം ടൌണ്‍ വനിതാ ഖുര്‍ആന്‍ സ്റഡി സെന്റര്‍)
(ഖുര്‍ആന്‍ പഠനം പൂര്‍ത്തിയാക്കിയ
എറണാകുളം നഗരത്തിലെ ആദ്യസംഘത്തിന്റെ
ഖുര്‍ആന്‍ അനുഭവങ്ങള്‍)
ബാല്യകാലത്തെ കൂട്ടിയോത്തിനു ശേഷം, ജീവിത സാഹചര്യങ്ങളാല്‍ ഖുര്‍ആനില്‍നിന്ന് പാടേ അകന്നുപോയ അവസ്ഥയിലായിരുന്നു ഞങ്ങള്‍. പിന്നീട് കേട്ട ചില പ്രാസ്ഥാനിക ഉദ്ബോധനങ്ങളുടെ ഫലമായി, ഖുര്‍ആന്‍ പാരായണവും അര്‍ഥവും ആശയവും ഗ്രഹിച്ച് ദിവ്യവെളിച്ചത്തിലൂടെ ജീവിതവഴി കണ്ടെത്തണമെന്ന അതിയായ മോഹം മനസ്സിലുദിച്ചു. അതിനിടെ, കേരളത്തിലുടനീളം ഖുര്‍ആന്‍ സ്റഡിസെന്ററുകള്‍ ആരംഭിക്കാന്‍ ഇസ്ലാമിക പ്രസ്ഥാനം തീരുമാനിച്ച വിവരം അറിഞ്ഞു.
1997 സെപ്റ്റംബര്‍ 30ന് ഞങ്ങളുടെ ഖുര്‍ആന്‍ പഠനയാത്ര ബഷീര്‍ മുഹ്യിദ്ദീന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. രണ്ടു മാസത്തിനകം പഠിതാക്കളുടെ എണ്ണം നൂറു കവിഞ്ഞു. പതിനേഴിനും എഴുപതിനും ഇടയില്‍ പ്രായമുള്ളവര്‍, ഖുര്‍ആന്‍ ഒരുവിധം പാരായണം ചെയ്യാന്‍ അറിയുന്നവര്‍, അക്ഷരങ്ങള്‍ പോലും അറിയാത്തവര്‍ എല്ലാം ചേര്‍ന്നതായിരുന്നു ആ സംഘം. ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, അധ്യാപകര്‍, സാമൂഹിക രംഗത്തുള്ളവര്‍ തുടങ്ങി പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ചവരും ഞങ്ങളില്‍ ഉണ്ടായിരുന്നു. അറബി അക്ഷരം തീരെ അറിയാത്തവര്‍ക്ക് പ്രത്യേക ക്ളാസ് നടത്തി.
12 വര്‍ഷം നീണ്ടുനിന്ന ഈ പഠന സഹവാസം ഞങ്ങള്‍ക്ക് ആവേശകരമായ അനുഭവമായിരുന്നു. ക്ളാസ് നഷ്ടപ്പെടാതിരിക്കാനായി അനുഭവിക്കേണ്ടിവന്ന കൊച്ചുകൊച്ചു പ്രയാസങ്ങള്‍ ഇന്ന് മധുരസ്മരണകളായി ബാക്കി നില്‍ക്കുന്നു.
ക്ളാസ് ടെസ്റുകളും പൊതുപരീക്ഷകളും വലിയ സംഭവമായിരുന്നു ഞങ്ങള്‍ക്ക്. പേരക്കുട്ടികളോടൊപ്പമിരുന്നുള്ള രാത്രി പഠനവും മനപാഠമാക്കലും കുടുംബാംഗങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു. ക്രമേണ പലരുടെയും വീട്ടുകാര്‍ ഖുര്‍ആന്‍ പഠിക്കാന്‍ അത് നിമിത്തമായിട്ടുണ്ട്. വീട്ടുകാരുടെ പൂര്‍ണ പിന്തുണയും ഞങ്ങളുടെ പഠനത്തിന് ഏറെ സഹായകമായിരുന്നു. ഖുര്‍ആന്‍ മുഴുവന്‍ അര്‍ഥസഹിതം സ്വന്തം കൈപ്പടയില്‍ എഴുതി പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചു. ആ പുസ്തകങ്ങള്‍ ഒരു നിധിപോലെ ഞങ്ങള്‍ സൂക്ഷിക്കുന്നു. ക്ളാസിലെ മുഴുവന്‍ പരാമര്‍ശങ്ങളും എഴുതിയെടുത്ത് ഭംഗിയായി ക്രോഡീകരിച്ച് സ്വയം തന്നെ ഓരോ തഫ്സീര്‍ രൂപപ്പെടുത്തിയ രണ്ട് സഹോദരിമാര്‍ സഹപാഠികളായ ഞങ്ങളെ അത്ഭുതപ്പെടുത്തി.
ഏറെ ആത്മബന്ധമുള്ള ഒരു കൂട്ടായ്മയായിരുന്നു ഞങ്ങളുടേത്. അതുകൊണ്ടു തന്നെ ജീവിതത്തിന്റെ ഒറ്റപ്പെടലുകള്‍ ഞങ്ങള്‍ക്ക് അന്യമായിരുന്നു.
കല്യാണവീട്ടിലും മറ്റും ഒത്തുകൂടുമ്പോള്‍ എറണാകുളത്തെ പുതിയ തുണിക്കടകളെയും ജ്വല്ലറികളെയും പുതിയ ഫാഷന്‍ ട്രെന്‍ഡുകളെയും പറ്റി സംസാരിച്ചിരുന്ന ഞങ്ങള്‍ക്ക് ഇന്ന് ഇസ്ലാമും ഖുര്‍ആനും ഇസ്ലാമിക പ്രവര്‍ത്തനവും ഒരു ചര്‍ച്ചാവിഷയമായിരിക്കുന്നു. ഞങ്ങളില്‍ പലരും ഇസ്ലാമിനെ അറിഞ്ഞത്, ജീവിത ലക്ഷ്യം തിരിച്ചറിഞ്ഞത്, ഇസ്ലാമിക വസ്ത്രം ധരിച്ചത്, ആഭരണഭ്രമം ഉപേക്ഷിച്ചത്, ധൂര്‍ത്തില്‍നിന്ന് രക്ഷപ്പെട്ടത്, കേവല വിനോദങ്ങളെ അവഗണിച്ചത്, സകാത്ത് കണക്കനുസരിച്ച് കൊടുത്തു ശീലിച്ചത്, ദാനം ഒരു പ്രകൃതമാക്കിയത്, സുന്നത്തു നോമ്പെടുത്തത്, പള്ളിയില്‍ പോയി തുടങ്ങിയത്, സേവന രംഗത്തിറങ്ങിയത്, ഹജ്ജ് അനുഷ്ഠിച്ചത്, ക്ളാസെടുത്തു തുടങ്ങിയത്, ഇസ്ലാമിക പ്രവര്‍ത്തകരായത്...... എല്ലാം ഖുര്‍ആനിക പ്രചോദനത്താല്‍ മാത്രമാണ് എന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു.